2024, ഏപ്രിൽ 29, തിങ്കളാഴ്‌ച

വെർലേൻ - കവിതകൾ

 പോകൂ ഗാനമേ...


പോകൂ ഗാനമേ, വേഗച്ചിറകുകളേറൂ,
അവളെത്തേടിപ്പിടിച്ചവളോടു പറയൂ,
എന്നുമവൾക്കു നേദിച്ചൊരു ഹൃദയത്തെ
പ്രദീപ്തമാക്കുന്നതവളുടെ ആനന്ദമെന്ന്;

പ്രണയത്തിൽ നിഴലടച്ചതിനെയൊക്കെയും
ഒരു ധന്യസൂര്യനാട്ടിപ്പായിച്ചുവെന്ന്;
അസൂയ, അവിശ്വാസം, ഭീതികൾ:
സർവ്വതിനും മേൽ പകൽവെളിച്ചമായെന്ന്.

ഇത്രകാലമതു പേടിച്ചുമിണ്ടാതിരിക്കുകയായിരുന്നു;
ഇന്നതിന്റെയാനന്ദം നീ കേൾക്കുന്നില്ലേ,
തെളിഞ്ഞ മാനത്തു ചിറകെടുത്ത
വാനമ്പാടിയുടെ വ്യഗ്രഗാനം പോലെ?

എങ്കിൽ പോകൂ, മുഗ്ധഗാനമേ,
വ്യർത്ഥഖേദങ്ങൾ വേണ്ടെന്നവളോടു പറയൂ.
ഈ ആനന്ദവേളയിലവളെ വരവേൽക്കൂ,
ദീർഘകാലത്തില്പിന്നെന്നിലേക്കു മടങ്ങുന്നവളെ.
*

എന്‍റെ പരിചിതസ്വപ്നം


തറച്ചുകേറുന്നൊരു വിചിത്രസ്വപ്നമിടയ്ക്കിടെ ഞാൻ കാണുന്നു,
എനിക്കജ്ഞാതയായൊരു സ്ത്രീയെ ഞാൻ പ്രേമിക്കുന്നതായി.
അവളെന്നെയും സ്നേഹിക്കുന്നു. അവളെന്നെ മനസ്സിലാക്കുന്നു.
എന്നുമൊരേയാളല്ലവളെന്നു തോന്നിയാലും മറ്റൊരാളുമല്ലവൾ.

അവൾക്കേ എന്നെ മനസ്സിലാവുന്നുള്ളൂ, കഷ്ടമെന്നു പറയട്ടെ,
അവൾക്കു മാത്രമേ  എന്റെ ഹൃദയം സ്ഫടികവിശദമാവുന്നുമുള്ളു-
എന്റെ പൊള്ളുന്ന നെറ്റിയിൽ  വിയർപ്പുമണികൾ പൊടിയുമ്പോൾ
അവൾക്കേ അറിയൂ, സ്വന്തം കണ്ണീരു കൊണ്ടതിനെ തണുപ്പിക്കാൻ.

അവളുടെ മുടിനിറം ചുവപ്പോ കറുപ്പോ സ്വർണ്ണമോ? എനിക്കറിയില്ല.
അവളുടെ പേരോ? മുഴങ്ങുന്നതാണതെന്നേ എനിക്കോർമ്മയുള്ളൂ,
ജീവിതത്തിൽ നിന്നു ഭ്രഷ്ടരായ ഇഷ്ടജനങ്ങളുടേതെന്നപോലെ.

പ്രതിമകളുടേതു പോലെ വിടർന്നതാണവളുടെ നോട്ടം,
പ്രശാന്തവും വിദൂരവും ഗൌരവമാർന്നതുമാണവളുടെ ശബ്ദം,
നിലച്ചുപോയ പ്രിയനാദങ്ങളുടെ സ്വരഭേദങ്ങളാവർത്തിക്കുന്നതും.

2024, ഏപ്രിൽ 27, ശനിയാഴ്‌ച

റോബർട്ട് വാൾസർ -കരഘോഷം



പ്രിയപ്പെട്ട വായനക്കാരാ, ഒരഭിനേത്രി, ഒരു ഗായിക, അല്ലെങ്കിലൊരു നർത്തകി തന്റെ കഴിവുകളിലൂടെയും അവ ജനിപ്പിക്കുന്ന പ്രഭാവത്തിലൂടെയും ഒരു സദസ്സിനെയാകെ ഹർഷോന്മാദത്തിന്റെ ഉച്ചസ്ഥായിയിലേക്കുയർത്തുകയും എല്ലാ കൈകളും ത്വരിതവും ചടുലവുമായ ചലനത്തിലേക്കുണരുകയും അതിമോഹനമായ കരഘോഷം സഭയ്ക്കുള്ളിൽ ഇരമ്പുകയും ചെയ്യുന്ന ഒരു നിമിഷത്തിന്റെ സൗന്ദര്യവും മാന്ത്രികതയും ഒന്നു സങ്കല്പിച്ചുനോക്കൂ. നിങ്ങളും ആ ആവേശത്തിൽ പെട്ടുപോവുകയും നിങ്ങളും ഉജ്ജ്വലമായ ആ നേട്ടത്തിന്‌ അഭിവാദനമർപ്പിക്കുകയാണെന്നും സങ്കല്പിക്കൂ. ആളുകൾ അടുങ്ങിയടുങ്ങിയിരിക്കുന്ന ഇരുളടഞ്ഞ ബാല്ക്കണിയിൽ നിന്ന് അംഗീകാരത്തിന്റെ വികാരപ്രകടനങ്ങൾ ആലിപ്പഴങ്ങൾ പോലെ പടപടാരവം മുഴക്കിക്കൊണ്ട് താഴേക്കു വീഴുന്നു; ആളുകളുടെ തലയ്ക്കു മുകളിലൂടെ സ്റ്റേജിലേക്ക് ചാറ്റമഴ പോലെ പൂക്കൾ ചൊരിഞ്ഞുവീഴുന്നു; കലാകാരി അവയിൽ ചിലതു പെറുക്കിയെടുക്കുകയും ഒരു സന്തുഷ്ടമന്ദഹാസത്തോടെ ചുണ്ടത്തു ചേർക്കുകയും ചെയ്യുന്നു. ആഹ്ലാദവതിയായി, ഒരു മേഘത്താലെന്നപോലെ ആ കരഘോഷത്താലുയർത്തപ്പെടുന്ന കലാകാരി ചുംബനങ്ങളും കൃതജ്ഞത ദ്യോതിപ്പിക്കുന്ന ചേഷ്ടകളും സദസ്സിനു നേർക്കെറ്റിവിടുന്നു, സൽസ്വഭാവിയായ ഒരരുമക്കുട്ടിയാണ്‌ അതെന്നപോലെ. മുതിർന്ന, എന്നാൽ പ്രായമാകാത്ത ആ കുട്ടിയാകട്ടെ, കുട്ടികൾക്കു മാത്രം കഴിയുന്നപോലെ ആ സുന്ദരചേഷ്ടയിൽ മതിമറന്ന് പിന്നെയും പിന്നെയും ആഹ്ലാദത്തിലമരുന്നു. ഒരു മർമ്മരമായി തുടങ്ങുന്നത് പെട്ടെന്നുതന്നെ ഒരുന്മത്താവേശമായിപ്പടരുന്നു; പിന്നെ ഒന്നു താഴ്ന്ന് വീണ്ടും കത്തിപ്പടരുന്നു. വജ്രസമാനമല്ലെങ്കിൽ സ്വർണ്ണസമാനമെങ്കിലുമായ ഹർഷോന്മാദം ഒരു ദിവ്യധൂമം പോലെ മുറിക്കുള്ളിൽ നിറയുന്നതു സങ്കല്പിക്കൂ. പുഷ്പചക്രങ്ങളും പൂച്ചെണ്ടുകളും പറന്നുവീഴുന്നു; സ്റ്റേജിന്റെ വിളുമ്പിലായി ഒരു പ്രഭു നില്ക്കുന്നുണ്ടെന്നും വരാം;  ചപലഭാവനകളാൽ നിറഞ്ഞ തന്റെ തല കലാകാരിയുടെ അനർഘമായ കുഞ്ഞുപാദത്തിൽ ചേർത്തുനില്ക്കുകയാണയാൾ. ആരാധ്യയും പ്രശംസാഭാജനവുമായ ആ ശിശുവിന്റെ വശ്യമായ കാലടിക്കടിയിൽ ആയിരം മാർക്കിന്റെ ഒരു നോട്ട് സാദരമർപ്പിക്കുകയാണ്‌ കുലീനനായ ആ ഉത്സാഹി എന്നുമിരിക്കട്ടെ. “നിങ്ങളുടെ പണമൊക്കെ നിങ്ങളുടെ കയ്യിലിരിക്കട്ടെ, ബുദ്ധികെട്ട മനുഷ്യാ!” ഈ അർത്ഥത്തിലുള്ള വാക്കുകൾ ഉച്ചരിച്ചുകൊണ്ട് അവൾ കുനിഞ്ഞ് ആ നോട്ടെടുക്കുകയും നിന്ദാഗർഭമായ ഒരു പുഞ്ചിരിയോടെ ദാതാവിനു നേർക്കെറിഞ്ഞുകൊടുക്കുകയും ചെയ്യുന്നു; നാണക്കേടു കൊണ്ടയാൾ തകർന്നുപോവുന്നുവെന്നു പറയാം. ഇതൊക്കെയും അതിനപ്പുറം ഓർക്കെസ്ട്രയുടെ നാദങ്ങളും വിശദമായി സങ്കല്പിക്കൂ, പ്രിയപ്പെട്ട വായനക്കാരാ; എത്ര പ്രൗഢോജ്ജ്വലമാണ്‌ കരഘോഷം എന്നു നിങ്ങൾക്കു സമ്മതിക്കാതെ തരമില്ല. കവിളുകളെരിയുന്നു, കണ്ണുകൾ തിളങ്ങുന്നു, ഹൃദയങ്ങൾ വിറകൊള്ളുന്നു, സ്വാതന്ത്ര്യത്തിന്റെ മധുരം നുണഞ്ഞുകൊണ്ട് ഒരു പരിമളം പോലെ ആത്മാവുകൾ ഒഴുകിനടക്കുന്നു; അണിയറജോലിക്കാർക്ക് ശുഷ്കാന്തിയോടെ തിരശീല പൊക്കുകയും താഴ്ത്തുകയും ചെയ്യേണ്ടിവരികയാണ്‌, പിന്നെയും പിന്നെയും. ഒരു സദസ്സിനെയാകെ കയ്യിലെടുക്കുന്നതിൽ വിജയം വരിച്ച ആ സ്ത്രീയ്ക്ക് മുന്നിലേക്കു വന്നുനില്ക്കേണ്ടിവരികയാണ്‌, പിന്നെയും പിന്നെയും. ഒടുവിൽ എല്ലാം നിശ്ശബ്ദമാകുന്നു, ആ കലാപ്രകടനം അവസാനിപ്പിക്കാമെന്നുമാകുന്നു.

(1912)


2024, ഏപ്രിൽ 26, വെള്ളിയാഴ്‌ച

റോബർട്ട് വാൾസർ - എന്റെ നാടിന്‌

 

ഞാനിരുന്നു മനോരാജ്യം കാണുന്ന കുഞ്ഞുമുറിക്കുള്ളിലേക്ക് ഒരു കുഞ്ഞുദ്വാരത്തിലൂടെ സൂര്യപ്രകാശം കടന്നുവരുന്നു. എന്റെ ജന്മദേശത്തെ മണികൾ മുഴങ്ങുന്നു. ഇന്ന് ഞായറാഴ്ചയാണ്‌, ഞായറാഴ്ചത്തെ പ്രഭാതമാണ്‌, പ്രഭാതത്തിലെ കാറ്റു വീശുന്നുണ്ട്, അ കാറ്റിൽ എന്റെ വേവലാതികളെല്ലാം പറന്നുപോകുന്നുമുണ്ട്, കാതരരായ കിളികളെപ്പോലെ. ഒരു ദുഃഖത്തിലും അടയിരിക്കാൻ എന്നെ അനുവദിക്കാത്തവണ്ണം എന്റെ നാടിന്റെ ശ്രുതിമധുരമായ സാമീപ്യം ഞാനറിയുന്നുണ്ട്. പോയ കാലത്ത് ഞാൻ തേങ്ങിക്കരഞ്ഞിരുന്നു. എന്റെ ജന്മദേശത്തു നിന്ന് അത്രയകലെയായിരുന്നു ഞാൻ; അത്രയധികം മലകൾ, തടാകങ്ങൾ, കാടുകൾ, പുഴകൾ, പാടങ്ങൾ എനിക്കും ഞാൻ സ്നേഹിക്കുന്ന, ഞാനാരാധിക്കുന്നവൾക്കുമിടയിലുണ്ടായിരുന്നു. ഈ പ്രഭാതത്തിൽ അവളെന്നെ പുണരുന്നു, അവളുടെയാ മദാലസാശ്ലേഷത്തിൽ ഞാനലിഞ്ഞുപോകുന്നു. ഒരു സ്ത്രീയ്ക്കുമില്ല, അത്രയും മാർദ്ദവവും അത്രയും പ്രതാപവുമുള്ള കൈകൾ; ഒരു സ്ത്രീയ്ക്കുമില്ല, അവളെത്ര സുന്ദരിയായിക്കോട്ടെ, അത്രയും നേർത്ത ചുണ്ടുകൾ; ഒരു സ്ത്രീയും, അവളെത്ര ഹൃദയാർദ്രയായാലും, എന്റെ ജന്മദേശം എന്നെ ചുംബിക്കുന്ന അനന്തതീക്ഷ്ണതയോടെ എന്നെ ചുംബിക്കില്ല. മണികൾ, മുഴക്കം, കാറ്റ്, കളിമ്പം, കാടുകൾ, ഗർജ്ജനം, നിറങ്ങൾ, തിളക്കം- എല്ലാമെല്ലാം എന്റെ ജന്മദേശത്തിന്റെ ഒരേയൊരു ചുംബനത്തിലടങ്ങിയിരിക്കുന്നു, എന്റെ ജന്മദേശത്തിന്റെ ഹൃദ്യവും മധുരവുമായ ചുംബനത്തിൽ; ഈ നിമിഷത്തിൽ എന്റെ ഭാഷയെ വശീകരിക്കുന്നതും അതാണ്‌.

2024, ഏപ്രിൽ 25, വ്യാഴാഴ്‌ച

റോബർട്ട് വാൾസർ



1913ൽ ഫ്രാൻസ് കാഫ്കയുടെ ആദ്യത്തെ പുസ്തകമായ Betrachtung (ആലോകനങ്ങൾ) പുറത്തുവന്നപ്പോൾ ചില വായനക്കാരെങ്കിലും കരുതിയത് റോബർട്ട് വാൾസർ എന്ന സ്വിസ് എഴുത്തുകാരൻ പേരു മാറ്റി പ്രസിദ്ധീകരിച്ചതാണത് എന്നായിരുന്നു. പ്രശസ്തനായ നോവലിസ്റ്റ് റോബർട്ട് മ്യൂസിൽ ആവട്ടെ, “ഒരു പ്രത്യേകതരം വാൾസർ” എന്നു പറഞ്ഞ് ആ കഥകളെ തള്ളിക്കളയുകയും ചെയ്യുന്നു. 1908ൽ മാക്സ് ബ്രോഡിനെഴുതിയ ഒരു കത്തിൽ വാൾസറുടെ ഒരു പുസ്തകത്തിന്റെ ‘കുത്തിക്കെട്ടിളകിയ ഒരു കോപ്പി’ തന്റെ കൈവശമുള്ള കാര്യം കാഫ്ക സൂചിപ്പിക്കുന്നുണ്ട്. അടുത്ത കൊല്ലം താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഡയറക്ടറായ എയ്സ്നെർക്കെഴുതിയ ഒരു കത്തിൽ കാഫ്ക പറയുന്നു: “വാൾസർക്ക് എന്നെ അറിയാമെന്നു താങ്കൾ പറയുന്നു. എനിക്ക് അദ്ദേഹത്തെ അറിയില്ല. ഞാൻ Jacob von Gunten വായിച്ചിട്ടുണ്ട്. നല്ല പുസ്തകമാണത്...” തീർച്ചയായും ആലോകനങ്ങളിലെ കഥകളിൽ വാൾസറുടെ സ്വാധീനം കാണാതിരിക്കാനും പറ്റില്ല. കാഫ്കയ്ക്കു പുറമേ ഹെർമ്മൻ ഹെസ്സേയും വാൾട്ടർ ബന്യാമിനും തോമസ് മന്നും പില്ക്കാലത്ത് ഇല്യാസ് കനേറ്റിയും സെബാൾഡും സൂസൻ സൊണ്ടാഗും അദ്ദേഹത്തിന്റെ വലിയ വായനക്കാരായിരുന്നു. എങ്കിൽ ആരാണ്‌ റോബർട്ട് വാൾസർ?

റോബർട്ട് വാൾസർ Robert Wlaser1878 ഏപ്രിൽ 15ന്‌ സ്വിറ്റ്സർലന്റിലെ ബീൽ (Biel) എന്ന പട്ടണത്തിൽ ജനിച്ചു.  ജർമ്മൻ, ഫ്രഞ്ച് പ്രവിശ്യകളുടെ അതിർത്തിയിലാണ്‌ ഈ സ്ഥലം എന്നതിനാൽ ഇരുഭാഷകളുടെയും സ്വാധീനത്തിലായിരുന്നു ബാല്യം. സാമ്പത്തികമായി ഒരിക്കലും മുന്നിലേക്കെത്താൻ കഴിയാഞ്ഞ വലിയൊരു കുടുംബത്തിലെ എട്ടു കുട്ടികളിൽ എഴാമത്തെയാൾ ആയിരുന്നു റോബർട്ട് . അച്ഛൻ അഡോൾഫ്  വാൾസർ ബിസിനസ്സിൽ പരാജയമായിരുന്നു; ആദ്യം ഒരു ഫാൻസി ഗുഡ്സ് സ്റ്റോർ തുടങ്ങിയെങ്കിലും അതു പൂട്ടിപ്പോയി; പിന്നീട് വൈൻ വില്പന നടത്തി അരിഷ്ടിച്ചു ജീവിക്കുകയായിരുന്നു. സഹോദരങ്ങളിൽ വാൾസറിനേറ്റവും അടുപ്പം തന്നെക്കാൾ ഒരു വയസ്സു മാത്രം മൂപ്പുള്ള കാളിനോടായിരുന്നു. മൂത്ത സഹോദരി ലിസയാണ്‌ വാൾസറുടെ ജീവിതത്തിൽ പ്രാധാന്യമുള്ള മറ്റൊരു വ്യക്തി. അമ്മയുടെ മാനസികാരോഗ്യം മോശമായി വന്നതോടെ കുടുംബഭാരം അവളുടെ മേലായി. പ്രൈമറിസ്കൂൾ കഴിഞ്ഞ് പതിന്നാലാം വയസ്സിൽ അദ്ദേഹത്തിന്‌ തുടർപഠനം അവസാനിപ്പിക്കേണ്ടിവന്നു; പഠനത്തിനയക്കാനുള്ള സാമ്പത്തികസ്ഥിതി കുടുംബത്തിനുണ്ടായിരുന്നില്ല.  1892 മുതൽ 1895 വരെ അദ്ദേഹം ബീലിലെ ഒരു ബാങ്കിൽ അസിസ്റ്റന്റ് ആയി ജോലി നോക്കിയിരുന്നു. മാനസികപ്രശ്നങ്ങൾ ഉണ്ടായിരുന്ന അമ്മ ദീർഘകാലത്തെ രോഗാവസ്ഥയ്ക്കു ശേഷം 1894ൽ മരിച്ചു. അമ്മ മരിക്കുമ്പോൾ വാൾസറിന്‌ പതിനാറു വയസ്സായിരുന്നു. ‘ടാനർ സഹോദരങ്ങൾ’ (The Tanner Siblings) എന്ന ആത്മകഥാപരമായ നോവലിൽ കഥാനായകന്‌ അമ്മയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള വിവരണത്തിൽ താൻ ബാല്യത്തിൽ അനുഭവിച്ച വൈകാരികാഘാതത്തിന്റെ നിഴൽ വീണുകിടപ്പുണ്ടെന്നു പറയാം: “സ്നേഹപൂർണ്ണമായ പെരുമാറ്റം ഞാനാഗ്രഹിച്ചിരുന്നു; എന്നാൽ അതൊരിക്കലും എനിക്കു കിട്ടിയിരുന്നില്ല.”  

വാൾസർ പിന്നീട് സ്റ്റുട്ട്ഗാർട്ടിൽ സഹോദരൻ കാൾ വാൾസറോടൊപ്പം ആയിരുന്നു. അവിടെ വച്ച് നാടകാഭിനയത്തിൽ ഒരു കൈ നോക്കിയെങ്കിലും വിജയിച്ചില്ല. പിന്നീടദ്ദേഹം കാൽനടയായി സ്വിറ്റ്സർലന്റിലേക്കു മടങ്ങി. ഒരെഴുത്തുകാരനാവുക എന്നതായിരുന്നു വാൾസറുടെ പിന്നീടുള്ള സ്വപ്നം. എന്നാൽ അരങ്ങിനോടുള്ള അഭിനിവേശം അദ്ദേഹത്തെ വിട്ടുപോയില്ല; നാം ഏറ്റവും വലിയ സത്യങ്ങൾ പറയുന്നത് പൊയ്മുഖങ്ങൾ ധരിക്കുമ്പോഴാണ്‌ എന്നത് അദ്ദേഹത്തിന്റെ ഒരു പ്രമാണവാക്യമായിരുന്നു.

അക്കാലത്തെക്കുറിച്ച് പിന്നീടദ്ദേഹം ഹെരിസാവുവിലെ മാൻസികാരോഗ്യകേന്ദ്രത്തിൽ തന്നെ സന്ദർശിക്കാൻ വന്ന ഡോ. കാൾ സീലിഗ്ഗിനോട് ഇങ്ങനെ പറയുന്നുണ്ട്: ”1865ൽ ബീലിൽ നിന്നു ഞാൻ പോയത് ബേസലിലേക്കാണ്‌; ഒരു ഷിപ്പിങ്ങ് കമ്പനിയിൽ ക്ലെർക്കായി ജോലി നോക്കാനായിരുന്നു അത്. അക്കാലത്ത് സ്റ്റുട്ട്ഗാർട്ടിൽ ഒരു പെയിന്റർക്കൊപ്പം ജോലി ചെയ്തിരുന്ന എന്റെ സഹോദരൻ കാൾ അങ്ങോട്ടു ചെല്ലാൻ എന്നെ ക്ഷണിച്ചു. അങ്ങനെ ഞാൻ ഒരു പ്രസാധകസ്ഥാപനത്തിലെ പരസ്യവിഭാഗത്തിൽ ജോലിക്കു ചേർന്നു. 1896 ശരല്ക്കാലം വരെ ഞാൻ അതിൽ തുടർന്നു. പിന്നെ ഞാൻ അലഞ്ഞലഞ്ഞ് സൂറിച്ചിലെത്തി; അവിടെ ആദ്യം ഒരു ഇൻഷുറൻസ് കമ്പനിയിലും പിന്നെ ഒരു ക്രെഡിറ്റ് ഇൻസ്റ്റിറ്റ്യൂട്ടിലും  ജോലി കണ്ടെത്തി. രണ്ടിനുമിടയിൽ ഞാൻ പലപ്പോഴും തൊഴിലില്ലാതെയുമിരുന്നു; എന്നുപറഞ്ഞാൽ, കയ്യിൽ കുറച്ചു പണമായെന്നു കണ്ടാൽ  ഉടനേ ഞാൻ രാജിക്കത്തു കൊടുക്കും: എനിക്കു ശല്യമൊന്നുമില്ലാതെ എഴുതാമല്ലോ. എന്തെങ്കിലും അതിന്റെ വഴിക്കു ചെയ്യാൻ ആഗ്രഹിക്കുന്ന ഏതൊരാളും അതിൽ തന്നെത്തന്നെ പൂർണ്ണമായി സമർപ്പിക്കണം; എന്റെ അനുഭവം അതാണ്‌. എഴുത്തിനും നിങ്ങളുടെ ശക്തിയെല്ലാം വേണം. അതെ, ഒരു തുള്ളി വയ്ക്കാതെ അതു നിങ്ങളുടെ ചോരയൂറ്റിക്കുടിക്കുന്നു. ഒരനുബന്ധവൃത്തിയായിട്ടാണ്‌ നിങ്ങൾ എഴുത്തിനെ കാണുന്നതെങ്കിൽ സ്ഥായിയായതൊന്നും അതിൽ നിന്നുണ്ടാകാൻ പോകുന്നില്ല...എഴുത്തുകാരനെന്ന നിലയിൽ ഞാൻ വിജയിക്കാതെപോയത് എന്തുകൊണ്ടാണെന്നറിയാമോ? എനിക്കതു പറയാൻ ആഗ്രഹമുണ്ട്:  എനിക്കു സമൂഹബോധം തീരെ കുറവായിരുന്നു. സമൂഹത്തിനു വേണ്ടി ഞാൻ കാര്യമായിട്ടൊന്നും ചെയ്തില്ല. തന്നിഷ്ടം ചെയ്യാൻ ഞാൻ എന്നെത്തന്നെ വിട്ടുകൊടുക്കുകയായിരുന്നു. അതെ, അതാണു സത്യം; ഒരു നാടോടിയാകാൻ എനിക്കു സഹജമായുള്ള പ്രകൃതത്തെ ചെറുക്കാൻ ഞാനൊന്നും ചെയ്തില്ല. ഈ ആത്മനിഷ്ഠത 'ടാനർ കുടുംബ‘ത്തിന്റെ വായനക്കാരെ മടുപ്പിച്ചു. അവരുടെ അഭിപ്രായത്തിൽ എഴുത്തുകാരൻ ആത്മനിഷ്ഠതയിൽ നഷ്ടപ്പെട്ടുപോകാൻ പാടില്ല. സ്വന്തം അഹംബോധത്തെ അത്രയും ഗൗരവത്തോടെ എടുക്കുന്നത് അവർ ധാർഷ്ട്യമായിട്ടാണു കാണുന്നത്. തന്റെ സ്വകാര്യവിഷയങ്ങളിൽ ലോകത്തിനു താല്പര്യമുണ്ടെന്നു സ്വപ്നം കാണുന്ന എഴുത്തുകാരന്‌ എത്ര പിശകി!

”സാഹിത്യത്തിലേക്കുള്ള എന്റെ ചുവടുവയ്പുതന്നെ അവരിലുളവാക്കിയ ധാരണ നല്ലവരായ ബൂർഷ്വാപൗരന്മാരോട് എനിക്കു മടുപ്പാണെന്നാണ്‌, അവർ അത്ര പോരാ എന്നാണെന്റെ അഭിപ്രായം എന്നാണ്‌. അതവർ മറന്നില്ല. അങ്ങനെ ഞാൻ അവർക്കെന്നും ഒരു വട്ടപ്പൂജ്യമായി ശേഷിച്ചു, ഗുണം പിടിക്കാത്ത ഒരാൾ. ഞാൻ എന്റെ പുസ്തകങ്ങളിൽ ഒരല്പം സ്നേഹവും ദുഃഖവും കലർത്തണമായിരുന്നു, അല്പം ഗാംഭീര്യവും ഉന്നതമായ കാല്പനികതയും- ഹെർമ്മൻ ഹെസ്സെ ചെയ്തതുപോലെ. ..എന്റെ പതനം എന്തായിരുന്നുവെന്നറിയാമോ? ശ്രദ്ധിച്ചുകേൾക്കണം! എന്നെ വിമർശിക്കാനും എന്നെ നേരേ നടത്താനും അവകാശമുണ്ടെന്നു കരുതുന്ന ഈ തങ്കപ്പെട്ട ആളുകളെല്ലാം ഹെർമ്മൻ ഹെസ്സെയുടെ അന്തം വിട്ട ആരാധകരായിരുന്നു. അവർക്കെന്നിൽ വിശ്വാസമില്ല. അവർക്കെല്ലാം ഇതോ അതോ ആണ്‌: 'ഒന്നുകിൽ നിങ്ങൾ ഹെസ്സെയെപ്പോലെ എഴുതുക, അല്ലെങ്കിൽ നിങ്ങൾ പരാജയമായിരിക്കും.' വിലയിരുത്തലിൽ തീവ്രവാദികളായിരുന്നു അവർ. അങ്ങനെയാണ്‌ ഒടുവിൽ ഞാൻ ഈ ഭ്രാന്താശുപത്രിയിൽ വന്നടിഞ്ഞതും...എന്റെ തലയ്ക്കു മേൽ പ്രകാശവലയം ഇല്ലായിരുന്നു; സാഹിത്യത്തിൽ വിജയിക്കാൻ അതല്ലാതെ വഴിയുമില്ല. സാഹസികത, രക്തസാക്ഷിത്വം അങ്ങനെ എന്തിന്റെയെങ്കിലും പരിവേഷമുണ്ടോ, വിജയത്തിലേക്കുള്ള ഗോവണി നിങ്ങൾക്കു മുന്നിൽ ഉയരുകയായി...”

വാൾസറുടെ സാഹിത്യജീവിതം നാലു നഗരങ്ങളുടെ കഥയാണെന്നു പറയാം: സൂറിച്ച് (1896-1905), ബെർലിൻ (1905-13), ബീൽ (1913-21), ബേൺ (1921-29). അദ്ദേഹം തന്നെ വിശേഷിപ്പിച്ചിട്ടുള്ളപോലെ “ബൂർഷ്വാജീവിതത്തിന്റെ അരികുകളിൽ” ഒരു നാടോടിജീവിതമായിരുന്നു വാൾസറുടേത്. സ്ഥിരമായ ഒരു മേൽവിലാസമില്ലാതെ, ഒരു ചെറിയ ജോലിയിൽ നിന്ന് മറ്റൊന്നിലേക്ക് അദ്ദേഹം മാറിക്കൊണ്ടിരുന്നു. നഗരജീവിതം മടുത്തുവെന്നാകുമ്പോൾ സ്വിസ് നാട്ടുമ്പുറങ്ങളിലൂടെ നീണ്ട കാൽനടയാത്രകളിലേക്ക് അദ്ദേഹമിറങ്ങും. ഈ അലഞ്ഞ യാത്രകൾ അദ്ദേഹം അയത്നലളിതമായ ഭാഷയിൽ രേഖപ്പെടുത്തിവയ്ക്കുകയും ചെയ്യുന്നുണ്ട്. 

 1898ൽ പ്രശസ്തനിരൂപകനായ ജോസഫ് വിക്ടർ വിഡ്മൻ വാൾസറുടെ ചില കവിതകൾ ഡെർ ബുണ്ട് എന്ന പത്രത്തിൽ പ്രസിദ്ധീകരിച്ചു. 1905 വരെ അദ്ദേഹത്തിന്റെ ജീവിതം പ്രധാനമായും സൂറിച്ചിലായിരുന്നു. ഇക്കാലത്ത് ഒരു എഞ്ചിനീയറുടെ അസിസ്റ്റന്റ് ആയും ജോലി നോക്കിയിരുന്നു. 1904ൽ ആദ്യത്തെ പുസ്തകമായ Fritz Kochers Aufsatze  (ഫ്രിറ്റ്സ് കോച്ചറുടെ ഉപന്യാസങ്ങൾ} പ്രസിദ്ധീകരിച്ചു. 1905ൽ അദ്ദേഹം ബർലിനിൽ തിയേറ്റർ ഡിസൈനർ ആയിരുന്ന സഹോദരൻ കാൾ വാൾസറോടൊപ്പം താമസമാക്കി. കാളിലൂടെ അദ്ദേഹം വോൺ ഹോഫ്മൻസ്താൾ, പ്രസാധകനായ ഫിഷെർ തുടങ്ങിയവരുമായി പരിചയപ്പെടുന്നുണ്ട്. ബർലിനിലെ വരേണ്യസാഹിത്യസംസ്കാരം പക്ഷേ, വാൾസർക്കു ചേരുന്നതായിരുന്നില്ല. അദ്ദേഹം അതൊക്കെ വിട്ട് പരിചാരകന്മാരെ പരിശീലിപ്പിക്കുന്ന ഒരു സ്കൂളിൽ ചേരുകയും പിന്നീട് സൈലേഷ്യയിലെ ഒരു പ്രഭുകുടുംബത്തിൽ സേവകനാവുകയും ചെയ്തു. ബർലിനിൽ വച്ച് വാൾസർ തുടരെത്തുടരെ മൂന്നു നോവലുകൾ എഴുതുന്നുണ്ട്: The Tanner Siblings (1907), The Assistant (1908), പിന്നെ അദ്ദേഹത്തിന്റെ മാസ്റ്റർപീസായ  Jakob von Gunten (1909).  ക്രിസ്റ്റ്യൻ മോർഗെൻസ്റ്റേൺ എഡിറ്റർ ആയിരുന്ന ബ്രൂണോ കാസിറെർ എന്ന പ്രസിദ്ധീകരണസ്ഥാപനം അവ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇക്കാലത്ത് ധാരാളം ചെറുകഥകളും എഴുതിയിരുന്നു. റോബർട്ട് മ്യൂസിൽ, ഫ്രാൻസ് കാഫ്ക, ഹെർമ്മൻ ഹെസ്സെ തുടങ്ങിയവർ അദ്ദേഹത്തിന്റെ വായനക്കാർ ആകുന്നുണ്ട്. അനുകൂലമായ ചില നിരൂപണങ്ങൾ ലഭിച്ചുവെങ്കിലും വായനക്കാരുടെ പ്രതികരണം പൊതുവേ നിരാശാജനകമായിരുന്നു. മനസ്സു മടുത്ത വാൾസർ 1913ൽ ജന്മദേശമായ ബീലിലേക്കു മടങ്ങി. ഇവിടെ വച്ച് അദ്ദേഹം തന്റെ ആദ്യകാലഗദ്യരചനകളിലെ നിയോറൊമാന്റിക് മോട്ടീഫുകളിലേക്കു തിരിച്ചുപോകുന്നുണ്ട്.  “അതെ, ഞാൻ തുറന്നുപറയാം: ബെർലിനിലെ ഹീനമായ പബ്ബുകളിലും കാബറേകളിലും കറങ്ങിനടക്കാൻ എനിക്കിഷ്ടമായിരുന്നു. ഞാനവിടെ ലോകത്തെ ധിക്കരിച്ചു ജീവിച്ചു. എന്റെ ദാരിദ്ര്യത്തിൽ ഞാൻ സന്തോഷവാനായിരുന്നു, ഒരു വേവലാതിയുമില്ലാതെ ഒരു നർത്തകനെപ്പോലെ ഞാൻ ജീവിച്ചു.  അക്കാലങ്ങളിൽ ഞാൻ തോന്നിയപോലെ കുടിക്കുകയും ചെയ്തിരുന്നു. ഒടുവിൽ ബീലിൽ എന്റെ അരുമപ്പെങ്ങൾ ലിസയുടെയടുത്തു മടങ്ങിപ്പോകാൻ എനിക്കു പറ്റിയത് വെറും ഭാഗ്യം കൊണ്ടാണ്‌...” ബർലിനിൽ വച്ച് പ്രസിദ്ധീകരിക്കാത്ത മൂന്നു നോവലുകൾ വാൾസർ കത്തിച്ചുകളഞ്ഞതായി കേട്ടിരുന്നു. അതു ശരിയാണോയെന്ന് സീലിഗ് ചോദിക്കുമ്പോൾ വാൾസർ ഇങ്ങനെ പറഞ്ഞു: ”അതു ശരിയാവാൻ വഴിയുണ്ട്. അക്കാലത്ത് ഞാൻ ഏതുവിധേനയും നോവലെഴുതുമെന്നും പറഞ്ഞുനടക്കുകയായിരുന്നു. എന്നാൽ എന്റെ കഴിവുകൾക്കുമപ്പുറത്തുള്ള ഒരു രൂപത്തിലാണ്‌ ഞാൻ മനസ്സുറപ്പിച്ചിരിക്കുന്നതെന്ന് പിന്നീടെനിക്കു മനസ്സിലായി. അങ്ങനെ ചെറുകഥകളുടേയും സ്കെച്ചുകളുടേയും ഇടുങ്ങിയ ലോകത്തേക്കു ഞാൻ പിൻവാങ്ങി. ...ഇതിനിടയ്ക്കു പറയട്ടെ: ഏതു സാഹിത്യരൂപത്തിലേക്കാണ്‌ താൻ തിരിയേണ്ടതെന്നത് എഴുത്തുകാരന്റെ മാത്രം തീരുമാനമാണ്‌. അയാൾ അത്തരം നോവലുകൾ എഴുതുന്നത് തനിക്കൊന്നു ശ്വാസം വിടാൻ വേണ്ടിയാണെന്നുവരാം. ശിഷ്ടലോകം അതിനെ കൈക്കൊള്ളുകയോ തള്ളിക്കളയുകയോ ചെയ്യുന്നതൊക്കെ അയാളെ ബാധിക്കുന്നതേയില്ല. നേടുന്നുവെങ്കിൽ നഷ്ടപ്പെടുത്താനും അയാൾ തയ്യാറാണ്‌...“

1914ൽ അച്ഛൻ മരിച്ചു. ഇക്കാലത്തെഴുതിയ അസംഖ്യം ചെറുകഥകൾ പുസ്തകങ്ങളായി പ്രസിദ്ധീകരിക്കുന്നുണ്ട്. വലിയ നടപ്പുകാരനായ വാൾസർ കാൽനടയായി ദീർഘയാത്രകൾ ചെയ്തുതുടങ്ങുന്നതും ആയിടയ്ക്കാണ്‌. ഈ കാലഘട്ടത്തിലെ കഥകൾ അപരിചിതമായ സ്ഥലങ്ങളിലൂടെ നടന്നുപോകുന്ന ഒരു സഞ്ചാരിയുടെ  അനുഭവങ്ങളാണ്‌. ഒന്നാം ലോകമഹായുദ്ധകാലത്ത് അദ്ദേഹത്തിന്‌ സൈന്യത്തിൽ ചേരേണ്ടിവന്നു. മനോരോഗിയായിരുന്ന സഹോദരൻ ഏൺസ്റ്റ് 1916ൽ മരണമടഞ്ഞു. മറ്റൊരു സഹോദരനായ ഹെർമ്മൻ 1919ൽ ആത്മഹത്യ ചെയ്തു.  ബീൽ കാലഘട്ടത്തിന്റെ ഏറ്റവും പ്രാതിനിധ്യസ്വഭാവമുള്ള “നടത്ത” (1917) എന്ന കഥയിൽ വാൾസറുടെ പ്രതിപുരുഷൻ, നിത്യോല്ലാസിയായ ഒരു നാടോടിക്കലാകാരൻ, വിഷാദത്തിന്റെ മൂർത്തരൂപമായ ടൊംസാക്ക് എന്ന രാക്ഷസനു പിടി കൊടുക്കാതെ യക്ഷിക്കഥകളിലേതുപോലത്തെ ഒരു കാട്ടിൽ അഭയം തേടുകയാണ്‌. 1907ൽ അദ്ദേഹം എഡിറ്ററായ ക്രിസ്റ്റ്യൻ മോർഗൻസ്റ്റേണിനെഴുതുന്നുണ്ട്, മാസികകളിലെ സ്ഥിരം എഴുത്തുകാരനാവുന്നതിനെക്കാൾ പട്ടാളത്തിൽ ചേരാനാണ്‌ താൻ ഇഷ്ടപ്പെടുക എന്ന്. ഇക്കാലമായപ്പോഴേക്കും പക്ഷേ, അദ്ദേഹം അങ്ങനെയൊരാളായിക്കഴിഞ്ഞിരുന്നു; ജർമ്മൻ ഭാഷ സംസാരിക്കുന്ന നാടുകളിലെ പത്രങ്ങളിൽ അദ്ദേഹത്തിന്റെ ഹ്രസ്വഗദ്യരചനകൾ പതിവായി പ്രത്യക്ഷപ്പെട്ടുതുടങ്ങി. രസകരവും ഗൗരവമുള്ള കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതുമാവരുത് എന്ന അലിഖിതനിയമം പാലിച്ചിരുന്ന കാലത്തോളം എഡിറ്റർമാർക്ക് അദ്ദേഹത്തിന്റെ കഥകളും ലേഖനങ്ങളും പ്രസിദ്ധീകരിക്കാൻ സന്തോഷമായോയിരുന്നു. പക്ഷേ വാൾസർക്ക് ക്രമേണ ആ നിയന്ത്രണങ്ങളോടും “ഇടയബാലശൈലി”യോടും മടുപ്പു തോന്നിത്തുടങ്ങി.  തന്റെ എഴുത്തിന്‌ ഒരു അന്താരാഷ്ട്രവീക്ഷണം നല്കാനുള്ള ബോധപൂർവ്വമായ ശ്രമത്തിന്റെ ഭാഗമായി 1921ൽ അദ്ദേഹം ബേണിലേക്കു പോയി. സഹോദരി ലിസ അദ്ധ്യാപികയായി ജോലി നോക്കിയിരുന്ന ഒരു മാനസികാരോഗ്യകേന്ദ്രത്തിൽ അവരോടൊപ്പം താമസമായി. ലിസയുടെ കൂട്ടുകാരിയ ഫ്രീഡ മെർമെറ്റുമായി പരിചയമാകുന്നത്  ഇവിടെ വച്ചാണ്‌. അക്കാലത്തവർ കുഴിമടിയനായ ഭർത്താവുമായി പിരിഞ്ഞ് ഒരു അലക്കുകട നടത്തിജീവിക്കുകയാണ്‌ . അവരുടെ സൗഹൃദം പ്രണയത്തിലേക്കു കടന്നിരുന്നില്ല; ആ ബന്ധം, അതെന്തുമാകട്ടെ, വാൾസറുടെ അന്ത്യം വരെ നീണ്ടുനില്ക്കുകയും ചെയ്തു. 

ബേണിലേക്കു താമസം മാറ്റിയതിനെക്കുറിച്ച് വാൾസർ ഇങ്ങനെ പറയുന്നു: “അക്കാലത്ത് എന്റെ സാമ്പത്തികസ്ഥിതി വളരെ മോശമായിരുന്നു. ബീലിനും അതിന്റെ ചുറ്റുവട്ടത്തിലും നിന്ന് ഞാൻ ഊറ്റിയെടുത്തിരുന്ന ബിംബങ്ങളും വിശദാംശങ്ങളും വരണ്ടുവരികയുമായിരുന്നു. ആ ഘട്ടത്തിലാണ്‌ ബേണിലെ ആർക്കൈവ്സിൽ എനിക്കു പറ്റിയ ഒരൊഴിവുണ്ടെന്ന് എന്റെ ഇളയ സഹോദരി ഫാന്നി കത്തയക്കുന്നത്. ഭാഗ്യക്കേടിന്‌ ഞാനെന്തോ മര്യാദകേടു പറഞ്ഞതിന്‌ ഡയറക്ടർ എന്നെ പിരിച്ചുവിട്ടു. ഞാൻ വീണ്ടും എഴുത്തുജോലിയിലേക്കു തിരിഞ്ഞു. പ്രബലവും സജീവവുമായ ആ നഗരത്തിന്റെ സ്വാധീനത്തിൽ എന്റെ എഴുത്തുരീതി ഒരിടയബാലന്റേതല്ലാതായിത്തുടങ്ങി, അത് കൂടുതൽ അന്താരാഷ്ട്രസ്വഭാവമുള്ളതായും മാറി. അങ്ങനെ വിദേശപത്രങ്ങളിൽ നിന്ന് അന്വേഷണങ്ങളും കോൺട്രാക്റ്റുകളും വരാൻ തുടങ്ങി. പുതിയ ബിംബങ്ങളും ആശയങ്ങളും കണ്ടെത്തണമെന്നായി. പക്ഷേ ചിന്ത അധികമായപ്പോൾ അതെന്റെ ആരോഗത്തെയും ബാധിച്ചു. ബേണിലെ അവസാനവർഷങ്ങളിൽ വന്യസ്വപ്നങ്ങൾ എന്നെ വേട്ടയാടിക്കൊണ്ടിരുന്നു- ഇടിമിന്നലുകൾ, ഒച്ചവയ്പുകൾ, തൊണ്ടയ്ക്കാരോ പിടിക്കുന്നുവെന്ന തോന്നൽ, എവിടെ നിന്നെന്നറിയാത്ത ശബ്ദങ്ങൾ. പലപ്പോഴും അലറിക്കരഞ്ഞുകൊണ്ട് ഞാൻ ഉറക്കത്തിൽ നിന്നുണരും. ഒരു പാതിരാത്രിയ്ക്ക് ഞാൻ ബേണിൽ നിന്ന് തൂണിലേക്ക് (Thun) ഇറങ്ങിനടന്നു; കാലത്ത് ആറുമണിയ്ക്ക് ഞാൻ അവിടെയെത്തി. നട്ടുച്ച ആയപ്പോഴേക്കും ഞാൻ നീസെന്റെ മുകളിൽ എത്തിയിരുന്നു; ഒരു കഷണം റൊട്ടിയും കുറച്ചു മത്തിയും കഴിച്ചിട്ട് ഞാൻ തിരിച്ചുനടന്നു. വൈകുന്നേരത്തോടെ ഞാൻ തൂണിലെത്തി, പാതിരാത്രിയ്ക്ക് ബേണിലും; യാത്ര മുഴുവൻ കാൽനടയ്ക്കായിരുന്നുവെന്ന് പറയേണ്ടല്ലോ. മറ്റൊരിക്കൽ ഞാൻ ബേണിൽ നിന്നു ജനീവയിലേക്കും തിരിച്ചും നടന്നിട്ടുണ്ട്.“

"ബേണിൽ ഞാൻ ഭൂതാവിഷ്ടനായ ഒരാളെപ്പോലെയായിരുന്നു. വേട്ടക്കാരൻ ഇരയുടെ പിന്നാലെ പായുന്നപോലെ ഞാൻ കാവ്യബിംബങ്ങളുടെ പിന്നാലെ പോയി. നഗരത്തിലൂടെയുള്ള ഉലാത്തലും നഗരത്തിനു പുറത്തുള്ള ദീർഘയാത്രകളും നന്നേ ഫലപ്രദമായിരുന്നു; വീട്ടിലെത്തി ഞാനതെല്ലാം കടലാസ്സിലാക്കുകയും ചെയ്യും. ഏതു നല്ല രചനയ്ക്കും, അതിനി എത്ര നിസ്സാരമായിക്കോട്ടെ, പ്രചോദനം വേണം. എന്റെ കാര്യത്തിൽ എഴുത്ത് എന്ന പരിപാടി സ്വാതന്ത്ര്യത്തിലേ പുഷ്പിക്കുകയുള്ളു എന്ന് എനിക്കു വ്യക്തമായിരുന്നു. രാവിലെയും രാത്രിയുമായിരുന്നു എഴുതാൻ ഏറ്റവും പറ്റിയ നേരങ്ങൾ..."  വാൾസർ പിന്നീടു പറയുന്നുണ്ട്.

ബേണിൽ താമസിക്കുന്ന കാലത്താണ്‌ അദ്ദേഹം ‘മൈക്രോഗ്രാം’ എന്ന അതിസൂക്ഷ്മരചനകൾ എഴുതുന്നത്. ഇക്കാലത്ത് കഠിനമായ കൈവേദന അനുഭവിക്കുന്നുണ്ട് വാൾസർ. 1927ൽ മാക്സ് റിച്ച്നർക്കെഴുതിയ ഒരു കത്തിൽ പെൻസിൽ കൊണ്ട് ഒരുതരം സൂക്ഷ്മലിപിയിൽ എഴുതുന്നതിനെക്കുറിച്ച് വാൾസർ വിശദീകരിക്കുന്നുണ്ട്. ഈ ‘പെൻസിലെഴുത്തി’ലൂടെ രചനാപ്രക്രിയയിൽ താൻ തന്നെ ഉയർത്തിയ പ്രതിരോധങ്ങൾ മറികടക്കുകയായിരുന്നു അദ്ദേഹം. പില്ക്കാലത്തദ്ദേഹം പൂർണ്ണമായും ഈ സൂക്ഷ്മലിപിയിലേക്കു മാറുന്നുണ്ട്. കഥകളും കവിതകളും മാത്രമല്ല, ഒരു നോവൽ തന്നെ ചെത്തിക്കൂർപ്പിച്ച ഒരു പെൻസിൽ മുന കൊണ്ട് അദ്ദേഹം എഴുതുന 

1920കളുടെ അവസാനമായപ്പോഴേക്കും ശരിക്കും ഒരേകാന്തവാസിയുടെ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്.  1924നോടടുപ്പിച്ച് തനിക്കെഴുതാൻ പറ്റുന്നില്ല എന്ന് റോബർട്ട് വാൾസർക്കു തോന്നി; അതിനു കാരണമായി അദ്ദേഹം പറഞ്ഞത് കയ്യിലെ ഒരു കൊളുത്തിപ്പിടുത്തമാണ്‌. 1928 ആയപ്പോഴേക്കും മാനസികപ്രയാസങ്ങൾ കൂടിക്കൂടിവന്നു. തലയ്ക്കുള്ളിൽ നിന്ന് പേടിപ്പെടുത്തുന്ന ശബ്ദങ്ങൾ കേൾക്കുന്നതായിത്തോന്നി. അഞ്ചുകൊല്ലത്തിനുള്ളിൽ പതിമൂന്നു വീടുകളിൽ മാറിമാറി താമസിക്കുന്നുണ്ട് അദ്ദേഹം. ഉത്കണ്ഠയും വിഷാദവും കൂടിവന്നതിനോടൊപ്പം മദ്യപാനവും കൂടിവന്നു. 1929ൽ കാര്യങ്ങൾ കൂടുതൽ വഷളായി. വാടകവീടിന്റെ ഉടമസ്ഥകളായ രണ്ടു സ്ത്രീകളോട് അദ്ദേഹം മാറിമാറി വിവാഹാഭ്യർത്ഥന നടത്തി. അവർ അതു നിരസിച്ചതോടെ വാൾസർ ഒരു കത്തിയെടുത്തു നീട്ടിയിട്ട് തന്നെ കൊല്ലാൻ അവരോടാവശ്യപ്പെട്ടു. ഒടുവിൽ ലിസയെ വിളിച്ചുവരുത്തി.  വൽദാവുവിലെ മാനസികാരോഗ്യകേന്ദ്രത്തിൽ താമസിക്കുന്നതു നന്നായിരിക്കുമെന്ന് സഹോദരി ലിസ ഉപദേശിച്ചു. “അക്കാലത്ത്,” അദ്ദേഹം പിന്നീട് സ്നേഹിതനായ കാൾ സീലിഗ്ഗിനോടു പറയുന്നുണ്ട്, “ജീവനെടുക്കാൻ ചില പരാജിതശ്രമങ്ങളും ഞാൻ നടത്തിയിരുന്നു. നല്ലൊരു കുരുക്കിടാൻ പോലും എനിക്കു കഴിഞ്ഞില്ല. ഒടുവിൽ ലിസ എന്നെ വൽദാവുവിലെ ആശുപത്രിയിലേക്കു കൊണ്ടുപോയി. ഗെയ്റ്റിനു മുന്നിൽ വച്ച് ഞാൻ ചോദിച്ചു: ”നമ്മൾ ചെയ്യുന്നത് ശരിയായ കാര്യം തന്നെയാണോ?‘ അതാണു ശരിയെന്ന് അവളുടെ മൗനം പറഞ്ഞു. കയറിപ്പോവുകയല്ലാതെ ഞാൻ പിന്നെ എന്തു ചെയ്യാൻ?“ 1933ൽ കാര്യമായ രോഗമുള്ളവരെ മാത്രം  ശ്രദ്ധിക്കാൻ വൽദാവുവിലെ ആശുപത്രിക്കാർ തീരുമാനമെടുത്തപ്പോൾ വാൾസറെ ഹെരിസാവുവിലെ ഒരു സ്ഥാപനത്തിലേക്കു മാറ്റി. ഈ ഘട്ടത്തിൽ അദ്ദേഹത്തിന്റെ എഴുത്ത് പൂർണ്ണമായും നിന്നിരുന്നു. കാരണം ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ പ്രതികരണം ഇതായിരുന്നുവത്രെ: ”ഞാൻ ഇവിടെ വന്നത് എഴുതാനല്ല, ഭ്രാന്തനാകാനാണ്‌.“ പുറമേ ശാന്തമായിരുന്നു വാൾസറുടെ ആശുപത്രിവാസം. ചെറിയ ജോലികൾ അദ്ദേഹം ചെയ്തിരുന്നു: കമ്പിളിരോമം ചീകിമിനുക്കുക, കടലാസ്സുകൾ തരം തിരിക്കുക, പേപ്പർ സഞ്ചി ഒട്ടിച്ചെടുക്കുക എന്നിങ്ങനെ. വായന കാര്യമായിത്തന്നെ നടന്നിരുന്നു, ഇടയ്ക്കിടെ എഴുത്തും. ആ രചനകളൊന്നും കണ്ടുകിട്ടിയിട്ടില്ല.  

1936ൽ ഡോ. കാൾ സീലിഗ് എന്ന ആരാധകൻ അദ്ദേഹത്തെ സന്ദർശിക്കാൻ ചെന്നുതുടങ്ങി. തങ്ങൾ ഒരുമിച്ചുള്ള യാത്രകളെക്കുറിച്ച് അദ്ദേഹമെഴുതിയ Wanderungen mit Rober Walser (റോബർട്ട് വാൾസറുമൊത്തുള്ള യാത്രകൾ) എന്ന പുസ്തകം ആ ബന്ധത്തിന്റെ വിവരണമാണ്‌. വാൾസറുടെ കൃതികൾ പുനഃപ്രസിദ്ധീകരിക്കാനും അദ്ദേഹം ശ്രമിക്കുന്നുണ്ട്. സഹോദരൻ കാൾ 1943ലും സഹോദരി ലിസ 1944ലും മരിച്ചതോടെ സീലിഗ് അദ്ദേഹത്തിന്റെ ലീഗൽ ഗാർഡിയൻ ആയി. രോഗലക്ഷണങ്ങൾ പുറമേ ഒന്നും കാണാനുണ്ടായിരുന്നില്ലെങ്കിലും വാൾസർ അശുപത്രിവാസം അവസാനിപ്പിക്കാൻ തയ്യാറായില്ല.  “രോഗിയായി കിടക്കാൻ എനിക്കു വളരെ ഇഷ്ടമായിരുന്നു. മുറിച്ചിട്ട മരം പോലെ നിങ്ങൾ കിടക്കുകയാണ്‌. കളിച്ചുതളർന്ന കുഞ്ഞിനെപ്പോലെ തൃഷ്ണകൾ ഉറങ്ങുന്നു. ഒരു മഠത്തിലാണ്‌ താനെന്ന്, അല്ലെങ്കിൽ മരിക്കാൻ കിടക്കുകയാണു താനെന്ന് നിങ്ങൾക്കു തോന്നുന്നു. എന്നെ കീറിമുറിക്കാൻ ഞാനെന്തിനു കിടന്നുകൊടുക്കണം? എന്റെ ഇപ്പോഴത്തെ സ്ഥിതിയിൽ എനിക്കൊരു പരാതിയുമില്ല. എന്റെ കൂട്ടുരോഗികൾക്ക് കഴിക്കാൻ കിട്ടുകയും എനിക്കൊന്നും കിട്ടാതിരിക്കുകയും ചെയ്യുമ്പോഴേ എനിക്കൊരു ദേഷ്യം തോന്നുന്നുള്ളു. അതുപോലും ക്രമേണ കെട്ടുപോകുന്നു. ഹോൾഡെർലിൻ തന്റെ ജീവിതത്തിന്റെ അവസാനത്തെ മുപ്പതു കൊല്ലം അത്ര അസന്തുഷ്ടനായിരുന്നില്ല എന്ന് എനിക്കു നല്ല ബോദ്ധ്യമുണ്ട്, അങ്ങനെയല്ല എന്നാക്കാൻ പ്രൊഫസർമാർ ശ്രമിച്ചാലും. ഒരൊതുങ്ങിയ മൂലയ്ക്ക്, നിരന്തരമായി ഒരാവശ്യവും ഉന്നയിക്കാതെ ദിവാസ്വപ്നവും കണ്ടു നാളുകൾ നീക്കുക എന്നത് ഒരു രക്തസാക്ഷിത്വവുമല്ല. ആളുകൾ അങ്ങനെയാക്കുകയാണ്‌.”

 ഒറ്റയ്ക്കുള്ള നടത്തം അദ്ദേഹത്തിനു വളരെ ഇഷ്ടമായിരുന്നു. 1956ലെ ക്രിസ്തുമസ്സിന്റെയന്ന് ഉച്ചഭക്ഷണം കഴിഞ്ഞ് പാടങ്ങളിലൂടെയും കാടുകളിലൂടെയുമുള്ള തന്റെ പതിവുനടത്തയ്ക്കിറങ്ങിയതായിരുന്നു വാൾസർ. എന്നത്തെയും പോലെ സൂട്ടും ഹാറ്റുമായിരുന്നു വേഷം. പാതിവഴിയ്ക്കുവച്ച് അദ്ദേഹത്തിനു ഹൃദയാഘാതമുണ്ടായി. കുറേനേരം കഴിഞ്ഞ് രണ്ടു കുട്ടികൾ അദ്ദേഹത്തെ കണ്ടെത്തുമ്പോൾ ഒരു കൈ മാറത്തു വച്ച് മഞ്ഞിൽ കമിഴ്ന്നുകിടക്കുകയായിരുന്നു അദ്ദേഹം. 
*

2024, ഏപ്രിൽ 20, ശനിയാഴ്‌ച

ഓസിപ് മാൻഡെൽസ്റ്റാം - കുട്ടികളുടെ പുസ്തകങ്ങൾ മാത്രം വായിക്കുക...

 


കുട്ടികളുടെ പുസ്തകങ്ങൾ മാത്രം വായിക്കുക,
കുട്ടികളെപ്പോലെ മാത്രം ചിന്തിക്കുക,
വലിയ കാര്യങ്ങളൊക്കെ വലിച്ചെറിയുക,
കഠിനശോകം വിട്ടെഴുന്നേറ്റു നിൽക്കുക.
ഈ ജീവിതം കൊണ്ടെനിക്കാകെ മടുത്തു,
എനിക്കു വേണ്ടതൊന്നും അതിനു തരാനില്ല,
എന്നാലുമീ പാവം മണ്ണിനെ ഞാൻ സ്നേഹിക്കുന്നു,
ഇതല്ലാതൊന്നു ഞാൻ കണ്ടിട്ടില്ലെന്നതിനാൽ.
അകലെ, അകലെയൊരുദ്യാനത്തിൽ
ഒരു തടിയൂഞ്ഞാലിരുന്നു ഞാനാടിയിരുന്നു;
ജ്വരത്തിന്റെ മൂടൽമഞ്ഞിലൂടിന്നും ഞാൻ കാണുന്നു,
തലയെടുത്തിരുണ്ടുനിൽക്കുന്ന ദേവതാരങ്ങൾ.
(1908)

ഓസിപ് എമിലിയേവിച്ച് മാൻഡെൽസ്റ്റാം Osip Emilyevich Mandelshtam(1891-1938) സ്റ്റാലിൻ ഭരണകാലത്തെ അടിച്ചമർത്തലിനു വിധേയനായ റഷ്യൻ കവിയും ലേഖകനുമായിരുന്നു. 1934ൽ അദ്ദേഹത്തെ അറസ്റ്റു ചെയ്ത് ഭാര്യ നദേഷ്ദയോടൊപ്പം വടക്കൻ യുറാലിലേക്കു നാടു കടത്തി. പിന്നീട് ബുഖാറിൻ ഇടപെട്ടതിനെത്തുടർന്ന് വലിയ നഗരങ്ങളൊഴികെ മറ്റെവിടെയെങ്കിലും താമസമാക്കാൻ അനുമതി കിട്ടി. അവർ തിരഞ്ഞെടുത്തത് വെറോണേഷ് ആയിരുന്നു. 1937ൽ അദ്ദേഹത്തെ വീണ്ടും അറസ്റ്റു ചെയ്ത് വ്ളാദിവൊസ്റ്റോക്കിലേക്കയച്ചു. അവിടെ വച്ച് ഹൃദ്രോഗം ബാധിച്ച് അദ്ദേഹം മരിച്ചു എന്നാണ്‌ ഔദ്യോഗികമായ വിശദീകരണം. നദേഷ്ദയാണ്‌ പിന്നീട് അദ്ദേഹത്തിന്റെ അപ്രകാശിതരചനകൾ സമാഹരിച്ചു പ്രസിദ്ധീകരിച്ചത്.

ഗ്വെൻഡൊലിൻ ബന്നെറ്റ് > ഒരു കറുമ്പിപ്പെണ്ണിനോട്



എനിക്കു നിന്നെ സ്നേഹം, നിന്റെ ഇരുണ്ട നിറത്താൽ,
നിന്റെ മാറിടത്തിന്റെ വടിവൊത്ത ഇരുട്ടിനാൽ,
എനിക്കു നിന്നെ സ്നേഹം, നിന്റെ ശബ്ദത്തിൽ പതറുന്ന ശോകത്തിനാൽ,
നിന്റെ താന്തോന്നിക്കണ്ണിമകൾ മയങ്ങുന്ന നിഴൽത്തടങ്ങളാൽ.

നിന്റെ നടയുടെ അലസലാസ്യത്തിലൊളിച്ചിരിക്കുന്നു
പൊയ്പ്പോയ കാലത്തെ റാണിമാരിൽ നിന്നെന്തോ,
നീയുരിയാടുമ്പോളതിന്റെ താളത്തിൽ തേങ്ങുന്നു
തുടലിൽ കിടക്കുന്ന അടിമയുടേതായതെന്തോ.

ഹാ, നിറമിരുണ്ട പെണ്ണേ, ശോകത്തിന്നുടപ്പിറന്നോളേ,
കൈവെടിയരുതേ, നിനക്കവകാശമായ രാജസപ്രതാപം,
ഒരുനാളടിമപ്പെണ്ണായിരുന്നു താനെന്നതു മറന്നേക്കൂ,
വിധിയെ നോക്കിച്ചിരിക്കട്ടെ, നിന്റെ തടിച്ച ചുണ്ടുകൾ!


ഗ്വെൻഡൊലിൻ ബെന്നെറ്റ് Gwendolyn Bennett (1902-1981)- ആഫ്രോ-അമേരിക്കൻ എഴുത്തുകാരി.

2024, ഏപ്രിൽ 13, ശനിയാഴ്‌ച

റേക്കെൽ ഹെലെൻ റോസ് ഹൊഹെബ് വില്ല്യംസ് - എന്റെ ജനാലക്കൽ നിന്ന്



നോക്കൂ, അവ കൊഴിയുന്നതു നോക്കൂ, 

തടുക്കരുതാത്ത ശരൽക്കാലത്തിലെ 

കരിയിലകളാണവ. 

അവയെച്ചൊല്ലി ഖേദിക്കേണ്ട, 

ദീപ്തവസന്തമെത്തുമ്പോൾ 

പുനർജ്ജനിച്ചുകൊള്ളുമവ.


നഷ്ടസ്വപ്നങ്ങൾക്കു ഹാ, കഷ്ടം! 

ഹൃദയവൃക്ഷത്തിൽ നിന്നു 

കൊഴിഞ്ഞുവീണവയാണവ. 

പുനർജ്ജനിക്കുകയുമില്ലവ; 

മനുഷ്യന്റെ ജീവിതഹേമന്തത്തിൽ 

അടിഞ്ഞുവീണുകിടക്കുമവ.


2024, ഏപ്രിൽ 11, വ്യാഴാഴ്‌ച

ലാറ്റിനമേരിക്കയുടെ ആത്മീയരാജ്ഞി

 എൽക്വിസ് താഴ്വരയിലെ ഒരു ചെറിയ ഗ്രാമത്തിൽ, പല ദശകങ്ങൾക്കു മുമ്പ്, ഭാവിയിൽ ഒരു സ്കൂളദ്ധ്യാപികയാവേണ്ട ലൂസില ഗൊദോയ് വൈ അൽക്കായേഗ എന്ന പെൺകുഞ്ഞ് ജനിച്ചു. ഗൊദോയ് അവളുടെ അച്ഛന്റെ പേരായിരുന്നു; അൽക്കായെഗ അമ്മയുടേതും. ഇരുവരും ബാസ്ക് ദേശത്ത് വേരുകളുള്ളവരായിരുന്നു. സ്കൂളദ്ധ്യാപകനായ അച്ഛൻ ക്ഷിപ്രകവിയുമായിരുന്നു. കവികൾക്കു പൊതുവായിട്ടുള്ള ഉത്കണ്ഠയും അസ്ഥിരതയും കലർന്നതായിരുന്നു അദ്ദേഹത്തിന്റെ കഴിവുകളെന്നു തോന്നുന്നു. മകളുടെ ബാല്യം കഴിയും മുമ്പേ (അവൾക്കദ്ദേഹം ഒരു ചെറിയ പൂന്തോട്ടം ചെയ്തുകൊടുക്കുകകൂടിച്ചെയ്തിരുന്നു) കവി കുടുംബമുപേക്ഷിച്ചുപോയി. ഏകാകിനിയായ തന്റെ കൊച്ചുമകൾ തോട്ടത്തിലെ കിളികളോടും പൂക്കളോടും സ്വകാര്യസംഭാഷണത്തിൽ മുഴുകി നടക്കുന്നത് അവളുടെ സുന്ദരിയായ അമ്മ ഓർമ്മിക്കുന്നു. പുരാവൃത്തത്തിന്റെ ഒരു പാഠാന്തരത്തിൽ അവളെ സ്കൂളിൽ നിന്നു പുറത്താക്കുന്നുണ്ട്. മന്ദബുദ്ധിയായ അവളെ പഠിപ്പിക്കാൻ എന്തിനു സമയം പാഴാക്കണമെന്ന് അദ്ധ്യാപകർ ചിന്തിച്ചിരിക്കാം. എന്നാൽ അവൾ തന്റേതായ രീതികളിലൂടെ സ്വയം പഠിപ്പിച്ചു; കാന്റെറായിലെ ചെറിയ സ്കൂളിൽ അദ്ധ്യാപികയാവുന്നിടത്തോളം അവൾ വിദ്യാഭ്യാസം ചെയ്തു. അവിടെ വച്ച്, ഇരുപതാമത്തെ വയസ്സിൽ, അവളുടെ ഭാഗധേയം സഫലമായി; എന്നുപറഞ്ഞാൽ, ഒരു റെയിൽവേ ജോലിക്കാരനും അവൾക്കുമിടയിൽ ഒരു തീവ്രപ്രണയം ഉടലെടുത്തു.

അവരുടെ കഥ നമുക്കു കാര്യമായിട്ടറിയില്ല. അയാൾ അവളെ വഞ്ചിച്ചു എന്നുമാത്രം നമുക്കറിയാം. 1909 നവംബറിൽ ഒരു ദിവസം അയാൾ സ്വന്തം തലയ്ക്കു നിറയൊഴിച്ചു. ആ യുവതി അനുഭവിച്ച കൊടുംതാപം അതിരറ്റതായിരുന്നു. ഇങ്ങനെയൊന്നു സംഭവിക്കാൻ വരുതി കൊടുത്ത ദൈവത്തിനു നേരേ അവൾ ഇയ്യോബിനെപ്പോലെ തന്റെ വിലാപമുയർത്തി. ചിലിയിലെ വന്ധ്യവും ഊഷരവുമായ മലകൾക്കടിയിലെ പാഴടഞ്ഞ താഴ്വാരത്തു നിന്ന് ഒരു ശബ്ദമുയർന്നു; അങ്ങകലെയുള്ള മനുഷ്യർ അതു കേട്ടു. നിത്യജീവിതത്തിൽ സംഭവിക്കുന്ന ഒരു സാധാരണദുരന്തം അതിന്റെ സ്വകാര്യത നഷ്ടപ്പെട്ട് ലോകസാഹിത്യത്തിലേക്കു പ്രവേശിച്ചു. ലൂസില ഗൊദോയ് വൈ അൽക്കായെഗ ഗബ്രിയേല മിസ്ത്രൽ ആയി. നാട്ടുമ്പുറത്തെ ഒരു സ്കൂളദ്ധ്യാപിക ലാറ്റിനമേരിക്കയുടെ ആത്മീയരാജ്ഞിയായി.
(ഗബ്രിയേല മിസ്ത്രലിന്‌ നൊബേൽസമ്മാനം സമർപ്പിക്കുന്നതിന്‌ 1945 നവംബർ 10നു സംഘടിപ്പിച്ച ചടങ്ങിൽ അവരെ സ്വാഗതം ചെയ്തുകൊണ്ട് സ്വീഡിഷ് അക്കാദമി അംഗമായ ഹ്ജാമെൽ ഗുല്ബർഗ് ചെയ്ത പ്രസംഗത്തിൽ നിന്ന്.)