ബൽസാക്ക്(1799-1850)- ഇരുപതു കൊല്ലം കൊണ്ടെഴുതിയ ‘ഹ്യൂമൻ കോമഡി’ എന്ന റിയലിസ്റ്റ്
മാസ്റ്റർപീസിലൂടെ ലോകത്തെ ഏറ്റവും മഹാന്മാരായ നോവലിസ്റ്റുകളിൽ ഒരാളായി മാറിയ
ഫ്രഞ്ചു സാഹിത്യകാരൻ . 1833ൽ അദ്ദേഹം കൌണ്ടസ് എവെലിന
ഹൻസ്കയുമായി കത്തുകളിലൂടെ പരിചയപ്പെട്ടു; തന്നെക്കാൾ ഇരുപതു
വയസ്സ് പ്രായം കൂടിയ ഒരു പോളിഷ് ജന്മിയുടെ ഭാര്യയായിരുന്നു അവർ. അവർ തമ്മിലുള്ള
കത്തിടപാട് പതിനേഴു കൊല്ലം നീണ്ടുനിന്നു. 1841ൽ എവെലിനയുടെ
ഭർത്താവ് മരിച്ചതില്പിന്നെ അവർ യൂറോപ്പു മുഴുവൻ യാത്രയിലായിരുന്നു. ഒടുവിൽ 1850 മാർച്ച് 15ന് അവർ വിവാഹിതരായി; അതേ വർഷം ആഗസ്റ്റ് 19ന് ബൽസാക്ക് മരിക്കുകയും
ചെയ്തു.
ഹാ! സുന്ദരസ്വപ്നങ്ങൾ സ്വപ്നം
കണ്ടും ആലസ്യത്തോടെ, ഹർഷോന്മാദത്തോടെ എന്റെ ചിന്തകൾ
നിന്നോടു പറഞ്ഞും ചിലപ്പോൾ ഒന്നും തന്നെ മിണ്ടാതെ നിന്റെ ഗൌണിൽ ചുണ്ടു ചേർത്തും
ഒരു ദിവസത്തിൽ പാതിയും നിന്റെ മടിയിൽ തല വയ്ചു നിന്റെ കാല്ക്കലിരിക്കാൻ
എത്രയിഷ്ടമാണെനിക്കെന്നോ!...എനിക്കെത്രയും പ്രിയപ്പെട്ട ഈവാ, എന്റെ പകലുകളുടെ പകലേ, രാവുകളുടെ രാവേ, എന്റെ പ്രത്യാശയുടെ രൂപമേ, ഞാനാരാധിക്കുന്നവളേ,
എന്റെ പ്രണയസർവസ്വമേ, എനിക്കേകപ്രീതിഭാജനമേ,
എന്നാണെനിക്കു നിന്നെ കാണാനാവുക? അതൊരു
വ്യാമോഹമാവുമോ? നിന്നെ ഞാൻ കണ്ടിട്ടുണ്ടോ? ദൈവങ്ങളേ! എനിക്കെത്ര ഇഷ്ടമാണെന്നോ നിന്റെ ഉച്ചാരണം; കാരുണ്യത്തിന്റെ ആസക്തിയുടെയും ഇരിപ്പിടമായ നിന്റെ ചുണ്ടുകൾ- അതൊന്നു
പറയാൻ എന്നെ അനുവദിക്കൂ, എന്റെ പ്രണയദേവതേ! ഡിസംബറിൽ
രണ്ടാഴ്ച നിന്നെ വന്നു കാണാനായി രാത്രിയും പകലും പണിയെടുക്കുകയാണു ഞാൻ. മഞ്ഞു
മൂടിയ ജൂറ ഞാൻ കടന്നുപോകും; എന്റെ മനസ്സിൽ പക്ഷേ, എനിക്കിഷ്ടപ്പെട്ടവളുടെ മഞ്ഞു പോലെ വെളുത്ത ചുമലുകളായിരിക്കും. ഹാ! നിന്റെ
മുടിയുടെ ഗന്ധം ശ്വസിക്കുക, നിന്റെ കൈ കവരുക, കൈക്കൂട്ടിൽ നിന്നെയൊതുക്കുക- ഇതിൽ നിന്നൊക്കെയാണ് ഞാൻ ധൈര്യം
സംഭരിക്കുന്നത്! ഈ സമയത്തു ഞാൻ കാണിക്കുന്ന കിരാതമെന്നു പറയാവുന്ന ഇച്ഛാശക്തി
കണ്ട് എന്റെ ചില കൂട്ടുകാർ നാവിറങ്ങിയപോലെ നില്ക്കാറുണ്ട്. ഹാ! അവർക്കെന്റെ
പ്രിയപ്പെട്ടവളെ അറിയില്ല, മനസ്സിൽ കാണുമ്പോൾത്തന്നെ
ശോകത്തിന്റെ വിഷമുള്ളെടുത്തു കളയുന്നവളെ. ഒരു ചുംബനം, ഭൂമിയിലെ
മാലാഖേ, നുണഞ്ഞിറക്കാൻ ഒരു ചുംബനം, പിന്നെ
ശുഭരാത്രിയും!