അവസാനത്തെ പാനോപചാരം
ഞാനുപചാരം ചൊല്ലുന്നു
മുടിഞ്ഞുപോയ നമ്മുടെ വീടിന്,
അത്രയ്ക്കു കയ്ക്കുന്ന ജീവിതത്തിന്,
നിനക്ക്,
ഒരുമിച്ചു നാം സഹിക്കുന്ന ഏകാന്തതയ്ക്ക്;
ഞാനുപചാരം ചൊല്ലുന്നു
തണുത്തു മരവിച്ച കണ്ണുകൾക്ക്,
നമ്മെ ഒറ്റുകൊടുത്ത ചുണ്ടുകൾക്ക്,
ക്രൂരവും പരുക്കനുമായ ലോകത്തിന്,
നമുക്കു തുണയാവാത്ത ദൈവത്തിനും.
നിസ്വരാണു നാമെന്നു നാം കരുതി:...
നിസ്വരാണു നാമെന്നു നാം കരുതി:
നമുക്കെന്നു പറയാൻ നമുക്കൊന്നുമില്ലെന്നും.
പിന്നെയൊന്നൊന്നായോരോന്നു നമുക്കു നഷ്ടമായപ്പോൾ,
ഓരോനാളുമോർമ്മപ്പെരുന്നാളുകളായപ്പോൾ,
കവിതയെഴുത്തു തുടങ്ങി നാം-
ദൈവത്തിന്റെ മഹത്വത്തെപ്പറ്റി,
സമ്പന്നമായൊരു ഭൂതകാലത്തെപ്പറ്റി.
വിട പറയുന്ന വിദ്യയിൽ
വിട പറയുന്ന വിദ്യയിൽ മിടുക്കരായിരുന്നില്ല നാം,
തോളോടു തോളുരുമ്മി നാം നടന്നലഞ്ഞു.
അസ്തമയവും വന്നുകഴിഞ്ഞു,
നിന്റെ മുഖം മ്ളാനം, നിന്റെ നിഴൽ ഞാനും.
നമുക്കീ പള്ളിയിലൊന്നു കേറിനോക്കാം,
മാമ്മോദീസയോ മിന്നുകെട്ടോ ചരമശുശ്രൂഷയോ കണ്ടുനില്ക്കാം.
അന്യരിൽ നിന്നിങ്ങനെ നാം വിഭിന്നരായതെന്തേ?
അന്യോന്യം മുഖം തിരിച്ചു വീണ്ടും നടന്നു നാം.
ഇനിയീ സിമിത്തേരിയിൽ, ചവിട്ടിക്കുഴച്ച മഞ്ഞിൽ
അന്യോന്യം നിശ്വാസമുതിർത്തുകൊണ്ടൊന്നിരുന്നാലോ?
നിന്റെ വിരൽ വായുവിൽ വരച്ചിടുന്നു
ഒരുനാളും പിരിയാതെ നാം ജീവിക്കുന്ന മനക്കോട്ടകൾ.
അനശ്വരപ്രണയങ്ങൾ
ആഘോഷമാക്കി നാം
നടക്കാതെപോയ സമാഗമങ്ങൾ,
പറയാതെവിട്ട വിശേഷങ്ങൾ,
ശബ്ദമില്ലാത്ത വാക്കുകൾ.
എവിടെത്തങ്ങണമെന്നറിയാതെ പരുങ്ങുന്നു,
തമ്മിലിടയാത്ത നോട്ടങ്ങൾ.
തടവില്ലാതിനിയൊഴുകാമെന്നു
കണ്ണീരിനു മാത്രമാഹ്ളാദം.
മോസ്ക്കോവിലൊരിടത്തൊരു
കാട്ടുപനിനീർപ്പൂപ്പൊന്ത-
അതിനുമുണ്ടൊരു ഭാഗമെടുക്കാൻ...
ഇതിനൊക്കെപ്പിന്നെ നാം പേരുമിടും,
‘അനശ്വരപ്രണയ’മെന്നും.
ആഴ്ചകളല്ല, മാസങ്ങളല്ല...
ആഴ്ചകളല്ല, മാസങ്ങളല്ല,
വർഷങ്ങളെടുത്തു നാം പിരിയാൻ.
ഇന്നൊടുവിലിതാ, നമ്മുടെ കവിളുരുമ്മുന്നു,
സ്വാതന്ത്ര്യത്തിന്റെ ഇളംതെന്നൽ.
നരച്ചതാണു നാമണിഞ്ഞ
പുഷ്പകിരീടങ്ങൾക്കു നിറവും.
ഇനിമേലില്ല ഒറ്റുകൾ, ചതികൾ,
രാത്രി മുഴുവൻ നീ കേട്ടുകിടക്കുകയും വേണ്ട,
എന്റെ ഭാഗം ശരിയെന്നു സമർത്ഥിക്കുന്ന
യുക്തികളുടെ നിലയ്ക്കാത്ത പ്രവാഹവും.
മാറ്റൊലി
പണ്ടേ കൊട്ടിയടച്ചു പോയകാലത്തേക്കുള്ള പാതകൾ.
പോയകാലം കൊണ്ടെന്തു ചെയ്യാനിനി ഞാനല്ലെങ്കിൽ?
എന്തുണ്ടതിൽ? ചോരപുരണ്ട ഓർമ്മക്കല്ലുകളോ?
കട്ട കെട്ടിയടച്ചൊരു വാതിലോ?
അതുമല്ലെങ്കിലൊരു മാറ്റൊലിയോ?
താണു താണു ഞാൻ യാചിച്ചിട്ടും
അതിനാവുന്നില്ല നാവടക്കാൻ...
ഉള്ളിൽ ഞാൻ പേറിനടക്കുമൊരാളിന്റെ വിധി തന്നെ,
ഈ മാറ്റൊലിയ്ക്കു വിധിച്ചതും.
നേർവഴി പോകുനൊരാൾ...
നേർവഴി പോകുന്നൊരാൾ,
വൃത്തത്തിലലയുകയാണിനിയൊരാൾ:
പോയൊരു കാലം തന്റേതായിരുന്നവളെ
കാത്തുനിൽക്കുകയാണൊരാൾ,
വീട്ടിലേക്കു മടങ്ങുകയാണു മറ്റൊരാൾ.
ഞാൻ പോകുന്ന വഴിയോ, കഷ്ടം,
നേരേയല്ല, വളഞ്ഞുമല്ല,
ഒരിടത്തുമെത്തില്ല, ഒരുകാലത്തുമെത്തില്ലത്,
പാളം തെറ്റിയ തീവണ്ടി പോലെ.
കാവ്യദേവത
രാത്രിയിലവളുടെ കാലൊച്ചയ്ക്കായി കാതോർത്തിരിക്കുമ്പോൾ
ഒരു നൂലിഴയിൽ തൂങ്ങിനില്ക്കുകയാണെനിക്കു ജീവിതം.
കൈകളിൽ പുല്ലാംകുഴലുമായതിഥിയെത്തുമ്പോൾ
എന്തിനു മഹത്വം, യുവത്വം, സ്വാതന്ത്ര്യവും?
അവൾ വരുന്നു. മുഖപടമൂരിയെറിയുന്നു.
സാകൂതമവളെന്നെയുറ്റുനോക്കുമ്പോൾ ഞാൻ ചോദിച്ചു :
ദാന്തേയ്ക്കു നരകം കാട്ടിക്കൊടുത്തതു നീയോ?
ഞാൻ തന്നെ: അവൾ പറയുന്നു.
ആളുകൾ മരിക്കുമ്പോൾ...
ആളുകൾ മരിക്കുമ്പോൾ
അവരുടെ ചിത്രങ്ങളും മാറുന്നു,
കണ്ണുകളിലെ നോട്ടം വേറൊന്ന്,
ചുണ്ടുകളിലെ പുഞ്ചിരിയും വേറൊന്ന്.
ഞാനിതാദ്യമറിയുന്നത്
ഒരു കവിയുടെ മരണം കഴിഞ്ഞു വീട്ടിലെത്തുമ്പോൾ.
പിന്നെ പലപ്പോഴും ഞാനിതു ശ്രദ്ധിച്ചിരിക്കുന്നു,
എന്റെ ഊഹം ശരിയുമായിരുന്നു.
എന്റെ മുറിയിൽ കുടിപാർക്കുന്നു...
എന്റെ മുറിയിൽ കുടിപാർക്കുന്നുണ്ടൊരു സർപ്പം,
കൃഷ്ണവർണ്ണത്തിലൊരു സുന്ദരസർപ്പം...
എന്നെപ്പോലലസ, ഉൾവലിഞ്ഞവൾ,
എന്നെപ്പോലെതന്നെ തണുത്തവൾ.
രാത്രിയിൽ ഞാനെഴുതാനിരിക്കുമ്പോൾ
എന്റെയരികത്തുണ്ടാവുമവൾ,
എന്നെത്തന്നെ നോക്കിയിരിക്കുന്നു, നിർവികാരനേത്രങ്ങൾ,
രാത്രിയിലെരിയുന്ന മരതകക്കല്ലുകൾ:.
ഇരുട്ടത്തു ഞാനാവലാതിപ്പെട്ടു കരയുമ്പോൾ
ഒരുത്തരവും നല്കില്ല വിശുദ്ധന്മാരുടെ ചിത്രങ്ങൾ...
ഈ സർപ്പക്കണ്ണുകളുണ്ടായിരുന്നില്ലെങ്കിൽ
എന്‍റെ പ്രാര്‍ത്ഥനകള്‍ മറ്റൊന്നായെനേ.
പിന്നെ പ്രഭാതത്തിൽ ഞാൻ തളരുമ്പോൾ,
ഒരു മെഴുകുതിരി പോലെ ഞാനുരുകിമെലിയുമ്പോൾ,
എന്റെ തോളിൽ നിന്നൂർന്നിറങ്ങിപ്പോകുന്നു
കറുത്ത നിറത്തിലൊരു നാട.
സ്വപ്നത്തിൽ
നമുക്കൊരുമിച്ചു പങ്കുവയ്ക്കാം
ഇരുളടഞ്ഞ ചിരവിരഹം.
എന്തിനു തേങ്ങുന്നു?
കൈ തരൂ.
കാണാം വീണ്ടുമെന്നുറപ്പു തരൂ.
ഉയരം വച്ച മലകൾ പോലെയാണു നാം,
നാമടുക്കില്ലൊരിക്കലും.
പാതിരാത്രിയിലിടകിട്ടുമ്പോൾ
വിവരമറിയിക്കൂ,
അതു കൈമാറാൻ
നക്ഷത്രങ്ങളുമുണ്ടല്ലോ.
നീയെനിക്കു തന്നത്...
നീയെനിക്കു തന്നതു കഠിനയൗവനം,
വഴി നിറയെ യാതനയും.
അത്ര വന്ധ്യമായൊരാത്മാവിൽ കായ്ക്കുമോ,
നിനക്കു നിവേദിക്കാനൊരു മധുരഫലം?
പ്രഭോ! ഞാനജ്ഞ.
ലുബ്ധയായൊരാശ്രിത.
എന്റെ പിതാവിന്റെയുദ്യാനത്തിൽ
പനിനീർച്ചെടിയാവില്ല ഞാൻ,
ഒരു പുൽക്കൊടിയുമാവില്ല.
ഒരോ പൊടി പാറുന്നതു കാണുമ്പോഴും
വിഡ്ഢികളുടെ പുലമ്പലു കേൾക്കുമ്പോഴും
വിറകൊള്ളുകയാണു ഞാൻ.
(ഡിസംബർ 19,1912)
എനിക്കറിയില്ല...
എനിക്കറിയില്ല, ജീവനോടിരിക്കുന്നുവോ നീയെന്ന്-
നിന്നെത്തിരയേണ്ടതീ മണ്ണിലോ,
മരിച്ചവർക്കായി ഞങ്ങൾ വിലപിയ്ക്കുന്ന
സായാഹ്നത്തിലെ ധ്യാനവേളയിലോയെന്ന്.
എല്ലാം നിനക്ക്: എന്റെ നിത്യപ്രാർത്ഥനകൾ,
ഉറക്കം വരാത്തൊരുവളുടെ ജ്വരസ്വപ്നങ്ങൾ,
എന്റെ കണ്ണുകളിലെ നീലനാളങ്ങൾ,
എന്റെ കവിതകൾ, ആ വെള്ളപ്പറവകളും.
നിന്നെപ്പോലെന്നോടടുത്തിട്ടില്ലാരും,
എന്നെ നീറ്റിയിട്ടില്ലാരും,
യാതനയിലേക്കെന്നെയെറിഞ്ഞവൻ പോലും,
ഒന്നു തലോടി, പിന്നെ മറന്നവൻ പോലും.
1915
മറന്നാൽ മറവിയിൽപ്പെടുന്നവളെന്നോ...
-------------------------------------------
പുലമ്പിയും കരഞ്ഞുംകൊണ്ടു നടക്കും ഞാനെന്നോ?
കുതിരക്കുളമ്പുകൾക്കടിയിൽച്ചെന്നു വീഴും ഞാനെന്നോ?
മന്ത്രവാദിനികളോടു ജപിച്ചുവാങ്ങിയ ജലത്തിൽ
വാസനത്തുവാല മുക്കി നിങ്ങൾക്കയയ്ക്കും
ഭയാനകമായൊരുപഹാരം ഞാനെന്നോ?
നരകമെനിക്കിരിക്കട്ടെ, ഒരു നിശ്വാസം, ഒരു നോട്ടം
എന്നിൽ നിന്നു നിങ്ങളിൽപ്പതിച്ചുവെങ്കിൽ!
മാലാഖമാർ സാക്ഷി,
ഞാന്‍ പൂജിക്കുന്ന തിരുരൂപം സാക്ഷി,
നമ്മുടെ തൃഷ്ണകളഗ്നിനൃത്തം ചവിട്ടിയ രാത്രികൾ സാക്ഷി,
മടക്കമില്ലെനിക്കു നിങ്ങളിലേക്കിനി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ