1688ലെ ശരല്ക്കാലത്ത് ബാഷോ ഇന്നത്തെ നഗാനോ പ്രവിശ്യയിലുള്ള സരാഷിന (Sarashina)യിലേക്ക് ഒരു യാത്ര നടത്തി. അദ്ദേഹത്തിനന്ന് 45 വയസ്സായിരുന്നു. അടുത്ത ശിഷ്യന്മാരിൽ ഒരാളായ എറ്റ്സുജിൻ Etsujin(1655-1739) ആയിരുന്നു സഹയാത്രികൻ.
ശരല്ക്കാലചന്ദ്രനെ നോക്കിയിരിക്കുക എന്നത് അക്കാലത്തെ ജപ്പാനിൽ ആളുകൾ വളരെ ഭവ്യമായി കണ്ടിരുന്ന ഒരു സൗന്ദര്യാനുഷ്ഠാനമായിരുന്നു. ശരല്ക്കാലചന്ദ്രനെ കാണാൻ താൻ നടത്തിയ യാത്രയെക്കുറിച്ചുള്ള അനുഭവങ്ങളാണ് ബാഷോ തന്റെ ‘സരാഷിനായാത്ര’ (Sarashina Kiko)യിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു കൊല്ലം കഴിഞ്ഞ് വടക്കൻ ജപ്പാനിലേക്ക് അദ്ദേഹം നടത്താനിരിക്കുന്ന പ്രശസ്തമായ യാത്രയുടെ വിവരണത്തിന്റെ പ്രവേശമായി ഇതിനെ കാണാം. ഒബാസുതേ (Obasute) മലയിൽ നിന്നു കാണുന്ന ചന്ദ്രനെക്കുറിച്ച് ചെറിയ ഒരു ഗദ്യലേഖനവും ഇക്കാലത്തെഴുതിയതാണ്. ഹെയ്ബൺ (Haibun) എന്ന, ഗദ്യവും ഹൈക്കുവും ചേർന്ന സാഹിത്യരൂപത്തിന്റെ ആദ്യമാതൃകകളിൽ പെട്ടതാണ് ഈ യാത്രക്കുറിപ്പ്.
ശരൽക്കാലത്തെ കാറ്റു വീശിത്തുടങ്ങിയപ്പോൾ ഒബാസുതേമലയ്ക്കു മേൽ പൂർണ്ണചന്ദ്രനുദിക്കുന്നതു കാണാനുള്ള എന്റെ ആഗ്രഹം കലശലായി. സരാഷിനാഗ്രാമത്തിലെ ആ പരുക്കൻമലകൾക്കിടയിലാണ് പണ്ടൊരുകാലത്ത് ഗ്രാമീണർ തങ്ങളുടെ വയസ്സായ അമ്മമാരെ കൊണ്ടുപോയിത്തള്ളിയിരുന്നത്. ഇതേയാഗ്രഹം മനസ്സിൽ വച്ചുനടന്നിരുന്ന മറ്റൊരാളുണ്ടായിരുന്നു-എന്റെ ശിഷ്യനായ എറ്റ്സുജിൻ; അയാളും എന്നോടൊപ്പം വന്നു. ഒപ്പം എന്റെ ചങ്ങാതി കാക്കെയ് ഏർപ്പാടാക്കിയ ഒരു വേലക്കാരനും.
ഗ്രാമത്തിലേക്കുള്ള കിസോനിരത്ത് ഉയരത്തിലുള്ള കുറേ മലനിരകൾ കടന്നുപോകുന്നതായതിനാൽ ചെങ്കുത്തായതും അപകടം പിടിച്ചതുമായിരുന്നല്ലോ.തങ്ങളാലാവുംവിധം പരസ്പരം സഹായിക്കാൻ ഞങ്ങൾ ശ്രമിച്ചുവെങ്കിലും യാത്ര ചെയ്തു പരിചയമില്ലാത്തതിനാൽ പല പിഴവുകളും ഞങ്ങൾക്കു പറ്റി. ആ പിഴവുകൾ പക്ഷേ ഞങ്ങൾക്കു പറഞ്ഞുചിരിക്കാനുള്ള വകയാവുകയും അങ്ങനെ മുന്നോട്ടു നീങ്ങാനുള്ള ധൈര്യം പകരുകയും ചെയ്തു.
പോരുന്ന വഴിക്കൊരിടത്തു വച്ച് അറുപതിനു മേൽ പ്രായം വരുന്ന ഒരു പുരോഹിതനെ കണ്ടുമുട്ടി; മുതുകത്തു വലിയൊരു മാറാപ്പും മുഖത്തു മുഷിഞ്ഞൊരു ഗൗരവഭാവവുമായി വിഷമിച്ചു തപ്പിപ്പിടിച്ചു നടക്കുകയാണദ്ദേഹം. എന്റെ കൂട്ടാളികൾക്കനുകമ്പ തോന്നി പുരോഹിതന്റെ ചുമലിൽ നിന്നു ഭാണ്ഡമെടുത്ത് എന്റെ കുതിരപ്പുറത്തേറ്റി. അതുകാരണം വലിയൊരു കെട്ടിൻപുറത്തായി എന്റെ യാത്ര. എന്റെ തലയ്ക്കു മേൽ മലകൾ ഒന്നിനുമേലൊന്നായി ഉയർന്നുനിൽക്കുകയാണ്; എനിക്കിടതുവശത്തായി ആയിരമടി താഴെ തിളച്ചൊഴുകുന്ന ഒരു പുഴയിലേക്കു പതിക്കുന്ന അഗാധമായ ഒരു ഗർത്തം. കുതിരയൊന്നു തെറിച്ചാൽ ഞാൻ ഞെട്ടിവിറയ്ക്കും.
കാകേഹാഷി, നെസാമേ, സരി-ഗാ-ബാബ എന്നിങ്ങനെ പേരായി അപകടം പിടിച്ച പല സ്ഥലങ്ങളും ഞങ്ങൾ കടന്നുപോയി. വളഞ്ഞും പുളഞ്ഞും കയറിപ്പോകുന്ന ആ മലമ്പാതയിലൂടെ അങ്ങനെ യാത്ര ചെയ്യുമ്പോൾ മേഘങ്ങൾക്കിടയിലൂടെ തപ്പിത്തടഞ്ഞുനടക്കുകയാണു ഞങ്ങളെന്ന് എനിക്കു തോന്നിപ്പോയി. പേടി കൊണ്ടു മനസ്സിന്റെ സമനില തെറ്റുമെന്നായപ്പോൾ ഞാൻ കുതിരപ്പുറത്തുള്ള സവാരി ഉപേക്ഷിച്ച് സ്വന്തം കാലുകളിൽ പ്രാഞ്ചിപ്രാഞ്ചി നടന്നു. പകരം വേലക്കാരൻ കുതിരപ്പുറത്തു കയറി. അയാൾക്കു പക്ഷേ അപകടത്തിന്റെ ചിന്ത തന്നെയില്ലെന്നു തോന്നി. ഇടയ്ക്കിടയ്ക്കയാൾ കുതിരപ്പുറത്തിരുന്നു മയങ്ങുകയും ചെയ്യുന്നുണ്ട്; ആ അഗാധമായ ഗർത്തത്തിലേക്കയാൾ തലകുത്തി വീഴുമെന്നു തോന്നിപ്പോയി. ഓരോ തവണ അയാളുടെ തല ഒടിഞ്ഞുവീഴുന്നതു കാണുമ്പോഴും ഞാൻ ഭയന്നുവിറയ്ക്കുകയായിരുന്നു. ഒന്നോർത്താൽ നാമോരോരുത്തരും ആ വേലക്കാരനെപ്പോലെയല്ലേ? കാറും കോളും നിറഞ്ഞ അന്തരീക്ഷത്തിൽ, മറഞ്ഞുകിടക്കുന്ന അപകടങ്ങളെക്കുറിച്ചു ബോധവാന്മാരാകാതെ, ഉറയ്ക്കാത്ത മണ്ണടരുകളിൽച്ചവിട്ടി നീങ്ങുകയാണു നാം; എനിക്ക് ആ വേലക്കാരനെക്കാണുമ്പോഴുള്ള അതേ ഉത്ക്കണ്ഠയോടെയാവില്ലേ, അങ്ങുയരത്തിലിരുന്ന് ബുദ്ധഭഗവാൻ നമ്മുടെ ഭാഗ്യവിപര്യയങ്ങളെ വീക്ഷിക്കുന്നതും?
ഇരുട്ടു വീണപ്പോൾ ഞങ്ങൾ ഒരു കുടിലിൽ അഭയം തേടി. ഞാൻ വിളക്കു കൊളുത്തിവച്ചിട്ട് മഷിക്കുപ്പിയും പേനയുമെടുത്തു. അന്നു കണ്ട ദൃശ്യങ്ങളും മനസ്സിൽക്കുറിച്ച കവിതകളും ഓർത്തെടുക്കാനായി ഞാൻ കണ്ണുകളടച്ചിരുന്നു. ഞാൻ തലയിൽ തട്ടിക്കൊണ്ട് ഒരു തുണ്ടു കടലാസ്സിനു മേൽ കുനിഞ്ഞിരിക്കുന്നതു കണ്ടപ്പോൾ പുരോഹിതൻ കരുതിക്കാണണം, ഞാൻ യാത്രാക്ഷീണം കാരണം ക്ലേശിക്കുകയാണെന്ന്. അദ്ദേഹം താൻ ചെറുപ്പകാലത്തു നടത്തിയിട്ടുള്ള തീർത്ഥയാത്രകളെക്കുറിച്ചും പുരാണങ്ങളിലെ മഹാവാക്യങ്ങളെക്കുറിച്ചും താൻ സാക്ഷിയായിട്ടുള്ള അത്ഭുതങ്ങളെക്കുറിച്ചുമൊക്കെ എന്നോടു വിസ്തരിക്കാൻ തുടങ്ങി. ഈയൊരു തടസ്സം കാരണം, കഷ്ടം, ഒരു കവിത പോലുമെഴുതാൻ എനിക്കു കഴിഞ്ഞില്ല. ഈ സമയത്തു പക്ഷേ, ഇലച്ചിലുകൾക്കും ചുമരിലെ വിള്ളലുകൾക്കുമിടയിലൂടെ നിലാവ് എന്റെ മുറിയിലേക്കിറങ്ങിവന്നു. മരക്കട്ടകളുടെ താളത്തിനും കാട്ടുമാനുകളെ തുരത്തിയോടിക്കുന്ന നാട്ടുകാരുടെ ഒച്ചവയ്പ്പിനും കാതു കൊടുക്കവെ ഞാൻ മനസ്സിൽ പറയുകയായിരുന്നു, ശരൽക്കാലത്തിന്റെ ഏകാന്തത ഈ രംഗത്തിൽ പൂർത്തി തേടുകയാണെന്ന്. ഞാൻ എന്റെ കൂട്ടാളികളോടു പറഞ്ഞു, 'ദീപ്തചന്ദ്രന്റെ രശ്മികൾക്കു ചോടെ, വരൂ, നമുക്കൊന്നു മോന്താം'. വീട്ടുകാരൻ കോപ്പകളുമായി വന്നു.അവയുടെ ഏറിയ വലിപ്പം അത്ര വിശിഷ്ടമായ ഒരു അഭിരുചിയെ കുറിക്കുന്നില്ല; സ്വർണ്ണനിറത്തിലുള്ള അരക്കു കൊണ്ടുള്ള അലങ്കാരപ്പണികളാവട്ടെ, അത്ര ഭംഗിയുള്ളതുമല്ല. സംസ്ക്കാരം കൂടിപ്പോയ നഗരവാസികൾ അവ തൊടാൻ ഒന്നറച്ചേക്കാം. പക്ഷേ ഒരുൾനാട്ടിൽ വച്ച് എനിക്കവ കണ്ടപ്പോള്‍ ആഹ്ലാദമാണു തോന്നിയത്; രത്നം പതിച്ച അപൂർവമായ നീലക്കോപ്പകളെക്കാൾ അനർഘമാണവയെന്നും എനിക്കു തോന്നി.
ഉൾനാട്ടുമാനത്തൊരു
വിപുലചന്ദ്രനെക്കാൺകെ
എനിക്കൊരു തോന്നൽ,
പൊന്നരക്കു കൊണ്ടതിൽ വരയ്ക്കാൻ.
*
മലമ്പള്ളത്തിനു മേൽ തൂക്കുപാലം-
അതിൽ പറ്റിയിരിക്കുന്നു,
പ്രാണൻ കൂട്ടിപ്പിടിച്ച്
ഒരു വള്ളിപ്പന്ന.
*
ക്യോട്ടോവിലേക്കു പോകും വഴി
ചക്രവർത്തിയുടെ കുതിരകൾ
കടന്നുപോയിരിക്കണം,
ഈ തൂക്കുപാലം.
*
പാലം പാതിയെത്തുമ്പോൾ,
മഞ്ഞുമറ മായുമ്പോൾ,
കണ്ണു ചിമ്മാൻ പോലും
എനിക്കു പേടിയാകുന്നു.
(എറ്റ്സുജിൻ എഴുതിയത്)
*
ഒബാസുതെ മലയിൽ വച്ചെഴുതിയത്:
ഭാവനയിൽ കണ്ടു,
ചന്ദ്രനെക്കണ്ടാനന്ദിച്ച്
രണ്ടുപേർ,
ഒരു വൃദ്ധയും ഞാനും.
*
പിറ വന്നു
പതിനാറായിട്ടും
സരാഷിന വിട്ടു
ഞാൻ പോയില്ല.
*
മൂന്നു നാളു പോയപ്പോൾ
മൂന്നു വേള ഞാൻ കണ്ടു,
കഴുകിത്തെളിഞ്ഞ മാനത്ത്
നിന്നുകത്തുന്ന ചന്ദ്രനെ.
(എറ്റ്സുജിൻ എഴുതിയത്)
*
മെലിഞ്ഞ ഞെട്ടുകളിൽ
മഞ്ഞുതുള്ളികളണിഞ്ഞ്
മഞ്ഞമുത്തങ്ങ.
*
പൊള്ളുന്ന മുള്ളങ്കി
നാവു പൊള്ളിച്ചു,
ശരല്ക്കാലക്കാറ്റെന്റെ
നെഞ്ചു പൊള്ളിച്ചു.
*
വിട ചൊല്ലിയും
വിട നല്കിയും
കിസോയിലെ ശരല്ക്കാലത്തേക്ക്
ഞാൻ കാലെടുത്തുവച്ചു.
*
സെൻകോജി ക്ഷേത്രത്തിൽ വച്ചെഴുതിയത്
നാലു പടിപ്പുരകൾ
നാലു സമ്പ്രദായങ്ങൾ-
തെളിഞ്ഞ നിലാവത്ത്
ഒരുമിച്ചുറക്കം.
*
എന്റെ മേൽ ചരലു വിതറി
അസമ മലയിൽ
പൊടുന്നനേയൊരു
കൊടുങ്കാറ്റ്.
*
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ