2024, ജനുവരി 16, ചൊവ്വാഴ്ച

ഫ്യോദോർ ഇവാനോവിച്ച് ട്യൂത്ച്ചേവ് - കവിതകൾ

 









അന്ത്യപ്രണയം


വൈകിയ വേളയിൽ പ്രണയം തേടിയെത്തുമ്പോൾ,
എത്രയാർദ്രമായി നം പ്രണയിക്കുന്നു, എത്ര ഭയാകുലരായും!
തിളങ്ങൂ, തിളങ്ങൂ, പിൻവാങ്ങുന്ന വെളിച്ചമേ,
ഒരന്ത്യപ്രണയത്തിന്റെ പോക്കുവെയിൽക്കതിരുകളേ.

ആകാശത്തിന്റെ പാതിയും നിഴലടഞ്ഞുകഴിഞ്ഞു,
മേഘങ്ങൾക്കിടയിൽ മാത്രമൊരു വെളിച്ചമലയുന്നു;
നിൽക്കൂ, നിൽക്കൂ, ക്ഷയിക്കുന്ന പകലേ,
നിന്നിൽ വശ്യനായി നിൽക്കട്ടെ ഞാൻ വശ്യതേ.

ചോരയുടെ ചാലുകൾ നേർത്തുനേർത്തുപോകട്ടെ,
ഹൃദയമതിനാലാർദ്രമാകരുതെന്നുമില്ലല്ലോ?
നേരം വൈകിയെത്തിയൊരന്ത്യപ്രണയമേ,
എന്റെയാനന്ദമാണു നീ, എന്റെ നൈരാശ്യവും.

(1852-1854)


തൃഷ്ണയുടെ പാതി താഴ്ത്തിയ നാളം

എനിക്കിഷ്ടമാണു പ്രിയേ, നിന്റെ കണ്ണുകൾ,
മണലാരണ്യത്തിലൊരിടിമിന്നൽ പോലെ
എല്ലാം പുണരുന്നൊരു നോട്ടമെറിയാനായി
പൊടുന്നനേ നിന്റെ കണ്ണുകൾ തുറക്കുമ്പോൾ
അവയിൽ നൃത്തം വയ്ക്കുന്ന ചടുലജ്വാലയെ.
അതിലുമധികമായൊരു ചാരുത ഞാൻ കാണുന്നു,
വികാരതീവ്രമായ ചുംബനങ്ങൾക്കിടയിൽ
നിന്റെ കണ്ണുകൾ സാവധാനമടയുമ്പോൾ,
താഴ്ന്നുവീഴുന്ന കൺപോളകൾക്കുള്ളിൽ
തൃഷ്ണയുടെ പാതി താഴ്ത്തിയ നാളമിളകുമ്പോൾ.


ഫ്യോദോർ ഇവാനോവിച്ച് ട്യൂത്ച്ചേവ് Fyodor Ivanovich Tyutchev (1803-1873)- കടുത്ത സ്ലാവ് പക്ഷപാതിയായ റഷ്യൻ കവി. പുഷ്കിനും ലെർമൊണ്ടോവും ഉൾപ്പെടുന്ന റഷ്യൻ കാല്പനികകവിത്രയത്തിൽ മൂന്നാമൻ. ആകെയെഴുതിയ മുന്നൂറു കവിതകളിൽ അമ്പതും വിവർത്തനങ്ങൾ. പ്രകൃതി മുഖ്യപ്രമേയമെങ്കിലും വൈകിയെത്തിയ പ്രണയത്തെക്കുറിച്ചുള്ള ഒരു കൂട്ടം കവിതകൾ മാറിനിൽക്കുന്നു.


അഭിപ്രായങ്ങളൊന്നുമില്ല: