2021, ഡിസംബർ 14, ചൊവ്വാഴ്ച

ഫ്ലോബേർ- കലാദർശനം

 സുന്ദരമായി എനിക്കു തോന്നുന്നത്, ഞാൻ എഴുതാൻ ആഗ്രഹിക്കുന്നത്, ഒന്നിനെക്കുറിച്ചുമല്ലാത്ത ഒരു പുസ്തകമാണ്‌; ബാഹ്യമായതൊന്നിനേയും ആശ്രയിക്കാത്ത ഒരു പുസ്തകം; സ്വന്തം ശൈലിയുടെ ബലം കൊണ്ടുതന്നെ ഒരുമിച്ചുനില്ക്കുന്നത്, താങ്ങാൻ ഒന്നിനേയും ആശ്രയിക്കാതെ ശൂന്യതയിൽ തൂങ്ങിനില്ക്കുന്ന ഭൂമിയെപ്പോലെ. വിഷയം എന്നൊന്നു പറയാനില്ലാത്ത ഒരു പുസ്തകം; അല്ലെങ്കിൽ, വിഷയം പുറമേ കാണാനില്ലാത്തത്, അങ്ങനെയൊന്ന് സാദ്ധ്യമാണെങ്കിൽ. പ്രമേയം ഏറ്റവും കുറഞ്ഞ കൃതികളാണ്‌ ഏറ്റവും നല്ല രചനകൾ; ആവിഷ്കാരം ആശയത്തോടു കൂടുതൽ കൂടുതൽ അടുക്കുന്തോറും, ഭാഷ അതിനോടു കൂടുതൽ കൂടുതൽ ഏകീഭവിക്കുകയും ലയിക്കുകയും ചെയ്യുന്തോറും അന്തിമഫലം കൂടുതൽ നന്നാവുകയും ചെയ്യുന്നു. കലയുടെ ഭാവി കിടക്കുന്നത് ഈ ദിശയിലാണെന്ന് ഞാൻ വിശ്വസിക്കുന്നു. തുടക്കത്തിൽ നിന്നുള്ള അതിന്റെ വികാസം അങ്ങനെയാണെന്ന്, അത് കൂടുതൽ കൂടുതലായി സൂക്ഷ്മവും അലൗകികവുമാവുകയാണെന്ന് ഞാൻ കാണുന്നു, ഈജിപ്ഷ്യൻ കവാടങ്ങളിൽ നിന്ന് ഗോത്തിക് കമാനങ്ങളിലേക്കെന്നപോലെ, 20,000 വരികളുള്ള ഹിന്ദു കവിതകളിൽ നിന്ന് ബൈറന്റെ ആത്മപ്രവാഹങ്ങളിലേക്കെന്നപോലെ. രൂപം സ്വാധീനത്തിലാവുന്തോറും കൃശമായി കൃശമായിവരുന്നു; ഒരു ക്രമവും പ്രമാണവും അളവുകോലുമായും അതിനു ബന്ധമില്ലാതെവരുന്നു; ഇതിഹാസത്തിന്റെ സ്ഥാനത്ത് നോവൽ വരുന്നു, ഗദ്യത്തിന്റെ സ്ഥാനത്ത് താളത്തിലുള്ള വരികൾ വരുന്നു; യാഥാസ്ഥിതികത്വം ഇല്ലാതാവുന്നു, രൂപം അതിന്റെ സ്രഷ്ടാവിന്റെ ഇച്ഛയ്ക്കനുരൂപമായി സ്വതന്ത്രമാവുന്നു. വിഷയത്തിൽ നിന്നുള്ള ഈ മോചനം എവിടെയും കാണാം; ഭരണകൂടങ്ങൾ ഇങ്ങനെയൊരു പരിണാമത്തിൽ കൂടി കടന്നുപോയിട്ടുണ്ട്, പൗരസ്ത്യദേശത്തെ സ്വേച്ഛാധിപത്യങ്ങളിൽ നിന്ന് ഭാവിയിലെ സോഷ്യലിസത്തിലേക്ക്.

അതുകൊണ്ടു തന്നെയാണ്‌ കുലീനമായ വിഷയങ്ങളോ ഹീനമായ വിഷയങ്ങളോ ഇല്ലെന്നു പറയുന്നതും; വിഷയം എന്നൊരു വസ്തു ഇല്ലെന്ന് ശുദ്ധകലയുടെ നിലപാടിൽ നിന്നുകൊണ്ട് നമുക്കൊരു പ്രമാണം സ്ഥാപിക്കാവുന്നതേയുള്ളു; ശൈലി മാത്രമാണ്‌ വസ്തുക്കളെ കാണുന്നതിനുള്ള ആത്യന്തികമായ രീതി.
(1856 ജനുവരി 16ന്‌ ഫ്ലോബേർ കോലെറ്റിനെഴുതിയ കത്തിൽ നിന്ന്)

എന്റെ പുസ്തകത്തിന്റെ ആകെയുള്ള മൂല്യം, അങ്ങനെയൊന്ന് അതിനുണ്ടെങ്കിൽ, അതിതായിരിക്കും- ലിറിസിസം, വൾഗാരിറ്റി എന്നീ രണ്ടു ഗർത്തങ്ങൾക്കു മുകളിൽ വലിച്ചുകെട്ടിയ ഒരു മുടിനാരിഴയ്ക്കു മേൽ പിഴയ്ക്കാതെ നേരേ നടന്നുപോകാൻ എനിക്കു കഴിഞ്ഞു. അതിനെക്കുറിച്ചോർക്കുമ്പോൾ ഞാൻ വിസ്മിതനായിപ്പോകുന്നു. അതേ സമയം, എത്രയധികം സൗന്ദര്യമാണ്‌ എന്നെ വിശ്വസിച്ചേല്പിച്ചിരിക്കുന്നതെന്നോർക്കുമ്പോൾ ഞാൻ പേടിച്ചരണ്ടുപോവുകയും ചെയ്യുന്നു; മാംസപേശികൾ കൊളുത്തിവലിയ്ക്കുന്നപോലെ എനിക്കു തോന്നുന്നു, എവിടെയെങ്കിലും പോയി ഒളിച്ചുകളയാൻ വല്ലാത്ത ഒരാഗ്രഹം എനിക്കുണ്ടാവുകയും ചെയ്യുന്നു. പതിനഞ്ചു നീണ്ടകൊല്ലങ്ങളായി ഒരു വണ്ടിക്കാളയെപ്പോലെ ഞാൻ പണിയെടുക്കുകയായിരുന്നു. ഭ്രാന്തമായ ഒരു പിടിവാശിയോടെയാണ്‌ എന്റെ ഇതേവരെയുള്ള ജീവിതം ഞാൻ ജീവിച്ചത്; എന്റെ മറ്റെല്ലാ തൃഷ്ണകളേയും ഞാൻ കൂടുകളിൽ അടച്ചിട്ടിരുന്നു; ഇടയ്ക്കെപ്പോഴെങ്കിലും ഒരു മാറ്റത്തിനു വേണ്ടിമാത്രം ഞാൻ അവയെ പോയി കാണുകയും ചെയ്തിരുന്നു. ഹാ, ഞാൻ നല്ലൊരു പുസ്തകം എഴുതിയിട്ടുണ്ടെങ്കിൽ ഞാൻ അതിനു വേണ്ടി പണിയെടുത്തിട്ടുമുണ്ട്! ബഫോണിന്റെ ആ ദൈവനിന്ദ സത്യമായിരുന്നെങ്കിൽ! (ദീർഘമായ ക്ഷമയാണ്‌ പ്രതിഭ.) അങ്ങനെയുള്ളവരുടെ മുൻപന്തിയിൽ ഞാനുമുണ്ടാവും.
(ഫ്ലോബേർ 1852 മാർച്ച് 20-21ന്‌ കോലെറ്റിനെഴുതിയ കത്തിൽ നിന്ന്; തന്റെ മാസ്റ്റർപീസായ മദാം ബോവറി സാദ്ധ്യമാക്കിയ പ്രതിഭയെയാണ്‌ അദ്ദേഹം ക്ഷമാപൂർവ്വമായ അദ്ധ്വാനമാക്കി ചുരുക്കുന്നത്!)

ഏത് ഐന്ദ്രിയാനുഭവങ്ങളുടെ സഫലാവിഷ്കാരമാണോ കവിത, അവയെ ഒരിക്കലും അതിൽ നിന്നു മാറ്റിക്കണ്ടിട്ടില്ല, മ്യൂസ്സേ. ..നാഡികൾ, കാന്തശക്തി- അദ്ദേഹത്തിന്‌ കവിത അതൊക്കെയായിരുന്നു. യഥാർത്ഥത്തിൽ അത്രയും വിക്ഷുബ്ധമൊന്നുമല്ല, അത്. സംവേദനക്ഷമത കൂടിയ നാഡികൾ മാത്രമാണ്‌ കവിതയുടെ അവശ്യോപാധി എങ്കിൽ ഞാൻ ഷേക്സ്പിയറെയോ ഹോമറിനെയോ കവച്ചുവയ്ക്കുമായിരുന്നു. അത്തരം ആശയക്കുഴപ്പം ഒരു ദൈവദൂഷണം മാത്രമാണ്‌. എന്തിനെക്കുറിച്ചാണ്‌ ഞാൻ സംസാരിക്കുന്നതെന്ന് എനിക്കറിയാം: മുപ്പതു ചുവടുകൾക്കകലെ, അടച്ചിട്ട വാതിലുകൾക്കു പിന്നിൽ ആളുകൾ പതിഞ്ഞ ശബ്ദത്തിൽ സംസാരിക്കുന്നതു കേൾക്കാനുള്ള കഴിവെനിക്കുണ്ടായിരുന്നു; പുറത്തറിയുമാറ്‌ എന്റെ ആന്തരാവയവങ്ങൾ എന്റെ ചർമ്മത്തിനടിയിൽ വിറകൊള്ളുമായിരുന്നു; ചിലനേരം ഒരു നൊടിയിടയിൽ ഒരു കോടി ചിന്തകളും ചിത്രങ്ങളും സർവ്വവിധത്തിലുമുള്ള മാനസികാനുഭവങ്ങളും ഗംഭീരമായ ഒരു വെടിക്കെട്ടുപോലെ എന്റെ മനസ്സിനുള്ളിൽ പൊട്ടിത്തെറിക്കുമായിരുന്നു. ഇതെല്ലാം പക്ഷേ, വികാരങ്ങളോടു വളര ബന്ധപ്പെട്ടതാണെങ്കില്ക്കൂടി, സ്വീകരണമുറിയിലെ കൊച്ചുവർത്തമാനം പോലെയേയുള്ളു.

കവിത ഒരർത്ഥത്തിലും മനസ്സിന്റെ ഒരു ബലക്ഷയമല്ല; അതേസമയം മേല്പറഞ്ഞ നാഡീസംവേദനങ്ങൾ അങ്ങനെയാണുതാനും. അമിതമായ സംവേദനക്ഷമത ഒരു ദൗർബ്ബല്യമാണ്‌. വിശദീകരിക്കാം:
എന്റെ മനസ്സിനു ബലമുണ്ടായിരുന്നെങ്കിൽ നിയമപഠനവും മടുപ്പും കാരണം ഞാൻ രോഗിയാകുമായിരുന്നില്ല. ആ സാഹചര്യങ്ങൾ എന്നെ പരാജയപ്പെടുത്തുന്നതിനു നിന്നുകൊടുക്കുന്നതിനു പകരം ഞാനവയെ ഉപയോഗപ്പെടുത്തുമായിരുന്നു. എന്റെ അസന്തുഷ്ടി എന്റെ തലച്ചോറിനുള്ളിൽ ഒതുങ്ങിക്കിടക്കുന്നതിനു പകരം എന്റെ ശിഷ്ടദേഹത്തെക്കൂടി ബാധിച്ച് എന്നെ ഇളക്കിമറിക്കുകയാണു ചെയ്തത്. അതൊരു ‘വ്യതിയാന’മായിരുന്നു. സംഗീതം ശരീരത്തെ ദ്രോഹിക്കുന്ന കുട്ടികളെ പലപ്പോഴും നാം കണ്ടിട്ടുണ്ട്: അവർക്ക് നല്ല സിദ്ധികളുണ്ട്, ഒന്നു കേട്ടാൽ ഈണങ്ങൾ അവർക്കോർമ്മനില്ക്കും, പിയാനോ വായിക്കുമ്പോൾ അവർ ഉത്തേജിതരുമായിരിക്കും. എന്നാൽ അവരുടെ ഹൃദയങ്ങൾ പിന്നെ ആഞ്ഞിടിക്കുകയാണ്‌, അവർ മെലിയുകയും വിളറുകയും രോഗികളായി മാറുകയുമാണ്‌, അവരുടെ പാവം നാഡികൾ സ്വരങ്ങൾ കേൾക്കുമ്പോൾ വേദന കൊണ്ടു പുളയുകയാണ്‌-നായ്ക്കളെപ്പോലെ. അവർ ഒരിക്കലും ഭാവിയിലെ മൊസാർട്ടുമാർ ആകുന്നില്ല. അവരുടെ പ്രവൃത്തി അസ്ഥാനത്താണ്‌: ആശയം ഉടലിലേക്കു കടക്കുകയും അവിടെയത് വന്ധ്യമായി കിടക്കുകയും ഉടലിന്റെ നാശത്തിനു കാരണമാവുകയും ചെയ്യുകയാണ്‌. പരിണതഫലം പ്രതിഭയല്ല, ആരോഗ്യവുമല്ല.
കലയുടെ കാര്യവും ഇതുതന്നെ. വികാരാവേശം കൊണ്ട് കവിതയാകുന്നില്ല; നിങ്ങൾ എത്ര വ്യക്തിപരമാകുന്നുവോ, അത്രയ്ക്കു നിങ്ങൾ ദുർബ്ബലനുമാവുകയാണ്‌. ആ വഴിക്ക് ഞാനെന്നും പാപം ചെയ്തിട്ടുണ്ട്; കാരണം, ചെയ്യുന്ന പ്രവൃത്തിയിൽ ഞാനെന്നെത്തന്നെ ആമഗ്നനാക്കിയിരുന്നു. അന്തോണിപ്പുണ്യവാളനു* പകരം ഞാനാണ്‌ എന്റെ പുസ്തകത്തിലുള്ളത്; വായനക്കാരനല്ല, ഞാനാണ്‌ പ്രലോഭനങ്ങൾ അനുഭവിച്ചത്. ഒരനുഭവം എത്ര കുറച്ചേ നിങ്ങൾ അനുഭവിക്കുന്നുള്ളു, അത്രയധികം നിങ്ങൾ ചേർന്നവനാവുകയാണ്‌, അതിനെ അതായി ആവിഷ്കരിക്കാൻ. എന്നാൽ അതനുഭവിപ്പിക്കാനുള്ള കഴിവ് നിങ്ങൾക്കുണ്ടായിരിക്കുകയും വേണം. ആ കഴിവിനെയാണ്‌ നമ്മൾ പ്രതിഭ എന്നു വിളിക്കുന്നത്: നിങ്ങളുടെ മോഡലിനെ നിരന്തരം തനിക്കു മുന്നിൽ കാണാനുള്ള കഴിവ്.
ഇതുകാരണമാണ്‌ കാവ്യാത്മകഭാഷയെ ഞാൻ കഠിനമായി വെറുക്കുന്നത്. വാക്കുകളില്ലാത്തിടത്ത് ഒരു നോട്ടം തന്നെ അധികമാണ്‌. ആത്മപ്രവാഹങ്ങൾ, വിവരണങ്ങൾ, കാവ്യാത്മകത- എല്ലാം ശൈലിയിൽ അടങ്ങിയിരിക്കണം. അവയെ മറ്റെവിടെയെങ്കിലും നിക്ഷേപിക്കുന്നത് കലയെ, അനുഭൂതിയെത്തന്നെ വ്യഭിചരിക്കലാണ്‌.
(ഫ്ലോബേർ കോലെറ്റിനെഴുതിയ കത്തിൽ നിന്ന്)
* ഫ്ലോബേറിന്റെ നോവൽ- അന്തോണിപ്പുണ്യവാളന്റെ പ്രലോഭനങ്ങൾ

അഭിപ്രായങ്ങളൊന്നുമില്ല: