2019, നവംബർ 17, ഞായറാഴ്‌ച

ബെർത്തോൾട്ട് ബ്രെഹ്റ്റ് - രണ്ടു കവിതകൾ



1. ലെനിൻ മരിച്ച ദിവസം


1
ലെനിൻ മരിച്ച ദിവസം
അദ്ദേഹത്തിന്റെ ജഡത്തിനു കാവൽ നിന്ന ഒരു പട്ടാളക്കാരൻ
കൂടെയുള്ള സഖാക്കളോടു പറഞ്ഞുവത്രെ:
എനിക്കതു വിശ്വസിക്കാൻ തോന്നിയില്ല,
ഞാൻ അകത്തു ചെന്ന് അദ്ദേഹത്തിന്റെ കാതിൽ ഉറക്കെപ്പറഞ്ഞു:
“ഇല്യിച്ച്, ചൂഷകന്മാർ വന്നുകൊണ്ടിരിക്കുന്നു!”
അദ്ദേഹം ഇളകിയില്ല.
അപ്പോൾ എനിക്കുറപ്പായി, അദ്ദേഹം ജീവൻ വെടിഞ്ഞുവെന്ന്.
2
ഒരു നല്ല മനുഷ്യൻ പോകാൻ തീരുമാനിച്ചാൽ
എങ്ങനെയാണു നിങ്ങൾ അയാളെ പിടിച്ചുനിർത്തുക?
എന്തു കൊണ്ടാണ്‌ അയാളെ ആവശ്യമെന്ന് അയാളോടു പറയുക.
അതയാളെ പിടിച്ചുനിർത്തും.
3
ലെനിനെ പിടിച്ചുനിർത്താൻ എന്തുകൊണ്ടാകുമായിരുന്നു?
4
പട്ടാളക്കാരൻ കരുതി,
ചൂഷകന്മാർ വരുന്നുണ്ടെന്നു കേൾക്കുമ്പോൾ
ഇനിയെത്ര രോഗപീഡിതനാവട്ടെ, അദ്ദേഹമെഴുന്നേൽക്കുമെന്ന്,
വരുന്നതൂന്നുവടികളിലാണെന്നു വരാം,
തന്നെ എടുത്തുകൊണ്ടു വരാനദ്ദേഹമനുവദിച്ചുവെന്നു വരാം,
എങ്ങനെയായാലും അദ്ദേഹം എഴുന്നേൽക്കുമായിരുന്നു,
ചൂഷകന്മാരെ നേരിടുന്നതിനായി വരുമായിരുന്നു.
5
എന്നു പറഞ്ഞാൽ, പട്ടാളക്കാരനറിയാമായിരുന്നു,
ലെനിൻ തന്റെ ജീവിതകാലമുടനീളം
ചൂഷകന്മാർക്കെതിരെ യുദ്ധം ചെയ്യുകയായിരുന്നുവെന്ന്.
6
വിന്റർ പാലസിലേക്കുള്ള ഇരച്ചുകേറ്റത്തിൽ പങ്കെടുത്ത ഒരു പട്ടാളക്കാരൻ
നാട്ടിലേക്കു മടങ്ങാൻ താല്പര്യം പറഞ്ഞപ്പോൾ
(അവിടെ കൃഷിഭൂമി വിതരണം ചെയ്യുകയാണെന്നതിനാൽ)
ലെനിൻ അയാളോടു പറഞ്ഞു: നിൽക്കൂ!
ചൂഷകന്മാർ ഇനിയും പോയിട്ടില്ല.
ചൂഷണമുള്ള കാലത്തോളം
നാമതിനോടു പൊരുതുകയും വേണം.
നിങ്ങൾക്കു ജീവനുള്ള കാലത്തോളം
നിങ്ങളതിനോടു പൊരുതുക തന്നെ വേണം.
7
ബലം കുറഞ്ഞവർ പൊരുതാൻ നിൽക്കില്ല.
ബലമുള്ളവർ ഒരു മണിക്കൂർ പൊരുതിയെന്നു വരാം.
അതിലും ബലമേറിയവർ പല കൊല്ലങ്ങൾ പൊരുതി നിന്നേക്കാം.
ആയുസ്സു മുഴുവൻ പൊരുതുന്നവരാണ്‌ ഏറ്റവും കരുത്തർ.
അവരാണ്‌ അനുപേക്ഷണീയർ.

2. പ്രവാസകാലം

നിങ്ങളുടെ തൊപ്പി തൂക്കിയിടാൻ
ചുമരിൽ ആണിയടിച്ചുകയറ്റുകയൊന്നും വേണ്ട;
കയറിവരുമ്പോൾ കസേരയിലതിട്ടേക്കൂ,
ഒരു വിരുന്നുകാരനും അതിലിരുന്നിട്ടില്ല.
പൂക്കൾക്കു നനയ്ക്കുന്നതിനെക്കുറിച്ചു വേവലാതിപ്പെടേണ്ട-
അവ നട്ടുപിടിപ്പിക്കുന്നതിനെപ്പറ്റിത്തന്നെ ചിന്തിക്കേണ്ട;
അവ പൂവിടും മുമ്പേ നിങ്ങൾ നാട്ടിലേക്കു മടങ്ങിയിട്ടുണ്ടാവും;
അവ പിന്നെ ആർക്കു വേണം?
ഭാഷ പഠിച്ചെടുക്കുന്നതത്ര വിഷമമാണെങ്കിൽ
ഒരല്പം ക്ഷമ കാണിച്ചാൽ മതി;
നിങ്ങൾ മടങ്ങിച്ചെല്ലണമെന്നഭ്യർത്ഥിക്കുന്ന കമ്പിസന്ദേശത്തിന്‌
പരിഭാഷയുടെ ആവശ്യമില്ല.
ഓർക്കുക, കുമ്മായപ്പാളികളായി
മച്ചു പൊളിഞ്ഞുവീഴുമ്പോൾ
നിങ്ങളെ പുറത്തു നിർത്തുന്ന ചുമരും തകരുകയാണ്‌,
അത്രയും വേഗത്തിലല്ലെങ്കിൽ, അതിലും വേഗത്തിൽ.


2 അഭിപ്രായങ്ങൾ:

ranji kshema പറഞ്ഞു...

പരിഭാഷയുടെ കൂടെ യഥാർത്ഥ കവിത കൂടി കൊടുത്താൽ നന്നായേനെ

അമ്പി പറഞ്ഞു...

നന്നായിട്ടുണ്ട്!