2017, ഏപ്രിൽ 30, ഞായറാഴ്‌ച

ലോർക്ക - ആറു കമ്പികൾ



1921ൽ 23 വയസ്സുള്ളപ്പോഴാണ്‌ ലോർക്ക തന്റെ ആദ്യത്തെ പ്രധാനപ്പെട്ട കവിതാഗ്രന്ഥമായ Poema del Cante Jondo (Poem of the Deep Song) എഴുതുന്നത്. ലോർക്കയുടെ കാവ്യജീവിതത്തിലെ പ്രധാനപ്രമേയങ്ങൾ ഈ ചെറിയ പുസ്തകത്തിൽ ബീജരൂപത്തിൽ കാണാം: പ്രണയം, മരണം, അന്യവല്ക്കരണം. ആൻഡലൂഷ്യൻ ജീവിതത്തിന്റെ ആത്മാവിലേക്കുള്ള അദ്ദേഹത്തിന്റെ ആദ്യത്തെ യാത്ര കൂടിയായിരുന്നു ഈ പുസ്തകം. അതിനദ്ദേഹം ഉപകരണമാക്കിയത് ആൻഡലൂഷ്യക്കാർ തങ്ങളുടെ ജീവിതാനുഭവങ്ങളുടെ കാവ്യാത്മകപ്രകാശനത്തിനു പരമ്പരാഗതമായി ഉപയോഗിച്ചിരുന്ന cante jundo എന്ന ഗാനരൂപമാണ്‌. എന്നാൽ അതിന്റെ വെറുമൊരു അനുകരണമായി ഈ കവിതകളെ കാണുകയും വേണ്ട; ജിപ്സി-ആൻഡലൂഷ്യൻ-ഫ്ലാമെങ്കോ പ്രപഞ്ചത്തിന്റെ ആത്മാവിലേക്കുള്ള ഒരു പര്യവേക്ഷണമാണത്. ജീവൻ വെടിഞ്ഞ കമിതാക്കളും ശപ്താത്മാക്കളും നിറഞ്ഞ ഒരു ലോകമാണത്; ഇരുട്ടത്ത് ഒരു കത്തിയലകിന്റെ പാളലും പരിത്യക്തമായ ഒരു രോദനവും നൂറ്റാണ്ടുകളായി ചൊരിയുന്ന കണ്ണീരും  ജീവിതത്തോടും ഒപ്പം മരണത്തോടുമുള്ള ആൻഡലൂഷ്യയുടെ തീവ്രാഭിനിവേശത്തിന്റെ ബിംബങ്ങളാണ്‌.
(Carlos Bauer)


ആറു കമ്പികൾ


ഗിത്താർ
സ്വപ്നങ്ങളെ കരയിക്കുന്നു.
നഷ്ടജന്മങ്ങളുടെ
തേങ്ങലുകൾ
അതിന്റെ വർത്തുളവദനത്തിൽ നിന്നു
പുറത്തു ചാടുന്നു.
ഇരുണ്ട മരപ്പാനയിലൊഴുകിനടക്കുന്ന
നെടുവീർപ്പുകളെ നായാടാൻ
വിഷച്ചിലന്തിയെപ്പോലെ
കൂറ്റനൊരു നക്ഷത്രം നെയ്യുന്നു
ഗിത്താർ.


ഗിത്താർ


തേങ്ങുന്നു ഗിത്താർ.
പുലരിയുടെ
ചഷകങ്ങളുടയുന്നു.
തേങ്ങുന്നു ഗിത്താർ.
അതടങ്ങുകയില്ല,
അതിനെയടക്കാനാവില്ല.
ഒരേ താളത്തിലോർത്തോർത്തു
തേങ്ങുന്നു ഗിത്താർ,
അരുവിയുടെ തേങ്ങൽ പോലെ,
മഞ്ഞുപാടത്തിനു മേൽ
തെന്നലിന്റെ തേങ്ങൽ പോലെ.
അതിനെയടക്കാനാവില്ല.
അതു തേങ്ങുന്നു,
വിദൂരവസ്തുക്കൾക്കായി.
വെളുത്ത കമേലിയാപ്പൂക്കൾക്കു
ദാഹിക്കുമുഷ്ണഭൂമി പോലെ.
ഉന്നമില്ലാത്തൊരമ്പു പോലെ.
പുലരിയില്ലാത്ത സന്ധ്യ പോലെ.
ചില്ലയിലാദ്യം മരിച്ച കിളി പോലെ.
തേങ്ങുന്നു ഗിത്താർ.
ഹാ, ഗിത്താർ!
അഞ്ചു കഠാരകൾ
ആഴ്ന്നിറങ്ങിയ ഹൃദയമേ.



നിലവിളി

കുന്നിൽ നിന്നു
കുന്നിലേക്കൊരു
കമാനം പോലെ
ഒരു നിലവിളി.

ഒലീവുമരങ്ങളിൽ നിന്നു
നീലരാവിനു മേൽ
ഒരിരുണ്ട മഴവിൽ.

ഹാ!

ഒരു വയോളയുടെ വില്ലു പോലെ
കാറ്റിന്റെ ദീർഘതന്ത്രികളെ
വിറ കൊള്ളിച്ചുവല്ലോ
നിലവിളി.

ഹാ!

ഗുഹാജീവികൾ
എണ്ണവിളക്കുകൾ കൊളുത്തുന്നു.

ഹാ!


നിശ്ശബ്ദത


എന്റെ കുഞ്ഞേ
നിശ്ശബ്ദതയ്ക്കു കാതുകൊടുക്കൂ.
അലയിളക്കുന്ന നിശ്ശബ്ദത,
തടങ്ങളും മാറ്റൊലികളും
വഴുക്കുന്ന
നിശ്ശബ്ദത,
നെറ്റിത്തടങ്ങളെ
നിലത്തു മുട്ടിക്കുന്ന
നിശ്ശബ്ദത.


അതിനു ശേഷം


കാലം നെയ്യുന്ന
നൂലാമാലകൾ
മറയുന്നു.

(മരുഭൂമി മാത്രം
ശേഷിക്കുന്നു.)

ഹൃദയം,
തൃഷ്ണകളുടെ പ്രഭവം,
മറയുന്നു.

(മരുഭൂമി മാത്രം
ശേഷിക്കുന്നു.)

പ്രഭാതമെന്ന മിഥ്യയും
ചുംബനങ്ങളും
മറയുന്നു.

മരുഭൂമി മാത്രം
ശേഷിക്കുന്നു.
ഓളം വെട്ടുന്ന
മരുഭൂമി.



കഠാര

പാഴ്നിലത്തിലാഴുന്ന
കൊഴു പോലെ
ഹൃദയത്തിലേക്കിറങ്ങുന്നു
കഠാര.

അരുതേ.
അതെന്നിൽ കുത്തിയിറക്കരുതേ.
അരുതേ.

ഒരു വെയിൽനാളം പോലെ
കൊടിയ ഗർത്തങ്ങൾക്കു
തീ വയ്ക്കുന്നു
കഠാര.



വിസ്മയം

നെഞ്ചിലൊരു കഠാരയുമായി
തെരുവിലവൻ മരിച്ചുകിടന്നു.
അവനാരെന്നാർക്കുമറിയില്ല.
തെരുവുവിളക്കെമ്മട്ടു വിറ കൊണ്ടുവെന്നോ!
അമ്മേ.
തെരുവിലെ
കുഞ്ഞുവിളക്കെമ്മട്ടു വിറ കൊണ്ടുവെന്നോ!
പ്രഭാതമായി.
കനത്ത വായുവിലേക്കു തുറന്നുവച്ച
ആ കണ്ണുകൾ കണ്ടുനില്ക്കാൻ
ആർക്കുമായില്ല.
നെഞ്ചത്തൊരു കഠാരയുമായി
തെരുവിലവൻ മരിച്ചുകിടന്നു,
അവനാരെന്നാർക്കുമറിയുകയുമില്ല.


ബാല്ക്കണി


ലോല
ഫ്ലാമെങ്കോഗാനങ്ങൾ പാടുന്നു.
ഭാവിയിലെ കാളപ്പോരുകാർ
അവൾക്കു ചുറ്റും കൂടുന്നു,
ക്ഷുരകൻ തന്റെ വാതില്ക്കൽ
അവളുടെ താളത്തിൽ തലയാട്ടുന്നു.
തുളസിക്കും കർപ്പൂരവള്ളിയ്ക്കുമിടയിൽ
ലോല ഫ്ലാമെങ്കോഗാനങ്ങൾ പാടുന്നു.
അതേ ലോല,
തളം കെട്ടിയ ജലത്തിൽ
തന്നെത്തന്നെ നോക്കിനിന്നിരുന്നവൾ.


ലോല


നാരകമരത്തിനടിയിൽ നിന്നവൾ
കുഞ്ഞുടുപ്പുകൾ കഴുകുന്നു.
അവൾക്കു കണ്ണുകൾ പച്ച,
പാടലമവൾക്കു ശബ്ദം.

ഹേയ്, പൂത്ത നാരകത്തിനടിയിലെ
സുന്ദരീ!

വെയിലു പതഞ്ഞുനിറഞ്ഞു
ചോലയൊഴുകി.
ഒലീവുതോപ്പിനുള്ളിൽ
ഒരു കുരുവി പാടി.

ഹേയ്, പൂത്ത നാരകത്തിനടിയിലെ
സുന്ദരീ!

പിന്നെ, ലോല,
അവൾ സോപ്പു പതച്ചുതീർത്താൽ
ഭാവിയിലെ കാളപ്പോരുകാർ വരും.

ഹേയ്, പൂത്ത നാരകത്തിനടിയിലെ
സുന്ദരീ!



അമ്പാരൊ

അമ്പാരോ,
വീട്ടിലെത്രയ്ക്കൊറ്റയ്ക്കാണു നീ,
വെള്ളയുടുപ്പണിഞ്ഞവളേ!

(മുല്ലയ്ക്കും ജടാമാഞ്ചിക്കുമിടയിലെ
മദ്ധ്യരേഖ.)

നിന്റെ നടുമുറ്റത്തെ
അത്ഭുതജലധാരകൾ നിനക്കു കേൾക്കാം,
കാനറിപ്പക്ഷികളുടെ
നേർത്തുമഞ്ഞിച്ച സ്വരങ്ങളും.

അപരാഹ്നത്തിൽ
കാൻവാസിലലസം നെയ്യുമ്പോൾ
കിളികളെക്കൊണ്ടു വിറ കൊള്ളുന്ന
സൈപ്രസ്സ് മരങ്ങളും നീ കാണുന്നു.

അമ്പാരോ,
വീട്ടിലെത്രയ്ക്കൊറ്റയ്ക്കാണു നീ,
വെള്ളയുടുപ്പണിഞ്ഞവളേ!

അമ്പാരോ,
എത്ര ദുഷ്കരമാണു നിന്നോടു പറയുക,
എനിക്കു നിന്നെ സ്നേഹമാണെന്ന്!


മരണത്തിന്റെ വിലാപം


(മിഗുവെൽ ബെനിറ്റെസ്സിന്‌)

കറുത്ത മാനത്തിനു കുറുകെ
മിന്നലിന്റെ മഞ്ഞപ്പിണരുകൾ.

കണ്ണുകളുമായി ഈ ലോകത്തേക്കു ഞാൻ വന്നു,
കണ്ണുകളില്ലാതെ ഞാൻ മടങ്ങുന്നു.
അതിശോകത്തിന്റെ ദൈവമേ!
ഒടുവിലെന്താ,
ഒരു മെഴുകുതിരിയും
നിലത്തു വിരിച്ച കരിമ്പടവും.

നല്ലവർ പോകുന്നിടത്തേക്കു പോകാൻ
ഞാൻ ശ്രമിച്ചു,
എന്റെ ദൈവമേ, എനിക്കതാവുകയും ചെയ്തു!
എന്നിട്ടുമൊടുവിലെന്താ,
ഒരു മെഴുകുതിരിയും
നിലത്തു വിരിച്ച കരിമ്പടവും.

മഞ്ഞിച്ച കുഞ്ഞുനാരകമേ,
നാരകമരമേ,
നാരങ്ങകൾ
കാറ്റിലേക്കെറിയൂ.
നിനക്കറിയാമല്ലേ!
ഒടുവിൽ, ഒടുവിലിതു തന്നെ:
ഒരു മെഴുകുതിരിയും
നിലത്തു വിരിച്ച കരിമ്പടവും.

കറുത്ത മാനത്തിനു കുറുകെ
മിന്നലിന്റെ മഞ്ഞപ്പിണരുകൾ.


തല്ലുകൊണ്ട ജിപ്സിയുടെ പാട്ട്

ഇരുപത്തിനാലു തവണ അവരെന്നെ തല്ലി.

ഇരുപത്തിനാലു തവണ ആകെ.
ഇനി, രാത്രിയിൽ, എന്റെ അമ്മ
വെള്ളിത്തകിടിൽ എന്നെ പൊതിഞ്ഞെടുക്കും.

ഹൈവേയിലെ പോലീസുകാരേ,
എനിക്കൊരു കവിൾ വെള്ളം തരൂ,
മീനും വഞ്ചിയുമുള്ള വെള്ളം.
വെള്ളം, വെള്ളം, വെള്ളം, വെള്ളം.

അങ്ങു മുകളിൽ മുറിയിലൊറ്റയ്ക്കിരിക്കുന്ന
ഇൻപെക്ടറെജമാനനേ!
എന്റെ മുഖം തുടയ്ക്കാൻ വേണ്ടത്രയും പട്ടുതൂവാലകൾ
ഒരിക്കലുമെടുക്കാനുണ്ടാവില്ല!




Lorca Poem of the Deep Song

അഭിപ്രായങ്ങളൊന്നുമില്ല: