2018, ഓഗസ്റ്റ് 13, തിങ്കളാഴ്‌ച

വീസ്വാവ ഷിംബോര്‍സ്ക്ക - പ്രണയത്തെക്കുറിച്ച് മൂന്നു കവിതകള്‍

szymborska2

പ്രഥമദൃഷ്ട്യാ പ്രണയം

ഇരുവർക്കും സംശയമേതുമില്ല,
വികാരത്തിന്റെ പൊടുന്നനേയുള്ളൊരിരച്ചുകേറ്റത്തിൽ
തമ്മിലൊന്നിക്കുകയായിരുന്നു തങ്ങളെന്നതിൽ.
അത്രയും തീർച്ച മനോഹരം തന്നെ,
തീർച്ചയില്ലായ്മ അതിലും മനോഹരമത്രേ പക്ഷേ.

ഇതിൻ മുമ്പു  പരസ്പരം കണ്ടിട്ടേയില്ലാത്തതിനാൽ അവർ കരുതുന്നു,
തങ്ങൾക്കിടയിൽ ഇതുവരെ യാതൊന്നുമുണ്ടായിട്ടില്ലെന്ന്.
അപ്പോൾപ്പിന്നെ ആ തെരുവുകളുടെയും കോണിപ്പടികളുടെയും ഇടനാഴികളുടെയും കാര്യമോ-
അവർ എത്ര ലക്ഷം തവണ അവയിലൂടെ  കടന്നുപോയിട്ടുണ്ടാവണം.

അവർക്കോർമ്മയുണ്ടോയെന്ന്
എനിക്കൊന്നു ചോദിക്കണം-
കറങ്ങുന്ന വാതിലിനു മുന്നിൽ
ഒരിക്കലെങ്കിലുമവർ മുഖത്തോടു മുഖം വന്നിട്ടില്ലേ?
ആൾക്കൂട്ടത്തിനിടയിൽ വച്ച് ഒരു “സോറി” അവർ മന്ത്രിച്ചിട്ടില്ലേ?
ഒരു “റോംഗ് നമ്പർ” അവർ ഫോണിലൂടെ പറഞ്ഞിട്ടില്ലേ?
അവരുടെ മറുപടി എന്തായിരിക്കുമെന്നെനിക്കൂഹിക്കാം-
ഇല്ല, തങ്ങൾക്കൊന്നുമോർമ്മയില്ല.

എത്രയോ കാലമായി
യാദൃച്ഛികത തങ്ങളെയിട്ടു കളിപ്പിക്കുകയായിരുന്നു എന്നറിയുമ്പോൾ
അവർ അമ്പരന്നു പോവും.

ഇനിയുമവരുടെ ഭാഗധേയമാവാൻ കാലമായിട്ടില്ലെന്നതിനാൽ
അതവരെ തള്ളിയടുപ്പിക്കുകയും പിടിച്ചുമാറ്റുകയും
അവരുടെ വഴി മുടക്കിനിൽക്കുകയും
പിന്നെ ഒരു ചിരി അമർത്തിക്കൊണ്ട്
ചാടിമാറുകയും ചെയ്യുകയായിരുന്നു.

അടയാളങ്ങളുണ്ടായിരുന്നു, സംജ്ഞകളുണ്ടായിരുന്നു,
അവർക്കതു മനസ്സിലായിരുന്നില്ലെന്നു മാത്രം.
ഒരു മൂന്നുകൊല്ലം മുമ്പ്
അതല്ലെങ്കിൽ ഇക്കഴിഞ്ഞ ചൊവ്വാഴ്ചയല്ലേ,
ഏതോ ഒരില
ഒരു ചുമലിൽ നിന്നു മറ്റൊരു ചുമലിലേക്കു പാറിവീണത്?
കാണാതെപോയതെന്തോ അവർ പെറുക്കിയെടുത്തിരുന്നു-
ബാല്യത്തിന്റെ പൊന്തക്കാട്ടിലേക്കുരുണ്ടുമറഞ്ഞ കളിപ്പന്തായിരുന്നില്ല
അതെന്നാരുകണ്ടു?

എത്ര വാതിൽപ്പിടികളും വാതില്‍മണികളുമുണ്ടായിരുന്നു,

അതിലൊന്നിലെങ്കിലും

ഒരാളുടെ സ്പര്‍ശത്തെ മറ്റൊരാളുടെ സ്പര്‍ശം പൊതിഞ്ഞില്ലേ?

ഒരു ലഗേജു മുറിയിൽ അടുത്തടുത്തു വച്ച പെട്ടികൾ അവരുടേതായിരുന്നില്ലേ?

ഏതോ ഒരു രാത്രിയിൽ

അവർ ഒരേ സ്വപ്നം തന്നെ കണ്ടിരുന്നുവെന്നു വരാം,

പുലരുമ്പോൾ പൊടുന്നനേയതു മാഞ്ഞുപോയതാവാം.

ഏതു തുടക്കവും
ഒരു തുടർച്ചയെന്നേയുള്ളു,
സംഭവങ്ങളുടെ പുസ്തകം
പാതി തുറന്നേ കിടക്കാറുമുള്ളു.


ആദ്യാനുരാഗം

ആളുകൾ പറയുന്നു
ആദ്യാനുരാഗമാണതിപ്രധാനമെന്ന്.
കാര്യം വളരെ കാല്പനികം തന്നെ.
എനിക്കനുഭവമതല്ല പക്ഷേ.

ഞങ്ങൾക്കിടയിലെന്തോ ഉണ്ടായിരുന്നു,
എന്നാൽ ഉണ്ടായിരുന്നുമില്ല.
എന്തോ നടന്നു, അതോടതു കഴിഞ്ഞു.

പോയകാലത്തിൽ നിന്നെന്തോ ചിലത്,
ചരടു കൊണ്ടു കെട്ടിവച്ച (നാട കൊണ്ടു പോലുമല്ല)
ഒരു കൂട്ടം കത്തുകൾ കൈയിൽ തടയുമ്പോൾ
എന്റെ വിരലുകൾ വിറകൊള്ളാറില്ല.

വർഷങ്ങൾക്കു ശേഷം ഞങ്ങളാദ്യമായി കാണുമ്പോൾ:
വെറുങ്ങലിച്ചൊരു മേശയ്ക്കിരുപുറവുമായി
രണ്ടു കസേരകളുടെ സംഭാഷണം.

മറ്റു പ്രണയങ്ങളിന്നുമെന്നിൽ ദീർഘശ്വാസമെടുക്കുന്നു.
ഈ പ്രണയത്തിനു പക്ഷേ,
ഒരു ദീർഘനിശ്വാസത്തിനുള്ള പ്രാണബലം പോലുമില്ല.

അങ്ങനെയായിരിക്കെത്തന്നെപക്ഷേ,
മറ്റുള്ളവയ്ക്കു കഴിയാത്തതൊന്നതു ചെയ്യുന്നുണ്ട്:
ഓർമ്മ വരാതെയും,
സ്വപ്നം കാണാതെപോലും,
അതെന്നെ മരണത്തിനു പരിചയപ്പെടുത്തുന്നു.


സന്തുഷ്ടപ്രണയം

സന്തുഷ്ടപ്രണയം. അതു സ്വാഭാവികമാണോ,
അതു ഗൌരവമുള്ളതാണോ, അതു പ്രായോഗികമാണോ?-
സ്വന്തമായൊരു ലോകത്തൊതുങ്ങിക്കൂടിയ രണ്ടു പേരെക്കൊണ്ട്
ലോകത്തിനെന്തു പ്രയോജനം?

പ്രത്യേകിച്ചൊരു കാരണവുമില്ലാതെ ഒരുന്നതപീഠത്തിൽ പ്രതിഷ്ഠിക്കപ്പെട്ടവർ,
കോടിക്കണക്കിനായ ആൾക്കാരിൽ നിന്ന് വെറും ഭാഗ്യം കൊണ്ടു മാത്രം നറുക്കു വീണവർ,
അതങ്ങനെയേ വരൂ എന്നു പക്ഷേ സ്വയം അത്രയ്ക്കുറപ്പായവർ-
എന്തിനുള്ള പ്രതിഫലമായി? ഒന്നിനുമല്ല.
എങ്ങുനിന്നുമല്ലാതെ ഒരു വെളിച്ചം വന്നുവീഴുന്നു-
എന്തുകൊണ്ടതീരണ്ടു പേരിൽ, മറ്റാരിലുമല്ലാതെ?
അതൊരു നീതിനിഷേധമല്ലേ? അതെ.
ഇത്രകാലമെടുത്തു നാം കെട്ടിപ്പൊക്കിയ പ്രമാണങ്ങൾക്കു വിരുദ്ധമല്ലേ,
നമ്മുടെ സദാചാരതത്വങ്ങളെ താഴേക്കു വലിച്ചെറിയലല്ലേ?
രണ്ടു കണക്കിലും അതെ.

ആ സന്തുഷ്ടരായ രണ്ടുപേരെ ഒന്നു നോക്കൂ.
അവർക്കതൊന്നു മറച്ചുപിടിക്കുകയെങ്കിലും ചെയ്തുകൂടേ,
തങ്ങളുടെ സുഹൃത്തുക്കളുടെ സന്തോഷത്തിനായി
ഒരല്പം വിഷാദം അഭിനയിക്കുകയെങ്കിലും ചെയ്തുകൂടേ അവർക്ക്!
എന്താണവരുടെ ചിരി- ധിക്കാരമല്ലേ അത്?
അവരുടെ ഭാഷ- അതു പൊട്ടത്തരമല്ലെന്നതു വെറും  തോന്നലല്ലേ?
അവരുടെ കൊച്ചുകൊച്ചാഘോഷങ്ങൾ, അനുഷ്ഠാനങ്ങൾ,
അന്യോന്യബാദ്ധ്യതകളുടെ വിപുലാചരണങ്ങൾ-
പുറംതിരിഞ്ഞു നിന്നുകൊണ്ട് മനുഷ്യവർഗ്ഗത്തിനെതിരായി
അവരെന്തോ ഒപ്പിക്കുകയാണെന്നതു തീർച്ച!

മറ്റുള്ളവരും ഇവരുടെ പാത പിന്തുടരുകയാണെങ്കിൽ
കാര്യങ്ങൾ എവിടെച്ചെന്നവസാനിക്കും?
മതവും കവിതയും പിന്നെന്തിനെ ആശ്രയിക്കും?
ഓർക്കാനെന്തുണ്ടാവും, ത്യജിക്കാനെന്തുണ്ടാവും?
അതിരുകൾക്കുള്ളിലൊതുങ്ങാനാരുണ്ടാവും?

സന്തുഷ്ടപ്രണയം. അങ്ങനെയൊന്നു ശരിക്കും ആവശ്യമാണോ?
സാമാന്യയുക്തി നമ്മെ ഉപദേശിക്കുന്നത് അതിനെ ഉപായത്തിലങ്ങു വിട്ടുകളയാനാണ്‌,
ജീവിതത്തിന്റെ ഉന്നതവൃത്തങ്ങളിൽ നടന്ന ഒരപവാദം പോലെ.
ചുണക്കുട്ടന്മാരായ കുഞ്ഞുങ്ങൾ പിറക്കാൻ അതിന്റെ സഹായം വേണമെന്നില്ല.
ഒരു കോടി കൊല്ലം കഴിഞ്ഞാലും അതു ഭൂമി നിറയ്ക്കാനും പോകുന്നില്ല;
അത്രയ്ക്കപൂർവമാണത്.

സന്തുഷ്ടപ്രണയത്തെക്കുറിച്ചറിയാത്തവർ പറഞ്ഞുകൊണ്ടിരിക്കട്ടെ,

അങ്ങനെയൊരു വസ്തു ലോകത്തില്ലെന്ന്.

സ്വന്തം ജീവിതവും മരണവും അല്പം കൂടി അനായാസമാവാൻ

ആ വിശ്വാസം അവരെ സഹായിച്ചുവെന്നു വരാം.


Love at First Sight

They’re both convinced
that a sudden passion joined them.
Such certainty is beautiful,
but uncertainty is more beautiful still.

Since they’d never met before, they’re sure
that there’d been nothing between them.
But what’s the word from the streets, staircases, hallways—
perhaps they’ve passed by each other a million times?

I want to ask them
if they don’t remember—
a moment face to face
in some revolving door?
perhaps a “sorry” muttered in a crowd?
a curt “wrong number” caught in the receiver?—
but I know the answer.
No, they don’t remember.

They’d be amazed to hear
that Chance has been toying with them
now for years.

Not quite ready yet
to become their Destiny,
it pushed them close, drove them apart,
it barred their path,
stifling a laugh,
and then leaped aside.

There were signs and signals,
even if they couldn’t read them yet.
Perhaps three years ago
or just last Tuesday
a certain leaf fluttered
from one shoulder to another?
Something was dropped and then picked up.
Who knows, maybe the ball that vanished
into childhood’s thicket?

There were doorknobs and doorbells
where one touch had covered another
beforehand.
Suitcases checked and standing side by side.
One night, perhaps, the same dream,
grown hazy by morning.

Every beginning
is only a sequel, after all,
and the book of events
is always open halfway through.

(translated from Polish by Clare Cavanaugh and Stanislaw Baranczak.)

First Love

They say
the first love’s most important.
That’s very romantic,
but not my experience.

Something was and wasn’t there between us,
something went on and went away.

My hands never tremble
when I stumble on silly keepsakes
and a sheaf of letters tied with string
— not even ribbon.

Our only meeting after years:
two chairs chatting
at a chilly table.

Other loves
still breathe deep inside me.
This one’s too short of breath even to sigh.

Yet just exactly as it is,
it does what the others still can’t manage:
unremembered,
not even seen in dreams,
it introduces me to death.

Translated from the Polish by
Clare Cavanagh
and Stanislaw Baranczak

A Happy Love

A happy love. Is it normal,
is it serious, is it profitable --
what use to the world are two people
who have no eyes for the world?
Elevated each for each, for no apparent merit,
by sheer chance singled out of a million, yet convinced
it had to be so -- as reward for what? for nothing;
the light shines from nowhere --
why just on them, and not on others?
Is this an offense to justice? Yes.
Does it violate time-honored principles, does it cast
any moral down from the heights? It violates and casts down.
Look at the happy couple:
if they'd at least dissemble a bit,
feign depression and thereby cheer their friends!
Hear how they laugh -- offensively.
And the language they speak -- it only seems to make sense.
And all those ceremonials, ceremonies,
those elaborate obligations toward each other --
it all looks like a plot behind mankind's back!
It's even hard to foresee how far things might go
if their example could be followed.
What could religions and poetries rely on,
what would be remembered, what abandoned,
who would want to keep within the bounds.
A happy love. Is it necessary?
Tact and common sense advise us to say no more of it
than of a scandal in Life's upper ranks.
Little cherubs get born without its help.
Never, ever could it populate the earth,
for it happens so seldom.
Let people who know naught of happy love
assert that nowhere is there a happy love.
With such faith, they would find it easier to live and to die.


അഭിപ്രായങ്ങളൊന്നുമില്ല: