ജീനിയസിന്റെ കാര്യത്തിൽ പൊതുജനം പതുക്കെയോടുന്ന വാച്ചുപോലെയാണ്,’ ബോദ്‌ലേർ ദലക്വായെക്കുറിച്ചുള്ള ലേഖനത്തിൽ പറയുന്നുണ്ട്. തന്റെ ജീവിതകാലത്ത് കവി എന്ന നിലയിൽ ഒരു പരിമിതവൃത്തത്തിനുള്ളിൽ മാത്രം അറിയപ്പെട്ടിരുന്ന ബോദ്‌ലേറുടെ പ്രതിഭ ലോകം അറിഞ്ഞുതുടങ്ങുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തോടെയാണ്. ഒരുകാലത്ത് കവിതയുടെ പേരിൽ ചിലർ മാത്രം ആദരിക്കുകയും കുത്തഴിഞ്ഞ ജീവിതത്തിന്റെ പേരിൽ പരക്കെ പഴിക്കപ്പെടുകയും ചെയ്ത ബോദ്‌ലേർ ഇന്ന് പാശ്ചാത്യസംസ്കാരം സൃഷ്ടിച്ച ഏറ്റവും മഹാന്മാരായ കവികളിൽ ഒരാളായി കണക്കാക്കപ്പെടുന്നു. ആ അംഗീകാരത്തിന്റെ ആധാരം പുതിയ പ്രമേയങ്ങളും പുതിയൊരു പദാവലിയും അവതരിപ്പിക്കുകയും പാരമ്പര്യകാവ്യരൂപങ്ങളെ അതുല്യമായ രീതിയിൽ മെരുക്കിയെടുക്കുകയും ചെയ്ത ‘തിന്മയുടെ പൂക്കൾ’ മാത്രമല്ല, നഗരജീവിതത്തിന്റെ സങ്കീർണ്ണതയെ ആവിഷ്കരിക്കാൻ സമർത്ഥമായ സാഹിത്യരൂപമായി ഗദ്യകവിതയെ കാണുകയും അതിലൂടെ ആധുനികതയുടെ അടിസ്ഥാനമിടുകയും ചെയ്ത ‘പാരീസ് സ്പ്ലീൻ’ കൂടിയാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ