2024 ജനുവരി 12, വെള്ളിയാഴ്‌ച

ജാനോ പിലിൻസ്കി - പഴംകഥ



ഒരിക്കൽ ഒരിടത്ത്‌
ഏകാകിയായൊരു ചെന്നായുണ്ടായിരുന്നു;
മാലാഖമാരെക്കാൾ ഏകാകിയായിരുന്നു അവൻ.

അവൻ ഒരു ഗ്രാമത്തിലേക്കു വരാനിടയായി.
ആദ്യം കണ്ട വീടിനോടു തന്നെ
അവനു സ്നേഹവുമായി.
അവനതിന്റെ ചുമരുകളെ സ്നേഹിച്ചു;
മൺകട്ടകളുടെ ലാളനകളെ സ്നേഹിച്ചു.
എന്നാൽ ജനാലകൾ അവനെ അടുപ്പിച്ചില്ല.

മുറിക്കുള്ളിൽ ആളുകൾ ഇരുപ്പുണ്ടായിരുന്നു.
ദൈവമൊഴികെ മറ്റാരും
അവരെ ഇത്ര സൌന്ദര്യമുള്ളവരായി കണ്ടിരിക്കില്ല,
ശിശുവിനെപ്പോലുള്ള ഈ ജന്തുവൊഴികെ.
അങ്ങനെ രാത്രിയിലവൻ
വീടിനുള്ളിലേക്കു കയറിച്ചെന്നു.
മുറിയുടെ നടുക്കവൻ നിന്നു.
അവിടെ നിന്ന് അവൻ പിന്നെ മാറിയതേയില്ല.

വിടർന്ന കണ്ണുകളുമായി
രാവു മുഴുവൻ
അവൻ അവിടെ നിന്നു.
പ്രഭാതമായപ്പോൾ
അവരവനെ തല്ലിക്കൊന്നു.
*

ഹേമന്താകാശം
--------------------


എന്റെ തലയ്ക്കുമേൽ നക്ഷത്രങ്ങൾ,
ശീതജ്വാലകളവയിളക്കുന്നു.
കരുണയില്ലാത്തൊരാകാശം.
ചുമരും ചാരി ഞാനിരിക്കുന്നു.

അനാഥമായ ചുണ്ടുകളും കടന്ന്
ശോകമെന്റെ കവിളിലൂടിറ്റുന്നു.
ഞാൻ കുടിച്ച മുലപ്പാലെവിടെ?
കുപ്പായം ഞാൻ മലിനമാക്കുന്നു.

കല്ലുപോലെയാണു ഞാൻ-
എന്താണെന്നാലുമതു വരട്ടെ.
അനുസരിക്കാം, നല്ലവനാവാം,
സാഷ്ടാംഗം ഞാൻ നമസ്കരിക്കാം.

ഇനി ഞാൻ സ്വയം വഞ്ചിക്കുന്നില്ല.
എന്നെത്തുണയ്ക്കാനൊരാളുമില്ല,
ഒരു വേദനയുമെനിക്കു മുക്തി നല്കില്ല,
ഒരു ദൈവവുമെന്നെ രക്ഷിക്കില്ല.

ഇതിലും ലളിതമായിട്ടൊന്നുമില്ല,
ഇതിലും ഭീതിദമായതും വേറെയില്ല-
സാവധാനമെന്റെ നേർക്കു വരികയായി,
ബൈബിളിൽ പറഞ്ഞ സത്വങ്ങൾ.
*

ശേഷിച്ചതു ദൈവകൃപ
----------------------------


ഭീതിയും സ്വപ്നവുമായിരുന്നു,
എന്റെ അച്ഛനും എന്റെ അമ്മയും.
എന്റെ വിശാലദേശമെന്നാൽ
ഒരിടനാഴിയായിരുന്നു.

അങ്ങനെ ഞാൻ ജീവിച്ചു.
എന്റെ മരണമെങ്ങനെയാവും?
എന്റെ അന്ത്യമേതുപോലെയാവും?

എന്നെ പുണരുമ്പോൾത്തന്നെ
മണ്ണെന്നെ വഞ്ചിക്കുന്നു.
ശേഷിച്ചതു ദൈവകൃപ.
*

János Pilinszky (1921-1981)  യുദ്ധാനന്തരഹംഗറിയിലെ ഏറ്റവും വലിയ കവിയായി കണക്കാക്കപ്പെടുന്നു. രണ്ടാം ലോകമഹായുദ്ധത്തിന്റെ ഭീകരതകളുടെ സാക്ഷ്യമാണ്‌ അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കവിതകൾ.


അഭിപ്രായങ്ങളൊന്നുമില്ല: