2025 സെപ്റ്റംബർ 25, വ്യാഴാഴ്‌ച

ആമി ലോവെൽ -1918 സെപ്തംബർ



ഈ സായാഹ്നത്തിനു നിറം
വെയിലത്തു പൊഴിയുന്ന മഴയുടേതായിരുന്നു;
ഇലകൾ തട്ടിമറിഞ്ഞ മരങ്ങൾ
വെട്ടിത്തിളങ്ങിയിരുന്നു.
മേപ്പിളിലകൾ കൊഴിഞ്ഞുവീണ ഇടവഴികൾ പോലെ
നടപ്പാതകൾ മിനുങ്ങിക്കിടന്നിരുന്നു.
തുറന്ന ജനാലച്ചതുരങ്ങളിലൂടെ ചിരിച്ചുകൊണ്ട്
വീടുകളവയ്ക്കിരുവശവും നിരന്നുനിന്നിരുന്നു.
പാർക്കിൽ, ഒരു മരത്തിനടിയിൽ
കമിഴ്ന്നുകിടക്കുന്ന രണ്ടു കുട്ടികൾ
ഒരു കടലാസ്സുപെട്ടിയിൽ 
റെഡ്ബെറികൾ പെറുക്കിയിടുകയായിരുന്നു.
യുദ്ധങ്ങളൊന്നുമില്ലാത്തൊരു കാലത്തൊരുനാൾ
ഈ സായാഹ്നം ഞാൻ പുറത്തെടുക്കും,
എന്റെ വിരലുകൾക്കിടയിലിട്ടു ഞാനതു തിരിയ്ക്കും,
നാവിലതിന്റെ മാധുര്യം ഞാനറിയും,
ഇലകളുടെ പലായനത്തിന്റെ
മൊരിഞ്ഞ വൈവിദ്ധ്യം ഞാൻ കാണും.
ഇന്നെനിക്കതു പെറുക്കിയെടുക്കാമെന്നേയുള്ളു,
എന്റെ ചോറ്റുപാത്രത്തിലതിട്ടുവയ്ക്കാമെന്നേയുള്ളു.
ഇപ്പോഴെനിക്കു മറ്റൊന്നിനും സമയമില്ലല്ലോ,
ഇടിഞ്ഞുപൊളിഞ്ഞൊരു ലോകത്ത്
സമനില തെറ്റാതിരിക്കാനുള്ള ഉദ്യമത്തിനല്ലാതെ.
*



2025 സെപ്റ്റംബർ 17, ബുധനാഴ്‌ച

ഫാസിൽ ഹുസ്‌നു ഡഗ്ലാർക്ക - മൃതം



ഒരിമാമും അടുത്തില്ലാത്തൊരിടത്തു വേണം
എനിക്കു കിടന്നു മരിക്കാൻ.
ആരും കാണുന്നതെനിക്കിഷ്ടമല്ല,
എന്റെ സുന്ദരമായ പാദങ്ങൾ, മുടി, എന്റെയെല്ലാം.

മരണത്താൽ നിർമ്മലൻ, സ്വതന്ത്രൻ,
അജ്ഞാതസമുദ്രത്തിലൊരു മത്സ്യം.
ഞാനൊരു മുസ്ലീമല്ലേ? അതെ!
എന്നാലെനിക്കു വേണ്ട, ചുറ്റുമൊരാൾക്കൂട്ടം.

വെളുത്ത ശവക്കോടിയിൽ പൊതിഞ്ഞുകെട്ടി
എന്റെയന്ധകാരത്തെ വികലമാക്കരുതേ.
ചുമലിലെടുത്തെന്റെയുടലിനെയുലയ്ക്കുകയുമരുതേ:
സ്വപ്നത്തിലായിരിക്കുമെന്റെ കൈകാലുകളപ്പോൾ.

ഒരു പ്രാർത്ഥന കൊണ്ടും കുറയാൻ പോകുന്നില്ല,
പ്രപഞ്ചത്തിനും എനിക്കുമിടയിലെ ദൂരം.
എന്റെ ജഡത്തെ കുളിപ്പിക്കരുത്! അരുതേ!
അത്രയിഷ്ടമാണെനിക്കെന്റെ ചൂടിനെ!

Fazil Husnu Daglarca (1914-2008)- ടർക്കിഷ് സമകാലീനകവിതയിലെ ഏറെ ശ്രദ്ധേയനായ ഒരു കവിയാണ്‌.

ലിയു ത്‌സുങ്ങ് -യുവാൻ - പുഴമഞ്ഞ്



ഒരായിരം മലകളുണ്ട്,
ഒരു കുഞ്ഞുകിളിയില്ല,
ഒരായിരം പാതകളുണ്ട്,
ഒരു ചോടിൻ പാടില്ല.
ഒരു കൊതുമ്പുവള്ളം,
ഒരു വൈക്കോൽത്തൊപ്പി,
പുഴമഞ്ഞിൽ ചൂണ്ടയിടും
ഒരു വൃദ്ധരൂപം.

ടാങ്ങ് രാജവംശത്തിന്റെ കാലത്ത് ക്രി.വ. 810നടുപ്പിച്ചു ജീവിച്ചിരുന്ന ലിയു ത്‌സുങ്ങ് -യുവാന്റെ (Liu Tsung-yuan)ഏറ്റവും പ്രശസ്തമായ കവിതയാണിത്. ചിത്രം പോലുള്ള ഈ കവിത മറ്റനേകം കവിതകൾക്കും ചിത്രങ്ങൾക്കും വിഷയമായിട്ടുണ്ട്. ഒരു ചൈനീസ് ചിത്രച്ചുരുണ ചുരുളഴിയുന്നപോലെയാണ്‌ കവിതയുടെ സംവിധാനം. കൊട്ടാരത്തിൽ നിന്നു നിഷ്കാസിതനായി പ്രവാസിയായി കഴിയേണ്ടിവന്ന കാലത്താണ്‌ കവി ഇതെഴുതുന്നത്. തണുത്തുറഞ്ഞ, നിശ്ശൂന്യമായ ഭൂദൃശ്യത്തിലെ ആ ഏകാന്തരൂപം ഭ്രഷ്ടനായ കവിതന്നെയാണ്‌.

മിൽഡ്രെഡ് വെസ്റ്റൺ - പബ്ലിക് ലൈബ്രറി



രാത്രിയിൽ
വെളിച്ചത്തിന്റെ പ്രശാന്തവൃത്തങ്ങൾക്കരികിൽ
വിപരീതങ്ങൾ കണ്ടുമുട്ടിയിരിക്കുന്നു-
ഓർക്കാനായി വായിക്കുന്നവരും
മറക്കാനായി വായിക്കുന്നവരും

*

ആർതർ ഗ്വിറ്റെർമാൻ - നാട്ടിലേക്കു മടങ്ങിയെത്തിയപ്പോൾ

 

ഇനിയും പിടിച്ചുതൂങ്ങാൻ 
ഒരൊഴിവുകഴിവും പറയാനില്ലാത്തൊരിടത്തു നിന്ന്
തിരിച്ചു സ്വന്തം നാട്ടിലെത്തിയപ്പോൾ
അവിടെയെല്ലാം പണ്ടേക്കണക്കു തന്നെയാണെന്നു 
ഞാൻ കണ്ടു-
ഓരോ മനുഷ്യനും 
മുന്നിൽക്കണ്ട ഏതോ മരീചികയുടെ പിന്നാലെ പായുന്നു;
ഒരു വസ്തുവും ചെയ്യാനില്ലാത്തവർ
അതുതന്നെ ചെയ്തുകൊണ്ടിരിക്കുന്നു;
കാര്യമായിട്ടൊന്നും കളിക്കാനില്ലാത്ത അരങ്ങ്
അതുതന്നെ കളിച്ചുകൊണ്ടിരിക്കുന്നു.
പണ്ടേപ്പോലൊന്നും പറയാനില്ലാത്ത എഴുത്തുകാർ
പറഞ്ഞതുതന്നെ പറഞ്ഞുകൊണ്ടിരിക്കുന്നു.
*

റോബർട്ട് പിൻസ്കി - സമുരായിപ്പാട്ട്



എനിക്കൊരു മേല്ക്കൂരയില്ലാതിരുന്നപ്പോൾ
ചങ്കൂറ്റം ഞാനൊരു മേല്ക്കൂരയാക്കി.
എനിക്കത്താഴമില്ലാതിരുന്നപ്പോൾ
എന്റെ കണ്ണുകൾ അത്താഴമുണ്ടു.

എനിക്കു കണ്ണുകളില്ലാതിരുന്നപ്പോൾ
ഞാൻ കാതോർത്തു.
എനിക്കു കാതുകളില്ലാതിരുന്നപ്പോൾ
ഞാൻ ചിന്തിച്ചു.
എനിക്കൊരു ചിന്തയുമില്ലാതിരുന്നപ്പോൾ
ഞാൻ കാത്തിരുന്നു.

എനിക്കച്ഛനില്ലാതിരുന്നപ്പോൾ
കരുതലിനെ ഞാനച്ഛനാക്കി.
എനിക്കമ്മയില്ലാതിരുന്നപ്പോൾ
ചിട്ടയെ ഞാൻ കെട്ടിപ്പിടിച്ചു.

എനിക്കൊരു ചങ്ങാതിയില്ലാതിരുന്നപ്പോൾ
സ്വസ്ഥതയെ ഞാൻ ചങ്ങാതിയാക്കി.
എനിക്കൊരു ശത്രുവില്ലാതിരുന്നപ്പോൾ
എന്റെ ഉടലിനോടു ഞാനെതിരിട്ടു.

എനിക്കൊരു ദേവാലയമില്ലാതിരുന്നപ്പോൾ
എന്റെ ശബ്ദം ഞാനൊരു ദേവാലയമാക്കി.
എനിക്കു പൂജാരിയില്ല.
എന്റെ നാവെന്റെ ഗായകസംഘം.

എനിക്കു വഴികളില്ലാതെ വരുമ്പോൾ
ഭാഗ്യമാണെന്റെ വഴി.
എനിക്കൊന്നുമില്ലാതെവരുമ്പോൾ
മരണമെന്റെ ഭാഗ്യമാകും.

ആവശ്യമാണെന്റെ തന്ത്രം,
നിസ്സംഗതയാണെന്റെ നയം,.
എനിക്കൊരു കാമുകിയില്ലാതെവന്നപ്പോൾ
ഉറക്കത്തിനോടു ഞാൻ പ്രണയമിരന്നു.
*

Robert Pinsky- 1940ൽ ജനിച്ച അമേരിക്കൻ കവിയും വിമർശകനും വിവർത്തകനും.

ഹൊർഹെ ലൂയിസ് ബോർഹസ് - ലാളിത്യം



ഉദ്യാനത്തിന്റെ കവാടം തുറക്കുന്നു,
ഏറെ വായിച്ചൊരു പുസ്തകത്തിന്റെ
താളു മറിയുന്ന വിധേയത്വത്തോടെ.
ഉള്ളിലെത്തിയതില്പിന്നെ
എന്റെ കണ്ണുകൾക്കൊന്നും കണ്ടെടുക്കേണ്ടതില്ല,
ഓർമ്മയിൽ നിശ്ചിതവും കൃത്യവുമാണെല്ലാം.

എല്ലാമെല്ലാം എനിക്കറിയാം-
ആചാരങ്ങൾ, മനസ്സുകൾ,
ഓരോ കുടുംബവും നെയ്തെടുക്കുന്ന സ്വകാര്യഭാഷകൾ.

എനിക്കിവിടെയൊന്നും പറയേണ്ടതില്ല,
മറ്റാരെങ്കിലുമാണെന്നു നടിക്കേണ്ടതുമില്ല.
ഈ വീട്ടുകാർക്കെന്നെ നന്നായറിയാം,
എന്റെ ദൗർബ്ബല്യങ്ങളും എന്റെ ആകുലതകളുമറിയാം.

ഇതാവാം നമുക്കെത്താവുന്നതിൽ വച്ചേറ്റവുമുന്നതം,
നമുക്കനുവദനീയമായ ദൈവപ്രസാദവും-
വിസ്മയപ്പെട്ട നോട്ടങ്ങൾക്കു പാത്രമാവുകയല്ല,
ജീവിതത്തിൽ വിജയം കൊയ്തുകൂട്ടുകയല്ല,
ഉള്ളിലേക്കു നമുക്കു പ്രവേശനം കിട്ടുക,
ഒരനിഷേദ്ധ്യയാഥാർത്ഥ്യത്തിന്റെ ഭാഗമായി,
പാതയിലെ കല്ലുകൾ പോലെ, മരങ്ങൾ പോലെ.
*

ലിയോ ടോൽസ്റ്റോയ് - ചിന്തകൾ

 നമ്മുടെ സ്വാതന്ത്ര്യത്തിന്റെ ഏറ്റവും പ്രകടവും ഏറ്റവും നിസ്സാരവുമായ ആവിഷ്കാരമാണ്‌ അപ്രധാനമായ ഒരുകൂട്ടം പ്രവൃത്തികളിൽ ഏതു തിരഞ്ഞെടുക്കണമെന്നു തീരുമാനിക്കാൻ നമുക്കുള്ള കഴിവ്; ഉദാഹരണത്തിന്‌, ഇടത്തോട്ടോ വലത്തോട്ടോ തിരിയണോ അതോ നില്ക്കുന്നിടത്തു നിന്നാൽ മതിയോ? അതിനെക്കാൾ വെല്ലുവിളി നിറഞ്ഞതും ഉയർന്ന നിരപ്പിലുള്ളതുമായ ആവിഷ്കാരമാണ്‌ നമ്മുടെ വികാരങ്ങ്ൾ വിളിക്കുന്നിടത്തേക്കു പോകണോ അതോ ആ വിളി കേൾക്കാതിരിക്കണോ എന്നു തീരുമാനിക്കുക. ഏറ്റവും വെല്ലുവിളി നിറഞ്ഞതും സാരവത്തുമായ ആവിഷ്കാരമാണ്‌ നമ്മുടെ ചിന്തകൾ ഏതു ദിശയിലേക്കു തിരിയണം എന്നു തീരുമാനിക്കുക.

*
മരണം എന്നാൽ ഈ ജീവിതത്തിൽ എനിക്കു സന്നിഹിതമായ ലോകത്തെ ഗ്രഹിക്കാൻ എന്നെ സഹായിക്കുന്ന ശാരീരികാവയവങ്ങളുടെ വിനാശം എന്നാണർത്ഥം. മരണം എന്നാൽ ലോകത്തെ വീക്ഷിക്കാൻ ഞാനുപയോഗിച്ച ചില്ലുപാളിയുടെ വിനാശം എന്നാണർത്ഥം. എന്നാൽ ചില്ലിന്റെ വിനാശത്തിൽ കണ്ണുകളുടെ വിനാശം ഉൾപ്പെടൂന്നുമില്ല.
*

അഞ്ചു വയസ്സുള്ള ഒരു കുട്ടിയിൽ നിന്ന് എന്റെ പ്രായമുള്ള ഒരാളിലേക്ക് ഒരു ചെറിയ ചുവടുവയ്പിന്റെ അകലമേയുള്ളു. എന്നാൽ ഒരു കൈക്കുഞ്ഞിൽ നിന്ന് അഞ്ചുവയസ്സുകാരൻ കുട്ടിയിലേക്ക് വളരെ വലിയൊരു ദൂരമാണുള്ളത്. ഒരു ഭ്രൂണത്തിൽ നിന്ന് ഒരു കൈക്കുഞ്ഞിലേക്ക് ഒരഗാധഗർത്തമങ്ങനെതന്നെ. അസ്തിത്വമില്ലായ്മയിൽ നിന്ന് ഭ്രൂണത്തിലേക്കുള്ളതാകട്ടെ, ഒരു ഗർത്തത്തിൽ കവിഞ്ഞതൊന്നും- ഗ്രഹണശക്തിക്കുമതീതമായതൊന്ന്.
*

തത്വശാസ്ത്രത്തെയാകെ ഇനിപ്പറയുന്ന ചോദ്യങ്ങളിലേക്കു ചുരുക്കാമെന്ന് ചിന്തകനായ ലിഷ്റ്റെൻബെർഗ് പറയുന്നു: “ആരാണു ഞാൻ? ഞാൻ ചെയ്യേണ്ടതെന്താണ്‌? എന്തിലാണെനിക്കു വിശ്വസിക്കാവുന്നത്? എന്താണെനിക്കു പ്രതീക്ഷിക്കാനുള്ളത്?” ഈ ചോദ്യങ്ങളിൽ ഏറ്റവും പ്രധാനം രണ്ടാമത്തേതാണ്‌. നാം ചെയ്യേണ്ടതെന്താണെന്ന് നമുക്കറിയാമെങ്കിൽ നമുക്കറിയേണ്ട മറ്റെല്ലാം നമുക്കറിയാമെന്നാകും.
*
ഒരു മനുഷ്യന്റെ മുതുകത്തു കയറി ഇരിക്കുകയാണു ഞാൻ, അയാളെ ശ്വാസം മുട്ടിക്കുകയാണു ഞാൻ, അയാളെക്കൊണ്ട് എന്നെ ചുമപ്പിക്കുകയാണു ഞാൻ, എന്നിട്ട് എന്നെത്തന്നെയും മറ്റുള്ളവരെയും ഞാൻ വിശ്വസിപ്പിക്കാൻ ശ്രമിക്കുകയാണ്‌, എനിക്കയാളുടെ കാര്യത്തിൽ വലിയ സങ്കടമുണ്ടെന്നും ആ തലവിധിയിൽ നിന്ന് അയാളെ മോചിപ്പിക്കാൻ എനിക്കു സാദ്ധ്യമായതൊക്കെ ഞാൻ ചെയ്യുമെന്നും- എന്നു പറഞ്ഞാൽ, അയാളുടെ മുതുകത്തു നിന്നിറങ്ങുക എന്നതൊഴികെ.

(ലിയോ ടോൾസ്റ്റോയ് / from A Calendar of Wisdom)

2025 സെപ്റ്റംബർ 14, ഞായറാഴ്‌ച

അലക്സാണ്ടർ റിസ്റ്റോവിച്ച് - പിശാചിന്റെ മുത്താഴം



ഒരു മുള്ളു കിട്ടിയാൽ അതുമതിയവന്‌.
ഇരുമ്പു കൊണ്ടുള്ളൊരാപ്പിൾ,
ഒരു കോട്ടൺ ബനിയൻ മാത്രമിട്ട്
വീട്ടിനുള്ളിലുലാത്തുന്ന ഒരു പെൺകുട്ടിയുടെ മുലക്കണ്ണ്‌,
അല്ലെങ്കിലൊരു പന്നിയുടെ ചെവിയായാലും മതി.
രണ്ടൊഴിഞ്ഞ പിഞ്ഞാണങ്ങൾക്കിടയിലിഴയുന്ന പ്രാണി.
ജമന്തിപ്പൂവിലൂതുന്ന കുട്ടി.
ഊർദ്ധ്വൻ വലിക്കുന്നൊരു വൃദ്ധയുടെ
അഴഞ്ഞുതൂങ്ങുന്ന കൈകാലുകൾ.
ഒരു കൈ മാറത്തും
മറ്റേക്കൈ ചുണ്ടിലുമായി
കാമുകനെ കാത്തുനില്ക്കുന്ന യുവതിയുടെ കൈകാലുകൾ.


മുത്താഴത്തിനു കഴിക്കുന്നതവൻ
അത്താഴത്തിനു ഛർദ്ദിക്കുന്നു,
ഒരു റോസാച്ചെടിക്കു മേൽ,
അല്ലെങ്കിലൊരു ക്രിസ്തുമസ് ട്രീയ്ക്കു ചുവട്ടിൽ.
*

Aleksandar Ristovic സെർബിയൻ കവി (1933-1994)