1684ൽ ബാഷോ സ്നേഹിതനായ സോറ എന്ന സെൻ ഭിക്ഷുവുമൊത്ത് ഇഡോ (ഇന്നത്തെ ടോക്ക്യോ)യ്ക്ക് 50 മൈൽ കിഴക്കുള്ള കാഷിമ (Kashima) എന്ന ക്ഷേത്രത്തിലേക്ക് ഒരു യാത്ര പോയി. വിളവെടുപ്പുകാലത്തെ ചന്ദ്രനെ കാണുക, അവിടെ വിശ്രമജീവിതം നയിക്കുന്ന തന്റെ സെൻ ഗുരു ബുച്ചോവിനെ സന്ദർശിക്കുക എന്നതായിരുന്നു ഉദ്ദേശ്യങ്ങൾ. ആ യാത്രയുടെ രേഖയാണ് ഒരു കാഷിമായാത്ര (Kashima Kiko).
ആയോധനവിദ്യയുടെ അധിദേവതയ്ക്കു സമർപ്പിക്കപ്പെട്ടതാണ് കാഷിമാക്ഷേത്രം. കാഷിമയിലെ ദേവൻ ഒരു വെള്ളമാനിന്റെ പുറത്ത് നരായിലേക്ക് ദൂതുമായി പോയതായി ഐതിഹ്യമുണ്ട്.
ശരൽക്കാലത്തെ വെളുത്തവാവിൻനാൾ സുമാകടലാരത്തെത്തിയ കവി തെയ്ഷിത്‌സു *എഴുതിയത്രെ:
പൈൻമരച്ചോട്ടിലിരുന്നു ഞാന്‍
പൂർണ്ണചന്ദ്രനെക്കണ്ടു-
ചൂനാഗോന്റെ* ദുഃഖമാണ്
മനസ്സിൽ ഞാനപ്പോൾ കണ്ടു.
ആ കവിയുടെ ഓർമ്മയും മനസ്സിൽ വച്ചുനടന്ന ഞാൻ ഒടുവിൽ കഴിഞ്ഞ ശരൽക്കാലത്തൊരുദിവസം സുമാകടലോരം ലക്ഷ്യമാക്കി ഇറങ്ങിനടന്നു; കാഷിമാക്ഷേത്രം നിൽക്കുന്ന മലനിരകൾക്കു മേൽ പൂർണ്ണചന്ദ്രനുദിക്കുന്നതു കാണാനുള്ള ത്വര എന്നെ പിടിച്ചുവലിക്കുകയായിരുന്നു. എന്നോടൊപ്പം മറ്റു രണ്ടുപേരുണ്ടായിരുന്നു. ഒന്ന് തൊഴിലൊന്നുമില്ലാത്ത ഒരു ചെറുപ്പക്കാരൻ; മറ്റൊരാൾ ഒരു ഭിക്ഷു. ഈ രണ്ടാമതു പറഞ്ഞയാളിന്റെ വേഷം കാക്കക്കറുപ്പായിരുന്നു; കഴുത്തിൽ സന്യാസം കാണിക്കുന്ന ഒരുത്തരീയം; മുതുകത്ത് ബുദ്ധഭഗവാന്റെ മൂർത്തിയുമായി ചെറിയൊരു പേടകവും. ഇദ്ദേഹം തന്റെ വലിയ വടിയും എടുത്തുവീശി മറ്റാരെക്കാളും മുന്നിലായി വഴിയിലേക്കിറങ്ങിയതു കണ്ടാൽ ബുദ്ധന്മാരുടെ ലോകത്തേക്ക് ഒരു സൗജന്യയാത്രാശീട്ട് ആരോ കീറിക്കൊടുത്തിട്ടുണ്ടെന്നു തോന്നിപ്പോവും. ഞാനും ചുറ്റിയിരുന്നത് കറുപ്പു തന്നെ; പക്ഷേ ഭിക്ഷുവെന്നോ ലൗകികനെന്നോ വേർതിരിച്ചുപറയാനാവാത്ത അവസ്ഥയിലായിരുന്നു ഞാൻ. ചിലനേരം പക്ഷിയെന്നും മറ്റുചിലപ്പോൾ എലിയെന്നും പറയാവുന്ന ഒരു വാവൽജന്മം. എന്റെ വീടിനടുത്തുള്ള ഒരു കടവത്തു നിന്ന് തോണി കയറി ഞങ്ങൾ ഗ്യോടോകുപട്ടണത്തിലെത്തി; തുടർന്നുള്ള യാത്ര കുതിരപ്പുറത്തു വേണ്ട, നടന്നുതന്നെയാവാം എന്നു ഞങ്ങൾ തീരുമാനിച്ചു: ഞങ്ങളുടെ ഈ മെലിഞ്ഞ കാലുകൾക്ക് എന്തു ശേഷിയുണ്ടെന്നറിയണമല്ലോ.
കെയ്പ്രവിശ്യയിലെ ഒരു ചങ്ങാതി സ്നേഹത്തോടെ സമ്മാനിച്ച സൈപ്രസ്തൊപ്പികൾ കൊണ്ടു തല മറച്ച് ഞങ്ങൾ വലിഞ്ഞുനടന്നു; യഹാതാഗ്രാമവും പിന്നിട്ടു ഞങ്ങൾ എത്തിയത് കമാഗൈ-നോ-ഹാരാ എന്നു പേരായ അന്തമറ്റ ഒരു പുൽമൈതാനത്താണ്. ഒറ്റനോട്ടത്തിൽ ഒരായിരം മൈൽ കാണാവുന്ന ഒരു തുറസ്സുണ്ടത്രെ ചൈനയിൽ; ഇവിടെയാകട്ടെ, ഞങ്ങളുടെ കണ്ണുകൾ ആ പുൽപ്പരപ്പിലൂടെ തടവില്ലാതെ നീങ്ങി ഒടുവിൽ ചക്രവാളത്തിൽ ഉയർന്നുനിൽക്കുന്ന ത്‌സുക്കൂബാമലയുടെ ഇരുമുടികളിൽ ചെന്നുതങ്ങുന്നു. രണ്ടു വാളുകൾ പോലെ ആകാശത്തെ പിളർന്നുനിൽക്കുന്ന ആ മലമുടികൾ ചൈനയിലെ പേരുകേട്ട റോസാൻമലയുടെ *ഇരുശിഖരങ്ങൾക്കു കിടനിൽക്കുന്നവ തന്നെ.
മഞ്ഞിന്‍റെ ഭംഗി പറയാതെതന്നെ-
ചെമ്പട്ടു പുതച്ച
ത്‌സുക്കൂബാ മല
തിളങ്ങിനിൽക്കുന്നു.
എന്റെ ശിഷ്യൻ റൺസെറ്റ്സു* ഇവിടം സന്ദർശിച്ചപ്പോളെഴുതിയ കവിതയാണിത്. യമാടോടകേരുരാജാവും* തന്റെ കവിതയിലൂടെ ഈ മലയെ അനശ്വരമാക്കിയിരിക്കുന്നു. രംഗാകവിതയുടെ* ആദ്യസമാഹാരത്തിനു പേരും ഈ മലയുടേതു തന്നെ. എന്തിനു പറയുന്നു, ഒരു ഹൈക്കുവോ വാക്കയോ രചിക്കാതെ ഒരു കവിയും ഇതുവഴി കടന്നുപോയിട്ടില്ല.
എനിക്കു ചുറ്റും പയർച്ചെടിപ്പൂവുകൾ വീണുകിടക്കുകയാണ്. ആശ്ചര്യത്തോടെ അതും നോക്കിനിൽക്കുമ്പോൾ എനിക്ക് തമെനാക്കയെ* ആദരവോടെ ഓർക്കാതിരിക്കാൻ പറ്റിയില്ല: അദ്ദേഹം തന്റെ മാറാപ്പിൽ പയർച്ചെടികൊമ്പുകൾ ഒടിച്ചിട്ട് അങ്ങു ക്യോട്ടോവോളം കൊണ്ടുപോയല്ലോ. പയർച്ചെടികൾക്കൊപ്പം മറ്റു കാട്ടുപൂവുകളുമുണ്ട്-മണിപ്പൂവുകൾ, മുത്തങ്ങകൾ, കാശപ്പൂവുകൾ; ഒക്കെ മുറ്റിത്തഴച്ചു കിടക്കുകയാണ്. കാട്ടുകലമാനുകളുടെ അലർച്ചകൾ, ഇണകളെ വിളിക്കുന്നതാവാം, ഇടയ്ക്കിടെ മുഴങ്ങിക്കേൾക്കാമായിരുന്നു. കുതിരപ്പറ്റങ്ങൾ പുൽപ്പുറം ചവിട്ടിമെതിച്ചുകൊണ്ട് ഹുങ്കോടെ നടക്കുന്നുണ്ട്.
ഇരുട്ടു വീണപ്പോൾ ടോണേപുഴയുടെ കരയ്ക്കുള്ള ഫൂസാപട്ടണത്തിൽ ഞങ്ങളെത്തി. ഇവിടുള്ളവർ കോരമീനെ പിടിക്കുന്നത് പരമ്പു കൊണ്ടുള്ള ഒരുതരം കെണി പുഴയിലാഴ്ത്തിയിട്ടാണ്. അതവർ ഇഡോയിലെ ചന്തയിൽ കൊണ്ടുപോയി വിൽക്കുന്നു. ഞങ്ങൾ ഒരു മുക്കുവക്കുടിലിൽ ചെന്നുകയറി മീൻനാറ്റത്തിനിടയിൽ കിടന്ന് അൽപനേരം മയങ്ങി. പിന്നെ ഒരു തോണി പിടിച്ച് ആ നിലാവത്ത് ഞങ്ങൾ കാഷിമാക്ഷേത്രത്തിൽ ചെന്നുചേർന്നു.
പിറ്റേന്നു മഴ തുടങ്ങി; ചന്ദ്രോദയം കാണാൻ ഒരു വഴിയുമില്ല. കൊമ്പോൻജിക്ഷേത്രത്തിലെ പഴയ ശാന്തിക്കാരൻ ക്ഷേത്രം നിൽക്കുന്ന മലയടിവാരത്ത് ആശ്രമം കെട്ടി താമസിക്കുകയാണെന്ന് ആരോ പറഞ്ഞു. അങ്ങനെ ഞാൻ അദ്ദേഹത്തെ ചെന്നുകണ്ടു; അന്നു രാത്രി അവിടെ തങ്ങാൻ അദ്ദേഹം സദയം അനുവാദം തരികയും ചെയ്തു. ആ ആശ്രമത്തിന്റെ പ്രശാന്തതയെ എങ്ങനെ വിവരിക്കേണ്ടു? പഴയൊരു കവിയുടെ വാക്കുകളിൽ പറഞ്ഞാൽ, അതെന്റെ ഹൃദയത്തെ ഒരു ധ്യാനഭാവത്തിലേക്കുയർത്തുകയായിരുന്നു. ചന്ദ്രനെ കാണാൻ പറ്റാത്തതിന്റെ മനഃക്ഷോഭം അൽപനേരത്തേക്കെങ്കിലും അടക്കാനും അതുവഴി എനിക്കു കഴിഞ്ഞു. പക്ഷേ പുലർച്ചയ്ക്കൽപ്പം മുമ്പ് കനത്തുതൂങ്ങുന്ന മേഘങ്ങളുടെ വിള്ളലുകൾക്കിടയിലൂടെ ചന്ദ്രൻ തെളിയാൻ തുടങ്ങി. ഞാൻ ചെന്ന് പുരോഹിതനെ തട്ടിയുണർത്തി; അദ്ദേഹത്തോടൊപ്പം മറ്റുള്ളവരും എഴുന്നേറ്റുവന്നു. മേഘങ്ങളെ കീറി പുറത്തുവരാൻ ശ്രമിക്കുന്ന നിലാവിനെ നോക്കി, നിന്നുപെയ്യുന്ന മഴയുടെ ആരവം കേട്ട് നിശബ്ദരായി ഞങ്ങളിരുന്നു. ഇത്ര നീണ്ട യാത്ര ചെയ്തു വന്നിട്ട് എനിക്കു കാണാൻ കിട്ടിയത് ചന്ദ്രന്റെ ഇരുണ്ട നിഴലാണെന്നു വരുന്നത് ഖേദകരം തന്നെ, സംശയമില്ല; അതേസമയം ഒരു കുയിലിന്റെ പാട്ടു കേൾക്കാൻ ദീർഘയാത്ര നടത്തിയ ഒരു മഹതി* ഒരു കവിത പോലും എഴുതാനാവാതെ മടങ്ങിയതിന്റെ ഓർമ്മ എനിക്കു സാന്ത്വനമാവുകയും ചെയ്തു. അന്നു ഞങ്ങൾ എഴുതിയ കവിതകൾ ഇവയാണ്:
കാലമേതുമാകട്ടെ,
ചന്ദ്രൻ തിളങ്ങുന്നതൊരുപോൽ;
ഒഴുകുന്ന മേഘങ്ങളതിനെ
പല രാവിൽ പലതാക്കുന്നു.
(സന്യാസിയെഴുതിയത്)
*
പായുന്ന ചന്ദ്രനു ചോടെ
ഇലത്തലപ്പുകൾ-
മഴയുടെ കനവും പേറി.
(ബാഷോ എഴുതിയത്)
*
അന്തിയുറങ്ങിയതമ്പലത്തിൽ-
അതിനാൽ ഞാൻ ചന്ദ്രനെക്കണ്ടതും
ഭക്തിയോടെ.
(ബാഷോ)
*
മഴയത്തു മയങ്ങിപ്പോയി
മുളംതണ്ട്-
ചന്ദ്രനെക്കാണാനതു
നിവർന്നുനിൽക്കുന്നു.
(സോറ) *
*
അമ്പലക്കൂരയിലിറവെള്ളമിറ്റുമ്പോൾ
ചന്ദ്രനെ നോക്കി നിങ്ങൾ നിൽക്കുന്നു-
തനിച്ചാണീ ലോകത്തെന്നു
നിങ്ങൾക്കു തോന്നും.
(സോഹ)
*
കാഷിമാക്ഷേത്രത്തിൽ വച്ചെഴുതിയത്:
പുരാതനർ ദേവകളുടെ നാളിൽ
ഒരു വെറും വിത്തായിരുന്നിരിക്കുമീ
വൃദ്ധനാം പൈൻമരം.
(ബാഷോ)
*
അമ്പലക്കല്ലില്‍
മഞ്ഞുതുള്ളികള്‍-
ഭക്തിയോടെ
നാമതു വടിച്ചെടുക്കുക.
(സോഹ)*
*
അമ്പലത്തിനു മുന്നില്‍
കലമാനുകള്‍ പോലും
മുട്ടുകുത്തുന്നു,
ദീനരോദനവുമായി
(സോറ)
*
ഒരു കളപ്പുരയിൽ വച്ചെഴുതിയത്:
പാതി കൊയ്ത പാടത്ത്
ഒറ്റയ്ക്കൊരു കൊറ്റി-
ശരൽക്കാലമിരുളുകയും.
(ബാഷോ)
*
നെല്ലു കുത്തുന്ന പെൺകുട്ടി
വേല തെല്ലു നിർത്തുന്നു
ചന്ദ്രനെയൊന്നു നോക്കാന്‍.
(ബാഷോ)
*
തീയിട്ട പാടത്ത്
ഉരുളക്കിഴങ്ങിന്നിലകൾ-
പെരുവിരലൂന്നി ഞാൻ
ചന്ദ്രനെക്കാത്തു നിൽക്കുന്നു.
(ബാഷോ)
*
ഒരു പാടത്തു വച്ചെഴുതിയത്:
എന്നുടയാടകൾക്കു
നിറം കൂടി,
പൂവിട്ട
പയർച്ചെടികൾക്കിടയിൽ.
(സോറ)
*
1687
* തെയ്ഷിത്‌സു Teishitsu (1610-1673)- ക്യോട്ടോവില്‍ വ്യാപാരിയായിരുന്ന ഹൈക്കു കവി.
*ചൂനാഗോണ്‍ Chunagon (818-893)- Arihara-no-Yukihira എന്ന വാക്ക കവി അറിയപ്പെട്ടിരുന്നത് ഈ പേരിലാണ്. അദ്ദേഹത്തിന്റെ പ്രശസ്തമായ ഈ കവിതയാണ് തെയ്ഷിറ്റ്സു പരാമര്‍ശിക്കുന്നത്:
ഞാനെവിടെയെന്ന് ആരെങ്കിലും ചോദിച്ചാല്‍
പറഞ്ഞേക്കൂ,
സുമാ കടലോരത്തെ ഉപ്പളങ്ങളില്‍
ഉപ്പു കയ്ക്കുന്ന കണ്ണീരുമൊഴുക്കി
അയാളിരുപ്പുണ്ടെന്ന്.
*റോസാൻമല Rozan/ Lu-shan-കിഴക്കന്‍ ചൈനയിലെ ഒരു പര്‍വ്വതനിര. പണ്ടുകാലത്തെ പല കവികളും ഏകാന്തത കൊതിച്ച് ഇവിടെ താമസമാക്കിയിരുന്നു.
*റൺസെറ്റ്സുRansetsu (1654-1707)- സമുരായി കൂടിയായിരുന്ന ഹൈക്കു കവി.
*യമാടോടകേരു Yamatotakeru - ജപ്പാനിലെ പ്രാചീനരാജവംശത്തില്‍ പെട്ട രാജാവ്; പരാക്രമി എന്നു പേരെടുത്തു.
*രംഗാ Renga -ഒന്നിലധികം കവികളെഴുതുന്ന തുടര്‍ക്കവിത.
*തമെനാക്ക {Tachibana-no-Tamenaka (?-1085)- ഒരു വാക്ക കവി.
*ബാഷോ പറയുന്നത് സെയ്ഷോനാഗോണ്‍ (Seshonagon) എന്ന കവയിത്രിയെ കുറിച്ചാണ്.
* സോറ Sora(1649-1710)- ബാഷോയുടെ യാത്രകളില്‍ അദ്ദേഹത്തിന്റെ സഹയാത്രികന്‍. ബാഷോയുടെ യാത്രക്കുറിപ്പുകളില്‍ ഭാവനയുടെ അംശം എത്രയുന്ടെന്നറിയുന്നത് സോറയുടെ വിവരണങ്ങള്‍ വായിക്കുമ്പോഴാണ്!
*സോഹ Soha ഇഡോയിലെ ജ്യോരിന്‍ജി ക്ഷേത്രത്തിലെ മുഖ്യപുരോഹിതന്‍ ആണെന്നു കരുതപ്പെടുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ