2024, ഏപ്രിൽ 27, ശനിയാഴ്‌ച

റോബർട്ട് വാൾസർ -കരഘോഷം



പ്രിയപ്പെട്ട വായനക്കാരാ, ഒരഭിനേത്രി, ഒരു ഗായിക, അല്ലെങ്കിലൊരു നർത്തകി തന്റെ കഴിവുകളിലൂടെയും അവ ജനിപ്പിക്കുന്ന പ്രഭാവത്തിലൂടെയും ഒരു സദസ്സിനെയാകെ ഹർഷോന്മാദത്തിന്റെ ഉച്ചസ്ഥായിയിലേക്കുയർത്തുകയും എല്ലാ കൈകളും ത്വരിതവും ചടുലവുമായ ചലനത്തിലേക്കുണരുകയും അതിമോഹനമായ കരഘോഷം സഭയ്ക്കുള്ളിൽ ഇരമ്പുകയും ചെയ്യുന്ന ഒരു നിമിഷത്തിന്റെ സൗന്ദര്യവും മാന്ത്രികതയും ഒന്നു സങ്കല്പിച്ചുനോക്കൂ. നിങ്ങളും ആ ആവേശത്തിൽ പെട്ടുപോവുകയും നിങ്ങളും ഉജ്ജ്വലമായ ആ നേട്ടത്തിന്‌ അഭിവാദനമർപ്പിക്കുകയാണെന്നും സങ്കല്പിക്കൂ. ആളുകൾ അടുങ്ങിയടുങ്ങിയിരിക്കുന്ന ഇരുളടഞ്ഞ ബാല്ക്കണിയിൽ നിന്ന് അംഗീകാരത്തിന്റെ വികാരപ്രകടനങ്ങൾ ആലിപ്പഴങ്ങൾ പോലെ പടപടാരവം മുഴക്കിക്കൊണ്ട് താഴേക്കു വീഴുന്നു; ആളുകളുടെ തലയ്ക്കു മുകളിലൂടെ സ്റ്റേജിലേക്ക് ചാറ്റമഴ പോലെ പൂക്കൾ ചൊരിഞ്ഞുവീഴുന്നു; കലാകാരി അവയിൽ ചിലതു പെറുക്കിയെടുക്കുകയും ഒരു സന്തുഷ്ടമന്ദഹാസത്തോടെ ചുണ്ടത്തു ചേർക്കുകയും ചെയ്യുന്നു. ആഹ്ലാദവതിയായി, ഒരു മേഘത്താലെന്നപോലെ ആ കരഘോഷത്താലുയർത്തപ്പെടുന്ന കലാകാരി ചുംബനങ്ങളും കൃതജ്ഞത ദ്യോതിപ്പിക്കുന്ന ചേഷ്ടകളും സദസ്സിനു നേർക്കെറ്റിവിടുന്നു, സൽസ്വഭാവിയായ ഒരരുമക്കുട്ടിയാണ്‌ അതെന്നപോലെ. മുതിർന്ന, എന്നാൽ പ്രായമാകാത്ത ആ കുട്ടിയാകട്ടെ, കുട്ടികൾക്കു മാത്രം കഴിയുന്നപോലെ ആ സുന്ദരചേഷ്ടയിൽ മതിമറന്ന് പിന്നെയും പിന്നെയും ആഹ്ലാദത്തിലമരുന്നു. ഒരു മർമ്മരമായി തുടങ്ങുന്നത് പെട്ടെന്നുതന്നെ ഒരുന്മത്താവേശമായിപ്പടരുന്നു; പിന്നെ ഒന്നു താഴ്ന്ന് വീണ്ടും കത്തിപ്പടരുന്നു. വജ്രസമാനമല്ലെങ്കിൽ സ്വർണ്ണസമാനമെങ്കിലുമായ ഹർഷോന്മാദം ഒരു ദിവ്യധൂമം പോലെ മുറിക്കുള്ളിൽ നിറയുന്നതു സങ്കല്പിക്കൂ. പുഷ്പചക്രങ്ങളും പൂച്ചെണ്ടുകളും പറന്നുവീഴുന്നു; സ്റ്റേജിന്റെ വിളുമ്പിലായി ഒരു പ്രഭു നില്ക്കുന്നുണ്ടെന്നും വരാം;  ചപലഭാവനകളാൽ നിറഞ്ഞ തന്റെ തല കലാകാരിയുടെ അനർഘമായ കുഞ്ഞുപാദത്തിൽ ചേർത്തുനില്ക്കുകയാണയാൾ. ആരാധ്യയും പ്രശംസാഭാജനവുമായ ആ ശിശുവിന്റെ വശ്യമായ കാലടിക്കടിയിൽ ആയിരം മാർക്കിന്റെ ഒരു നോട്ട് സാദരമർപ്പിക്കുകയാണ്‌ കുലീനനായ ആ ഉത്സാഹി എന്നുമിരിക്കട്ടെ. “നിങ്ങളുടെ പണമൊക്കെ നിങ്ങളുടെ കയ്യിലിരിക്കട്ടെ, ബുദ്ധികെട്ട മനുഷ്യാ!” ഈ അർത്ഥത്തിലുള്ള വാക്കുകൾ ഉച്ചരിച്ചുകൊണ്ട് അവൾ കുനിഞ്ഞ് ആ നോട്ടെടുക്കുകയും നിന്ദാഗർഭമായ ഒരു പുഞ്ചിരിയോടെ ദാതാവിനു നേർക്കെറിഞ്ഞുകൊടുക്കുകയും ചെയ്യുന്നു; നാണക്കേടു കൊണ്ടയാൾ തകർന്നുപോവുന്നുവെന്നു പറയാം. ഇതൊക്കെയും അതിനപ്പുറം ഓർക്കെസ്ട്രയുടെ നാദങ്ങളും വിശദമായി സങ്കല്പിക്കൂ, പ്രിയപ്പെട്ട വായനക്കാരാ; എത്ര പ്രൗഢോജ്ജ്വലമാണ്‌ കരഘോഷം എന്നു നിങ്ങൾക്കു സമ്മതിക്കാതെ തരമില്ല. കവിളുകളെരിയുന്നു, കണ്ണുകൾ തിളങ്ങുന്നു, ഹൃദയങ്ങൾ വിറകൊള്ളുന്നു, സ്വാതന്ത്ര്യത്തിന്റെ മധുരം നുണഞ്ഞുകൊണ്ട് ഒരു പരിമളം പോലെ ആത്മാവുകൾ ഒഴുകിനടക്കുന്നു; അണിയറജോലിക്കാർക്ക് ശുഷ്കാന്തിയോടെ തിരശീല പൊക്കുകയും താഴ്ത്തുകയും ചെയ്യേണ്ടിവരികയാണ്‌, പിന്നെയും പിന്നെയും. ഒരു സദസ്സിനെയാകെ കയ്യിലെടുക്കുന്നതിൽ വിജയം വരിച്ച ആ സ്ത്രീയ്ക്ക് മുന്നിലേക്കു വന്നുനില്ക്കേണ്ടിവരികയാണ്‌, പിന്നെയും പിന്നെയും. ഒടുവിൽ എല്ലാം നിശ്ശബ്ദമാകുന്നു, ആ കലാപ്രകടനം അവസാനിപ്പിക്കാമെന്നുമാകുന്നു.

(1912)


അഭിപ്രായങ്ങളൊന്നുമില്ല: