2018, ഓഗസ്റ്റ് 8, ബുധനാഴ്‌ച

മഹാദേവിയക്ക - മുല്ലപ്പൂ പോലെ വെളുത്ത ദേവാ!


26846716

ന്ത്രണ്ടാം നൂറ്റാണ്ടിൽ കർണ്ണാടകത്തിൽ ആവിർഭവിച്ച വീരശൈവഭക്തിപ്രസ്ഥാനത്തിൽ പെട്ട യോഗിനിയാണ്‌ മഹാദേവിയക്ക. അവരുടെ വചനകവിതകൾ പ്രമേയത്തിലെ ഉച്ഛൃംഖലത കൊണ്ടും ബിംബകല്പനയിലെ അപൂർവ്വത കൊണ്ടും നിത്യനൂതനമായിരിക്കുന്നു. 1150ൽ ബനവസിക്കടുത്തുള്ള ഉഡുഗാനിയിലാണ്‌ മഹാദേവിയുടെ ജനനം. പത്താം വയസ്സിൽ ശിവഭക്തയായി. ശിവന്റെ ചെന്നമല്ലികാർജ്ജുന (മുല്ലപ്പൂ പോലെ വെളുത്ത) രൂപമായിരുന്നു അവരുടെ ഉപാസനാമൂർത്തി. കൗശികൻ എന്ന രാജാവ് അവരെ വിവാഹം കഴിച്ചു. അവർ പക്ഷേ, കൊട്ടാരവും കുടുംബവും ഉപേക്ഷിച്ച്, സ്വന്തം മുടി കൊണ്ടു നാണം മറച്ച് ശിവസ്തുതികൾ പാടി അലഞ്ഞുനടന്നു. മുപ്പതു വയസ്സെത്തും മുമ്പേ അവർ സമാധിയായതായി കരുതപ്പെടുന്നു.


1
വാരിക്കുഴിയിൽ വീണ കൊമ്പൻ
താനലഞ്ഞ കാടുകളോർക്കുമ്പോലെ
- ഞാനോർക്കുന്നു.

കൂട്ടിലടച്ച തത്ത
ഇണക്കിളിയെ ഓർക്കുമ്പോലെ
- ഞാനോർക്കുന്നു.

മുല്ലപ്പൂ പോലെ വെളുത്ത ദേവാ,
എനിക്കു നിന്റെ വഴിയൊന്നു കാട്ടിത്തരൂ,
കുട്ടീ, ഇതു വഴിയേ,യെന്നെന്നെ വിളിക്കൂ!

2
മച്ചിക്കു പേറ്റുനോവറിയുമോ?
ചിറ്റമ്മയ്ക്കു വാത്സല്യമറിയുമോ?
മുറിയാത്തവനു നോവറിയുമോ?

മുല്ലപ്പൂ പോലെ വെളുത്ത ദേവാ,
നിന്റെ വാളുടലിലാഴ്ന്നു ഞാൻ പിടയുന്നു.

അമ്മമാരേ, നിങ്ങളെന്തറിയാൻ!

3
നീട്ടിപ്പിടിച്ച കൈയുമായി വീടുവീടായിത്തെണ്ടട്ടെ ഞാൻ,
എത്രയിരന്നാലുമാരുമൊന്നും തരാതെയും പോകട്ടെ,
കിട്ടിയാലതു മണ്ണിൽ വീണുപോകട്ടെ,
കുനിഞ്ഞെടുക്കും മുമ്പേയതു നായ കപ്പിയെടുക്കട്ടെ.

4
സ്വന്തം ശ്വാസത്തിലുണ്ട് സുഗന്ധമെങ്കിൽ
ആർക്കു വേണം പൂക്കൾ?

ക്ഷമയും ശാന്തിയും ആത്മാനുശാസനവും സ്വന്തമെങ്കിൽ
ആർക്കു വേണം സമാധി?

തന്നിൽത്തന്നെ ലോകമടങ്ങുമെങ്കിൽ
ആർക്കു വേണമേകാന്തത?

5
ഇലയ്ക്കടിയിലെ മുള്ളുകൾ,
അന്യപുരുഷന്മാർ.
ഞാനവരെത്തൊടില്ല,
ഞാനവരോടു മിണ്ടുകയുമില്ല.

മാറത്തവർക്കു മുള്ളുകളാണമ്മേ,
അവരെപ്പുണരാൻ വയ്യെനിക്കമ്മേ.
മുല്ലപ്പൂ പോലെ വെളുത്ത ദേവൻ,
അവനാണെന്റെ പുരുഷൻ.

6
ഞാൻ സ്നേഹിക്കുന്നതതിമോഹനനൊരുവനെ,
അവനു ജരയില്ല, മരണമില്ല, രൂപമില്ല,
ഇടമില്ല, വലമില്ല,ന്ത്യവുമില്ല,
ജനനകലകളൊന്നുമവനില്ല.
ഞാൻ സ്നേഹിക്കുന്നതമ്മേ, അവനെ.

ഞാൻ സ്നേഹിക്കുന്നതൊരു സുന്ദരനെ.
അവനു ബന്ധങ്ങളില്ല, ഭയമില്ല,
കുലമില്ല, ദേശമില്ല,
അവന്റെ സൗന്ദര്യത്തിനതിരുമില്ല.

മുല്ലപ്പൂ പോലെ വെളുത്ത ദേവൻ,
അവനാണെനിക്കു മണവാളൻ.

ഈ ഭർത്താക്കന്മാരെയെനിക്കു വേണ്ട;
ചാവുന്നവർ, ചീയുന്നവർ,
നിങ്ങൾക്കടുപ്പിലെ വിറകാവട്ടെ, അവരമ്മേ!

7
ആളാത്ത തീയിൽ ഞാനെരിഞ്ഞമ്മേ,
ചോരയിറ്റാത്ത മുറിവു കൊണ്ടു ഞാൻ നീറിയമ്മേ,
ഒരാനന്ദവുമറിയാതെ ഞാൻ കിടന്നുമറിഞ്ഞമ്മേ.

മുല്ലപ്പൂ പോലെ വെളുത്ത ദേവനെ പ്രേമിക്കയാൽ
അജ്ഞാതലോകങ്ങളിൽ ഞാനലഞ്ഞമ്മേ.

8
നാണം മറച്ച തുണിയൊന്നു മാറുമ്പോൾ
ആണും പെണ്ണും നാണിച്ചുചൂളുന്നു.

ജീവന്മാർക്കു നാഥൻ തന്നെ ലോകം നിറയുമ്പോൾ
എവിടെ നിങ്ങളുടെ ലജ്ജയ്ക്കിരിപ്പിടം?

ലോകം തന്നെയവനു കണ്ണായിരിക്കുമ്പോൾ
നിങ്ങളെവിടെപ്പോയി സ്വയമൊളിപ്പിക്കും?

9
വട്ടം ചുറ്റുന്ന കഴുകനറിയുമോ,
ചന്ദ്രനറിഞ്ഞ മാനത്തിന്നാഴങ്ങൾ?

പുഴയോരത്തെ പന്നലിനറിയുമോ,
താമരനാളമറിഞ്ഞ കയങ്ങൾ?

അരികത്തു പറക്കുന്ന പൂച്ചിക്കറിയുമോ,
തേനീച്ചയറിഞ്ഞ പൂമണങ്ങൾ?

മുല്ലപ്പൂ പോലെ വെളുത്ത ദേവാ,
നിന്റെ ഭക്തരുടെ രീതികൾ നിനക്കല്ലേ അറിയൂ?

കാലിത്തോലിൽ മേയുന്ന ഈച്ചകൾ,
ആ ഈച്ചകളെന്തറിയാൻ!

10
തെണ്ടിക്കിട്ടിയ വറ്റുണ്ട് വിശപ്പിന്‌,
ചിറയും ചോലയും കിണറും ദാഹത്തിനുണ്ട്,
പൊളിഞ്ഞ കോവിലുകളുണ്ടുറക്കത്തിന്‌,
ആത്മാവിനിണയായി നീയുമുണ്ടേ,
മുല്ലപ്പൂ പോലെ വെളുത്ത ദേവാ.

11
ഒന്നല്ല, രണ്ടല്ല, മൂന്നല്ല, നാലല്ല,
എമ്പത്തിനാലു കോടി യോനികളിൽ
പിറവിയെടുത്തവളാണു ഞാൻ!
എത്ര ലോകങ്ങൾ ഞാൻ കണ്ടു!
എത്രയൊക്കെ ഞാനനുഭവിച്ചു!
എന്റെ മുജ്ജന്മങ്ങളേതുമാവട്ടെ,
ഈയൊരു നാളേക്കെന്നോടു കരുണ കാട്ടൂ,
മുല്ലപ്പൂ പോലെ വെളുത്ത ദേവാ!

12
നിന്റെ തുടലിൻ തുമ്പിലെ മൊച്ചയായിരുന്നു ഞാൻ,
നിന്റെ ചരടിന്നറ്റത്തെ പാവയായിരുന്നു ഞാൻ.

നീ കളിപ്പിച്ചപോലെ ഞാൻ കളിച്ചു,
നീ പറയിച്ചപോലെ ഞാൻ പറഞ്ഞു,
ഞാനെന്തായതും നിന്റെ ഹിതം പോലെ.

നില്ക്കാൻ നീ പറയും വരെ,
ഈയോരോട്ടത്തിലുമായിരിക്കും ഞാൻ,
മുല്ലപ്പൂ പോലെ വെളുത്ത ദേവാ.

13
നിന്നെ ഞാനറിയാതിരുന്ന കാലം
നീയിരുന്നതെവിടെ?
പൊന്നിലതിന്റെ നിറം പോലെ
നീയെന്നിലടങ്ങിയിരുന്നു.
പുറത്തു കാണാതകത്തിരിക്കുന്ന മായം
ഞാൻ കണ്ടതു നിന്നിൽ,
മുല്ലപ്പൂ പോലെ വെളുത്ത ദേവാ!

14
എരിയുന്ന ചെഞ്ചിടകൾ,
വജ്രം കൊണ്ടു മകുടം,
അരിപ്പല്ലുകൾ നിരയൊത്തവ,
ലോകങ്ങൾ തിളക്കുന്ന കണ്ണുകൾ,
മുഖത്തു മന്ദഹാസവും.

നിന്റെ സ്വരൂപം ഞാനിന്നു കണ്ടു,
കണ്ടതു കണ്ടെന്റെ കണ്ണും നിറഞ്ഞു.

ആണുങ്ങളെ പെണ്ണുങ്ങളാക്കുന്ന
വീരനെ ഞാൻ കണ്ടു.

ശക്തിയോടൊത്തു നൃത്തം വയ്ക്കുന്നവൻ,
ലോകങ്ങൾക്കാദിനാഥൻ,
അവന്റെ നില കണ്ടെനിക്കു ജീവനുണ്ടെന്നുമായി!

15
പെരുംകാടു നീ,
കാട്ടിലെ നെടിയ മരങ്ങൾ നീ,
മരങ്ങളിലൊളിച്ചുകളിക്കുന്ന
കിളികളും പ്രാണികളും നീ.
എന്തുമേതും നീയെന്നായിട്ടും
എനിക്കു നീ മുഖം തരാത്തതെന്തേ,
മുല്ല്ലപ്പൂ പോലെ വെളുത്ത ദേവാ?

16
പകലത്തെ നാലു യാമങ്ങൾ
നിന്നെച്ചൊല്ലി ഞാൻ കരഞ്ഞു,
രാത്രിയിലെ നാലു യാമങ്ങൾ
നിന്നെയോർത്തെന്റെ തല തിരിഞ്ഞു.
മുല്ലപ്പൂ പോലെ വെളുത്ത ദേവാ,
രാപകൽ നിന്നെയോർത്തു ഞാൻ പനിച്ചു.
നിന്റെ പ്രണയമെന്നിൽ കുരുത്തതില്പിന്നെ
ഞാൻ മറന്നു വിശപ്പും ദാഹവുമുറക്കവും.

17
കായ പറിച്ച മരത്തിൽ നിന്നു പിന്നെ
ആരില പൊട്ടിച്ചാലെന്ത്?
വേണ്ടെന്നു വച്ച പെണ്ണിനെ പിന്നെ
ആരു കൂടെക്കിടത്തിയാലെന്ത്?
വിട്ടുപോന്ന വയലിൽ പിന്നെ
ആരു കൊഴുവിറക്കിയാലെന്ത്?
എന്റെ നാഥനെ അറിഞ്ഞ ഈയുടൽ പിന്നെ
നായ തിന്നാലെന്ത്, പുഴയിലഴുകിയാലെന്ത്?

18
നാളെ വരാനുള്ളതിന്നുതന്നെ വരട്ടെ,
ഇന്നു വരാനുള്ളതിക്ഷണം തന്നെ വരട്ടെ,
മുല്ലപ്പൂ പോലെ വെളുത്ത ദേവാ,
അന്നുമിന്നുമൊന്നും ഞങ്ങൾക്കു വേണ്ട.

19
കൈയിലുള്ളതു കവർന്നെടുക്കാം,
ഉടലഴകെങ്ങനെ കവർന്നെടുക്കാൻ?
ഉടുത്ത പഴന്തുണിയോരോന്നുമുരിഞ്ഞെടുക്കാം,
മറയ്ക്കുന്ന നഗ്നതയെങ്ങനെയുരിഞ്ഞെടുക്കാൻ?
മുല്ലപ്പൂ പോലെ വെളുത്ത ദേവൻ,
അവന്റെ പുലർവെളിച്ചം വാരിച്ചുറ്റിയ പെണ്ണിനു നാണമില്ല,
അവൾക്കു വേണ്ട മൂഢരേ, പട്ടും മാലയും!

20
മുടിയഴിച്ചിട്ടവൾ,
മുഖം വാടിയവൾ,
ഉടലുടഞ്ഞവൾ,
ആങ്ങളമാരേ,
നിങ്ങളെന്തിനിവളോടു മിണ്ടാൻ വരുന്നു?

അച്ഛന്മാരേ,
നിങ്ങളെന്തിനെന്നെച്ചൊല്ലി ഖേദിക്കുന്നു?
ഇവൾ ഭക്ത,
ഇവൾക്കു ദേഹബലമില്ല,
മനോബലമില്ല, ലോകമില്ല.

മുല്ലപ്പൂ പോലെ വെളുത്ത ദേവൻ,
അവനൊപ്പം ശയിച്ചിവൾക്കു ജാതിയും പോയി.

21
പാലിൽ നീരു പോലെ നീ,
ഏതേതെന്നെനിക്കറിയില്ല;
ഏതു മുമ്പേതു പിമ്പെന്നറിയില്ല,
ആരുടയവൻ, ആരടിയാനെന്നുമറിയില്ല.
സ്നേഹത്തോടെ നിന്നെ സ്തുതിച്ചാൽ
ഉറുമ്പും രുദ്രനാവില്ലേ,
മുല്ലപ്പൂ പോലെ വെളുത്ത ദേവാ!

22
എനിക്കു ഭർത്താവു നീ,
നിന്റെ ഭാര്യ ഞാൻ,
മറ്റാരുമെനിക്കില്ല ദേവാ.

നിന്നെ പ്രേമിച്ചു
നിന്റെ പിന്നാലെ വന്നവൾ ഞാൻ;
കടന്നുപോകുന്നവരൊക്കെ
അവളുടെ കൈയ്ക്കു പിടിക്കുമ്പോൾ
നീ മിണ്ടാതെ നില്ക്കുമോ?

നിന്നെ വിശ്വസിച്ചു വന്നവളെ
അന്യർ കയറിപ്പിടിക്കുമ്പോൾ
നീ മാറിനിന്നു നോക്കുമോ,
മുല്ലപ്പൂ പോലെ വെളുത്ത ദേവാ?

23
എരുമയ്ക്കൊരു ചിന്ത,
തോല്പണിക്കാരനു വേറൊരു ചിന്ത;
എനിക്കൊരു ചിന്ത,
തനിക്കു കാമചിന്ത;
നമ്മൾ തമ്മിലൊക്കില്ല മൂഢാ,
എന്റെ ചേലത്തലപ്പിന്റെ പിടി വിടൂ.
മുല്ലപ്പൂ പോലെ വെളുത്ത ദേവൻ,
അവനിഷ്ടമാകുമോ ഇല്ലയോ,
അതാണെനിക്കു ചിന്ത.

24
പാടുന്ന കിളികളേ,
നിങ്ങളും നോക്കണേ,
കൂകുന്ന കുയിലുകളേ,
നിങ്ങളും നോക്കണേ,
പറക്കും പൂമ്പാറ്റകളേ,
നിങ്ങളും നോക്കണേ,
നീന്തുമരയന്നങ്ങളേ,
നിങ്ങളും നോക്കണേ,
മലയിലാടുന്ന മയിലുകളേ,
നിങ്ങളും നോക്കണേ,
മുല്ലപ്പൂ പോലെ വെളുത്ത ദേവൻ,
അവനെവിടെന്നു ചൊല്ലണേ.

25
കാട്ടിനുള്ളിൽ വീടു വച്ചിട്ടു
കാട്ടുമൃഗങ്ങളെ പേടിച്ചിരിക്കാമോ?
കടലോരത്തു വീടു വച്ചിട്ടു
തിരകളെ പേടിച്ചിരിക്കാമോ?
അങ്ങാടിയിൽ വീടു വച്ചിട്ടു
ശബ്ദങ്ങളെ നാണിച്ചിരിക്കാമോ?
മുല്ലപ്പൂ പോലെ വെളുത്ത ദേവാ,
ഈ ലോകത്തു പിറവിയെടുത്തിട്ടു
സ്തുതിനിന്ദകൾ കേൾക്കുമ്പോൾ
മനസ്സസ്വസ്ഥമാകാമോ?

26
വിഷപ്പല്ലു പറിച്ചെടുത്തിട്ടു
മകുടിത്താളത്തിലാടിക്കാനായാൽ
പാമ്പിനോടു കൂട്ടുകൂടുന്നതു നല്ലതുതന്നെ.
ഇന്ദ്രിയങ്ങളെ വരുതിയിലാക്കാനായാൽ
ഉടലിനോടു കൂട്ടു കൂടുന്നതു നല്ലതുതന്നെ.
പെറ്റമ്മ രാക്ഷസിയായപോലെ
വികാരങ്ങൾക്കടിമയായ ഉടൽ.
നിനക്കിഷ്ടപ്പെട്ടവർ
ഉടലുള്ളവരാണെന്നു ചൊല്ലരുതേ,
മുല്ലപ്പൂ പോലെ വെളുത്ത ദേവാ.

27

വിശപ്പേ, നില്ക്ക്,നില്ക്ക്,
ദാഹമേ, നില്ക്ക്,നില്ക്ക്,
ഉറക്കമേ, നില്ക്ക്,നില്ക്ക്,
കാമമേ, നില്ക്ക്,നില്ക്ക്,
മോഹമേ, നില്ക്ക്,നില്ക്ക്,
മാനമേ, കോപമേ, നില്ക്ക്, നില്ക്ക്,
മുല്ലപ്പൂ പോലെ വെളുത്ത ദേവനായി
ഉടനടിയൊരു സന്ദേശമെനിക്കെത്തിക്കാനുണ്ട്.

28
എന്നെപ്പിടിക്കരുത്,
എന്നെത്തടയരുത്,
എന്റെ കൈ വിടൂ,
എന്റെ സാരിത്തുമ്പു വിടൂ;
വാക്കിനു നെറിയില്ലാത്തവർക്കു
കൊടുംനരകമാണെന്നറിയില്ലേ?
മുല്ലപ്പൂ പോലെ വെളുത്ത ദേവനെ വേട്ടവൾ,
അവളെത്തൊട്ടാലെന്തെന്നറിയില്ലേ?

29
ഉടലെന്ന പുഴയിൽ വെള്ളം പൊങ്ങിയപ്പോൾ
എന്റെ മനസ്സൊരു തോണിയായി.

എന്നെ അക്കര കടത്തൂ, തോണിക്കാരാ.

ഞാനക്കര കടക്കും
എന്നൊരാശയെനിക്കുണ്ട്, തോണിക്കാരാ.

എന്നെ അക്കര കടത്തൂ, തോണിക്കാരാ,
മുല്ലപ്പൂ പോലെ വെളുത്ത ദേവാ.

30

മണ്ണിൽ മറഞ്ഞ നിധി പോലെ,
കനിയിൽ മറഞ്ഞ രുചി പോലെ,
കല്ലിൽ മറഞ്ഞ പൊന്നു പോലെ,
എള്ളിൽ മറഞ്ഞ എണ്ണ പോലെ,

ഹൃദയത്തിൽ മറഞ്ഞ ബ്രഹ്മത്തെ
ആരൊരാളറിയാൻ?

മുല്ലപ്പൂ പോലെ വെളുത്ത ദേവന്റെ രീതികൾ
ആരറിയാൻ?

31

മജ്ജയിൽ നിന്നു സ്നേഹമെടുത്തു
വീടു നെയ്യുന്ന പട്ടുനൂല്പുഴുവിനെപ്പോലെ,
ഉടലിന്റെ നാരുകളിൽ സ്വയം ചുറ്റിച്ചുറ്റി
ഉയിരു വെടിയുന്ന പട്ടുനൂല്പുഴുവിനെപ്പോലെ,
ഹൃദയം കൊതിച്ചതു കൊതിച്ചു
ഞാനെരിയുന്നു, ദേവാ.
എന്റെ ഹൃദയത്തിന്റെ ദുരാർത്തികൾ വെട്ടിമുറിയ്ക്കൂ,
പുറത്തേക്കെനിക്കു വഴി കാണിക്കൂ,
മുല്ലപ്പൂ പോലെ വെളുത്ത ദേവാ.

32
തീപ്പൊരികളെനിക്കു മേൽ പാറിവീണാൽ
എന്റെ വിശപ്പും ദാഹവുമടങ്ങിയെന്നു ഞാൻ കരുതും.

ആകാശം പൊട്ടിപ്പിളർന്നെനിക്കു മേൽ പതിച്ചാൽ
അതെനിക്കു മേൽ കഴുകാനെന്നു ഞാൻ കരുതും.

ഒരു കുന്നിൻപുറമെനിക്കുമേലിടിഞ്ഞുവീണാൽ
അതെന്റെ മുടിയിൽ ചൂടാനുള്ള പൂവെന്നു ഞാൻ കരുതും.

മുല്ലപ്പൂ പോലെ വെളുത്ത ദേവാ,
കഴുത്തിൽ നിന്നെന്റെ തലയടർന്നുവീണാൽ
അതു നിനക്കുള്ള വഴിപാടെന്നു ഞാൻ കരുതും.

33
മരമായിട്ടെന്തു കാര്യം,
തണലില്ലെങ്കിൽ?
പണമുണ്ടായിട്ടെന്തു കാര്യം,
ദയയില്ലെങ്കിൽ?
പശുവുണ്ടായിട്ടെന്തു കാര്യം,
പാലില്ലെങ്കിൽ?
രൂപമുണ്ടായിട്ടെന്തു കാര്യം,
ഗുണമില്ലെങ്കിൽ?
ഞാനുണ്ടായിട്ടെന്തു കാര്യം,
മുല്ലപ്പൂ പോലെ വെളുത്ത ദേവാ,
നിന്നെയറിയില്ലെങ്കിൽ?

34
ആകാശത്തിന്നതിരോളം സൂര്യവെളിച്ചം,
കാറ്റിന്നിളക്കങ്ങൾ,
മരത്തിലും പൊന്തയിലും വള്ളിയിലും
ഇലവും പൂവും തളിരും:
ഇതെല്ലാം പകലിന്റെ പൂജകൾ.

ചന്ദ്രതാരങ്ങളുടെ,
അഗ്നിയുടെ വെളിച്ചങ്ങൾ,
മിന്നല്പിണരുകൾ,
വെളിച്ചമെന്നു പേരുള്ളതൊക്കെ:
അതെല്ലാം രാത്രിയുടെ പൂജകൾ.

രാവും പകലും നിന്നെപ്പൂജിച്ചു
ഞാനെന്നെത്തന്നെ മറന്നു,
മുല്ലപ്പൂ പോലെ വെളുത്ത ദേവാ.

35
എല്ലാമറിഞ്ഞിട്ടും
തന്നത്താനറിയില്ലെങ്കിൽ
എന്തു കാര്യം?
താനായിട്ടറിയാമെങ്കിൽ
അന്യരോടെന്തിനു
ചോദിക്കണം?
അറിവിന്നവതാരമായവനേ,
മുല്ലപ്പൂ പോലെ വെളുത്ത ദേവാ,
നിന്നെ ഞാനറിയുന്നു,
നിന്നിൽ,
നിന്നിലൂടെ.

36
ഉടലെനിക്കൊന്നേയുള്ളു,
മനസ്സുമൊന്നേയുള്ളു.
ഏതു മനസ്സു കൊണ്ടു ഞാൻ ധ്യാനിക്കും?
ഏതുടലു കൊണ്ടു ഞാൻ
ലോകവ്യവഹാരത്തിൽ മുഴുകും?
ഇഹത്തിനും പരത്തിനുമിടയിൽ
ഞാൻ കിടന്നുവലയുന്നു, ദേവാ,
രണ്ടു പശുക്കളുടെ പാലു കുടിക്കാൻ
അഴിച്ചുവിട്ട പൈക്കുട്ടിയെപ്പോലെ!

37
എന്റെ കരതലത്തിൽ
വന്നിരിക്കാനും മാത്രം
നീയെന്നിലെന്തുകണ്ടു,
മുല്ലപ്പൂ പോലെ വെളുത്ത ദേവാ?

38
നിനക്കു കേൾക്കണമെങ്കിൽ കേൾക്ക്,
വേണ്ടെങ്കിൽ വേണ്ട,
എനിക്കു പാടാതെ വയ്യ, നാഥാ.
നിനക്കു കാണണമെങ്കിൽ കാണ്‌,
വേണ്ടെങ്കിൽ വേണ്ട,
എനിക്കു നിന്നെ നോക്കാതെ വയ്യ, നാഥാ.
എന്നോടു മിണ്ടുമെങ്കിൽ മിണ്ട്,
ഇല്ലെങ്കിൽ വേണ്ട,
നിന്നെപ്പൂജിച്ചു ഞാനെന്നെ മറക്കും,
മുല്ലപ്പൂ പോലെ വെളുത്ത ദേവാ.


1 അഭിപ്രായം:

അംബി പറഞ്ഞു...

പുലർവെളിച്ചം വാരിച്ചുറ്റിയ പെണ്ണ്...., മുല്ലപ്പൂ പോലെ വെളുത്ത ദേവാ....
സുന്ദരം..ലളിതം....
ഓരോ മൊഴിമാറ്റവും ഒരു പ്രവാഹമാണ്....