2024, ജനുവരി 13, ശനിയാഴ്‌ച

യോസെഫ് ബ്രോഡ്സ്കി - തീർത്ഥാടകർ




കളിക്കളങ്ങളും ദേവാലയങ്ങളും കടന്ന്,
പള്ളികളും കള്ളുകടകളും കടന്ന്,
ഭവ്യമായ ശവപ്പറമ്പുകളും കടന്ന്,
ഇരമ്പുന്ന അങ്ങാടികളും കടന്ന്,
ലോകം കടന്ന്, ശോകം കടന്ന്,
റോമും മെക്കയും കടന്ന്,
സൂര്യന്റെ നീലിമയിൽ ചുട്ടുപൊള്ളി
തീർത്ഥാടകർ യാത്ര പോകുന്നു.

കൂനിക്കൂടിയവർ നടക്കുന്നു,
കാലുകളിടറി അവർ നടക്കുന്നു.
വിശന്ന വയറുമായി,
അർദ്ധനഗ്നരായി-
കണ്ണുകൾ നിറയെ സൂര്യാസ്തമയവുമായി,
ഹൃദയം നിറയെ സൂര്യോദയവുമായി.
അവർക്കു പിന്നിൽ തരിശ്ശുകൾ പാടുന്നു,
വിളർത്ത പൊട്ടിച്ചൂട്ടുകൾ പാളുന്നു,
അവർക്കു മേൽ നക്ഷത്രങ്ങൾ പായുന്നു,
കിളികളവരോടു കാറിക്കൊണ്ടു ചീറുന്നു:

“ലോകം മാറിയിട്ടേയില്ല.”
ഇല്ല. അതു മാറിയിട്ടില്ല.
അതെന്നുമിതു തന്നെയായിരുന്നു.
അതെന്നുമിതുതന്നെയായിരിക്കും.
അതിന്റെ മഞ്ഞുമുടികളിപ്പോഴും തിളങ്ങുന്നു,
അതിന്റെ ഊഷ്മളത സന്ദേഹാസ്പദം.
ലോകം അവിശ്വസ്തമായിരിക്കും,
എന്നാലതു ചിരന്തനവുമായിരിക്കും.

മനുഷ്യനതിനെ അറിഞ്ഞുവെന്നാകാം,
എന്നാലതന്ത്യമില്ലാത്തതുമായിരിക്കും.
തന്നിലുള്ള വിശ്വാസമാകട്ടെ,
ദൈവത്തിലുള്ള വിശ്വാസമാകട്ടെ,
അതിലർത്ഥമില്ലെന്നാണതിനർത്ഥവും.
ശേഷിക്കുന്നതു വഴി മാത്രം, സ്വപ്നവും.
ഭൂമി സൂര്യാസ്തമയങ്ങൾ കണ്ടുനില്ക്കും,
സൂര്യോദയങ്ങളും ഭൂമി കണ്ടുനില്ക്കും.
മരിച്ച പടയാളികളതിനു വളക്കൂറു നല്കും,
ജീവിക്കുന്ന കവികളതിനുറപ്പും നല്കും.



യോസെഫ് ബ്രോഡ്സ്കി Joseph Brodsky (1940-1996)- 1987ൽ നൊബേൽ സമ്മാനം ലഭിച്ച റഷ്യൻ വിമതകവി

അഭിപ്രായങ്ങളൊന്നുമില്ല: