2021, ഡിസംബർ 15, ബുധനാഴ്‌ച

തദേവുഷ് ദബ്രോവ്സ്കി - കവിതകൾ



കവിയും ലേഖകനുമായ തദേവുഷ് ദബ്രോവ്സ്ക്കി Tadeusz Dąbrowski (ജ.1979) “പോളിഷ് കവിതയുടെ പ്രതീക്ഷ” എന്നു വാഴ്ത്തപ്പെടുന്നു. Black Square, Posts എന്നിവയാണ്‌ ഇംഗ്ലീഷിൽ ലഭ്യമായ പുസ്തകങ്ങൾ.


ആപ്പിൾ എന്ന വാക്കിൽ ഒരു സത്യവും അടങ്ങുന്നില്ല...


ആപ്പിൾ എന്ന വാക്കിൽ ഒരു സത്യവും അടങ്ങുന്നില്ല,
അതിന്റെ രൂപമോ നിറമോ മണമോ രുചിയോ അതിലില്ല.
സത്യം കാണാനോ മണക്കാനോ രുചിക്കാനോ ഉള്ളതല്ല.
ആപ്പിൾ എന്നു പറയുമ്പോൾ നിങ്ങളതു കഴിക്കുന്നില്ല.

ആപ്പിൾ എന്ന വാക്കിനും ആപ്പിൾ-സത്യത്തിനുമിടയിലെ
ഇടത്താണ്‌ ആപ്പിൾ സംഭവിക്കുന്നത്.
മരണം എന്ന വാക്കിനും മരണ-സത്യത്തിനുമിടയിലെ
ഇടമാണ്‌ ഏറ്റവും വിപുലമായ ഇടം.
ജീവിതം സംഭവിക്കുന്നത് അവിടെയാണ്‌.
സത്യം എന്ന വാക്കിനും സത്യത്തിനുമിടയിൽ സംഭവിക്കുന്നതാണ്‌

മരണം


.ചിന്തകളുടെ ഇറക്കത്തിനും...



ചിന്തകളുടെ ഇറക്കത്തിനും ഉറക്കത്തിന്റെ ഏറ്റത്തിനുമിടയിൽ
നിത്യതയുടെ ഒരു മിനുട്ടെനിക്കു കിട്ടി, രൂപകങ്ങൾ ശേഖരിക്കാൻ.

ഏന്നാൽ ആദ്യത്തേതു കുനിഞ്ഞെടുക്കാൻ തുടങ്ങും മുമ്പേ
എനിക്കു മേലൊരു തിരയടിച്ചുകയറി, 
വിക്ഷുബ്ധനിദ്രയെന്നെ മുക്കിത്താഴ്ത്തി.
സൂര്യനതിന്റെ വിരലുകൾ കൊണ്ടെന്റെ കണ്ണുകളിൽ കുത്തുകയായിരുന്നെന്നതിനാൽ
അല്പനേരം കഴിഞ്ഞു ഞാനുണർന്നു.
കാര്യമായിട്ടൊന്നും എനിക്കോർമ്മവന്നില്ല.
എന്റെ വലതുകീശയിൽ ഒരു വെള്ളാരങ്കല്ലുണ്ടായിരുന്നു,
ഒരു കടല്ച്ചൊറി വലത്തേതിലും,
എന്റെ വായിൽ- മണലും.


ആധുനികകവിത



ഒരു വവ്വാലിനെപ്പോലെയാണ്‌,
അതിന്റെ ആവാസം നിലവറകളിലാണ്‌,
തട്ടുമ്പുറങ്ങളിലും ഗുഹകളിലുമാണ്‌,
പകലത് ഉറക്കത്തിലായിരിക്കും,
പിന്നത് രാത്രിയിൽ വേട്ടയ്ക്കിറങ്ങുന്നു,
തല കീഴ്ക്കാമ്പാട് തൂങ്ങിക്കിടക്കുന്നു.

അതിനെ ഒരു പക്ഷിയോടുപമിക്കാൻ
ഭാവനാശേഷിയുടെ കാര്യമായ പ്രയോഗം വേണ്ടിവരും.

അതന്ധമാണ്‌,
അത് സിഗ്നലുകളയക്കുന്നു,
അത് സിഗ്നലുകൾ സ്വീകരിക്കുന്നു,
ഇങ്ങനെ പറയാം:
അതതിനെ മാത്രമേ കേൾക്കുന്നുള്ളു.

അത് മനുഷ്യരക്തം കുടിക്കുമെന്ന് 
ആളുകൾ കരുതിയിരുന്നു,
എന്നാൽ ഒരീച്ചയെ കിട്ടിയാൽ,
ഒരു പാറ്റയെ, ഒരു നിശാശലഭത്തെ കിട്ടിയാൽ
അതിനു തൃപ്തിയായി.

ചെറുതായിരുന്നപ്പോൾ
സന്ധ്യക്കു ഞാൻ
‘വവ്വാൽ വേട്ട’യ്ക്കു പോയിരുന്നു.

ഞാൻ മുകളിലേക്കു കല്ലുകളെടുത്തെറിയും,
വവ്വാലതിനു നേർക്കു പറന്നിറങ്ങും,
അതൊരു പറ്റിക്കലായിരുന്നുവെന്ന്
അവസാനനിമിഷം മനസ്സിലാകുമ്പോൾ
പെട്ടെന്നതു ദിശ മാറ്റി പറന്നുപോകും.

ചിലനേരം കല്ല് വലുതാണെങ്കിൽ
അതിൽ ചെന്നിടിച്ച്
വവ്വാൽ നിലത്തു വീഴും.

കവിത, അതു കവിതയാണെങ്കിൽ,
ഒരു വെള്ളാരങ്കല്ലിനെ ഓർമ്മിപ്പിക്കും,
ചിലനേരത്തൊരിഷ്ടികയേയും.

കവിതയുടെ കാര്യം ഇങ്ങനെയാണ്‌...



കവിതയുടെ കാര്യം ഇങ്ങനെയാണ്‌: 
നിങ്ങൾ കടലിൽ പോകുന്നു, 
വലയെറിയുന്നു,
കോടിക്കോടി ടണ്ണുകളുടെ വെള്ളത്തിലൂടെ
വല വലിച്ചുകേറ്റുന്നു,
ഒടുവിൽ ഭീമാകാരനായ ഒരു ഞണ്ടിനെ
നിങ്ങൾക്കു കിട്ടുന്നു,
നിങ്ങളെപ്പോലെതന്നെ,
അതു നിങ്ങളോടു പറയുകയാണ്‌:
ഈ നശിച്ച മീൻപിടുത്തം
തനിക്കു മറ്റെവിടെയെങ്കിലും
ചെയ്തുകൂടായിരുന്നു?




“എന്റെ എഴുത്തു നടക്കുന്നിടം”


എന്റെ എഴുത്തു നടക്കുന്നിടം എല്ലായ്പോഴും കവിതയുടെ ഇടം ആകണമെന്നില്ല, അല്ലെങ്കിൽ വല്ലപ്പോഴുമേ അങ്ങനെയാകുന്നുള്ളു. മേശ സ്ഥിരതയുടെ പര്യായമാണ്‌; എന്റെ കവിത വരുന്നത് ചലനത്തിൽ നിന്നാണ്‌, ഭൂമിശാസ്ത്രപരമായ, അല്ലെങ്കിൽ അതിലും പ്രധാനമായി, മാനസികമായ അതിരുകൾ മുറിച്ചുകടന്നിട്ടാണ്‌. അതിലംഘനത്തിൽ നിന്ന്.

അതിനാൽ, ഞാൻ കാവ്യദേവതകളുമായി കളിക്കുകയാണെന്ന്, കൃത്യമായി പറഞ്ഞാൽ അവർ എന്റെ കൂടെ കളിക്കുകയാണെന്ന് പറയാം; വ്യത്യസ്തവും അപ്രതീക്ഷിതവുമായ സ്ഥലങ്ങളിലും സാഹചര്യങ്ങളിലും. എന്നാൽ എന്റെ മേശ കൈത്തൊഴിലിന്റെ മേഖലയാണ്‌; അതിനാണ്‌ ഗ്രീക്കുകാർ techne എന്ന വാക്കു കൊണ്ടു സൂചിപ്പിക്കുന്നത്.

“ചിന്തകളുടെ ഇറക്കത്തിനും ഉറക്കത്തിന്റെ ഏറ്റത്തിനുമിടയിൽ നിത്യതയിൽ നിന്നൊരു മിനുട്ട് എനിക്കു കിട്ടുന്നു, രൂപകങ്ങൾ ശേഖരിക്കാൻ...” എന്നു ഞാനൊരു കവിതയിൽ എഴുതിയിരുന്നു. നിഗൂഢത നിറഞ്ഞ ആ ‘ഇട’യിൽ നിന്നുതന്നെയാണ്‌ കവിത വരുന്നത്- പകലിനും രാത്രിക്കും, ഹേമന്തത്തിനും വസന്തത്തിനും, സൂര്യനും കൊടുങ്കാറ്റിനും, പ്രേമത്തിനും കാമത്തിനും, എനിക്കും എന്നിലെ സാദ്ധ്യതകൾക്കുമിടയിൽ നിന്ന്, വാക്കിനും വിഷയത്തിനുമിടയിൽ നിന്ന്. ബാറിനും ലൈബ്രറിക്കുമിടയിൽ നിന്ന്.

(തദേവുഷ് ദബ്രോവ്സ്ക്കി തന്റെ എഴുത്തുമേശയെക്കുറിച്ച്)



അഭിപ്രായങ്ങളൊന്നുമില്ല: