ശീർഷകമില്ലാത്ത കവിത
കാരീയത്തോടു ഞാൻ ചോദിച്ചു,
നീയെന്തിനാണ് വെടിയുണ്ടയായി വാർത്തെടുക്കാൻ
നിന്നുകൊടുത്തത്?
ആൽക്കെമിസ്റ്റുകളുടെ കാര്യം
നീ മറന്നുപോയോ?
സ്വർണ്ണമായി മാറാമെന്ന പ്രതീക്ഷ
നീ കൈവെടിഞ്ഞോ?
ആരും മറുപടി തരുന്നില്ല.
കാരീയം. വെടിയുണ്ട.
ഇത്തരം പേരുകളുള്ളപ്പോൾ
ഉറക്കം അഗാധവും ദീർഘവുമാകുന്നു.
*
പേടി
ഒരാളിൽ നിന്നൊരാളിലേക്ക്
ഭീതി പകരുന്നു,
അവരറിയാതെ.
ഒരില മറ്റൊന്നിലേക്ക്
വിറ പകരുമ്പോലെ.
പൊടുന്നനേ മരമാകെ വിറകൊള്ളുകയായി.
കാറ്റിന്റെ ലക്ഷണമൊന്നും കാണാനുമില്ല.
*
തണ്ണിമത്തങ്ങകൾ
പഴക്കടകളിൽ
ഹരിതബുദ്ധന്മാർ.
നാം പുഞ്ചിരി കഴിക്കുന്നു,
പല്ലുകൾ തുപ്പിക്കളയുന്നു.
*
ജനുവരി
ഒരു കൊച്ചുസ്കൂൾകെട്ടിടത്തിന്റെ
മഞ്ഞുറഞ്ഞ ജനാലയിൽ
കുട്ടികളുടെ വിരല്പാടുകൾ.
ഒരു സാമ്രാജ്യം, ഞാനെവിടെയോ വായിച്ചു,
സ്വയം നിലനിർത്തിപ്പോരുന്നത്
അതിന്റെ തടവറകളിലെ ക്രൂരതകളിലൂടെയാണ്
*
എന്റെ വലംകൈവിരലുകൾക്ക്
1
പെരുവിരൽ
ഒരു കുതിരയുടെ ആടുന്ന പല്ല്
തന്റെ പിടകൾക്കൊരു പൂവൻ
ഒരു പിശാചിന്റെ കൊമ്പ്
ജനനവേളയിൽ
അവരെന്റെ മാംസത്തോടൊട്ടിച്ചുവിട്ട
തടിയൻ വിര
അവനെ അടക്കിനിർത്താൻ
ഞൊട്ടയൊടിയും വരെ
രണ്ടായി വളയ്ക്കാൻ
നാലാളു വേണ്ടിവരുന്നു.
അവനെ മുറിച്ചുതള്ളൂ
സ്വന്തം കാര്യം നോക്കാൻ ആളാണവൻ
ഭൂമിയിൽ വേരു പിടിക്കട്ടെ
അല്ലെങ്കിൽ ചെന്നായ്ക്കളോടൊത്ത്
വേട്ടയ്ക്കു പോകട്ടെ.
2
രണ്ടാമൻ വഴി ചൂണ്ടുന്നു
സത്യമായ വഴി
ആ പാത ചന്ദ്രനെയും
ചില നക്ഷത്രങ്ങളെയും കടന്നുപോകുന്നു
ശ്രദ്ധിക്കുക
അവൻ അതിനുമപ്പുറം ചൂണ്ടുന്നു
അവൻ തന്നെത്തന്നെ ചൂണ്ടുന്നു
3
നടുക്കത്തെയാളിനു നടുവേദനയാണ്
ഒരു വഴക്കവുമില്ലാത്തവൻ
ഈ ജീവിതത്തോടിനിയും പൊരുത്തപ്പെടാത്തവൻ
പിറവിയിലേ ഒരു കിഴവൻ
തനിക്കു കൈമോശം വന്ന എന്തോ ഒന്നാണ്
അവൻ എന്റെ കൈയിൽ തേടുന്നത്
കൂർത്ത പല്ലുള്ള നായ
ചെള്ളെടുക്കുന്നപോലെ.
4
നാലാമൻ നിഗൂഢതയത്രെ
ചിലനേരം എന്റെ കൈ
മേശമേൽ വിശ്രമിക്കുമ്പോൾ
ആരോ തന്നെ പേരുചൊല്ലി വിളിച്ചപോലെ
അവൻ ചാടിയെഴുന്നേൽക്കുന്നു.
ഓരോ എല്ലിനും വിരലിനും ശേഷം
ഞാൻ അവന്റെയടുക്കലെത്തുന്നു
മനഃക്ലേശത്തോടെ.
5
അഞ്ചാമനിലെന്തോ കുതറുന്നു
നിതാന്തമായി ജനനാരംഭവേളയിലുള്ള
എന്തോ ഒന്ന്
ദുർബലനും വഴങ്ങുന്നവനും
അവന്റെ സ്പർശം മൃദുവാണ്
അവനിൽ ഒരു കണ്ണീർത്തുള്ളി തങ്ങിനിൽക്കുന്നു
അവൻ കണ്ണിലെ കരടെടുക്കുന്നു.
*
എന്നെക്കുറിച്ച്
-------------------
നിദ്രാരഹിതരുടെ കിരീടം വയ്ക്കാത്ത രാജാവാണു ഞാൻ,
സ്വന്തം പ്രേതങ്ങളോടിപ്പോഴും വാളെടുത്തു പട വെട്ടുന്നവൻ,
മച്ചുകളും അടഞ്ഞ വാതിലുകളും വായിച്ചുപഠിക്കുന്നവൻ,
രണ്ടും രണ്ടും നാലാവണമെന്നു നിർബ്ബന്ധമില്ലെന്നു വാതു വയ്ക്കുന്നവൻ.
ശവമുറിയിൽ പാതിരാഷിഫ്റ്റിൽ ജോലി ചെയ്യുമ്പോൾ
അക്കോർഡിയൻ വായിക്കുന്നൊരു സന്തുഷ്ടാത്മാവ്.
ഭ്രാന്തു പിടിച്ചവന്റെ തലയ്ക്കുള്ളിൽ നിന്നു രക്ഷപ്പെട്ടോടി
അയാളുടെ തലയ്ക്കരികിലെ ചുമരിൽ പറന്നുവന്നിരിക്കുന്നൊരീച്ച.
ഗ്രാമത്തിലെ പൂജാരിമാരുടേയും കരുവാന്മാരുടേയും പിൻഗാമി:
പ്രശസ്തരും അദൃശ്യരുമായ രണ്ടു ജാലവിദ്യക്കാരെ
മുറുമുറുത്തുകൊണ്ടു സഹായിക്കുന്ന അരങ്ങുതുണ;
ഒരാൾക്കു പേര് ദൈവമെന്ന്, പിശാചെന്നു മറ്റേയാൾക്കും; എന്നു പറഞ്ഞാൽ,
ഞാനാരെന്നു ഞാൻ കരുതുന്നുവോ, അയാളാണു ഞാനെങ്കിൽ.
ചരിത്രപുസ്തകം
തിരക്കേറിയൊരു തെരുവിൽ വച്ച്
അതിന്റെ കുത്തഴിഞ്ഞ താളുകൾ
ഒരു കുട്ടി കണ്ടു.
അവൻ പന്തു തട്ടുന്നതു നിർത്തി
അവയുടെ പിന്നാലെ പോയി.
അവന്റെ കയ്യിൽ കിടന്നൊന്നു പിടഞ്ഞിട്ട്
അവ പറന്നുപോയി.
ചില തീയതികളും ഒരു പേരും
അവന്റെ കണ്ണില്പെട്ടുവെന്നു മാത്രം.
നഗരപ്രാന്തമെത്തിയപ്പോൾ
കാറ്റിനവയിൽ താല്പര്യം നഷ്ടപ്പെട്ടു.
പഴയ റെയില്പാലത്തിനടുത്ത പുഴയിൽ
ചിലതു ചെന്നു വീണു.
പൂച്ചക്കുഞ്ഞുങ്ങളെ മുക്കിക്കൊല്ലുന്നതവിടെയാണ്,
ആഡംബരനൗക കടന്നുപോകുന്നതതുവഴിയാണ്,
“വിജയം” എന്നാണതിന്റെ പേര്,
അതിൽ നിന്നൊരു ഞൊണ്ടി കൈ വീശിക്കാണിക്കുന്നുമുണ്ട്.