2016, സെപ്റ്റംബർ 2, വെള്ളിയാഴ്‌ച

എസെനിന്റെ കവിതകള്‍



സെർഗി അലെക്സാൻഡ്രോവിച്ച് എസെനിൻ Sergi Alexandrovich Yesenin(1895-1925) - റഷ്യയിലെ കോൺസ്റ്റാന്റിനോവിൽ ഒരു കർഷകകുടുംബത്തിൽ ജനിച്ചു. 17 വയസ്സുള്ളപ്പോൾ നാടു വിട്ട് മോസ്ക്കോവിലേക്കും പിന്നെ പെട്രോഗ്രാഡിലേക്കും പോയി. അവിടെ വച്ച് അലെക്സാൻഡർ ബ്ളോക്ക്, നിക്കോളയ് ക്ളുയേവ് തുടങ്ങിയ കവികളെ പരിചയപ്പെട്ടു. 1916ൽ ആദ്യത്തെ കവിതാസമാഹാരം Radunitsa (മരിച്ചവർക്കുള്ള ചടങ്ങുകൾ) പ്രസിദ്ധീകരിച്ചു. രൂപക്കൂടുകളിലിരുന്ന് വിശുദ്ധന്മാരുടെ ചിത്രങ്ങൾ അനുഗ്രഹിക്കുകയും വീടുകളിലെ ചിമ്മിനികളിൽ കൊറ്റികൾ കൂടു കൂട്ടുകയും ബിർച്ചു മരങ്ങൾക്കു മേൽ ആകാശം ഒരു നീലത്തൂവാല പോലെ തിളങ്ങുകയും ചെയ്യുന്ന തന്റെ ബാല്യകാലത്തെ റഷ്യയെ വാഴ്ത്തുന്നതായിരുന്നു അതിലെ കവിതകൾ. 1918ൽ ഇറങ്ങിയ Inonya (മറ്റൊരു ലോകം) ആത്മീയവും സാമൂഹികവുമായ ഒരു പരിവർത്തനത്തിന്റെ നാന്ദിയായി റഷ്യൻ വിപ്ളവത്തെ വരവേല്ക്കുന്നു. ഇരുമ്പും ഉരുക്കും കല്ലും പ്രതിനിധീകരിക്കുന്ന വ്യവസായപ്രധാനമായ ആധുനികലോകമല്ല, മരവും മണ്ണും അടയാളങ്ങളായ പഴയ ലോകമായിരുന്നു
യസെനിൻ കാത്തിരുന്ന ആ ‘മറ്റൊരു ലോകം.’ പതിനെട്ടാം നൂറ്റാണ്ടിൽ സാർ ഭരണത്തിനെതിരെ കർഷകപ്രക്ഷോഭം നയിച്ച പുഗാച്ച്യോവിനെ കുറിച്ചുള്ള ഒരു ദീർഘമായ കാവ്യനാടകം 1920-21ൽ പൂർത്തിയാക്കി. മോസ്ക്കോവിൽ Imaginists കവികളുടെ കൂട്ടത്തിൽ ചേർന്ന എസെനിൻ വൈകാതെ അവരിൽ പ്രധാനിയായി. കഫേകളിൽ കവിതാലാപനവും ഒപ്പം അമിതമായ മദ്യപാനവുമായി കഴിയുന്നതിനിടെ Zinaida Reichനെ വിവാഹം കഴിക്കുകയും വിവാഹമോചിതനാവുകയും ചെയ്തു. 1921 ഒടുവിൽ അമേരിക്കൻ നർത്തകിയായ ഇസഡോറ ഡങ്കനെ പരിചയപ്പെട്ടു. അന്യോന്യം ഭാഷയറിയാത്ത ഇരുവരും വിവാഹിതരാവുകയും ചെയ്തു. നർത്തകിക്കൊപ്പമുള്ള യാത്രകളിൽ യൂറോപ്പിലെ ഏറ്റവും മുന്തിയ ഹോട്ടലുകളിലെ മുറികൾ അടിച്ചു തകർക്കുകയായിരുന്നു കവിയുടെ വിനോദം. 1922 ലെ അമേരിക്കൻ യാത്രയിൽ അവർ തമ്മിലുള്ള ബന്ധം വഷളാവുകയും എസെനിൻ വിവാഹബന്ധം വേർപെടുത്തി റഷ്യയിലേക്ക് മടങ്ങുകയും ചെയ്തു. പിന്നീടുള്ള കവിതകൾ ആത്മനിന്ദയുടേതായിരുന്നു: “ഒരു തെമ്മാടിയുടെ കുമ്പസാരങ്ങൾ”, “കള്ളുകടകളുടെ മോസ്ക്കോ” തുടങ്ങിയവ. എസെനിൻ പിന്നീടു വിവാഹം ചെയ്തത് ടോൾസ്റ്റോയിയുടെ ഒരു ചെറുമകളെയാണ്‌. പക്ഷേ മദ്യപാനത്തോടൊപ്പം കൊക്കെയിൻ തീറ്റയും തുടർന്നു. 1924ൽ ജനിച്ച നാട്ടിലെത്തിയ കവി കണ്ടത് അവിടുത്തെ കൃഷിക്കാർ സോവിയറ്റ് സൂക്തങ്ങൾ ഉരുവിടുന്നതാണ്‌; മാർക്സിന്റെ നാലു പേജ് വായിച്ചാൽ ഉറക്കം വരുന്ന കവി കുറ്റബോധത്തോടെ മനസ്സിലാക്കി, ജനകീയകവി എന്ന ദൗത്യം ഏറ്റെടുക്കുന്നതിൽ താൻ പരാജയപ്പെട്ടുവെന്ന്! ഇരുമ്പിനെയും ഉരുക്കിനെയും സ്തുതിച്ചു കൊണ്ടുള്ള കവിതകളെഴുതി മുഖ്യധാരയിലെത്താൻ ഒരു ശ്രമം നടത്തിയെങ്കിലും ബോൾഷെവിക് റഷ്യയിൽ താൻ എത്ര അന്യനാണെന്ന് അദ്ദേഹത്തിനു ബോദ്ധ്യമായി. അവസാനമെഴുതിയ Cherny Chelovek (കറുത്തവൻ) സ്വന്തം പരാജയങ്ങളുടെ നിർദ്ദയമായ വിചാരണയാണ്‌. 1925ൽ ഒരു മാനസികാശുപത്രിയിൽ ചികിത്സ തേടിയെങ്കിലും അതേ വർഷം തന്നെ പെട്രോഗ്രാഡിലെ ഒരു ഹോട്ടൽ മുറിയിൽ വച്ച് തൂങ്ങിമരിക്കുകയായിരുന്നു. “മരിക്കുന്നതിൽ ഒരു പുതുമയുമില്ല, ജീവിച്ചിരിക്കുന്നതിൽ അത്ര പോലുമില്ല,” എന്നവസാനിക്കുന്ന തന്റെ അവസാനകവിത അദ്ദേഹം എഴുതിവച്ചത് സ്വന്തം ചോര കൊണ്ടാണ്‌.

ഗാനാത്മകതയാണ്‌ യസെനിന്റെ കവിതകളുടെ മുഖമുദ്ര. മനസ്സിൽ തട്ടുന്ന ബിംബകല്പനകൾ കൊണ്ടു നിറഞ്ഞതാണ്‌ തീക്ഷ്ണമായ ആ ഭാവഗീതങ്ങൾ. അടിസ്ഥാനപരമായി കാല്പനികനായ എസെനിൻ റഷ്യൻ വിപ്ളവത്തെ സ്വാഗതം ചെയ്തുവെങ്കിലും മോഹഭംഗത്തിന്‌ അധികകാലമെടുത്തില്ല. പതിനെട്ടാം നൂറ്റാണ്ടിലെ കർഷകവിപ്ളവകാരിയായ പുഗാച്ച്യോവിനെക്കുറിച്ചെഴുതിയ ദീർഘകാവ്യം അക്കൊല്ലം ടാംബോവ് പ്രവിശ്യയിൽ ബോൾഷെവിക്കുകൾക്കെതിരെ നടന്ന കർഷകരുടെ കൂറ്റൻ പ്രക്ഷോഭത്തിനുള്ള ഒരു പരോക്ഷപിന്തുണ തന്നെയായിരുന്നു. യൂറോപ്പ്, അമേരിക്കൻ പര്യടനങ്ങൾക്കു ശേഷം ലെനിനെ സ്തുതിച്ചു കൊണ്ടുള്ള കവിതകൾ എഴുതിയെങ്കിലും അദ്ദേഹത്തിന്റെ കേന്ദ്രപ്രമേയങ്ങൾ - ഗ്രാമീണറഷ്യയും മോസ്ക്കോയിലെ അധോതലജീവിതവും- സോവിയറ്റ് വിരുദ്ധമായിട്ടാണ്‌ പരിഗണിക്കപ്പെട്ടത്. ചെറുപ്പക്കാരെ വഴി തെറ്റിക്കുന്നതാണ്‌ എസെനിന്റെ കവിതയെന്ന് ആരോപിക്കപ്പെട്ടു. റഷ്യൻ സാഹിത്യത്തെ സോവിയറ്റ്‌വല്ക്കരിക്കുന്ന പ്രക്രിയയുടെ ഒരു പ്രധാനഘട്ടമായിരുന്നു ഈ ആക്രമണങ്ങൾ. മയക്കോവ്സ്ക്കി എസെനിന്റെ മരണത്തെക്കുറിച്ചുള്ള തന്റെ കവിതയെഴുതിയത് ഈ പശ്ചാത്തലത്തിലാണ്‌. ആ മരണത്തെ വിമർശിക്കുന്നുണ്ടെങ്കിലും അദ്ദേഹം തന്റെ ഏറ്റവും കടുത്ത വിമർശനങ്ങൾക്കുന്നമാക്കുന്നത് എസെനിന്റെ വിരോധികളെ ആണ്‌.

അമിതവൈകാരികത എസെനിന്റെ കവിതകളുടെ ദോഷമായി പറയാറുണ്ടെങ്കിലും അദ്ദേഹത്തിന്റെ ഏറ്റവും നല്ല കവിതകളിലെ ആർജ്ജവം മനസ്സിൽ തട്ടുന്നതാണ്‌. ഗ്രാമീണറഷ്യയെക്കുറിച്ചോർത്തു ഖേദിക്കുമ്പോൾത്തന്നെ ആ ലോകത്തേക്കൊരു മടക്കം ഇനീ അസാദ്ധ്യമാണെന്ന യാഥാർത്ഥ്യബോധവും അദ്ദേഹത്തിനുണ്ട്. 1924ലെ അദ്ദേഹത്തിന്റെ കവിതാസമാഹാരം Moscow of the Taverns കള്ളന്മാരുടെയും തെമ്മാടികളുടെയും വേശ്യകളുടെയും ജീവിതത്തെ മമതയോടെ, എന്നാൽ നിറപ്പകിട്ടില്ലാതെ, ചിത്രീകരിക്കുന്നു.

മൃഗങ്ങളെ കുറിച്ച് ഇത്ര സ്നേഹത്തോടെ എഴുതിയ മറ്റൊരു റഷ്യൻ കവി ഉണ്ടായിരിക്കില്ല. ഒരു കവിതയിൽ തന്റെ കുഞ്ഞുങ്ങളെ വെള്ളത്തിൽ മുക്കിക്കൊല്ലുന്നതു കണ്ടിട്ട് ഒരു പെൺപട്ടി വീട്ടിലേക്കു മടങ്ങുന്ന ദൃശ്യമുണ്ട്; പുരയ്ക്കു മേൽ ചന്ദ്രനെ കണ്ടിട്ട് ഒരു നിമിഷം അവൾക്കു തോന്നുകയാണ്‌, അത് തന്റെ ജീവനുള്ള കുഞ്ഞാണെന്ന്. മറ്റൊരു കവിതയിൽ ഒരു തീവണ്ടിയ്ക്കു പിന്നാലെ പായുന്ന ഒരു കുതിരക്കുട്ടിയെ വർണ്ണിക്കുന്നു; ‘എത്ര ടൺ കുതിരയിറച്ചിയുടെയും തൊലിയുടെയും’ വിലയാണ്‌ ഒരു തീവണ്ടിയെഞ്ചിനെന്ന് അതിനറിയാത്ത പോലെ! ഷലോമോവ് പറയുന്നു: “പ്രകൃതിയുടെ വലിയൊരു ഭാഗം - ജന്തുക്കൾ- കവിതയ്ക്കു പുറത്തായിരിക്കുന്നു. കുട്ടിക്കവിതകളും യക്ഷിക്കഥകളും എഴുതുന്നവരേ മൃഗങ്ങളെക്കുറിച്ചെഴുതുന്നുള്ളു. എത്ര ദയയോടെയും എത്ര ഊഷ്മളമായ ആത്മീയതയോടെയും മൃഗങ്ങളെക്കുറിച്ചെഴുതാമെന്നു കാണിച്ചു തരാൻ എസെനിൻ മാത്രമേ ഉണ്ടായുള്ളു.”
റഷ്യൻ കുറ്റവാളികളുടെ അധോലോകത്തിനും എസെനിനെ പ്രിയമായിരുന്നുവെന്ന് ഷലോമോവ് പറയുന്നു. സ്ത്രീകളോട് പൊതുവേയുള്ള വെറുപ്പിനോടൊപ്പം അമ്മയോടുള്ള ഒരാരാധനയും അവർക്കിടയിലുണ്ടായിരുന്നു. എസെനിന്റെ ‘അമ്മയ്ക്കെഴുതിയ കത്ത്’ ഏതു കുറ്റവാളിയ്ക്കും ഹൃദിസ്ഥമായിരുന്നുവത്രെ. അദ്ദേഹത്തിന്റെ വരികൾ അവർ ദേഹത്തു പച്ച കുത്തുകയും ചെയ്തിരുന്നു.


1970കളിലെ തന്റെ ബാല്യത്തെക്കുറിച്ചോർത്തുകൊണ്ട് ഐറിന മഷിൻസ്കി എഴുതുന്നു: “ഞാൻ സ്കൂളിലേക്കു പോകുന്നതും തിരിച്ചു വരുന്നതും എസെനിൻ തെരുവ് വഴിയായിരുന്നു; കൈയിൽ പുസ്തകവും പിടിച്ചു നില്ക്കുന്ന ഒരു കവിയുടെ അത്ര ഭംഗിയില്ലാത്ത ഒരു പ്രതിമ അവിടെയുണ്ടായിരുന്നു. സ്ഥലത്തെ കുടിയന്മാർ രാത്രിയിൽ അവിടെ ഒരുമിച്ചു കൂടും; കവിത വായിക്കാനൊന്നുമല്ല. എന്നാൽ അവർക്ക് എസെനിനെ ഇഷ്ടമായിരുന്നു, അവർ അദ്ദേഹത്തെ തങ്ങളിൽ ഒരാളായി കണക്കാക്കുകയും ചെയ്തിരുന്നു.”


നക്ഷത്രങ്ങള്‍


ആകാശമണ്ഡലം ജ്വലിപ്പിക്കുന്ന ദീപ്തനക്ഷത്രങ്ങളേ,
ഞങ്ങളിൽ നിന്നു നിങ്ങൾ മറച്ചുപിടിക്കുന്നതേതു രഹസ്യം?
ഗാഢചിന്തയിലെന്നപോലെ തങ്ങളിലടങ്ങിയ നക്ഷത്രങ്ങളേ,
ഞങ്ങൾക്കു മേൽ നിങ്ങളെറിയുന്നതേതു മഹേന്ദ്രജാലം?


പ്രപഞ്ചത്തെ നിബിഡമാക്കുന്ന ബഹുലനക്ഷത്രങ്ങളേ,
നിങ്ങൾക്കീ സൌന്ദര്യമെവിടുന്നു കിട്ടി, ഈ പ്രാബല്യവും?
നിങ്ങൾക്കെങ്ങനെയാവുന്നു, ജ്വലിക്കുന്ന നക്ഷത്രങ്ങളേ,
ഞങ്ങളിലതീതത്തിന്റെ തീരാത്ത ദാഹമുണർത്താൻ?


നിങ്ങൾ തെളിയുമ്പോൾ ഞങ്ങൾക്കിതെങ്ങനെ തോന്നാൻ,
ഞങ്ങളെ കൈ നീട്ടിപ്പുണരാനായുകയാണു നിങ്ങളെന്ന്?
സൌമ്യസാന്ത്വനവുമായി ഞങ്ങൾക്കു മേൽ കണ്ണയയ്ക്കുന്നു,
അത്രയുമുയരത്തിലായ നിങ്ങൾ, സ്വർഗ്ഗീയനക്ഷത്രങ്ങളേ!

(1911)



അമ്മയ്ക്കെഴുതിയ കത്ത്


ഇപ്പോഴും ജീവനോടുണ്ടല്ലേ, കൊച്ചുകിഴവീ!
അവിടെ സുഖമല്ലേ? എനിക്കുമിവിടെ സുഖം തന്നെ.
പണ്ടെന്ന പോലെ നമ്മുടെ കൊച്ചുകൂരയ്ക്കു മേൽ
അന്തിവെളിച്ചത്തിന്റെ വശ്യത വീണു പരക്കാറില്ലേ?


തന്റെ മനസ്സിലുള്ളതാരോടും പറയാറില്ലെങ്കിലും
എന്നെക്കുറിച്ചമ്മയ്ക്കാവലാതിയാണെന്നു ഞാൻ കേട്ടു,
എന്നും രാത്രിയിൽ മുഷിഞ്ഞ മേല്ക്കുപ്പായവുമിട്ട്
റോഡുവക്കിൽ ചെന്നു നില്ക്കാറുണ്ടമ്മയെന്നുമറിഞ്ഞു.


നിഴലുകൾ നീലിയ്ക്കുന്ന രാത്രിവേളകളിൽ
ഒരേ സ്വപ്നം തന്നെയാണമ്മ കാണുന്നതെന്നു കേട്ടു:
ചാരായക്കടയിലെ അടികലശൽ, റൗഡികൾ,
എന്റെ നെഞ്ചിലാഴ്ന്നിറങ്ങുന്ന കൂർത്ത കഠാര.


ഈ വകയൊക്കെ മറന്നൊന്നുഷാറാവെന്നേ!
ആ കേട്ടതൊക്കെ വെറും നുണയും അസംബന്ധവും.
വീപ്പ ചരിച്ചു കുടിക്കുന്നവനാണു ഞാനെങ്കിലും
അമ്മയെ ഒന്നു കൂടി കാണാതെ ഞാൻ മരിക്കുമോ?


ഇന്നും അമ്മയുടെ പുന്നാരമകൻ തന്നെ ഞാൻ,
ഒരേയൊരാഗ്രഹമേ എനിക്കു ബാക്കിയുള്ളു:
ഈ നശിച്ച മടുപ്പിൽ നിന്നു തലയൂരിപ്പോരുക,
എന്റെ പഴയ വീട്ടിലേക്കൊരിക്കല്ക്കൂടി ചെല്ലുക.


നമ്മുടെ തോട്ടത്തിൽ ചില്ലകൾ പൂക്കുമ്പോൾ
വസന്തത്തിനൊപ്പം പറയാതെ ഞാനും വരും.
എന്നാൽ വെളുക്കും മുമ്പെന്നെ വിളിച്ചുണർത്തരുതേ,
എട്ടു കൊല്ലം മുമ്പു ചെയ്തിരുന്ന പോലെ!


തളർന്നുറങ്ങിയ സ്വപ്നങ്ങളെ തട്ടിയുണർത്തേണ്ട,
വിഫലമായ പ്രതീക്ഷകളെക്കുറിച്ചോർക്കുകയും വേണ്ട.
എനിക്കു വിധിച്ചതു നഷ്ടവും തളർച്ചയുമായിരുന്നു,
അതും, ജീവിതത്തിലധികദൂരമെത്തും മുമ്പേ!


അരുതേ, പ്രാർത്ഥിക്കാനെന്നോടു പറയരുതേ!
പോയ കാലം പോയ പോലെ പൊയ്ക്കോട്ടെ.
അമ്മയാണെന്റെ ആനന്ദം, ബലവും സാന്ത്വനവും;
എനിക്കു വെളിച്ചം കാട്ടാൻ വഴിവിളക്കും.


അതിനാൽ, പേടിയും വേദനയുമൊക്കെ മറക്കുക,
എന്നെക്കുറിച്ചു വെറുതേ വേവലാതിപ്പെടാതിരിക്കുക,
ആ മുഴിഞ്ഞ മേല്ക്കുപ്പായവും മേലിലിട്ട്
റോഡുവക്കിലെന്നെയും കാത്തു നില്ക്കുകയും വേണ്ട!

(1924)


പരുക്കൻ കുപ്പായത്തിനുള്ളിൽ…


പരുക്കൻ കുപ്പായത്തിനുള്ളിൽ
എന്റെ ഹൃദയമെന്നോടു മന്ത്രിച്ചു:
“താൻ തുറന്ന കണ്ണുകൾ, സ്നേഹിതാ,
തന്റെ മരണത്തിലല്ലാതടയുകയുമില്ല.“


സാദി എന്ന കവി…

സാദി എന്ന കവി മാറിലേ ചുംബിച്ചിരുന്നുള്ളുവത്രേ!
ക്ഷമിക്കൂ പൊന്നേ, ഞാനതെങ്ങനെയും പഠിച്ചെടുക്കാം!
യൂഫ്രട്ടീസിനപ്പുറത്തെ പനിനീർപ്പൂക്കൾ കണ്ടാൽ
മനുഷ്യസുന്ദരികളെക്കാൾ സുന്ദരമെന്നു നീ പാടുന്നു.
ധനികനാണെങ്കിൽ ഞാനതനുവദിക്കുമായിരുന്നില്ല:
ആ ചെടികളെല്ലാം ഞാൻ വെട്ടിവീഴ്ത്തുമായിരുന്നു.
എന്റെ ഓമന, ഷാഗനെയെക്കാളൊരു വസ്തുവും
ഈ വിപുലലോകത്തതിമനോഹരമായിക്കൂടാ!
എന്നെ ഉപദേശിക്കരുത്, ഞാനതു കേൾക്കില്ല;
പ്രമാണങ്ങൾ പഴയതും പുതിയതുമെനിക്കു വേണ്ട
കവിയായിപ്പിറന്നവനാണെന്നതിനാൽത്തന്നെ
കവിയായി വേണം ഞാൻ ചുംബിക്കാൻ നിന്നെ!

(1924 ഡിസംബർ 19 )

(എസെനിൻ ഒരിക്കലും ഇറാനിൽ പോയിട്ടില്ലെങ്കിലും സാദി, ഫിർദൌസി, ഒമർ ഖയ്യാം തുടങ്ങിയ പേഴ്സ്യൻ കവികളുടെ സ്വാധീനത്തിൽ പേഴ്സ്യൻ വിഷയങ്ങൾ പ്രമേയമാക്കി ഒരു കൂട്ടം കവിതകൾ 1924-25ൽ അദ്ദേഹം എഴുതിയിരുന്നു. കവിത കൊണ്ട് ഒരു ചികിത്സയായിരുന്നു അദ്ദേഹത്തിനത്. തന്റെ വ്യക്തിജീവിതത്തിലെ വേവലാതികൾക്കും തന്റെ നാടിനെക്കുറിച്ചുള്ള ഉത്കണ്ഠകൾക്കുമുള്ള ഒരു ശമനൌഷധമാണ്‌ താൻ ഭാവനയിൽ കണ്ട പേഴ്സ്യയിൽ അദ്ദേഹം തേടിയത്. ഷാഗനെ എന്ന സുന്ദരിയെ സംബോധന ചെയ്തു കൊണ്ടുള്ളതാണ്‌ പല കവിതകളും. ഷാഗനെ തന്റെ കവിത തന്നെയാണെന്ന് അദ്ദേഹം പിന്നെ തിരിച്ചറിയുന്നുമുണ്ട്. ഈ പേഴ്സ്യൻ ഭ്രമം അല്പകാലത്തേക്കേ ഉണ്ടായുള്ളു. ആ സ്വപ്നസാമ്രാജ്യത്തെ തകർത്തുകൊണ്ട് വർത്തമാനകാലറഷ്യ വീണ്ടും കവിതയിലേക്കു കയറിവന്നു.)


കാച്ചലോവിന്റെ നായയോട്


വരൂ ജിമ്മീ, ആ കൈത്തലമെനിക്കു തരൂ,
ഇതുപോലൊരു കൈ ഞാൻ കണ്ടിട്ടേയില്ല!
നമുക്കു പോയി ചന്ദ്രന്റെ ചോട്ടിലിരിക്കാം,
ഈ നിശബ്ദരാത്രിയിലവനെ നോക്കിക്കുരയ്ക്കാം!
വരൂ ജിമ്മീ, ആ കൈത്തലമെനിക്കു തരൂ!


എന്നാൽ കുട്ടാ, നീയെന്നെ നക്കരുത്, നക്കരുത്.
ഈയുപദേശം നീയൊന്നനുസരിക്കണം.
ജീവിതമെന്തെന്നു നിനക്കറിയില്ല ചങ്ങാതീ,
എന്തൊക്കെച്ചെയ്താലാണു ജിവിക്കാനാവുകയെന്നും.


ദയാലുവാണ്‌ നിന്റെ യജമാനൻ, പ്രമാണി,
എത്രയോ വിരുന്നുകാരെ നീ കണ്ടുകഴിഞ്ഞു-
പുഞ്ചിരിയോടവർ നിന്നെയോമനിച്ചിരുന്നു,
നിന്റെ വെൽവെറ്റുകുപ്പായമവർ തൊട്ടുനോക്കിയിരുന്നു.


നായ്ക്കളിൽ വെച്ചെത്ര സുന്ദരനാണു നീ!
സ്നേഹമുള്ള കണ്ണുകൾ, വിശ്വസിക്കുന്ന മുഖം.
ആരോടുമനുവാദം ചോദിക്കാൻ നില്ക്കാതെ
ആരെയും നീ കേറി ചുംബിക്കുകയും ചെയ്യുന്നു!


ജിമ്മീ, എത്രയോ വിരുന്നുകാരെ നീ കണ്ടു,
പലേ തരക്കാർ, ഒരു തരവുമല്ലാത്തവർ.
എന്നാലവളെ നീയിവിടെക്കണ്ടിരുന്നോ,
ആരെക്കാളും ദുഃഖിതയെ, ആരെക്കാളും മൂകയെ?


അവളിവിടെ വന്നാൽ- അപ്പോൾ ഞാനുണ്ടാവില്ല-
അവളുടെ കണ്ണുകളിൽ ആർദ്രതയോടെ നോക്കുക,
എനിക്കായി അവളുടെ കൈയിൽ നക്കുക,
ഞാൻ ചെയ്ത പിഴകൾക്കായി, ചെയ്യാത്തവയ്ക്കുമായി.

(1925)


മഞ്ഞു മൂടിയ താഴ്വാരം...


മഞ്ഞു മൂടിയ താഴ്വാരം,
ചന്ദ്രൻ വിളറിയ വെണ്മ,
ശവക്കോടി പുതച്ച പോലെ എന്റെ ഗ്രാമം.
വെള്ള ധരിച്ച ബിർച്ചുമരങ്ങൾ കരയുന്നു;
ആരാണ്‌ മരിച്ചത്?
ഇനി ഞാൻ തന്നെയാവുമോ!

(1925)


അവസാനത്തെ കവിത



വിട, പ്രിയപ്പെട്ട സ്നേഹിതാ, വിട,
എന്റെ നെഞ്ചിൽ നിനക്കെന്നുമിടമുണ്ടാവും.
പിരിഞ്ഞവരൊരുമിക്കുമെന്നു നക്ഷത്രങ്ങൾ പറയട്ടെ,
ഇന്നു നമുക്കു പക്ഷേ, പിരിയുക തന്നെ വേണം.

അതിനാൽ, വിട, പ്രിയപ്പെട്ട സ്നേഹിതാ, വിട,
കൈത്തലവും വാക്കുകളും നെറ്റിയിൽ ചാലുകളും വേണ്ട.
മരിക്കുന്നതിൽ പുതുമയായിട്ടൊന്നുമില്ല,
ജീവിച്ചിരിക്കുന്നതിൽ അത്ര പോലുമില്ല.




(1925 ഡിസംബർ 24ന്‌ എസെനിൻ മോസ്ക്കോയിൽ നിന്ന് പെട്രോഗ്രാഡിലെത്തി; പിന്നെ മൂന്നു ദിവസം പല കൂട്ടുകാരെയും ചെന്നുകണ്ടു; ചിലരെ താൻ താമസിക്കുന്ന ഹോട്ടൽ മുറിയിലേക്കു ക്ഷണിച്ചു. ഡിസംബർ 27ന്‌ അദ്ദേഹം ഒരു കൂട്ടുകാരനോടു പറഞ്ഞു, മുറിയിൽ മഷി നോക്കിയിട്ടു കാണാതിരുന്നതിനാൽ അന്നു രാവിലെ തനിയ്ക്ക് സ്വന്തം ചോര കൊണ്ട് ഒരു കവിത എഴുതേണ്ടി വന്നുവെന്ന്. പിന്നീടു വായിച്ചാൽ മതിയെന്നു പറഞ്ഞുകൊണ്ട് കൂട്ടുകാരന്റെ പോക്കറ്റിൽ ഒരു കവിത വച്ചുകൊടുക്കുകയും ചെയ്തു. അയാൾ പിറ്റേ ദിവസം കവിതയെടുത്തു വായിക്കുമ്പോഴേക്കും കവി മരിച്ചു കഴിഞ്ഞിരുന്നു.)



1 അഭിപ്രായം:

അംബി പറഞ്ഞു...

നഷ്ടബോധങ്ങളുടെ ഉടമസ്ഥൻ....