2022, മാർച്ച് 14, തിങ്കളാഴ്‌ച

മഷാഡോ ജി അസിസ് - പാതിരാക്കുർബ്ബാന

 
വർഷങ്ങൾക്കു മുൻപ് ഒരു സ്ത്രീജനവുമായി ഞാൻ നടത്തിയ ഒരു സംഭാഷണം അതിന്റെ പൂർണമായ അർഥത്തിൽ മനസ്സിലാക്കാൻ എനിക്കിന്നേവരെ കഴിഞ്ഞിട്ടില്ല; അന്നെനിക്ക് പതിനേഴു വയസ്സായിരുന്നു, അവർക്ക് മുപ്പതും. ക്രിസതുമസ്സിന്റെ തലേ ദിവസം. അന്നു കുർബ്ബാനയ്ക്കു പോകാമെന്നും അതിനായി പാതിരാത്രിയിൽ ഞാൻ ചെന്നു വിളിക്കാമെന്നും അയൽവാസിയായ ഒരു കൂട്ടുകാരനുമായി ഞാൻ പറഞ്ഞുവച്ചിരുന്നു.

ഞാൻ താമസിച്ചിരുന്ന ഇരുനിലക്കെട്ടിടം നോട്ടറിയായ മെനെസിസിന്റേതായിരുന്നു; എന്റെ ഒരു ബന്ധുവായിരുന്നു അദ്ദേഹത്തിന്റെ ആദ്യഭാര്യ. കുറേ മാസങ്ങൾക്കു മുൻപ് ഞാൻ അവരുടെ വീട്ടിലെത്തുമ്പോൾ അദ്ദേഹത്തിന്റെ രണ്ടാംഭാര്യ കൺസീസാവോയും അവരുടെ അമ്മയും വളരെ കാര്യമായിട്ടാൺ് എന്നെ സ്വീകരിച്ചത്. ഞാൻ മാംഗരറ്റിബായിൽ നിന്ന് റിയോവിൽ വന്നിരിക്കുന്നത് കോളേജിലേക്കുള്ള പ്രവേശനപരീക്ഷയ്ക്കു പഠിക്കാനായിട്ടാൺ്. ഞാൻ എന്റെ പുസതകങ്ങളുമായി ഒതുങ്ങിക്കൂടി. പരിചയക്കാർ അപൂർവം. ഇടയ്‌ക്കൊന്നു നടക്കാൻ പോകും. കുടുംബത്തിൽ അംഗസംഖ്യ കുറവായിരുന്നു: നോട്ടറി, ഭാര്യ, ഭാര്യയുടെ അമ്മ, പിന്നെ രണ്ടു വേലക്കാരികളും. പഴയ മട്ടിലുള്ള ഒരു കുടുംബം. രാത്രി പത്തു മണിയാകുന്നതോടെ സകലരും ഉറങ്ങാൻ കിടന്നിട്ടുണ്ടാവും; പത്തരയോടെ എല്ലാവരും ഉറക്കം പിടിക്കുകയും ചെയ്യും.

ഞാൻ അന്നേവരെ നാടകം കാണാൻ പോയിട്ടില്ല; താൻ നാടകത്തിനു പോവുകയാണെന്ന് മെനെസിസ് ഒന്നുരണ്ടു തവണ പറഞ്ഞുകേട്ടപ്പോൾ എന്നാൽ എന്നെയും കൂടി കൊണ്ടുപോവാൻ ഒരിക്കൽ ഞാൻ പറഞ്ഞു. അപ്പോഴൊക്കെ അയാളുടെ അമ്മായിയമ്മയുടെ മുഖം ഇരുളുകയും വേലക്കാരികൾ മുഖം പൊത്തി ചിരിക്കുകയും ചെയ്യും. മെനെസിസ് ഒന്നും മിണ്ടില്ല; ആൾ വേഷം മാറി പുറത്തേക്കു പോകും; പിറ്റേന്നു കാലത്താണു തിരിച്ചെത്തുക. പിന്നീടാൺ് എനിക്കു മനസ്സിലായത്, ഭർത്താവു മരിച്ച ഒരു സ്ത്രീയുമായി അയാൾക്ക് ഒരു രഹസ്യബന്ധം ഉണ്ടായിരുന്നുവെന്നും, ആഴ്ചയിൽ ഒരിക്കൽ അവരെ കാണാൻ പോകാറുണ്ടെന്നും.  കൺസീസാവോ   ആദ്യമൊക്കെ വല്ലാതെ സങ്കടപ്പെട്ടു; പക്ഷേ കുറേക്കാലം കഴിഞ്ഞപ്പോൾ അവർ അതുമായി പൊരുത്തപ്പെട്ടു. അവർക്കതു ശീലമായി; ശീലം പിന്നെ വിധിയായി; ഒടുവിൽ ഭർത്താവിന്റെ ആ ഏർപ്പാടിൽ അവർ വലിയ അപരാധമൊന്നും കാണാതെയുമായി.

പാവം  കൺസീസാവോ! ആളുകൾ അവരെ പുണ്യവതി എന്നാൺ് വിളിച്ചിരുന്നത്; ആ വിളിപ്പേർ് അവർ അർഹിക്കുന്നതുമായിരുന്നു. അതെ, ഒരു പരാതിയും പറയാതെയാൺ് അവർ   തന്റെ  ഭർത്താവിന്റെ അവഗണ സഹിച്ചുപോന്നത്. വാസ്തവം പറഞ്ഞാൽ കണ്ണീരിന്റെയോ ചിരിയുടെയോ അതിരുകളിലേക്കു പോകാത്ത സമചിത്തതയുടേതായ ഒരു പ്രക്യതമായിരുന്നു അവരുടേത്. തിളപ്പിച്ചാറ്റിയ ഒരു മട്ട്. അവരുടെ മുഖം തന്നെ ഒരു മധ്യമമായിരുന്നു;  ഭംഗിയോ അഭംഗിയോ അതിൽ കണ്ടെത്താൻ പറ്റില്ല. ദയാലു എന്നു വിശേഷിപ്പിക്കപ്പെടുന്നതരം ഒരു വ്യക്തിയായിരുന്നു അവർ. അവർ ആരെക്കുറിച്ചും മോശമായി സംസാരിക്കാറില്ല, എല്ലാം അവർ ക്ഷമിച്ചും പോന്നു. വെറുക്കുന്നതെങ്ങനെയെന്ന് അവർക്കറിയില്ല, ഒരു വേള  സ്‌നേഹിക്കാനും അവർക്കറിയില്ലെന്നു വരാം.

ആ ക്രിസതുമസിന്റെ തലേരാത്രി (1861ലോ  1862ലോ  ആണ്) നോട്ടറി നാടകത്തിനു പോയിരിക്കുകയാൺ്. ഞാൻ മാംഗരറ്റിബായിലേക്കു മടങ്ങേണ്ടതായിരുന്നു; പക്ഷേ, ഒരു വലിയ നഗരത്തിലെ പാതിരാക്കുർബ്ബാന കാണാനുള്ള ആഗ്രഹത്താൽ ക്രിസതുമസ് വരെ ഞാൻ യാത്ര മാറ്റിവച്ചു. വീട്ടിലുള്ളവർ പതിവുപോലെ നേരത്തെ കിടപ്പായി. വേഷം മാറി, പുറപ്പെടാൻ തയ്യാറായി മുൻവശത്തെ മുറിയിലിരിക്കുകയാൺ് ഞാൻ. അവിടെയിരുന്നാൽ ആരെയും ഉണർത്താതെ പൂമുഖം വഴി എനിക്കു പുറത്തേക്കു പോകാം. വാതിലിനു മൂന്നു താക്കോലുകളുണ്ടായിരുന്നു: ഒന്ന് നോട്ടറിയുടെ കൈവശം, മറ്റൊന്ന് എന്റെ കൈയിൽ, മൂന്നാമത്തേത് വീട്ടിനുള്ളിലും.

'അല്ലാ നൊഗൈരാ, അത്രയും നേരം എന്തെടുക്കാൻ പോകുന്നു?'  കൺസീസാവോയുടെ അമ്മ ചോദിച്ചു.

'വായിച്ചുകൊണ്ടിരിക്കാമെന്നു കരുതി, ഇഗ്നാസിയാമ്മേ.'

മൂന്നു പടയാളികളുടെ ഒരു പഴയ വിവർത്തനം എന്റെ കൈവശമുണ്ടായിരുന്നു; കോമേഴ്‌സ് ജേർണലിൽ തുടർച്ചയായി വന്നതാണെന്നാണ് എന്റെ തോന്നൽ. ആ വീടുറങ്ങിക്കിടക്കുമ്പോൾ മുറിയുടെ നടുക്കുള്ള മേശക്കരികിൽ ഇരുപ്പു പിടിച്ച്, മണ്ണെണ്ണവിളക്കിന്റെ വെളിച്ചത്തിൽ, ഞാൻ ഒരിക്കൽക്കൂടി ഡാർട്ടാന്യൻ്റെ എല്ലരിച്ച മട്ടക്കുതിര മേലേറി സാഹസയാത്രക്കിറങ്ങി. അൽപനേരം കഴിഞ്ഞപ്പോഴേക്കും ഞാൻ അതിൽ പൂർണ്ണമായും ആമഗ്നനായി. കാത്തിരിക്കുമ്പോലെയല്ല, നിമിഷങ്ങൾ പറന്നുപോയി. മണി പതിനൊന്നടിക്കുന്നതു ഞാൻ കേട്ടു; പക്ഷെ ഞാൻ അതു ശ്രദ്ധിച്ചതുതന്നെയില്ല. എന്നാൽ അൽപനേരം കഴിഞ്ഞപ്പോൾ വീട്ടിനുള്ളിലുണ്ടായ ഒരു ശബ്ദം എന്നെ പുസ്തകത്തിൽ നിന്നുണർത്തി. ആരോ നടക്കുന്ന ശബ്ദം; ഞാൻ ഇരിക്കുന്ന മുറിയെ തീൻമുറിയുമായി ബന്ധിപ്പിക്കുന്ന ഹാളിൽ നിന്നാണതു വരുന്നത്. ഞാൻ തലയുയർത്തിനോക്കി.  കൺസീസാവോയുടെ രൂപം വാതിൽക്കൽ പ്രത്യക്ഷമാകുന്നതു ഞാൻ കണ്ടു.

'പോയില്ലേ?' അവർ ചോദിച്ചു.

'ഇല്ല, പോയില്ല; പാതിരാത്രിയായിട്ടില്ലല്ലോ.'

'എന്തൊരു ക്ഷമ!'

കിടപ്പുമുറിയിൽ ധരിക്കുന്ന വള്ളിച്ചെരുപ്പുമിട്ട്  കൺസീസാവോ   മുറിയിലേക്കു കയറിവന്നു. അരയിൽ അയച്ചുകെട്ടിയ ഒരു വെളുത്ത ഗൗൺ ആൺ് അവർ ധരിച്ചിരിക്കുന്നത്. അവരുടെ മെലിച്ചിലാവട്ടെ, ഞാൻ വായിച്ചുകൊണ്ടിരിക്കുന്ന നോവലിന്റെ പ്രക്യതിയുമായി ചേർന്നുപോകുന്ന ഒരു കാൽപനികരൂപത്തെ ദ്യോതിപ്പിക്കാൻ പോന്നതുമായി. ഞാൻ പുസതകം അടച്ചു. അവർ എനിക്കെതിരെ സോഫക്കരികിലുള്ള കസേരയിൽ ചെന്നിരുന്നു. ഞാൻ കാരണം ഉറക്കം നഷ്ടപ്പെട്ടതാണോയെന്ന എന്റെ ചോദ്യത്തിൻ് അവർ പെട്ടെന്ന് ഇങ്ങനെ പറഞ്ഞു;

'ഓ അല്ല, ഞാൻ അല്ലാതെതന്നെ ഉണർന്നതാൺ്.'

അവരുടെ മുഖത്തു നോക്കിയപ്പോൾ ആ പറഞ്ഞതു സത്യമാണോയെന്ന് എനിക്കു സംശയമായി. അൽപം മുമ്പ് ഉറക്കമുണർന്ന ഒരാളുടെ കണ്ണുകളായിരുന്നില്ല അവ. അതേസമയം അവർ നുണ പറഞ്ഞു എന്നൊരു ചിന്ത മനസ്സിൽ വന്നത് ഞാൻ അപ്പോൾത്തന്നെ നിഷ്‌കാസനം ചെയ്തുകളയുകയും  ചെയ്തു  . ഞാൻ കാരണം അവരുടെ ഉറക്കം നഷ്ടപ്പെട്ടതാവാമെന്നും, എന്നാൽ എനിക്കു പ്രയാസം തോന്നേണ്ടെന്നു കരുതി അവർ ഒരു നുണ പറഞ്ഞതായിരിക്കാമെന്നുമുള്ള സാധ്യത എനിക്കപ്പോൾ മനസ്സിലേക്കു വന്നില്ല. അവരുടെ സ്വഭാവഗുണത്തെക്കുറിച്ച് ഞാൻ മുമ്പുതന്നെ പറഞ്ഞിട്ടുള്ളതുമാണല്ലോ.

'ഇനി അധികനേരം ഇല്ലെന്നു തോന്നുന്നു,' ഞാൻ പറഞ്ഞു.

'കൂട്ടുകാരൻ ഉറങ്ങുമ്പോൾ ഉണർന്നിരിക്കുക, ഒന്നാന്തരം ക്ഷമ വേണം! അതും ഒറ്റയ്ക്കിരിക്കാൻ! പ്രേതങ്ങളെ പേടിയില്ലേ? എന്നെ കാണുമ്പോൾ ഞെട്ടിപ്പോകുമെന്നാൺ് ഞാൻ കരുതിയത്.'

'ആരോ നടക്കുന്നതു കേട്ടപ്പോൾ ഞാനൊന്നതിശയിച്ചു. പക്ഷേ അതു ചേച്ചിയാണെന്നു ഞാൻ കണ്ടല്ലോ.'

'എന്താ വായിക്കുന്നത്? പറയരുത്, എന്റെ ഊഹം ശരിയാണോയെന്നു നോക്കട്ടെ: മൂന്നു പടയാളികൾ.'

'അതെ, ശരി തന്നെ. രസകരമായ പുസതകം.'

'നോവലുകൾ ഇഷ്ടമാണോ?'

'അതെ.'

'ഇഷ്ടകാമുകി വായിച്ചിട്ടുണ്ടോ'

'മാസേദോ എഴുതിയതോ? അതു മാംഗരറ്റിബായിലെ വീട്ടിലുണ്ട്.'

'എനിക്കു നോവൽ വളരെ ഇഷ്ടമാൺ്; പക്ഷേ വായിക്കാൻ എവിടെ സമയം. ഏതൊക്കെ വായിച്ചിട്ടുണ്ട്?'

ഞാൻ ചിലതിന്റെയൊക്കെ പേരു പറയാൻ തുടങ്ങി. കസേരയിൽ തല ചായ്ച്, പാതിയടഞ്ഞ  കൺപോളകൾക്കിടയിലൂടെ എന്നെ നോക്കിക്കൊണ്ട്  കൺസീസാവോ   കേട്ടുകൊണ്ടിരുന്നു. ഇടയ്ക്കിടെ അവർ നാവു കൊണ്ട് ചുണ്ടു നനച്ചിരുന്നു. ഞാൻ പറഞ്ഞുനിർത്തിയപ്പോൾ അവർ ഒന്നും മിണ്ടിയില്ല. അങ്ങനെ ചില നിമിഷങ്ങൾ കഴിഞ്ഞു. പിന്നെ അവർ തലയുയർത്തി; എന്നിട്ട് കസേരക്കൈയിൽ കൈമുട്ടുകളമർത്തി, വിരലുകൾ കോർത്ത് അതിന്മേൽ താടി വച്ച് അവർ ഇരുന്നു; ഇതൊക്കെച്ചെയ്യുമ്പോഴും അവരുടെ ആ വലിയ തീക്ഷ്ണമായ ദ്യഷ്ടികൾ എന്റെ മേൽത്തന്നെയായിരുന്നു.

'അവർക്കു ബോറടിച്ചുകാണും,' ഞാൻ മനസ്സിൽ പറഞ്ഞു. എന്നിട്ടുറക്കെ: ' കൺസീസാവോ  ചേച്ചീ, നേരമൊരുപാടായെന്നു തോന്നുന്നു, ഞാൻ...'

'ഏയ്, അത്രയൊന്നുമായിട്ടില്ല. ഞാൻ ഇപ്പോൾത്തന്നെ ക്ലോക്കിൽ നോക്കിയിരുന്നു; പതിനൊന്നരയായിട്ടേയുള്ളു. ഇനിയും സമയമുണ്ട്. രാത്രിയിൽ ഉറക്കമിളച്ചാൽ പിറ്റേന്നു പകൽ ഉറങ്ങാതിരിക്കാൻ പറ്റുമോ?'

'ഒരു തവണ അങ്ങനെയുണ്ടായി.'

'എനിക്കു പറ്റില്ല. ഉറക്കമിളച്ചാൽ പിറ്റേന്നു പകൽ അരമണിക്കൂറെങ്കിൽ അരമണിക്കൂർ ഒന്നു മയങ്ങിയേ പറ്റൂ. എനിക്കു പിന്നെ പ്രായവുമായില്ലേ?'

'ഓ, അങ്ങനെയൊന്നും പറയാതെ  കൺസീസാവോ  ചേച്ചി!'

എന്റെ ആവേശത്തോടെയുള്ള പറച്ചിൽ കേട്ട് അവർക്കു ചിരി വന്നു. സാധാരണഗതിയിൽ അവരുടെ ചേഷ്ടകൾക്ക് പതിഞ്ഞൊരു താളമാൺ്, മനസ്സാകട്ടെ ഇളക്കമില്ലാത്തതും. ഇപ്പോൾ പക്ഷേ അവർ പെട്ടെന്നെഴുന്നേറ്റ് മുറിയുടെ മറ്റേ ഭാഗത്തേക്കു നടന്നു; എന്നിട്ട് ശാലീനമായ ഒരു ഒതുക്കമില്ലായ്മയോടെ ജനാലയ്ക്കും ഭർത്താവിന്റെ മുറിയുടെ വാതിലിനുമിടയ്ക്കായി ഉലാത്താൻ തുടങ്ങി. മെലിഞ്ഞിട്ടാണെങ്കിലും പൊതുവേ അവരുടെ നടത്ത സ്ഥൂലിച്ചവരെപ്പോലെ ഒന്നുലഞ്ഞിട്ടായിരുന്നു. മുമ്പൊരിക്കലും അതെനിക്ക് ഇത്ര ശക്തമായി മനസ്സിൽ തട്ടിയിട്ടില്ല. ഒരു കർട്ടൻ ഒന്നു നോക്കാനോ മേശപ്പുറത്തിരിക്കുന്ന ചില വസതുക്കൾ ശരിക്കു വയ്ക്കുന്നതിനോ ആയി അവർ ഇടയ്ക്കിടെ നിൽക്കും. ഒടുവിൽ അവർ നടത്തം നിർത്തി എനിക്കു നേരേ എതിരേ വന്നുനിന്നു; ഞങ്ങൾക്കിടയിൽ ആ മേശ. അവരുടെ ചിന്തയുടെ പരിധി വളരെ ഇടുങ്ങിയതായിരുന്നുവെന്നു വ്യക്തം: ഞാൻ പുറത്തേക്കിറങ്ങാനുള്ള വേഷത്തിൽ, ഉറക്കമിളച്ചിരിക്കുന്നതും കണ്ടു താൻ അത്ഭുതപ്പെട്ടുപോയി എന്നു അവർ വീണ്ടും പറഞ്ഞു;. മറുപടിയായി അവർക്കറിയാവുന്ന അതേ സംഗതി ഞാൻ ആവർത്തിച്ചു: ഞാൻ ഇതേ വരെ നഗരങ്ങളിലെ പാതിരാക്കുർബ്ബാന കണ്ടിട്ടില്ലെന്നും ഇങ്ങനെയൊരവസരം കിട്ടിയതു ഞാൻ നഷ്ടപ്പെടുത്തുന്നില്ലെന്നും.

'അതു നാട്ടിലെപ്പോലെതന്നെയേയുള്ളു ഇവിടെയും. കുർബ്ബാനകളൊക്കെ ഒരുപോലെയാൺ്.'

'ആവാം. പക്ഷേ പട്ടണത്തിലാവുമ്പോൾ പകിട്ടു കൂടും, ധാരാളം ആളുമുണ്ടാവും വിശുദ്ധയോഹന്നാന്റെയോ അന്തോണീസ് പുണ്യവാളന്റെയോ പെരുന്നാളിനെക്കുറിച്ചൊന്നും എനിക്കറിയില്ല.'

പതുക്കെപ്പതുക്കെ അവർ മുന്നിലേക്കു ചാഞ്ഞു നിൽപ്പായിരുന്നു; മേശയുടെ മാർബിൾ പ്രതലത്തിൽ കൈമുട്ടുകൾ കുത്തി, കൈത്തലത്തിൽ മുഖം വച്ചു നിൽക്കുകയായിരുന്നു അവർ. കുടുക്കിടാത്ത ഗൗണിന്റെ കൈകൾ വീണുകിടക്കുകയായിരുന്നു; ഞാൻ അവരുടെ കൈത്തണ്ടകൾ കണ്ടു; നന്നായി വെളുത്ത്, കരുതിയ പോലെ അത്ര മെലിയാതെ. ഇതിനു മുമ്പും, അപൂർവമായിട്ടെങ്കിലും ഞാൻ അവരുടെ കൈകൾ കണ്ടിട്ടുണ്ട്; പക്ഷേ ഇപ്പോഴത്തെപ്പോലെ അവയെന്റെ മനസ്സിൽ തട്ടിയിട്ടില്ല. നീലനിറത്തിൽ ഞരമ്പുകളോടിയിരിക്കുന്നത് ആ മങ്ങിയ വെളിച്ചത്തിലും ഞാൻ വ്യക്തമാായി കണ്ടു. പുസതകത്തെക്കാളേറെ എന്നെ ഉണർത്തിയിരുത്തിയത് കൺസീസാവോയുടെ സാന്നിധ്യമാണെന്നു പറയാം. നാട്ടിലെയും പട്ടണത്തിലെയും പെരുന്നാളുകളെക്കുറിച്ചും പിന്നെ വായിൽ വന്നതിനെക്കുറിച്ചുമൊക്കെ ഞാൻ വാതോരാതെ സംസാരിച്ചു. ഒരു വിഷയത്തിൽ നിന്നു മറ്റൊരു വിഷയത്തിലേക്കു ഞാൻ ചാടിച്ചാടിപ്പോയി; ചില നേരത്ത് ഒരിക്കൽ പറഞ്ഞ കാര്യം തന്നെ വീണ്ടും പറഞ്ഞു. അവരെ ചിരിപ്പിക്കാനായി ഞാൻ ചിരിച്ചു: ചിരിക്കുമ്പോൾ അവരുടെ വെളുത്തുതിളങ്ങുന്ന നിരയൊത്ത പല്ലുകൾ കാണാനായി മാത്രം. അവരുടെ കണ്ണുകൾ ശരിക്കും കറുത്തതെന്നു പറയാനാവില്ലെങ്കിലും ഇരുണ്ടവയായിരുന്നു; നേർത്ത്, അൽപം വളഞ്ഞ നാസികയാവട്ടെ, അവരുടെ മുഖത്തിൻ് ചോദ്യം ചെയ്യുന്ന ഒരു ഭാവം നൽകുന്നുമുണ്ട്. ഞാൻ ഒച്ച ഒന്നു പൊന്തിച്ചാൽ അവർ ഉടനെ എന്നെ താക്കീതു ചെയ്യും.

'പതുക്കെ! മമ്മാ ഉണരും.'

അവർ ആ നിൽപ്പിൽ നിന്നിളകിയില്ല; അതെന്നെ ആഹ്ലാദത്തിലാഴ്ത്തി; അത്രയടുത്തായിരുന്നു ഞങ്ങളുടെ മുഖങ്ങൾ. പരസ്പരം കേൾക്കാൻ ശബ്ദമുയർത്തേണ്ട ആവശ്യമില്ലായിരുന്നു എന്നതാണു വാസതവം. ഞങ്ങൾ ഒച്ച താഴ്ത്തി സംസാരിച്ചു; അവരെക്കാളേറെ ഞാൻ; കാരണം എനിക്കാൺ് കൂടുതൽ പറയാനുണ്ടായിരുന്നത്. ചില നേരത്ത് അവരുടെ മുഖം ഗൗരവത്തിലാകും; വളരെ ഗൗരവത്തിൽ, നെറ്റിയിൽ ചുളിവു വീഴ്ത്തിക്കൊണ്ട്. അൽപ നേരം കഴിഞ്ഞപ്പോൾ അവർ ക്ഷീണത്തോടെ നിൽപ്പിന്റെ സ്ഥാനവും രീതിയും മാറ്റി. അവർ മേശ കറങ്ങിവന്ന് സോഫയിലിരുന്നു. ഞാൻ തല തിരിച്ചപ്പോൾ അവരുടെ വള്ളിച്ചെരുപ്പിന്റെ അഗ്രങ്ങൾ കണ്ണിൽപ്പെട്ടു; പക്ഷേ അവർ ഇരിക്കാനെടുത്ത അൽപനേരത്തേക്കു മാത്രം: നല്ല ഇറക്കമുണ്ടായിരുന്ന അവരുടെ ഗൗൺ പെട്ടെന്നുതന്നെ അവ മറച്ചുകളഞ്ഞു. അവയ്ക്കു കറുപ്പുനിറമായിരുന്നുവെന്നു ഞാൻ ഓർക്കുന്നു.  കൺസീസാവോ   വളരെ ഒച്ച താഴ്ത്തി ഇങ്ങനെ പറഞ്ഞു:

'മമ്മായുടെ മുറി കുറേ ദൂരെയാൺ്, പക്ഷെ അവർക്ക് ഉറക്കം കുറവാൺ്. ഇപ്പോൾ ഉണർന്നാൽ, പാവം, പിന്നെ ഉറക്കം പിടിക്കാൻ ഒരുപാടു സമയമെടുക്കും.'

'ഞാനും അങ്ങനെയാൺ്.'

'എന്താ?' ശരിക്കു കേൾക്കാൻ വേണ്ടി മുന്നോട്ടു ചാഞ്ഞുകൊണ്ട് അവർ ചോദിച്ചു.

സോഫയുടെ തൊട്ടടുത്തുള്ള കസേരയിലേക്കു മാറിയിരുന്നുകൊണ്ട് ഞാൻ നേരത്തേ പറഞ്ഞതാവർത്തിച്ചു. അങ്ങനെയൊരു യാദ്യച്ഛികതയെക്കുറിച്ചോർത്തപ്പോൾ അവർക്കു ചിരിവന്നു: കാരണം അവർക്കും ഉറക്കം കുറവാൺ്, നമുക്കെല്ലാം ഉറക്കം കുറവാൺ്.
'ഞാനും മമ്മായെപ്പോലെതന്നെയാൺ്: ഉണർന്നുപോയാൽപ്പിന്നെ ഉറക്കം വരില്ല. ഞാൻ കട്ടിലിൽ കിടന്നുരുളും, എഴുന്നേറ്റിരിക്കും, മെഴുകുതിരി കത്തിച്ചുവയ്ക്കും, അങ്ങോട്ടുമിങ്ങോട്ടും നടക്കും, വീണ്ടും ചെന്നുകിടക്കും; എന്നിട്ടെന്താ, ഒരു ഫലവുമില്ല.'

'ഇന്നത്തെ രാത്രി പോലെ.'

'അല്ലല്ല,' അവർ തിടുക്കത്തിൽ പറഞ്ഞു. എനിക്കവരുടെ ആ നിഷേധം മനസ്സിലായില്ല; അവർക്കുതന്നെ അതു മനസ്സിലായിട്ടുണ്ടോയെന്നും എനിക്കു സംശയം തോന്നി. അവർ ബൽറ്റിന്റെ തുമ്പുകളെടുത്ത് തന്റെ കാൽമുട്ടുകളിൽ തട്ടിക്കൊണ്ടിരുന്നു, കാലിന്മേൽ കാലു കയറ്റിവച്ചിരിക്കുന്നതിനാൽ വലതുകാൽമുട്ടിൽ എന്നു വേണം പറയാൻ. പിന്നെ അവർ സ്വപ്നങ്ങളെക്കുറിച്ചു സംസാരിക്കാൻ തുടങ്ങി. താൻ ജീവിതത്തിൽ ആകെക്കൂടി ഒരൊറ്റ പേടിസ്വപ്നമേ കണ്ടിട്ടുള്ളുവെന്ന് അവർ പറഞ്ഞു; അത് അവരുടെ കുട്ടിക്കാലത്തായിരുന്നു. ഞാൻ പേടിസ്വപ്നങ്ങൾ കണ്ടിട്ടുണ്ടോയെന്ന് അവർക്കറിയണം. ഞങ്ങളുടെ സംസാരം അങ്ങനെ വീണ്ടും പടർന്നുകേറി; മന്ദതാളത്തിൽ, നിറുത്തില്ലാതെ അതു നീണ്ടു; കുർബ്ബാനയും അതിന്റെ നേരവുമൊക്കെ എന്റെ മനസ്സിൽ നിന്നേ പോയി. ഞാൻ ഒരു വിവരണമോ വിശദീകരണമോ പറഞ്ഞവസാനിപ്പിക്കേണ്ട താമസം, അവർ എന്തെങ്കിലും ചോദ്യമെടുത്തിടും, അല്ലെങ്കിൽ പുതിയൊരു വിഷയമെടുത്തിടും; ഞാൻ അതിൽപ്പിടിച്ച് വീണ്ടും സംഭാഷണം തുടങ്ങും. ഇടയ്ക്കിടെ അവർ എന്നെ താക്കീതു ചെയ്യും:

'പതുക്കെ, പതുക്കെ.'

ചില സമയത്ത് ഇരുവരും മിണ്ടാതെയാവും. അവർ ഉറക്കത്തിൽ വീണോയെന്ന് രണ്ടു തവണ ഞാൻ സംശയിച്ചുപോയി. പക്ഷേ അവരുടെ കണ്ണുകൾ ഒരു നിമിഷം ഒന്നടഞ്ഞിട്ട് പെട്ടെന്നു തന്നെ വീണ്ടും തുറന്നു: അവയിൽ ഉറക്കച്ചടവോ ക്ഷീണമോ ഒന്നും കണ്ടില്ല;.നല്ല കാഴ്ച കിട്ടാൻ വേണ്ടി അവർ കണ്ണുകൾ ഒന്നടച്ചുതുറന്നപോലെയായിരുന്നു. അങ്ങനെയൊരു സന്ദർഭത്തിലായിരിക്കണം, ഞാൻ അവരിൽത്തന്നെ മുഴുകിയിരിക്കുകയാണെന്ന കാര്യം അവരുടെ ശ്രദ്ധയിൽപ്പെട്ടപോലെ എനിക്കു തോന്നി; അവർ വീണ്ടും കണ്ണുകൾ അടച്ചതായും ഞാൻ ഓർക്കുന്നു -തിടുക്കത്തിലോ സാവധാനത്തിലോയെന്ന് എനിക്ക് ഓർമ്മ വരുന്നില്ല. ആ രാത്രിയെക്കുറിച്ചുള്ള എന്റെ ചില ഓർമ്മകൾ അപൂർണമോ അവ്യക്തമോ ആയിപ്പോകുന്നു. എനിക്കെല്ലാം കൂടിക്കുഴഞ്ഞുപോകുന്നു, ചില ഓർമ്മകൾ പരസ്പരവിരുദ്ധവുമായിപ്പോകുന്നു. ഒരു കാര്യം വളരെ വിശദമായി എന്റെ ഓർമ്മയിലുള്ളതിതാൺ്: അത്രയും നേരം എനിക്കു കൂട്ടിരുന്ന (അതിൽക്കവിഞ്ഞൊന്നുമില്ല) അവർ പെട്ടെന്നൊരു നിമിഷം സുന്ദരിയായി മാറി, വളരെ സുന്ദരിയായി മാറി. കൈകൾ മാറത്തു പിണച്ചുവച്ച് അവർ എഴുന്നേറ്റുനിന്നു. അവരോടുള്ള ബഹുമാനം കാരണം ഞാനും എഴുന്നേൽക്കാൻ തുനിഞ്ഞു; വേണ്ടെന്ന അർഥത്തിൽ അവർ ഒരു കൈ എന്റെ മേൽ വച്ചു; ഞാൻ അങ്ങനെതന്നെ ഇരുന്നു. അവർ എന്തോ പറയാൻ പോവുകയാണെന്ന് എനിക്കു തോന്നിയെങ്കിലും അവർ കുളിരു പിടിച്ചപോലെ ഒന്നു വിറ കൊള്ളുന്നതാണു ഞാൻ കണ്ടത്; പിന്നെ അവർ തിരിഞ്ഞു നടന്ന് ഞാൻ നേരത്തേ വായിച്ചുകൊണ്ടിരുന്ന കസേരയിൽ ചെന്നിരുന്നു. സോഫയ്ക്കു മുകളിലുള്ള കണ്ണാടിയിലേക്ക് ഒന്നു കണ്ണോടിച്ച ശേഷം അവർ ഭിത്തിയിൽ കിടക്കുന്ന രണ്ടു ചിത്രങ്ങളെക്കുറിച്ചു പറയാൻ തുടങ്ങി.

'ആ പടങ്ങൾ പഴകിത്തുടങ്ങി. പുതിയതു വാങ്ങാൻ ഞാൻ ചിക്വിഞോയോടു പറഞ്ഞിട്ടുണ്ട്.'

ചിക്വിഞോ അവരുടെ ഭർത്താവിന്റെ ചെല്ലപ്പേരായിരുന്നു. ആ മനുഷ്യന്റെ പ്രധാനതാൽപര്യമെന്താണെന്നു വിളിച്ചോതുന്നവയായിരുന്നു ആ ചിത്രങ്ങൾ. ക്ലിയോപാട്രയുടെ പടമായിരുന്നു ഒന്ന്; മറ്റേതിന്റെ വിഷയമെന്തായിരുന്നുവെന്ന് എനിക്കു നല്ല ഓർമ്മ വരുന്നില്ല; പക്ഷേ അതിലും സ്ത്രീകളുണ്ടായിരുന്നു. രണ്ടും ക്ഷുദ്രമായിരുന്നു; അവ ഭംഗിയില്ലാത്തവയുമാണെന്ന് അന്നെനിക്കു മനസ്സിലായിരുന്നില്ല.

'കാണാൻ നല്ല ഭംഗിയുണ്ട്' ഞാൻ പറഞ്ഞു.

'ശരിയാൺ്, പക്ഷേ അവയിൽ പാടു വീണിരിക്കുന്നു. പിന്നെ, ഉള്ളതു പറയാമല്ലോ, പുണ്യവാളന്മാരുടെ പടങ്ങളാണെനിക്കിഷ്ടം. ഇതൊക്കെ കല്യാണം കഴിക്കാത്ത ചെറുപ്പക്കാരുടെ മുറികളിലോ അല്ലെങ്കിൽ ബാർബർ ഷാപ്പിലോ വയ്ക്കാൻ കൊള്ളാം.'

'ബാർബർ ഷാപ്പ്! നിങ്ങൾ അവിടെ പോയിട്ടുണ്ടെന്നു ഞാൻ...'

'അവിടെ വരുന്നവർ എന്തിനെക്കുറിച്ചാണു സംസാരിക്കുകയെന്ന് ഊഹിക്കാവുന്നതല്ലേയുള്ളു- പെണ്ണുങ്ങൾ, പ്രേമങ്ങൾ. കടക്കാരൻ അതിനു പറ്റിയ ചിത്രങ്ങൾ വച്ച് അവരെ പ്രീതിപ്പെ ടുത്താനും നോക്കും. പക്ഷേ അത്തരം ചിത്രങ്ങൾ വീട്ടിൽ വയ്ക്കാൻ പറ്റിയതല്ലെന്നാൺ് എനിക്കു തോന്നുന്നത്. ഞാൻ എന്റെ തോന്നലാണേ പറഞ്ഞത്; ഇങ്ങനെ കുറേ വിചിത്രമായ തോന്നലുകൾ എന്റെ തലക്കുള്ളിലുണ്ട്. എന്തായാലും എനിക്കവ അത്ര പിടുത്തമല്ല. എന്റെ കൈയ്യിൽ ഒരു അമലോത്ഭവമാതാവുണ്ട്. എന്തു ഭംഗിയാണെന്നോ. പക്ഷേ പ്രതിമയായതു കാരണം ഭിത്തിയിൽ തൂക്കിയിടാൻ പറ്റില്ല; ഇവിടെ അതു വയ്ക്കാനും എനിക്കു താൽപര്യമില്ല. ഞാൻ അതെന്റെ പൂജാമുറിയിൽ വച്ചിരിക്കുകയാൺ്.'

പൂജാമുറിയുടെ കാര്യം പറഞ്ഞപ്പോഴാൺ് എനിക്ക് കുർബ്ബാനയുടെ ഓർമ്മ വരുന്നത്. പോകേണ്ട സമയമായെന്ന് ഇപ്പോൾ പറഞ്ഞാലോയെന്ന് ഞാൻ ഓർത്തതും അങ്ങനെ പറയാനോങ്ങിയതുമാൺ്. ഞാൻ വായ തുറന്നുവെന്നുതന്നെ എനിക്കു തോന്നുന്നു; പക്ഷേ ഞാൻ മിണ്ടിയില്ല; അവർ പറയുന്നത് എനിക്കു കേട്ടുകൊണ്ടിരിക്കണം; മധുരവും മുഗ്ധവും ശാന്തവുമായ ആ ശബ്ദം ഒരു ലഹരിമരുന്നു പോലെ എന്റെ ആത്മാവിനെ മയക്കുകയായിരുന്നു. കുട്ടിയായിരിക്കുമ്പോഴും അതിൽപ്പിന്നെ മുതിർന്നപ്പോഴുമുള്ള തന്റെ ദൈവഭക്തിയെക്കുറിച്ച് അവർ പറഞ്ഞു. പിന്നെയവർ പറഞ്ഞത് നൃത്തങ്ങളെക്കുറിച്ചും സവാരികളെക്കുറിച്ചും പക്വിറ്റാ ദ്വീപിലേക്കുള്ള യാത്രകളെക്കുറിച്ചുമാൺ്: എല്ലാം കൂടിക്കുഴഞ്ഞ്, ഒരു വിരാമമില്ലാതെ. ഭൂതകാലത്തെക്കുറിച്ചു പറഞ്ഞു മടുത്തപ്പോൾ അവർ പിന്നെ വർത്തമാനകാലത്തെക്കുറിച്ചായി സംസാരം: വീട്ടുകാര്യങ്ങളെക്കുറിച്ച്, കുടുംബപ്രാരബ്ധങ്ങളെക്കുറിച്ച്; കല്യാണത്തിനു മുമ്പ് അവരെ പറഞ്ഞുപേടിപ്പിച്ചിരുന്നതൊക്കെ അനുഭവത്തിൽ അവർക്കു സഹിക്കാവുന്നവയായിരുന്നു. അവർ അതു സൂചിപ്പിച്ചില്ലെങ്കിലും, കല്യാണം കഴിക്കുമ്പോൾ അവർക്ക് ഇരുപത്തേഴു വയസ്സായിരുന്നുവെന്ന് എനിക്കറിയാമായിരുന്നു.
അവർ ആ ഇരുപ്പിൽ നിന്നിളകിയില്ല. അവരുടെ കണ്ണുകൾ ചുരുങ്ങിപ്പോയപോലെ തോന്നി; അവർ ഭിത്തികളിലേക്ക് അലസമായി കണ്ണോടിച്ചു.

'ഈ വാൾപേപ്പർ നമുക്കു മാറ്റണം,' തന്നോടുതന്നെ സംസാരിക്കുന്നതുപോലെ അവർ പറഞ്ഞു.

ഞാനും അതിനോടു യോജിച്ചു; അതു പക്ഷേ എന്നെ ബാധിച്ച ആ കാന്തികവലയത്തെ, അല്ലെങ്കിൽ എന്റെ നാവു കെട്ടുകയും എന്റെ പഞ്ചേന്ദ്രിയങ്ങളെയും ജഡമാക്കുകയും ചെയ്ത ഒന്നിനെ നിങ്ങൾ എന്തു വിളിക്കുമോ അതിനെ, കുടഞ്ഞുകളയാനുള്ള ഒരു ശ്രമമായിരുന്നു. സംഭാഷണം നിർത്താനും ഒപ്പം നിർത്താതിരിക്കാനും എനിക്കു തോന്നി. അവരിൽ നിന്നു കണ്ണു പറിച്ചെടുക്കാൻ ഞാൻ ശ്രമിച്ചു; മര്യാദയോർത്ത് ഞാൻ അതു ചെയ്യുകയും ചെയതു; പക്ഷേ അവരെ നോക്കിയിരുന്ന് എനിക്കു മടുത്തോയെന്ന് അവർക്ക് തോന്നിയാലോ എന്നു ഭയന്ന്, പരമാർത്ഥം അതല്ലെങ്കിലും, ഞാൻ വീണ്ടും അവരെ നോക്കിയിരുപ്പായി. സംഭാഷണം ക്രമേണ നിലയ്ക്കുകയായിരുന്നു. തെരുവിൽ ഒരനക്കവുമില്ല.

ഞങ്ങൾ സംസാരം നിർത്തി; കുറേ നേരത്തേക്ക് (എത്ര നേരത്തേക്കെന്ന് എനിക്കറിയില്ല) ഞങ്ങൾ ഒന്നും മിണ്ടിയില്ല. മുറിക്കുള്ളിലെവിടെയോ ഒരെലി കരളുന്നതു മാത്രമേ കേൾക്കാനുണ്ടായിരുന്നുള്ളു; അതാൺ് എന്നെ ബാധിച്ച മയക്കത്തിൽ നിന്ന് എന്നെ തട്ടിയുണർത്തിയതും. അതിനെക്കുറിച്ചു സംസാരിക്കണമെന്നെനിക്കുണ്ടായിരുന്നുവെങ്കിലും എങ്ങനെ തുടങ്ങണമെന്ന്  എനിക്കു പിടിയുണ്ടായില്ല. കൺസീചാവോ മറ്റേതോ ലോകത്താണെന്നു തോന്നി. പെട്ടെന്ന് ജനാലയിൽ ആരോ തട്ടുന്നതും കൂടെ ഒരൊച്ചവയ്പ്പും ഞാൻ കേട്ടു.

'പാതിരാക്കുർബ്ബാന! പാതിരാക്കുർബ്ബാന!'

'തൻറെ ചങ്ങാതിയാൺ്,' എഴുന്നേറ്റുകൊണ്ട് അവർ പറഞ്ഞു. 'നല്ല തമാശ. അങ്ങോട്ടു ചെന്നുണർത്തേണ്ടയാളെ ഇങ്ങോട്ടു വരുത്തേണ്ടിവന്നല്ലോ. വേഗമിറങ്ങിക്കോ, വൈകും. പിന്നെക്കാണാം.'

'സമയമായോ?'

'പിന്നേ.'

'പാതിരാക്കുർബ്ബാന!' ജനാലയിലിടിച്ചുകൊണ്ട് പുറത്തു നിന്നു വീണ്ടും ഒച്ചയുണ്ടായി.

'വേഗം,വേഗം, അയാൾ കാത്തുനിൽക്കുകയാൺ്. ഞാൻ കാരണമാൺ് വൈകിയത്. എന്നാൽ ശരി, നാളെ കാണാം.'

എന്നിട്ടവർ ആ ചാഞുലഞ്ഞ നടത്തയോടെ പതുക്കെ ഹാളിലൂടെ നടന്നുപോയി. ഞാൻ തെരുവിലേക്കിറങ്ങി കൂട്ടുകാരനോടൊപ്പം പള്ളിയിലേക്കു നടന്നു. കുർബ്ബാനയ്ക്കിടയിൽ എനിക്കും വികാരിയച്ചനുമിടയിൽ  കൺസീസാവോയുടെ രൂപം പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു; അതിനു വേണമെങ്കിൽ എന്റെ പതിനേഴു വയസ്സ് പ്രായത്തെ പഴി പറഞ്ഞോളൂ. അടുത്ത ദിവസം കാലത്ത് കാപ്പി കുടിക്കാനിരിക്കുമ്പോൾ പാതിരാക്കുർബ്ബാനയെക്കുറിച്ചും പള്ളിയിൽ വന്ന ജനങ്ങളെക്കുറിച്ചും ഞാൻ പറഞ്ഞു; അതിലൊന്നും പക്ഷേ,  കൺസീസാവോയ്ക്ക് ഒരു താൽപര്യവും കണ്ടില്ല. പകലാവട്ടെ, അവരുടെ പെരുമാറ്റം പഴയപോലെ സൗമ്യവും ഊഷ്മളവുമായിരുന്നു; തലേ രാത്രിയിലെ സംഭാഷണത്തെ സൂചിപ്പിക്കുന്ന യാതൊന്നും അവരിൽ നിന്നുണ്ടായതുമില്ല.

കുറച്ചു ദിവസം കഴിഞ്ഞ് ഞാൻ മാംഗരറ്റിബായിലേക്കു പോയി. മാർച്ചിൽ റിയോവിൽ മടങ്ങിയെത്തിയപ്പോൾ നോട്ടറി സന്നി പിടിച്ചു മരിച്ചുപോയതായി ഞാൻ അറിഞ്ഞു.  കൺസീസാവോ  എൻഷിഞ്ഞോ നൊവോയിലാണു താമസം; പക്ഷേ ഞാൻ അവരെ പോയിക്കാണുകയോ, പിന്നീടെവിടെയെങ്കിലും വച്ച് അവരെ കണ്ടുമുട്ടുകയോ ചെയതില്ല. അവർ തന്റെ ഭർത്താവിൻ്റെ ക്ലർക്കിനെ വിവാഹം കഴിച്ചതായി പിന്നീടു ഞാൻ അറിഞ്ഞു.
*

അഭിപ്രായങ്ങളൊന്നുമില്ല: