2024, ജനുവരി 19, വെള്ളിയാഴ്‌ച

ഹാൻ യോങ്ങ്‌വുൺ- കലാകാരൻ


കിടക്കയിലല്ലാതെ ഞാൻ കലാകാരനേയല്ല,
എന്റെ വിരൽത്തുമ്പുകൾ കൊണ്ടു ഞാൻ വരച്ചിടാം,
നിന്റെ മാറിടം നിന്റെ ചുണ്ടുകളും കവിളുകളും,
ഉറങ്ങുമ്പോൾ നിന്റെ പുരികങ്ങൾക്കിടയിൽ തത്തുന്ന
ആ വക്രമന്ദഹാസം തീർച്ചയായും.
അയൽവീടുകളിലാരുമില്ലാതിരിക്കുമ്പോൾ,
ചീവീടുകൾ പോലും ഒച്ച വയ്ക്കാതിരിക്കുമ്പോൾ,
അപ്പോഴുമെനിക്കു മടിയാണ്‌,
നീയെനിക്കു പഠിപ്പിച്ചുതന്ന പാട്ടുകൾ
ഉറങ്ങുന്ന പൂച്ചയ്ക്കു പാടിക്കൊടുക്കാൻ.
കവിയൊന്നുമല്ലെങ്കിലും ഞാൻ വർണ്ണിക്കാം,
നിന്റെ നോട്ടം, നിന്റെ ശബ്ദം,
ഉറങ്ങാൻ വരുംമുമ്പു മുറ്റത്തു നീയുലാത്തുന്ന വിധം,
അവിടെനിന്നിവിടേക്കുള്ള ഇരുപതു ചുവടു വഴിയിൽ
ഓരോരോ ചരല്ക്കല്ലിനെപ്പോലും.

Han Yong-un (1879 –1944)- കൊറിയൻ ബുദ്ധമതപരിഷ്കർത്താവും കവിയും.

അഭിപ്രായങ്ങളൊന്നുമില്ല: