2022, മാർച്ച് 17, വ്യാഴാഴ്‌ച

മരിയോ വർഗാസ് യോസ - സെസർ വയഹോ

 വിശദീകരണക്ഷമമായ കവിതകളെഴുതുന്ന കവികളുണ്ട്; വിശദീകരണത്തിനു വഴങ്ങാത്ത കവിതകളെഴുതുന്ന കവികളുമുണ്ട്, സെസർ വയഹൊയെപ്പോലെ. ഒരാളുടെ കവിത വിശദീകരണക്ഷമമല്ല എന്നു പറയുന്നതിനർത്ഥം മനസ്സിലാക്കാൻ കഴിയാത്തതെന്നല്ല, അയാളുടെ കവിതകൾ അഗ്രാഹ്യമാണ്‌, തീർത്തും അടഞ്ഞതാണ്‌ എന്നുമല്ല. അതിനർത്ഥം, അയാളുടെ കവിതകളെക്കുറിച്ച് യുക്തിപരമായ അറിവിനു നല്കാവുന്നതെല്ലാം, അയാളുടെ ഉറവിടങ്ങൾ, അയാളുടെ സങ്കേതങ്ങൾ, അയാൾക്കു സ്വന്തമായ പദാവലി, അയാളുടെ വിഷയങ്ങൾ, അയാളിലെ സ്വാധീനങ്ങൾ, രചനയുടെ ചരിത്രപശ്ചാത്തലം ഇതെല്ലാം പഠിച്ചുകഴിഞ്ഞിട്ടും നമുക്കു വെളിച്ചം കിട്ടുന്നില്ല, ആ കവിതയുടെ മൗലികതയുടേയും ശക്തിയുടേയും രഹസ്യമായി നമുക്കനുഭവപ്പെടുന്ന ആ നിഗൂഢപരിവേഷത്തെ ഭേദിക്കാൻ നമുക്കു കഴിയുന്നില്ല എന്നാണ്‌.

ഒരു കവി യുക്തിപരമായ വിശദീകരണത്തിനു വഴങ്ങുമോ ഇല്ലയോ എന്നത് അയാളുടെ കവിതയുടെ ആഴത്തിന്റെയോ വൈശിഷ്ട്യത്തിന്റെയോ സൂചകമല്ല. നെരൂദ മഹാനായ കവിയാണ്‌, മൗലികതയുള്ള കവിയാണ്‌; എന്നാൽ അദ്ദേഹത്തിന്റെ ഏറ്റവും ദുർഗ്രഹമായ കവിത പോലും (Recidencia en la Tierra പോലെ) സൂക്ഷ്മഗ്രാഹിയായ ഒരു വിമർശകന്റെ യുക്തിയുക്തമായ വിശകലനത്തിനു വഴങ്ങാതെ വരുന്നില്ല, പാഠത്തെ അതിന്റെ വേരുകളിലേക്ക്, അതിന്റെ മർമ്മത്തിലേക്ക് പിന്തുടർന്നു ചെല്ലാൻ അയാൾക്കു കഴിയുന്നുണ്ടെങ്കിൽ. എന്നാൽ വയഹോയുടെ കാര്യത്തിൽ അനുഭവം മറിച്ചാണ്‌. അദ്ദേഹത്തിന്റെ യൗവനകാലത്തെ കവിതകൾക്കു പോലും പുറമേ കാണുന്ന ആ സുതാര്യതയ്ക്കടിയിൽ ശുദ്ധയുക്തിയിലേക്കു ചുരുക്കാനാവാത്ത ഒരു കേന്ദ്രബിന്ദുവുണ്ട്, യുക്തി എങ്ങനെയൊക്കെ കിണഞ്ഞു പരിശ്രമിച്ചാലും സ്പന്ദിക്കാൻ കൂട്ടാക്കാത്ത ഒരു നിഗൂഢഹൃദയം.
വയഹോയുടെ കവിത, പരിചിതമായ ഭൂദൃശ്യങ്ങളും സാമൂഹികവും ചരിത്രപരവുമായ ചുറ്റുപാടുകളുമാണ്‌ അതിൽ പരാമൃഷ്ടമെങ്കില്ക്കൂടി, ആ സ്ഥലകാലങ്ങളെ അതിവർത്തിക്കുകയും വായനക്കാരനെ കൂടുതൽ ശാശ്വതവും കൂടുതൽ ഗഹനവുമായ ഒരു തലത്തിലേക്ക്, മനുഷ്യാവസ്ഥയുടെ തലത്തിലേക്ക്, കൊണ്ടുപോവുകയും ചെയ്യുന്നു. എന്നു പറഞ്ഞാൽ സ്ത്രീപുരുഷന്മാരുടെ ജീവിതമെന്നു പറയുന്ന അസ്തിത്വപരമായ യാഥാർത്ഥ്യത്തിലേക്ക്: നമ്മുടെ ഉല്പത്തിയേയും ഈ ഭൂമിക്കപ്പുറമുള്ള നമ്മുടെ ഭാവിയെക്കുറിച്ചുമുള്ള അനിശ്ചിതത്വം; മനുഷ്യജീവികൾ ചെന്നുപതിക്കാവുന്ന യാതനയുടേയും നൈരാശ്യത്തിന്റേയും പാരമ്യങ്ങൾ; സ്നേഹമോ ആവേശമോ കാരുണ്യമോ ഗൃഹാതുരത്വമോ നമ്മളെ കീഴ്പെടുത്തുമ്പോൾ നമുക്കുണ്ടാവുന്ന വൈകാരികതീവ്രത. എന്നാൽ വയെഹോയുടെ കവിതയിലെ നിഗൂഢത കുടികൊള്ളുന്നത് അസ്തിത്വസംബന്ധിയായ ആ വിഷയങ്ങളിലോ അവസ്ഥകളിലോ അല്ല, മറിച്ച്, വായനക്കാരനുമായി നേരിട്ടു സംവദിക്കാൻ അവ ഭാഷയിൽ കൈക്കൊള്ളുന്ന രൂപങ്ങളിലാണ്‌; അതാവട്ടെ, സുഗ്രഹമായ ഒരു സംവാദത്തിലൂടെ എന്നതിനെക്കാൾ ഒരുതരം അന്തർവ്യാപനത്തിലൂടെ, സാംക്രമികതയിലൂടെയാണ്‌ നടക്കുന്നതും.
വയഹോയുടേത് അസ്തിത്വത്തിന്റെ നാരിഴകൾ നമ്മെ അനുഭവിപ്പിക്കുന്ന ഒരു കവിതയാണ്‌; യാദൃച്ഛികവും നൈമിഷികവുമായി നമ്മിലുള്ളതെല്ലാം പറിച്ചുകളയുകയും നമ്മിലുള്ള സത്തയുടെ നേർക്ക് നമ്മെ തിരിച്ചുനിർത്തുകയും ചെയ്യുന്ന കവിതയാണ്‌. എന്താണ്‌ ആ സത്ത? നമ്മുടെ നശ്വരത, അതീതത്വത്തെ പ്രാപിക്കാനും മരണത്തെ അതിജീവിക്കാനുമുള്ള ഹതാശമായ അഭിലാഷം, നമ്മുടെ ഭാഗധേയത്തെ നിർണ്ണയിക്കുന്ന അസംബന്ധങ്ങളും സ്ഖലിതങ്ങളും ആശയക്കുഴപ്പങ്ങളും ചുറ്റിപ്പിണഞ്ഞുകൂടിയ ഒരു നൂൽക്കെട്ട്.
(Cesar Vallejo - The Complete Poetry (tr. Clayton Eshleman) എന്ന സമാഹാരത്തിന് മരിയോ വർഗാസ് യോസ എഴുതിയ ആമുഖത്തിൽ നിന്ന്)

അഭിപ്രായങ്ങളൊന്നുമില്ല: