2022, ഫെബ്രുവരി 21, തിങ്കളാഴ്‌ച

ഒക്റ്റേവിയോ പാസ്- നെരൂദയെക്കുറിച്ച്

 ചോദ്യം: 1940ൽ ചിലിയുടെ കോൺസൽ ജനറലായി പാബ്ലോ നെരൂദ മെക്സിക്കോയിലേക്കു വന്നിരുന്നല്ലോ; അദ്ദേഹവുമായുള്ള ബന്ധത്തെക്കുറിച്ചറിയാൻ താല്പര്യമുണ്ട്.

ഒക്റ്റേവിയോ പാസ്: ഞാൻ മുമ്പു പറഞ്ഞപോലെ, മുപ്പതുകളിൽ ആധുനികകവിത വായിക്കാൻ തുടങ്ങിയ കാലത്ത് നെരൂദയുടെ കവിത എനിക്കൊരു വെളിപാടായിരുന്നു. ഞാൻ എന്റെ ആദ്യത്തെ പുസ്തകം പ്രസിദ്ധീകരിച്ച സമയത്ത് ഒരു കോപ്പി നെരൂദക്കയച്ചിരുന്നു. അതിനു മറുപടിയൊന്നും ഉണ്ടായില്ല; എന്നാൽ സ്പെയിനിലെ കോൺഗ്രസിന്‌ എന്നെ ക്ഷണിച്ചത് അദ്ദേഹമായിരുന്നു. 1937ൽ പാരീസിലെത്തുമ്പോൾ എനിക്കൊറ്റ മനുഷ്യനെ അറിയില്ലായിരുന്നു. എന്നാൽ ഞാൻ ട്രെയിനിൽ നിന്നിറങ്ങുമ്പോൾ നല്ല ഉയരമുള്ള ഒരാൾ ഒക്റ്റേവിയോ പാസ്! ഒക്റ്റേവിയോ പാസ്! എന്ന് ഉറക്കെ വിളിച്ചുകൊണ്ട് ഓടിവന്നു. അത് നെരൂദ ആയിരുന്നു. താൻ എന്തു ചെറുപ്പമാണെടോ! എന്ന് അദ്ദേഹം പറഞ്ഞു. ഞങ്ങൾ ആലിംഗനം ചെയ്തു. അദ്ദേഹം എനിക്കു താമസിക്കാൻ ഒരു ഹോട്ടൽ കണ്ടെത്തി; ഞങ്ങൾ വലിയ കൂട്ടുകാരുമായി. തുടക്കക്കാരനായ എന്റെ കവിതയെ ശ്രദ്ധിക്കുകയും അനുഭാവത്തോടെ വായിക്കുകയും ചെയ്തവരിൽ ഒരാൾ അദ്ദേഹമായിരുന്നു.

ചോദ്യം: എന്നിട്ടെവിടെയാണു പിശകിയത്?

പാസ്: അദ്ദേഹം മെക്സിക്കോയിൽ വന്നപ്പോൾ ഞാൻ പലപ്പോഴും അദ്ദേഹത്തെ പോയിക്കാണുമായിരുന്നു; പക്ഷേ ബുദ്ധിമുട്ടുകളുണ്ടായിരുന്നു. ഒന്നാമത്, വ്യക്തിപരമായ ഒരു പ്രശ്നമുണ്ടായിരുന്നു. നെരൂദ വളരെ ഉദാരമനസ്കനായിരുന്നു; എന്നാൽ അടക്കിഭരിക്കാനുള്ള ഒരു പ്രവണതയും അദ്ദേഹത്തിനുണ്ടായിരുന്നു. ഞാനന്ന് കലഹക്കാരനായിരുന്നതുകൊണ്ടാവാം, എന്റെ സ്വാതന്ത്ര്യത്തെ അങ്ങനെ വിട്ടുകൊടുക്കാൻ എനിക്കു മടിയുള്ളതുകൊണ്ടുമാവാം. തന്നെ സ്നേഹിക്കുന്നവരുടെ ഒരു കൂട്ടം തനിക്കു ചുറ്റും ഉണ്ടാവുന്നത് അദ്ദേഹത്തിനിഷ്ടമായിരുന്നു- അവരിൽ ബുദ്ധിയുള്ളവർ ഉണ്ടായിരുന്നു, എന്നാൽ കൂടുതലും ശരാശരിക്കാർ ആയിരുന്നു. രണ്ടാമത്തേത് രാഷ്ട്രീയമായിരുന്നു. അദ്ദേഹം കൂടുതൽ കൂടുതൽ സ്റ്റാലിനിസ്റ്റ് ആവുകയായിരുന്നു; എന്റെ സ്റ്റാലിൻ ഭ്രമമാവട്ടെ, കുറഞ്ഞുകുറഞ്ഞു വരികയും. ഒടുവിൽ ഞങ്ങൾ തല്ലുപിടിച്ചു- ശാരീരികമായിത്തന്നെ, പിന്നെ ഞങ്ങൾ തമ്മിൽ കണ്ടാൽ മിണ്ടാതെയുമായി. അദ്ദേഹം എന്നെക്കുറിച്ച് അത്ര സുഖകരമല്ലാത്ത ചില കാര്യങ്ങൾ എഴുതി, ഒരു വഷളൻ കവിതയുൾപ്പെടെ. ഞാനും അദ്ദേഹത്തെക്കുറിച്ച് അരോചകമായ ചിലതെന്തോ എഴുതി. 

ചോദ്യം: പിന്നീട് ഒരനുരഞ്ജനം ഉണ്ടായോ?

പാസ്: ഇരുപതു കൊല്ലത്തോളം ഞങ്ങൾ മിണ്ടിയതേയില്ല. ഞങ്ങൾ ചിലപ്പോൾ ഒരേ സഥലത്ത്, ഒരേ സമയത്തുണ്ടാവാറുണ്ടായിരുന്നു; ഞാൻ ഒരു ‘വഞ്ചകൻ’ ആണെന്നും ഞാനുമായുള്ള സൗഹൃദം ഉപേക്ഷിക്കണമെന്നും അദ്ദേഹം ഞങ്ങളുടെ പൊതുസുഹൃത്തുക്കളോടു പറയുമെന്നും എനിക്കറിയാമായിരുന്നു. പക്ഷേ അക്കാലത്താണ്‌ സ്റ്റാലിനിസ്റ്റ് ക്രൂരതകളെക്കുറിച്ചുള്ള ക്രൂഷ്ചേവ് റിപ്പോർട്ട് പുറത്താവുന്നതും അതദ്ദേഹത്തിന്റെ വിശ്വാസങ്ങളെ തകർക്കുന്നതും. ഒരു കാവ്യസമ്മേളനത്തിന്‌ ഞങ്ങൾ ലണ്ടനിൽ വരാൻ ഇടയായി. ആയിടയ്ക്ക് എന്റെ പുനർവിവാഹം നടന്നിട്ടേയുള്ളു; പാബ്ലോയുടെ കാര്യത്തിലും അതുതന്നെ. അദ്ദേഹത്തിന്റെ ഭാര്യ മാറ്റിൽഡെ ഉറുഷ്യേയെ കാണുമ്പോൾ ഞാൻ എന്റെ ഭാര്യ മാരി ഹൊസേയോടൊപ്പമായിരുന്നു. എനിക്കു തെറ്റു പറ്റിയിട്ടില്ലെങ്കിൽ നിങ്ങൾ ഒക്റ്റേവിയോ പാസ് ആണ്‌, അവർ പറഞ്ഞു. അതെ, നിങ്ങൾ മാറ്റിൽഡേയും, ഞാൻ മറുപടി പറഞ്ഞു. അപ്പോൾ അവർ ചോദിച്ചു, പാബ്ളോയെ കാണണമെന്നുണ്ടോ? നിങ്ങളെ വീണ്ടും കാണുന്നത് അദ്ദേഹത്തിനിഷ്ടമായിരിക്കും എന്നാണെനിക്കു തോന്നുന്നത്. ഞങ്ങൾ പാബ്ലോയുടെ മുറിയിലേക്കു പോയി. അദ്ദേഹത്തെ ഏതോ പത്രക്കാരൻ ഇന്റർവ്യൂ ചെയ്യുകയായിരുന്നു. അയാൾ പോയ ഉടനേ എന്റെ മോനേ! എന്നു പറഞ്ഞുകൊണ്ട് അദ്ദേഹം എന്നെ കെട്ടിപ്പിടിച്ചു. ശരിക്കും ചിലിയൻ ആയ ഒരു പ്രയോഗമാണത് -mijito-, ഹൃദയം നിറഞ്ഞുകൊണ്ടാണ്‌ അദ്ദേഹം അതു പറഞ്ഞതും. അതെന്നെ വല്ലാതെ സ്പർശിച്ചു; ഞാൻ കരഞ്ഞില്ല എന്നേയുള്ളു. ഞങ്ങൾ ചുരുക്കമായിട്ടെന്തോ സംസാരിച്ചു; അദ്ദേഹം ചിലിയിലേക്കു മടങ്ങാൻ ഒരുങ്ങുകയായിരുന്നു. അദ്ദേഹം എനിക്കൊരു പുസ്തകം അയച്ചു; ഞാനും ഒരു പുസ്തകം അദ്ദേഹത്തിനയച്ചു. പിന്നെ ചില വർഷങ്ങൾ കഴിഞ്ഞപ്പോൾ അദ്ദേഹം മരിക്കുകയും ചെയ്തു. ദുഃഖകരമായിരുന്നു ആ കൂടിക്കാഴ്ച, എന്നാൽ എന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യങ്ങളിൽ ഒന്നുമാണത്- ഞാൻ അത്രയധികം ഇഷ്ടപ്പെടുകയും ആദരിക്കുകയും ചെയ്യുന്ന ഒരാളുമായി വീണ്ടും സൗഹൃദത്തിലാവാനുള്ള സാധ്യത.

(പാരീസ് റിവ്യു 1991ൽ ഒക്റ്റേവിയോ പാസുമായി നടത്തിയ അഭിമുഖത്തിൽ നിന്ന്)

അഭിപ്രായങ്ങളൊന്നുമില്ല: