2018, ജൂലൈ 18, ബുധനാഴ്‌ച

ഘനി കാശ്മീരി - ഒറ്റ മരം



ഘനി കാശ്മീരി എന്നറിയപ്പെടുന്ന മുല്ല മുഹമ്മദ് താഹിർ ഘനി പതിനേഴാം നൂറ്റാണ്ടിൽ കാശ്മീരിൽ ജീവിച്ചിരുന്ന ഒരു പേഴ്സ്യൻ കവിയാണ്‌. അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് കാര്യമായിട്ടൊന്നും അറിയില്ല. ശ്രീനഗറിലായിരിക്കാം അദ്ദേഹത്തിന്റെ ജനനം. സമൂഹവുമായി അധികം ഇടപഴകിയിരുന്നില്ല എന്നു തോന്നുന്നു. കാശ്മീരിലോ പുറത്തോ ഉള്ള ഏതെങ്കിലും ദർബാറിൽ അംഗമായിരുന്നുമില്ല. അക്കാലത്തെ ശ്രേഷ്ഠനായ ഒരു പണ്ഡിതനും കവിയുമായ മുല്ല മൊഹ്സിൻ ഫനിയുടെ ശിഷ്യനായിരുന്നു അദ്ദേഹമെന്ന് ചരിത്രകാരന്മാർ പറയുന്നുണ്ട്. മുല്ല എന്ന സ്ഥാനപ്പേരിൽ നിന്ന് അദ്ദേഹം മതവിദ്യാഭ്യാസം നേടിയിരുന്നുവെന്നും തെളിയുന്നു. എന്തായിരുന്നു അദ്ദേഹത്തിന്റെ ഉപജീവനമാർഗ്ഗം എന്നറിയുന്നില്ല; എന്തായാലും കവിതയെ അതിനുപയോഗപ്പെടുത്തിയില്ല എന്നതിന്‌ അദ്ദേഹത്തിന്റെ കവിതകൾ തന്നെ മതിയായ തെളിവാണ്‌. 1669ൽ ശ്രീനഗറിൽ വച്ചാണ്‌ അദ്ദേഹം മരിക്കുന്നത്. മരണത്തെക്കുറിച്ച് ഇങ്ങനെ ഒരു കഥ പറഞ്ഞുകേൾക്കുന്നുണ്ട്: അന്നത്തെ മുഗൾ ചക്രവർത്തിയായ ഔറംഗസേബ് ഘനി കാശ്മീരിയെ തന്റെ ദർബാറിലേക്കയക്കാൻ കാശ്മീർ ഗവർണറായ സെയ്ഫ് ഖാനെ ചുമതലപ്പെടുത്തി. പക്ഷേ ഘനി ആ ക്ഷണം നിരസിച്ചു: “ഘനിയ്ക്കു ഭ്രാന്താണെന്ന് ചക്രവർത്തിയോടു പറഞ്ഞേക്കൂ,” എന്ന് അദ്ദേഹം ഗവർണറോടു പറഞ്ഞു. “സുബോധമുള്ള ഒരാളെ എങ്ങനെയാണു ഞാൻ ഭ്രാന്തൻ എന്നു വിളിക്കുക” എന്ന് സെയ്ഫ് ഖാൻ നിസ്സഹായനായപ്പോൾ ഘനി തന്റെ കുപ്പായം വലിച്ചുകീറിയിട്ട് ഉന്മാദം പിടിപെട്ടവനെപ്പോലെ നടന്നുപോയി. മൂന്നു ദിവസത്തിനു ശേഷം അദ്ദേഹം മരിക്കുകയും ചെയ്തു.

ഘനിയുടെ കവിതകൾ കൂടുതലും ഗസൽ രൂപത്തിലാണ്‌; രണ്ടു മസ്‌നവികളും ചില റുബൈയാത്തുകളും കൂടിയുണ്ട്. ചിരപരിചിതമായ ആശയങ്ങൾക്കും രൂപകങ്ങൾക്കും നൂതനാർത്ഥം നല്കുന്നതിലൂടെയാണ്‌ ഘനി വ്യത്യസ്തനാകുന്നതെന്ന് നിരൂപകർ പറയുന്നു.

Mufti Mudasir Farooqi, Nusrat Bazaz എന്നിവർ ചേർന്നു പരിഭാഷപ്പെടുത്തി പെൻഗ്വിൻ പ്രസിദ്ധീകരിച്ച The Captured Gazelle എന്ന സമാഹാരത്തെ ആധാരമാക്കിയാണ്‌ ഈ വിവർത്തനം.


1
എന്നെ മുക്കിത്താഴ്ത്തുവാൻ, വിധേ,
കൊടുങ്കാറ്റായി കടലിളക്കിമറിക്കേണ്ട;
ഒരു മീൻചിറകാണെന്റെ തോണിക്കു പായ,
അതു നിനക്കറിയുന്നതല്ലേ!

2
ഒരു കവിതയും ചൊല്ലാതെ
ഞാനെന്റെ ചുണ്ടുകൾ പൂട്ടിയടച്ചിരുന്നുവെങ്കിൽ:
വാക്കുകൾക്കുമപ്പുറത്താണല്ലോ,
എന്റെ കവിതയുടെ സൂക്ഷ്മതകൾ!

3
ആത്മാവുടലിന്റെ തടവിലായിരുന്നപ്പോൾ
എന്റെ കവിതയുടെ പേരു പരന്നതേയില്ല;
കസ്തൂരിഗന്ധം വായുവിൽ പരക്കാൻ
മാനിനു ജീവൻ കൊടുക്കേണ്ടിവന്നു!

4
എന്നെയന്വേഷിച്ചാരുമെത്തുന്നില്ല,
എന്നെക്കളിയാക്കാൻ വരുന്ന
എന്റെതന്നെ ചിരിയല്ലാതെ.

5
അന്യരുടെ ഉദ്യാനങ്ങളിൽ
അസൂയയോടെ ഞാൻ നോക്കില്ല;
എന്റെ അഭിലാഷങ്ങൾ പുഷ്പിക്കുന്ന-
തെന്റെതന്നെ കളിമണ്ണിൽ.

6
അയല്ക്കാരന്റെ സുഖത്തിനായി
കഷ്ടപ്പാടു സഹിക്കുന്നതു കുലീനത തന്നെ;
കാതുകളെത്ര കഥകൾ സഹിക്കണം
കണ്ണുകൾക്കൊന്നുറങ്ങാനായി!

7
വെള്ളം തേവുന്ന ചക്രം പോലെ
നിന്റെ നൃത്തം തുടരൂ, ഘനീ.
വീഞ്ഞിന്റെ വീപ്പ കാലിയായെങ്കിൽ
വെള്ളമൊഴിച്ചു ചഷകം നിറയ്ക്കൂ!

8
പൂന്തോപ്പിൽ നിന്നു പനിനീർപ്പൂവിനെ
ശിശിരം കൊള്ളയടിക്കുന്ന നാൾ
വിട്ടുകൊടുക്കൂ, വാനമ്പാടീ,
കൊടുങ്കാറ്റിനു നിന്റെ കൂടിനെ.

9
നിന്റെ വിവരണം കൊണ്ടുതന്നെ
ആഖ്യാനങ്ങൾക്കെല്ലാമന്ത്യമായി;
നിന്റെയനർഘനാമത്താൽ
എന്റെ ചുണ്ടുകൾ മുദ്രിതവുമായി.

10
എന്റെ രോഗമെന്തെന്നു
വൈദ്യനറിയാതെപോയി;
എന്റെ നാവ് മൂകമായിരുന്നു,
നാഡി അതിലേറെയും.

11
തിരികല്ലിനു ചുറ്റും പാറിക്കിടക്കുന്നു,
എന്റെ നരച്ച മുടിയിഴകൾ;
ആകാശമെന്ന തിരികല്ലു തിരിയുമ്പോൾ
എന്റെയെലുമ്പുകൾ അതിനു ഗോതമ്പുമണികൾ.

12
വഴിയിലൊരു പാടും വീഴ്ത്താതിരിക്കൂ,
ദൗർഭാഗ്യത്തിൽ നിന്നു രക്ഷ നേടൂ;
ഓടിയൊളിക്കുന്ന മാനിന്റെ കെണി,
അതിന്റെതന്നെ കാല്പാടുകൾ.

13
അലയുന്ന മനസ്സിനെ തടുക്കാൻ
അകമഴിഞ്ഞ പ്രാർത്ഥന മതി;
തൊഴുന്ന കൈകൾ മതി,
പല താഴുകളും തുറക്കാൻ.

14
ഓരോ രാവുമിരുണ്ടുവെളുക്കും വരെ
ഘനി നിനക്കായെരിയുന്നു;
എന്റെ ഹൃദയവേദനയ്ക്കു സാക്ഷി,
എന്റെ തലയിണക്കരികിലെ മെഴുകുതിരി.

15
മെഴുകുതിരിക്കെന്നപോലെ, ഘനീ,
മൗനം നമുക്കു മരണം തന്നെ;
ജീവനുള്ളവരാണു നാമെന്ന്
നാവിലൂടല്ലാതെങ്ങനെ നാം തെളിയിക്കും!

16
അത്രയധികം വീഞ്ഞകത്താക്കിയതിനാൽ
എന്റെ കാലിലെ തുടലുകൾ മുന്തിരിവള്ളികളായി;
കൈയിലിരുന്ന നിസ്കാരപ്പായ
ദൂരേക്കു ഞാൻ വലിച്ചെറിയുകയും ചെയ്തു.

17
കാല്പാടിന്റെ കാതുകളിൽ
നിഴലിങ്ങനെയോതുന്നു:
‘മണ്ണിൽ വീണവനെ
ആരും പിടിച്ചുയർത്തുന്നില്ല.’

18
ഏതാരാധനയേയുമതിശയിക്കും,
കുടിച്ചു മണ്ണിൽ കിടക്കുന്നവന്റെയെളിമ;
ഏതു വ്രതസ്നാനത്തേക്കാളുമുത്തമം,
കുടിയന്റെ പാംസുസ്നാനം!

19
പ്രണയത്തിന്റെ കോളു കൊണ്ട കടലിൽ
കണ്ണു തുറന്നൊന്നു നോക്കിയതും,
ഒരു കുമിളയുടയുമ്പോലെ
ഞാനില്ലാതെയായി.

20
എന്നെപ്പോലാരുമറിയുന്നില്ല,
നഗ്നതയുടെ കടലാഴം;
കുമിള പോലൊന്നുതന്നെ,
എന്റെയുടലുമുടയാടയും.

21
കിഴവന്മാരുടെ മുതുകുകൾ
കുനിഞ്ഞിരിക്കുന്നതെന്താവാം?
അവർ മണ്ണിൽ തേടുകയാണോ,
പൊയ്പ്പോയ യൗവനം?

22
ലഹരി നമ്മളെ താങ്ങിനില്ക്കുമ്പോൾ,
നാമെങ്ങനെയങ്ങു വീണുപോകാൻ?
ശവക്കുഴിയിലും നാം നിവർന്നുനില്ക്കും,
വീഞ്ഞിന്റെ ചാറ പോലെ!

23
ഇന്നലെ മരിച്ചവന്റെ കുഴിമാടം
ഇന്നെനിക്കു വെളിവു തന്നു;
ഉറങ്ങിക്കിടക്കുന്ന കാലടികൾ
എന്നെ ചവിട്ടിയുണർത്തി.

24
അമ്പുകൾ കൊണ്ടാവനാഴി നിറയ്ക്കുന്നു,
നമ്മുടെ വേട്ടക്കാരൻ;
ഒരേയൊരു കെണി കൊണ്ടയാൾ പിടിക്കുന്നു,
ഒരുനൂറു കിളികളെ.

25
സ്വന്തമുപജീവനത്തിനായി
കവിയെന്തിനു വീടു വിട്ടിറങ്ങണം?
നാവിനു വേണ്ടതൊക്കെ
വായ്ക്കുള്ളിൽത്തന്നെ കിട്ടുന്നില്ലേ!

26
തല നരച്ചുവെളുക്കുമ്പോൾ
മരണത്തിന്റെ ഭാരം കുറയുന്നു;
പുലർച്ചയ്ക്കു കണ്ട സ്വപ്നത്തിനുണ്ട്,
അതിന്റേതായൊരാനന്ദം!

27
മനുഷ്യരുടെ ഹൃദയങ്ങൾ
എത്ര തണുത്തുപോയിരിക്കുന്നു;
എരിയുന്ന സൂര്യനല്ലാതെ
ഒരൂഷ്മളമുഖവും ഞാൻ കാണുന്നില്ല.

28
അത്രയ്ക്കാശയാണ്‌
ഒറ്റയ്ക്കാവാൻ നിങ്ങൾക്കെങ്കിൽ,
ഒറ്റ മരം മതി,
നിങ്ങൾക്കൊരു വീടു പണിയാൻ.

29
വസന്തകാലത്തു ഘനീ,
നിറങ്ങളനവധിയാണുദ്യാനത്തിൽ;
തോട്ടക്കാരന്റെ ചൂലോ,
ചിത്രകാരന്റെ തൂലിക പോലെ!

30
തല നരച്ചുപോയെങ്കിലും
നിന്നെക്കുറിച്ചു ഞാനോർക്കുന്നു;
ചാമ്പലിന്റെ കൂമ്പാരത്തിലും
ഒരു തീപ്പൊരി ജീവിക്കുന്നു!

31
നീ തൊടുത്ത അമ്പുകളാൽ
ഹൃദയമൊരാവനാഴിയായി;
അമ്പിൻമുനകളുള്ളിലും
തൂവലുകൾ പുറത്തുമായി!

32
കടലിലടങ്ങുന്നു
അനേകമർത്ഥങ്ങളെങ്കിലും,
എന്റേതൊരു മുത്ത്,
അവരുടേതു കുമിളയും!

33
നിന്റെ വിളർച്ചയുടെ കാരണം,
ഘനീ, നിന്നോടു ചോദിക്കുന്നവർ,
അവർക്കറിയില്ലെന്നെനിക്കറിയാം,
എത്ര ശിലാഹൃദയരാണു വിഗ്രഹങ്ങളെന്ന്.

34
ജീവിച്ചിരിക്കെ ആരുമറിയില്ല,
സ്വപ്നത്തിൽ പോലുമറിയില്ല, ഘനീ,
കുഴിമാടത്തിൽ ഹൃദയത്തെ
കാത്തിരിക്കുന്ന സാന്ത്വനം.

35
കയാമത്തിന്റെ സൂര്യനെ
എനിക്കൊരു പേടിയുമില്ല;
എന്റെ ദുഷ്കൃത്യങ്ങൾക്കുണ്ടാവുമല്ലോ,
നിന്റെ കാരുണ്യത്തിന്റെ മേല്ക്കെട്ടി.

36
നിന്നെത്തന്നെ നോക്കിയിരിക്കുക,
എന്റെ ജീവിതം ജീവിക്കുന്നതതിൽ;
നിന്റെ മേലെന്റെ അവസാനത്തെ നോട്ടം,
അതാണെന്റെ അവസാനശ്വാസവും.

37
വാർദ്ധക്യത്തിൽ ഘനീ,
കണ്ണീരിൽ കുഴച്ചു മണ്ണു ചെളിയാക്കുക;
നിന്റെ കുഴിമാടത്തിനിഷ്ടിക പടുക്കാൻ
നിന്റെ വളഞ്ഞ കോലം മൂശയുമാക്കുക!

38
എന്റെ കാമുകിയുടെ മുടിയിഴകൾ
ഒരു കിന്നരത്തിൽ നിന്നു വളർന്നതാവുമോ?
ഇന്നു രാവിൽ ചീർപ്പിന്റെ വിദ്യ നോക്കൂ,
ഒരു വാദകന്റെ വിരലോട്ടം പോലെ!

39
ഏകത്വത്തിന്റെ പരുത്തി നൂറ്റ്
മൻസൂർ നൂലെടുത്ത നാൾ
ജപമാലയും പൂണൂലും
ഒന്നുതന്നെയായി.

40
യുക്തിയുടെ പിടി വിടുമ്പോൾ
ആത്മാവ് രാക്ഷസനാകുന്നു;
മോശയുടെ കൈ വിട്ടപ്പോഴല്ലേ,
വടി സർപ്പമായതും?

41
സൗന്ദര്യത്തിന്റെ ഒരു തരി
നിലത്തു വീണുകിടക്കുന്നു;
അതു കാതിലെയൊരു മുത്തോ,
ചുണ്ടത്തൊരു മറുകോ?

42
ഇനിയുമെത്രനാൾ
എന്റെ ചോരയ്ക്കതു ദാഹിക്കും?
എത്രയും വേഗം തീർക്കുക,
വാളിന്റെ രക്തദാഹം!

43
ഒരു പിച്ചച്ചട്ടി പോലും
ദാരിദ്ര്യമെനിക്കു ബാക്കി വച്ചില്ല;
അതുമെടുത്തു നടക്കേണ്ടല്ലോ
എന്നതെനിക്കാശ്വാസവുമായി!

44
ശോകത്തിന്റെ രാത്രികൾ പരിചയമായവൻ,
ശലഭം ശാന്തി കണ്ടെത്തുന്നു,
വിളക്കിന്റെ കാല്ച്ചുവട്ടിൽ.

45
ഒന്നുമില്ലെന്നാവുമ്പോൾ
മനുഷ്യൻ തേടിയിറങ്ങുന്നു;
തിരികല്ലല്ലാതൊന്നുമില്ല,
ഇരിക്കുമിടം വിട്ടിറങ്ങാതെ.

46
കുഴിമാടത്തിനുള്ളിൽ നിന്നും
ഞാനൊരു വിളി കേൾക്കുന്നു:
‘വരൂ, മണ്ണിന്റെ കണ്ണിന്‌
തന്നെക്കാണാൻ കൊതിയായി!’

47
നിന്റെ ശിലാഹൃദയത്തിൽ നി-
ന്നൊരുതരിച്ചൂടെനിക്കു കിട്ടിയില്ല;
കല്ലിനുള്ളിൽ തീപ്പൊരിയുണ്ടെ-
ന്നാരാണു പറഞ്ഞത്?

48
മണ്ണിലേക്കു വയ്ക്കുമ്പോൾ
എന്റെ കാലടികൾ മന്ത്രിക്കുന്നു:
‘അയാളെവിടെ നമ്മെ വയ്ക്കുമോ,
അവിടെ നമുക്കിരിക്കാം.’

49
ജീവിതം കഴിഞ്ഞുപോയി,
നരകൾ ചിലതു ബാക്കിയായി;
വർത്തകസംഘത്തിന്റെ കഥ പറയാൻ
അടുപ്പു കൂട്ടിയ ചാരം മാത്രം.

50
എത്രകാലമാണൊരാൾ
ഒരിടത്തു തന്നെയിരിക്കുക?
ഘടികാരത്തിലെ മണൽത്തരി പോലെ
തന്നിൽത്തന്നെ സഞ്ചരിക്കുക?

51
സൃഷ്ടിയുടെ തോപ്പിൽ നിന്ന്
നമുക്കു കിട്ടിയത് ശോകത്തിന്റെ കനി;
നാം നട്ട തൈമരം വളർന്നത്
വിലാപത്തിന്റെ വൃക്ഷമായി.

52
അവളുടെ മറുകെന്റെ ഹൃദയം കവർന്നു,
നനുത്ത രോമങ്ങൾക്കിടയിലതു ഞാൻ തിരഞ്ഞു;
കള്ളന്മാർ നിധിയൊളിപ്പിക്കുന്നതു മണ്ണിനടിയിലല്ലേ!

53
സാർത്ഥവാഹകസംഘം കടന്നുപോയി,
അലസനായ ഞാൻ പിന്നിലുമായി;
അതിന്റെ കുടമണികൾ പറഞ്ഞ കഥയും കേട്ട്
എന്റെ കാലടികളുറക്കമായി.

54
എന്റെ കവിതകൾ കേട്ടന്യരാഹ്ലാദിക്കുന്നു,
ഞാൻ ശുഷ്കിച്ചുപോവുകയും ചെയ്യുന്നു;
വചനമാസ്വദിക്കുന്ന കാര്യത്തിൽ
നാവെങ്ങനെ കാതിനൊപ്പമെത്താൻ?

55
എന്റെ ചിറകുകൾ കണ്ടത്ര മോഹിച്ചുപോയി
പക്ഷിപ്പിടുത്തക്കാരനെന്നതിനാൽ,
എന്റെ തൂവൽത്തലയിണയിലല്ലാതെ
അയാളുടെ കണ്ണുകളുറക്കം പിടിക്കുന്നുമില്ല!

56
ചഞ്ചലമായ സൗന്ദര്യം
പ്രണയത്തിനർഹമല്ല;
മിന്നല്പിണരെന്ന വിളക്കിൽ
ശലഭങ്ങൾ മോഹിക്കുന്നുമില്ല.

57
ആരുമെന്നിൽ കനിഞ്ഞില്ല,
ഞാൻ മരിച്ചപ്പോൾ
ഒരു കണ്ണും നനഞ്ഞില്ല.

58
ഉദ്യാനത്തിൽ നിന്നു പുറത്തുപോകൂ, സന്ന്യാസീ,
തന്റെ കണ്ണു തട്ടിയാൽ
മുന്തിരിപ്പഴങ്ങളുണങ്ങിയാലോ,
ജപമാലയിലെ മണികൾ പോലെ!

59
പൂർണ്ണത കൈവന്നവന്‌
പേരു കേൾപ്പിക്കാൻ നടക്കേണ്ട;
ചൂണ്ടിക്കാണിക്കേണ്ടത് പൂർണ്ണചന്ദ്രനെയല്ല,
ചന്ദ്രക്കലയെ.

60
എന്റെ മുഖത്തെപ്പുഞ്ചിരി
ചിറകെടുക്കാനൊരുമ്പെടുകയായി,
പ്രാപ്പിടിയനെയകലെക്കണ്ട
തിത്തിരിപ്പക്ഷിയെപ്പോലെ.

61
ജീവിതത്തിൽ ശാന്തി ഞാനറിഞ്ഞില്ല;
ശവപ്പറമ്പിലൊരു കോണിനായി
ജീവിതമാണു ഞാൻ കൊടുത്ത വില.

62
മെഴുകുതിരിയെപ്പോലെന്റെ യാത്രാലക്ഷ്യം
എന്റെ ചുവട്ടടിയായിരുന്നു;
ഞാനിരുന്നു, എന്റെ യാത്രയും തീർന്നു.

63
മെഴുകുതിരിയെപ്പോലെന്റെ രാത്രി കഴിഞ്ഞു,
തേങ്ങലും നെടുവീർപ്പുമായി;
പിന്നെ, ഉദയം വാഗ്ദാനം ചെയ്തു,
മറ്റൊരിരുണ്ട പകൽ.

64
ഞാനേറ്റെടുത്ത പ്രവൃത്തി
എന്നെയൊരു ഗുഹാജീവിയാക്കി;
ഞാൻ വീട്ടിലിരുന്നു,
എന്റെ തൂലികയ്ക്കു യാത്ര ചെയ്യാനായി.

65
ഒരു നാടോടിക്കാറ്റു പോലെ
തെരുവുകളലഞ്ഞെനിക്കു മടുത്തു;
ഉദ്യാനത്തിലൊന്നുലാത്താനായാൽ
ആനന്ദം കൊണ്ടു ഞാൻ നൃത്തം വയ്ക്കും!

66
ഒടുവിലെനിക്കു സ്വത്തായി ശേഷിച്ചത്
എന്റെ ജീവിതവും എന്റെ കുപ്പായവും
ജീവിതം പണയപ്പെടുത്തി,
കുപ്പായം പണയപ്പെടുത്തി,
ഞാനൊരു ശവക്കച്ച സ്വന്തമായി വാങ്ങി.

67
ഈ ശോകമയമായ ലോകത്ത്
നിത്യാനന്ദമാർക്കും പറഞ്ഞിട്ടില്ല;
കോപ്പ നിറയുമ്പോൾ
ചാറയൊഴിയുന്നു.



2018, ജൂലൈ 16, തിങ്കളാഴ്‌ച

മിലാന്‍ കുന്ദേര - കവിയുടെ സ്വപ്നജീവിതം



ഭാവഗായകരായ കവികൾ*  വരുന്നത്, പൊതുവേ നോക്കിയാൽ, സ്ത്രീകൾ ഭരിക്കുന്ന വീടുകളിൽ നിന്നാണ്‌: എസെനിന്റെയും മയക്കോവ്സ്കിയുടേയും സഹോദരിമാർ, ബ്ളോക്കിന്റെ അമ്മായിമാർ, ഹോൾഡർലിന്റെയും ലെർമൊണ്ടോവിന്റെയും മുത്തശ്ശിമാർ, പുഷ്കിന്റെ ആയ, പിന്നെ ഇതിനൊക്കെയപ്പുറം, തീർച്ചയായും, അമ്മമാർ, അച്ഛന്മാരെ നിഴലിലാക്കി ഉയർന്നുനില്ക്കുന്ന അമ്മമാർ. ലേഡി വൈൽഡും ഫ്രൗ റില്ക്കേയും തങ്ങളുടെ പുത്രന്മാരെ പെൺകുട്ടികളുടെ വേഷമിടീച്ചാണ്‌ വളർത്തിയിരുന്നത്. കുട്ടി സദാനേരവും ഉത്കണ്ഠയോടെ കണ്ണാടിയിൽ നോക്കിക്കൊണ്ടിരുന്നു എന്നതിൽ അത്ഭുതപ്പെടാനുണ്ടോ? ഒരാണാകാനുള്ള സമയമായിരിക്കുന്നു, ഓർട്ടെൻ *ഡയറിയിൽ എഴുതി. തന്റെ മുഖത്ത് പുരുഷലക്ഷണങ്ങൾ കാണുന്നുണ്ടോയെന്നന്വേഷിച്ച് കവി ഒരായുസ്സു കഴിക്കുന്നു.

*lyric poets

*Jiří Orten (1919-1941)- ചെക്ക് കവി


*

ഏതു കവിയുടെ ജീവിതത്തിലുമുണ്ടാവും, അയാൾ സ്വന്തം അമ്മയിൽ നിന്നു സ്വയം പറിച്ചെടുത്ത് പലായനം ചെയ്യാൻ തുടങ്ങുന്ന ഒരു നിമിഷം.

വളരെക്കാലം മുമ്പൊന്നുമല്ല, അയാൾ അനുസരണയോടെ മാർച്ചു ചെയ്തുപോയിരുന്നു: മുന്നിൽ സഹോദരിമാരായ ഇസബെല്ലും വിത്താലിയും, തൊട്ടു പിന്നിൽ അയാളും സഹോദരൻ ഫ്രഡറിക്കും; ഏറ്റവും പിന്നിൽ എല്ലാവരെയും നയിച്ചുകൊണ്ട് അമ്മയും, ഒരു മിലിട്ടറി കമാൻഡറെപ്പോലെ. ഇങ്ങനെയാണ്‌ അവർ ഓരോ ആഴ്ചയും തന്റെ മക്കളെ ഷാർളിവില്ല്ലിലെ തെരുവുകളിലൂടെ പരേഡ് ചെയ്യിച്ചിരുന്നത്.

പതിനാറാമത്തെ വയസ്സിൽ അയാൾ ആദ്യമായി അമ്മയുടെ പിടിയിൽ നിന്നു കുതറിയോടി. പാരീസിൽ വച്ച് അയാൾ പോലീസിന്റെ പിടിയിൽ പെട്ടു. അയാളുടെ അദ്ധ്യാപകനായിരുന്ന ഇസംബാറിന്റെയും ഇസംബാറിന്റെ സഹോദരിമാരുടെയും (അതെ, അയാളുടെ തലയിൽ പേനുകളെ വേട്ടയാടിയവർ തന്നെ)* സംരക്ഷണയിൽ ചില ആഴ്ചകൾ കഴിഞ്ഞതിനു ശേഷം അമ്മ അയാളെ കൊണ്ടുപോകാനായി വന്നു. അയാളുടെ മുഖത്ത് ഒരടി കൊടുത്തതിനു ശേഷം അവരുടെ കൈകൾ ഒരു തണുത്ത ആശ്ളേഷത്തിൽ ഒരിക്കൽക്കൂടി അയാളെ വലയം ചെയ്തു.

പക്ഷേ ആർതർ റാങ്ങ്ബോ* പിന്നെയും പിന്നെയും ഓടിപ്പൊയ്ക്കൊണ്ടിരുന്നു, കഴുത്തിൽ ചൊരുകിവച്ച കോളറുമായി, പലായനത്തിനിടയിലും കവിതയെഴുത്തുമായി.

*റാങ്ങ്ബോയുടെ  The Seekers of Lice എന്ന കവിത



*

ഏതു പ്രസ്താവവും തത്ക്ഷണം സത്യമാവുന്ന മണ്ഡലമാണ്‌ ഭാവഗീതം. ഇന്നലെ കവി പറഞ്ഞു, കണ്ണീരിന്റെ താഴ്വാരമാണ്‌ ജീവിതമെന്ന്; ഇന്നയാൾ പറയുന്നു, മന്ദഹാസത്തിന്റെ ദേശമാണ്‌ കവിതയെന്ന്; രണ്ടു തവണയും അയാൾ പറയുന്നത് ശരിയുമാണ്‌. ഒന്നു മറ്റൊന്നിനെതിരല്ല. ഭാവഗായകനായ കവിയ്ക്ക് തെളിവു നിരത്തേണ്ട ബാദ്ധ്യതയില്ല. തന്റെ വികാരങ്ങളുടെയും അനുഭൂതികളുടെയും തീവ്രത തന്നെ മതി ഒരേയൊരു തെളിവായി.

ഭാവഗീതത്തിന്റെ പ്രതിഭ അനുഭവരാഹിത്യത്തിന്റെ പ്രതിഭയാണ്‌. കവിയ്ക്കു ലോകത്തെക്കുറിച്ചു കാര്യമായിട്ടൊന്നും അറിയില്ല; എന്നാൽ തന്റെയുള്ളിൽ നിന്നു പ്രവഹിക്കുന്ന വാക്കുകളെ പരലുകൾ പോലെ ഭദ്രരൂപമായ ഘടനകളായി വിന്യസിക്കാൻ അയാൾക്കറിയാം. കവി അപക്വജിവിയാണെങ്കിലും അയാളുടെ കവിതയ്ക്ക് പ്രവചനത്തിന്റെ ഒരന്തിമസ്വഭാവം കൈവരുന്നു; അതിനു മുന്നിൽ അയാൾ ഭക്ത്യാദരവോടെ നില്ക്കുകയും ചെയ്യുന്നു...കവിയുടെ പക്വതയില്ലായ്മയെ നമുക്കു വേണമെങ്കിൽ പുച്ഛിച്ചു തള്ളാം; അതേ സമയം വിസ്മയാവഹമായതൊന്നു നാം കാണാതിരിക്കയുമരുത്: ഹൃദയത്തിൽ നിന്നൂറുകയും അയാളുടെ വരികൾക്കു സൗന്ദര്യത്തിന്റെ ദീപ്തി പകരുകയും ചെയ്യുന്ന ജലകണങ്ങൾ അയാളുടെ വരികളിൽ തങ്ങിനില്ക്കുന്നുണ്ട്. യഥാർത്ഥജീവിതത്തിൽ നടക്കുന്ന സംഭവങ്ങൾ പ്രചോദിപ്പിക്കുന്നതാവണമെന്നില്ല, മാന്ത്രികസ്വഭാവമുള്ള ആ മഞ്ഞുതുള്ളികൾ. സലാഡിനു മേൽ നാരങ്ങ പിഴിഞ്ഞൊഴിക്കുന്ന വീട്ടമ്മയുടെ അതേ നിസംഗതയോടെയാണ്‌ കവി ചില നേരം തന്റെ ഹൃദയം ഞെക്കിപ്പിഴിയുന്നതെന്ന് നമുക്കു സംശയം തോന്നുകയുമാവാം.


*

ഒരു യഥാർത്ഥകവിയ്ക്കു മാത്രമേ അറിയൂ, കവിയാകാതിരിക്കാനുള്ള, കാതടപ്പിക്കുന്ന നിശബ്ദത കൊണ്ടു നിറഞ്ഞ കണ്ണാടിവീട്ടിൽ നിന്നു പുറത്തു കടക്കാനുള്ള, അഭിവാഞ്ഛയുടെ വൈപുല്യം.

"സ്വപ്നലോകത്തു നിന്നോടിപ്പോന്ന അഭയാർത്ഥി,
ആൾക്കൂട്ടത്തിനിടയിൽ ഞാൻ മനഃശാന്തി കണ്ടെത്തും,
എന്റെ ഗാനങ്ങളെ ഞാൻ ശാപങ്ങളാക്കും."

എന്നാൽ ഈ വരികളെഴുതുമ്പോൾ ഫ്രാന്റിഷെക് ഹലാസ്* തെരുവിലെ ആൾക്കൂട്ടത്തിനു നടുക്കായിരുന്നില്ല; അദ്ദേഹം എഴുതാനിരുന്ന മുറി നിശ്ശബ്ദത നിറഞ്ഞതായിരുന്നു.

സ്വപ്നങ്ങളുടെ ദേശത്തു നിന്നുള്ള അഭയാർത്ഥിയാണു താനെന്നു പറഞ്ഞതും സത്യമല്ല. മറിച്ച്, അദ്ദേഹം പറയുന്ന ആൾക്കൂട്ടം ആ സ്വപ്നദേശം തന്നെയായിരുന്നു.

തന്റെ ഗാനങ്ങളെ ശാപങ്ങളാക്കുന്നതിലും അദ്ദേഹം വിജയം കണ്ടില്ല; അദ്ദേഹത്തിന്റെ ശാപങ്ങളോരോന്നും ഗാനമായി മാറുകയായിരുന്നു.

ആ കണ്ണാടിവീട്ടിൽ നിന്നു പുറത്തു കടക്കാൻ ഒരു വഴിയുമില്ലേ?

*František Halas (1901-1949)- ചെക്ക് കവിയും വിവര്‍ത്തകനും


*

കവിതയുടെ കണ്ണാടിവീട്ടിനുള്ളിൽ എത്ര ഏകാകിയാണു താനെന്ന് ഒരു യഥാർത്ഥകവിയ്ക്കേ അറിയൂ. വിദൂരതയിലെ വെടിയൊച്ചകൾ ജനാല കടന്നെത്തുമ്പോൾ പുറംലോകത്തിനായി ഹൃദയം നോവുന്നു. ലെർമണ്ടോവ് തന്റെ പട്ടാളക്കുപ്പായത്തിന്റെ ബട്ടണിടുകയാണ്‌; ബൈറൺ തന്റെ കിടപ്പുമുറിയിലെ മേശയുടെ വലിപ്പിൽ റിവോൾവർ എടുത്തു വയ്ക്കുകയാണ്‌; വോൾക്കർ*, തന്റെ കവിതയിൽ, ആൾക്കൂട്ടങ്ങൾക്കൊപ്പം മാർച്ചു ചെയ്യുകയാണ്‌; ഹലാസ് പ്രാസത്തിൽ ശാപങ്ങൾ ചുഴറ്റിയെറിയുകയാണ്‌; മയക്കോവ്സ്കി സ്വന്തം ഗാനത്തിന്റെ തൊണ്ട ചവിട്ടിയരയ്ക്കുകയാണ്‌; കണ്ണാടികളിൽ മഹത്തായൊരു യുദ്ധം കൊടുമ്പിരിക്കൊണ്ടു നടക്കുകയാണ്‌.

ജാഗ്രത, ഞാൻ നിങ്ങളോടഭ്യർത്ഥിക്കുകയാണ്‌! കവിയ്ക്കു ചുവടൊന്നു പിഴച്ചാൽ, കണ്ണാടികളുടെ മണ്ഡലം വിട്ടു പുറത്തേക്കു കാലു വച്ചാൽ അയാളുടെ കഥ കഴിഞ്ഞു; എന്തെന്നാൽ  കുറിക്കു കൊള്ളിക്കാന്‍ കവിക്കറിയില്ല. അയാൾ കാഞ്ചി വലിച്ചാൽ വീഴുന്നതയാൾ തന്നെ!

*Jiří Wolker (1900-1924)- ചെക്ക് കവി


*

സ്വന്തം മരണം സ്വപ്നം കാണാത്ത കവിയുണ്ടോ? എന്നെങ്കിലുമൊരിക്കൽ ഭാവനയിലതിനു ചായമിടാത്ത കവിയുണ്ടോ? ഞാൻ മരിക്കണോ? എങ്കിൽ അതഗ്നിയിലാവട്ടെ. ഒരഗ്നിമൃത്യുവിനെക്കുറിച്ചു ചിന്തിക്കാൻ യാരോമിലിനെ പ്രേരിപ്പിച്ചത് ഭാവനയുടെ യാദൃച്ഛികവിനോദമായിരുന്നുവെന്നാണോ നിങ്ങൾ കരുതുന്നത്? അല്ലേയല്ല. മരണം ഒരു സന്ദേശമാണ്‌. അതിനു ഭാഷയുണ്ട്; അതിന്റേതായ അർത്ഥവിജ്ഞാനീയമുണ്ട്; ഒരാൾ ഏതു വിധമാണ്‌ മരിക്കുന്നത്, പ്രകൃതിശക്തികളിൽ ഏതു കൊണ്ടാണ്‌ മരിക്കുന്നത് എന്നത് പ്രാധാന്യമില്ലാത്തതല്ല.
യാൻ മസാരിക്* 1948ൽ തന്റെ ജീവിതം അവസാനിപ്പിച്ചത് പ്രാഗിലെ ഒരു കൊട്ടാരത്തിനു മുകളിൽ നിന്ന് മുറ്റത്തേക്കെടുത്തു ചാടിക്കൊണ്ടാണ്‌; നിയതിയുടെ പാറക്കെട്ടിൽ തട്ടി തന്റെ വിധി തവിടുപൊടിയാവുന്നത് അദ്ദേഹം കണ്ടിരുന്നു. മൂന്നു കൊല്ലം കഴിഞ്ഞ് കവിയായ കോൺസ്റ്റന്റിൻ ബീബ്‌ൽ* - സഖാക്കളെന്നു താൻ കരുതിയവരാൽത്തന്നെ വേട്ടയാടപ്പെട്ട്- അതേ നഗരത്തിലെ ഒരഞ്ചാം നിലയിൽ നിന്ന് നടപ്പാതയിലേക്കു ചാടി മരിച്ചു. ഇക്കാരസിനെപ്പോലെ അദ്ദേഹത്തെ ഞെരിച്ചമർത്തിയത് മണ്ണായിരുന്നു; സ്ഥലവും പിണ്ഡവും തമ്മിലുള്ള, സ്വപ്നവും ഉണർച്ചയും തമ്മിലുള്ള ദുരന്തസംഘർഷത്തിന്റെ പ്രതീകമായിരുന്നു അദ്ദേഹത്തിന്റെ മരണം.
യാൻ ഹൂസും ഗിയോർഡാനോ ബ്രൂണോയും കൊലക്കുറ്റിയിൽ എരിഞ്ഞുതന്നെ മരിക്കണമെന്നുണ്ടായിരുന്നു; വാളും കൊലക്കയറും അവർക്കു പറഞ്ഞതായിരുന്നില്ല. അങ്ങനെ അവരുടെ ജീവിതങ്ങൾ യുഗങ്ങൾക്കപ്പുറത്തേക്കു വെളിച്ചം വീശുന്ന അടയാളവിളക്കുകളായി, ദീപസ്തംഭങ്ങളായി, ശലാകകളായി രൂപാന്തരം പ്രാപിച്ചു; എന്തെന്നാൽ ഉടൽ കാലികവും ചിന്ത നിത്യവുമാണ്‌; ജ്വാലയുടെ ദീപ്തസാരം ചിന്തയുടെ പ്രതീകമാണ്‌.
നേരേ മറിച്ച് ഒഫീലിയയുടെ കാര്യത്തിൽ തീയിലുള്ള മരണം അചിന്ത്യമാണ്‌; അവൾ ജലമൃത്യു തന്നെ മരിക്കണമായിരുന്നു; കാരണം, ജലത്തിന്റെ ആഴങ്ങൾക്ക് മനുഷ്യന്റെ ആഴങ്ങളുമായി അത്രയ്ക്കു ബന്ധമുണ്ട്. തങ്ങളുടെ സ്വന്തം ആത്മാക്കളിൽ, സ്വന്തം പ്രണയത്തിൽ, സ്വന്തം വികാരങ്ങളിൽ, സ്വന്തം ഉന്മാദങ്ങളിൽ, സ്വന്തം പ്രതിബിംബങ്ങളിൽ, കടല്‌ച്ചുഴികളിൽ മുങ്ങിമരിക്കുന്നവരെ കൊല്ലുന്ന പ്രകൃതിശക്തിയാണ്‌ ജലം. പടയ്ക്കു പോയി മടങ്ങാത്ത കാമുകരെയോർത്ത് വെള്ളത്തിൽ ചാടി മരിക്കുന്ന പെൺകുട്ടികളെക്കുറിച്ച് നാടൻപാട്ടുകളിൽ പറയുന്നുണ്ട്; ഹാരിയെറ്റ് ഷെല്ലി പുഴയിൽ ചാടി മരിക്കുകയായിരുന്നു; പാൾ ചെലാൻ സെയിൻ നദിയിൽ തന്റെ മരണത്തെ സന്ധിച്ചു.

*Jan Mazaryk (1886-1948)- 1948ല്‍ ആത്മഹത്യ ചെയ്ത ചെക്ക് വിദേശകാര്യമന്ത്രി


*

ഒരു പെൺകുട്ടിയുടെ ഉടലിനേക്കാൾ അവളുടെ ശിരസ്സാണ്‌ യാരോമിലിനു കൂടുതൽ കാര്യമായി തോന്നിയത്. സ്ത്രീശരീരത്തെക്കുറിച്ച് അവനു കൂടുതലായിട്ടൊന്നും അറിയില്ലായിരുന്നു (സുന്ദരമായ കാലുകൾ എന്തു പോലിരിക്കും? നിതംബത്തിന്റെ ഭംഗി നിങ്ങൾ എങ്ങനെയാണു കണക്കാക്കുക?); അതേ സമയം ഒരു മുഖത്തെക്കുറിച്ച് അഭിപ്രായം പറയാൻ തനിക്കു കഴിയുമെന്ന് അവനു വിശ്വാസമുണ്ടായിരുന്നു; അവന്റെ കണ്ണിൽ ഒരു സ്ത്രീ സുന്ദരിയാണോ അല്ലയോ എന്നു നിശ്ചയിച്ചത് മുഖം മാത്രമാണ്‌.

ശാരീരികസൗന്ദര്യത്തിൽ യാരോമിലിനു താല്പര്യമില്ലായിരുന്നു എന്നു നാം സൂചിപ്പിക്കുന്നില്ല. ഒരു പെൺകുട്ടിയുടെ നഗ്നത മനസ്സിൽ കാണുന്നതു തന്നെ അവന്റെ തല ചുറ്റിച്ചിരുന്നു. എന്നാൽ ഈ സൂക്ഷ്മമായ വ്യത്യാസം നാം ശ്രദ്ധിക്കേണ്ടതുണ്ട്.

ഒരു സ്ത്രൈണദേഹത്തിന്റെ നഗ്നതയ്ക്കല്ല അവൻ ദാഹിച്ചത്; അവൻ ദാഹിച്ചത് ദേഹത്തിന്റെ നഗ്നത ദീപ്തമാക്കിയ ഒരു സ്ത്രൈണമുഖത്തിനായിരുന്നു.

അവൻ ദാഹിച്ചത് ഒരു പെൺകുട്ടിയുടെ ദേഹം സ്വന്തമാക്കാനല്ല; അവൻ ദാഹിച്ചത് തന്റെ പ്രണയത്തിനു തെളിവായി സ്വന്തം ദേഹം കാഴ്ച വയ്ക്കുന്ന ഒരു പെൺകുട്ടിയുടെ മുഖത്തിനായിരുന്നു.

ഉടൽ അവന്റെ അനുഭവസീമകൾക്കപ്പുറത്തായിരുന്നു; അക്കാരണം കൊണ്ടു തന്നെ എണ്ണമറ്റ കവിതകൾക്കതു പ്രമേയവുമായി. അക്കാലഘട്ടത്തിലെ അവന്റെ കവിതകളിൽ “ഗർഭപാത്രം” എന്ന പദം എത്ര തവണ കടന്നുവന്നിട്ടില്ല? പക്ഷേ കവിതയുടെ ഇന്ദ്രജാലത്തിലൂടെ (അനുഭവരാഹിത്യത്തിന്റെ ഇന്ദ്രജാലത്തിലൂടെ) മൈഥുനത്തിന്റെയും ജനനത്തിന്റെയും ആ അവയവത്തെ അവൻ വിചിത്രസ്വപ്നങ്ങളുടെ വിലോലകല്പനയായി രൂപാന്തരപ്പെടുത്തി.

ഒരു കവിതയിൽ അവനെഴുതി, ഒരു പെൺകുട്ടിയുടെ ഉടൽമദ്ധ്യത്തിൽ ചെറിയൊരു ഘടികാരമിരുന്നു മിടിക്കുന്നുണ്ടെന്ന്.

അദൃശ്യജീവികളുടെ താവളമാണ്‌ സ്ത്രീയുടെ ജനനേന്ദ്രിയമെന്ന് മറ്റൊരു വരിയിൽ അവൻ ഭാവന ചെയ്തു.

ഇനിയൊരിക്കൽ അവനെ ആവേശിച്ചത് വലയം എന്ന ബിംബമായിരുന്നു; ഒരു സുഷിരത്തിലൂടെ അന്തമില്ലാതെ വീണുകൊണ്ടിരിക്കുന്ന ഒരു ഗോട്ടിയായി അവൻ സ്വയം കണ്ടു; ഒടുവിലവൻ അവളുടെ ഉടലിലൂടെ നിരന്തരവും കേവലവുമായ ഒരു പതനമാവുകയാണ്‌.

മറ്റൊരു കവിതയിൽ ഒരു പെൺകുട്ടിയുടെ കാലുകൾ ഒരുമിച്ചൊഴുകുന്ന രണ്ടു പുഴകളാവുന്നു; അവയുടെ സംഗമസ്ഥാനത്ത് താൻ കണ്ടുവെന്നു സങ്കല്പിച്ച നിഗൂഢപർവതത്തിന്‌ ബൈബിൾ ധ്വനികളുള്ള ഹെരെബ് മല എന്ന് അവൻ പേരിട്ടു.

വേറൊരു കവിത ഒരു ഭൂപ്രദേശത്തു കൂടെ സൈക്കിളോടിച്ചുപോകുന്ന ഒരു വെലോസിപീഡ് *(ആ വാക്കവന്‌ അസ്തമയം എന്ന വാക്കു പോലെ സുന്ദരമായിത്തോന്നി) സഞ്ചാരിയുടെ പരിക്ഷീണമായ ദീർഘയാത്രകളെക്കുറിച്ചായിരുന്നു; ആ ഭൂപ്രദേശം ഒരു പെൺകുട്ടിയുടെ ഉടലായിരുന്നു, താൻ തളർന്നുകിടന്നുറങ്ങാൻ മോഹിച്ച ആ വൈക്കോൽക്കൂനകൾ അവളുടെ മുലകളായിരുന്നു.

എത്ര വശ്യതയാർന്നതായിരുന്നു അതൊക്കെ-ഒരു സ്ത്രീയുടെ ഉടലിലൂടെയുള്ള ആ യാത്ര- അദൃശ്യവും അജ്ഞാതവും അയഥാർത്ഥവുമായ ഒരുടൽ, ഒരു കളങ്കവുമില്ലാത്ത, ന്യൂനതകളോ രോഗങ്ങളോ ഇല്ലാത്ത, തികച്ചും ഭാവനാജന്യമായ ഒരുടൽ-ഓടിക്കളിക്കാൻ പ്രശാന്തമായൊരു ഗ്രാമീണദൃശ്യം!

കുട്ടികൾക്കു യക്ഷിക്കഥകൾ പറഞ്ഞുകൊടുക്കുന്ന അതേ സ്വരത്തിൽ ഗർഭപാത്രങ്ങളെയും മുലകളെയും കുറിച്ചെഴുതുക കേമമായിരുന്നു .അതെ, ആർദ്രതയുടെ ലോകത്താണ്‌ യാരോമിൽ ജീവിച്ചിരുന്നത്, കൃത്രിമബാല്യത്തിന്റെ ലോകത്ത്. കൃത്രിമം എന്നു നാം പറയുന്നത് യഥാർത്ഥബാല്യം ഒരു പറുദീസയുമല്ലാത്തതു കൊണ്ടാണ്‌, വിശേഷിച്ചൊരാർദ്രതയും അതിൽ ഇല്ലാത്തതു കൊണ്ടാണ്‌.

ജിവിതം ഒരാളെ ഓർക്കാപ്പുറത്തൊരു തൊഴി കൊടുത്ത് പ്രായപൂർത്തിയുടെ വാതില്പടിയിലേക്കു തള്ളിവിടുമ്പോഴാണ്‌ ആർദ്രത ജന്മമെടുക്കുന്നത്. കുട്ടിയായിരുന്നപ്പോൾ താനനുഭവിക്കാതെപോയ ബാല്യത്തിന്റെ ഗുണങ്ങൾ അയാളപ്പോൾ ഉത്കണ്ഠയോടെ തിരിച്ചറിയുകയാണ്‌.

ആർദ്രത പക്വതയോടുള്ള ഭയമാണ്‌.

അന്യോന്യം കുട്ടികളോടെന്നപോലെ പെരുമാറാമെന്നു സഖ്യം ചെയ്തുകൊണ്ട് കൃത്രിമമായി ഇടുങ്ങിയ ഒരിടം സൃഷ്ടിക്കാനുള്ള നമ്മുടെ ശ്രമമാണത്.

ആർദ്രത പ്രണയത്തിന്റെ ശാരീരികഫലങ്ങളോടുള്ള ഭയം കൂടിയാണ്‌. പക്വതയുടെ മണ്ഡ്ലത്തിൽ നിന്നു പ്രണയത്തെ പുറത്തെടുക്കാനും (പ്രണയം അവിടെ കടമയാണ്‌, ചതിക്കുഴികൾ നിറഞ്ഞതാണ്‌, മാംസനിബദ്ധമാണ്‌, ഉത്തരവാദിത്തമാണ്‌) സ്ത്രീയെ ശിശുവായി കാണാനുമുള്ള ശ്രമമാണ്‌.

ആഹ്ളാദത്തോടെ തുടിക്കുന്ന ഹൃദയമാണവളുടെ നാവ്, ഒരു കവിതയിൽ അവൻ എഴുതി. അവളുടെ നാവ്, അവളുടെ കുഞ്ഞുവിരൽ, മുലകൾ, നാഭി ഒക്കെ അശ്രാവ്യശബ്ദങ്ങളിൽ പരസ്പരം സംസാരിക്കുന്ന ഒറ്റയൊറ്റ ജീവികളാണെന്ന് അവനു തോന്നി. അങ്ങനെയുള്ള ആയിരക്കണക്കിനു ജീവികൾ ഉൾക്കൊള്ളുന്നതാണ്‌ സ്ത്രീശരീരമെന്നും ഉടലിനെ സ്നേഹിക്കുക എന്നാൽ ആ ബഹുലതയ്ക്കു കാതു കൊടുക്കുകയും അവളുടെ ഇരുമുലകൾ നിഗൂഢസംജ്ഞകളാൽ മന്ത്രിക്കുന്നതു കേൾക്കുകയാണെന്നും അവനു തോന്നി.

*വെലോസിപീഡ് - സൈക്കിളിന്റെ ആദ്യകാലരൂപം


*

ജീവിതം മറ്റൊരിടത്താണ്‌, സോർബോണിന്റെ* ചുമരുകളിൽ ഫ്രഞ്ച് വിദ്യാർത്ഥികൾ എഴുതിയിട്ടു. അതെ, അതയാൾക്കു നന്നായിട്ടറിയാം; അതുകൊണ്ടാണയാൾ ലണ്ടൺ വിട്ട് ആളുകൾ കലാപമുയർത്തുന്ന അയർലണ്ടിലേക്കു പോകുന്നത്. അയാളുടെ പേര്‌ പേഴ്സി ഷെല്ലി എന്നാണ്‌, അയാൾക്ക് ഇരുപതു വയസ്സാണ്‌, അയാളുടെ കൈകളിൽ നൂറുകണക്കിനു ലഘുലേഖകളും പ്രഖ്യാപനങ്ങളുമുണ്ട്; യഥാർത്ഥജീവിതത്തിലേക്കുള്ള അയാളുടെ പ്രവേശനം ഉറപ്പാക്കുന്ന പാസ്പോർട്ടുകളാണവ.

എന്തെന്നാൽ യഥാർത്ഥജീവിതം മറ്റൊരിടത്താണ്‌. വിദ്യാർത്ഥികൾ തറക്കല്ലുകൾ വലിച്ചിളക്കുകയാണ്‌, കാറുകൾ മറിച്ചിടുകയാണ്‌, ബാരിക്കേഡുകൾ ഉയർത്തുകയാണ്‌; ലോകത്തേക്കുള്ള അവരുടെ വരവ് ഒച്ചപ്പാടോടെയും ഔജ്ജ്വല്യത്തോടെയുമാണ്‌; പന്തങ്ങൾ അതിനെ വെളിച്ചപ്പെടുത്തുന്നു, കണ്ണീർവാതകഷെല്ലുകളുടെ സ്ഫോടനം അതിനെ മഹിമപ്പെടുത്തുന്നു. റാങ്ങ്ബോയുടെ ജീവിതം അതിലും കഠിനമായിരുന്നു; കാരണം, അയാൾക്ക് പാരീസ് കമ്മ്യൂണിന്റെ ബാരിക്കേഡുകൾ സ്വപ്നം കാണാമെന്നല്ലാതെ ഷാർളിവിൽ വിട്ടുപോകാൻ  കഴിഞ്ഞിരുന്നില്ല. എന്നാൽ 1968ൽ ആയിരക്കണക്കിനു റാങ്ങ്ബോമാരാണ്‌ സ്വന്തം ബാരിക്കേഡുകൾ ഉയർത്തിയത്. അവർ അവയ്ക്കു പിന്നിൽ നിന്നുകൊണ്ട് ലോകത്തിന്റെ താല്ക്കാലികഉടമകളോട് ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്നു തർക്കിക്കുന്നു. മനുഷ്യമോചനം പൂർണ്ണമല്ലെങ്കിൽ തങ്ങൾക്കു വേണ്ടതന്നെ.

ഒരു മൈലിനപ്പുറം, സെയിനിന്റെ മറുകരയിൽ ലോകത്തിന്റെ ഇപ്പോഴത്തെ ഉടമകൾ തങ്ങളുടെ ജീവിതം സാധാരണപോലെ ജീവിക്കുകയാണ്‌; ലാറ്റിൻ ക്വാർട്ടറിൽ നടക്കുന്ന ബഹളം ദൂരെയെങ്ങോ സംഭവിക്കുന്നപോലെയാണ്‌ അവർ കരുതുന്നത്. സ്വപ്നം യാഥാർത്ഥ്യമാണ്‌, വിദ്യാർത്ഥികൾ ചുമരുകളിൽ എഴുതി; പക്ഷേ അതല്ല ശരി എന്നു തോന്നുന്നു: അവരുടെ യാഥാർത്ഥ്യം ( ബാരിക്കേഡുകൾ, മറിച്ചിട്ട കാറുകൾ, ചെങ്കൊടികൾ) ഒരു സ്വപ്നമായിരുന്നു.

*Sorbonne – 1968 മേയില്‍ വിദ്യാര്‍ഥികലാപത്തിന്റെ വേദിയായ പാരീസ് സര്‍വ്വകലാശാല


മിലാന്‍ കുന്ദേരയുടെ Life Is Elsewhere എന്ന നോവലില്‍ നിന്ന്

2018, ജൂലൈ 13, വെള്ളിയാഴ്‌ച

ഒക്റ്റേവിയോ പാസ് - കലാനിരൂപകനായ ബോദ്‌ലേർ : സാന്നിദ്ധ്യവും വർത്തമാനവും


paz1baudelaire1

ദൃശ്യകലകളെക്കുറിച്ച് താനെഴുതിയ ആദ്യലേഖനത്തിൽ ആസന്നമരണനായ മാർകസ് ഓറേലിയസ് ചക്രവർത്തി പ്രായം തികയാത്ത കൊമ്മോഡസിനെ തന്റെ സ്റ്റോയിക് സുഹൃത്തുക്കളുടെ സംരക്ഷണയിൽ ഏൽപിക്കുന്ന നിമിഷം ചിത്രീകരിക്കുന്ന ഒരു പെയിന്റിങ്ങിനെക്കുറിച്ച് ബോദ്‌ലേർ പറയുന്നുണ്ട്. തനിക്കു സഹജമായ ആ ആവേശത്തോടെ അദ്ദേഹം എഴുതുകയാണ്. ‘ഇവിടെ നാം ഡെലക്രോയുടെ സാക്ഷാൽ രൂപം ദർശിക്കുന്നു. അതായത് ഒരു പ്രതിഭാശാലിക്ക് ചിത്രകലയിൽ എന്തു കൈവരിക്കാമെന്നതിന് പരമോൽകൃഷ്ടമായ ഉദാഹരണങ്ങളിൽ ഒന്നാണ് നമുക്കു മുന്നിലിരിക്കുന്നത്.’ തുടർന്നദ്ദേഹം ചരിത്ര-ദർശന സംബന്ധിയായ ആ ചിത്രത്തോട് തനിക്ക് ആകർഷണം തോന്നാനുണ്ടായ കാരണമെന്താണെന്ന് ഒറ്റവാക്യത്തിൽ വ്യക്തമാക്കുന്നു. ‘പച്ചയ്ക്കും ചുവപ്പിനും നൽകിയിരിക്കുന്ന ആ തീവ്രത നമ്മുടെ ആത്മാവിനെ പ്രീതിപ്പെടുത്തുന്നു’. പ്രതിപാദ്യവിഷയമോ രൂപങ്ങളോ അല്ല, രണ്ടു നിറങ്ങൾ തമ്മിലുള്ള ബന്ധം, ശീതളമായ ഒരു നിറവും ഊഷ്മളമായ മറ്റൊന്നും തമ്മിലുള്ള ബന്ധം – അതാണ് അദ്ദേഹത്തെ ആകർഷിച്ചത്. ആ ചിത്രം നമ്മിലുണർത്തുന്ന സാന്നിദ്ധ്യം ചരിത്രപരമോ ദാർശനികമായോ ആയ ബിംബമൊന്നുമല്ല, മറിച്ച് ഒരു നീലയും ഒരു മാംസളവർണവും തമ്മിലുള്ള ലയമാണ്, ഒരു മഞ്ഞയും ഒരു വയലറ്റും തമ്മിലുള്ള ലയമാണ്. ആത്മാവും ശരീരവും – അഥവാ, ക്രിസ്തീയവും പാഗനുമായ പാരമ്പര്യങ്ങൾ - ഒരു ദൃശ്യകമ്പനത്തിലേക്കു ചുരുക്കപ്പെടുകയാണ്, അതായത്, ദൃഷ്ടിഗോചരമായ സംഗീതം. പത്തുകൊല്ലത്തിനിപ്പുറം, ഡെലക്രോയുടെ രചനയെക്കുറിച്ച് വീണ്ടും ചർച്ച ചെയ്യുമ്പോൾ അദ്ദേഹത്തിന്റെ സ്വരം കൂടുതൽ സ്പഷ്ടവും ദൃഢവുമത്രെ ‘മറ്റെന്തിനെക്കാളുമുപരി നാം ഊന്നിപ്പറയേണ്ടത് ഈ ഒരു കാര്യമാണ് (വളരെ പ്രധാനവുമാണിത്), അതായത്, വലിയൊരകലത്തിൽനിന്ന്, വിഷയത്തെ വിശകലനം ചെയ്യാനോ മനസ്സിലാക്കാൻ തന്നെയോ വിഷമമായ ഒരകലത്തിൽ നിന്നു വീക്ഷിക്കപ്പെടുമ്പോൾ ഡെലക്രോയുടെ ഒരു ചിത്രം തൽക്ഷണംതന്നെ ആത്മാവിൽ സമ്പുഷ്ടമായ ഒരു അനുഭൂതി (അതു സന്തോഷകരമോ ദുഃഖകരമോ ആകാം) ഉളവാക്കുന്നു... വർണം, അതു നിറം കൊടുക്കുന്ന വസ്തുവിൽ നിന്നു സ്വതന്ത്രമായി  നിന്നുകൊണ്ട് - അതിലോലമായ ആശയങ്ങൾ പ്രകാശിപ്പിക്കേണ്ടിവരുമ്പോൾ ഭാഷയിലെ ഈ കെണികൾ ഒഴിവാക്കാനാവുന്നില്ലെന്നതില്‍ ക്ഷമിക്കുക– ചിന്തിക്കുന്ന പോലെയാണ്.’ ഒരു ചിത്രം കാണുക എന്നാൽ അതിനു കാതുകൊടുക്കുക എന്നുതന്നെയാണർത്ഥം. അതെന്തു പറയുന്നുവെന്നു മനസ്സിലാക്കുകയാണ് നാം ചെയ്യുന്നത്. ചിത്രകല സംഗീതമാണ്, ഒപ്പം ഭാഷയുമാണ്, സർവോപരി ഭാഷ തന്നെയാണ്.

ഭാഷ എന്ന ആശയത്തിൽ വിവർത്തനം എന്ന ആശയം കൂടി ഉൾപ്പെടുന്നു: വാക്കിനെ ദൃശ്യബിംബങ്ങളായി വിവർത്തനം ചെയ്യുകയാണ് ചിത്രകാരൻ. വിമർശകൻ, രേഖകളെയും വർണങ്ങളെയും വാക്കുകളായി വിവർത്തനംചെയ്യുന്ന കവിയത്രെ. കലാകാരനാവട്ടെ, പ്രപഞ്ചത്തിന്റെ വിവർത്തകനുമാണ്. ഈ വിവർത്തനം ഫലത്തിൽ രൂപപരിണാമമാകുന്നുവെന്നതു ശരിതന്നെ. ഭാഷയുടേതല്ലാത്ത ചിഹ്നങ്ങളെ ഭാഷയുടെ ചിഹ്നങ്ങൾകൊണ്ടു വ്യാഖ്യാനിക്കൽ - അതാണല്ലോ ഇവിടെ നടക്കുന്നത്, അല്ലെങ്കിൽ നേരേ മറിച്ചുള്ള പ്രക്രിയയും. ഈ ഓരോ വിവർത്തനവും വാസ്തവത്തിൽ മറ്റൊരു രചനയായി മാറുകയാണ്  ചെയ്യുന്നത്, മൂലവസ്തുവിന്റെ ഒരു പകർപ്പെന്നു പറയുന്നതിനേക്കാൾ ശരിയാവുക, അതിന്റെ ഒരു രൂപകം എന്നു പറയുകയാവും. ഈ വിഷയത്തെക്കുറിച്ച് ഞാൻ പിന്നീട് പറയുന്നുണ്ട്; ഇവിടെ ഞാൻ ഒരു കാര്യം ചൂണ്ടിക്കാണിച്ചുകൊള്ളട്ടെ: ഒരു ചിത്രത്തെ വ്യാഖ്യാനിക്കാനുള്ള ഒരേയൊരു വഴി സാദൃശ്യാരോപം (“വിവർത്തനം”) മാത്രമാണെന്ന് വീറോടെ വാദിക്കുന്ന ബോദ്‌ലേർ അതേ വീറോടെതന്നെ തറപ്പിച്ചു പറയുകയാണ്, വർണം, അതു നിറം കൊടുക്കുന്ന വസ്തുക്കളിൽനിന്നു സ്വതത്രമായി നിന്നുകൊണ്ടു ചിന്തിക്കുന്നുവെന്ന്. ഈ ആശയത്തിന്റെ വിശകലനത്തിൽ നിന്ന് ഞാൻ തുടങ്ങാം.

ഐന്ദ്രിയാനുഭവത്തിന്റെ ഉള്ളിൽനിന്നു നോക്കുമ്പോൾ ചിത്രകലയും ഭാഷയും തമ്മിലുള്ള ഈ സാദൃശ്യാരോപത്തിൽ പിശകേതുമില്ല. ഒന്ന് ശബ്ദങ്ങളുടെ ക്ലിപ്തമായ ഒരു ശ്രേണിയുടെ ചേരുവയാണെങ്കിൽ, മറ്റേത് വർണങ്ങളും രേഖകളുമടങ്ങുന്ന ശ്രേണിയുടെ ചേരുവയുമാണ്. ഭാഷയെ ഭരിക്കുന്ന അതേ സാജാത്യ-വൈജാത്യ നിയമങ്ങളെത്തന്നെയാണ് ചിത്രകല അനുസരിക്കുന്നതും. സംയോഗത്തിന്റെ ഫലമായി ഒന്നിൽ ദൃശ്യരൂപങ്ങൾ ഉൽപന്നമാകുന്നു, മറ്റേതിൽ വാഗ്രൂപങ്ങളും. ഒരു വാക്കിന് സാദ്ധ്യമായ അർത്ഥങ്ങൾ പലതുള്ളതിൽ ഒന്ന് പ്രകരണഭേദമനുസരിച്ച് വാക്യത്തിൽ പ്രയുക്തമാകുന്നതു പോലെതന്നെ വർണത്തിനും തനതായ മൂല്യം എന്നൊന്നില്ല; അത് ഒരു ബന്ധമൊന്നുമാത്രമാണ്: ‘രണ്ടു നിറഭേദങ്ങൾ തമ്മിലുള്ള ലയം.’ അതിനാൽത്തന്നെ വർണത്തിന് കേവലമായ ഒരു നിർവചനം‌ നൽകാനും സാദ്ധ്യമാകുന്നില്ല : ‘വർണങ്ങങ്ങൾക്ക് ആപേക്ഷികമായ അസ്തിത്വമേയുള്ളൂ.’ രേഖാചിത്രം എന്നു പറയുന്നത് രേഖകളുടെ ഒരു വ്യവസ്ഥ, ബന്ധങ്ങളുടെ ഒരു സംയോജനം, മാത്രമാണ് എന്നുകൂടി പറഞ്ഞുകൊള്ളട്ടെ. ഇനി ഇന്ദ്രിയങ്ങളുടെ മണ്ഡലം ഉപേക്ഷിക്കപ്പെടുമ്പോൾ - ഭാഷയിൽ ശബ്ദം, വർണവും രേഖയും ചിത്രത്തിൽ - ശ്രദ്ധേയമായ ഒരു വ്യത്യസ്തത ഉരുത്തിരിയുന്നു: ഒരു വാക്യം (വാക്കുകളുടെ സംയോഗം) മറ്റൊരു വാക്യത്താൽ വിവർത്തനം ചെയ്യപ്പെടുന്നു: ഒരു ചിത്രം (വർണങ്ങളുടെയും രേഖകളുടെയും സംയോഗം) ഒരു വാക്യത്താൽ വിവർത്തനം ചെയ്യപ്പെടുന്നു. ഇന്ദ്രിയങ്ങൾ കൊണ്ടറിയാവുന്ന ഒന്നിൽ നിന്ന് മനസ്സു കൊണ്ടറിയേണ്ട ഒന്നിലേക്കുള്ള ഈ സംക്രമണം നടക്കുന്നത് ചിത്രത്തിനുള്ളിലല്ല, അതിനു പുറത്താണ്: അർത്ഥം ചുരുൾ നിവരുന്നത് ചിത്രേതരമായ ഒരു മണ്ഡലത്തിലാണ്. അല്ലെങ്കിൽ, ഇങ്ങനെ പറയാം: അന്യവ്യവസ്ഥകളിൽ അർഥം കണ്ടെത്തുന്ന ചിഹ്നങ്ങൾ തീർക്കുന്ന ഒരു വ്യവസ്ഥയാണ് ചിത്രകലയുടെ ഭാഷ. ബോദ്‌ലേർ തന്നെ ഇക്കാര്യം പറയുന്നുണ്ട്: വർണം ഒരു മേലാടയാണ്, അഥവാ വീണ്ടും സംഗീതത്തിന്റെ ഭാഷയിൽ പറഞ്ഞാൽ, ഒരു പക്കമേളമാണ്.

എല്ലാ നാഗരികതകളുടേയും ചിത്രകലകൾക്കെല്ലാം (വെറും അലങ്കരണസ്വഭാവമുള്ളവയും ആധുനികരചനകളുമൊഴിച്ചാൽ) രണ്ടു തലങ്ങളുള്ളതായി കാണാം: ചിത്രപരം എന്നു ശരിക്കും പറയവുന്ന ഒരു തലം, ചിത്രബാഹ്യം അല്ലെങ്കിൽ ചിത്രാതീതമായ രണ്ടാമതൊരു തലം. വർണങ്ങളും രേഖകളും തമ്മിലുള്ള ബന്ധങ്ങളുടെ സൃഷ്ടിയാണ് ആദ്യത്തെ തലം; ഈ ബന്ധങ്ങൾ നിർമിച്ചെടുക്കുന്ന, കുറച്ചുകൂടി കൃത്യമായി പറഞ്ഞാൽ, നെയ്തെടുക്കുന്ന തലമാണ് രണ്ടാമത്തേത്: അതായത് യഥാർഥമോ സാങ്കൽപികമോ ആയ വിഷയം. ചിത്രപരമായ തലം നമ്മെ പ്രതിനിധാനത്തിലേക്കു (representation) നയിക്കുന്നു: പ്രതിനിധാനം ചിത്രത്തിന്റേതല്ലാതായിക്കഴിഞ്ഞ ഒരു ലോകത്തിലേക്കാണ് നമ്മെ നയിക്കുന്നത്. എല്ലാ പ്രതിനിധാനങ്ങളും പ്രതീകാത്മകമാണെന്നതും പ്രതിപാദ്യം ഒരിക്കലും മൂലവസ്തുവിന്റെ വെറുമൊരു പകർപ്പോ പ്രതിനിധാനമോ ആവുന്നില്ല എന്നതും വ്യക്തമാണ്. മറ്റൊരു പ്രത്യേകത കൂടി ശ്രദ്ധിക്കാനുണ്ട് വിഷയത്തിന്റെ പ്രാതിനിധ്യസ്വഭാവം കുറയുന്തോറും ചിത്രത്തിന്റെ ചിത്രപരമായ സ്വഭാവം കുറഞ്ഞുവരുകയും അത് എഴുത്തിനോടടുക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന് ഇസ്ലാമികസംസ്കാരത്തിലെ അറാബെസ്ക്, ടിയോടിഹ്വകാനിലെയും മെക്സിക്കൻ ഹസ്തലിഖിതഗ്രന്ഥങ്ങളിലെയും വർണവിന്യാസങ്ങൾ, ബുദ്ധമതത്തിലെയും ഹിന്ദുമതത്തിലെയും താന്ത്രികചിത്രകല. ഒടുവിൽ പറഞ്ഞതിൽ, വർണങ്ങളും രേഖകളും സ്വന്തനിലയിൽ ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുകയാണ്, എങ്ങനെയെന്നാൽ ചിത്രത്തിനും വാക്കിനുമിടയിലെ സീമയിൽ വച്ചുള്ള ഒരു സംവാദമായിട്ടാണ് അവയെ അനുസന്ധാനം ചെയ്തിരിക്കുന്നത്. താന്ത്രികചിത്രത്തിന്റെ ഒരു ചുരുൾ നിവർത്തി നോക്കുമ്പോൾ, ചൈനീസ് ചിത്രകലയിലെപ്പോലെ രംഗങ്ങളുടെയും ഭൂദൃശ്യങ്ങളുടെയും ഒരു തുടർകണി കാണുകയല്ല നാം ചെയ്യുന്നത്, മറിച്ച് ഒരു അനുഷ്ഠാനം വായിക്കുകയാണ്. ചിത്രീകരണത്തിന്റെ ഏകശാസനത്തിൽനിന്ന് മുക്തി നേടുന്ന ചിത്രം ചെന്നുചാടുന്നത് എഴുത്തിന്റെ ദാസ്യവേലയിലേക്കാണ്. അങ്ങനെ നോക്കുമ്പോൾ ചിത്രപരമായ മൂല്യങ്ങൾ സ്വാധീനങ്ങളല്ലെന്നു വരുന്നു: യഥാർഥമോ ഭാവനാപരമോ ആയ ഒരു വിഷയത്തിന്റെ പ്രതിനിധീകരണത്തിലേക്കാണ് അവ നയിക്കുന്നത്. അവയില്ലെങ്കിൽ പ്രതിനിധാനം എന്നൊന്നുണ്ടാവുന്നില്ല; അതില്ലെങ്കിൽ ചിത്രത്തിന് അർഥവുമുണ്ടാകുന്നില്ല.

വിഷയം, ദൃഷ്ടിയുടെയോ ഭാവനയുടെയോ വ്യാപാരത്തിനു വിധേയമാകുന്ന വസ്തു, ഒരിക്കലും അതിന്റെ സ്വരൂപത്തിൽ പ്രത്യക്ഷമാകാറില്ല. വിഷയത്തിന്റെ സാന്നിദ്ധ്യം ഏതു രൂപത്തിലാണോ നമുക്കു പ്രത്യക്ഷമാകുന്നത് അതുതന്നെയാണ് പ്രതിനിധാനം. സത്ത നമ്മിൽനിന്നു മറയ്ക്കപ്പെട്ടിരിക്കുന്നു; പ്രതീകങ്ങൾ നെയ്ത ഒരു മൂടുപടത്തിലൂടെ അതിനെ ദർശിക്കാനേ നമുക്കു പറഞ്ഞിട്ടുള്ളു. ചിഹ്നങ്ങളുടെ ഒരു സഞ്ചയമാണ് ലോകം. പൂർണമായ സാന്നിദ്ധ്യവും നമ്മുടെ ദർശനവും തമ്മിലുള്ള ദൂരത്തിന്റെ സൂചകമാണ് പ്രതിനിധാനം: കാലബദ്ധമാകയാൽ അസ്ഥിരവും സീമിതവുമായ നമ്മുടെ സത്തയുടെ ചിഹ്നം, മരണത്തിന്റെ മുഖാവരണം. അതേസമയം തന്നെ, ശുദ്ധവും പൂർണവുമായ സത്തയിലേക്കല്ലെങ്കിൽക്കൂടി അതിന്റെ പ്രതിഫലനത്തിലേക്കെങ്കിലുമുള്ള പാലവുമാണത് : മരണത്തിനും സത്തയ്ക്കും, അചിന്ത്യമായതിനും അവാച്യമായതിനും നാം നൽകുന്ന പ്രത്യുത്തരം. പ്രതിനിധാനം ദൂരത്തെ ഇല്ലാതാക്കുന്നില്ലെങ്കിലും – ഒരു വസ്തുവിന്റെ കൽപിതാർഥവും അതിന്റെ സത്തയും തമ്മിൽ ഒരിക്കലും പൂർണമായി പൊരുത്തപ്പെടലില്ല – സാന്നിദ്ധ്യത്തിന്റെ രൂപാന്തരീകരണമാണത്, അതിന്റെ രൂപകമാണത്.

ഒരു നാഗരികതയും ചിത്രപരവും ചിത്രാതീതവുമായ തലങ്ങൾ തമ്മിലുള്ള ബന്ധം, രൂപപരമായ മൂല്യങ്ങളും ചിത്രീകരണവും തമ്മിലുള്ള ബന്ധം, സന്ദിഗ്ധമാക്കിവച്ചിട്ടില്ല. രണ്ടും തമ്മിൽ കൂട്ടിക്കുഴയ്ക്കാതിരിക്കാൻ അവ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഏറെക്കുറെ സ്പഷ്ടമായ ഒരു ധാരണ ഉണ്ടായിരുന്നതു സഹായിച്ചു എന്നെനിക്കു തോന്നുന്നു: വ്യതിരിക്തമായത്, ‘കാണേണ്ടത്’ പ്രതിപാദ്യവിഷയമോ ചിത്രീകൃതവസ്തുവോ അല്ല, ചിത്രംതന്നെയാണ്; അതു പക്ഷേ ചിത്രീകൃതവസ്തുവുമായി അനിവാര്യമായും അവശ്യമായും ബന്ധപ്പെട്ടുകൊണ്ടാണുതാനും. വർണവും രേഖയും ചേർന്ന് പ്രതിനിധാനത്തിനു രൂപം‌ നൽകുന്നു; അത് അവയ്ക്ക് അർഥവും നൽകുന്നു. പക്ഷേ ചിത്രം സ്വാശ്രയത്വം നേടാൻ തുടങ്ങുന്നതോടെ ഈ ബന്ധത്തിൽ പരസ്പരവൈരുദ്ധ്യം വന്നുകൂടുന്നു. ഈ പ്രക്രിയ നവോത്ഥാനകാലത്തുതന്നെ തുടങ്ങിയതാണെങ്കിലും വിമർശദൃഷ്ടിയിൽക്കൂടി നോക്കുമ്പോൾ ഈ വിച്ഛേദത്തിന്റെ തുടക്കം കാൻറിന്റെ സൗന്ദര്യശാസ്ത്രത്തിലാണ്: സൗന്ദര്യാലോകനത്തിന്റെ ഊന്നൽ കലാമൂല്യത്തിലത്രെ. അതേസമയം തന്നെ ആധുനികദർശനം പരമ്പരാഗതമായ തീർച്ചകളെയും പദ്ധതികളെയും വിശ്വാസങ്ങളെയും സമൂലമായ വിശകലനത്തിനു വിധേയമാക്കുകയും ചെയ്യുന്നു; പഴയ അർഥങ്ങൾ അപ്രത്യക്ഷമാകുന്നു, ഒപ്പം പ്രതിനിധാനങ്ങളും. ബോദ്ലേയർമുതൽ ഈ വിച്ഛേദം പൂർണമാവുകയാണ്: രേഖകളും വർണങ്ങളും പ്രതിനിധാനോപാധികൾ എന്ന നില കൈവിട്ടിട്ട് സ്വയം അർഥപൂർണമാവാൻ യത്നിക്കുകയായി. ചിത്രം ഇപ്പോൾ ഒരു സാന്നിദ്ധ്യം നെയ്തെടുക്കുകയല്ല, അതു തന്നെ സാന്നിദ്ധ്യമാവുകയാണ്. ഈ വിച്ഛേദം ഒരിരട്ടവഴി (ഒരു ഗർത്തവും) തുറന്നിടുന്നു. വർണവും രേഖയും യഥാർഥമായും സാന്നിദ്ധ്യംതന്നെയാണെങ്കിൽ അവ ഭാഷയല്ലാതാവുകയാണ്; ചിത്രം വസ്തുക്കളുടെ ലോകത്തേക്കു മടങ്ങുകയുംചെയ്യുന്നു. സമകാലീനചിത്രകലയിൽ നല്ലൊരു ഭാഗത്തിനും ഈ വിധിയാണ് വന്നുപെട്ടത്. മറ്റേ ദിശ (ബോദ്‌ലേർ മുൻകൂട്ടിക്കണ്ടതു തന്നെയാണത്) ഇങ്ങനെ സൂത്രരൂപത്തിൽ പറയാം: വർണം ചിന്തിക്കുന്നു, ചിത്രകല ഭാഷയാണ്. ഇതാണ് ആധുനിക കലയുടെ രണ്ടാമത്തെ മാർഗം: വികാരശുദ്ധീകരണത്തിന്റെ വഴി.

അതിന് അർഥം‌ നൽകിയ പ്രതിനിധാനത്തെ ത്യജിക്കുന്നതോടെ ചിത്രം, അർഥങ്ങൾ ഒഴിഞ്ഞ ഒരു സ്ഥലരാശിയിൽ പ്രക്ഷേപിക്കപ്പെടുന്ന ചിഹ്നങ്ങളുടെ ഒരു സഞ്ചയം എന്ന നിലയിലേക്കു മാറിപ്പോകുന്നു. മുമ്പ് പ്രതിനിധാനം അധിവസിച്ചിരുന്ന ആ പഴയ ഇടം ഇപ്പോൾ ശൂന്യമാണ്, അഥവാ പ്രഹേളികകൾനിറഞ്ഞതാണ്: ചിത്രം എന്താണ് പറയുന്നത് എന്ന പ്രഹേളിക ദ്രഷ്ടാവും രചനയും തമ്മിലുള്ള ബന്ധം കീഴ്മേൽ മറിയുന്നു: രചന ഇനിമേൽ ദ്രഷ്ടാവിന്റെ ചോദ്യത്തിനുള്ള ഉത്തരമല്ല, മറിച്ച് അതുതന്നെ ചോദ്യമായി മാറുകയാണ്. ഉത്തരം (അതായത് അർഥം) ആരാണ് ചിത്രം കാണുന്നത് എന്നതിനെ ആശ്രയിച്ചുമിരിക്കുന്നു. ചിത്രം നമുക്കു മനനത്തിനുള്ള വിഷയമാണ്; പക്ഷേ നാം മനനം ചെയ്യുന്നത് അതിന്റെ പ്രത്യക്ഷതലത്തെയല്ല, മറിച്ച്, വർണങ്ങളും രൂപങ്ങളുംകൂടി പൂർണമായി വെളിവാക്കാതെ ദ്യോതിപ്പിക്കുകമാത്രം ചെയ്യുന്ന ഒരു സാന്നിദ്ധ്യത്തെയാണ്: ഫലത്തിൽ അദൃശ്യമായ ഒരു സാന്നിദ്ധ്യത്തെ. വിട്ടുകളയലോ സൂചനയോ കൊണ്ടല്ലാതെ ഭാഷണം ചെയ്യാനസമർഥമായ ഒരു ഭാഷയാണ് ചിത്രകല. ചിത്രം നമുക്കു മുന്നിൽ വയ്ക്കുന്നത് ഒരു അസാന്നിദ്ധ്യത്തിന്റെ ചിഹ്നങ്ങളാണ്.

ഈ വിച്ഛേദത്തിന്റെ ആദ്യഫലം ഇതായിരുന്നു: സാദൃശ്യാരോപത്തിൽ (Analogy) അധിഷ്ഠിതമായ വ്യാഖ്യാനത്തിന്റെ സ്ഥാനത്ത് വാച്യാർഥത്തിലുള്ള വ്യാഖ്യാനം നിലവിൽവന്നു; വിമർശനം മൂല്യനിർണയനമല്ലാതെയായി, കാവ്യാത്മകവിമർശനം ജന്മമെടുക്കുകയും ചെയ്തു. ഇത്രതന്നെ നിർണായകമായിരുന്നു സാന്നിദ്ധ്യം പ്രച്ഛന്നമായി എന്നതും. മുമ്പ് ചിത്രകല ഒരു സാന്നിദ്ധ്യത്തിന്റെ സൂചന നൽകുകമാത്രമല്ല, പ്രതിനിധാനത്തിലൂടെ അതിനെ സുതാര്യമാക്കുകയും ചെയ്തിരുന്നു; സാന്നിദ്ധ്യത്തിന്റെ മൂർത്തീകരണമല്ല, അതിന്റെ രൂപാന്തരീകരണം. പ്രതിനിധാനം ചിത്രത്തിന് അർഥം‌ നൽകിയെങ്കിൽ ചിത്രം അർഥത്തിനു ജീവൻ നൽകുകയും ചെയ്തു: അത് അതിനെ ജീവസ്സുറ്റതാക്കി. അർഥത്തിന് ഒരു രൂപം‌ നൽകുകവഴി അത് അതിനെ ദൃഷ്ടിഗോചരവും തൊട്ടറിയാവുന്നതുമായ ഒരു ബിംബമാക്കി രൂപാന്തരപ്പെടുത്തി. ബോദ്‌ലേർ മുതൽ ചിത്രകല ചിന്തിക്കുന്നുണ്ട്, പക്ഷേ സംസാരിക്കുന്നില്ല. അതു ഭാഷയാണ്, പക്ഷേ അർഥമാക്കുന്നില്ല; സ്വയംപ്രകാശനക്ഷമമായ വസ്തുവും രൂപവുമാണത് പക്ഷേ അത് ബിംബമല്ലാതായിക്കഴിഞ്ഞു. ബോദ്‌ലേറുടെ ചിന്ത മൗലികമാണ് എന്നു പറയുന്നതിനടിസ്ഥാനം ആധുനികകലയ്ക്ക് ആദ്യമായി ഒരു സൗന്ദര്യശാസ്ത്രം രൂപപ്പെടുത്തിയവരിൽ ഒരാൾ എന്നതുമാത്രമല്ല; നിർമൂർതീകരണത്തിന്റെ (disembodiment) സൗന്ദര്യശാസ്ത്രത്തെക്കുറിച്ച് നമുക്ക് അറിവുതന്നയാൾ എന്നുകൂടി അദ്ദേഹത്തെക്കുറിച്ചു പറയണം.

ബോദ്‌ലേറുടെ വിമർശനരചനകളിലാകെ വിരുദ്ധധ്രുവങ്ങളിലേക്കു വലിക്കുന്ന ഒരു സംഘർഷം വ്യാപിച്ചുനിൽപുണ്ട്. ചിത്രപരവും ചിത്രാതീതവും തമ്മിലുള്ള ഈ വൈപരീത്യം (ആദ്യത്തേതിനനുകൂലമായിട്ടാണ് ഒടുവിലത് പരിഹൃതമാകുന്നത്) 'നിത്യവും ക്ഷണികവും' തമ്മിലുള്ള ബന്ധത്തിലും ആവർത്തിക്കുന്നുണ്ട്. അതായത് ആദർശരൂപവും വിശേഷസൗന്ദര്യവും തമ്മിൽ. വർണത്തിന്റെ കാര്യത്തിലെന്നപോലെ തന്നെ നിത്യം, ക്ഷണികം എന്നീ സംജ്ഞകളും കേവലനിർവചനത്തിനു വഴങ്ങുന്നവയല്ല; അവ അന്യോന്യാശ്രിതങ്ങളാണ്. ഒരു വിശേഷണം നൽകി നിർവചിക്കാവുന്നതല്ല നിത്യം. ആധുനികം സ്പഷ്ടമാകുന്ന ആധാരമാണത്. ബോദ്‌ലേറുടെ വിവരണം നിഷേധസ്വഭാവത്തിലുള്ളതാണ്. നിത്യം, സൗന്ദര്യത്തെക്കുറിച്ചുള്ള ക്ലാസിക്കൽ സങ്കൽപം ഇവ രണ്ടിന്റെയും സ്ഥിരവും അവിഭിന്നവുമായ സ്വഭാവം ഊന്നിപ്പറയുന്ന തരത്തിലുമാണ്. നേരേമറിച്ച്, ആധുനികവും അതിൻറ സ്ഥലതൽസമവും . അനന്യമായതും വിരൂപമായതും -ചലനാത്മകവും ഗുണാത്മകവുമാണ്. ഇവയാണ് വിച്ഛേദം - നൈരന്തര്യം ഉറപ്പാക്കുന്ന വിച്ഛേദം; ഇവ തന്നെയാണ് നൂതനത്വം - വർത്തമാനത്തിലേക്ക് - സ്മരണാതീതമായ ഒരു തത്വത്തിന് പുന:പ്രവേശനം നൽകുന്ന നൂതനത്വം. ബോദ്‌ലേറുടെ മനോഭാവം വീണ്ടും സൂചിപ്പിക്കുന്നത് പരമ്പരാഗതമായ പരിപ്രേക്ഷ്യത്തിന്റെ കീഴ്മറിയൽ തന്നെയാണ്. മുമ്പ്, നിത്യമായതിന്റെ കലവറയായി കരുതപ്പെട്ടിരുന്ന ഭൂതകാലം വർത്തമാനകാലത്തെ നിർവചിക്കുകയായിരുന്നു. ആ നിർവചനം നിഷ്കൃഷ്ടവുമായിരുന്നു. കലാസൃഷ്ടി എന്നാൽ ആദിരൂപങ്ങളുടെ അനുകരണമാണ്.  ഈ ആദിരൂപങ്ങൾ പൗരാണികരചനകളോ പ്രകൃതിയിൽ നിന്നുള്ളവയോ ആകാം. ഇന്നു പക്ഷേ, ‘നിത്യം’ വർത്തമാനത്തിനു വിധേയമാണ്: ഒരു വശത്ത് വർത്തമാനം പാരമ്പര്യത്തിന്റെ വിമർശനമാണെന്നതിനാൽ ഓരോ നിമിഷവും നിത്യതയുടെ തിരസ്കാരമാവുകയും ഒപ്പം ക്ഷണികമായ നൂതനത്വത്തിലേക്കുള്ള അതിന്റെ രൂപഭേദമാവുകയും ചെയ്യുന്നു. നേരേമറിച്ച്, ‘നിത്യം’ അഭിന്നമല്ല, അത് ബഹുരൂപിയാണ്; എത്ര വർഗങ്ങളും കാലഘട്ടങ്ങളും നാഗരികതകളുമുണ്ടോ അത്രയും സൗന്ദര്യങ്ങളുമുണ്ട്. ‘എല്ലാ ജനതയും മറ്റുള്ളവരെ വിലയിരുത്തുമ്പോൾ അക്കാദമിക് ആണ്, മറ്റുള്ളവർ അതിനെ വിലയിരുത്തുമ്പോൾ കിരാതവും.’ യൂറോപ്യനല്ലാത്ത ജനതകളുടെ കലകളെ വീണ്ടെടുക്കൽ : ‘സുന്ദരമായത് എപ്പോഴും വിരൂപമാണ്.’ പക്ഷേ എന്താണീ വിരൂപം ? അതും ഒരു ബന്ധം മാത്രമാണ്.

ബോദ്‌ലേർ നിർവചനങ്ങളിൽ നിന്നൊഴിഞ്ഞുമാറിയതിന്റെ കാരണം മനസ്സിലാക്കാൻ പ്രയാസമില്ല: ക്ഷണികം, വിശേഷം (particular) എന്നിവയുടെ മൂല്യത്തിലധിഷ്ഠിതമായ ഒരു വ്യവസ്ഥ നിർമ്മിച്ചെടുക്കുക അസാദ്ധ്യമാണ്, എന്തെന്നാൽ രണ്ടും, അവയുടെ പ്രക്യതിയാൽത്തന്നെ, നിർവചനങ്ങൾക്കു വഴങ്ങാത്തവയാണ് ; വ്യവസ്ഥകളെ ഇല്ലാതാക്കുന്ന അജ്ഞാതരാശികളാണ്. ആധുനികവും വിരൂപവും, സദാ സന്നിഹിതമാണെങ്കിലും പ്രവചനാതീതവും പരിണാമിയുമായ യാഥാർഥ്യങ്ങളാണ് എന്ന കാരണംകൊണ്ടു തന്നെ എല്ലാ വ്യവസ്ഥകളും അയഥാർഥമാണ്; ഒരു സനാതനതത്വത്തിൽ അധിഷ്ഠിതമാണെന്ന് അവകാശപ്പെടുന്നവപോലും. വ്യവസ്ഥ എന്നത് ‘നിരന്തരമായ തള്ളിപ്പറയലിന് നമ്മെ നിർബന്ധിക്കുന്ന ഒരു ശാപമാണ്....... തത്വശാസ്ത്രപരമായ ആ മതവിരോധങ്ങളുടെ ഭീഷണതയിൽ നിന്നൊഴിവാകാനായി ഞാൻ അന്തസ്സോടെ വിനയവാനാകുന്നു: ഇന്ദ്രിയസംവേദനം കൊണ്ടുതന്നെ ഞാൻ തൃപ്തനാണ്. ചിന്ത കൈവെടിഞ്ഞ ഒരു സൗന്ദര്യശാസ്ത്രമോ? തലച്ചോറില്ലാത്ത ഒരു കലയോ? എന്നല്ല, പിന്തുടർച്ചയുടെ ഭീതികളിലേക്കും അതിശയങ്ങളിലേക്കും മുഖംതിരിച്ച ഒരു സൗന്ദര്യശാസ്ത്രം. സർവജീവരൂപങ്ങളിലും മരണമുദ്രയുടെ പുനരാവർത്തനം പ്രത്യക്ഷമാകുന്നതു കണ്ട്  ആകൃഷ്ടമാകുന്ന ഒരു കല എന്നുവേണം പറയേണ്ടത്.

ആധുനികം നിർവചനസാദ്ധ്യമല്ലെന്നു തെളിഞ്ഞതിനാൽ ബോദ്‌ലേർ പകരം വൈരുദ്ധ്യങ്ങളുടെ ഒരു പട്ടിക നമുക്കു നൽകുന്നു. പൗരാണികത്തിന്റെ വിശേഷലക്ഷണം സമൂഹമദ്ധ്യത്തിലെ മോടികളായിരുന്നു; ആധുനികത്തിന്റേത് സ്വകാര്യജീവിതവും. ഒന്നിൽ താവഴിയും ചടങ്ങും മറ്റേതിൽ ജനായത്തവും ലാളിത്യവും. പൗരാണിക വേഷം അതിന്റെ തുന്നലും നിറവുംകൊണ്ട് ജീവിതത്തെ പ്രദർശനമാക്കുന്നു. അതണിയുന്നവനെ കൊണ്ടാടുന്നു. കറുത്തതോ ഇരുണ്ടതോ ആയ ആധുനികാവേഷം സാർവത്രികസമത്വത്തിന്റെ പ്രകാശനമാണ്, വെളിവാക്കുകയല്ല മറയ്ക്കുകയാണ് അതിന്റെ ധർമ്മം. പൗരാണികപരിഷ്കാരം വേർതിരിച്ചു നിർത്തുകയും ഉയർത്തിക്കാട്ടുകയും വൈശിഷ്ട്യംനൽകുകയും ചെയ്യുന്നു: ആധുനികവേഷമാവട്ടെ ‘ജീർണതയുടെ ഏകരൂപമായ അംഗവസ്ത്രവുമാണ്... ശവക്കുഴിവെട്ടുകാരുടെ വിപുലമായ ഒരു ഘോഷയാത്ര, രാഷ്ട്രീയ ശവക്കുഴിവെട്ടുകാർ, പ്രണയശവക്കുഴിവെട്ടുകാർ, ബൂർഷ്വാശവക്കുഴിവെട്ടുകാർ.....’ നാമെല്ലാം ഒരു ശവസംസ്കാരം കൊണ്ടാടുകയാണ്. ഇവിടെയും വൈരുദ്ധ്യത്തിന്റെ അഥവാ പൂരകവൈപരീത്യത്തിന്റെ നിയമം പ്രയോഗത്തിൽവരുന്നു. ഏകരൂപമായ ഒരു സമൂഹത്തിൽ ഒരു തനിമ കാത്തുസൂക്ഷിക്കുന്നത് പൗരാണികകാലങ്ങളിലെന്നപോലെ മാതൃകാപുരുഷൻമാരല്ല, പകരം വിചിത്രസ്വഭാവക്കാരും പൊതുധാരയ്ക്കു പുറത്തു നിൽക്കുന്നവരുമാണ്: വേഷഭ്രമക്കാരൻ, കലാകാരൻ, കുറ്റവാളികൾ, വേശ്യകൾ, ആൾക്കൂട്ടത്തിൽ അന്യനായിപ്പോകുന്ന ഏകാകി, ഭിക്ഷക്കാരൻ, നാടോടി. ശ്രദ്ധേയരായ വ്യക്തികളല്ല. അസാധാരണരായ വ്യക്തികൾ. ആധുനികസൗന്ദര്യമെന്നത് വൈചിത്ര്യമാണ്. അങ്ങനെയെങ്കിൽ കാർണബീ തെരുവിലെ ഡാൻറീയിസത്തിന്റെ സമൂഹവൽക്കരണം കണ്ടാൽ ബോദ്‌ലേർ എന്തു പറയുമായിരുന്നു? നമ്മുടെ ആധുനികത്വം അദ്ദേഹത്തിന്റേതിനു വിരുദ്ധമാണ്. നമ്മൾ മാനസികവൈചിത്ര്യത്തെ വഷളൻ കച്ചവട മൂല്യമാക്കി മാറ്റിക്കളഞ്ഞിരിക്കുന്നു. പാശ്ചാത്യനാഗരികതയിലെ മൂന്നു മുഹൂർത്തങ്ങൾ:  വിപ്ലവത്തിനുമുമ്പുള്ള ഫ്രഞ്ചുഭരണകൂടത്തിൻറ കാലം . അന്ന് സ്വകാര്യജീവിതം ചടങ്ങിന്റെ പകിട്ടോടെ ജീവിച്ചു; പത്തൊമ്പതാം നൂറ്റാണ്ട് . അന്ന് സ്വകാര്യജീവിതം നിഗൂഢാഖ്യായികകളിലെന്നപോലെയായിരുന്നു; ഇരുപതാം നൂറ്റാണ്ട് . സ്വകാര്യ ജീവിതം പൊതുജീവിതമായി.

ബോദ്‌ലേറുടെ പക്ഷത്തിൽ ആധുനികം എന്നാൽ പ്രചാരത്തിന്റെ വിപരീതമാണ്; സ്വകാര്യവും രഹസ്യാത്മകവുമായിരിക്കുന്നിടത്തോളം കാലം അസാമാന്യമായിരിക്കുന്നതാണ് അത്. ഇങ്ങനെയാണ് മേക്കപ്പിനും മുഖാവരണങ്ങൾക്കും പ്രാധാന്യം കൈവരുന്നത്; രണ്ടും ഒരേസമയം തുറന്നു കാട്ടുകയും മറച്ചുവയ്ക്കുകയും ചെയ്യുന്നവയാണല്ലോ. സ്ത്രീകളിൽ ഈ ആധുനികം ‘നിഗൂഢമായ ഒരു വ്യതിരിക്തത’യാണ്; ‘നാരകീയമോ ദിവ്യമോ ആയ ഒരുതരം വീരത്വം’: കിടപ്പറ ദുർമന്ത്രവാദിനിയുടെ ഗുഹയോ, രക്തപാനാസക്തയായ പൂജാരിണിയുടെ സങ്കേതമോ ആയി സ്വഭാവംമാറുന്നു. ഇതു പോലെ ആധുനികമാണ്, ‘ഹാസ്യം’, വിഷാദം, അവജ്ഞ, ജീർണമായ സംവേദനത്വം, സൈനസ്തേഷ്യ, ആദ്ധ്യാത്മികത, അനന്തതകളോടുള്ള ആഭിമുഖ്യം, ഭ്രമകൽപന, പ്രയാണം (മേഖലകൾ വെട്ടിപ്പിടിക്കാനുള്ള സഞ്ചാരമല്ല, പുരോഗതിയുടെ ലോകം വിട്ടുള്ള പലായനം) എന്നിവയും. ചുരുക്കത്തിൽ ആത്മനിഷ്ഠത, ആത്മനിഷ്ഠമായ സൗന്ദര്യം. വിപരീതങ്ങളാൽ രചിക്കപ്പെട്ടതിനാൽ ആധുനികം തെരുവിലെ യാഥാർഥ്യംകൂടിയാണ്, ആൾക്കൂട്ടവും പരിഷ്കാരങ്ങളും ചേർന്നതാണ്. പൗരാണികമായ മരണവും ആധുനികമായ മരണവുമുണ്ട്. ഹെർക്കുലീസ് ആത്മഹത്യ ചെയ്തത്  ‘തൻറ മേലങ്കിയുടെ നീറ്റൽ അസഹ്യമായപ്പോഴാണ്; ചാറ്റോ ‘സ്വാതന്ത്ര്യത്തിനുവേണ്ടി തനിക്കിനി യാതൊന്നും ചെയ്യാനില്ല എന്നുവന്നപ്പോൾ ആത്മഹത്യചെയ്തു’; ക്ലിയോപേട്ര ആത്മഹത്യചെയ്തത് തന്റെ സിംഹാസനവും കാമുകനും നഷ്ടമായപ്പോഴുമാണ്. പക്ഷേ ഇവരിലൊരാൾ പോലും ഒരു ജന്മാന്തരം മുന്നിൽക്കണ്ടു കൊണ്ട് സ്വയം നശിപ്പിക്കുന്നില്ല’; പക്ഷേ ബൽസാക്കിന്റെ നായകൻ ചെയ്യുന്നത് അതാണ്. അപ്പോൾ, എന്താണ് ആധുനികത? മാറ്റത്തിനുവേണ്ടിയുള്ള ദാഹമല്ലേ അത്? അതിലുമുപരി മാറ്റത്തെക്കുറിച്ചുള്ള ബോധമല്ലേ? പൗരാണികർക്ക് ഭൂതകാലത്തെക്കുറിച്ച് ഒരു സങ്കൽപമുണ്ടായിരുന്നു, അതുവച്ചു കൊണ്ട് അവർ വർത്തമാനകാലത്തിലെ മാറ്റങ്ങളെ വിലയിരുത്തി. ആധുനികർക്ക് മാറ്റത്തെക്കുറിച്ച് ഒരു സങ്കൽപമുണ്ട്; അതുവച്ചു കൊണ്ട് അവർ ഭൂതകാലത്തെയും വർത്തമാനകാലത്തെയും വിലയിരുത്തുന്നു. ഈ ബോധത്തിനു മറ്റൊരു പേരുണ്ട്. ദുർവിധി. വരേണ്യർ നെറ്റിയിലണിയുന്ന മുദ്രയാണത് ; അതിൽ വിരൂപം, അനിയതം, വികലം എന്നിങ്ങനെ ആധുനികസൗന്ദര്യത്തിന്റെ ലക്ഷണങ്ങളെല്ലാം സംഗൃഹീതമായിരിക്കുന്നു. ആധുനികത്തിന്റെ ചിഹ്നം ഒരു മുറിപ്പാടാണ്: കാലം മുറിവേൽപിച്ചതും മരണം പച്ചകുത്തിയതുമായ സാന്നിദ്ധ്യം.

പ്രാചീനകാലത്ത് മനുഷ്യന് നിത്യതയിൽനിന്ന്, അതു പാഗൻ ഭാഗധേയമാകട്ടെ, ക്രിസ്തീയമായ ദൈവഹിതമാവട്ടെ,. രക്ഷപ്പെടാൻ കഴിയുമായിരുന്നില്ല. പക്ഷേ ആധുനികമനുഷ്യനു പറഞ്ഞിരിക്കുന്നത് വർത്തമാനമാണ്, അസ്ഥിരതയാണ്. ഇടവേളയെന്നൊന്നില്ല. അതിനെന്ത്? നിയന്ത്രണവിധേയമല്ലാത്ത കാലം തന്നിലേക്കുതന്നെ തിരിയുന്ന ഒരു നിമിഷമുണ്ട്: കാലത്തിനു പുറത്തല്ലാത്ത ഒരു നിമിഷം; പക്ഷേ അത് ചരിത്രത്തിനു മുമ്പുള്ളതും വർത്തമാനത്തിന്റെ മറു വശവുമാണ്. അതാണ് ആദിമനിമിഷം: അതിൽ ആധുനികത്വം സ്വയം കണ്ടെത്തുന്നു: തീയതികളില്ലാത്ത പൗരാണികതയാണത്; കിരാതന്‍റെ കാലം. അനശ്വരസൗന്ദര്യം എന്ന സങ്കൽപത്തെ തകർക്കുമ്പോൾത്തന്നെ ആധുനികം കിരാതൻമാരുടെ ലോകത്തിലേക്കുള്ള വാതിലുകളും തുറന്നിടുകയാണ്. അത്യാധുനികമായ കല അങ്ങനെ അതിപ്രാചീനംകൂടിയാവുന്നു. ഡെലക്രോയുടെ മഹത്വം കുടികൊള്ളുന്നത് ഇതിലാണ്: അദ്ദേഹത്തിൻറ ചിത്രകല ‘നരഭോജികളുടെ ചിത്രകലയാണ്.’ ഭ്രാന്തമായ ഒരാവേശത്തോടെയാണ് ബോദ്‌ലേർ ആ ചിത്രകാരനെ കൊണ്ടാടുന്നത്: ആ കിരാതത്വം, കൽക്കത്തി കയ്യിലേന്തിയ ആസ്തെക് പുരോഹിതനുമായി അദ്ദേഹത്തിനുള്ള സാദ്യശ്യം, അഗ്നിയുടെ ‘വിജയഗാഥകൾ’ പോലെ സംഹാരാത്മകമായ ‘മൊളോക് സ്വഭാവ’ മുള്ള ആ രചനകൾ. ഡെലക്രോയുടെ ചായപ്പൊട്ടുകൾ മനസ്സിലുണർത്തുന്നത് ചില ഉഷ്ണമേഖലാവനങ്ങളുടെ രൗദ്രതയാണ്, നാശാവശിഷ്ടങ്ങളിലെ ചുടുചാമ്പലിന്റെ സാന്ദ്രതയാണ്. ആദിമനിമിഷം ചരിത്രത്തെ പിടിച്ചുനിർത്തുന്നില്ല. കാടത്തം നാഗരികതയുടെ മറുവശമാണെന്നതു പോലെ വർത്തമാനത്തിന്റെ മറ്റേ മുഖമാണത് അന്യോന്യബന്ധിതമാകയാൽ ഒന്ന് മറ്റൊന്നിനു വിധേയമാണ്: കാട്ടാളൻ അങ്ങനെയാകുന്നത് നാഗരികന്റെ ദൃഷ്ടിയിൽ മാത്രമാണ്. എന്നുതന്നെയല്ല, ബോദ്‌ലേറുടെ പിൻഗാമികൾ താമസിയാതെ തെളിയിച്ചുകാണിച്ചതുപോലെ, ‘കാട്ടാളത്തം’ ‘ആധുനികം’ പോലെതന്നെ വൈവിദ്ധ്യപൂർണവുമാണ്: ആദിമസമൂഹങ്ങൾ എത്രയുണ്ടോ അത്രയും കലാശൈലികളുമുണ്ട്. ആധുനികത്വത്തിന്റെ മറ്റൊരു മിഥ്യാദർശനമാണ് കാട്ടാളത്തം.

അതേസമയം തന്നെ ആധുനികത്വത്തിന്റെ വിമർശനവുമാണത്. കാട്ടാളത്തം, ആധുനികത്വം, പാരമ്പര്യം ഇവ മൂന്നും വിമർശനം എന്ന കലയുടെ ഭിന്നപ്രകാശനങ്ങളാണ്; എന്നുപറഞ്ഞാൽ വിവാദപരവും ചരിത്രപരവുമായ കലയുടെ പ്രകാശനങ്ങൾ. ആധുനികത്വം, കാട്ടാളത്തം എന്നീ സങ്കൽപങ്ങളെ കലയിലേക്കു പ്രവേശിപ്പിക്കുന്ന ബോദ്‌ലേർ സൃഷ്ടിയിലേക്കു വിമർശനത്തെ കടത്തിവിടുകയാണ്; വിമർശനാത്മകമായ കല കണ്ടുപിടിക്കുകയും ചെയ്യുകയാണ്. മുമ്പ് വിമർശനം സൃഷ്ടിയുടെ മുൻഗാമിയോ പിൻഗാമിയോ ആയിരുന്നു; ഇപ്പോഴാകട്ടെ അത് സൃഷ്ടിയുമായി കൈകോർത്തുനടക്കുകയാണ്; അദ്ദേഹത്തിന്റെ ഭാഷയിൽ പറഞ്ഞാൽ വിമർശനം സൃഷ്ടിയുടെ അവസ്ഥയാണ്. സാദൃശ്യാരോപത്താൽ വിമർശനം സൃഷ്ടിയായിത്തീരുന്നതുപോലെതന്നെ സൃഷ്ടി, അതു ചരിത്രപരമാണെന്നതിനാൽ, വിമർശനംകൂടിയാവുന്നു. ഭൂതകാലവുമായി നിരന്തരസമരത്തിലായ ആധുനിക കല തന്നോടുതന്നെയും സംഘർഷത്തിലാണ്. നമ്മുടെ കാലഘട്ടത്തിലെ കല ജീവിക്കുന്നതും മരിക്കുന്നതും ആധുനികത്വത്താലാണ്.

ഭാഷയുടെയും ചരിത്രത്തിന്റെയും പരിപ്രേക്ഷ്യങ്ങൾ രണ്ടുംവച്ചുനോക്കുമ്പോൾ, ബോദ്‌ലേറുടെ ഈ ചിന്ത ഒരു വൈരുദ്ധ്യത്തിലേക്കു നയിക്കുന്നതായിക്കാണാം; നിലനിൽക്കാത്തതെങ്കിലും ആധുനികചിത്രകലയുടെ സാരാംശംതന്നെയാണ് ആ വൈരുദ്ധ്യം. ചിത്രപരമായതിന്റെ വിജയം സാന്നിദ്ധ്യത്തിന്റെ നിർമൂർത്തീകരണത്തിനു തുല്യമാകുന്നു; ആധുനികത്വത്തിന്റെ ജയം അതിന്റെ നാശവുംകൂടിയാകുന്നു; ആദിമനിമിഷം ചരിത്രത്തെ ഇല്ലാതാക്കുന്നില്ല, അതിനു സ്ഥിരത നൽകുന്നതേയുള്ളു; വ്യതിരിക്തതയുടെ സൗന്ദര്യശാസ്ത്രം സ്വയം നിഷേധിക്കുകയും, സർഗാത്മകമായ യാദൃച്ഛികത യാന്ത്രികമായ ആവർത്തനമായി മാറുകയുംചെയ്യുന്നു. ഈ വിരുദ്ധ ദ്വന്ദ്വങ്ങളുടെ സംഘർഷത്തിനിടയിൽപെട്ട ബോദ്‌ലേർ അവയെ അമർത്തിവയ്ക്കാതെ ഒരു ലയത്തിൽ ഒന്നിപ്പിക്കുന്ന ഒരു പദ്ധതി സാദൃശ്യാരോപത്തിൽ തേടുകയാണ്. ഭാവനയുടെ ഏറ്റവും ഉയർന്ന ധർമ്മമാണ് സാദൃശ്യാരോപം; എന്തെന്നാൽ അത് വിശകലനത്തെയും സംശ്ലേഷണത്തെയും, വിവർത്തനത്തെയും സൃഷ്ടിയേയും വിളക്കിച്ചേർക്കുകയാണല്ലോ. അത് ഒരേസമയം യാഥാർഥ്യത്തെക്കുറിച്ചുള്ള ജ്ഞാനവും അതിന്റെ രൂപാന്തരീകരണവുമാണ്. ഒരു വശത്ത്, വ്യത്യസ്ത ചരിത്രഘട്ടങ്ങളെയും നാഗരികതകളെയും ബന്ധിപ്പിക്കുന്ന കമാനമാണത്, മറുവശത്ത് വ്യത്യസ്ത ഭാഷകൾക്കിടയിലെ (കവിത, സംഗീതം, ചിത്രകല) പാലവുമാണത്. ആദ്യത്തെ കാര്യത്തിൽ, അത് ‘നിത്യം’ അല്ലെങ്കിലും എല്ലാ കാലങ്ങളെയും എല്ലാ സ്ഥലങ്ങളെയും ഒരു ബിംബത്തിൽ അനുസന്ധാനം ചെയ്യുന്നതാണ്. നിരന്തരപരിണാമിയും സ്വയം ദീർഘിപ്പിക്കുകയും വ്യാപിപ്പിക്കുകയും ചെയ്യുന്നതുമാണ് ആ ബിംബം. രണ്ടാമത്തെ കാര്യത്തിൽ, അത് ആശയവിനിമയത്തെ സൃഷ്ടിയാക്കി മാറ്റുന്നു: ചിത്രകലയുടെ നിശബ്ദഭാഷ സംഗീതത്തിന്റെ ചിത്രഭാഷയായി മാറുന്നു, കവിതയുടെ ധ്വന്യാത്മക ഭാഷയായി മാറുന്നു.

ഈ വീക്ഷണത്തിന് സാദ്യശ്യാരോപത്തെക്കുറിച്ചുള്ള പഴയ സങ്കൽപത്തിൽനിന്നുള്ള വ്യത്യാസം ഇതാണ്: മദ്ധ്യകാലഘട്ടത്തിലെ കലാകാരന് സർവർക്കും അഭിഗമ്യവും വേദപുസ്തകം എന്ന ഏകസംഹിതയാൽ നിയമിതവുമായ ഒരു ചിഹ്നപ്രപഞ്ചം സ്വന്തമായുണ്ടായിരുന്നു; എന്നാൽ ആധുനിക കലാകാരനുള്ളത് ബഹുവിധമായ ചിഹ്നങ്ങളുള്ള ഒരു ഭണ്ഡാരമാണ്; വേദഗ്രന്ഥത്തിനു പകരം അയാൾക്കു മുന്നിലുള്ളത് പരസ്പരം ഖണ്ഡിക്കുന്ന ഗ്രന്ഥങ്ങളുടെയും പാരമ്പര്യങ്ങളുടെയും ബാഹുല്യവുമാണ്. അങ്ങനെ ആധുനികന്റെ സാദൃശ്യാരോപം ചെന്നുചേരുന്നത് അർഥത്തിന്റെ നാശത്തിലേക്കാണ്. സാദ്യശ്യാരോപത്തിൽ അധിഷ്ഠിതമായ വിവർത്തനം വൃത്താകാരത്തിൽ തിരിയുന്ന ഒരു രൂപകമാണ്; അതു മറ്റൊരു രൂപകത്തിനു കാരണമാകുന്നു, അതു മറ്റൊന്നിനെ ജനിപ്പിക്കുന്നു, അങ്ങനെയങ്ങനെ... ഈ രൂപകങ്ങൾക്കെല്ലാംകൂടി പറയാനുള്ളതെന്താണ്? ചിത്രകല പറഞ്ഞതു മാത്രമേയുള്ളു. ഫലത്തിൽ അർഥം ഇല്ലാതെയാകുന്ന വിധത്തിൽ സാന്നിദ്ധ്യം ആവൃതമാണ്.

സാദ്യശ്യാരോപം എന്നതിന്റെ ആത്യന്തികമായ അർഥം എന്തെന്ന് തന്‍റെ പല കവിതകളും വിമർശനചിന്തകളും വഴി ബോദ്‌ലേർ അർഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമാക്കുന്നുണ്ട്

വാഗ്നറുടെ സംഗീതത്തെക്കുറിച്ചു ചർച്ച ചെയ്യുന്ന വേളയിൽ അദ്ദേഹം അതു പ്രത്യേകിച്ചും സ്പഷ്ടമാക്കുന്നു. സാദൃശ്യാരോപത്തെക്കുറിച്ചുള്ള ഒരു വിചിന്തനം എന്നതിനെക്കാളുപരി, ‘സാന്നിദ്ധ്യത്തിൻറ നിർമൂർത്തീകരണം’ എന്നല്ലാതെ വിളിക്കാൻ കഴിയാത്ത അനന്യമായ ഒരനുഭവത്തിൻറ വിവരണം എന്നേ അതിനെക്കുറിച്ചു പറയാനാവു. ‘ലൊഹെൻഗ്രീനിനുള്ള ഒവെർചർ’ കേട്ട അനുഭവം അദ്ദേഹം എഴുതുകയാണ്: ‘ഗുരുത്വാകർഷണത്തിന്റെ വിലങ്ങുകളിൽ നിന്നു ഞാന്‍ മുക്തനായി; ആ സംഗീതത്തിന്റെ താരാട്ടിൽ വിപുലചക്രവാളമാർന്നതും വിപുലവും ഭാസുരവുമായ പ്രകാശം നിറഞ്ഞതുമായ ഒരു വൈപുല്യം. തുടർന്ന് എനിക്ക് അതിലും ജീവസ്സുറ്റ ഒരു സ്വച്ഛതയുടെ അനുഭവമുണ്ടായി. പ്രകാശത്തിൻറെ തീവ്രത അതിവേഗം വർധമാനമായി. ഊഷ്മളവികാരത്തിന്റെയും വെൺമയുടെയും ആ അതിസമ്യദ്ധിയെ വിവരിക്കാൻ നിഘണ്ടുവിലെ വാക്കുകൾ അസമർഥമത്രെ. പിന്നെ ഞാൻ ഭാസുരമായൊരന്തരീക്ഷത്തിലൂടെ സഞ്ചരിക്കുന്ന ഒരാത്മാവിനെ, വിഷയാസക്തിയും ജ്ഞാനവും ചേരുന്ന ഒരു ഹർഷോൻമാദത്തെ മനസ്സിൽ കണ്ടു...’ ഉന്നതിയുടെയും വിഷയാസക്തിയുടെയും അനുഭവങ്ങൾ ശരീരനഷ്ടം, നിറങ്ങളുടെ ത്യജനമായ വെളുപ്പുനിറം എന്നിവയുടെ അനുഭവവുമായി ഗാഢമായി ബന്ധപ്പെട്ടുകിടക്കുന്നു. സ്വയം ശൂന്യമായ അയാളുടെ സത്ത, അതിനാൽ നിർഭരമായ ഒരു വൈപുല്യത്തിൽ കുടികൊള്ളുന്നു. കാലത്തെക്കുറിച്ചുള്ള സങ്കൽപം ‘ചിന്ത്യമായതിൽവച്ചേറ്റവും വിദൂരമായ സീമകളിലേക്കു’ വ്യാപിക്കുന്ന സ്ഥലത്തെക്കുറിച്ചുള്ള സങ്കൽപമായി മാറിപ്പോകുന്നു: ഒരു സീമാവസ്ഥയിലെത്തിയ അനുഭവം: സ്ഥലരാശി വ്യാപിച്ചുവ്യാപിച്ച് അതു ഫലത്തിൽ അദൃശ്യവും അചിന്ത്യവുമായി മാറുന്നു. സ്ഥലമല്ലായ്മ, കാലമല്ലായ്മ, അറിവിന്റെ ആനന്ദമൂർഛ എന്നു പറയുന്നത് ഈ ഉച്ഛേദത്തിനാണ്: സ്ഥലമെന്ന പ്ലവത്തിൽ ആമഗ്നനായ കവി തന്റെ സ്വത്വത്തിൽനിന്നു വേർപെടുകയും ശൂന്യമായ വ്യാപ്തിയിൽ ഒന്നുചേരുകയും ചെയ്യുന്നു. വിമർശനാത്മകമായ കല ചെന്നുകലാശിയിക്കുന്നത് ഒരു അന്തിമനിഷേധത്തിലാണ്. ബോദ്‌ലേർ മനനം ചെയ്യുന്നത്, അക്ഷരാർഥത്തിൽത്തന്നെ, ഇല്ലായ്മയെയാണ്. അല്ലെങ്കിൽ ഇങ്ങനെ പറയാം: ഇല്ലായ്മയുടെ ഒരു രൂപകത്തെയാണ് അദ്ദേഹം മനനം ചെയ്യുന്നത്. ഒരു സുതാര്യത - അത് ഒന്നും മറച്ചുവയ്ക്കുന്നില്ല, ഒന്നിനേയും പ്രതിഫലിപ്പിക്കുന്നുമില്ല, ചോദ്യം ചോദിക്കുന്ന മുഖത്തെപ്പോലും. സാദൃശ്യാരോപത്തിന്റെ സൗന്ദര്യശാസ്ത്രം സാന്നിദ്ധ്യനാശത്തിന്റെ സൗന്ദര്യശാസ്ത്രം തന്നെയാണ്.

ബോദ്‌ലേറുടെ ചിന്ത, ഇംപ്രഷനിസം മുതൽ ഏറ്റവും പുതിയതുവരെ നമ്മുടെ കാലഘട്ടത്തിലുണ്ടായ മിക്ക കലാപ്രസ്ഥാനങ്ങൾക്കും വിമർശനാത്മകവും സൗന്ദര്യശാസ്ത്രപരവുമായ ഒരു മന:സാക്ഷി നൽകുകയാണു ചെയ്തത്. ചിത്രകലയെ സ്വതന്ത്രവും സ്വയംപര്യാപ്തവുമായ ഒരു ഭാഷയായി കാണുക എന്ന ആശയം നമ്മുടെ കാലഘട്ടത്തിലെ ഭൂരിപക്ഷം കലാകാരൻമാരും അംഗീകരിച്ച ഒന്നാണ്; അമൂർത്തചിത്രകലയ്ക്ക് അടിസ്ഥാനമായതും ഈ ആശയമാണ്. ആധുനികത്വം (ഒരേ സമയം വിവാദാത്മകവും മാന്ത്രികവുമാണ് ആ പദം), അതിന്റെ പിൻഗാമികളായ നവീനം, അവാങ്ഗാർദ് (ഈ പദത്തോടു തനിക്കുള്ള അവജ്ഞയെ ബോദ്‌ലേർ മറച്ചുവച്ചില്ലെങ്കിലും) എന്നിവയെക്കുറിച്ച് അൽപംകൂടി പറയേണ്ടതുണ്ട്. ആധുനികകലയുടെ ഒരു മുഖമുദ്രയാണല്ലോ, നവോത്ഥാനകാലത്തിൽ നിന്നും യവന-റോമാ പാരമ്പര്യത്തിൽനിന്നും അകന്നകന്നുപോകുന്ന പ്രകാരങ്ങളും ശൈലികളും ഉപയോഗപ്പെടുത്തുക എന്നത് ; കാപ്പിരിക്കല മുതൽ പ്രാഗ്-കൊളമ്പിയൻ കല വരെയുള്ളവ, കുട്ടികളുടെ ചിത്രകല മുതൽ മനോരോഗികളുടെ ചിത്രകല വരെയുള്ളവ, സൗന്ദര്യത്തെക്കുറിച്ചുള്ള ആശയങ്ങളുടെ ബഹുത്വം. അനിച്ഛാപൂർവകതയ്ക്കു നൽകിയ പ്രാമുഖ്യം, സ്വപ്നജാഗ്രദവസ്ഥകൾ തമ്മിലുള്ള സമ്പർക്കം, കാലത്തിൻറ ആദിനിമിഷത്തിൽ നഷ്ടമായിപ്പോയ ഒരു വാക്കിനെ ചൊല്ലിയുള്ള വിഷാദസ്മരണ, ബാല്യത്തെ കൊണ്ടാടൽ - ഇവയൊക്കെയും ഇംപ്രഷനിസം, സറിയലിസം, അബ്സ്ട്രാക്റ്റ് എക്സപ്രഷനിസം എന്നിവയിൽ ആവർത്തിച്ചുവരുന്ന വിഷയങ്ങളാണ്. സൗന്ദര്യത്തെ പ്രത്യേകമോ സവിശേഷമോ വിലക്ഷണമോ ആക്കി ലഘൂകരിക്കുക - എക്സ്പ്രഷനിസം. സാദ്യശ്യാരോപത്തിന്റെ സർഗാത്മകധർമം, വിസ്മയിപ്പിക്കലിന്റെ സൗന്ദര്യശാസ്ത്രം - അപ്പോളിനെയർ, ബ്രെട്ടൺ.

ഒരർഥത്തിൽ ബോദ്‌ലേറുടെ സാഫല്യമാണ് ആധുനികകല എന്നു വേണമെങ്കിൽ പറയാം. അത് അദ്ദേഹത്തെ നിഷേധിച്ചു എന്നു പറഞ്ഞാലും ശരിതന്നെയാണ്. ഈ രണ്ടു പ്രസ്താവങ്ങളും അന്യോന്യവിരുദ്ധങ്ങളല്ല, പൂരകങ്ങളത്രേ: 1967ലെ സ്ഥിതിവിശേഷം 1860ലെ സ്ഥിതിവിശേഷത്തിന്റെ പരിണതിയാണെന്നതുപോലെ തന്നെ അതിന്റെ നിഷേധവുംകൂടിയാണ്. ഇക്കഴിഞ്ഞ ദശകങ്ങളിൽ മാറ്റങ്ങളുടെ ഗതിവേഗം മാററത്തിന്റെ നിഷേധത്തിനു തുല്യമാകുന്ന രീതിയിലായിരുന്നു: ചലനമില്ലായ്മ, ആവർത്തനം. രചനകളുടെ വർധമാനമായ ഉൽപാദനത്തിന്റെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിക്കുന്നത്: അസാധാരണമെന്നും അന്യാദൃശമെന്നുമൊക്കെയാണ് അവയുടെ നാട്യമെങ്കിലും മിക്കതും പരിശ്രമശാലിയായ അനുകരണശേഷിയുടെ സന്താനങ്ങളാണ്, അല്ലാതെ ഭാവനയുടെയല്ല. ഇതിനുപുറമെ നാനാജാതി വസ്തുക്കളുടെ ഒരു പെരുംകൂനയുടെ പ്രതീതിയും അതു ജനിപ്പിക്കുന്നു: ഉച്ഛിഷ്ടങ്ങളുടെ കൂമ്പാരം. മാഴ്സൽ ദൂഷാം തന്നോടുതന്നെ ചോദിക്കുകയാണ്, ‘പെയിൻറിങ്ങുകളുടെ ഒരു സമുദ്രത്തിൽ മുങ്ങിപ്പോയിരിക്കുകയാണ് നാം... അവയെ ഉൾക്കൊള്ളാൻ പോന്ന കലവറകളും നിലവറകളും എവിടെ?’ ആധുനികത്വം ചെന്നുനിൽക്കുന്നത് സ്വയംനിഷേധത്തിലാണ്: 1967ലെ മുൻനിരക്കാർ 1917ലെ മുൻനിരക്കാരുടെ നേട്ടങ്ങളും ഭാവങ്ങളും ആവർത്തിക്കുന്നു. ആധുനികകല എന്ന ആശയത്തിന്റെ അന്ത്യമാണ് നമ്മുടെ ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. അതിനാൽ കലാകാരൻമാരും വിമർശകരും ഒന്നാമതായി ചെയ്യേണ്ട കാര്യം ഇതാണ് - ‘പാരമ്പര്യം’ എന്ന സങ്കൽപത്തിന്റെ മേൽ ബോദ്‌ലേർ പ്രയോഗിച്ച അതേ കർക്കശവിമർശനം ‘ആധുനികത’ എന്ന സങ്കൽപത്തിന്റെ മേലും പ്രയോഗിക്കുക.

രചനകളുടെ ഉൽപാദനം, വിതരണം, മൂല്യനിർണയനം ഇവയിൽവന്ന ചില മാറ്റങ്ങൾക്കു സമകാലികമായിട്ടാണ് ആധുനികത്വത്തിന്റെ സൗന്ദര്യശാസ്ത്രം രൂപപ്പെട്ടത്. ചിത്രകലയുടെ സ്വാശ്രയത്വം - മറ്റു കലകളിൽനിന്നുള്ള അതിന്റെ വേർപിരിയലും സ്വയംപര്യാപ്തമായ ഒരു ഭാഷയാണ് അതെന്നുള്ള നിലയും - മ്യൂസിയം, കമേഴ്സ്യൽ ഗാലറി, പ്രൊഫഷണൽ വിമർശകൻ, ചിത്രശേഖരണതൽപരനായ വ്യക്തി ഇവയുടെ ജൻമത്തോടു സമാന്തരമാണ്. നവോത്ഥാനകാലത്ത്  ആരംഭിച്ചതും മുതലാളിത്തത്തിന്റെയും സ്വതന്ത്രകമ്പോളത്തിന്റെയും വളർച്ചയ്ക്കൊപ്പം വളർന്നതുമായ ഒരു പ്രസ്ഥാനമാണത്. നവോത്ഥാനകാലത്തെയും ബറോക്ക് കാലത്തെയും പണിപ്പുരകളിൽ നിന്ന് നമ്മുടെകാലത്തെ വ്യക്തിയായ ഉൽപാദകനിൽ എത്തിനിൽക്കുന്ന കലകളുടെ ഉൽപാദനരീതിയുടെ പരിണാമത്തെക്കുറിച്ച് ഏറെ പറയാനുണ്ട്. പക്ഷേ എനിക്ക് എടുത്തുകാണിക്കാനുള്ളത് ഒരു ഇരട്ടപ്രതിഭാസമാണ്: ഒരു വശത്ത് ചിത്രങ്ങൾ പൊതുവായ വിശ്വാസങ്ങളുടെയും അർഥങ്ങളുടെയും വ്യവസ്ഥയിൽ പെടുന്നതല്ലാതാവുകയും വ്യക്തികൾ കൂടിയായ ഉപഭോക്താക്കളെ തൃപ്തിപ്പെടുത്താനായി കൂടുതൽക്കൂടുതൽ വ്യക്തി നിഷ്ഠമാവുകയും ചെയ്തു. മറുവശത്ത്, ദേവാലയമോ കൊട്ടാരമോ പോലെയുള്ള ആ പഴയ സംഘസ്ഥലത്തുനിന്നു പറിച്ചെടുക്കപ്പെട്ട ചിത്രങ്ങൾ തങ്ങൾക്കായി സ്വന്തമായ ഒരു സ്ഥലം സ്വരൂപിക്കുകയുംചെയ്തു. ഭൗതികമെന്നപോലെ ആത്മീയവും സാമൂഹികവുമായ അർഥത്തിലും ചിത്രങ്ങൾ ജംഗമവസ്തുക്കളായി. ഈ പരിതഃസ്ഥിതി കമ്പോളത്തിലേക്കുള്ള അവയുടെ പ്രവേശനത്തെ സഹായിച്ചു.

ചിത്രത്തിന്റെ ദ്വന്ദ്വസ്വഭാവം: അതു കലയാണ്, തനിമയുള്ള ഒരു വസ്തുവാണ്; അതു കച്ചവടച്ചരക്കാണ്, നമ്മുടെ ഇഷ്ടം‌പോലെ എടുത്തുമാറ്റാവുന്നതും ഈ ഭിത്തിയിലോ ആ ഭിത്തിയിലോ തൂക്കിയിടാവുന്നതുമായ ഒരു സാധനം. സാധനങ്ങളെ ആരാധിക്കുകയും പണമിടപാടിനെ സമ്പർക്കത്തിന്റെ പരമോൽകൃഷ്ടരൂപമാക്കി മാറ്റുകയുംചെയ്ത ഒരു സമൂഹം മ്യൂസിയങ്ങൾ പണിയുന്നതിലും അനവധി സ്വകാര്യകലാശേഖരങ്ങൾ ഉണ്ടാക്കുന്നതിലും അസ്വാഭാവികമായി യാതൊന്നുമില്ലല്ലോ: ബാങ്കുകളുടെയും കടകളുടെയും സ്ഥാനമേ അവയ്ക്കുള്ളു സാധനപൂജ വിഗ്രഹപൂജയിൽനിന്നു വ്യത്യസ്തമാണ്: ആദ്യത്തേത്, തന്റെ കൈവശത്തിലുള്ള ഒരു വസ്തുവിൻറെ അടിമയായിപ്പോയ ഉടമയ്ക്ക് അതിനോടു തോന്നുന്ന വികാരാധിക്യമാണ്; ആ വസ്തുവിന്റെ ഉദ്ദേശ്യവുമായി യാതൊരു ബന്ധവും ഈ വികാരത്തിനില്ല. രണ്ടാമത്തേത്, ഒരു വിഗ്രഹം പ്രതിനിധാനം ചെയ്യുന്നതെന്തോ അതിനോടുള്ള മതവികാരമാണ്. കലാസൃഷ്ടികൾ തനിമയുള്ളവയാണ്, അതേസമയം വച്ചു മാറാവുന്നവയുമാണ്: അവയെ വിൽക്കാമല്ലോ, എന്നാൽ തനിമയുള്ളവയല്ല, വച്ചുമാറാവുന്നവയുമല്ല: ഒരു വിഗ്രഹത്തിന്റെ സ്ഥാനത്ത്  മറ്റൊന്നു പ്രതിഷ്ഠിക്കണമെങ്കിൽ അതിന്റേതായ അനുഷ്ഠാനകർമംവഴി മാത്രമേ കഴിയൂ. നമ്മുടെ സമൂഹം ചിത്രകാരനെയും അയാളുടെ രചനകളെയും കൊണ്ടാടുന്നത് അവയെ കൈമാറ്റവസ്തുക്കളായി മാറ്റാനുള്ള ഒരുപാധിയെന്ന നിലയ്ക്കാണ്.

ആധുനികതത്വത്തിന്റെ സൗന്ദര്യശാസ്ത്രത്തെ വിമർശിക്കുമ്പോൾ കമ്പോളത്തെയും രചനയുടെ മാന്ത്രികകമ്പോളസ്വഭാവത്തെയുംകൂടി വിമർശിക്കേണ്ടിവരുന്നു. ഈ സ്ഥിതിവിശേഷത്തിനെതിരെ കലാകാരന്മാർ പലപ്പോഴും കലാപമുണ്ടാക്കിയിട്ടുള്ളതാണ്. ദാദായിസം ‘രചന’ എന്ന ആശയത്തെ ഇകഴ്ത്തുകയും കലയെ കൾട്ടാക്കുന്നതിലെ തമാശ തുറന്നുകാണിക്കുകയും ചെയ്തു; സറിയലിസം ബിംബത്തിനു പുനപ്രതിഷ്ഠ നൽകുകയും ചിത്രപരമായ വശത്തിന്റെ വിലയിടിക്കുകയും ചെയ്തു. ഇങ്ങനെയായിട്ടും, ദുഷാമിന്റെ ‘റഡിമെയ്ഡുകളും’ ഏൺസ്റ്റിന്റെയും മിരോയുടെയും

ദർശനങ്ങളും മ്യൂസിയങ്ങളിൽ ഇടംപിടിച്ചിരിക്കുന്നു. അടുത്ത കാലത്തായി, വ്യത്യസ്തമായ ഒരു വീക്ഷണകേന്ദ്രത്തിൽ നിന്നുകൊണ്ട്, മറ്റു യുവകലാകാരൻമാർ കമ്പോളത്തിന്റെ തടവിൽനിന്നു രക്ഷപ്പെടാൻ പൊരുതുന്നുണ്ട്. ഇവരിൽ നിന്നു ഞാൻ എടുത്തു പറയുന്നത് ‘ഗ്രൂപ്പ് ഡി റിചെർച്ഡ് ആർട് വിഷ്വൽ’ എന്ന പ്രസ്ഥാനത്തെയാണ്. ഈ കലാകാരൻമാർ, കാളപ്പോരുകമ്പക്കാർ പറയുന്നപോലെ, കുതിച്ചുവരുന്ന കാളയുടെ വഴിയിൽ നിൽക്കാൻ ധൈര്യംകാണിച്ചിരിക്കുന്നു. അതായത് അവർ വ്യവസ്ഥിതിയേയും അതിന്റെ തത്വങ്ങളെയും ആക്രമിക്കുന്നു. ഒന്നാമതായി അവർ കൂട്ടായി വേലചെയ്യുന്ന രീതി വീണ്ടെടുത്തിരിക്കുന്നു. നൂറുകണക്കിനു ചിത്രകാരൻമാർ, അസാദ്ധ്യവും, ആത്യന്തികമായി നോക്കിയാൽ അന്തസ്സാരശൂന്യമായ മൗലികതയെത്തേടി നടക്കുന്ന കാഴ്ച തന്റെ ജീവിതകാലത്തു കണ്ട ബോദ്‌ലേർ ചൂണ്ടിക്കാണിക്കുകയുണ്ടായി, ഇവരൊക്കെ ലബ്ധപ്രതിഷ്ഠനായ ഒരു ചിത്രകാരൻറ സ്റ്റുഡിയോയിൽ മാനമായി ജോലിയെടുത്തിരുന്നുവെങ്കിൽ എത്ര നന്നായേനെ എന്ന്. ചിത്രകലയ്ക്കുതന്നെ അതുകൊണ്ട് നേട്ടമുണ്ടായേനെ: ‘വിപുലമായ ഉൽപാദനം ആയിരം കൈകളുള്ള ഒരു ചിന്തപോലെയേയുള്ളു’. ‘ഗ്രൂപ്പ്’, ലബോറട്ടറിയുടെ സ്ഥാനത്ത് സ്റ്റുഡിയോയും ഗവേഷണത്തിന്റെ സ്ഥാനത്ത് കൈത്തൊഴിൽകാരന്റെ ഉൽപാദനവും വയ്ക്കുന്നു; അതിൻറ പ്രവർത്തനങ്ങളുടെ കേന്ദ്രബിന്ദുവായി ബോദ്ലേയർ പറയുന്ന ആ ചിന്തയെ പ്രതിഷ്ഠിക്കുന്നു; (ഭാവനാശേഷിയുടെ മറ്റൊരു പേരാണത്) ഈ തൊഴിലിനോടു ബന്ധപ്പെട്ട ഒരു അന്ധവിശ്വാസത്തിന് അന്ത്യം: ‘കഴിവു മാത്രമുള്ളവൻ മന്ദബുദ്ധിയാണ്’. ഓരോ രചനയുടെയും ഒന്നിലധികം മാതൃകകൾ എടുക്കുക വഴി അനന്യമായ കലാവസ്തു എന്ന മതഭ്രാന്തിനും അവസാനം. ഈ ഓരോ വസ്തുവും തന്നെ മനനം ചെയ്യാനും മാറ്റിത്തീർക്കാനും നമ്മെ ക്ഷണിക്കുന്നു. ദ്രഷ്ടാവ് എന്ന ആശയത്തിനും അവസാനം. പകരമുള്ളത് സൃഷ്ടിപരമായ പരസ്പരപ്രവർത്തനമാണ്. ഭാഗഭാക്കുകളാവുന്നവരിൽ നിന്ന് യോജിച്ചുള്ള പ്രതികരണം ഉളവാക്കുന്ന സ്ഥിതിവിശേഷങ്ങളാണ് ‘ഗ്രൂപ്പ്’ വിഭാവനചെയ്യുന്നത്.

രചന ജീവിതത്തിൽ വിലയംകൊള്ളുന്നു; പക്ഷേ ജീവിതം പരിഹൃതമാകുന്നത് ഫിയെസ്റ്റ (മേള, പെരുന്നാൾ)യിലാണ്. ഈ വാക്ക് ആധുനികത്വത്തിന്റെ ഒരു മിത്തിനെ ഓർമയിൽ കൊണ്ടുവരുന്നു. ബോദ്‌ലേറുടെ കിരാതൻ, ബ്രെട്ടന്റെ ‘അകലത്തുള്ള മനുഷ്യൻ’. ഒരു വ്യത്യാസമേയുള്ളു: ഇപ്പോൾ അത് ആദിമമനുഷ്യന്റെ കലയിലേക്കുള്ള തിരിച്ചുപോക്കോ അവരുടെ വിശ്വാസങ്ങളുടെ പുനരുജ്ജീവനമോ അല്ല, മറിച്ച് (നമ്മുടെ യന്ത്രങ്ങൾ സഹായിക്ക കാരണം) കാലത്തെ നശിപ്പിക്കാനും അതിനെ സാക്ഷാൽക്കരിക്കാനുമുള്ള കൂട്ടായ വഴിതേടലാണ്. ലെ പാർക് പറയുകയുണ്ടായി, ഒരു ചിത്രത്തിന് ഒരു നോട്ടത്തിന്റെ ആയുസ്സേയുള്ളു എന്ന്. ശരിയാണത്, ആ നോട്ടം രചനയുടെമേൽ പതിക്കുന്ന ബുദ്ധിയുടെ ചിഹ്നമാണെങ്കിൽ.... ‘ഗ്രൂപ്പി’ൻറ രചനകൾ ഒടുവിൽ മ്യൂസിയങ്ങളിൽ ചെന്നുചേരുമോ എന്ന് എനിക്കറിയില്ല. അതെന്തുമാകട്ടെ, ഈ യുവകലാകാരൻമാരുടെ ശ്രമങ്ങളെ ഞാൻ പരാമർശിച്ചത്, ആധുനികത്വം എന്ന ആശയത്തിൻറ അന്ത്യം കുറിക്കുന്ന ഒരു ലക്ഷണമായി ഞാൻ അവരുടെ പരിപാടിയെ കാണുന്നു എന്നതുകൊണ്ടാണ്. ബോദ്‌ലേറും പിൻഗാമികളായ ഇംപ്രഷനിസ്റ്റുകൾ മുതൽ അമൂർത്തചിത്രകാരൻമാർവരെയുള്ളവരും രൂപംകൊടുത്ത ആധുനികത്വം എന്ന ആശയത്തിന്റെ അന്ത്യം. ‘കലാവസ്തു’വിന്റെയും കല എന്നാൽ വസ്തുക്കളുടെ വെറും ഉൽപാദനമാണ് എന്ന ആശയത്തിന്റെയും അന്ത്യത്തിന് സാക്ഷികളാണ് നാം എന്ന് എനിക്കു തീർച്ചയാണ്. പദാർഥം എന്ന ആശയം അപ്രത്യക്ഷമാകുന്നത് സമകാലിക തത്വശാസ്ത്രത്തിലും ഊർജതന്ത്രത്തിലും മാത്രമല്ല, സാമ്പത്തികശാസ്ത്രത്തിന്റെ മണ്ഡലത്തിലും കാര്യം അങ്ങനെയാണ്. ഒരു വസ്തുവിനു വിലവയ്ക്കുവാൻ ഇപ്പോൾ അധികമധികം കണക്കിലെടുത്തുവരുന്നത് അതിന്റെ ഉപയുക്തതയാണ്, ഈടുനിൽപല്ല. അവസാനമായി ഒന്നുകൂടി പറഞ്ഞുകൊള്ളട്ടെ. ഫിയെസ്റ്റയെക്കുറിച്ചുള്ള എന്റെ സങ്കല്പം ഈ യുവകലാകാരൻമാരുടേതിൽ നിന്നു വ്യത്യസ്തമാണ്. ഞാൻ സ്വപ്നം കാണുന്ന ഫിയെസ്റ്റ ഒരുദ്ദേശ്യത്തിന്റെ ഭാഗഭാഗിത്വവും സാക്ഷാൽക്കാരവും മാത്രമല്ല, ആദിമമനുഷ്യരുടെ ഫിയസ്റ്റയിൽനിന്നും വിഭിന്നമായി, അതിന് ഒരുദ്ദേശ്യം തന്നെയുണ്ടാവില്ല. ഒരു വാർഷികത്തിന്റെ ഓർമപുതുക്കലല്ല, പൊയ്പോയൊരു കാലത്തിലേക്കുള്ള തിരിച്ചുപോക്കുമല്ല; അത് - ഭാഷയെ ഇങ്ങനെ പ്രയോഗിക്കാതെ തരമില്ല - കാലത്തെ ഇല്ലായ്മ ചെയ്യലാണ് ; വിസ്മൃതി ജനിപ്പിക്കലാണ്.

ഫിയെസ്റ്റയുടെ പുനരുജ്ജീവനം സമകാലീനകലയുടെ അനാവരണങ്ങളിൽ ഒന്നാണ്; സംഗീത, സാഹിത്യകലകളിലെന്ന പോലെ ദൃശ്യകലയുടെ മണ്ഡലത്തിലും കലാവസ്തു കാലപ്രവാഹത്തിൽ വിലയം പ്രാപിക്കുന്നു; ചരിത്രപരമായ കാലം അടഞ്ഞ ഒരു സ്ഥലത്ത് സ്ഫുടരൂപം പ്രാപിക്കുന്നു. ‘ഫിയെസ്റ്റ’ ഒരു ക്ഷണനേരത്തേക്ക് സാന്നിദ്ധ്യവും ചിത്രീകരണവും തമ്മിലും കാലാതീതവും ചിത്രപരവും തമ്മിലും ചിഹ് നവും ചിഹ്നിതവസ്തുവും തമ്മിലുമുള്ള വൈരുദ്ധ്യത്തെ അമർത്തിവയ്ക്കുന്നു. അത് ഒരു അവതരണമാണ്, അതേസമയം ഒരു പൂർത്തീകരണവുമാണ്: ഒരു തിരുവത്താഴത്തിൽ പങ്കുകൊള്ളുന്നവർക്കു ഭോജനമാകാനായി സാന്നിദ്ധ്യം രൂപമെടുക്കുന്നു. അങ്ങനെ ഒരറ്റത്ത് നിത്യവും ക്ഷണികവും തമ്മിലുള്ള സംഘർഷം പരിഹൃതമാവുകയാണ്. പക്ഷേ ‘ഫിയെസ്റ്റ’യുടെ ചാരത്തിൽ നിന്ന് ചിത്രപരവും ചിത്രാതീതവും തമ്മിലുള്ള ഭിന്നത ഉയർത്തെഴുന്നേൽക്കുകയും ചെയ്യുന്നു. മറ്റൊരു വഴിയില്ലേ? പൂരകവൈരുദ്ധ്യത്തിന്റെ, അല്ലെങ്കിൽ സാദൃശ്യാരോപത്തിന്റെ തത്വത്താൽ നിർദിഷ്ടമായ ഒരു പരികൽപന ഞാൻ സന്ദേഹത്തോടെ മുന്നോട്ടുവയ്ക്കുകയാണ്: ഫിയെസ്റ്റയുടെ വിരുദ്ധധ്രുവം ആലോചനയത്രേ. ആദ്യത്തത് നമ്മുടെ ആൾക്കൂട്ടസമൂഹത്തിലെ ഒരു കുറവിനെ നികത്തുന്നുവങ്കിൽ, രണ്ടാമത്തേത് ഏകാകികളുടേതായ നമ്മുടെ സമൂഹത്തിലെ മറ്റൊരു കുറവിനെ പരിഹരിക്കുന്നതുമാണ്. ആലോചന എന്ന കർമം വിഷയങ്ങളെ സൃഷ്ടിക്കുന്നു; അത് പക്ഷേ അവയെ കാണുന്നത് വസ്തുക്കളെന്ന നിലയ്ക്കല്ല, ചിഹ്നങ്ങൾ എന്ന നിലയ്ക്കാണ്: സാന്നിദ്ധ്യമോ അസാന്നിദ്ധ്യമോ ആയ മറ്റൊരു യാഥാർഥ്യത്തിന്റെ കണ്ടുപിടുത്തത്തിലേക്ക്  നമ്മെ നയിക്കുന്ന ദിശാസൂചകങ്ങൾ. ‘കണ്ടുപിടുത്തത്തിലേക്ക്’ എന്നു ഞാനെഴുതിയത്, നമ്മുടേതുപോലുള്ള ഒരു സമൂഹത്തിൽ കല നമുക്ക് അർഥങ്ങളോ ചിത്രീകരണങ്ങളോ നൽകുന്നില്ല എന്നതുകൊണ്ടാണ്. അർഥത്തെ തേടുന്ന കലയാണത്. അർഥങ്ങൾ ഇല്ലാതാവുന്ന ഒരു സാന്നിദ്ധ്യത്തെയോ അസാന്നിദ്ധ്യത്തെയോ അന്വേഷിക്കുന്ന കല. ഈ ആലോചനാപരമായ കല രചനാസാകല്യം എന്ന സങ്കൽപത്തെ വീണ്ടെടുക്കും. ഒരു വ്യത്യാസം മാത്രം: അതിനെ ഒരു വിഷയം, ഒരു വസ്തു, എന്ന നിലയിൽ കാണുന്നതിനു പകരം അതിന്റെ യഥാർഥധർമം തിരിച്ചുകൊടുക്കുകയാവും അതു ചെയ്യുക, കല ഒരിക്കലും പൂർണമായി നാമകരണം ചെയ്യാതെ പരാമർശിക്കുകമാത്രം ചെയ്യുന്ന ആ സാന്നിദ്ധ്യവും ദ്രഷ്ടാവും തമ്മിൽ ഒരു പാലം.

ആധുനികത ഒരു നൂറ്റാണ്ടിലധികം പിന്നിട്ടുകഴിഞ്ഞപ്പോൾ നമ്മുടെ സ്ഥിതി ആർതർ വാലി മനോഹരമായി വിവർത്തനം ചെയ്ത കാൻറൺ എന്ന ആ നോ നാടകത്തിലെ കഥാപാത്രത്തെപ്പോലെയാണ്: ഒരു യുവസഞ്ചാരി ഒരു സത്രത്തിൽ താമസിക്കാൻ ഇടം കണ്ടെത്തുന്നു; യാത്രാക്ഷീണം കൊണ്ട് അയാൾ ഒരു പായയിൽ നടുചായ്ചുകിടക്കുന്നു. സത്രക്കാരൻ അയാൾക്കായി ഒരു പിടി അരി പാകപ്പെടുത്തുന്ന സമയം അയാൾ ഒരു സ്വപ്നം കാണുന്നു: ചീനയിലെ സിംഹാസനത്തിൽ ആരൂഢനായ താൻ അമ്പതുകൊല്ലം ഒരമർത്യനെപ്പോലെയെന്നവണ്ണം മഹിമാവോടെ ജീവിക്കുന്നു: അരി വേവാനും അയാളുടെ ഉറക്കം തീരാനുമെടുത്ത ആ നേരത്തേക്ക്. ആ ബൗദ്ധസഞ്ചാരിയെപ്പോലെ നമുക്കും സ്വയം ചോദിക്കാം: എന്തെങ്കിലും മാറിയിട്ടുണ്ടോ? ഒന്നും മാറിയിട്ടില്ല, എന്തെന്നാൽ ഏതു മാറ്റവും സ്വപ്നരൂപമാണ് എന്നാണ് നമ്മുടെ മറുപടിയെങ്കിൽ, നാം മാറിയിരിക്കുന്നു എന്ന് പരോക്ഷമായി സമ്മതിക്കുകയാവും നാം ചെയ്യുക. ആ സ്വപ്നം കാണുന്നതിനുമുമ്പ് നമുക്ക് അങ്ങനെ മറുപടി പറയാൻ കഴിയുമായിരുന്നില്ലല്ലോ; പക്ഷേ മാറ്റങ്ങൾ മായികമാണ് എന്നറിയണമെങ്കിൽ നാം മാറിയിരിക്കണം. ഇനി, സമ്മതാർഥത്തിലാണ് നമ്മുടെ ഉത്തരമെങ്കിൽ, അപ്പോഴും നാം സ്വയംനിഷേധത്തിൽ ചെന്നുചാടുകയാണ്: എല്ലാ മാററങ്ങളും, നമ്മുടെ സത്തയുൾപ്പെടെ, മിഥ്യയാണ് എന്നു കാണുക തന്നെയാണ് നമ്മുടെ മാറ്റം. ഇരുപതാം നൂറ്റാണ്ടിലെ കലയും വിമർശനവും ഈ ഒരു വൈരുദ്ധ്യത്തിന്റെ തടവുകാരത്രേ. ഒരേയൊരുത്തരം ഒരുപക്ഷേ, ചോദ്യം ചോദിക്കാതിരിക്കുക എന്നതാവാം; എഴുന്നേറ്റ്, സാന്നിദ്ധ്യത്തെ അന്വേഷിച്ച് അലഞ്ഞുനടക്കുക; ഒന്നും സംഭവിച്ചിട്ടില്ല എന്ന ഭാവത്തിലല്ല, എല്ലാം സംഭവിച്ചു എന്ന ഭാവത്തിൽ. ആ ‘എല്ലാ’മാകട്ടെ ‘ഒന്നുമല്ലാത്ത’തിനു തുല്യവുമാണ്.


[ഒക്റ്റേവിയോ പാസിന്റെ On Poets and Others (1987) എന്ന സമാഹാരത്തിൽ നിന്ന്. സമകാലീനകവിതയുടെ 1994 ജനുവരി-മാർച്ച് ലക്കത്തിൽ പ്രസിദ്ധീകരിച്ച പരിഭാഷ.]

41DBBRG6XQL._SX313_BO1,204,203,200_


കുറിപ്പുകൾ

മാർകസ് ഓറേലിയസ് (121-180) - സ്റ്റോയിക് ദാർശനികനായ റോമാ ചക്രവർത്തി.

സ്റ്റോയിക് - സീനോ എന്ന ഗ്രീക്ക് ദാർശനികൻറ അനുയായി. ആത്മനിയന്ത്രണത്തിനു പ്രാധാന്യം.

ഡെലക്രോ - ഫ്രഞ്ച് ചിത്രകാരൻ.

പാഗൻ - അവിശ്വാസി, വിഗ്രഹാരാധകൻ.

അറാബെസ്ക്ക് - വിചിത്രലതാലംകൃതമായ ശിൽപവേല.

കാൻറ് (1724 - 1804) - ജർമൻ ദാർശനികൻ; സത്ത അജ്ഞേയമാണ്, നമുക്ക് അതിനെക്കുറിച്ച് പ്രാതിഭാസികജ്ഞാനമേയുള്ളു.

സൈനസ്തേഷ്യ - ഒന്നിലധികം ഇന്ദ്രിയങ്ങൾ ഒരേസമയം ഉത്തേജിതമാകുന്ന അവസ്ഥ. ഒരു പ്രത്യേകശബ്ദം കേൾക്കുമ്പോൾ ഒരു പ്രത്യേകനിറം മനസ്സിൽ കാണുക.

മൊളോക്ക് - പുരാതനഫിനീഷ്യരുടെ അഗ്നിദേവൻ പ്രീതിക്കായി ശിശുബലി നടത്തിയിരുന്നു.

വാഗ്നർ(1813-1883) - ദേശീയവാദിയായ ജർമൻ സംഗീതജ്ഞൻ.

ലൊഹെൻഗ്രീൻ - വാഗ്നർ രചിച്ച ഒരു ഒപേറ.

ഒവെർചർ - ഒപേറയുടെ നാന്ദിയായിട്ടുള്ള സംഗീതരചന.

അപ്പോളിനെയർ, ബട്ടൺ - ഫ്രഞ്ച് സറിയലിസ്റ്റ് കവികൾ.

ആർതർ വാലി - ചൈനീസ് ജാപ്പനീസ് കൃതികളുടെ ഇംഗ്ലീഷ് വിവർത്തകൻ

നോ - ജാപ്പനീസ് ക്ലാസിക്കൽ നാടകരൂപം

2018, ജൂലൈ 6, വെള്ളിയാഴ്‌ച

കീര്‍ത്തിക് ശശിധരന്‍ -നോക്കിക്കാണല്‍


klimt-alte-frau-1909Klimt- Old Woman (1909)

അമ്മമ്മ മരിച്ചുകൊണ്ടിരിക്കുകയാണ്-

ദീര്‍ഘവും വിരസവുമായ ഒരു വാക്യത്തിനറ്റത്തെ കോമ പോലെ തന്റെ കട്ടിലില്‍ ചുരുണ്ടുകൂടിക്കിടന്നുകൊണ്ട് നാളുകള്‍ തള്ളിനീക്കുകയാണവര്‍. ഇടയ്ക്കാരെങ്കിലും കട്ടിലിനു മേല്‍ കുനിഞ്ഞുനിന്നുകൊണ്ട് കുട്ടികളോടെന്നപോലെ അവരോട് ചോദിക്കുന്നത് കേള്‍ക്കാം: അമ്മ എന്തെങ്കിലും കഴിച്ചോ, വിശപ്പുണ്ടോ, ഒരു തലയിണകൂടി വയ്ക്കട്ടെ? നേരിയ ഉത്ക്കണ്ഠയോടെയും അല്പം ഒച്ച ഉയര്‍ത്തിയും ചോദ്യം ചെയ്യുന്നപോലെയുമുള്ള ആ അന്വേഷണങ്ങള്‍ കേട്ടാല്‍ത്തന്നെ അറിയാം, തിരിച്ചെന്തെങ്കിലും അവര്‍ പ്രതീക്ഷിക്കുന്നില്ലെന്ന്. ആകാംക്ഷയുടെയും ആത്മവിശ്വാസത്തിന്റെയും ആ മൂകാഭിനയച്ചടങ്ങുകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ഓട്ടുപാത്രങ്ങളോ ഭൂതങ്ങള്‍ കുടിയേറിയ ഇരുണ്ട ഇടനാഴികളോ പോലെ ആ വീടിന്റെ ഒരു ഭാഗം മാത്രമാണവര്‍. ഒരു നൂറ്റാണ്ടോളം പഴക്കമുള്ള ഈ വീടിനെക്കുറിച്ചോര്‍ക്കുമ്പോള്‍ എന്റെ മനസ്സില്‍ വരിക, അവരുടെ ചടച്ച ശരീരവും അതിനെ കവിഞ്ഞുനില്ക്കുന്ന അവരുടെ പ്രബലസാന്നിദ്ധ്യവുമായിരുന്നു. ഇപ്പോള്‍ രോഗവും പ്രായവുമൊക്കെയായപ്പോള്‍ ആ കൈകള്‍ ജരയോടി ബലംകെട്ടിരിക്കുന്നു. കട്ടിലിനരികിലെ ബള്‍ബിന്റെ രൂക്ഷവെളിച്ചത്തില്‍ കാണുമ്പോള്‍ നീലിച്ച ഞരമ്പുകള്‍ നെയ്തെടുത്ത വലപോലെയായിരിക്കുന്നു അവരുടെ ഉടല്‍; അന്യോന്യം കീറിമുറിച്ചുപായുന്ന പെരുവഴികള്‍. ഒരു ഞരമ്പിലൂടെ വിരലോടിച്ചുപോയാല്‍ മുഴപ്പുകളും സന്ധികളും പിന്നിട്ട്, അവരുടെ ശരീരത്തിലൂടെ ഒരു പരിക്രമണം ചെയ്തു നാമെത്തുക പുറപ്പെട്ടേടത്തുതന്നെയാവും. നിര്‍ദ്ദയമായ വേനല്‍ച്ചൂടില്‍ നീരു വലിഞ്ഞുണങ്ങിയ കരിയില പോലെ അവര്‍ കിടക്കുന്നു, ഇനിയെന്തുചെയ്യണമെന്നു തീര്‍ച്ചയില്ലാതെ. ഫാനിന്റെ കറക്കത്തില്‍ അവരുടെ മുടിയിഴകള്‍ മുഖത്തിനു ചുറ്റും പാറിക്കിടക്കുന്നു, കൊടുങ്കാറ്റില്‍പ്പെട്ട കടല്പായല്‍പോലെ. ഒരുകാലത്ത് തന്റെ ഉരുക്കുമുഷ്ടികൊണ്ട് അവര്‍ അടക്കിഭരിച്ചിരുന്ന ആ കുടുംബം ഇന്ന് അവരുടെ ഭാഗത്തുനിന്നുള്ള ഒരു സഹായവും കൂടാതെ തന്നെ പ്രവൃത്തിനിരതമായിരിക്കുന്നു. എമ്പത്തിരണ്ടു കൊല്ലത്തിനുള്ളില്‍ ഒമ്പതു തവണ പ്രസവവേദനയറിഞ്ഞ, എണ്ണമറ്റ മരണങ്ങള്‍ ഹൃദയം തകര്‍ത്ത ആ ഉടലിന് ഇനി അനുഭവങ്ങള്‍ വേണ്ടന്നായിരിക്കുന്നു. അവര്‍ പൊടിഞ്ഞുപോവുകയാണ്, ഭിത്തിയില്‍ ആണിയടിച്ചിട്ട ആ പഴയ ഫോട്ടോകള്‍ പോലെതന്നെ: വിവാഹങ്ങളുടെ, ജനനങ്ങളുടെ, തീര്‍ത്ഥാടനങ്ങളുടെ, ഇന്നാരും പേരുപോലുമോര്‍മ്മിക്കാത്ത അമ്മാമന്‍മാരുടെ, അമ്മായിമാരുടെ. എടുത്തുമാറ്റാന്‍ ആര്‍ക്കും ധൈര്യമില്ലാത്തതിനാല്‍ ചുമരില്‍ അവ തൂങ്ങിക്കിടക്കുന്നുവെന്നുമാത്രം. അരികടര്‍ന്ന, മഞ്ഞപടര്‍ന്ന, തൊട്ടാല്‍ പൊടിയുമെന്നു തോന്നുന്ന ആ ഫോട്ടോകള്‍പോലെ, ഉറപ്പില്ലാതായിരിക്കുന്നു അവരുടെ ശരീരം. ഒന്നുകൂടി സൂക്ഷിച്ചുനോക്കുമ്പോള്‍ നമുക്ക് മനസ്സിലാവുകയാണ്, ഇന്നവര്‍ ആ ശരീരം മാത്രമാണെന്ന്. അവരുടെ മനസ്സെന്നത് ഇല്ലാതായിരിക്കുന്നു. ഒരര്‍ത്ഥത്തില്‍ അവര്‍ ഒരു വ്യക്തി അല്ലാതായിക്കഴിഞ്ഞിരിക്കുന്നു. അല്‍ഷയ്മേഴ്സ്, മറവിരോഗം : അമ്മമ്മയെ കാണാന്‍ പോകുന്ന വഴി അമ്മ പറഞ്ഞിരുന്നു. ആ വാക്കുകള്‍ ഉച്ചരിക്കുമ്പോള്‍ അമ്മ ശബ്ദം താഴ്ത്തിയിരുന്നു, പറയരുതാത്തൊരു രഹസ്യമാണ് താന്‍ പുറത്തുവിടുന്നതെന്നപോലെ. അതുറക്കെപ്പറയുന്നത് ഭാഗ്യദോഷം വിളിച്ചുവരുത്താനാണെന്നപോലെ. അമ്മമ്മയുടെ തലയ്ക്കകം ഒരു കുഴഞ്ഞ പിണ്ഡമായിരിക്കുന്നു. മാങ്ങയും ഉപ്പും എണ്ണയും ചേര്‍ത്ത് അവര്‍ ഭരണിയില്‍ ഇട്ടുവയ്ക്കുമായിരുന്ന, വാത്സല്യത്തോടെ എനിക്കെടുത്തു തരുമായിരുന്ന ആ എരിവുള്ള അച്ചാറുപോലെതന്നെ. ക്രൂരമാണ് ആ താരതമ്യമെങ്കിലും മനസ്സില്‍നിന്ന് ആ ചിത്രം എടുത്തുകളയാന്‍ എനിക്ക് കഴിയുന്നില്ല. ആ കൂടിക്കുഴഞ്ഞ ഓര്‍മകള്‍ക്കടിവരയിടുകയാണ്, ദൈവത്തെയും എന്നോ മരിച്ചുപോയ മുത്തശ്ശനെയും കുറിച്ചുള്ള അവരുടെ സ്വകാര്യമായ ഉത്ക്കണ്ഠകള്‍. അവരുടെ ന്യൂറോണുകള്‍ തന്നിഷ്ടം കാണിക്കുകയാണ്, പതിമൂന്നാമത്തെയോ പതിനാലാമത്തെയോ വയസ്സില്‍ കല്ല്യാണം കഴിയുന്നതുവരെ പൊള്ളുന്ന ഉച്ചച്ചൂടില്‍ മുറ്റത്തു കുന്തിക്കളിച്ചിരുന്ന ആ മിടുക്കിപ്പെണ്‍കുട്ടിയെപ്പോലെ തന്നെ. എന്നാണവരുടെ ജനനമെന്ന് കൃത്യമായി ആര്‍ക്കുമറിയില്ല. അവരുടെ വ്യക്തിസത്തയുടെ വലിയൊരു ഭാഗം അടര്‍ന്നുപോയിരിക്കുന്നു. അന്ധകാരത്തിലേക്ക്, എന്ന് കൂട്ടിച്ചേര്‍ക്കാതിരിക്കാനും എനിക്ക് കഴിയുന്നില്ല. അതുപക്ഷേ, അമ്മമ്മയുടെ അവസ്ഥയെക്കുറിച്ചുള്ള എന്റെ അജ്ഞതയെ മൂടിയിടാനുള്ള ഭാഷാപരമായ ഒരു സൗകര്യമെന്നേയുള്ളൂ. തിരിച്ചറിയാനാവാത്തവിധം അവര്‍ മാറിപ്പോയിരിക്കുന്നുവെന്നു മാത്രം എനിക്കറിയാം. അവരുടെ ജീവിതത്തെ നയിച്ച ശീലങ്ങള്‍, ആശയങ്ങള്‍, വിശ്വാസങ്ങള്‍ - അന്യരും പിന്തുടരുമെന്ന് അവര്‍ കരുതിയവ, തല്ലുപേടിച്ച് എന്റെ അമ്മയും അമ്മാമമാരും അനുസരിച്ചവ - ഇന്നവയൊക്കെ വീണ്ടെടുപ്പസാധ്യമായ ഒരപൂര്‍വതയിലേക്ക് വീണുപോയിരിക്കുന്നു. അറിഞ്ഞതിനെയും അറിയാത്തതിനെയും വിഭജിക്കുന്ന ചക്രവാളരേഖ കരിപുരണ്ട് അവ്യക്തമായിരിക്കുന്നു. ആരോ ഒരു റബ്ബറെടുത്ത് മായ്ച്ചുകളഞ്ഞപോലെ. മുടികോതാനോ, നഖംവെട്ടാനോ പല്ലുതേക്കാന്‍ പോലുമോ അവരിപ്പോള്‍ മിനക്കെടാറില്ല. അവരെ പരിചരിക്കാന്‍ ഒരു ആയയെ വച്ചിട്ടുണ്ട്; അവര്‍ക്കുപോലും പിടിപ്പതു പണിയാണ് അമ്മമ്മയെ നോക്കുക. ഒരു പുണ്യവതിയുടെ അത്രയും ക്ഷമയുള്ള ആയമ്മയ്ക്കുപോലും. ധൃഷ്ടമായ ആത്മനിയന്ത്രണവും നിര്‍മ്മമതയും നിറഞ്ഞ ഒരായുസ്സിനുശേഷം, മനസ്സിന്റെ പിടിവിടുമ്പോള്‍, ദുശ്ശാഠ്യവും മുന്‍കോപവും കാണിക്കുകയാണ് അമ്മമ്മയിപ്പോള്‍. ഒടുവില്‍ മയക്കം വിടുമ്പോള്‍ അവര്‍ വരാന്തയില്‍ വന്നിരിക്കുന്നു. അവരുടെ ആ ഒഴിഞ്ഞ കണ്ണുകള്‍ നിസ്സഹായമായി, ലക്ഷ്യഹീനമായി എന്നെത്തന്നെ ഉറ്റുനോക്കുകയാണ്. ഞാന്‍ ആരാണെന്നു മനസ്സിലാക്കിയെടുക്കാന്‍ ശ്രമിക്കുകയാണ് അവരെന്നെനിക്കു തോന്നുന്നു. അതും പക്ഷേ, എന്റെയൊരു തോന്നലാവാനേ വഴിയുള്ളൂ. ഞാന്‍ നിശ്ശബ്ദത ഭഞ്ജിക്കാന്‍ പോയില്ല. പാടത്ത് ഉച്ചച്ചൂടില്‍ കാക്കകള്‍ കാറിക്കരയുന്നതും പുഴ വീശിവരുന്ന കാറ്റില്‍ തെങ്ങോലകള്‍ ഇളകുന്നതും ഞാന്‍ കേട്ടു; വീട്ടിനുള്ളിലെവിടെയോ ഒരു ഫ്രിഡ്ജ് മയക്കം വിട്ടുണരുകയും ചെയ്യുന്നു. ഈ പ്രശാന്തതയില്‍ കാര്യമായൊന്നും ചെയ്യാനില്ല. പിന്നെ ഗാഢനിദ്രയില്‍നിന്ന് ഞെട്ടിയുണര്‍ന്നതു പോലെ പെട്ടെന്ന് അവര്‍ എന്നോട് സംസാരിക്കാന്‍ തുടങ്ങുകയാണ്; എന്റെ അമ്മാമന്റെ മകന്‍, മീശവച്ച തടിയനായ ഒരു പൊലീസുകാരനാണ് ഞാനെന്നവര്‍ തെറ്റിദ്ധരിച്ചിരിക്കുന്നു. അവരുടെ ആശയക്കുഴപ്പം കണ്ട് ഞാന്‍ ഒരു വിഡ്ഡിച്ചിരി ചിരിച്ചു. അവര്‍ക്കും ഒരു പുഞ്ചിരി വന്നു. പിന്നെ ഞങ്ങള്‍ ഉറക്കെച്ചിരിച്ചു; ഒരാള്‍ മറ്റെയാള്‍ക്ക് മനസ്സിലാവാത്ത കാരണങ്ങളാല്‍. മുത്തശ്ശിയും ചെറുമകനും. ഞങ്ങളെ വേര്‍പെടുത്തുന്ന ആ കൊടുംഗര്‍ത്തത്തിന്റെ മറ്റേത്തലയ്ക്കലേക്ക് ഞാനും ഒരുനാള്‍ തീര്‍ത്ഥയാത്ര നടത്തിയേക്കാം. ന്യൂറോണുകളുടെ അടരുകളിലൂടെ അരിച്ചിറങ്ങി വന്നിട്ട് വല്ലാത്തൊരു തെളിച്ചത്തോടെ അവര്‍ ചോദിക്കുകയാണ് :

അമേരിക്കയില്‍ തണുപ്പാണോ?

ആയിരുന്നു. കഴിഞ്ഞ തവണ കാണാന്‍ ചെന്നപ്പോള്‍ ഞാന്‍ അങ്ങനെ പറഞ്ഞിരുന്നു. അല്ല, ന്യൂയോര്‍ക്കിലിപ്പോൾ ചൂടാണെന്നു പറയാന്‍ എനിക്കു നേരംകിട്ടും മുമ്പേ അവര്‍ താന്‍ വന്നിടത്തേക്കു തന്നെ തിരിച്ചു പോയിരിക്കുന്നു. എന്റെ സാന്നിദ്ധ്യം ഇപ്പോള്‍ അവരുടെ ബോധത്തിലേയില്ല. ഒരു ശിശുവിന്‍റേതു പോലെ അല്പായുസ്സായിരിക്കുന്നു വര്‍ത്തമാന കാലത്തോടുള്ള അവരുടെ ചാര്‍ച്ച. ആറുമാസം മുമ്പ് അവരെ ഒടുവില്‍ കാണുമ്പോള്‍ അവരുടെ ആ പഴയ സത്ത ഇന്നത്തേതിലും കൂടുതലായി മിന്നിമറഞ്ഞിരുന്നു. അതില്പിന്നെ ന്യൂറോണുകളുടെ സേനാവ്യൂഹങ്ങള്‍ കളം മാറിച്ചവിട്ടിയിരിക്കുന്നു. ഓര്‍മ്മയോടല്ല, ആത്മാഹുതിയോടാണ് ഇപ്പോഴവര്‍ക്കു കൂറെന്നിരിക്കെ അവര്‍ പുറത്തേക്കു വ്യാപിച്ചുതുടങ്ങിയിരിക്കുന്നു. ത ക ധി മി. ചിട്ടയോടെ, ക്ഷമയോടെ, മുന്നേറുകയാണവര്‍ : ഇവിടെയൊരു എന്‍സൈമിനെ തകര്‍ത്ത്, അവിടെയൊരു സന്ധിബന്ധമഴിച്ച് എവിടെയും തങ്ങളുടെ പരമാധികാരം സ്ഥാപിക്കുകയാണവര്‍. മാനസികാവസ്ഥകള്‍ ഇല്ലാത്തതായിരിക്കുന്നു അവരുടെ മനസ്സിപ്പോള്. കഴിഞ്ഞ രണ്ടുകൊല്ലമായി പാറിനടക്കുന്നൊരു ശലഭത്തെപ്പോലെ ആയിരിക്കുന്നു അവര്‍: ഒന്നിനോടും മമതയില്ലാതെ, ഒന്നിലും അധികം തങ്ങിനില്ക്കാതെ, ഒന്നിനെയും തേടിനടക്കാതെ; വേരുപറിഞ്ഞൊഴുകുന്ന ഒരു സത്ത. മൂന്നു കൊല്ലം മുമ്പാണ് തന്റെ ഭര്‍ത്താവിനോട്, എന്റെ മുത്തശ്ശനോട്, നാട്ടിലെ അമ്പലത്തിലെ അക്കൊല്ലത്തെ ഉത്സവത്തെക്കുറിച്ച് അവര്‍ സംസാരിക്കാന്‍ തുടങ്ങുന്നത്. അന്നുപക്ഷേ മുത്തശ്ശന്‍ മരിച്ചിട്ട് ആറുകൊല്ലമായിരിക്കുന്നു. അവര്‍ക്കു തമ്മില്‍ സംസാരിക്കാന്‍ എന്തൊക്കെയുണ്ടായിരുന്നു : അദ്ദേഹത്തിന് കാലത്ത് പതിവുള്ള കഞ്ഞിയും അല്പനേരം കഴിഞ്ഞുള്ള ചായയും; ഒരു കാലത്ത് അല്പം പോക്കിരിത്തരമൊക്കെ കാണിച്ച് നടന്നിരുന്ന തങ്ങളുടെ വത്സലപുത്രന്റെ, എന്റെ ഇളയ അമ്മാമന്റെ കത്തിനു വേണ്ടിയുള്ള തീരാത്ത പ്രതീക്ഷ; തന്റെ ഇഷ്ട ദൈവമായ ഗുരുവായൂരപ്പനോട് നിത്യവുമുള്ള പ്രാര്‍ത്ഥനകള്‍; ജീവിതം കഷ്ടപ്പാടിലായ തന്റെ സഹോദരിമാരുടെ ക്ഷേമം; ആര്‍ക്കും കൃഷി വേണ്ടാതായതില്‍പ്പിന്നെ നിരുപയോഗമായിത്തീര്‍ന്ന കളങ്ങള്‍; ഐശ്വര്യത്തെക്കുറിച്ചുള്ള നമ്മുടെ ധാരണകള്‍ മാറ്റി മറിച്ചു കൊണ്ട് ഓരോ മാസവും ആകാശത്തുദിക്കുന്ന പുതിയ നക്ഷത്രരാശികള്‍. മരിച്ചുപോയ എന്റെ മുത്തശ്ശനുമായുള്ള അവരുടെ ആ സംഭാഷണങ്ങള്‍ അപൂര്‍വമായ ഒരു ചരിത്രരേഖ തന്നെയായിരുന്നു : ഇങ്ങിനി വരാതെവണ്ണം മറഞ്ഞുപോയ അനുഭവങ്ങളുടെ ഉത്തമപുരുഷവിവരണം, ഒരു നരവംശശാസ്ത്രജ്ഞന് അതമൂല്യമായിരിക്കും. അവരുടെ ആ ചരിത്രവിവരണം തുടങ്ങുന്നത് ഇന്ത്യയിലെ മിക്കഭാഗത്തും വൈദ്യുതി എത്തുന്നതിനുമുമ്പാണ്, വീടുകളില്‍ റേഡിയോ ശബ്ദിച്ചു തുടങ്ങുന്നതിനും മുമ്പാണ്, ഒരതികായനെപ്പോലെ നെഹ്റു കാല്‍ നീട്ടിവച്ചു നടക്കുന്നതിനും മുമ്പാണ്, അതിലൊക്കെ അവിശ്വസനീയമായി, അവര്‍ ജനിക്കുന്നതിനും മുമ്പാണ്. മരിച്ചുപോയ മുത്തശ്ശിയായി അവര്‍ സ്വയം തെറ്റിദ്ധരിക്കുകയായിരുന്നു. അവിടെ നിന്നാണ് അവരുടെ സൃഷ്ടികഥകള്‍ തുടങ്ങുന്നത്. ഋഗ്വേദാര്‍ത്ഥത്തില്‍ അവര്‍ ഒരു സ്വയംഭൂ തന്നെയായിരുന്നു. സ്വയം ആവിര്‍ഭൂതമാകുന്ന ഒരതീതമനസ്സ്, ഒരജ്ഞാതഭൂതകാലത്തില്‍ നിന്നുരുവം കൊള്ളുന്ന ഒരു സ്വത്വം, ഈ മണ്ണില്‍ത്തന്നെ വേരുകളുറപ്പിച്ച ഒരാദിമാസ്തിത്വം. കൊച്ചുവര്‍ത്തമാനങ്ങള്‍ പറഞ്ഞിരിക്കാന്‍ അത്ര ഇഷ്ടമായിരുന്ന അമ്മമ്മ തന്റെ ആ സ്മൃതിലോപത്തിലും എന്റെ മുത്തശ്ശനോട് നിത്യവും സംസാരത്തിലായിരുന്നു; വിവാഹവും കുട്ടികളും പേരക്കുട്ടികളും സന്തോഷവും ദുഃഖവുമൊക്കെ നിറഞ്ഞ ആ അറുപതു കൊല്ലക്കാലമെന്നപോലെ. അവരുടെ മനസ്സില്‍ മുത്തശ്ശന്‍ അതിനൊക്കെ ഉത്തരം പറഞ്ഞിരുന്നോ എന്നെനിക്കറിയില്ല. അതാരറിയാന്‍? അവര്‍ക്കുപോലും അതറിയില്ല. പേശികളുടെ ഒരു വിചിത്രപിണ്ഡമാണ് മസ്തിഷ്കം. കണ്ണാടികള്‍ അനന്തമായി പ്രതിഫലിക്കുന്ന ഒരു ഒരിടനാഴി. അതിനെ സംബന്ധിച്ച് ഏറ്റവും അസാധാരണമായ ഒരുകാര്യം, പ്രപഞ്ചം, ആറ്റം, സൗന്ദര്യം, വൈരൂപ്യം, സ്നേഹം, യുദ്ധം ഇവയെക്കുറിച്ചൊക്കെ അവ ചിന്തിക്കുന്നുവെന്നതല്ല, ന്യൂറോ സയന്‍റിസ്റ്റായ വി.എസ്. രാമചന്ദ്രന്‍ പറയുന്നപോലെ, സ്വന്തം ചിന്താപ്രക്രിയതന്നെ അതിനു ചിന്താവിഷയമാവുന്നു എന്നതാണ്. വലിയൊരു പരിധിവരെ, തന്നെത്തന്നെ പരാമര്‍ശിക്കാന്‍, ഒരഭിജ്ഞാനപ്രക്രിയ നടക്കുന്നുണ്ട് എന്ന് തിരിച്ചറിയാനുള്ള കഴിവ് - അതാണ് മസ്തിഷ്കത്തെയും അതിന്റെ ഉപകരണങ്ങളായ ഇന്ദ്രിയങ്ങളെയും സോഫിസ്റ്റിക്കേറ്റഡായിട്ടുള്ള ഒരു സിഗ്നല്‍ പ്രോസസിംഗ് യന്ത്രത്തില്‍നിന്ന് വ്യത്യസ്തമാക്കുന്നത്. അതിന്റെ ഏറ്റവും രഹസ്യസ്വഭാവമുള്ള ഗുണമാണ് ബോധം. എവിടെനിന്നാണ് അതാവിര്‍ഭവിക്കുന്നത്? എന്താണ് അതിനെ നിയന്ത്രിക്കുന്നത്?

അതുണ്ടാവണമെന്നുണ്ടായതെന്തുകൊണ്ട്? ഇതൊക്കെ സരളവും സ്വാഭാവികവുമായ ചോദ്യങ്ങളാണ്. അമ്മമ്മയെ അടുത്തു കണ്ടതില്‍പ്പിന്നെ ഞാന്‍ പലപ്പോഴും സ്വയം ചോദിച്ചുപോയ ചോദ്യങ്ങള്‍. എന്റെ

തലയ്ക്കുള്ളില്‍ വാസ്തവത്തില്‍ എന്താണ് നടക്കുന്നത് എന്ന് എനിക്ക് മനസ്സിലാവാറില്ല എന്നേ എനിക്ക് പറയാനുള്ളൂ. ബോധത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു നാം മുന്നോട്ടുവയ്ക്കുന്ന ഉത്തരങ്ങള്‍ സ്വഭാവേനതന്നെ പല

മാനങ്ങളുള്ളതും തെന്നിമാറുന്നതും വിശാലമനസ്കവുമായിരിക്കും. ബോധം ഉരുത്തിരിയുന്നതിനെക്കുറിച്ചുള്ള യാന്ത്രികമായ വിശദീകരണത്തിന് അതിന്‍േറതായ പ്രലോഭനങ്ങളും ചാരുതകളുമുണ്ട്. അതുപക്ഷേ, നമുക്ക് പരസ്പരം മനസ്സിലായി എന്നതിന് ഏതെങ്കിലും തരത്തിലുള്ള ഉറപ്പു തരുന്നുമില്ല. അതൊരു ചവിട്ടുപടിയായി നമുക്കെടുക്കാം. വാച്ചിന്റെ ലിവറുകളും സ്ക്രൂവുമൊക്കെ നോക്കി കാലമെന്ന സങ്കല്പത്തെ മനസ്സിലാക്കാന്‍ ശ്രമിക്കുന്ന കുട്ടികളെപ്പോലെയായിപ്പോവും നാം. ഒരു സിദ്ധാന്തം കൈയിലുണ്ട് എന്നതുകൊണ്ട് ഉള്‍ക്കാഴ്ച ഉറപ്പു കിട്ടി എന്നാവുന്നില്ല. കാഴ്ചയുള്ളപ്പോള്‍ത്തന്നെ അസാധാരണമായ അന്ധതയ്ക്കും കഴിവുള്ളവനാണ് മനുഷ്യന്‍. വി.എസ്.നെയ്പ്പോള്‍ തന്റെ "ആഗമനം എന്ന പ്രഹേളിക" എന്ന പുസ്തകത്തില്‍ പിടിച്ചുകുലുക്കുന്ന ആത്മാവബോധത്തോടെ എഴുതുന്നു: "ഞാന്‍ കണ്ടത് വളരെ വ്യക്തമായിത്തന്നെ ഞാന്‍ കണ്ടു. പക്ഷേ, എനിക്കറിയില്ലായിരുന്നു എന്തിനെയാണ് ഞാന്‍ നോക്കിയതെന്ന്. അതിനെ എവിടെ കൊള്ളിക്കണമെന്ന് എനിക്കറിയില്ലായിരുന്നു.” അച്ഛന്‍ ഒരിക്കല്‍ എന്നോടു പറഞ്ഞപോലെ, കഥകളിയിലെ കഥാപാത്രങ്ങളായി രാമന്റെയോ രാവണന്റെയോ ഹനുമാന്റെയോ വേഷമെടുക്കുന്നതുപോലെയല്ല, രാമായണം എന്നു നാം വിളിക്കുന്ന ഒരിതിഹാസം മെനഞ്ഞെടുക്കുന്നതിനു വേണ്ടത് മറ്റൊരുതരം നൈപുണ്യമാണ്. അസാമാന്യമായ മാനസികാവസ്ഥകളില്‍നിന്ന് ഇങ്ങനെയൊരു സാകല്യം, ഒരേയൊരാഖ്യാനം സൃഷ്ടിക്കാനുള്ള കഴിവ് - അതാണ് കഥനത്തിന്റെ, ബോധത്തിന്റെ തന്നെ ഏറ്റവും നിഗൂഢമായ ഭാവം എന്നെനിക്കു തോന്നുന്നു. അനുഭവങ്ങളുടെ ഒരു സങ്കീര്‍ണ്ണഗണത്തെ ഒരു മണ്ഡലത്തിലേക്കോ ഒരു പ്രക്രിയയിലേക്കോ ചുരുക്കാനാവുമോ? എനിക്കറിയില്ല. ആയേക്കാം. ആവില്ലെന്നുമാവാം. എല്ലാ ഞായറാഴ്ചയും മാന്‍ഹട്ടനു കിഴക്കുള്ള ഒരു കഫേയില്‍ ഞാന്‍ കുറച്ചുനേരം ചെലവഴിക്കാറുണ്ട്. സ്ഥലത്തിനു പൊന്നുംവിലയുള്ള ഒരു ദ്വീപില്‍ തുറസ്സായൊരിടംകിട്ടുന്ന അപൂര്‍വം സ്ഥലങ്ങളില്‍ ഒന്നാണിത്. മര്യാദയുള്ളവരാണ് ജോലിക്കാര്‍. ഒരു സബ്വേ സ്റ്റേഷന്റെ ഒരു കോണില്‍ ഒതുങ്ങിയിരിക്കുന്ന ആ കഫേയിലെ പതിവുകാര്‍ മിക്കവരും ടൗണിന്റെ മറ്റൊരു ഭാഗത്തേക്കോ മറ്റൊരു മീറ്റിങ്ങിലേക്കോ പാഞ്ഞുപോകുന്നവരായിരിക്കും. എത്ര തിരക്കുപിടിച്ച നേരമായാലും പക്ഷേ, ഒരുതരം ഉറക്കംതൂങ്ങിസ്വഭാവമുണ്ട് ആ സ്ഥലത്തിന്. ഞായറാഴ്ചയാണെങ്കില്‍ പറയുകയും വേണ്ട. ഒരാഴ്ചകൊണ്ട് കുമിഞ്ഞുകൂടിയ ജോലികള്‍ ഞാന്‍ തീര്‍ക്കുന്നത് അവിടെ വച്ചാണ് : മെയിലുകള്‍ക്ക് മറുപടി കൊടുക്കുക, നിര്‍ത്തിവച്ച വായന തുടരുക, ഫോണ്‍ വിളിക്കുക, അങ്ങനെയങ്ങനെ. എത്ര നേരത്തേയവിടെ എത്തുന്നുവോ, അത്രയും സന്തോഷവാനായിരിക്കും ഞാന്‍. കാലത്ത് എട്ടുമണിയോടടുപ്പിച്ച് തലേ രാത്രിയിലെ ഒച്ചപ്പാടുനിറഞ്ഞ പാര്‍ട്ടികള്‍ക്കുശേഷം (കുടി പരിചയിച്ചുതുടങ്ങിയ ചെറുപ്പക്കാര്‍ വഴിയില്‍നിന്ന് ഛര്‍ദ്ദിക്കുന്നുണ്ടാവും, തെരുവ് മൂകമായിരിക്കും; ഹൈ ഹീലുകളും മൈക്രോ സൈസിലുള്ള സ്കേര്‍ട്ടുകളും ധരിച്ച ചെറുപ്പക്കാരികള്‍ വേയ്ച്ചുവേയ്ച്ചു വീട്ടിലേക്ക് മടങ്ങിയിട്ടുണ്ടാവും.) ഒരു കൊടുങ്കാറ്റ് കടന്നുപോയതിനുശേഷമുള്ള നിശ്ശബ്ദതപോലെ. പോയ രാത്രി വിസ്മൃതിയില്‍പ്പെട്ടു കഴിഞ്ഞു. വേനല്‍ക്കാലമായിട്ടും ഒരു കുളിര് വായുവില്‍ തങ്ങിനില്ക്കുന്നുണ്ട്. നഗരത്തിന്റെ തലങ്ങും വിലങ്ങും ഒരു പാര്‍ട്ടിയില്‍നിന്നും മറ്റൊരു പാര്‍ട്ടിയിലേക്ക് ആളുകളെ കടത്തുകയായിരുന്ന ടാക്സിഡ്രൈവര്‍മാര്‍ കിട്ടിയ നേരംകൊണ്ട് ഒന്ന് കണ്ണടയ്ക്കാന്‍ നോക്കുകയാണ്. സാമ്പത്തികമാന്ദ്യത്തിന്റെ ഈ കാലത്ത് എണ്ണം കൂടിവരികയാണെന്ന് തോന്നുന്ന ഭിക്ഷക്കാരും ഈ നേരത്ത് നല്ല ഉറക്കത്തിലാണ്. ആഴ്ചയവസാനത്തിലെ രാത്രികളില്‍ അവര്‍ക്ക് നല്ല കോളാണ്; കുടിച്ചു ലക്കുകെട്ട കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ ഭക്ഷണവും സിഗരറ്റും പങ്കുവയ്ക്കാന്‍ സന്തോഷമേയുള്ളൂ. ഭാഗ്യമുണ്ടെങ്കില്‍ കാശും കിട്ടിയെന്നുവരും. മിക്കവരും പക്ഷേ, രോഗികളും മയക്കുമരുന്നിന്നടിമകളും വീടില്ലാത്തവരുമാണ്. ഈ കഫേയില്‍നിന്ന് വളരെ അകലെയാണ് അവരുടെ ലോകം. ഉള്ളില്‍ വൃത്തിയുണ്ട്, മോടിയുണ്ട്, സ്വന്തം പ്രതിച്ഛായയെപ്പറ്റി ഒരു കോര്‍പ്പൊറേറ്റ് ബോധം തങ്ങിനില്ക്കുന്നുമുണ്ട്. രാവിലെ ചെറുപ്പക്കാര്‍ ഷെല്ഫുകള്‍ വൃത്തിയാക്കുകയും മേശയും കസേരയും പിടിച്ചിടുകയും കോഫീ പോഡുകളും പേസ്ട്രികളും നിരത്തിവയ്ക്കുകയും തറയില്‍നിന്ന് ഭക്ഷണശകലങ്ങള്‍ തൂത്തുമാറ്റുകയുമാണ്. എന്റെ തലയ്ക്കുള്ളിലെവിടെയോ ഒരു പ്രത്യഭിജ്ഞ ഉദയംകൊള്ളുന്നു. ഞാന്‍ ഡിഗ്രിക്കു പഠിച്ചിരുന്ന ഒരു കാലം എനിക്കോര്‍മ വരുന്നു. കൈയില്‍ കാശില്ലാത്ത ഒരു കോളേജു വിദ്യാര്‍ത്ഥിയായിരുന്ന ഞാന്‍ ഇതേ പണി അന്നു ചെയ്തിരുന്നു. സ്കോളര്‍ഷിപ്പും മറ്റും വഴി ലഭിക്കുന്നതിനേക്കാള്‍ അല്പംകൂടി പണമുണ്ടാക്കാന്‍. കോളേജ് പബ്ബിലെ പാത്രങ്ങള്‍ അഴുക്കും മെഴുക്കുമിളക്കി വൃത്തിയാക്കുമ്പോള്‍ ഞാന്‍ സമ്പാദിച്ചിരുന്ന ഡോളറുകള്‍ കാര്യമായിട്ടൊന്നുമില്ലായിരുന്നു. പക്ഷേ, ഇന്നെനിക്ക് വാള്‍സ്ട്രീറ്റില്‍നിന്നു കിട്ടുന്ന ബോണസിനേക്കാള്‍ എനിക്കിന്ന് മമതയോടെ ഓര്‍ക്കാന്‍ കഴിയുന്നത് അതിനെയാണ്. ഈ കഫേ ജോലിക്കാര്‍ യുഎസ്സിലും കാനഡയിലും പരിചിതമായ ഒരു കാഴ്ചയാണ്. അതിരാവിലെ തറ തുടയ്ക്കുകയും പാത്രം കഴുകുകയും ചെയ്യുന്ന കണ്ണുവിങ്ങിയ ചെറുപ്പക്കാരായ വിദ്യാര്‍ത്ഥികള്‍; മറ്റാരെയും പോലെ അവര്‍ക്കും ഇഷ്ടം കിടക്കയില്‍ ചുരുണ്ടുകൂടിക്കിടക്കാനായിരിക്കും. അവര്‍ ജോലിയില്‍ മുഴുകുന്നതു കണ്ടിരിക്കെ എന്റെ മനസ്സ് വല്ലാതിളകിപ്പോകുന്നു. പ്രഭാതം, അതിന്റെ പ്രശാന്തത, ഇനിയും ചുരുളു നിവരാനിരിക്കുന്ന പകലിന്റെ വിസ്തൃതി - പ്രതീക്ഷകള്‍ക്കിടം നല്കാന്‍ അതുമതി. ഇന്നെന്റെ പണികളൊക്കെ മുഴുമിക്കാം, ഞാന്‍ എന്നോടുതന്നെ പറയുകയാണ്. പ്രതീക്ഷിച്ചപോലെ കാര്യങ്ങള്‍ തീരുക എനിക്ക് സന്തോഷമുള്ള സംഗതിയാണ്. ഒരു സങ്കുചിതമനസ്കന്‍റെ ആഹ്ലാദപ്രതീക്ഷയാണത്. ആയിക്കോട്ടെ, തല്‍ക്കാലത്തേക്ക് ആസ്വാദ്യവുമാണത്. പ്രഭാതത്തിന്റെ ആ പ്രശാന്തതയിലേക്കും നിശ്ചലതയിലേക്കുമാണ് ഒരു വൃദ്ധയായ സ്ത്രീ കയറിവരുന്നത്. കഴിഞ്ഞ രണ്ട് കൊല്ലമായി തെരുവുകളില്‍വച്ച് പലപ്പോഴും ഞാന്‍ അവരെ കണ്ടിരിക്കുന്നു. ഇന്നാകട്ടെ, ഷോപ്പിങ്ങിനുപയോഗിക്കുന്ന ഒരുന്തുവണ്ടി അവര്‍ പിന്നില്‍ വലിച്ചിഴച്ചുകൊണ്ടുവരുന്നുണ്ട്; അതിലില്ലാത്തതായി ഒന്നുമില്ല. പഴയതും ഉപയോഗിച്ചതുമായ തുണികള്‍, പാത്രങ്ങള്‍, മാക്കറോണി നിറച്ച പെട്ടികള്‍, പീസ്സായുടെ കഷണങ്ങള്‍, അടിയില്‍ ചെളിപറ്റിപ്പിടിച്ച ചെരുപ്പുകള്‍, പാതിയൊഴിഞ്ഞ കൊക്കോകോള, പെപ്സി ടിന്നുകള്‍, ഒരു ലാന്‍ഡ്ഫോണിന്റെ കാര്‍ഡ്ബോര്‍ഡു പെട്ടി, ചവറ്റുതൊട്ടികളില്‍ ഉപയോഗിക്കുന്ന ഒരുതരം കറുത്ത പ്ലാസ്റ്റിക് കവറുകള്‍. പിഞ്ഞിയ സ്വെറ്ററുകള്‍, അവരുടെ മുടിയിഴകള്‍ കുരുങ്ങിക്കിടക്കുന്ന പല ബ്രഷുകള്‍. വേനല്‍ക്കാലമായിട്ടും വേവെടുക്കുന്നുണ്ടായിട്ടും ഉടുപ്പുകള്‍ അടുക്കുകളായിട്ടാണ് അവര്‍ ഇട്ടിരുന്നത്. അവരുടെ കണംകൈകള്‍ മൂടിയിരുന്നു. ശരിക്കും വിയര്‍ത്തൊഴുകുകയാണവര്‍. കഫേയുടെ വൃത്തിയും, അവരുടെ മുഷിഞ്ഞതും നാറുന്നതുമായ രൂപവും കൂടിയാവുമ്പോള്‍ തുടച്ചുമാറ്റാനാവാത്തൊരു സാന്നിദ്ധ്യമാവുകയാണവര്‍. മറ്റൊരുതരം അമേരിക്കയുടെ കുലചിഹ്നം : ദരിദ്രമായ, വീടില്ലാത്ത, രോഗിയായ അമേരിക്ക. അവര്‍ വേച്ചുവേച്ചു കടന്നുവന്ന് എനിക്കരികിലെ ഒരു മേശയ്ക്കടുത്ത് ഇരിപ്പു പിടിച്ചു. ഞാന്‍ ഭവ്യമായിട്ടൊന്നു പുഞ്ചിരിച്ചു : അവരെപ്പോലെ ഒരാളുമായി ഇടപെടുന്നതിന്റെ ചിട്ട എനിക്ക് തീര്‍ച്ച വന്നിട്ടില്ല. ഞാന്‍ കോഫി വാങ്ങാനായി അവര്‍ക്കടുത്തുകൂടി കടന്നുപോയപ്പോള്‍ ദുഷിച്ച ഒരു നാറ്റം എന്റെ മൂക്കിലേക്കടിച്ചുകയറി. വളിച്ച ഭക്ഷണത്തിന്റെയും വിയര്‍പ്പിന്റെയും കൂടിക്കലര്‍ന്ന ഗന്ധം. അവര്‍ മേലു കഴുകിയിട്ട് നാളുകളായിരിക്കുന്നുവെന്നതില്‍ സംശയിക്കാനില്ല. കഴിഞ്ഞ രണ്ടുകൊല്ലമായി അവര്‍ അലഞ്ഞുനടക്കുന്നത് ഞാന്‍ കാണുന്നു എന്നതുവച്ചു നോക്കുമ്പോള്‍ - വ്യക്തമാണ്, അവര്‍ രോഗിയാണെന്നും ഒറ്റയ്ക്കാണെന്നും അവരെ നോക്കാന്‍ ആരുമില്ലെന്നും. സൌജന്യമായി കിട്ടുന്ന എവിടെന്നെങ്കിലും നിന്നാവാം അവര്‍ ആഹാരം കഴിക്കുന്നത്; ആരെങ്കിലും അവര്‍ക്ക് പണം നല്കുന്നുമുണ്ടാവാം. അതെങ്ങനെയായിരുന്നാലും, കാണാന്‍ അവരുടെ ആരോഗ്യത്തിന് തരക്കേടില്ലെങ്കിലും, അവരുടെ തല മന്ദിച്ചുപോയിരിക്കുന്നു. അവര്‍ അവിടേക്ക് കയറിവന്നതിന്റെ കോലാഹലം ഒട്ടൊന്നടങ്ങിയതില്‍പ്പിന്നെ പുതിയൊരുതരം സമതുലനം അവിടെ വന്നുവീണിരിക്കുന്നു. പുലര്‍ച്ചയുടെ ജാഡ്യത്തോടെ കോഫീഷോപ്പിനു പതുക്കെ ജീവന്‍വച്ചു തുടങ്ങുകയാണ്. ഞാന്‍ എന്റെ ജോലിയില്‍ മുഴുകി; ഇടയ്ക്കൊക്കെ എന്റെ കണ്ണുകള്‍ അലഞ്ഞുചെന്ന് അവരെത്തന്നെ നോക്കുന്നില്ലെന്നുമില്ല. ആ കിഴവി എന്തോ പരതിയെടുക്കുകയാണ്. ആ ഉന്തുവണ്ടിക്കുള്ളില്‍നിന്ന് ഒരു ആര്‍ക്കിയോളജിസ്റ്റിന്റെ സ്ഥിരോത്സാഹത്തോടെ അവര്‍ വലിച്ചെടുത്ത് പുറത്തിടുകയാണ്; എത്രയെന്നില്ലാത്തതെന്തൊക്കെയോ. ഒരു ചവറ്റുപെട്ടിയില്‍ കാണുന്ന തരമാണതൊക്കെ; ഓഹരികളുടെ നിയമാവലികള്‍, പേനകള്‍, ഉപയോഗിച്ച അടിവസ്ത്രങ്ങള്‍, കുട്ടികളുടെ കളിപ്പാട്ടങ്ങള്‍ എന്നിങ്ങനെ. അടുത്തുള്ള മേശകളുടെ പുറത്തേക്ക് അതൊക്കെ കൊട്ടിയിടുകയാണവര്‍. പൂരപ്പറമ്പിലെ വാണിഭക്കാരെപ്പോലെ സകലതും ചുറ്റും നിരത്തിവയ്ക്കുകയാണവര്‍. ഇവിടെ അതൊന്നും വാങ്ങാന്‍ ആരുമില്ലെന്നേയുള്ളൂ. അവരെപ്പോലെതന്നെ ചേതംപറ്റിയവയാണ് ആ വസ്തുക്കളും. ഈ ഗ്രഹത്തിലെ ഏറ്റവും ശക്തരും ധനികരുമായവരില്‍പ്പെടുന്നവരാണ് നഗരത്തിന്റെ ഈ ഭാഗത്തു ജീവിക്കുന്ന സ്ത്രീകളും പുരുഷന്മാരും. എന്റെ അയല്‍വാസിയായ ഒരു പൊലീസുകാരന്‍ പറഞ്ഞത് ശരിയാണെങ്കില്‍ ഹെന്റി കിസ്സിന്‍ജര്‍ ഇവിടെയാണ് താമസിക്കുന്നത്. കോടിക്കണക്കിനു ഡോളര്‍ സമ്പാദിക്കുന്ന ഹെഡ്ജു ഫണ്ടു മാനേജര്‍മാര്‍ ആഹാരം കഴിക്കാന്‍ വരുന്നത് എന്റെ ഫ്ളാറ്റിനു ചുവട്ടിലുള്ള റസ്റ്റാറണ്ടിലാണ്. ഇറാക്കിലെയും അഫ്ഗാനിസ്താനിലെയും അമേരിക്കന്‍ യുദ്ധങ്ങള്‍ നിയന്ത്രിക്കുന്ന വിദേശനയപ്രമാണിമാര്‍, ഐക്യരാഷ്ട്രസഭയിലേക്കുള്ള നയതന്ത്രദൌത്യസംഘത്തിന്റെ തലവന്മാര്‍ ഇവരൊക്കെ ഈ ഭാഗത്ത് താമസക്കാരാണ്. ഈ ചങ്ങാതിമാര്‍ ഈ ചുറ്റുവട്ടത്തെയും ഈ ഗ്രഹത്തെത്തന്നെയും ഭരിക്കുന്നത് അധൃഷ്യരാണ് തങ്ങളെന്ന ഭാവത്തോടെയാണ്. അവകാശമാണ് അവരുടെ മതം, അധികാരം അവര്‍ക്ക് മോക്ഷവും. പക്ഷേ, ആ തെരുവുകളിലൂടെത്തന്നെയാണ് രോഗിണിയായ ഈ കിഴവിയും രാവും പകലും ഭേദമില്ലാതെ അലഞ്ഞുനടക്കുന്നതെന്നോര്‍ക്കുമ്പോള്‍ ക്ഷയവും ജീര്‍ണ്ണതയും അധികമകലെയല്ല എന്ന് എനിക്കെങ്കിലും ബോധ്യമാവുന്നുണ്ട്. ഏടുകള്‍ മറിക്കുന്ന കൈ ഒരു പേരിനുമേല്‍ ചൂണ്ടുവിരല്‍ വയ്ക്കുന്നു. ഒരു ജീവിതം തെരഞ്ഞെടുക്കപ്പെട്ടുകഴിഞ്ഞു. എന്റെ അമ്മമ്മയെപ്പോലൊരാള്‍ക്ക് ഭേദപ്പെട്ട ശ്രദ്ധയും പരിചരണവും കിട്ടുന്നുണ്ടാവാം; അതിനടിയിലുള്ള മനോരോഗത്തിന്റെയും സ്മൃതിനാശത്തിന്റെയും അല്ഷൈമേഴ്സിന്റെയും വിഭ്രാന്തിയും മയക്കവും പക്ഷേ, നിര്‍ദ്ദയമാണ്. 'ആ നല്ല രാത്രിയിലേക്ക് സൗമ്യമായി കടക്കുക' എന്നതുണ്ടാവാന്‍ പോകുന്നില്ല. അത് ഏകാന്തതയാണ്, നൈരാശ്യമാണ്, മനക്കലക്കവും ഭീതിയുമാണ്. വൃദ്ധ ഇതിനകം തറയിലും മേശകളിലുമായി തന്‍റെ മാറാപ്പിലുള്ളതൊക്കെ നിരത്തിയിട്ടു കഴിഞ്ഞു. തന്റെ പ്രവൃത്തി അവര്‍ക്ക് തൃപ്തിയായതായി തോന്നുന്നു. അടുത്ത നീക്കം എന്താണെന്നുള്ളതിനെക്കുറിച്ച് ഒരു സന്ദേഹവും. ഞാന്‍ ജോലിക്കാരെ സൂക്ഷിച്ചുനോക്കിയിട്ട് എന്താ ചെയ്യേണ്ടതെന്ന അര്‍ത്ഥത്തില്‍ പുരികം ചുളിച്ചു. അവര്‍ക്കും അതത്ര തീര്‍ച്ചയില്ല. ആരെങ്കിലും ചെന്ന് അവരോടെന്തെങ്കിലും പറയുകയാണോ വേണ്ടത്, അതോ, അങ്ങനെയൊരാള്‍ ഇല്ലെന്ന മട്ടില്‍ തന്‍റെ പാടു നോക്കുകയോ? അവര്‍ നിന്ന നില്പില്‍ അപ്രത്യക്ഷയായെങ്കില്‍ എന്നു ഞാന്‍ ആശിച്ചുപോയി. ആരെയെങ്കിലും വിളിച്ചുവരുത്താനാണെങ്കില്‍ ആരെ? ഒടുവില്‍ അവര്‍ എങ്ങനെയൊക്കെയോ തന്റെ ഉന്തുവണ്ടിയില്‍ നിന്ന് ഒരു പൊളിഞ്ഞ ഫോണ്‍ പുറത്തെടുത്തു. എലിയോ മറ്റോ കരണ്ടപോലെ വയറുകള്‍ തൂങ്ങിക്കിടക്കുന്നുണ്ട്. കടലാസുകള്‍ പറന്നുപോകാതിരിക്കാനോ എടുത്തെറിയാനോ ഉപയോഗിക്കാമെന്നല്ലാതെ മറ്റൊരുപകാരവും അതുകൊണ്ടില്ല. അവര്‍ എന്തുചെയ്യാന്‍ പോവുകയാണെന്ന് എനിക്ക് സംശയമായി. ലക്ഷക്കണക്കായ ന്യൂയോര്‍ക്ക് നിവാസിളെപ്പോലെ അവരും ആ ചത്ത, നിരുപയോഗമായ ഫോണിലൂടെ സംസാരം തുടങ്ങി. താന്‍ ഏതോ പ്രമാണിയാണെന്ന മട്ടെടുത്തുകൊണ്ട് ഫോണിന്റെ മറ്റേയറ്റത്തില്ലാത്ത ഒരാളോട് ഒച്ചയെടുത്ത് സംസാരിക്കുകയാണവര്‍. എനിക്ക് മനസ്സിലായതുവച്ചാണെങ്കില്‍ തന്റെ മുടിയൊതുക്കാന്‍ ഏതോ ബ്യൂട്ടി പാര്‍ലറില്‍ അപ്പോയിന്‍റ്മെന്‍റ് ബുക്കുചെയ്യാന്‍ നോക്കുകയാണവര്‍. പക്ഷേ, രണ്ടുകൂട്ടര്‍ക്കും യോജിപ്പിലെത്താന്‍ കഴിയാത്തപോലെയാണ്. ഒരു സര്‍റിയല്‍ മുഹൂര്‍ത്തമാണത്. അവരോട് കാത്തിരിക്കാന്‍ പറഞ്ഞിരിക്കുകയാണെന്ന് തോന്നുന്നു. അവര്‍ കാത്തിരിക്കുന്നു. എന്താണ് അവരുടെ അടുത്ത നടപടി എന്നറിയാന്‍ എനിക്ക് ജിജ്ഞാസയായി. പിന്നെ കേള്‍ക്കുന്നത് അവര്‍ ഫോണിലൂടെ തെറി വിളിക്കുന്നതാണ്. തനിക്ക് ഒരു പകല്‍ മുഴുവന്‍ കളയാനില്ലെന്ന് അവര്‍ 'റിസപ്ഷനിസ്റ്റി'നെ മനസ്സിലാക്കിക്കൊടുക്കുകയാണ്. ഏത് ഓഫീസ് ജോലിക്കാരെയുംപോലെ തിരക്കുപിടിച്ചതാണ് അവരുടെ നാളുകള്‍. തിങ്കളാഴ്ച അവര്‍ക്ക് പറ്റില്ല, ചൊവ്വാഴ്ച തീരെ പറ്റില്ല, ഒടുവില്‍ ബുധനാഴ്ച അപ്പോയിന്‍റ്മെന്‍റ് ബുക്കുചെയ്യാമെന്ന് അവര്‍ തീരുമാനിക്കുകയാണ്. അവര്‍ മുടിക്കു നിറംവരുത്താന്‍ പോവുകയാണെന്ന്. ഫോണ്‍ താഴെവയ്ക്കുന്നതിനുമുമ്പ്, ഈ സന്ദര്‍ഭത്തില്‍ അതിനെന്തര്‍ത്ഥമായാലും അവര്‍ വീണ്ടും മര്യാദക്കാരിയായി. ഇല്ലാത്ത ആ റിസപ്ഷനിസ്റ്റിന്റെ പേര് ചോദിക്കുകയാണ്. ഞാന്‍ അവരെത്തന്നെ നോക്കിയിരിക്കുന്നത് അവര്‍ കണ്ടു. അവര്‍ എന്നെ നോക്കി, പിന്നെ അവരുടെ മനസ്സില്‍ ഞാനെന്നൊരാള്‍ ഇല്ലെന്നപോലെ അവരുടെ നോട്ടം എന്നെയും കടന്നുപോയി. ശരിയാവാം, ഞാനെന്നൊരാള്‍ ഇല്ലായിരിക്കാം. എനിക്കാകെ ഒരരുതായ്മ തോന്നി. അവിശ്വസനീയമായി ഈ നഗരത്തെ ചലിപ്പിക്കുന്ന ചെറുകിട താന്‍പ്രമാണിത്തക്കാരെക്കാള്‍ എത്രയോ എത്രയോ ദൂരത്തിലാണ് ഈ സ്ത്രീയുടെ വ്യാമോഹങ്ങള്‍. ധാര്‍മികമേല്‍ക്കോയ്മ എടുത്തണിഞ്ഞുകൊണ്ട് എനിക്കുവേണമെങ്കില്‍ വാദിക്കാം, അമേരിക്കന്‍ സമൂഹം ഇന്നേവരെ അതിന്റെ ഏറ്റവും ദുര്‍ബ്ബലരും നിന്ദിതരുമായവരെ തെരുവിലേക്കെടുത്തെറിഞ്ഞിട്ടേയുള്ളുവെന്ന്. അത് സത്യമായിരിക്കാം, പക്ഷേ, ഇങ്ങനെയൊരു രംഗം നേരിടേണ്ടിവരുമ്പോള്‍ എനിക്കുണ്ടാകുന്ന പൊറുതികേടാണ് അതിനേക്കാള്‍ യഥാര്‍ത്ഥം. തന്‍േറതായ ഒരയഥാര്‍ത്ഥലോകത്ത് നിമഗ്നയായ, സ്വന്തം ചിത്തഭ്രമത്തിനെതിരെ പൊരുതുന്ന ആ വൃദ്ധ എന്റെ മാനസികതലത്തെയും ശാന്തതയെയും തടസ്സപ്പെടുത്തുകയാണ്. ആദ്യം അവര്‍ കൗതുകമുണര്‍ത്തുന്ന ഒരു ശല്യം മാത്രമായിരുന്നു, എന്നാലും അവര്‍ ശല്യംതന്നെയായിരുന്നു. അതില്പിന്നെ ഹീനമായ ഒരു സാന്നിദ്ധ്യമായി അവര്‍. മനുഷ്യരില്‍ നിറഞ്ഞിരിക്കുന്നുവെന്ന് പറയപ്പെടുന്ന ഹൃദയോഷ്മളത തരിമ്പുപോലും എനിക്കവരോട് തോന്നിയിരുന്നില്ല. തന്‍റേതായ ഒരു പ്രപഞ്ചത്തിലേക്കൊതുങ്ങിക്കൂടാനും പുറത്തെ മാലിന്യത്തോടും ദുരിതത്തോടും സംസര്‍ഗ്ഗമൊഴിവാക്കാനുമുള്ള ഈ മനോഭാവം അമേരിക്കനോ പാശ്ചാത്യമോ ആയ ഗുണമാവണമെന്നില്ല. ഇന്ത്യയിലും മറ്റെവിടെയും അത് കണ്ടെത്താവുന്നതേയുള്ളൂ. ഈ നഗരത്തിനും അത് നനച്ചുവളര്‍ത്തുന്ന സംസ്കാരത്തിനും ഇവരേപ്പോലുള്ള സ്ത്രീകള്‍ വലിഞ്ഞുകയറിവരുന്ന ശല്യങ്ങളാണ്. അവരുടെ സാന്നിദ്ധ്യം തന്നെ നഗരവത്ക്കരണം കൊട്ടിഘോഷിക്കുന്ന വെടിപ്പന്‍ ജീവിതങ്ങള്‍ക്ക് രുചിക്കാത്ത യാഥാര്‍ത്ഥ്യങ്ങളുമാണ്. ഇവിടെ അനാരോഗ്യവും മാനസികക്ഷയവും സൈദ്ധാന്തികനിര്‍മിതികളാണ്. നിത്യജീവിതത്തിന്റെ ആരവങ്ങളില്‍ നിന്നെത്രയോ അകലെക്കിടക്കുന്നവ. ആതുരമായ ഈ മനുഷ്യാവസ്ഥകള്‍ നമ്മുടെ ജീവിതങ്ങളിലേക്ക് ധാര്‍ഷ്ട്യത്തോടെ ഇടിച്ചുകയറിവരുമ്പോള്‍ എന്തുചെയ്യണമെന്ന് നമുക്കറിയാതാവുന്നു. രോഗികളായ മനുഷ്യരോടെന്നല്ല, സാധാരണമനുഷ്യരോടുതന്നെ എങ്ങനെ ഇടപെടണമെന്നതില്‍ നമ്മെ ഒന്നുപദേശിക്കാന്‍ നമ്മുടെ വിദ്യഭ്യാസപദ്ധതികള്‍ക്കൊന്നും കഴിയുന്നില്ല. പഠിച്ച പാഠങ്ങളൊന്നും ഓര്‍മിച്ചെടുക്കാനില്ല, തിരിഞ്ഞുനോക്കാന്‍ ആര്‍ജ്ജിതജ്ഞാനമില്ല. ആശ്രയിക്കാന്‍ സംഹിതകളോ വ്യവസ്ഥകളോ ഇല്ല, മാതൃകയാവാന്‍ കുടുംബബന്ധങ്ങളില്ല, പിന്‍പറ്റാന്‍ ഒരു മതപ്രമാണവുമില്ല. നമ്മുടെ ധാര്‍മികബോധം മാത്രം ബാക്കിയുണ്ട്. അതിന്റെയും അരിക് പൊടിയുകയാണ്, നമ്മുടെ ഈ അയഥാര്‍ത്ഥമായ അസ്തിത്വത്തിന്റെ ഓരോ നാളു കഴിയുമ്പോഴും.

ഞങ്ങള്‍ അമ്മമ്മയെ കണ്ടുമടങ്ങുമ്പോള്‍ വൈകുന്നേരമായിരിക്കുന്നു. അവരോടെന്തുപറയാന്‍? ഞാന്‍ ഓര്‍ത്തു. അതുകൊണ്ട് എന്തു വ്യത്യാസമുണ്ടാവാന്‍? മനസ്സിലൂടെ അങ്ങനെയൊരു ചിന്ത കടന്നുപോകുന്നത് ഞാന്‍ അറിഞ്ഞു. അമ്മയ്ക്ക് പക്ഷേ, അവരോടൊരുപാടൊരുപാട് പറയാനുണ്ടായിരുന്നു : ആര് ആരെ കല്ല്യാണം കഴിച്ചു? ആരൊക്കെ ഏതൊക്കെ പരീക്ഷ ജയിച്ചു? ഗുരുവായൂരിലേക്കുള്ള പുതിയ ബസ് റൂട്ടുകള്‍, ഒരകന്ന ബന്ധു വയ്ക്കുന്ന വീടിന്റെ വിശേഷങ്ങള്‍. അങ്ങനെയങ്ങനെ. ആത്മാര്‍പ്പണവും നൈരാശ്യവും ചേര്‍ന്നുള്ള വിചിത്രമായ ഒരു നാടകമായിരുന്നു അത്. അമ്മമ്മ ചിലപ്പോള്‍ തലയാട്ടും. ചിലപ്പോള്‍ പറഞ്ഞതുമായി ഒരു ബന്ധവുമില്ലാത്ത ഒരു മറുപടി പറയും. അതൊരുപക്ഷേ, അമ്മമ്മയുടെ വഴുതിപ്പോകുന്ന ആന്തരസത്തയിലേക്ക് ജൈവശാസ്ത്രത്തോടു പൊരുതി കടന്നുചെല്ലാന്‍ ഒരു മകള്‍ നടത്തുന്ന ശ്രമമായിരിക്കാം. ഇനി തനിക്കിങ്ങനെ ഒരു ഗതി വരാനിടയായാല്‍ തന്നെ അത്രപെട്ടെന്ന് കൈയൊഴിയരുതേയെന്ന് പരോക്ഷമായി എന്നോട് പറയുന്നതാണെന്നും വരാം. ഒടുവില്‍ പിരിയാന്‍ നേരമായപ്പോള്‍ അമ്മമ്മ എന്റെ തലയില്‍ കൈവച്ചു; കുനിഞ്ഞ് അവരുടെ കാലില്‍ തൊട്ടുതൊഴാന്‍ ഞാന്‍ ശ്രമം നടത്തുകയാണ്. എന്നിലെ യുക്തിവാദിക്ക് അതൊരു പാഴ്വേലയായിട്ടേ തോന്നൂ. എന്നിട്ടും അങ്ങനെ ചെയ്യാന്‍ എന്നിലെ എന്തോ ഒന്ന് നിര്‍ബന്ധിക്കുകയാണ്. അവരുടെ കണ്ണുകള്‍ വിദൂരതയിലെവിടെയോ ആണ്. അവര്‍ യാതൊന്നും മിണ്ടുന്നുമില്ല. ഞാന്‍ അവരുടെ കവിളത്തു തലോടി. വികൃതിയെങ്കിലും അത്രമേല്‍ സ്നേഹിക്കുന്നൊരു കുട്ടിയെയെന്നപോലെ. അവരുടെ അടുക്കളയില്‍ യഥേഷ്ടം കയറിയിറങ്ങാന്‍ പ്രായമായ കാലം മുതല്‍ അവര്‍ക്കു ഞാന്‍ അങ്ങനെയായിരുന്നുതാനും. ഞാന്‍ അമ്മമ്മയോട് പറഞ്ഞു: ഞാന്‍ പോയിവരാം. അമേരിക്കയില്‍ നിന്ന് ഞാനെന്തെങ്കിലും കൊണ്ടുവരണോ? അവര്‍ അവ്യക്തമായി പറയുന്നു : അമേരിക്കേന്നോ? ഓ, ഒന്നും വേണ്ട. ഒക്കെയിവിടെയുണ്ടല്ലോ. ഞങ്ങള്‍ മടങ്ങിയത് പാലക്കാട്ടെ പാടങ്ങള്‍ക്കരികിലൂടെയായിരുന്നു. സായാഹ്നസൂര്യന്‍ ആകാശത്തു കൂടി അരിച്ചുനീങ്ങുമ്പോള്‍ കാറ്റു മൂളിപ്പറക്കുകയാണവിടെ. കാറിന്റെ ഏ സി ശ്വാസം മുട്ടിച്ചുതുടങ്ങിയപ്പോള്‍ ഞാന്‍ ആ ഗ്ലാസ്സു താഴ്ത്തി. അമ്മ ചേച്ചിയോട് തങ്ങളുടെ അമ്മയുടെ ഒടുവിലത്തെ അവസ്ഥയെക്കുറിച്ച് ഫോണ്‍ ചെയ്യുന്ന തിരക്കിലാണ്. അതില്‍നിന്ന് ഞാന്‍ ശ്രദ്ധമാറ്റി. ദൂരെ സൂചിവലിപ്പത്തിലുള്ള നിഴല്‍രൂപങ്ങള്‍, കൃഷിക്കാരോ വേലക്കാരോ കറ്റ തല്ലുകയാണ് - നൂറ്റാണ്ടുകളായി കാര്യമായ മാറ്റമൊന്നും വരാത്ത വഴിയിലൂടെ നെല്ലും പതിരും വേര്‍തിരിക്കുകയാണവര്‍. എന്റെ ഹ്രസ്വായുസ്സിനുള്ളില്‍ത്തന്നെ ഭൂപ്രകൃതിക്ക് മാറ്റംവന്നിരിക്കുന്നു. അസാദ്ധ്യമെന്ന് തോന്നുന്ന രീതിയിലുള്ള ജൂവലറി ഷോമുകളുടെയും ധനികരായ സിനിമാതാരങ്ങളുടെയും കൂറ്റന്‍ പരസ്യങ്ങള്‍ ദരിദ്രരായ ആ പണിക്കാരെ തുറിച്ചുനോക്കുകയാണ്. ആ പരസ്യങ്ങള്‍ അവര്‍ക്കു വേണ്ടിയുള്ളതല്ല, അവയെ നോക്കാന്‍ നേരമില്ലാതെ കടന്നുപോകുന്ന എന്നെപ്പോലെയുള്ളവര്‍ക്കുള്ളതാണ്. സ്വര്‍ണ്ണമാണ് നാം കരുതിവയ്ക്കേണ്ടത്, അവ പ്രലോഭിപ്പിക്കുകയാണ്. ഘോഷിക്കുകയാണ്. യഥാര്‍ത്ഥലോകം ഇത്രയും മനോഹരമായിരിക്കെ, ആ പരസ്യപ്പലകകള്‍ വന്ധ്യമാണ്, വൈകാരികമായി മരിച്ചതല്ല അവയെങ്കില്‍. അമേരിക്കന്‍ ഉപന്യാസകാരനായ സ്കോട്ട് റസല്‍ സാന്‍ഡേഴ്സ് എവിടെയോ എഴുതിയിട്ടുണ്ട്, പ്രശാന്തഗംഭീരമായ ജീവിതം കണ്‍മുന്നില്‍ വന്നു നില്ക്കുമ്പോള്‍ നമ്മുടെ വാക്കുകള്‍ പരാജയമടയുകയാണെന്ന്. അറിവിന്റെ ലൗകികമണ്ഡലം വിട്ടുപോകുന്ന വാക്കുകളെ തേടിപ്പിടിക്കാന്‍ നിര്‍ബ്ബന്ധിതരാവുകയാണു നാം. നമ്മുടെ പദശേഖരം വിളര്‍ച്ചബാധിച്ചതും തലതിരിഞ്ഞതുമാണെന്ന് സ്വയം വെളിപ്പെടുത്തുകയാണ്. നമ്മുടെ ബോധത്തിന് ഭൌതികമായി ഒരു സ്ഥാനം കാണാന്‍ കഷ്ടപ്പെടുന്ന ആ ന്യൂറോസയന്‍റിസ്റ്റുകളെപ്പോലെയെന്നും പറയാം. എന്നാല്‍ നമ്മുടെ സിരകളിലൂടെയും മനസ്സിലൂടെയും പിടിതരാതെ ഓടിനടക്കുന്ന ആ ശക്തിയെ പ്രത്യേകമൊരു പേരുചൊല്ലി - ദാവോ, അല്ലാഹു, ശ്രീരംഗനാഥന്‍, ഈശ്വരന്‍, ന്യൂറോസയന്‍സ് - വിളിക്കാന്‍ കഴിയുന്നതും മനുഷ്യന്റെ മൗലികാവസ്ഥയിലേക്ക് ഒരുള്‍ക്കാഴ്ചയോ അറിവോ കിട്ടിയതിന്റെ ലക്ഷണമായിട്ടെടുക്കാനും പറ്റില്ല. അത്ര യഥാര്‍ത്ഥമാണ് വേദനയും സഹനവും. നമ്മുടെതന്നെ നിബന്ധനകള്‍ക്കനുസരിച്ച് നാം എതിരിടേണ്ടതൊന്നാണിത്. ഒരു ഹ്രസ്വനേരത്തേക്ക് എനിക്ക് ചാരിതാര്‍ത്ഥ്യം തോന്നുകയാണ്. കാണുന്നത് എനിക്കനുഭവമാകുന്നുണ്ടല്ലോയെന്ന്. അതിനെ വ്യക്തമാക്കാന്‍ എനിക്ക് കഴിയുന്നുണ്ട്. വായുവിന്റെ സ്പര്‍ശം ഞാനറിയുന്നുണ്ട്. ഇന്നലെയും ഇന്നും ഇന്നതാണെന്ന് എനിക്കൊരു ബോധമുണ്ടാവുന്നുണ്ട്. പുറത്തേക്ക് നോക്കുമ്പോള്‍ എനിക്ക് കാണാം, ഒരു കിളിപ്പറ്റം കൂട്ടിലേക്ക് മടങ്ങുന്നതും ഒരമ്പലവിളക്കിന്റെ വിദൂരവെളിച്ചം പാടത്തേക്കു തിരിനീട്ടുന്നതും. നോക്കിയിരിക്കാന്‍ ഉജ്ജ്വലമായ ഒരു ദൃശ്യം തന്നെയത്. അതിനെ കാണാനും ഞാന്‍ പഠിക്കേണ്ടിയിരിക്കുന്നു.


ന്യൂയോർക്കിലെ മാൻഹട്ടണിൽ ഒരു ധനകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുന്ന കീർത്തിക് ശശിധരൻ എഴുതിയ ഇംഗ്ലീഷ് ലേഖനത്തിന്റെ വിവർത്തനം. സമകാലികമലയാളം വാരികയിൽ പ്രസിദ്ധീകരിച്ചത്.