എന്താണൊരാളെ ‘കുലീന’നാക്കുന്നത്? തീർച്ചയായുമത് ത്യാഗം ചെയ്യലല്ല, കാരണം, ആസക്തി കൊണ്ടുന്മത്തരായവരും ത്യാഗങ്ങൾ ചെയ്യാറുണ്ട്. തീർച്ചയായുമത് ആവേശങ്ങൾക്കു പിന്നാലെ പോകലുമല്ല, കാരണം, വെറുക്കപ്പെടേണ്ട ആവേശങ്ങളുമുണ്ട്. തീർച്ചയായുമത് സ്വാർത്ഥചിന്തയില്ലാതെ അന്യർക്കു വേണ്ടി എന്തെങ്കിലും ചെയ്യലല്ല: കുലീനരെക്കാൾ സ്വാർത്ഥചിന്തയിൽ അചഞ്ചലരായവർ മറ്റാരുമില്ലെന്നുവരാം. മറിച്ച്: കുലീനരായവരെ വന്നുപിടികൂടുന്ന ഉത്കടാവേശം പ്രത്യേകിച്ചൊരു തരമാണ്, അതവർ മനസ്സിലാക്കുന്നുമില്ല. കുലീനത എന്നാൽ അപുർവ്വവും അനന്യവുമായ ഒരു മാനദണ്ഡം, ഒരുന്മത്തത തന്നെ, ഉപയോഗപ്പെടുത്തലാണ്: മറ്റെല്ലാവർക്കും തണുത്തതായി തോന്നുന്നതിൽ ചൂടനുഭവപ്പെടുകയാണത്; ഇനിയും അളവുകോൽ കണ്ടുപിടിക്കാത്ത മൂല്യങ്ങൾ കണ്ടെടുക്കുക എന്നാണത്; ഒരജ്ഞാതദൈവത്തെ പ്രതിഷ്ഠിച്ച അൾത്താരയിൽ ബലിയർപ്പിക്കുക എന്നാണത്; ബഹുമതികൾക്കു ദാഹിക്കാത്ത ഒരു നിർഭയത്വമാണത്; മനുഷ്യർക്കും വസ്തുക്കൾക്കും നേർക്കു കവിഞ്ഞൊഴുകുന്ന ഒരു സ്വയംപര്യാപ്തതയാണത്. ഇക്കാലം വരെ കുലീനമെന്നു ഗണിച്ചിരുന്നത് അപൂർവ്വതയും ആ അപൂർവ്വതയെക്കുറിച്ചുള്ള ബോധമില്ലായ്മയെയുമായിരുന്നു. പക്ഷേ, ഈ മാനദണ്ഡത്തിൽ ന്യായരഹിതമായ ഒരു വിലയിരുത്തലുള്ളത് നാം ശ്രദ്ധിക്കണം- സാധാരണമായതും സമീപസ്ഥമായതും അനിവാര്യവുമായതിനെയെല്ലാം കുലീനമായതിന്റെ പരിധിയിൽ നിന്നു പുറത്താക്കുകയാണത്. ചുരുക്കത്തിൽ, വർഗ്ഗത്തെ പരിരക്ഷിക്കുന്നതും ഇതേവരെ മനുഷ്യർക്കിടയിൽ നിയമമായിരുന്നതിനെയുമെല്ലാം അപവാദങ്ങളോടുള്ള പക്ഷഭേദത്തിനായി തള്ളിപ്പറയലാണത്. നിയമത്തിന്റെ വക്താവാകുക- അതാവാം, ഭൂമിയിൽ കുലീനത വെളിപ്പെടുന്നതിന്റെ ആത്യന്തികമായ രൂപവും സ്വച്ഛതയും.
(from the Gay Science)
1 അഭിപ്രായം:
Wonderful
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ