ബഫോ
ഒന്നാമതായി, നമ്മുടെ പ്രണയം മരിക്കും, കഷ്ടം,
പിന്നെ ഇരുനൂറൂകൊല്ലം കടന്നുപോകും,
പിന്നെയൊടുവിൽ വീണ്ടും നാം സന്ധിക്കും-
ഇത്തവണ ഒരു നാടകവേദിയിൽ,
രണ്ടു ഹാസ്യതാരങ്ങൾ, അയാളും അവളും,
പൊതുജനത്തിന്റെ പ്രീതിഭാജനങ്ങൾ,
അവർ നമ്മെ അവതരിപ്പിക്കും.
പ്രഹസനം പോലെയൊന്ന്, പാട്ടുകളുമായി,
തമാശകളും കാലു കൊണ്ട് താളമിടലും
അന്തിമാഭിവാദനങ്ങളുമായി ഒരു തമാശനാടകം;
തീർച്ചയായുമാളുകൾ ചിരിച്ചുമണ്ണുകപ്പും.
അരങ്ങിൽ നീയവരെ ശരിക്കും രസിപ്പിക്കും,
പഴയ മട്ടിലുള്ള നിന്റെ ടൈയും
നിന്റെ ചില്ലറ അസൂയകളുമായി.
അതുപോലെ ഞാനും, പ്രണയത്തിന്റെ കാലാൾ,
എന്റെ ഹൃദയവും എന്റെ ആനന്ദവും എന്റെ കിരീടവുമായി,
എന്റെ തകർന്ന ഹൃദയവും നഷ്ടമായ ആനന്ദവും
നിലത്തേക്കുരുണ്ടുവീഴുന്ന കിരീടവുമായി.
ചിരിയുടെ ഉച്ചത്തിലുള്ള പല്ലവിയുടെ അകമ്പടിയോടെ
നാം പിന്നെയും പിന്നെയും ഒരുമിക്കും, പിരിഞ്ഞുപോകും,
ഏഴുമലകളും ഏഴു പുഴകളും നമ്മുടെ വേദന പെരുപ്പിക്കും.
നൈരാശ്യവും ശോകവും നാമനുഭവിച്ചതു പോരെങ്കിൽ
നെടുങ്കൻ വാചകങ്ങൾ കൊണ്ടു നാം
അന്യോന്യം കഥ കഴിക്കും.
പിന്നെ നാം എഴുന്നേല്ക്കും, സദസ്സിനോടു വിട വാങ്ങും:
ഒരു പ്രഹസനത്തിനങ്ങനെ അവസാനമാകും.
കാണികൾ എഴുന്നേല്ക്കും കയ്യടിക്കും,
പിന്നെയവർ വീട്ടിലേക്കു പോകും.
സ്വന്തം ജീവിതത്തിന്റെ കൂടുകളിലേക്കവർ പിന്നെയും കയറും,
പ്രണയത്തിന്റെ കടുവ ചിലപ്പോഴൊന്നമറിയെന്നു വരാം,
എന്നാലത്രയ്ക്കിണങ്ങിയതിനാൽ അതു കടിക്കുകയുമില്ല.
നാമെപ്പോഴും പക്ഷേ, അധികപ്പറ്റുകളായിരിക്കും,
കൂർമ്പൻ തൊപ്പികൾ ധരിച്ച പ്രാകൃതർ,
അതിന്റെ മണികിലുക്കം കേട്ടു രസിക്കുന്നവർ.
*
ബഫോ- ഇറ്റാലിയൻ ഓപ്പെറയിലെ ഹാസ്യനടൻലുഡ്വിക്ക വാഴ്സിൻസ്ക്കയ്ക്കു വേണ്ടി ഒരു മിനുട്ടുനേരത്തെ മൗനാചരണം
അല്ല, നിങ്ങളെങ്ങോട്ടാണു പോകുന്നത്,
അവിടെയാകെ തീയും പുകയുമാണ്!
-അഞ്ചു കുഞ്ഞുങ്ങളവിടെ കുടുങ്ങിക്കിടക്കുകയാണ്,
ഞാനവരെ രക്ഷിക്കാൻ പോവുകയാണ്!
ഇതെന്തു പറ്റി,
ഇത്ര പെട്ടെന്നിങ്ങനെ
നിങ്ങൾ നിങ്ങളല്ലാതാവാൻ?
രാത്രി കഴിഞ്ഞുള്ള പകൽ,
വരുംകൊല്ലത്തെ പുതുമഞ്ഞ്,
ആപ്പിളിന്റെ തുടുപ്പ്,
ഒരിക്കലും മതിവരാത്ത
സ്നേഹത്തിനായുള്ള ദാഹം,
ഇതൊന്നും ഒന്നുമല്ലാതാവാൻ?
ആരോടും വിട പറയാതെ,
ആരും വിട പറയാതെ,
അവളൊറ്റയ്ക്കോടിച്ചെല്ലുന്നു,
ആ കുഞ്ഞുങ്ങളെ വീണ്ടെടുക്കാൻ;
നോക്കൂ, കുഞ്ഞുങ്ങളെയവൾ വാരിയെടുക്കുന്നു,
അരയോളം തീയിലവൾ മുങ്ങുന്നു,
തീനാളങ്ങളുടെ പ്രഭയിലവളുടെ മുടി തിളങ്ങുന്നു.
എന്നാലവൾക്കാഗ്രഹമുണ്ടായിരുന്നു,
ഒരു ടിക്കറ്റെടുക്കാൻ,
ഒരവധിയെടുത്തെവിടേക്കെങ്കിലും പോകാൻ,
ഒരു കത്തെഴുതാൻ,
കൊടുങ്കാറ്റു കഴിഞ്ഞ നേരത്തു ജനാല തുറന്നിടാൻ,
കാട്ടുപാതയിലൂടൊന്നു നടക്കാൻ,
ഉറുമ്പുകളെ നോക്കി വിസ്മയിക്കാൻ,
കാറ്റത്തു തടാകം കണ്ണിമയ്ക്കുന്നതു നോക്കിനില്ക്കാനും.
മരിച്ചവർക്കായി ഒരു മിനുട്ടു മൗനമാചരിക്കുന്നതു ചിലപ്പോൾ
ഒരു രാത്രി മുഴുവനെടുത്തുവെന്നും വരാം.
മേഘങ്ങളും പക്ഷികളും പറക്കുന്നതിനു
ഞാൻ ദൃക്സാക്ഷിയായി നിന്നിട്ടുണ്ട്.
പുല്ക്കൊടികൾ വളരുന്നതു ഞാൻ കേട്ടിട്ടുണ്ട്,
അതിനെന്താണു പേരെന്നുമെനിക്കറിയാം,
കോടിക്കണക്കിനച്ചടിയക്ഷരങ്ങൾ ഞാൻ വായിച്ചിട്ടുണ്ട്,
അപരിചിതനക്ഷത്രങ്ങളിലേക്കു ഞാൻ
ദൂരദർശിനിക്കുഴൽ തിരിച്ചിട്ടുമുണ്ട്.
എന്നാലിന്നേവരെയൊരാളും
സഹായത്തിനെന്നെ വിളിച്ചിട്ടില്ല,
ഒരില, ഒരുടുപ്പ്, ഒരു കവിതയെച്ചൊല്ലി
എനിക്കു നഷ്ടബോധം തോന്നുമോയെന്നും എനിക്കറിയില്ല.
നാമെത്രത്തോളം പരീക്ഷിക്കപ്പെട്ടുവോ,
അത്രത്തോളമേ നമുക്കു നമ്മെക്കുറിച്ചറിവുമുള്ളു.
ഞാനിതു പറയുന്നത്
എനിക്കറിയാത്ത എന്റെ ഹൃദയത്തിൽ നിന്ന്.
*
ഈ കവിതയിലെ ലുഡ്‌വിക്ക വാഴ്സിൻസ്ക (1908-1955) പോളണ്ടിലെ ഒരു പ്രൈമറി സ്കൂൾ അദ്ധ്യാപികയായിരുന്നു. 1955 ഫെബ്രുവരി 8ന് തീ പിടിച്ച ഒരു വീട്ടിൽ നിന്ന് അവർ നാലു കുട്ടികളെ രക്ഷപ്പെടുത്തി. എന്നാൽ അതിനിടയിൽ കാര്യമായ പൊള്ളലേറ്റ അവർ പത്തു ദിവസത്തിനു ശേഷം മരണമടഞ്ഞു. നിസ്വാർത്ഥമായ ജീവത്യാഗത്തിന്റെ പ്രതീകമാണ് ഇന്നവർ പോളണ്ടിൽ. ഷിംബോർസ്കയ്ക്കു പുറമേ ലിയോപ്പോൾഡ് സ്റ്റാഫും അവരെക്കുറിച്ച് കവിതയെഴുതിയിട്ടുണ്ട്.*
സർക്കസ് മൃഗങ്ങൾ
കരടികൾ താളത്തിനൊത്തു ചുവടു വയ്ക്കുന്നു,
സിംഹങ്ങൾ തീവളയങ്ങൾക്കുള്ളിലൂടെ ചാടുന്നു,
മഞ്ഞക്കുപ്പായമണിഞ്ഞ ചിമ്പാൻസികൾ ബൈക്കോടിക്കുന്നു,
ചാട്ടവാർ മൂളുന്നു, കാഹളങ്ങൾ മുരളുന്നു,
ചാട്ടവാർ മൂളുന്നു, മൃഗങ്ങളുടെ കണ്ണുകൾ തുറിയ്ക്കുന്നു,
മസ്തകത്തിലൊരു കുടവുമായി ആന നടക്കുന്നു, ഒരു തുള്ളിപോലും തുളുമ്പാതെ,
നായകൾ നൃത്തം വയ്ക്കുന്നു, ചുവടു പിഴയ്ക്കാതിരിക്കാൻ കരുതലോടെ.
എനിക്കു നാണക്കേടു തോന്നുന്നു- മനുഷ്യജീവിയായ എനിക്ക്.
ഇതെല്ലാം കണ്ടിട്ടാളുകൾക്കു രസിച്ചുവെന്നു പറയാനാവില്ല,
കരഘോഷത്തിനൊട്ടും കുറവുണ്ടായിരുന്നില്ലെങ്കിലും.
ഒരു ചാട്ടവാറു കൊണ്ടു നീളം വച്ചൊരു കൈ
പൂഴിപ്പരപ്പിൽ വീഴ്ത്തുന്നു, നിശിതമായൊരു നിഴൽ.
*
തുടലുകൾ
ചുട്ടുപൊള്ളുന്നൊരു പകൽ, ഒരു നായക്കൂട്, തുടലിട്ട ഒരു നായയും.
ചില ചുവടുകൾക്കപ്പുറത്തായി ഒരു കിണ്ണം നിറയെ വെള്ളം.
എന്നാൽ തുടലിനു നീളം പോരെന്നതിനാൽ നായക്കതെത്തില്ല.
ഈ ചിത്രത്തിൽ ഒരു വിശദാംശം കൂടി നമുക്കു കൂട്ടിച്ചേർക്കാം:
ഇതിലും നീളക്കൂടുതലുള്ള,
ഇത്രയും കാഴ്ചയിൽ വരാത്ത തുടലുകൾ,
നമുക്കു തടവില്ലാതെ കടന്നുപോകാൻ പാകത്തിന്.
*
റിസീവർ
-------------------------
ഫോണടിക്കുന്നതു കേട്ടു ഞാനുണർന്നുവെന്നു
ഞാൻ സ്വപ്നം കാണുന്നു.
തീർച്ചയായും മരിച്ചവരാരോ വിളിക്കുകയാണതെന്നു
ഞാൻ സ്വപ്നം കാണുന്നു.
റിസീവറെടുക്കാനായി ഞാൻ കൈനീട്ടുന്നുവെന്നു
ഞാൻ സ്വപ്നം കാണുന്നു.
റിസീവറിപ്പോൾ
അതല്ലാതായിരിക്കുന്നുവെന്നു മാത്രം,
അതിനു വല്ലാതെ ഭാരം വച്ചിരിക്കുന്നു,
അതെന്തിലോ കടന്നുപിടിച്ചിരിക്കുന്നുവെന്നപോലെ,
വേരുകൾ കൊണ്ടതിനെ വരിഞ്ഞുകെട്ടിയിരിക്കുകയാണെന്നപോലെ.
വലിച്ചാൽ ഭൂമി മൊത്തം പറിഞ്ഞുപോരുമെന്നപോലെ.
വിഫലമാണെന്റെ യത്നങ്ങളെന്നു
ഞാൻ സ്വപ്നം കാണുന്നു.
ബെല്ലടിക്കുന്നതു നിന്നിരിക്കുന്നുവെന്നതിനാൽ
നിശ്ശബ്ദതയാണിപ്പോഴെന്നു
ഞാൻ സ്വപ്നം കാണുന്നു.
ഞാനുറക്കത്തിലായെന്നും
പിന്നെ ഞാനുറക്കമുണരുന്നുവെന്നും
ഞാൻ സ്വപ്നം കാണുന്നു.
*