2022, മാർച്ച് 26, ശനിയാഴ്‌ച

മഷാഡോ ജി അസീസ്- കുമ്പസാരം



1860ൽ എനിക്കു സംഭവിച്ച ആ കാര്യം എഴുതിവയ്ക്കേണ്ടതുതന്നെയാണെന്നാണോ നിങ്ങൾക്കു ശരിക്കും തോന്നുന്നത്? ആയിക്കോട്ടെ; ആ കഥ ഞാൻ പറയാം, എന്നാൽ എന്റെ മരണത്തിനു മുമ്പ് ഇതാരോടും വെളിപ്പെടുത്തില്ലെന്ന വ്യവസ്ഥയിൽ മാത്രം. അതിന്‌ അധികം കാത്തിരിക്കുകയും വേണ്ട- കൂടിയാൽ ഒരാഴ്ച: എന്റെ മേൽ ചാപ്പ കുത്തിക്കഴിഞ്ഞു.

എന്റെ ഇതുവരെയുള്ള ജീവിതത്തിന്റെ കഥതന്നെ വേണമെങ്കിൽ ഞാൻ പറഞ്ഞുതരാം. അതിനുപക്ഷേ, സമയവും ധൈര്യവും കടലാസും വേണം. കടലാസ് വേണ്ടത്ര ഉണ്ടെന്നു പറയാം; എന്നാൽ ധൈര്യം തീരെക്കുറഞ്ഞ അവസ്ഥയിലാണു ഞാനിപ്പോൾ; പിന്നെ, എനിക്കു ശേഷിച്ച സമയത്തിന്റെ കാര്യത്തിലാണെങ്കിൽ അതൊരു മെഴുകുതിരിനാളത്തിന്റെ ആയുസ്സിനോടുപമിക്കാനേയുള്ളു. അധികം വൈകാതെ നാളത്തെ സൂര്യനുദിക്കും- ജീവിതം പോലെതന്നെ പൊരുളു തിരിയാത്ത ഒരു രാക്ഷസസൂര്യൻ. അതിനാൽ വിട, പ്രിയപ്പെട്ട സർ; നിങ്ങൾ ഇതു വായിച്ചുനോക്കുമല്ലോ; എന്നിട്ടെന്നോടു നീരസമൊന്നും തോന്നുകയുമരുത്. നിങ്ങളുടെ കണ്ണിൽ പൈശാചികമെന്നു തോന്നുന്ന കാര്യങ്ങളുടെ പേരിൽ എനിക്കു മാപ്പു തരിക. റോസാപ്പൂവിന്റെ മണം പോലെ മനസ്സിനു ഹിതമായ ഒരു ഗന്ധമല്ല അവയിൽ നിന്നു പ്രസരിക്കുന്നതെങ്കിൽ വലിയ പരാതിയും പറയരുത്. നിങ്ങൾ എന്നോടു ചോദിച്ചത് ഒരു മാനുഷികരേഖയാണല്ലോ; അതിതാ. ഒരു മുഗൾ ചക്രവർത്തിയുടെ സാമ്രാജ്യമോ മക്കാബീസിന്റെ പാദുകമോ ഒന്നും എന്നിൽ നിന്നു പ്രതീക്ഷിക്കരുത്; ഇനി വേണമെങ്കിൽ എന്റെ ചെരുപ്പുകൾ ചോദിച്ചോളൂ; എന്റെ വില്പത്രത്തിൽ നിങ്ങൾക്കുതന്നെ ഞാനതു മാറ്റിവച്ചേക്കാം.

ഇതു നടക്കുന്നത് 1860ലാണെന്ന് നിങ്ങൾക്കറിയാമല്ലോ. അതിന്റെ തലേക്കൊല്ലം ആഗസ്റ്റുമാസത്തിൽ, എന്റെ നാല്പത്തിരണ്ടാം വയസ്സിൽ, ഞാനൊരു ദൈവശാസ്ത്രജ്ഞനായിരുന്നു- എന്നുപറഞ്ഞാൽ, എന്റെ പഴയൊരു കോളേജ് ചങ്ങാതിയായിരുന്ന നിക്തെറോയിയിലെ പുരോഹിതന്റെ ദൈവശാസ്ത്രപഠനങ്ങൾ ഞാൻ പകർത്തിയെഴുതിയിരുന്നു. (അതുവഴി അയാൾ തന്ത്രപരമായി എനിക്കു താമസവും ഭക്ഷണവും ഉറപ്പാക്കുകയായിരുന്നു.) അതേ മാസം തന്നെ ഉൾനാട്ടിലെ ഒരു ചെറിയ പട്ടണത്തിലെ ഒരു പാതിരിയുടെ കത്ത് എന്റെ സ്നേഹിതനു വന്നു; സുഖമില്ലാതിരിക്കുന്ന കേണൽ ഫെലിസ്ബർട്ടിന്റെ സഹായിയായി നില്ക്കാൻ (പകരം ഉദാരമായ ശമ്പളവും പ്രതീക്ഷിക്കാം) ബുദ്ധിയും വിവേകവും ക്ഷമയുമുള്ള ആരെയെങ്കിലും കിട്ടുമോ? ആ ജോലി എനിക്കേറ്റെടുത്തുകൂടേയെന്ന് അച്ചൻ ചോദിച്ചു; രണ്ടാമതൊന്നാലോചിക്കാതെ ഞാനതു സമ്മതിക്കുകയും ചെയ്തു; കാരണം, ലാറ്റിൻ ഉദ്ധരണികളും ന്യായപ്രമാണങ്ങളും പകർത്തിയെഴുതി എനിക്കു മടുത്തിരിക്കുകയായിരുന്നു. ഞാൻ ആദ്യം റിയോ ഡി ജനിറോയിലേക്കു പോയി അവിടെ താമസിക്കുന്ന ഒരു സഹോദരനെക്കണ്ടു യാത്ര പറഞ്ഞു; എന്നിട്ടവിടെ നിന്ന് ഉൾനാട്ടിലെ ആ ചെറുപട്ടണത്തിലേക്ക് ഞാൻ യാത്രയായി.

സ്ഥലത്തെത്തിയപ്പോൾ കേണലിനെക്കുറിച്ച് അത്ര സുഖമുള്ള വാർത്തകളല്ല ഞാൻ കേട്ടത്. അവയിൽ നിറഞ്ഞുനിന്നത് വഴക്കാളിയും പരുക്കനും കർക്കശക്കാരനുമായ ഒരാളാണ്‌; ആർക്കും, സ്വന്തം സുഹൃത്തുക്കൾക്കു പോലും, അധികനേരം അയാളെ സഹിച്ചിരിക്കാൻ പറ്റില്ലത്രെ. അയാൾ കഴിക്കുന്ന ഗുളികകളുടെ എണ്ണത്തേക്കാൾ അധികം വരുമത്രെ, ഇതേവരെ അയാളെ സഹായിക്കാൻ നിന്നിട്ടുള്ളവർ. അതിൽ രണ്ടു പേരുടെ മുഖങ്ങൾ അയാൾ അടിച്ചുപൊട്ടിച്ചിട്ടുണ്ടെന്നതാണ്‌ വാസ്തവം. ഇതിനെല്ലാം എന്റെ മറുപടി ഇതായിരുന്നു: നല്ല ആരോഗ്യമുള്ളവരെത്തന്നെ എനിക്കു പേടിയില്ല; പിന്നെയല്ലേ, സുഖമില്ലാത്തവരെ. അങ്ങനെ ആദ്യം വികാരിയച്ചനെ ചെന്നുകണ്ടിട്ട് (അദ്ദേഹം ഞാൻ കേട്ടതൊക്കെ ശരി വയ്ക്കുകയും അനുകമ്പയും ആത്മനിയന്ത്രണവും എന്റെ ഭാഗത്തുണ്ടാവുന്നത് നല്ലതായിരിക്കുമെന്ന് സൂചിപ്പിക്കുകയും ചെയ്തു) ഞാൻ കേണലിന്റെ വാസസ്ഥലത്തേക്കു തിരിച്ചു.

ഞാൻ ചെല്ലുമ്പോൾ വരാന്തയിൽ കസേരയിൽ മലർന്നുകിടക്കുകയാണയാൾ; നല്ല വേദന തിന്നുന്നുണ്ടെന്ന് കണ്ടാൽത്തന്നെ അറിയാം. അയാളെന്നെ കാര്യമായിത്തന്നെ സ്വീകരിച്ചു. ആദ്യം അയാൾ ആ കിടപ്പിൽ കിടന്നുകൊണ്ട് രണ്ടു പൂച്ചക്കണ്ണുകളിലൂടെ എന്നെ അടിമുടി പരിശോധിച്ചു; പിന്നെ, കർക്കശമെന്നു പറയാവുന്ന ആ മുഖത്ത് വിദ്വേഷം നിറഞ്ഞ ഒരു പുഞ്ചിരി പരന്നു. ഒടുവിൽ, താൻ ഇതുവരെ സഹായികളായി നിർത്തിയിട്ടുള്ളവർ ഒന്നൊഴിയാതെ ഒരു കാശിനും കൊള്ളാത്തവരായിരുന്നുവെന്നും ഉറങ്ങാൻ മാത്രമായി വന്നവരായിരുന്നുവെന്നും വേലക്കാരികളുടെ മൂടു നോക്കി നടക്കലായിരുന്നു അവർക്കു പണിയെന്നും അവരിൽ രണ്ടുപേർ കള്ളന്മാർ പോലുമായിരുന്നുവെന്നും അയാൾ പ്രഖ്യാപിച്ചു.

“അതിരിക്കട്ടെ, താൻ, താൻ കള്ളനാണോ?”

“അല്ല, സർ.”

പിന്നയാൾ എന്റെ പേരു ചോദിച്ചു. ഞാനതു പറഞ്ഞതും അയാൾ അത്ഭുതത്തിന്റെ ഒരു ചേഷ്ട കാണിച്ചു.

“തന്റെ പേര്‌ കൊളംബോ എന്നാണോ!”

“അല്ല സർ, പ്രൊക്കോപ്പിയോ ഹൊസെ ഗോമസ് വല്ലോംഗോ എന്നാണെന്റെ പേര്‌.”

വല്ലോംഗോ? അതു ക്രിസ്ത്യാനികൾ ഇടുന്ന പേരല്ല എന്ന നിഗമനത്തിൽ അയാൾ എത്തിച്ചേർന്നു. എന്നെ വെറും പ്രൊക്കോപ്പിയോ എന്നു വിളിക്കാമെന്ന് അയാൾ നിർദ്ദേശം വച്ചു. അയാളുടെ ഇഷ്ടം പോലെ ആയിക്കോട്ടെ എന്നു ഞാൻ സമ്മതിച്ചുകൊടുക്കുകയും ചെയ്തു.

ഞാൻ ഈ സംഭവം ഓർത്തെടുത്തു പറയുന്നത് അത് കേണലിന്റെ ഒരു യഥാർത്ഥചിത്രം നല്കുന്നു എന്നതുകൊണ്ടു മാത്രമല്ല, എന്റെ മറുപടി അയാളുടെ മനസ്സിൽ എന്നെക്കുറിച്ചൊരു മതിപ്പുണ്ടാക്കാനുതകി എന്നു നിങ്ങൾക്കു മനസ്സിലാകൻ വേണ്ടിക്കൂടിയാണ്‌. അടുത്ത ദിവസം അയാളത് വികാരിയച്ചനോടു പറയുകയും ചെയ്തു. സത്യം പറയട്ടെ, ഞങ്ങളുടെ മധുവിധുവിന്റെ ദൈർഘ്യം ഒരാഴ്ചയായിരുന്നു.

എട്ടാം ദിവസം സൂര്യോദയത്തോടെ എനിക്കു മനസ്സിലായി, എന്റെ മുൻഗാമികളുടെ ജീവിതം എന്തായിരുന്നുവെന്ന്- ഒരു നായയുടെ ജീവിതം. എനിക്കുറങ്ങാൻ പറ്റാതായി, ഒന്നിനെക്കുറിച്ചും ചിന്തിക്കാൻ പറ്റാതായി. എന്റെ മേൽ വന്നുവീഴുന്ന അധിക്ഷേപങ്ങളെ വിധേയതയോടെ ഞാൻ ചിരിച്ചുതള്ളി; അയാളെ പ്രീതിപ്പെടുത്താനുള്ള ഒരു വഴിയാണതെന്ന് ഞാൻ ഇതിനകം കണ്ടുപിടിച്ചിരുന്നു. അയാളുടെ മര്യാദകേടുകൾക്ക് രോഗം പോലെതന്നെ സ്വഭാവവും കാരണമായിരുന്നു. അയാളുടെ രോഗം ആകെ സങ്കീർണ്ണമായിരുന്നു: ധമനിവീക്കം, വാതം, പുറമേ നാലഞ്ചു ചെറുകിട രോഗങ്ങളും. അയാൾക്കിപ്പോൾ അറുപതിനടുത്തു പ്രായമുണ്ട്; എല്ലാവരും തന്റെ വിളിപ്പുറത്തുണ്ടാവുക എന്നത് അഞ്ചാം വയസ്സു മുതൽ അയാൾക്കു ശീലമാണ്‌. അയാളുടെ ദുർമ്മുഖം എങ്ങനെയെങ്കിലും സഹിക്കാം; എന്നാൽ അയാൾ വല്ലാത്തൊരു ദ്രോഹബുദ്ധി കൂടി ആയിരുന്നു. അന്യരെ വേദനിപ്പിക്കുന്നതിലും നാണം കെടുത്തുന്നതിലും അയാൾ പ്രത്യേകിച്ചൊരാനന്ദം കണ്ടെത്തിയിരുന്നു. മൂന്നു മാസം കഴിഞ്ഞപ്പോഴേക്കും എനിക്കയാളെ മടുത്തു; പിരിഞ്ഞുപോകാൻ തന്നെ ഞാൻ തീരുമാനിച്ചു; പറ്റിയ അവസരം കിട്ടുകയേ വേണ്ടു.

വൈകാതതു വന്നുചേരുകയും ചെയ്തു. ഒരു ദിവസം അയാൾക്കു പതിവുള്ള തിരുമ്മലിനു ഞാനൊന്നു വൈകിയപ്പോൾ അയാൾ തന്റെ ചൂരൽ വടിയെടുത്ത് എനിക്കു രണ്ടടി തന്നു. അതായിരുന്നു എന്റെ അവസാനത്തെ കച്ചിത്തുരുമ്പ്. എനിക്കിനി അയാളെ സഹിക്കാൻ പറ്റില്ലെന്നും ഞാൻ പോവുകയാണെന്നും പറഞ്ഞുകൊണ്ട് ഞാൻ പെട്ടിയിൽ സാധനങ്ങൾ എടുത്തുവയ്ക്കാൻ പോയി. അയാൾ എന്റെ പിന്നാലെ മുറിയിലേക്കു വന്നു; പോകരുതെന്ന് യാചിക്കുന്നപോലെ അയാൾ പറഞ്ഞു. താനിനി ദേഷ്യപ്പെടില്ലെന്ന് ഉറപ്പുതരുന്നു, പ്രായാധിക്യത്തിന്റെ ശീലക്കേടുകളാണിതൊക്കെ...അയാളുടെ നിർബന്ധത്തിനൊടുവിൽ ഞാൻ വഴങ്ങി.

“എന്റെ അവസാനമടുത്തു, പ്രൊക്കോപ്പിയോ,” അന്നു വൈകുന്നേരം അയാൾ എന്നോടു പറഞ്ഞു. “ഇനി അധികകാലം ഞാൻ ജീവിക്കില്ല. ഞാൻ ശവക്കുഴിയുടെ വക്കത്തിരിക്കുകയാണ്‌. നീ എന്റെ ശവമടക്കിനു പോകണം. ഒരൊഴിവുകഴിവും ഞാൻ സമ്മതിക്കില്ല. നീ പോകണം, പോയി എനിക്കു വേണ്ടി പ്രാർത്ഥിക്കണം. പോയില്ലെങ്കിലോ,” ചിരിച്ചുകൊണ്ടയാൾ കൂട്ടിച്ചേർത്തു, “രാത്രിയിൽ എന്റെ പ്രേതം വന്ന് നിന്റെ കാലിനു പിടിയ്ക്കും. നിനക്കു പരലോകത്തെയും പ്രേതങ്ങളേയും വിശ്വാസമുണ്ടോ, പ്രൊക്കോപ്പിയോ?”

“വിഡ്ഢിത്തം!”

“നിനക്കെന്താടാ വിശ്വാസമില്ലാത്തത്, കഴുതേ!” കണ്ണുരുട്ടിക്കൊണ്ട് അയാൾ ചോദിച്ചു.

ശാന്തതയുടെ ഇടവേളകളിൽ അയാൾ ഇങ്ങനെയായിരുന്നു; എങ്കിൽ കോപാവിഷ്ടനാവുമ്പോൾ അയാൾ എങ്ങനെയായിരിക്കുമെന്ന് നിങ്ങൾക്കൂഹിക്കാമല്ലോ!

പിന്നീടയാൾ ചൂരൽ കൊണ്ട് എന്നെ തല്ലാതായി; എന്നാൽ അധിക്ഷേപത്തിന്‌ ഒരു കുറവുമുണ്ടായതുമില്ല; അത് മുമ്പത്തേക്കാൾ കൂടി എന്നു വേണമെങ്കിലും പറയാം. കുറച്ചു കാലം കഴിഞ്ഞപ്പോൾ ഒന്നും എന്നിലേശാതായി. ഞാൻ അറിവു കെട്ടവനായിരുന്നു, ഒട്ടകമായിരുന്നു, പ്രാകൃതനായിരുന്നു, മൊണ്ണയായിരുന്നു, വിഡ്ഢ്യാസുരനായിരുന്നു- ഞാൻ എന്തുമായിരുന്നു! ഈ സുന്ദരപദങ്ങളെല്ലാം എന്നിൽ മാത്രമാണയാൾ ചൊരിഞ്ഞതെന്നുകൂടി നിങ്ങൾ മനസ്സിലാക്കണം. അയാൾക്കു ബന്ധുക്കളായി ആരും ഉണ്ടായിരുന്നില്ല; ഒരു അനന്തരവൻ ഉണ്ടായിരുന്നത് ക്ഷയം പിടിച്ചു മരിച്ചുപോയിരുന്നു. സുഹൃത്തുക്കളുടെ കാര്യമാണെങ്കിൽ, അയാൾക്കു മുഖസ്തുതി പാടാനും അയാളുടെ കമ്പങ്ങൾക്കു ചൂട്ടു പിടിക്കാനും വല്ലപ്പോഴുമൊക്കെ വരുന്ന ചിലർ കൂടിയാൽ അഞ്ചോ പത്തോ മിനുട്ടിരുന്നിട്ട് സ്ഥലം വിടും. അയാളുടെ അധിക്ഷേപങ്ങളുടെ നിഘണ്ടു കയ്യേല്ക്കാൻ സദാസമയവും ഉണ്ടായിരുന്നത് ഞാൻ മാത്രമായിരുന്നു. വിട്ടുപോകാൻ ഒന്നിലധികം തവണ  ഞാൻ തീരുമാനിച്ചുറപ്പിച്ചതാണ്‌; കേണലിനെ അങ്ങനെയങ്ങ് ഉപേക്ഷിച്ചുപോകരുതെന്ന് വികാരിയച്ചൻ കൊണ്ടുപിടിച്ചുപദേശിച്ചതിനാൽ മാത്രം ഞാൻ പിന്മാറുകയായിരുന്നു.

പക്ഷേ ഞങ്ങൾ തന്നിലുള്ള ബന്ധം ദിവസം ചെല്ലുന്തോറും വഷളായി വരികയായിരുന്നു; തന്നെയുമല്ല, റിയോ ഡി ജനിറോയിലേക്കു മടങ്ങാനുള്ള എന്റെ ആഗ്രഹം കൂടിക്കൂടിവരികയുമായിരുന്നു. ഒരോണംകേറാമൂലയിൽ, നിഷ്ഠുരനായ, വെറി പിടിച്ച ഒരു വൃദ്ധരോഗിയുമായി എന്നുമെന്നും ഒറ്റപ്പെട്ടു കഴിയുക എന്ന വിധിയുമായി പൊരുത്തപ്പെട്ടുപോകാൻ നാല്പത്തിരണ്ടു വയസ്സായ ഒരാൾക്ക് അത്ര പെട്ടെന്നു കഴിയില്ലല്ലോ. എന്റെ ഒറ്റപ്പെടലിന്റെ സ്വഭാവമറിയാൻ ഞാൻ പത്രം പോലും വായിച്ചിരുന്നില്ല എന്നോർത്താൽ മതി. ആരെങ്കിലും കേണലിനെത്തിച്ചിരുന്ന അതിപ്രധാനമായ ഒന്നോ രണ്ടോ വാർത്തകളല്ലാതെ പുറംലോകത്തു പിന്നെന്തു നടക്കുന്നുവെന്ന് എനിക്കൊരു പിടിയുമില്ലായിരുന്നു. അതിനാൽ കിട്ടുന്ന അവസരത്തിൽത്തന്നെ, അതിനി വികാരിയച്ചനെ മുഷിപ്പിച്ചുകൊണ്ടായാലും, റിയോയിലേക്കു മടങ്ങാൻ ഞാൻ ആഗ്രഹിച്ചു. കൂട്ടത്തിൽ പറയട്ടെ- പൊതുവായ ഒരു കുമ്പസാരമാണ്‌ ഞാനിവിടെ നടത്തുന്നത് എന്നതിനാലും- കിട്ടുന്ന ശമ്പളം ചെലവാക്കാതെ കൂട്ടിവച്ചിരിക്കുകയായിരുന്നതിനാൽ അതെല്ലാം നഗരത്തിൽ കൊണ്ടുപോയി ദീവാളി കുളിക്കാനുള്ള തിക്കലും നല്ല കണക്കിനുണ്ടായിരുന്നു.

ഞാൻ കാത്തിരുന്ന നിമിഷം അടുത്തടുത്തു വരികയായിരുന്നു. കേണലിന്റെ നില കൂടുതൽ വഷളായിവന്നു. അയാൾ തന്റെ വില്പത്രം എഴുതിച്ചു; എനിക്കു കിട്ടുന്നത്ര അധിക്ഷേപം നോട്ടറിയ്ക്കും കിട്ടാതെപോയില്ല. രോഗീപരിചരണം കൂടുതൽ ശ്രദ്ധയോടെ ചെയ്യേണ്ടിവന്നതോടെ എനിക്കു കിട്ടുന്ന സമാധാനത്തിന്റെയും വിശ്രമത്തിന്റെയും ഇടവേളകൾ അപൂർവ്വമായിത്തുടങ്ങി. വൃദ്ധനായ ഒരു രോഗിയുടെ അതിക്രമങ്ങളെ മറന്നുകളയാൻ എന്നെ സഹായിച്ചിരുന്ന സഹതാപം എന്നിൽ വറ്റിവരികയായിരുന്നു. അറപ്പിന്റെയും വെറുപ്പിന്റെയും ഒരു കിടാരം എനിക്കുള്ളിൽക്കിടന്നു വെട്ടിത്തിളച്ചു. ഇനി പിരിയുകതന്നെ എന്ന് ആഗസ്റ്റ് മാസം തുടക്കമായപ്പോൾ ഞാൻ തീരുമാനമെടുത്തു. എന്റെ വിശദീകരണങ്ങൾ ഒടുവിൽ സമ്മതിച്ചുതന്ന വികാരിയച്ചനും ഡോക്ടറും കുറച്ചു ദിവസം കൂടി ഒന്നു ക്ഷമിക്കാൻ എന്നോടു പറഞ്ഞു. ഞാൻ ഒരു മാസം കൂടി നില്ക്കാമെന്നു സമ്മതിച്ചു. അതു കഴിഞ്ഞാൽ ഞാൻ പോകും, രോഗിയുടെ സ്ഥിതി എന്തുമാകട്ടെ. അതിനുള്ളിൽ മറ്റൊരാളെ കണ്ടെത്താമെന്ന് അച്ചനെനിക്കു വാക്കു തരികയും ചെയ്തു.

പിന്നെന്തു സംഭവിച്ചെന്നു കണ്ടോളൂ. ആഗസ്റ്റ് 24നു രാത്രിയിൽ കേണൽ വല്ലാതെ ദേഷ്യപ്പെട്ടു; അയാൾ എന്നെ തല്ലുകയും കേട്ടാലറയ്ക്കുന്ന തെറി വിളിക്കുകയും എന്നെ വെടി വച്ചു കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു; എന്നിട്ടൊടുവിൽ കഞ്ഞിക്കിണ്ണമെടുത്ത് എന്റെ മുഖത്തേക്കെറിഞ്ഞു. പാത്രം ചുമരിൽ ചെന്നിടിച്ച് ആയിരം കഷണങ്ങളായി ചിതറി.

“അതിന്റെ വില നീയെനിക്കു തരണമെടാ, കള്ളാ!” അയാൾ അലറി.

കുറേനേരത്തേക്ക് അയാൾ മുറുമുറുത്തുകൊണ്ടിരുന്നു. പതിനൊന്നു മണിയായതോടെ അയാളൊന്നു മയങ്ങി. ആ സമയത്ത് ഞാൻ പോക്കറ്റിൽ നിന്ന് ഡി ആർലിൻകോർട്ടിന്റെ ഒരു പൈങ്കിളിനോവലെടുത്ത് വായിക്കാൻ തുടങ്ങി. അയാൾ കിടക്കുന്ന മുറിയിൽ കട്ടിലിൽ നിന്ന് അല്പദൂരം വിട്ടാണ്‌ ഞാനിരുന്നത്. പാതിരാത്രിയാവുമ്പോൾ മരുന്നു കൊടുക്കാനായി ഞാൻ അയാളെ വിളിച്ചുണർത്തണമായിരുന്നു; ക്ഷീണം കൊണ്ടോ അതോ പുസ്തകത്തിന്റെ സ്വാധീനം കൊണ്ടോ എന്നറിയില്ല, രണ്ടാമത്തെ പേജെത്തും മുമ്പേ ഞാൻ ഉറക്കമായി. കേണലിന്റെ അലർച്ച കേട്ടാണ്‌ ഞാൻ ഞെട്ടിയുണരുന്നത്. അയാൾ ഭ്രാന്തു പിടിച്ചപോലെ അലറിക്കൊണ്ടേയിരുന്നു; ഒടുവിൽ അയാൾ ഒരു വെള്ളക്കുപ്പിയെടുത്ത് എന്റെ മുഖം നോക്കി എറിഞ്ഞു. ഒഴിഞ്ഞുമാറാൻ ഇട കിട്ടും മുമ്പേ അതു വന്ന് എന്റെ ഇടത്തേ കവിളത്തു വന്നിടിച്ചു. വേദന കാരണം എന്റെ ബോധം പോയില്ലെന്നേയുള്ളു. ഞാൻ ഒറ്റക്കുതിപ്പിന്‌ അയാളുടെ മേൽ ചാടിവീണു; എന്റെ വിരലുകൾ അയാളുടെ കഴുത്തിലമർന്നു; അല്പനേരം പിടഞ്ഞതില്പിന്നെ അയാൾ നിശ്ചേഷ്ടനായി: ഞാൻ അയാളെ ശ്വാസം മുട്ടിച്ചുകൊന്നു.

അയാളുടെ ശ്വാസം നിലച്ചുവെന്നു കണ്ടപ്പോൾ ഞാൻ ഭീതിയോടെ പിന്നിലേക്കു മാറി. ഞാൻ നിലവിളിച്ചു; ആരുമതു കേട്ടില്ല. പിന്നെ ഞാൻ ഒന്നു കൂടി കട്ടിലിനടുത്തു ചെന്ന് അയാളെ പിടിച്ചുകുലുക്കി; പക്ഷേ വൈകിപ്പോയിരുന്നു; കേണൽ മരിച്ചുകഴിഞ്ഞു. ഞാൻ അടുത്ത മുറിയിലേക്കു പോയി. രണ്ടു മണിക്കൂർ നേരത്തേക്ക് തിരിച്ചുവരാൻ എനിക്കു ധൈര്യമുണ്ടായില്ല. അത്രയും നേരം എന്റെ മനസ്സിൽ തോന്നിയതെല്ലാം പ്രകാശിപ്പിക്കാനുള്ള കഴിവെനിക്കില്ല. എന്റെ ബുദ്ധി മന്ദിച്ച പോലെയായിരുന്നു; എന്തെന്നറിയാത്ത, പൊള്ളയായ ഒരു മതിഭ്രമം. ചുമരുകളിൽ നിന്ന് മുഖങ്ങൾ എന്നെ നോക്കി ഇളിച്ചുകാട്ടുന്നതായി ഞാൻ കണ്ടു; ഒച്ചയമർത്തിയ സംസാരങ്ങൾ ഞാൻ കേട്ടു. ഇരയുടെ നിലവിളികൾ, ആ കൂട്ടിപ്പിടുത്തത്തിനു മുമ്പും അതിന്റെ വന്യനിമിഷങ്ങളിലും കേട്ട നിലവിളികൾ എന്റെ കാതുകളിൽ മാറ്റൊലിച്ചുകൊണ്ടേയിരുന്നു; വായു, ഞാനേതു ദിക്കിലേക്കു തിരിഞ്ഞാലും, ശ്വാസം മുട്ടിപ്പിടയുകയാണെന്നെനിക്കു തോന്നി. ഞാൻ ഇല്ലാത്ത ചിത്രങ്ങൾ വരയ്ക്കുകയാണെന്നോ സാഹിത്യം ചമയ്ക്കുകയാണെന്നോ കരുതരുതേ. ഞാൻ ആണയിട്ടു പറയാം, “കൊലയാളീ, കൊലയാളീ!” എന്ന നിലവിളികൾ സുവ്യക്തമായി ഞാൻ കേട്ടു.

വീട്ടിനുള്ളിൽ പൂർണ്ണനിശബ്ദതയായിരുന്നു. ക്ലോക്കിന്റെ നീക്കുപോക്കില്ലാത്ത, സാവകാശമായ, അളന്നുമുറിച്ചുള്ള സ്പന്ദനം നിശബ്ദതയ്ക്കും ഏകാന്തതയ്ക്കും ആഴം കൂട്ടുകയുമായിരുന്നു. ഞാൻ മുറിയുടെ കതകിനോടു കാതു ചേർത്തു ശ്രദ്ധിച്ചു; ഒരു രോദനം, ഒരു വാക്ക്, ഒരു തെറി, ജീവന്റെ അടയാളം കാണിക്കുന്ന എന്തെങ്കിലുമൊരു ലക്ഷണം കേൾക്കാനുണ്ടോ? എങ്കിൽ എന്റെ മനഃസാക്ഷിക്ക് സമാധാനം കിട്ടുമല്ലോ. പത്തല്ല, ഇരുപതല്ല, ഒരു നൂറു തവണ കേണലിന്റെ കൈ കൊണ്ടു തല്ലു വാങ്ങാൻ ഞാനപ്പോൾ തയ്യാറായിരുന്നു. എന്നാൽ...ഒന്നുമില്ല- നിശബ്ദത മാത്രം. ഞാൻ ലക്ഷ്യമേതുമില്ലാതെ മുറിക്കുള്ളിൽ ചാലിടാൻ തുടങ്ങി; ഒടുവിൽ നൈരാശ്യത്തോടെ രണ്ടു കയ്യും കൊണ്ട് തലയും താങ്ങി ഞാനിരുന്നു; ആ സ്ഥലത്തേക്കു വരാൻ തോന്നിയ നിമിഷത്തെ ഞാൻ പഴിച്ചു.

“ഏതു നശിച്ച സമയത്താണോ ഈ ജോലിക്കു വരാൻ എനിക്കു തോന്നിയത്!” എനിക്കു കരച്ചിൽ വന്നു. നിക്റ്റെറോയിയിലെ അച്ചൻ, ഡോക്ടർ, വികാരി- എനിക്കു വേണ്ടി ഈ സ്ഥലം കണ്ടുവച്ചവരും ഇത്രയും കാലം എന്നെ അവിടെ പിടിച്ചുനിർത്തിയവരുമായ സകലർക്കും നേരേ എന്റെ പക കത്തിജ്ജ്വലിച്ചു. അവരും, ഞാൻ സ്വയം ബോദ്ധ്യപ്പെടുത്തുകയായിരുന്നു, എന്റെ കൂട്ടുപ്രതികളാണ്‌.

ഒടുവിൽ നിശബ്ദത ഭീതിയെ താങ്ങാൻ പറ്റാത്തതാക്കിയപ്പോൾ ഞാൻ ഒരു ജനാല തുറന്നിട്ടു: കാറ്റിന്റെ ഒരു മർമ്മരമെങ്കിലും കേൾക്കാമല്ലോ. എന്നാൽ ഒരു കാറ്റും വീശുന്നുണ്ടായിരുന്നില്ല. രാത്രി പ്രശാന്തമായിരുന്നു. ഒരു വിലാപയാത്ര കടന്നുപോകുമ്പോൾ തൊപ്പിയൂരി കയ്യിൽ പിടിച്ചുകൊണ്ട് അന്യവിഷയങ്ങളെക്കുറിച്ചു സംസാരം തുടരുന്നവരുടെ ഉദാസീനതയോടെ നക്ഷത്രങ്ങൾ വെട്ടിത്തിളങ്ങുന്നുണ്ടായിരുന്നു. ജനാലപ്പടിയിൽ കയ്യും കുത്തി, ഇരുട്ടിലേക്കുറ്റുനോക്കിക്കൊണ്ട് ഞാനേറെ നേരം നിന്നു; എന്റെ അപ്പോഴത്തെ ഹൃദയവേദനയിൽ നിന്നു രക്ഷപ്പെടാനായി അതുവരെയുള്ള എന്റെ ജീവിതത്തിന്റെ ഒരു കണക്കെടുപ്പു ഞാൻ നടത്തി. ചെയ്തുപോയ അപരാധത്തിന്‌ കിട്ടാൻ പോകുന്ന ശിക്ഷയെക്കുറിച്ച് വ്യക്തമായ ഒരു ധാരണ എനിക്കു കിട്ടുന്നത് അപ്പോഴാണെന്നു തോന്നുന്നു. എന്റെ മേൽ കുറ്റം ചുമത്തപ്പെടുന്നതായും എനിക്കു മേൽ കഠിനശിക്ഷ തൂങ്ങിനില്ക്കുന്നതായും ഞാൻ മനസ്സിൽ കണ്ടു. ആ നിമിഷം മുതൽ എന്റെ കുറ്റബോധത്തിൽ ഭയവും കൂടി കലർന്നു. എന്റെ മുടിനാരുകൾ എഴുന്നുനില്ക്കുന്നതു ഞാനറിഞ്ഞു. കുറച്ചുനേരം കഴിഞ്ഞപ്പോൾ ടെറസ്സിൽ നിന്നു മൂന്നുനാലു മനുഷ്യരൂപങ്ങൾ എന്നെ നിരീക്ഷിക്കുന്നതു ഞാൻ കണ്ടു; അവർ തക്കം പാർത്തിരിക്കുകയാണെന്ന് എനിക്കു തോന്നി. ഞാൻ ജനാലയ്ക്കൽ നിന്നു പിന്മാറി; ആ രൂപങ്ങൾ വായുവിൽ അലിഞ്ഞുപോയി; അതെന്റെ മതിഭ്രമമായിരുന്നു.

വെളിച്ചമാകും മുമ്പേ മുഖത്തേറ്റ മുറിവുകൾ ഞാൻ വച്ചുകെട്ടി; എന്നിട്ടേ അടുത്ത മുറിയിലേക്കു ചെല്ലാൻ എനിക്കു ധൈര്യം വന്നുള്ളു. പോകാനൊരുങ്ങിയിട്ട് രണ്ടുതവണ ഞാൻ പിൻവാങ്ങുകയായിരുന്നു; പക്ഷേ പോകാതെ പറ്റുകയുമില്ലല്ലോ. ഒടുവിൽ ഞാൻ മുറിയിലേക്കു ചെന്നു. അപ്പോഴും ഞാൻ നേരേ കട്ടിലിനടുത്തേക്കു പോയില്ല. എന്റെ കാലുകൾ വിറച്ചു, എന്റെ ഹൃദയം തെരുതെരെ ഇടിച്ചു. ഒളിച്ചോടിയാലോ എന്നും ഞാൻ ആലോചിച്ചു; എന്നാൽ അത് കുറ്റം ചെയ്തുവെന്നു സമ്മതിക്കലാവും...മറിച്ച് അതിന്റെ ഒരു പാടും ശേഷിപ്പിക്കാതിരിക്കുക എന്നതാണ്‌ എനിക്കപ്പോൾ പ്രധാനം. ഞാൻ കട്ടിലിനടുത്തേക്കു ചെന്നു; ജഡത്തെ ഞാനൊന്നു നോക്കി; അതിന്റെ കണ്ണുകൾ വീർത്തുവലുതായിരുന്നു, അതിന്റെ വായ മലർക്കെപ്പിളർന്നിരുന്നു; നൂറ്റാണ്ടുകളായി മുഴങ്ങുന്ന ആ നിത്യശകാരം ഉരുവിടുകയാണതെന്നെനിക്കു തോന്നി: “കായേൻ, നീ നിന്റെ കൂടപ്പിറപ്പിനോട് ഇതെന്താണു ചെയ്തത്!” ജഡത്തിന്റെ പിടലിയിൽ എന്റെ നഖപ്പാടുകൾ ഞാൻ കണ്ടുപിടിച്ചു; കഴുത്തറ്റം ഷർട്ട് വലിച്ചിട്ട് ഞാനതിന്റെ ബട്ടണിട്ടു; താടി വരെ പുതപ്പും വലിച്ചിട്ടു. എന്നിട്ട് ഞാൻ വേലക്കാരനെ വിളിച്ചുവരുത്തി കേണൽ പുലർച്ചയോടടുപ്പിച്ച് മരിച്ച വിവരം ഞാൻ പറഞ്ഞു. വികാരിയച്ചനേയും ഡോക്ടറേയും വിവരമറിയിക്കാൻ ഞാൻ അയാളെ പറഞ്ഞുവിടുകയും ചെയ്തു.

എന്റെ മനസ്സിൽ ആദ്യം വന്ന ചിന്ത ജ്യേഷ്ഠനു സുഖമില്ലെന്ന ന്യായം പറഞ്ഞ് കഴിയുന്നതും വേഗം സ്ഥലം വിടുക എന്നതായിരുന്നു; അദ്ദേഹത്തിനു തീരെ സുഖമില്ലെന്നുള്ള ഒരു കത്ത് ദിവസങ്ങൾക്കു മുമ്പ് റിയോയിൽ നിന്നെനിക്കു വന്നിരുന്നു എന്നതു വാസ്തവവുമായിരുന്നു. എന്നാൽ അത്ര പെട്ടെന്നു ഞാനിറങ്ങിപ്പോയാൽ അതു സംശയത്തിനിടം വരുത്തുമെന്നാലോചിച്ചപ്പോൾ ഉടനേ പോകേണ്ടെന്നുതന്നെ ഞാൻ തീരുമാനിച്ചു. കണ്ണുപിടിക്കാത്ത ഒരു നീഗ്രോവൃദ്ധന്റെ സഹായത്തോടെ ഞാൻ തന്നെ ജഡത്തെ വേണ്ടവണ്ണം ഒരുക്കി. അസാധാരണമായതെന്തെങ്കിലും ആളുകൾ കണ്ടുപിടിക്കുമോയെന്ന എന്ന പേടി എനിക്കുണ്ടായിരുന്നു. ആരുടെയും മുഖത്ത് അവിശ്വാസമൊന്നും വായിച്ചെടുക്കാനില്ലെന്ന് സ്വയമെനിക്കുറപ്പു വരുത്തണമായിരുന്നു; എന്നാൽ ആരുടെയും മുഖത്തു നോക്കാനുള്ള ധൈര്യവും എനിക്കുണ്ടായിരുന്നില്ല. സർവ്വതും എന്റെ ക്ഷമ കെടുത്തുകയായിരുന്നു- ഒച്ചയുണ്ടാക്കാതെ മുറിയിൽ വന്നുപോകുന്നവർ, അവരുടെ അടക്കം പറച്ചിലുകൾ, ചടങ്ങുകളും വികാരിയുടെ പ്രാർത്ഥനകളും...ഒടുവിൽ, സമയമായപ്പോൾ ഞാൻ പെട്ടിയുടെ മൂടിയടച്ചു; എന്റെ കൈകൾ വിറയ്ക്കുകയായിരുന്നു, വല്ലാതെ വിറയ്ക്കുകയായിരുന്നു; ആരോ അതു ശ്രദ്ധിക്കുകയും സഹതാപത്തോടെ പറയുകയും ചെയ്തു: “പാവം പ്രൊക്കോപ്യോ! കേണലിന്റെ കയ്യിൽ നിന്ന് ഇത്രയൊക്കെ അനുഭവിച്ചിട്ടും അയാൾക്കെന്തു സങ്കടമാണെന്നു നോക്കിയേ!”

വിപരീതാർത്ഥത്തിലാണ്‌ അയാൾ അതു പറഞ്ഞതെന്ന് എനിക്കു തോന്നി. എല്ലാം എങ്ങനെയെങ്കിലും ഒന്നു കഴിഞ്ഞുകിട്ടിയാൽ മതിയെന്നായിരുന്നു എനിക്ക്. ഞങ്ങൾ വീട്ടിൽ നിന്നിറങ്ങി. തെരുവിലെത്തിയപ്പോൾ പാതിയിരുട്ടിൽ നിന്ന് പകൽവെളിച്ചത്തിലേക്കുള്ള മാറ്റത്തിൽ എന്റെ തല തരിച്ചു, എന്റെ കാലുകൾ പതറി. ചെയ്ത കുറ്റം ഇനി മറച്ചുവയ്ക്കാൻ പറ്റില്ലെന്ന പേടി എന്നെ പിടി കൂടാൻ തുടങ്ങി. ഞാൻ നിലത്തു നിന്നു കണ്ണെടുക്കാതെ വിലാപയാത്രയിൽ പങ്കെടുത്തു. ഒടുവിൽ, എല്ലാം തീർന്നുവെന്നായപ്പോൾ എന്റെ ശ്വാസം നേരെ വീണു. മനുഷ്യരെ എനിക്കു നേരേ നോക്കാമെന്നായി. എന്നാൽ എനിക്കെന്റെ മനഃസാക്ഷിയെ നേരെ നോക്കാൻ കഴിഞ്ഞില്ല. ആദ്യത്തെ രാത്രികൾ സ്വാഭാവികമായും ഉറക്കവും സ്വസ്ഥതയുമില്ലാത്തതായിരുന്നു. കഴിയുന്നതും വേഗം ഞാൻ റിയോയിലേക്കു മടങ്ങി എന്നും കുറ്റം ചെയ്ത സ്ഥലത്തു നിന്നു വളരെ അകലെയായിരുന്നിട്ടും പേടിയും അപായശങ്കയും വിട്ടൊഴിയാതെയാണ്‌ ഞാൻ അവിടെ കഴിഞ്ഞതെന്നും എടുത്തുപറയേണ്ടതില്ലല്ലോ. എന്റെ മുഖത്തു നിന്നു ചിരി മാഞ്ഞു, ഞാൻ മിണ്ടാതായി, യാതൊന്നും കഴിക്കാതായി, പേടിസ്വപ്നങ്ങളും മതിഭ്രമങ്ങളും എന്നെ വേട്ടയാടി.

“മരിച്ചവർ സമാധാനത്തോടെ കഴിഞ്ഞോട്ടെ,” ആളുകൾ എന്നോടു പറയും “ഇത്രയും വിഷമം കാണിക്കേണ്ട കാര്യമൊന്നുമില്ല.”

ആളുകൾ എന്റെ പെരുമാറ്റത്തെ എങ്ങനെയാണു കാണുന്നതെന്നും മരിച്ചയാളെ അവർ എത്ര കാര്യമായിട്ടാണു പുകഴ്ത്തുന്നതെന്നും കണ്ടപ്പോൾ ഞാൻ അകമേ സന്തോഷിച്ചു; ആളൊരു കർക്കശക്കാരനായിരുന്നുവെങ്കിലും ഹൃദയം കൊണ്ടു നല്ലവനായിരുന്നു എന്ന അവരുടെ അഭിപ്രായം ഏറ്റെടുത്ത് ഞാനും അങ്ങനെയൊക്കെ സംസാരിക്കാനും ചിലപ്പോഴെങ്കിലും കാര്യങ്ങൾ അങ്ങനെയായിരുന്നു എന്ന് സ്വയം വിശ്വസിപ്പിക്കാനും തുടങ്ങി. മറ്റൊരു കൗതുകകരമായ പ്രതിഭാസം എനിക്കുള്ളിൽ നടക്കുന്നുണ്ടായിരുന്നു- ഞാനത് നിങ്ങളോടു പറയുന്നത് നിങ്ങൾക്കതിൽ നിന്ന് ഉപയോഗപ്രദമായ എന്തെങ്കിലും നിഗമനങ്ങളിൽ എത്താമല്ലോ എന്നതുകൊണ്ടാണ്‌- അതായത്, വലിയ മതവിശ്വാസമൊന്നും ഇല്ലാത്തയാളാണെങ്കിലും കേണലിന്റെ നിത്യശാന്തിക്കായി പള്ളിയിൽ ഞാനൊരു പാട്ടുകുർബ്ബാന കഴിപ്പിച്ചു. ആർക്കും ഞാൻ ക്ഷണക്കത്തയച്ചില്ല, അതിനെക്കുറിച്ചാരോടും ഒരക്ഷരം ഞാൻ മിണ്ടിയതുമില്ല. ഞാൻ ഒറ്റയ്ക്കു പള്ളിയിൽ പോയി. പൂജ നടക്കുന്ന നേരമത്രയും മുട്ടുകുത്തി ഞാൻ നിന്നു; പല വട്ടം കുരിശു വരയ്ക്കുകയും ചെയ്തു. വികാരിയ്ക്ക് പതിവുള്ളതിന്റെ ഇരട്ടി തന്നെ കൊടുത്തു; പള്ളിവാതില്ക്കൽ ഭിക്ഷക്കാർക്കു ധർമ്മം കൊടുത്തു; എല്ലാം മരിച്ചയാളിന്റെ പേരിൽ.

എനിക്കാരെയും കബളിപ്പിക്കണമെന്നുണ്ടായിരുന്നില്ല. മറ്റൊരാളും അറിയാതെയാണ്‌ ഞാൻ ഇതെല്ലാം ചെയ്തത് എന്നതുതന്നെയാണ്‌ അതിനുള്ള തെളിവ്. ഈ സംഭവത്തിന്റെ പൂർണ്ണതയ്ക്കു വേണ്ടി പറയട്ടെ, “അദ്ദേഹത്തിന്റെ ആത്മാവിനു ശാന്തി കിട്ടട്ടെ!” എന്നു പറഞ്ഞുകൊണ്ടല്ലാതെ ഞാൻ കേണലിനെക്കുറിച്ചു പരാമർശിക്കാറില്ലായിരുന്നു. അയാളെക്കുറിച്ചു പല തമാശക്കഥകളും ഞാൻ പറഞ്ഞു, അയാളുടെ ചില ചാപല്യങ്ങൾ...

റിയോയിൽ എത്തി ഒരാഴ്ച കഴിഞ്ഞപ്പോൾ എനിക്ക് വികാരിയച്ചന്റെ ഒരു കത്തു കിട്ടി. കേണലിന്റെ വില്പത്രം തുറന്നു വായിച്ചുവെന്നും അയാളുടെ ഏകാവകാശിയായി എന്നെയാണു വച്ചിരിക്കുന്നതെന്നുമാണ്‌ അച്ചൻ എഴുതിയിരിക്കുന്നത്. എന്റെ മാനസികാവസ്ഥ ഒന്നു സങ്കല്പിച്ചുനോക്കൂ! ഞാൻ കത്തു വായിച്ചത് തെറ്റായിട്ടാണെന്നതിൽ എനിക്കൊരു സംശയവും ഉണ്ടായിരുന്നില്ല. ഞാനത് എന്റെ ജ്യേഷ്ഠനെ, എന്റെ കൂട്ടുകാരെ കാണിച്ചു; അവരും ഞാൻ വായിച്ചതു തന്നെയാണ്‌ വായിച്ചത്. സംശയമില്ലാത്ത വിധം എഴുതിയിരിക്കുകയാണ്‌- കേണലിന്റെ ഏകാവകാശി ഞാനാണ്‌! ഇനി അതെന്നെ കുടുക്കാനുള്ള ഒരു കെണിയാണോയെന്ന് പെട്ടെന്നെനിക്കൊരു തോന്നൽ പോയി; എന്നാൽ അപ്പോഴാണ്‌ ഞാൻ ആലോചിച്ചത്,  കൃത്യം കണ്ടുപിടിച്ചുകഴിഞ്ഞെങ്കിൽ എന്നെ അറസ്റ്റു ചെയ്യാൻ വേറേ വഴിയുണ്ടല്ലോയെന്ന്. വികാരിയച്ചന്റെ സത്യസന്ധത എനിക്കറിയുന്നതായിരുന്നു; അദ്ദേഹം അങ്ങനെയൊരു കള്ളത്തരത്തിനു കൂട്ടു നില്ക്കാൻ പോകുന്നില്ല. ഞാൻ ആ കത്ത് അഞ്ചു തവണ, പത്തു തവണ, നൂറു തവണ ആവർത്തിച്ചുവായിച്ചു; കാര്യം ശരിയാണ്‌, ഞാനാണ്‌ കേണലിന്റെ ഏകാവകാശി!

“അയാളുടെ സമ്പാദ്യം എത്രയുണ്ടാവും?” ജ്യേഷ്ഠൻ ചോദിച്ചു.

“അതറിയില്ല, എന്തായാലും വലിയ പണക്കാരനായിരുന്നു.”

“അയാൾക്കു നിന്നെ ശരിക്കും സ്നേഹമായിരുന്നു എന്നതിന്റെ തെളിവാണിത്.”

“അതു ശരിയാണ്‌- അയാൾക്കെന്നെ വലിയ കാര്യമായിരുന്നു.”

അങ്ങനെ വിധിയുടെ വിചിത്രമായ ഒരു കറക്കത്തിൽ കേണലിന്റെ സർവ്വസ്വത്തും എന്റെ കൈകളിലേക്കു വന്നു. ആ ഇഷ്ടദാനം നിരസിച്ചാലോയെന്ന് ആദ്യമൊക്കെ ഞാൻ ആലോചിച്ചിരുന്നു; അതിൽ നിന്നൊരു ചില്ലി എടുക്കുന്നതുപോലും നിന്ദ്യമായി എനിക്കു തോന്നി. ഒരു വാടകക്കൊലയാളിക്കു കിട്ടുന്ന പ്രതിഫലത്തിലും ഹീനമാണത്. മൂന്നു ദിവസത്തേക്ക് ആ ചിന്ത എന്നെ വിട്ടുപോയില്ല. എന്നാൽ പിന്നീടുപിന്നീടായപ്പോൾ എന്റെ ആലോചനകൾ ഇങ്ങനെയൊരു നിഗമനത്തിൽ മുട്ടിനിന്നു: എന്റെ നിരസനം തീർച്ചയായും സംശയത്തിനു വഴി വയ്ക്കും.ഒടുവിൽ ഞാൻ തീരുമാനിച്ചു: സ്വത്തു ഞാൻ ഏറ്റെടുക്കുന്നു; പക്ഷേ ആരുമറിയാതെ ഞാനത് കുറേശ്ശെക്കുറേശ്ശെയായി ദാനം ചെയ്യും.

ഞാൻ അങ്ങനെയൊരു തീരുമാനത്തിലെത്തിയത് ഉള്ളിലെ കുറ്റബോധം കൊണ്ടു മാത്രമല്ല; സൽപ്രവൃത്തികളിലൂടെ ചെയ്ത കുറ്റത്തിന്റെ ഭാരം കുറയ്ക്കുക എന്ന ആഗ്രഹം കൂടി അതിനു പിന്നിലുണ്ടായിരുന്നു.മനസ്സമാധാനം വീണ്ടെടുക്കുന്നതിനും കണക്കുകൾ ശരിയാകുന്നതിനും അതേ വഴിയുള്ളു എന്നും എനിക്കു തോന്നി.

ഞാൻ വേഗം പുറപ്പെട്ടു. ഗ്രാമത്തിലേക്കടുക്കുന്തോറും ആ ദാരുണസംഭവം വീണ്ടും എന്റെ ഓർമ്മയെ വന്നലട്ടാൻ തുടങ്ങി. എന്റെ നോട്ടം പതിഞ്ഞ സകലതും ആ ദുരന്തത്തിന്റെ ഓർമ്മയുണർത്തുന്നതായിരുന്നു. വഴിയുടെ ഓരോ തിരിവിലും കേണലിന്റെ പ്രേതം തങ്ങിനില്ക്കുന്നതായി എനിക്കു തോന്നി. തടുക്കാനെത്ര ശ്രമിച്ചിട്ടും  അയാളുടെ രോദനങ്ങളും അയാളുടെ പിടച്ചടിക്കലും ആ ഭീകരരാത്രിയിലെ അയാളുടെ നോട്ടവും എന്റെ ഭാവനയിലേക്കു തള്ളിക്കയറിവന്നുകൊണ്ടിരുന്നു.

കൊലപാതകമോ മല്പിടുത്തമോ? ശരിക്കുമത് ഒരു മല്പിടുത്തമായിരുന്നു. ഞാൻ ആത്മരക്ഷയ്ക്കു വേണ്ടി സ്വയം ചെറുത്തുനിന്നതാണ്‌. ദുരന്തത്തിൽ കലാശിച്ച ഒരു മല്പിടുത്തമായിരുന്നു അത്. സ്വാഭാവികമായ ഒരു ദുരന്തം. ആ ചിന്ത എന്നെ കടന്നുപിടിച്ചു. അയാൾ എന്റെ മേൽ ചൊരിഞ്ഞ അധിക്ഷേപങ്ങളൊക്കെ ഞാൻ ഓർത്തുനോക്കി. അയാൾ എന്നെ അടിച അടികൾ, വിളിച്ച പേരുകൾ...അത് കേണലിന്റെ കുറ്റമല്ല, അതെനിക്കറിയാമായിരുന്നു; അയാളെ അത്രയും മുൻകോപിയും ദുഷ്ടൻ പോലുമാക്കിയത് അയാളുടെ രോഗാവസ്ഥയാണ്‌. എല്ലാറ്റിനും ഞാൻ അയാൾക്കു മാപ്പു കൊടുത്തു! എന്തായാലും കേണലിന്‌ അധികകാലം ആയുസ്സുണ്ടായിരുന്നില്ല എന്ന കാര്യവും ഞാൻ ചിന്തിച്ചു. അയാളുടെ നാളുകൾ എണ്ണപ്പെട്ടുകഴിഞ്ഞിരുന്നു. അയാൾക്കുതന്നെ അങ്ങനെയൊരു ബോധം ഉണ്ടായിരുന്നില്ലേ? “ഇനി എനിക്കെത്ര ദിവസമിരിക്കുന്നു? രണ്ടാഴ്ച, അല്ലെങ്കിലൊന്ന്, അതോ അത്രയും തന്നെയുണ്ടോ?” എന്ന് ഇടയ്ക്കിടെ അയാൾ പറയാറുണ്ടായിരുന്നതല്ലേ?

അത് ജീവിതമായിരുന്നില്ല, നിലയ്ക്കാത്ത യാതനയായിരുന്നു- ആ പാവത്തിന്റെ ദീർഘമായ രക്തസാക്ഷിത്വത്തിന്‌ അങ്ങനെയൊരു പേരു കൊടുക്കാമെങ്കിൽ...ആ മല്പിടുത്തവും മരണവും ഒരുമിച്ചു സംഭവിച്ചുപോയതല്ലെന്ന് ആരു കണ്ടു? അങ്ങനെ സംഭവിക്കാവുന്നതാണല്ലോ. എല്ലാം ആലോചിച്ചുനോക്കിയാൽ മറ്റൊരു വിധമാവില്ലെന്ന് വ്യക്തമായെന്നും വരാം. ഒടുവിൽ അങ്ങനെയൊരു ചിന്തയും എന്റെ മനസ്സിൽ ആഴത്തിൽ തറഞ്ഞുനിന്നു...

ഗ്രാമത്തിലേക്കു കടക്കുന്തോറും എന്റെ ഹൃദയത്തിൽ എന്തോ കൊളുത്തിവലിച്ചു. എനിക്കു തിരിഞ്ഞോടാൻ തോന്നി; ഞാൻ പക്ഷേ വികാരങ്ങളെ അടക്കിവച്ച് മുന്നോട്ടുതന്നെ നടന്നു. ആളുകൾ അഭിനന്ദനങ്ങളോടെ എന്നെ എതിരേറ്റു. വികാരിയച്ചൻ വില്പത്രത്തിലെ കാര്യങ്ങൾ എന്നെ വായിച്ചുകേൾപ്പിച്ചു. അതിനിടെ പരേതനെ ശുശ്രൂഷിക്കുന്നതിൽ ഞാൻ കാണിച്ച ക്രൈസ്തവോചിതമായ ക്ഷമയേയും വിശ്വസ്തതയേയും പുകഴ്ത്താനും അദ്ദേഹം മറന്നില്ല; മുൻകോപിയും ക്രൂരനുമായിരുന്നെങ്കിലും അയാളും സമുചിതമായ പ്രത്യുപകാരം ചെയ്തുകഴിഞ്ഞല്ലോ.

“തീർച്ചയായും,” അധൈര്യത്തോടെ ചുറ്റും നോക്കിക്കൊണ്ട് ഞാനും സമ്മതിച്ചു.

ഞാനാകെ അമ്പരന്നുനില്ക്കുകയായിരുന്നു. എല്ലാവരും എന്റെ പെരുമാറ്റത്തെ പുകഴ്ത്തുകയാണ്‌. എന്തൊരു ക്ഷമ, എന്തുമാത്രം അർപ്പണബോധം! കണക്കെടുപ്പിന്റെ തുടക്കത്തിലുള്ള ഔപചാരികതകൾക്കായി കുറേ നേരം പോയി. ഞാൻ ഒരു വക്കീലിനെ ഏർപ്പാടാക്കി. പിന്നെ എല്ലാം അതിന്റെ ചിട്ടവട്ടത്തിൽ നടന്നു. ആളുകൾ കേണലിനെക്കുറിച്ചു പലതും പറഞ്ഞു, ഒരു മയവുമില്ലാതെ. ഞാൻ കേണലിനു വേണ്ടി വാദിച്ചു. അയാളുടെ സദ്ഗുണങ്ങൾ, അയാളുടെ നന്മകൾ ഞാൻ ഓർത്തെടുത്തുപറഞ്ഞു: അയാൾ ധൂർത്തനായിരുന്നില്ല എന്നല്ലേയുള്ളു?

“അതാണോ വലിയ കാര്യം!” അവർ എതിർത്തു. “വെറുതേ! അയാൾ ചത്തു, അത്രതന്നെ. എന്തായാലും ആളൊരു മൂർഖനായിരുന്നു!”

അവർ അയാളുടെ സ്വഭാവവൈകൃതങ്ങൾ എണ്ണിയെണ്ണിപ്പറയാൻ തുടങ്ങി. അതിൽ ചിലതൊക്കെ വിചിത്രവുമായിരുന്നു.

ആദ്യമൊക്കെ ഈ സംസാരം വളരെ ജിജ്ഞാസയോടെയാണ്‌ ഞാൻ കേട്ടുനിന്നത്. പിന്നീട് വിചിത്രമായ ഒരാനന്ദം എന്റെ ഹൃദയത്തിലേക്കു പടർന്നുകേറി; ഒഴിവാക്കാൻ ഞാൻ ആത്മാർത്ഥമായും ശ്രമിച്ച ഒരാനന്ദം. ഞാൻ കേണലിനു വേണ്ടി വാദിച്ചു, വിശദീകരണങ്ങൾ നിരത്തി; അവരുടെ കുറ്റാരോപണങ്ങൾ അയാളോടു പൊതുവേയുള്ള ശത്രുതയുടെ ഫലമാണെന്നു ഞാൻ തർക്കിച്ചു. സമ്മതിച്ചു, അതെ, അയാൾ ഒരല്പം കർക്കശക്കാരനായിരുന്നു...

“അല്പമോ! അയാളൊരു പാമ്പിനെപ്പോലെ ഭയങ്കരനായിരുന്നു!” ബാർബർ പറഞ്ഞു.

എല്ലാവർക്കും, നികുതി പിരിവുകാരൻ, ഡോക്ടർ, ഗുമസ്തൻ, എല്ലാവർക്കും ഒരേ അഭിപ്രായമായിരുന്നു. അവർ മറ്റു കഥകളും പറയാൻ തുടങ്ങി.മരിച്ചയാളിന്റെ ജീവിതകാലം മുഴുവൻ അവർ ഇഴകീറി പരിശോധിച്ചു. അയാളുടെ യൗവ്വനകാലത്തെ ക്രൂരതകളോർമ്മിച്ചെടുക്കുന്നതിൽ പഴയ തലമുറ പ്രത്യേകിച്ചൊരാനന്ദം തന്നെ കണ്ടെത്തി. വിചിത്രമായ ആ ആനന്ദം, മൂകവും ഗൂഢവുമായ ആനന്ദം എനിക്കുള്ളിൽ മുളയെടുത്തുവളർന്നു- എന്റെ ആത്മാവിനെ ചുറ്റിവരിയുന്ന ഒരു നാടവിര; അതിന്റെ ചുറ്റുകൾ വലിച്ചുപറിക്കാൻ നോക്കിയതു വ്യർത്ഥമായിരുന്നു; അതിന്റെ ചുറകൾ പിന്നെയുമെന്നെ വരിഞ്ഞുമുറുക്കുകയായിരുന്നു.

കണക്കെടുപ്പിന്റെ ചടങ്ങുകൾ കാരണം എനിക്കൊരല്പം സമാധാനം കിട്ടി. തന്നെയുമല്ല, നാട്ടുകാരുടെ പൊതുവേയുള്ള അഭിപ്രായം കേണലിനെതിരെ ആയിരുന്നതിനാൽ ആ വീടിനെ ചൂഴ്ന്നുനില്ക്കുന്നതായി ആദ്യമൊക്കെ എനിക്കു തോന്നിയ ശോകഭാവം പതുക്കെപ്പതുക്കെ അലിഞ്ഞുപോവാനും തുടങ്ങി. ഒടുവിൽ വീടും സ്വത്തുക്കളും എന്റെ കൈകളിലായി; ഞാൻ അതെല്ലാം പ്രമാണങ്ങളും പണവുമാക്കി മാറ്റുകയും ചെയ്തു.

മാസങ്ങൾ കടന്നുപോയതോടെ എനിക്കവകാശമായി കിട്ടിയ സ്വഠെല്ലാം ദാനം ചെയ്യാനും പുണ്യകാര്യങ്ങൾക്കു വിനിയോഗിക്കാനുമുള്ള എന്റെ തുടക്കത്തിലെ തീരുമാനത്തിന്‌ ഇളസ്ക്കം തട്ടിത്തുടങ്ങി. അത് വെറുമൊരു വേഷം ക്ലെട്ടലായി ആളുകൾ കാണുമെന്നുകൂടി ഞാൻ ന്യായവാദം ചെയ്തു. ഞാൻ പ്ലാനൊന്നു മാറ്റിവരച്ചു; അത്ര ഗണ്യമല്ലാത്ത കുറച്ചു തുക ഞാൻ പാവങ്ങൾക്കിടയിൽ വിതരണം ചെയ്തു; പിന്നെ നാട്ടിലെ പള്ളിയിലേക്ക് പുതിയ കുറച്ചാഭരണങ്ങൾ വാങ്ങിക്കൊടുത്തു; നല്ലൊരു തുക ആശ്രമത്തിനും സംഭാവന കൊടുത്തു. കേണലിന്റെ ശവകുടീരത്തിൽ ഒരു സ്മാരകം പണിതുവയ്ക്കാനും ഞാൻ മറന്നില്ല- വളരെ അനാർഭാടമായ ഒരു സ്മാരകം; മൊത്തം മാർബിളിൽ ചെയ്തത്. 1866 വരെ റിയോയിൽ ഉണ്ടായിരുന്ന നേപ്പിൾസുകാരനായ ഒരു ശില്പിയാണ്‌ അതു പണിഞ്ഞത്; അയാൾ പരാഗ്വേയിൽ വച്ചു മരിച്ചു എന്നാണെന്റെ വിശ്വാസം.

വർഷങ്ങൾ എത്ര കടന്നുപോയി. എന്റെ ഓർമ്മശക്തി അവ്യക്തവും വിശ്വസിക്കാൻ പറ്റാത്തതുമായിതുടങ്ങിയിരിക്കുന്നു. ചിലപ്പോഴൊക്കെ ഞാൻ കേണലിനെക്കുറിച്ചോർക്കാറുണ്ട്. ഇപ്പോൾ പക്ഷേ പണ്ടത്തെപ്പോലെ പേടിയൊന്നും എനിക്കു തോന്നാറില്ല. അയാൾക്കുണ്ടായിരുന്ന രോഗങ്ങളെക്കുറിച്ചു ഞാൻ സംസാരിച്ചിട്ടുള്ള ഡോക്ടർമാരൊക്കെ രോഗിയുടെ അനിവാര്യമായ അന്ത്യത്തെപ്പറ്റി ഏകാഭിപ്രായക്കാരായിരുന്നു; അയാൾ അത്രയും കാലം പിടിച്ചുനിന്നതുതന്നെ ഒരത്ഭുതമെന്ന മട്ടിലാണ്‌ അവർ കണ്ടത്. അയാളുടെ രോഗലക്ഷണങ്ങളെക്കുറിച്ചുള്ള എന്റെ വർണ്ണന ഞാനറിയാതെ കുറച്ചൊരു അതിശയോക്തി നിറഞ്ഞതായെന്നു വരാൻ സാദ്ധ്യത ഇല്ലാതില്ല. എന്നാൽ ആകസ്മികമരണം അയാൾക്കു വിധിച്ചിട്ടുള്ളതായിരുന്നു- ആ സംഭവം നടന്നില്ലായിരുന്നെങ്കിൽക്കൂടി...

വിട, പ്രിയപ്പെട്ട സർ. എന്റെ ഈ കുറിപ്പുകൾ ഒട്ടും വിലയില്ലാത്തതായിട്ടല്ല നിങ്ങാൾ കാണുന്നതെങ്കിൽ ഒരു മാർബിൾ ശവകുടീരം കൊണ്ട് എനിക്കു പ്രത്യുപകാരം ചെയ്യുക; പാവനമായ ഗിരിപ്രഭാഷണത്തിൽ നിന്ന് ഞാൻ മാറ്റിയെഴുതിയ ഈ വരികൾ എന്റെ ചരമലിഖിതമായി അതിൽ ആലേഖനം ചെയ്യുക:

“ആസ്തികളുള്ളവർ ഭാഗ്യവാന്മാർ, അവർക്കാശ്വാസം ലഭിക്കും.”
*

മഷാഡോ ജി അസിസ് Joaquim Maria Machado de Assis (1839-1908)- കവിയും നോവലിസ്റ്റും നാടകകൃത്തുമായ മഷാഡോ ബ്രസീലിയൻ സാഹിത്യത്തിലെ ഏറ്റവും വലിയ എഴുത്തുകാരനായി പരിഗണിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ “പാതിരാക്കുർബ്ബാന”  ഏറ്റവും മഹത്തായ ലാറ്റിനമേരിക്കൻ കഥ എന്നുപോലും വിശേഷിപ്പിക്കപ്പെടുന്നുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല: