2025 ഓഗസ്റ്റ് 24, ഞായറാഴ്‌ച

ഹെൽമുട്ട് ഹെയ്സെൻബുട്ടെൽ - നഷ്ടബോധം


----------------------------------

പേപ്പെൻബർഗ് ഉദ്യാനത്തിനു മുകളിലെ മേഘങ്ങളുടെ പേരിൽ
ഞാനൊരിക്കലായിരുന്ന കൊച്ചുകുട്ടിയുടെ പേരിൽ
ചതുപ്പിലെ കല്ക്കരിപ്പാളികളുടെ പേരിൽ
എനിക്കു 17 തികഞ്ഞപ്പോൾ ഹൈവേകളുടെ ഗന്ധത്തിന്റെ പേരിൽ
ഞാനൊരു പട്ടാളക്കാരനായിരുന്നപ്പോഴത്തെ ഇരുമ്പുട്രങ്കുകളുടെ മണത്തിന്റെ പേരിൽ
നിർജ്ജനമായ നഗരത്തിലൂടെ അമ്മയോടൊപ്പമുള്ള യാത്രയുടെ പേരിൽ
ചെറുപട്ടണങ്ങളിൽ റയിൽവേ സ്റ്റേഷനുകളിലെ വസന്തകാലസായാഹ്നങ്ങളുടെ പേരിൽ
ഡ്രെസ്ഡെനിൽ ലൈലോ അഹ്ലെൻഡോർഫിനോടൊപ്പമുള്ള നടത്തകളുടെ പേരിൽ
നവംബറിൽ മഞ്ഞു പെയ്യുന്നൊരു പകലത്തെ ആകാശത്തിന്റെ പേരിൽ
ഡ്രെയറുടെ സിനിമയിൽ ജൊവാൻ ഓഫ് ആർക്കിന്റെ മുഖത്തിന്റെ പേരിൽ
പഴയ കലണ്ടറുകളിൽ വെട്ടിക്കളഞ്ഞ തീയതികളുടെ പേരിൽ
കടല്ക്കാക്കകളുടെ സീല്ക്കാരങ്ങളുടെ പേരിൽ
ഉറക്കം വരാത്ത രാത്രികളുടെ പേരിൽ
ഉറക്കം വരാത്ത രാത്രികളുടെ ഇരമ്പത്തിന്റെ പേരിൽ
ഉറക്കം വരാത്ത രാത്രികളുടെ ഇരമ്പത്തിന്റെ പേരിൽ
*

Helmut Heißenbüttel (1921-1966)- ജർമ്മൻ കവിയും നോവലിസ്റ്റും. 
രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്തിരുന്നു.

ഹൊർഹെ ലൂയിസ് ബോർഹസ് - ഉറക്കമില്ലായ്മയുടെ രണ്ടു രൂപങ്ങൾ



എന്താണ്‌ ഉറക്കമില്ലായ്മ?

ഉത്തരം പ്രതീക്ഷിക്കാത്ത ചോദ്യമാണതെന്നാലും ഉത്തരം പറയാൻ എനിക്കൊട്ടും ക്ലേശിക്കേണ്ട.

അനക്കമറ്റ രാത്രിയിൽ നിശിതവും മാരകവുമായ ഓരോ മണിയടിയും എണ്ണിക്കിടക്കുകയും അടുത്തതിനെ ഭീതിയോടെ കാക്കുകയുമാണത്. നിയതമായി ശ്വാസോച്ഛ്വാസം ചെയ്യാൻ വിഫലമായ മാന്ത്രികവിദ്യ കൊണ്ടു ശ്രമിക്കുകയാണത്. പെട്ടെന്നു തിരിയുകയും മറിയുകയും ചെയ്യുന്ന ഒരുടലിന്റെ ഭാരമാണത്. കൺപോളകൾ അമർത്തിയടയ്ക്കുകയാണത്. ജ്വരബാധയ്ക്കു സദൃശമെങ്കിലും ജാഗ്രദവസ്ഥയുമല്ലത്. എത്രയോ വർഷങ്ങൾക്കു മുമ്പു വായിച്ച ഖണ്ഡികകളുടെ ശകലങ്ങൾ ഓർത്തുരുവിടുകയാണത്. മറ്റുള്ളവർ ഉറങ്ങുമ്പോൾ താൻ ഉണർന്നുകിടക്കുന്നതിന്റെ പേരിൽ കുറ്റബോധം തോന്നുകയാണത്. മയക്കത്തിലാഴാൻ ആഗ്രഹിക്കുകയും അതിനു കഴിയാതെവരികയുമാണത്. ജീവിക്കുന്നതിന്റെയും ജീവിതം തുടർന്നുപോകുന്നതിന്റെയും ഭീതിയാണത്. സന്ദിഗ്ധമായ പ്രഭാതമാണത്.

എന്താണ്‌ ദീർഘായുസ്സ്?

ശേഷികൾ ക്ഷയിച്ചുവരുന്ന ഒരു മനുഷ്യദേഹത്തിൽ കഴിയുന്നതിന്റെ ഭീതിയാണത്. ലോഹസൂചികൾ കൊണ്ടല്ലാതെ ദശാബ്ദങ്ങൾ കൊണ്ടളക്കപ്പെടുന്ന ഒരുറക്കമില്ലായ്മയാണത്. കടലുകളുടേയും പിരമിഡുകളുടേയും ഭാരം, പൗരാണികഗ്രന്ഥശാലകളുടേയും രാജവംശങ്ങളുടേയും ഭാരം, ആദം കണ്ട പ്രഭാതങ്ങളുടെ ഭാരം പേറുകയാണത്. എന്റെ ഉടലിനോട്, ഞാൻ വെറുക്കുന്ന എന്റെ ശബ്ദത്തോട്, എന്റെ പേരിനോട്, ശീലമായിത്തീർന്ന ഓർമ്മകളോട്, എനിക്കു നിയന്ത്രണമില്ലാത്ത കാസ്റ്റീലിയൻ ഭാഷയോട്, എനിക്കറിയാത്ത ലാറ്റിൻ ഭാഷയോടുള്ള ഗൃഹാതുരത്വത്തോട് തളച്ചിട്ടിരിക്കുകയാണെന്നെ എന്ന ബോധമാണത്. മരണത്തിലാഴാൻ ആഗ്രഹിക്കുകയും അതിനു കഴിയാതെവരികയുമാണത്. ജീവിക്കുകയും ജീവിതം തുടർന്നുപോവുകയുമാണത്.

2025 ഓഗസ്റ്റ് 23, ശനിയാഴ്‌ച

ഫെർണാണ്ടോ പെസൊവ - വശങ്ങൾ

 1920കളുടെ തുടക്കത്തിൽ താൻ പ്രസിദ്ധീകരിക്കുന്നതായി പെസൊവ ഭാവനയിൽ കണ്ടിരുന്ന സ്വന്തം സമാഹൃതരചനകൾക്കൊരാമുഖമായി എഴുതിയതാണ്‌ ഈ കുറിപ്പ്. ഇതിൽ തന്റെ അപരനാമങ്ങൾ അസ്തിത്വം അനിശ്ചിതമായ ഒരു യാഥാർത്ഥ്യത്തിന്റെ ‘ഭാവങ്ങൾ’ അല്ലെങ്കിൽ വശങ്ങൾ ആണെന്ന് അദ്ദേഹം പറയുന്നു.

സമാഹൃതരചനകൾ സാരാംശത്തിൽ നാടകീയമാണ്‌, വിഭിന്നരൂപങ്ങളാണതിനുള്ളതെങ്കിലും- ഈ ഒന്നാം ഭാഗത്തിൽ ഗദ്യരചനകൾ, തുടർന്നുള്ളവയിൽ കവിതകളും ചിന്തകളും. ഏതു മനോഭാവം കൊണ്ടാണ്‌ ഞാൻ അനുഗ്രഹീതനാവുകയോ ശപ്തനാവുകയോ ചെയ്തത് (ഏതെന്നിനിക്കു തീർച്ചയില്ല), അതിന്റെ ഉല്പന്നം. എനിക്കാകെ അറിയാവുന്നത് ഇതാണ്‌: ഈ വരികളുടെ (ഈ പുസ്തകങ്ങളുടെയും കൂടിയാണോ എന്ന് എനിക്കു പറയാൻ പറ്റില്ല) കർത്താവിന്‌ ഒറ്റ വ്യക്തിത്വം ഒരിക്കലും ഉണ്ടായിരുന്നിട്ടില്ല, അയാളുടെ ചിന്തയും വികാരവും നാടകീയമല്ലാതിരുന്നിട്ടില്ല- എന്നു പറഞ്ഞാൽ, താൻ സൃഷ്ടിച്ച വ്യക്തികളിലൂടെ, അഥവാ വ്യക്തിത്വങ്ങളിലൂടെയാണ്‌, ചിന്തയുടേയും വികാരത്തിന്റെയും അനുഭവം അയാൾക്കുണ്ടാകുന്നത്.

നാടകങ്ങളും നോവലുകളുമെഴുതുന്ന എഴുത്തുകാരുണ്ട്; അവർ പലപ്പോഴും തങ്ങളുടെ കഥാപാത്രങ്ങൾക്ക് തങ്ങളുടേതല്ലെന്ന് അവർ ഊന്നിപ്പറയുന്ന വികാരങ്ങളും ആശയങ്ങളും ചാർത്തിക്കൊടുക്കാറുമുണ്ട്. ഇവിടെ സത്ത ഒന്നുതന്നെ, രൂപം വിവിധവും. 

ഇവിടെ എഴുത്തുകാരൻ തന്റെയുള്ളിൽ ജീവിക്കുന്ന ഓരോ വ്യക്തിത്വത്തിനും വ്യത്യസ്തമായ സ്വഭാവപ്രകൃതികൾ നല്കിയിരിക്കുന്നു, ഒന്നോ അതിലധികമോ പുസ്തകങ്ങളുടെ കർത്തൃത്വവും; അവയിലെ ആശയങ്ങൾക്കും വികാരങ്ങൾക്കും സാഹിത്യരൂപത്തിനും ഒരു ബന്ധവുമില്ല, അതിന്റെ യഥാർത്ഥത്തിലുള്ള എഴുത്തുകാരനുമായി (എന്താണ്‌ യാഥാർത്ഥ്യം എന്നു നമുക്കറിയില്ലാത്തിനാൽ പ്രത്യക്ഷത്തിലുള്ള എഴുത്തുകാരനുമായി എന്നുമാവാം); എഴുതുന്ന നേരത്ത് താൻ സൃഷ്ടിച്ച കഥാപാത്രങ്ങളുടെ ഒരു മാദ്ധ്യമമായി അയാൾ വർത്തിച്ചു എന്നുമാത്രം.

ഈ കൃതിക്കോ ഇനി വരാനുള്ളവയ്ക്കോ അവ എഴുതുന്നയാളുമായി ഒരു ബന്ധവുമില്ല. അവയിലുള്ളതുമായി അയാൾ യോജിക്കുകയോ വിയോജിക്കുകയോ ചെയ്യുന്നില്ല. കേട്ടെഴുതുന്നപോലെ അയാൾ എഴുതുന്നു. പറഞ്ഞെഴുതിക്കുന്ന വ്യക്തി തന്റെ സ്നേഹിതനാണെന്നപോലെ ( അതിനാൽ എഴുതാനാവശ്യപ്പെടാനുള്ള സ്വാതന്ത്ര്യം അയാൾക്കുണ്ടല്ലോ) അയാൾക്ക് ഈ കേട്ടെഴുത്ത് രസകരമായി തോന്നിക്കുകയും ചെയ്യുന്നു, ആ സൗഹൃദം കൊണ്ടു മാത്രം.

ഈ പുസ്തകങ്ങളുടെ കർത്താവായ മനുഷ്യന്‌ സ്വന്തമായി ഒരു വ്യക്തിത്വവുമില്ല. അങ്ങനെയൊന്ന് തനിക്കുള്ളിൽ ഉയർന്നുവരുന്നതായി എപ്പോഴൊക്കെ അയാൾക്കു തോന്നുന്നുവോ, അപ്പോഴൊക്കെ തൽക്ഷണം അയാൾക്കു ബോദ്ധ്യമുണ്ട്, ഈ പുതിയ സത്ത തന്നോടു സമാനമാണെങ്കിലും വ്യത്യസ്തമാണെന്ന്- ഒരു മാനസികസന്തതി എന്നു വേണമെങ്കിൽ പറയാം; തന്റെ ചില ലക്ഷണങ്ങൾ ആർജ്ജിച്ചിട്ടുണ്ടെങ്കിലും അയാളെ മറ്റൊരാളാക്കുന്ന ചില വ്യത്യസ്തതകൾ കൂടി അയാളിലുണ്ടെന്ന്. 

എഴുത്തുകാരനിലെ ഈ സ്വഭാവവിശേഷം ചിത്തോന്മാദത്തിന്റെ, അഥവാ ദ്വന്ദ്വവ്യക്തിത്വം എന്നു വ്യവഹരിക്കപ്പെടുന്നതിന്റെ പ്രകാശനമാണെന്ന വസ്തുത ഈ പുസ്തകങ്ങളുടെ രചയിതാവ് അംഗീകരിക്കുകയോ തിരസ്കരിക്കുകയോ ചെയ്യുന്നില്ല. സ്വന്തം ബഹുരൂപിയായ സ്വത്വത്തിന്റെ നിസ്സഹായനായ അടിമയായ സ്ഥിതിയ്ക്ക് ആ ബഹുത്വത്തിന്റെ അനന്തരഫലങ്ങളെക്കുറിച്ചുള്ള ഏതെങ്കിലുമൊരു സിദ്ധാന്തം അംഗീകരിക്കുന്നത് നിഷ്ഫലമാണയാൾക്ക്.

കലാരചനയ്ക്ക് ഇങ്ങനെയൊരു രീതിയുണ്ടെന്നത് വിചിത്രമായി തോന്നുക എന്നതല്ല അത്ഭുതപ്പെടുത്തുന്നത്, മറിച്ച് വിചിത്രമായി തോന്നാത്ത കാര്യങ്ങളുണ്ട് എന്നതാണ്‌ അത്ഭുതപ്പെടുത്തുന്നത്.

ഈ എഴുത്തുകാരന്റെ ഇപ്പോഴത്തെ സിദ്ധാന്തങ്ങളിൽ ചിലത് അയാളുടെ വ്യക്തിത്വത്തിലൂടെ (അങ്ങനെയൊന്ന് അയാൾക്കുണ്ടെങ്കിൽ) കടന്നുപോയ - ഒരു നിമിഷത്തേക്ക്, ഒരു ദിവസത്തേക്ക്, അല്ലെങ്കിൽ അതിലും കൂടിയ കാലയളവിലേക്ക്- ഈ വ്യക്തിത്വങ്ങളിൽ ഏതെങ്കിലുമൊന്ന് പ്രചോദിപ്പിച്ചതാണ്‌.

തന്റെ ആത്മാവിലൂടെ കടന്നുപോയ വിഭിന്നവും സുവ്യക്തവുമായ ഈ വ്യക്തിത്വങ്ങളെല്ലാം അസ്തിത്വമുള്ളവയാണോ എന്ന് ഉറപ്പിച്ചുപറയാൻ ഈ പുസ്തകങ്ങളുടെ ഗ്രന്ഥകാരനു കഴിവില്ല; അയാൾക്കറിയില്ലല്ലോ, അസ്തിത്വമുണ്ടായിരിക്കുക എന്നാൽ എന്താണെന്ന്, ഹാംലെറ്റാണോ ഷേക്സ്പിയറാണോ കൂടുതൽ യഥാർത്ഥം അല്ലെങ്കിൽ ശരിക്കും യഥാർത്ഥം എന്ന്.

ഈ സമാഹാരത്തിന്റെ ഇപ്പോഴത്തെ പ്ലാൻ ഇങ്ങനെയാണ്‌: ഈ ആദ്യത്തെ വോള്യം, അശാന്തിയുടെ പുസ്തകം, വിസേന്തെ ഗ്വെഡെസ് എന്നു സ്വയം വിളിക്കുന്ന ഒരാൾ എഴുതിയത്; ആല്ബെർട്ടോ കെയ്റോ (ഗ്വെഡോസിനെപ്പോലെ ഇദ്ദേഹവും മരിച്ചുപോയിരിക്കുന്നു, അതേ കാരണം കോണ്ടുതന്നെ) എഴുതിയ ആട്ടിടയൻ, കൂടെ മറ്റു കവിതകളും പൂർത്തിയാക്കാത്തവയും; 1889ൽ ലിസ്ബണിനടുത്തു ജനിച്ച കെയ്റോ താൻ ജനിച്ച സ്ഥലത്തുവച്ചുതന്നെ 1915ൽ മരിച്ചു. ഒരിക്കലും ഇല്ലാതിരുന്ന ഒരാളെക്കുറിച്ച് ഈ മട്ടിൽ സംസാരിക്കുന്നത് അയുക്തികമാണെന്നാണു നിങ്ങൾ പറയുന്നതെങ്കിൽ ഞാൻ മറുപടി പറയും,  ലിസ്ബണിന്റെ അസ്തിത്വത്തിനും എനിക്കൊരു തെളിവില്ലെന്ന്; അതുപോലെതന്നെ ഇതെഴുതുന്ന എനിക്കോ ഇനി മറ്റെന്തായാലും അതിനോ ഒരു തെളിവുമില്ലെന്ന്.

ഈ ആല്ബെർട്ടോ കെയ്റോയ്ക്ക് രണ്ടു ശിഷ്യന്മാരും ആശയപരമായി ഒരനുയായിയും ഉണ്ടായിരുന്നു. ശിഷ്യന്മാർ രണ്ടുപേരും, റിക്കാർഡോ റെയ്സും അല്വാരോ ദെ കാമ്പോസും, വിഭിന്നമായ പാതകളിലൂടെ പോയവരാണ്‌. ഒന്നാമൻ കെയ്റോ കണ്ടെത്തിയ പാഗനിസത്തെ തീവ്രതരമാക്കുകയും അതിനെ കലാത്മകമായി യാഥാസ്ഥിതികമാക്കുകയും ചെയ്തു; മറ്റേയാൾ കെയ്റോയുടെ രചനയുടെ മറ്റൊരു ഭാഗത്തെ ആധാരമാക്കി ശാരീരികവും വൈകാരികവുമായ അനുഭൂതികളുടെ മാത്രം അടിസ്ഥാനത്തിൽ തീർത്തും വിഭിന്നമായ മറ്റൊരു ചിന്താപദ്ധതി വികസിപ്പിച്ചെടുത്തു. ആശയാനുയായിയായ അന്തോണിയോ മോറ (പേരുകൾ ആ വ്യക്തിത്വങ്ങളെപ്പോലെതന്നെ അനിവാര്യവും എന്നിൽ നിന്നു സ്വതന്ത്രവുമാണ്‌) എഴുതേണ്ട ഒന്നോ രണ്ടോ പുസ്തകങ്ങളിൽ പാഗനിസത്തിന്റെ അതിഭൗതികവും പ്രായോഗികവുമായ യാഥാർത്ഥ്യം അവിതർക്കിതമായി സ്ഥാപിക്കും. ഈ പാഗൻ സ്കൂളിലെ രണ്ടാമത്തെയൊരു ദാർശനികൻ (അയാളുടെ പേര്‌ എന്റെ ഉൾക്കണ്ണിലോ കാതിലോ ഇനിയും പതിഞ്ഞിട്ടില്ല) തീർത്തും വിഭിന്നമായ വാദങ്ങളെ ആധാരമാക്കി അതിനൊരു ന്യായീകരണം തയ്യാറാക്കുന്നതാണ്‌.

ഇതുപോലെ കലർപ്പറ്റ യാഥാർത്ഥ്യമുള്ള വേറെയും വ്യക്തികൾ ഭാവിയിൽ പ്രത്യക്ഷരായെന്നുവരാം, വന്നില്ലെന്നും വരാം; അതെന്തായാലും അവർക്കെല്ലാം എന്റെ ആന്തരജീവിതത്തിലേക്ക് എപ്പോഴും സ്വാഗതമുണ്ട്; ബാഹ്യയാഥാർത്ഥ്യവുമായി ജീവിക്കാൻ എനിക്കു കഴിയുന്നതിനെക്കാൾ നന്നായി അവർക്ക് എനിക്കൊപ്പം ജീവിക്കുകയും ചെയ്യാം. അവരുടെ സിദ്ധാന്തങ്ങളുടെ ചില ഭാഗങ്ങളുമായി എനിക്കു യോജിപ്പാണെന്നും ചില ഭാഗങ്ങളുമായി എനിക്കു യോജിപ്പില്ലെന്നും ഞാൻ പറയേണ്ടതില്ലല്ലോ. അതു പക്ഷേ, കാര്യമാക്കാനില്ല. അവർ സുന്ദരമായ കാര്യങ്ങളാണെഴുതുന്നതെങ്കിൽ അവ സുന്ദരമാണ്‌, ‘യഥാർത്ഥത്തിൽ’ അതെഴുതിയത് ആരാണെന്ന ദാർശനികസന്ദേഹങ്ങൾ എന്തായാലും. തങ്ങളുടെ തത്വശാസ്ത്രങ്ങളിൽ സത്യമായ കാര്യങ്ങളാണ്‌ അവർ പറയുന്നതെങ്കിൽ - ഒന്നിനും അസ്തിത്വമില്ലാത്ത ഒരു ലോകത്ത് സത്യത്തിന്‌ അസ്തിത്വമുണ്ടെന്നു സങ്കല്പിക്കുകയാണെങ്കിൽ- അവ സത്യമായിരിക്കും, പറയുന്നവരുടെ ഉദ്ദേശ്യമോ ‘യാഥാർത്ഥ്യ’മോ കണക്കാക്കാതെതന്നെ.

ഞാൻ എന്താണോ, അതായി സ്വയം സൃഷ്ടിച്ച ഞാൻ- ഏറ്റവും മോശമായ അർത്ഥത്തിൽ, ഗംഭീരസ്വപ്നങ്ങളുമായി നടക്കുന്ന ഒരു ഭ്രാന്തൻ, ഏറ്റവും നല്ല അർത്ഥത്തിൽ, വെറുമൊരെഴുത്തുകാരൻ മാത്രമല്ല, ഒരു സാഹിത്യമാകെത്തന്നെ- എന്നെ മാത്രമല്ല വിനോദിപ്പിക്കുന്നത്, പ്രപഞ്ചത്തെക്കൂടിയാണ്‌; എന്തെന്നാൽ, മരിക്കുമ്പോൾ സുന്ദരമായ ഒരു വരി ശേഷിപ്പിച്ചിട്ടു പോകുന്നയാൾ ഭൂമിയും ആകാശവും അല്പം കൂടി സമ്പുഷ്ടമാക്കിയിട്ടാണു പോകുന്നത്; നക്ഷത്രങ്ങളും മനുഷ്യരും കുറച്ചുകൂടി വൈകാരികനിഗൂഢതയുള്ളതാവാൻ കാരണമാവുകയുമാണയാൾ.

സാഹിത്യത്തിന്റെ വർത്തമാനകാലദുർഭിക്ഷതയുടെ വെളിച്ചത്തിൽ ജീനിയസായ ഒരാൾക്കെന്തു ചെയ്യാൻ കഴിയും, തന്നെത്തന്നെ സാഹിത്യമാക്കി മാറ്റുകയല്ലാതെ? തനിക്കു പൊരുത്തപ്പെട്ടുപോകാൻ കഴിയുന്നവർ അത്ര ദുർലഭമായിരിക്കെ സംവേദനശീലനായ ഒരാൾ എന്തു ചെയ്യാൻ, തനിക്കു വേണ്ട സുഹൃത്തുക്കളെ, ധൈഷണികസഹചാരികളെയെങ്കിലും, സ്വന്തമായി സൃഷ്ടിക്കുകയല്ലാതെ?

ഈ കൃതികൾ പേരു വയ്ക്കാതെ പ്രസിദ്ധീകരിക്കുന്നതിനെക്കുറിച്ച് ആദ്യം ഞാൻ ആലോചിച്ചിരുന്നു, എന്നെക്കുറിച്ച് ഒരു പരാമർശവുമില്ലാതെ; പല എഴുത്തുകാർ- എല്ലാവരും വ്യത്യസ്തരാണ്‌- സഹകരിക്കുകയും ഒരുമിച്ചു മുന്നോട്ടു കൊണ്ടുപോവുകയും ചെയ്യുന്ന ഒരു പോർച്ചുഗീസ് നവപാഗനിസം സ്ഥാപിക്കുക. എന്നാൽ ആ നാട്യം നിലനിർത്തുക (ആരും രഹസ്യം പുറത്താക്കിയില്ലെങ്കിലും) പോർച്ചുഗലിന്റെ ചെറിയ ധൈഷണികപരിസരത്ത് മിക്കവാറും അസാദ്ധ്യമായിരിക്കും, അതിനു വേണ്ടിവരുന്ന മാനസികയത്നത്തിനു നിരക്കുന്നതായിരിക്കില്ല അതിൽ നിന്നു തിരിച്ചുകിട്ടുക.

‘യഥാർത്ഥലോക’ത്തെ ബാഹ്യം എന്നു വിളിക്കുന്നതുകൊണ്ടു മാത്രം ആന്തരം എന്നു ഞാൻ വ്യവഹരിക്കുന്ന ആ ദൃശ്യത്തിൽ വ്യക്തവും വ്യതിരിക്തവുമായി ഞാൻ കാണുന്നുണ്ട്, ആ വ്യത്യസ്തകഥാപാത്രങ്ങളുടെ പരിചിതവും സുവിശദവുമായ മുഖലക്ഷണങ്ങൾ, സ്വഭാവഗുണങ്ങൾ, ജീവിതകഥകൾ, വംശപരമ്പരകൾ, ചിലരുടെ കാര്യത്തിൽ മരണം പോലും. അവരിൽ ചിലർ പരസ്പരം കണ്ടിട്ടുണ്ട്, ചിലർ തമ്മിൽ കണ്ടിട്ടില്ല. അല്വാരോ ദെ കാമ്പോസല്ലാതെ മറ്റാരും എന്നെ നേരിൽ കണ്ടിട്ടില്ല. എന്നാൽ നാളെ, അമേരിക്കയിലൂടെ യാത്ര ചെയ്യുമ്പോൾ റിക്കാർഡോ റെയ്സ് എന്ന ഭൗതികവ്യക്തി എതിരേ വരുന്നതായി ഞാൻ കണ്ടാൽ (എന്റെ അഭിപ്രായത്തിൽ അയാൾ അവിടെയാണ്‌ ജീവിക്കുന്നത്) ആശ്ചര്യത്തിന്റെ ലവലേശം പോലും എന്റെയാത്മാവ് എന്റെ ശരീരത്തിലേക്കു കൈമാറാൻ പോകുന്നില്ല. ഒന്നിനും ഒരു മാറ്റവും ഉണ്ടാവില്ല, ആ കൂടിക്കാഴ്ചയ്ക്കു മുമ്പെങ്ങനെയോ അതുപോലെ. എന്താണ്‌ ജീവിതം?


നിങ്ങൾ ഈ പുസ്തകങ്ങളെ സമീപിക്കേണ്ടത് ഈ വിശദീകരണം നിങ്ങൾ വായിച്ചിട്ടില്ലെന്നപോലെയായിരിക്കണം; ഒരു പുസ്തകക്കടയിൽ അവ പ്രദർശിപ്പിച്ചു വച്ചിരിക്കുന്നതു കണ്ടിട്ട് നിങ്ങൾ കയറിച്ചെല്ലുകയും ഓരോ പുസ്തകമായി വാങ്ങുകയും പിന്നെ വായിച്ചുതുടങ്ങുകയുമായിരുന്നു. മറ്റൊരു മനോഭാവത്തോടെയും നിങ്ങളവ വായിക്കരുത്. ഹാംലെറ്റ് വായിക്കുമ്പോൾ നടന്നിട്ടില്ലാത്ത കഥയാണത് എന്നു സ്വയം ഓർമ്മപ്പെടുത്തിക്കൊണ്ടല്ലല്ലോ നിങ്ങൾ തുടങ്ങുന്നത്. അങ്ങനെ ചെയ്താൽ അതു വായിക്കുന്നതിൽ നിന്നു കിട്ടുമെന്നു നിങ്ങളാശിച്ച ആ ആനന്ദത്തെത്തന്നെ കെടുത്തുകയായിരിക്കും നിങ്ങൾ ചെയ്യുന്നത്. വായിക്കുമ്പോൾ ജീവിക്കുന്നതു നാം നിർത്തുന്നു. അതായിരിക്കട്ടെ നിങ്ങളുടെ മനോഭാവം. ജീവിക്കുന്നതു നിർത്തുക, വായിച്ചുതുടങ്ങുക. എന്താണ്‌ ജീവിതം?

എന്നാൽ ഇവിടെ, ഒരു കവിയുടെ നാടകീയരചനകളുടെ കാര്യത്തിലെന്നതിനെക്കാൾ തീവ്രമായി, ഉണ്ടെന്നു പറയുന്ന ഒരെഴുത്തുകാരന്റെ സജീവസാന്നിദ്ധ്യത്തെ നിങ്ങൾക്കു നേരിടേണ്ടിവരും. എന്നുവച്ച് എന്റെ വിശദീകരണം വിശ്വസിക്കാനുള്ള അവകാശം നിങ്ങൾക്കുണ്ടെന്നു വരുന്നില്ല. വായിക്കുമ്പോൾത്തന്നെ നിങ്ങൾ കരുതണം, ഞാൻ നുണ പറയുകയായിരുന്നുവെന്ന്- വ്യത്യസ്തരായ കവികളുടെ അല്ലെങ്കിൽ വ്യത്യസ്തരായ എഴുത്തുകാരുടെ പുസ്തകങ്ങളാണ്‌ താൻ വായിക്കാൻ പോകുന്നതെന്ന്, ആ എഴുത്തുകാരുടെ വികാരങ്ങൾ താൻ സ്വീകരിക്കുകയാണെന്നും അവരുടെ പാഠങ്ങൾ പഠിക്കുകയാണെന്നും, ഒരു പ്രസാധകൻ എന്ന നിലയില്ലാതെ ഒരു ബന്ധം എനിക്കവരോടില്ലെന്ന്. വസ്തുക്കളുടെ അഭേദ്യമായ യാഥാർത്ഥ്യവുമായി ഏറ്റവും ചേർന്നുപോകുന്ന മനോഭാവമല്ല ഇതെന്ന് നിങ്ങൾക്കെങ്ങനെ അറിയാം? ...


2025 ഓഗസ്റ്റ് 21, വ്യാഴാഴ്‌ച

പാബ്ലോ നെരൂദ - മകൻ

 


നിനക്കറിയാമോ മകനേ, 
നീയെവിടുനിന്നു വന്നുവെന്നു നിനക്കറിയാമോ?
വെളുത്ത കടല്ക്കാക്കകളാർത്തിയോടെ പറന്നുനടക്കുന്ന
ഒരു തടാകത്തിൽ നിന്ന്.

മഞ്ഞുറഞ്ഞ തടാകത്തിന്റെ കരയിൽ
അന്യോന്യമാത്മാവിനെച്ചുംബിച്ചു തളർന്ന ചുണ്ടുകളാൽ
അവളും ഞാനുമൊരാഴി കൂട്ടി,
അതിൽ ഞങ്ങൾ വാരിയിട്ടു ദഹിപ്പിച്ചു, 
ഞങ്ങൾക്കുതെല്ലാം,
ഞങ്ങളുടെ ജീവിതങ്ങൾ.

അങ്ങനെയത്രേ ഈ ലോകത്തേക്കു നീ വന്നു.

ഒരുനാളവൾ പക്ഷേ, കടലുകൾ താണ്ടിപ്പോയി,
എന്നെക്കാണാൻ, നിന്നെയും കാണാൻ;
അവളുടെ കൃശമായ അരക്കെട്ടിൽ ചുറ്റിപ്പിടിക്കാൻ
ലോകം മുഴുവൻ ഞാനലഞ്ഞു,
മണലും മുള്ളും മലയും യുദ്ധവും നിറഞ്ഞ
ഈ മണ്ണിൽ.

അങ്ങനെയത്രേ, ഈ ലോകത്തേക്കു നീ വന്നു.

നീ വരുന്നതത്രയുമിടങ്ങളിൽ നിന്ന്,
മണ്ണിലും നീരിലും നിന്ന്,
മഞ്ഞിലും തീയിലും നിന്ന്,
ഞങ്ങൾ രണ്ടുപേരിലേക്കു നീ വന്നു,
അത്രയും ദൂരത്തു നിന്ന്,
ഞങ്ങളെ തളച്ചിട്ട ഭീഷണപ്രണയത്തിൽ നിന്ന്;
നിയേതുപോലെയെന്ന്,‘
ഞങ്ങളോടു നീയെന്തു പറയുമെന്ന് ഞങ്ങൾക്കറിയണം,
ഞങ്ങൾ നിനക്കു നല്കിയ ലോകത്തെക്കുറിച്ചു
നിനക്കാണല്ലോ കൂടുതലറിയുക.

ഒരു ഹരിതചണ്ഡവാതം പോലെ
ജീവിതവൃക്ഷത്തെ
ഞങ്ങൾ പിടിച്ചുകുലുക്കി,
അടിയിലൊളിച്ച വേരിന്റെ നാരുകളടരുവോളം;
അപ്പോഴതാ, ഇലച്ചാർത്തിൽ
പാടിക്കൊണ്ടു നീ പ്രത്യക്ഷനാകുന്നു,
നിന്നെക്കൊണ്ടു ഞങ്ങൾക്കെത്തുന്ന
അങ്ങേയറ്റത്തെച്ചില്ലയിൽ.
*

2025 ഓഗസ്റ്റ് 20, ബുധനാഴ്‌ച

പെസൊവ- കൂനുള്ള ഒരു പെൺകുട്ടി ഒരു ലോഹപ്പണിക്കാരനെഴുതിയ കത്ത്

 പെസൊവയുടെ എഴുപതിലധികം അപരവ്യക്തിത്വങ്ങളിൽ ഒരു സ്ത്രൈണരൂപവും ഉണ്ടായിരുന്നു, മരിയ ഹൊസെ. കൂനിയായ മരിയ ഹൊസെ ഒരു ലോഹപ്പണിക്കാരനെഴുതിയ ഈ കത്തിൽ അവൾ ഉൾപ്പെടുന്ന സാമൂഹ്യശ്രേണിയുടെ ഭാഷാശൈലി, ലളിതവും വളച്ചുകെട്ടി പറയുന്നതും, നന്നായി ഉപയോഗിച്ചിരിക്കുന്നു. പ്രണയത്തിന്റെയും ലൈംഗികതയുടെയും കാര്യത്തിൽ പൊതുവേ താല്പര്യമില്ലാത്ത പെസൊവ ഈ കത്തിൽ ഒരു പുരുഷനോടുള്ള ഒരു സ്ത്രീയുടെ ഹതാശമായ പ്രണയം ആവിഷ്കരിക്കുന്നതിൽ വിജയിച്ചിട്ടുമുണ്ട്.


പ്രിയപ്പെട്ട സെനോർ അന്തോണിയോ,

നിങ്ങൾ ഈ കത്ത് വായിക്കാൻ പോകുന്നില്ലെന്നെനിക്കറിയാം; ഞാനും ഇത് രണ്ടാമതൊന്നു വായിക്കുകയില്ല; കാരണം, ക്ഷയരോഗം ബാധിച്ച് മരണത്തോടടുക്കുകയാണു ഞാൻ. പക്ഷേ, എന്റെ മനസ്സിലുള്ളത് എനിക്കെഴുതാതെയും പറ്റില്ല, അല്ലെങ്കിൽ അമർത്തിവയ്ക്കാൻ പറ്റാതെ ഞാൻ പൊട്ടിത്തെറിച്ചുപോകും.

ഞാനാരാണെന്ന് നിങ്ങൾക്കറിയില്ല, അല്ലെങ്കിൽ, അറിഞ്ഞാൽത്തന്നെയും അറിയാത്തപോലെയാണത്. ലോഹപ്പണിയ്ക്കു പോകുന്ന വഴി ഞാൻ നിങ്ങളെ ജനാലയ്ക്കൽ നിന്നു നോക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ട്; നിങ്ങൾ പോകുന്ന സമയം എനിക്കറിയാവുന്നതുകൊണ്ട് ഞാൻ കാത്തുനില്ക്കാറുള്ളതാണല്ലോ. ഒരു മഞ്ഞക്കെട്ടിടത്തിന്റെ രണ്ടാം നിലയിൽ ജീവിക്കുന്ന ഒരു കൂനിപ്പെണ്ണിനെക്കുറിച്ച് നിങ്ങൾക്കെന്നെങ്കിലും ചിന്തയുണ്ടായിട്ടുണ്ടോയെന്ന് എനിക്കു സംശയമാണ്‌; എന്നാൽ ഞാൻ നിങ്ങളെക്കുറിച്ചു ചിന്തിക്കാത്ത സമയമില്ല. നിങ്ങൾക്കൊരു കാമുകിയുണ്ടെന്ന് എനിക്കറിയാം- പൊക്കമുള്ള, സ്വർണ്ണമുടിയുള്ള ആ സുന്ദരി. എനിക്കവളോട് അസൂയ തോന്നുന്നുണ്ടെങ്കിലും സ്പർദ്ധയില്ല, കാരണം, എനിക്കു നിങ്ങൾക്കു മേൽ ഒരവകാശവുമില്ലല്ലോ, അസൂയ തോന്നാനുള്ള അവകാശം പോലും. എനിക്കു നിങ്ങളോടിഷ്ടമാണെന്ന കാരണം കൊണ്ടുമാത്രം ഞാൻ നിങ്ങളെ ഇഷ്ടപ്പെടുന്നു; ഞാൻ മറ്റൊരു സ്ത്രീയായിരുന്നെങ്കിൽ, മറ്റൊരു ശരീരവും മറ്റൊരു വ്യക്തിത്വവുമുള്ള ഒരു സ്ത്രീയായിരുന്നെങ്കിൽ എന്നും ഞാൻ ആഗ്രഹിക്കുന്നു; എങ്കിൽ തെരുവിലേക്കു നടന്നുവന്ന് എനിക്കു നിങ്ങളോടു സംസാരിക്കാമായിരുന്നല്ലോ. ഇനി നിങ്ങളതു ശ്രദ്ധിച്ചില്ലെങ്കില്പോലും നിങ്ങളെ കാണാനും സംസാരിക്കാനും എനിക്കിഷ്ടവുമാണ്‌.

ഈ രോഗവും വച്ച് എനിക്കു പിടിച്ചുനില്ക്കാനുള്ളത് നിങ്ങൾ മാത്രമാണ്‌; നിങ്ങൾക്കതിനെക്കുറിച്ചറിയില്ലെങ്കിലും അക്കാര്യത്തിന്‌ എനിക്കു നിങ്ങളോടു നന്ദിയുമുണ്ട്. ഇഷ്ടം തോന്നുന്ന ശരീരങ്ങളുള്ളവരോടു തോന്നുന്ന ഇഷ്ടം എന്നോടൊരിക്കലും തോന്നാൻ പോകുന്നില്ല എന്നെനിക്കറിയാമെങ്കിലും തിരിച്ചിഷ്ടപ്പെടാത്തവരെ ഇഷ്ടപ്പെടാനുള്ള അവകാശം എനിക്കുണ്ടല്ലോ; കരയാനുള്ള അവകാശവും എനിക്കുണ്ട്, കാരണം, അതെല്ലാവർക്കുമുള്ള ഒരവകാശമാണ്‌.

ഒരിക്കൽ മാത്രം നിങ്ങളോടു സംസാരിച്ചിട്ടു മരിക്കണമെന്നേ എനിക്കാഗ്രഹമുള്ളു; എന്നാൽ അതിനുള്ള ധൈര്യമോ മാർഗ്ഗമോ എനിക്കു കിട്ടാൻ പോകുന്നില്ല. എനിക്കു നിങ്ങളെ എന്തുമാത്രം ഇഷ്ടമാണെന്നു നിങ്ങളറിയണമെന്ന് എനിക്കാഗ്രഹമുണ്ട്; എന്നാൽ അറിഞ്ഞാലും നിങ്ങൾക്കതിനെ വിലയുണ്ടാവില്ല എന്ന പേടിയുമുണ്ട്. അതങ്ങനെയാണോ എന്നു കണ്ടുപിടിക്കുന്നതിനു മുമ്പുതന്നെ അതങ്ങനെയാണ്‌ എന്ന തീർച്ച എനിക്കു തോന്നുന്നതിനാൽ എന്നെങ്കിലും അതു കണ്ടുപിടിക്കാൻ ശ്രമം നടത്താൻ പോലുമാകാത്ത മട്ടിൽ എനിക്കു സങ്കടം തോന്നുന്നു.

ജന്മനാ ഞാൻ കൂനിയാണ്‌, അതിന്റെ പേരിൽ എന്നും ഞാൻ പരിഹസിക്കപ്പെടുന്നുമുണ്ട്. കൂനികൾ ദുഷ്ടകളായിരിക്കും എന്നൊരു ധാരണയുണ്ടെങ്കിലും ഞാനാരെയും ഇതേവരെ ദ്രോഹിച്ചിട്ടില്ല. അതിനും പുറമേ, രോഗിയായതിനാൽ കോപം തോന്നാനുള്ള ശക്തികൂടി എനിക്കില്ല. എനിക്കു പത്തൊമ്പതു വയസ്സായി; എന്തുകാര്യത്തിനാണ്‌ ഇത്രയും കാലം ജീവിച്ചതെന്ന് എനിക്കു മനസ്സിലാകുന്നില്ല. ഞാൻ രോഗിയാണ്‌, അതിന്റെ പേരിൽ ആർക്കുമെന്നോടു സഹതാപമില്ല; ഉണ്ടെങ്കിൽ അതു ഞാൻ കൂനിയായതുകൊണ്ടാണ്‌; അതാണെങ്കിൽ എന്റെ ക്ലേശങ്ങളിൽ ഏറ്റവും ചെറുതുമാണ്‌; കാരണം, എന്നെ വേദനിപ്പിക്കുന്നത് ആത്മാവാണ്‌, ശരീരമല്ല, എന്റെ കൂന്‌ എന്നെ വേദനിപ്പിക്കുന്നതേയില്ല.

കാമുകിയുടെ കൂടെയുള്ള നിങ്ങളുടെ ജീവിതം എങ്ങനെ പോകുന്നു എന്നറിയാൻ പോലും എനിക്കാഗ്രഹമുണ്ട്, കാരണം, എനിക്കു പറഞ്ഞിട്ടില്ലാത്ത ഒരു ജീവിതമാണത്, എന്റെ ജീവിതം മിക്കവാറും കഴിഞ്ഞു എന്നതിനാൽ വിശേഷിച്ചും.

നിങ്ങളെക്കുറിച്ച് ഒന്നുമറിയാത്ത ഞാൻ ഇത്രയും എഴുതിയതിൽ ക്ഷമിക്കണേ; എന്തായാലും നിങ്ങളിതു വായിക്കാൻ പോകുന്നില്ല, വായിച്ചാൽത്തന്നെ ഇത് നിങ്ങൾക്കെഴുതിയതാണെന്നു നിങ്ങൾ മനസ്സിലാക്കാൻ പോകുന്നുമില്ല, അല്ലെങ്കിൽ നിങ്ങളിതിനെ കാര്യമായിട്ടെടുക്കാൻതന്നെ പോകുന്നുമില്ല. ഒരു ജനാലയ്ക്കടുത്തു സദാസമയവും കഴിച്ചുകൂട്ടേണ്ടിവരുന്ന ഒരു കൂനിയാവുക എന്നാൽ എത്ര ദുഃഖകരമാണെന്ന് ഒരു നിമിഷത്തേക്കു നിങ്ങൾ ചിന്തിക്കുമെന്ന് ഞാൻ ആഗ്രഹിക്കുകയാണ്‌; അമ്മയ്ക്കും സഹോദരിമാർക്കുമല്ലാതെ മറ്റാർക്കും എന്നെ ഇഷ്ടമില്ല; അവർ കുടുംബാംഗങ്ങളാണെന്നതിനാൽ അവർക്കു വേറേ നിവൃത്തിയുമില്ലല്ലോ. എല്ലുകൾ അകം പുറം തിരിഞ്ഞ ഒരു പാവയ്ക്ക് (ആരോ എന്നെക്കുറിച്ച് അങ്ങനെ പറയുന്നത് ഒരിക്കൽ ഞാൻ കേട്ടിരുന്നു) അത്രയെങ്കിലും അവർ ചെയ്തുകൊടുക്കണമല്ലോ.

ഒരു ദിവസം കാലത്ത്, നിങ്ങൾ പണിയ്ക്കു പോകുന്ന സമയത്ത് എന്റെ ജനാലയ്ക്കെതിരെയുള്ള തെരുവിന്റെ ഭാഗത്ത് ഒരു പൂച്ച ഒരു നായയുമായി കടിപിടി കൂടുന്നത് ഞങ്ങളെല്ലാവരും കണ്ടുനില്ക്കുകയായിരുന്നു; മൂലയ്ക്കലെ ബാർബർഷാപ്പിനു മുന്നിൽ മാനുവൽ ദസ് ബാർബാസിന്റെ കൂടെ  നിങ്ങളും അതു നോക്കിനിന്നു. നിങ്ങൾ പെട്ടെന്ന് എന്റെ ജനാലയുടെ നേർക്കു നോക്കുകയും ഞാൻ ചിരിക്കുന്നതു കണ്ട് നിങ്ങളും ചിരിക്കുകയും ചെയ്തു. നമ്മൾ രണ്ടുപേർ മാത്രമായി ഒറ്റയ്ക്കാവുന്നത് (അങ്ങനെ പറയാമെങ്കിൽ) ആ സമയത്തു മാത്രമായിരുന്നു, എനിക്കെന്നെങ്കിലും ആശിക്കാവുന്നത്ര നമ്മൾ ഒറ്റയ്ക്കാവുന്നത് അന്നു മാത്രമായിരുന്നു.

നിങ്ങൾ കടന്നുപോകുമ്പോൾ അന്നത്തെപ്പോലെ മറ്റെന്തെങ്കിലും നടക്കണേയെന്ന് ഞാൻ എന്തുമാത്രം ആശിച്ചിട്ടുണ്ടെന്നു നിങ്ങൾക്കറിയാമോ? എങ്കിൽ, നോക്കിനില്ക്കുന്ന നിങ്ങളെ എനിക്കും നോക്കിനില്ക്കാമെന്നും ഒരുവേള നിങ്ങൾ മുഖമുയർത്തി എന്നെ നോക്കിയേക്കാമെന്നും എനിക്കപ്പോൾ നിങ്ങളെയും നോക്കാമെന്നും എന്റെ നേർക്കു നിർന്നിമേഷം നോട്ടമെറിയുന്ന കണ്ണുകൾ എനിക്കപ്പോൾ കാണാമെന്നുമായിരുന്നു എന്റെ സ്വപ്നം.

പക്ഷേ ആഗ്രഹിക്കുന്നതൊന്നും എനിക്കൊരിക്കലും കിട്ടാറില്ല, ആ വിധത്തിലാണ്‌ ഞാൻ ജനിച്ചിരിക്കുന്നത്; ജനാലയിലൂടെ പുറത്തേക്കു നോക്കണമെങ്കിൽത്തന്നെ കസേരയുടെ ചുവട്ടിൽ ഒരു തട്ടെടുത്തുവയ്ക്കണം. പകൽ മുഴുവൻ ഞാൻ ആളുകൾ അമ്മയ്ക്കു വായിക്കാൻ കൊടുക്കുന്ന ഫാഷൻ മാസികകളും മറിച്ചുനോക്കി ഇരിക്കും; എന്റെ ചിന്തകളപ്പോൾ മറ്റുപലതുമായിരിക്കും; അതു കാരണം, ഇന്ന സ്കേർട്ട് എങ്ങനെയുണ്ടെന്നോ ഇംഗ്ലണ്ടിലെ രാജ്ഞിയോടൊപ്പം ചിത്രത്തിൽ കാണുന്നത് ആരാണെന്നോ അവർ എന്നോടു ചോദിക്കുമ്പോൾ പലപ്പോഴും ഞാൻ വിഷമിച്ചുപോകും; എനിക്കതറിയില്ല എന്നതിനാൽ, എന്നെ സംബന്ധിച്ചിടത്തോളം സാദ്ധ്യമല്ലാത്ത കാര്യങ്ങളാണ്‌ ഞാൻ മനസ്സിൽ കണ്ടിരുന്നത് എന്നതിനാൽ, മനസ്സിൽ വച്ചുകൊണ്ടിരുന്നാൽ ചിരിയിലോ കരച്ചിലിലോ എന്നെക്കൊണ്ടെത്തിക്കുമായിരുന്നു അവയെന്നതിനാൽ. 

എന്നിട്ടെല്ലാവരും എന്നോടു ക്ഷമിക്കുകയും ചെയ്യുന്നു; എന്തോ പൊട്ടത്തരം കൊണ്ടാണ്‌, അല്ലാതെ ബുദ്ധിശൂന്യയായതുകൊണ്ടല്ല ഞാൻ അങ്ങനെ പെരുമാറിയതെന്ന് അവർ ചിന്തിക്കുന്നു; അവർ അങ്ങനെ ചിന്തിക്കുന്നതിൽ എനിക്കു പ്രശ്നവുമില്ല, കാരണം, എന്റെ ശ്രദ്ധ തെറ്റിയതിനു വിശദീകരണം നല്കുന്നതിൽ നിന്ന് എനിക്കപ്പോൾ രക്ഷപ്പെടാമല്ലോ.

ഒരു ഇളംനീല സൂട്ടുമിട്ട് നിങ്ങൾ കടന്നുപോയ ആ ഞായറാഴ്ചദിവസം ഞാൻ ഇന്നുമോർമ്മിക്കുന്നു. അത് ഇളംനീലയായിരുന്നില്ല; കട്ടിയുള്ള കമ്പിളി കൊണ്ടുള്ള ഒരു സൂട്ടിനു സാധാരണയുള്ള അത്രയും ഇരുണ്ട നീലനിറം ഉണ്ടായിരുന്നില്ലെന്നു മാത്രം. നിങ്ങളെ കാണാൻ ആ സുന്ദരമായ പകൽ പോലെയുണ്ടായിരുന്നു; ആ ദിവസമെന്നപോലെ മറ്റെല്ലാവരോടും എനിക്കസൂയ തോന്നിയ ഒരു ദിവസം ഉണ്ടായിട്ടില്ല. എന്നാൽ എനിക്കു നിങ്ങളുടെ കാമുകിയോട് അസൂയയൊന്നും തോന്നിയില്ല, അവളെ കാണാനാണ്‌ നിങ്ങൾ പോകുന്നതെങ്കില്ക്കൂടി; കാരണം, ഞാൻ ചിന്തിച്ചത് നിങ്ങളെക്കുറിച്ചു മാത്രമാണല്ലോ. അതുകൊണ്ടാണ്‌ മറ്റെല്ലാവരോടും എനിക്കസൂയ തോന്നിയത്; യുക്തിയില്ലെന്നു തോന്നാമെങ്കിലും അങ്ങനെയാണത്.

കൂനുള്ളതു കൊണ്ടല്ല, ഞാനെപ്പോഴും ജനാലയ്ക്കൽത്തന്നെ കഴിച്ചുകൂട്ടുന്നത്, കാലുകളിൽ ഒരുതരം സന്ധിവീക്കവും എനിക്കുണ്ട്. അതുകാരണം അനങ്ങാൻ എനിക്കു കഴിയാറില്ല. അതിനാൽ ഫലത്തിൽ ഒരു ഞൊണ്ടിയാണു ഞാൻ, കൂടെത്താമസിക്കുന്നവർക്ക് വല്ലാത്തൊരു ശല്യം. വേറൊരു വഴിയില്ലാത്തതു കൊണ്ടാണ്‌ എല്ലാവരും തന്നെ സഹിച്ചുകഴിയുന്നത് എന്നറിയുക എന്നാലെന്താണെന്ന് നിങ്ങൾക്കൂഹിക്കാൻ പറ്റില്ല; ജനാലയിൽ നിന്നു പുറത്തേക്കു ചാടാൻ തോന്നുന്ന വിധത്തിൽ ചിലപ്പോഴെന്റെ മനസ്സിടിഞ്ഞുപോവാറുമുണ്ട്; അതെന്തൊരു കാഴ്ചയാണുണ്ടാക്കുക എന്നെന്നോർത്തുനോക്കൂ! ഞാൻ ചാടുന്നതു കാണുന്നവർ പോലും ചിരിക്കുകയേയുള്ളു; ജനാല അത്രയും താഴ്ന്നിട്ടായതിനാൽ ഞാൻ ചാവുകയുമില്ല, മറ്റുള്ളവർക്കു കൂടുതൽ ഭാരമാവുകയാണു ചെയ്യുക. കയ്യും കാലുമിട്ടടിച്ച്, ബ്ലൗസിനുള്ളിലൂടെ എറിച്ചുനില്ക്കുന്ന കൂനുമായി ഒരു കുരങ്ങിനെപ്പോലെ തെരുവിൽ വീണുകിടക്കുന്ന എന്നെ എനിക്കു മനസ്സിൽ കാണാം; എല്ലാവർക്കും എന്നോടു സഹതാപം തോന്നണമെന്നുണ്ടെങ്കിലും ഒരറപ്പാണവർക്കു തോന്നുന്നത്, അല്ലെങ്കിൽ അവർക്കു ചിരിതന്നെ വരുന്നുണ്ട്, കാരണം, ആളുകൾ അവരെന്താണോ, അതാണല്ലോ, അല്ലാതെ അവർ അവരാഗ്രഹിക്കുന്നതല്ലല്ലോ. 

നിങ്ങൾ പോവുകയും വരികയും ചെയ്യുന്നു; നിങ്ങൾക്കറിയില്ല, വെറുമൊരു നിസ്സാരനാവുക എന്നാൽ എത്ര മോശമാണതെന്ന്. പകൽ മുഴുവൻ ജനാലയ്ക്കലിരുന്ന് ആളുകൾ വരുന്നതും പോകുന്നതും ഞാൻ കാണുന്നു; അവർ വേഗത്തിലോ പതുക്കെയോ നടക്കുന്നത്, അയാളോടോ ഇയാളോടോ സംസാരിക്കുന്നത്, ജീവിതം ആസ്വദിക്കുന്നത്. ഞാനോ, വാടിപ്പോയ ചെടിയുമായി ഒരു ചെടിച്ചട്ടി, ജനാലപ്പടിയിൽ മറന്നുവച്ചത്, എടുത്തുമാറ്റപ്പെടാൻ കാത്തിരിക്കുന്നത്.

സുന്ദരനും ആരോഗ്യവാനുമായതിനാൽ നിങ്ങൾക്കു സങ്കല്പിക്കാൻ പറ്റില്ല, ജനിച്ചിട്ട് ജീവിതമില്ലാത്ത ഒരാളായി ജീവിക്കുക എന്നാലെന്താണെന്ന്, ആളുകളുടെ പ്രവൃത്തികൾ പത്രത്തിൽ വായിക്കുക എന്നാലെന്താണെന്ന്: ചിലർ മന്ത്രിമാരാണ്‌, അവർ ഒന്നല്ലെങ്കിൽ മറ്റൊരു രാജ്യത്തേക്കു വരികയും പോവുകയും ചെയ്യുന്നു, വേറേ ചിലർ സമൂഹത്തിന്റെ മേൽത്തട്ടിൽ ജനിക്കുന്നു, വിവാഹം ചെയ്യുന്നു, ജ്ഞാനസ്നാനം ചെയ്യുന്നു, രോഗികളാവുന്നു, ഒരേ ഡോക്ടർമാർ തന്നെ അവരെ കീറിമുറിക്കുകയും ചെയ്യുന്നു; ചിലർക്ക് ഇവിടെ വീടുകളുണ്ട്, അവിടെയും വീടുകളുണ്ട്; ചിലർ മോഷ്ടിക്കുന്നു, ചിലർ കേസെടുക്കുന്നു, ചിലർ ഭയങ്കരമായ കുറ്റങ്ങളും ചെയ്യുന്നു; ഏറ്റവും പുതിയ ഫാഷനിലുള്ള ഉടുപ്പുകൾ വാങ്ങാൻ വിദേശത്തു പോകുന്നവരുടെ പേരുകളും വച്ച് ലേഖനങ്ങളും ചിത്രങ്ങളും പരസ്യങ്ങളും കാണാം. പുതുതായി പെയിന്റു ചെയ്ത ജനാലപ്പടിയിൽ മറന്നുവച്ച ഒരു പഴന്തുണി പോലെയുള്ള ഒരാൾക്ക്  ഇതൊക്കെയെന്താണെന്ന് നിങ്ങൾക്കു സങ്കല്പിക്കാൻ പറ്റില്ല. 

നിങ്ങൾക്കിതു മനസ്സിലായിരുന്നെങ്കിൽ ഒരു പക്ഷേ ഇടയ്ക്കൊക്കെ നിങ്ങൾ എന്നെ നോക്കി കൈവീശിയേനെ; അങ്ങനെ ചെയ്യാൻ നിങ്ങളോടാവശ്യപ്പെടാൻ പറ്റിയിരുന്നെങ്കിൽ എന്നു ഞാനാശിക്കുന്നു. അതുകൊണ്ട് ഞാൻ കൂടുതൽ കാലം ജീവിക്കാൻ പോകുന്നില്ല, എനിക്കധികകാലം ജീവിക്കാനുമില്ല; എന്നാൽ നിങ്ങൾ ചിലപ്പോഴൊക്കെ എന്നെ നോക്കി കൈവീശിയിരുന്നു എന്നറിഞ്ഞിരുന്നെങ്കിൽ അല്പം കൂടി സന്തോഷത്തോടെ ഞാൻ പോകുമായിരുന്നു, എല്ലാവരും പോകുന്നിടത്തേക്ക്.

താൻ ഒരിക്കൽ നിങ്ങളുമായി സംസാരിച്ചുവെന്ന് തുന്നല്ക്കാരിയായ മാർഗരിറ്റ എന്നോടു പറഞ്ഞു; അപ്പുറത്തെ തെരുവിൽ വച്ച് നിങ്ങൾ അവളോടെന്തോ അനാവശ്യം പറഞ്ഞതിന്‌ അവൾ നിങ്ങളോടു കയർത്തുവത്രെ. ഞാൻ നുണ പറയുന്നില്ല, എനിക്കപ്പോൾ അസൂയ തോന്നിപ്പോയി. ഒരാൾ ഞങ്ങളോട് അനാവശ്യം പറയുമ്പോൾ അതിനർത്ഥം ഞങ്ങൾ സ്ത്രീകളാണെന്നാണ്‌; ഞാൻ പക്ഷേ, ആണുമല്ല, പെണ്ണുമല്ല; ഒരു ജനാലച്ചതുരം നിറയ്ക്കാനുള്ള ഒരു ജീവി മാത്രം, കാണാൻ കൊള്ളാത്ത ഒരു വസ്തു.

വിട, സെനോർ അന്റോണിയോ. എന്റെ നാളുകൾ എണ്ണപ്പെട്ടുകഴിഞ്ഞു; ഞാൻ ഈ കത്തെഴുതുന്നത് ഇത് ഞാൻ നിങ്ങൾക്കെഴുതിയതല്ല, നിങ്ങൾ എനിക്കെഴുതിയതാണ്‌ എന്നപോലെ എനിക്കെന്റെ നെഞ്ചിനോടു ചേർത്തുവയ്ക്കാനാണ്‌. എനിക്കു നേരാൻ പറ്റുന്നത്രയും സന്തോഷം ഞാൻ നിങ്ങൾക്കു നേരട്ടെ; നിങ്ങൾക്കു ചിരിക്കാൻ തോന്നും എന്നതിനാൽ നിങ്ങൾ ഒരിക്കലും എന്നെ കണ്ടെത്താതെപോകട്ടെ എന്നും ഞാൻ ആശിക്കുന്നു.

ആത്മാർത്ഥമായി, ജീവനു തുല്യം ഞാൻ നിങ്ങളെ സ്നേഹിക്കുന്നു.

നോക്കൂ, അതു പറഞ്ഞപ്പോഴേക്കും എനിക്കു കരച്ചിലു വരുന്നു.

മരിയ ഹൊസെ


2025 ഓഗസ്റ്റ് 19, ചൊവ്വാഴ്ച

ആദം സഗയെവ്സ്കി - കവിതകൾ

 മറ്റൊരു ജീവിതം

ജീവചരിത്രങ്ങൾ മറിച്ചുനോക്കാൻ നിങ്ങൾക്കിഷ്ടമാണ്‌
അവിടെ നിങ്ങൾ മറ്റൊരു ജീവിതത്തിലാണ്‌
എത്ര വിചിത്രമാണ്‌, എത്ര ഞെട്ടിപ്പിക്കുന്നതുമാണ്‌,
മറ്റൊരു ജീവിതത്തിന്റെ ഇരുളടഞ്ഞ കാട്ടിൽ ചെന്നുപെടുക
എന്നാൽ നിങ്ങൾക്കേതു നിമിഷവും അവിടം വിട്ടു പോരുകയുമാവാം,
തെരുവിലേക്ക്, അല്ലെങ്കിൽ പാർക്കിലേക്ക്,
അല്ലെങ്കിൽ ബാല്ക്കണിയിൽ നക്ഷത്രങ്ങളെ നോക്കിനില്ക്കാനും
നിങ്ങൾക്കിഷ്ടമായിരുന്നു,
ആരുടെയും സ്വന്തമല്ലാത്ത നക്ഷത്രങ്ങൾ,
ഒരു തുള്ളി ചോര ചിന്താതെ നമ്മെ മുറിപ്പെടുത്തുന്ന
കത്തികൾ പോലത്തെ നക്ഷത്രങ്ങൾ,
നിർമ്മലമായ, ദീപ്തമായ,
ഹൃദയശൂന്യവുമായ നക്ഷത്രങ്ങൾ
*

വൃദ്ധനായ മാർക്സ്

------------------------
അയാൾക്കു ചിന്ത വരുന്നില്ല.
ലണ്ടൻ ഈറനാണ്‌,
ഓരോ മുറിയിലും ഒരാൾ ചുമയ്ക്കുന്നുണ്ട്.
മഞ്ഞുകാലമയാൾക്കിഷ്ടമേ ആയിരുന്നില്ല.
പഴയ കയ്യെഴുത്തുപ്രതികളയാൾ മാറ്റിയെഴുതുന്നു,
പിന്നെയും പിന്നെയും, പഴയ ആവേശമില്ലാതെ.
മഞ്ഞിച്ച കടലാസ് പൊടിഞ്ഞുപോകുന്നതാണ്‌,
കാസരോഗിയുടെ ശ്വാസകോശം പോലെ.
ജീവിതത്തിനെന്താണിത്ര വാശി,
നാശത്തിലേക്കിരച്ചുപായാൻ?
സ്വപ്നത്തിലെന്നാൽ വസന്തം മടങ്ങിവരുന്നു,
അറിയുന്നൊരു ഭാഷയും സംസാരിക്കാത്ത മഞ്ഞുമായി.
അയാളുടെ ജ്ഞാനവ്യവസ്ഥയിൽ
എവിടെയായിരുന്നു സ്നേഹത്തിന്റെ സ്ഥാനം?
നീലപ്പൂവുകൾ കാണാവുന്നിടത്ത്.
അരാജകവാദികളെ അയാൾക്കു വെറുപ്പാണ്‌,
ആദർശവാദികളയാളെ ബോറടിപ്പിക്കുന്നു.
റഷ്യയിൽ നിന്നയാൾക്കു റിപ്പോർട്ടുകൾ വരുന്നുണ്ട്,
വിശദാംശങ്ങൾ വേണ്ടതിലധികമായി.
ഫ്രഞ്ചുകാർ പണക്കാരാവുകയാണ്‌.
പോളണ്ടുകാർ പതിവുമട്ടിൽ ഒതുങ്ങിയവർ.
അമേരിക്കയുടെ വളർച്ച നിലയ്ക്കുന്നില്ല.
എവിടെയും ചോരയാണ്‌,
വാൾപേപ്പർ മാറ്റേണ്ട സമയമായിരിക്കാം.
അയാൾക്കിപ്പോൾ സംശയമാകുന്നു,
പാവം മനുഷ്യവർഗ്ഗം ഈ പഴയ ഭൂമിയിലൂടെ
എന്നുമിങ്ങനെ ഏന്തിവലിഞ്ഞുനടക്കും,
അദൃശ്യനായൊരു ദൈവത്തിനു നേരേ
കൈ മുറുക്കിക്കാണിക്കുന്ന ഭ്രാന്തത്തിയെപ്പോലെ.
*

ഗ്രീക്കുകാർ

----------------------------------
പണ്ടത്തെ ഗ്രീക്കുകാർക്കിടയിൽ ജീവിക്കാനായിരുന്നു എനിക്കിഷ്ടം,
എങ്കിലെനിക്ക് സോഫൊക്ലീസിന്റെ ശിഷ്യന്മാരോടു സംസാരിക്കാമായിരുന്നു,
നിഗൂഢാനുഷ്ഠാനങ്ങൾ പരിശീലിക്കാമായിരുന്നു,
ഞാൻ ജനിക്കുമ്പോൾ പക്ഷേ,
മുഖത്തു വസൂരിക്കല കുത്തിയ ആ ജോർജ്ജിയക്കാരൻ ജീവിച്ചിരുപ്പുണ്ടായിരുന്നു,
ഒരു പ്രസന്നതയുമില്ലാത്ത കയ്യാളന്മാരും സിദ്ധാന്തങ്ങളുമായി
അയാളപ്പോഴും ഭരിക്കുന്നുമുണ്ടായിരുന്നു.
ഓർമ്മകളുടേയും സങ്കടങ്ങളുടേയും വർഷങ്ങളായിരുന്നു അവ,
കളിയല്ലാത്ത സംസാരങ്ങളുടേയും മൗനത്തിന്റെയും;
സന്തോഷമെന്നു പറയാൻ ഒന്നുമില്ലായിരുന്നു-
ചില കിളികൾക്കെന്നാൽ അതറിയില്ലായിരുന്നു,
ചില കുട്ടികൾക്കും മരങ്ങൾക്കും.
ഒരുദാഹരണം പറഞ്ഞാൽ,
ഏപ്രിൽ മാസമെത്തേണ്ട താമസം,
ഞങ്ങളുടെ തെരുവിലെ ആപ്പിൾമരം തോന്നിയപാട് വെള്ളപ്പൂക്കൾ വിടർത്തും,
മതിമറന്നപോലൊരു പൊട്ടിച്ചിരിക്കു തുടക്കവുമിടും.
*


2025 ഓഗസ്റ്റ് 16, ശനിയാഴ്‌ച

മരീന സ്വെറ്റെയ്‌വ - കണ്ടുമുട്ടൽ


സന്ധ്യയ്ക്കു നഗരത്തിനു മേൽ മൂടൽമഞ്ഞുയരുമ്പോൾ,
തീവണ്ടികൾ സാവധാനമകലങ്ങളിലേക്കിഴഞ്ഞുനീങ്ങുമ്പോൾ
അതിലൊരു ജനാലയിൽ പൊടുന്നനേ മിന്നിമറഞ്ഞു ഞാൻ കണ്ടു,
ഒരു പൂവിതൾ പോലെ സുതാര്യമായൊരർദ്ധബാല്യത്തിന്റെ മുഖം.

കണ്ണിമകളിൽ നിഴൽ. കിരീടം പോലെ കുറുനിരകൾ.
ഒരു തേങ്ങൽ തേട്ടിവന്നതു ഞാനടക്കി.
ആ പാതിനിമിഷത്തിലെനിക്കതു തെളിഞ്ഞുകിട്ടി:
മരിച്ചവരെ വിളിച്ചുണർത്തുന്നതു നമ്മുടെ തേങ്ങലുകൾ.

ഇരുളടഞ്ഞ ജനാലയ്ക്കലങ്ങനെയൊരു പെൺകുട്ടി
-സ്റ്റേഷന്റെ കോലാഹലത്തിനിടയിലൊരു സ്വർഗ്ഗീയരൂപം-
സ്വപ്നങ്ങളുടെ താഴ്വരയിലവളെ ഞാൻ പലതവണ കണ്ടിരിക്കുന്നു.

എന്നാലവളെന്തേ വിഷാദവതിയാവാൻ?
ആ സുതാര്യമായ നിഴൽരൂപം തേടുന്നതെന്താവാം?
സ്വർഗ്ഗത്തു പോലുമവളാനനന്ദമറിയുന്നില്ലെന്നോ

2025 ഓഗസ്റ്റ് 15, വെള്ളിയാഴ്‌ച

പോൾ എല്വാദ് - സ്വാതന്ത്ര്യം

 


എന്റെ നോട്ടുബുക്കുകളുടെ താളുകളിൽ

എന്റെ മേശ മേൽ മരങ്ങൾക്കു മേൽ

മഞ്ഞിനു മേൽ മണലിനു മേൽ

നിന്റെ പേരു ഞാനെഴുതുന്നു

 

വായിച്ചുകഴിഞ്ഞ ഓരോ താളിലും

ഒഴിഞ്ഞുകിടക്കുന്ന താളുകളിലെല്ലാം

ചോരയിൽ ചാമ്പലിൽ കല്ലിൽ കടലാസ്സിൽ

നിന്റെ പേരു ഞാനെഴുതുന്നു

 

പൊന്നു കൊണ്ടുള്ള വിഗ്രഹങ്ങളിൽ

സൈനികരുടെ ആയുധങ്ങളിൽ

രാജാക്കന്മാരുടെ കിരീടങ്ങളിൽ

നിന്റെ പേരു ഞാനെഴുതുന്നു

 

കാട്ടിൽ മരുഭൂമിയിൽ

ചെടികളിൽ കിളിക്കൂടുകളിൽ

എന്റെ ബാല്യത്തിന്റെ പ്രതിദ്ധ്വനികളിൽ

നിന്റെ പേരു ഞാനെഴുതുന്നു

 

രാത്രിയുടെ വിസ്മയങ്ങളിൽ

പകലുകളുടെ വെളുത്ത അപ്പങ്ങളിൽ

 കണ്ണി ചേർന്ന ഋതുക്കളിൽ

നിന്റെ പേരു ഞാനെഴുതുന്നു

 

എന്റെ നീലത്തൂവാലകളിൽ

കുളത്തിൽ തളം കെട്ടിയ സൂര്യനിൽ

നിലാവത്തു ജീവൻ വച്ച തടാകത്തിൽ

നിന്റെ പേരു ഞാനെഴുതുന്നു

 

വിദൂരചക്രവാളത്തിൽ പാടങ്ങളിൽ

കിളികളുടെ തൂവൽച്ചിറകുകളിൽ

നിഴലടഞ്ഞ കാറ്റാടിമില്ലുകളിൽ

നിന്റെ പേരു ഞാനെഴുതുന്നു

 

പുലർകാലത്തെ തെന്നലുകളിൽ

കടലിൽ നൌകകളിൽ

നഷ്ടബുദ്ധിയായ മലകളിൽ

നിന്റെ പേരു ഞാനെഴുതുന്നു

 

അട്ടിയിട്ട മേഘങ്ങൾക്കു മേൽ

കൊടുങ്കാറ്റുകളുടെ വിയർപ്പിൽ

വിവർണ്ണവും നിബിഡവുമായ മഴയിൽ

നിന്റെ പേരു ഞാനെഴുതുന്നു

 

ചഞ്ചലിക്കുന്ന രൂപങ്ങളിൽ

ചായം തേച്ച മണികളിൽ

ഭൗതികയാഥാർത്ഥ്യത്തിൽ

നിന്റെ പേരു ഞാനെഴുതുന്നു

 

നടന്നുതുടങ്ങിയ വഴികളിൽ

പാതി മറന്ന പാതകളിൽ

കവിഞ്ഞൊഴുകുന്ന കവലകളിൽ

നിന്റെ പേരു ഞാനെഴുതുന്നു

 

കൊളുത്തിവച്ച വിളക്കിൽ

കരിന്തിരി കെട്ട വിളക്കിൽ

പിന്നെയുമെത്തിച്ചേർന്ന എൻ്റെ വീട്ടിൽ

നിന്റെ പേരു ഞാനെഴുതുന്നു

 

എന്റെ മുറിയിലും കണ്ണാടിയിലും

രണ്ടായിപ്പിളർന്ന പഴത്തിൽ

എന്റെ കിടക്കയുടെ ഒഴിഞ്ഞ പുറന്തോടിൽ

നിന്റെ പേരു ഞാനെഴുതുന്നു

 

വിശ്വസ്തനും ആർത്തിക്കാരനുമായ എൻ്റെ നായയിൽ

അവനെടുത്തുപിടിച്ച ചെവികളിൽ

അവന്റെ അചതുരമായ പാദങ്ങളിൽ

നിന്റെ പേരു ഞാനെഴുതുന്നു

 

എന്റെ വാതിൽക്കലെ ചവിട്ടുമെത്തയിൽ

എനിക്കത്ര പരിചിതമായ വസ്തുക്കളിൽ

അഗ്നിയുടെ പാവനതരംഗങ്ങളിൽ

നിന്റെ പേരു ഞാനെഴുതുന്നു

 

എനിക്കു വഴങ്ങിയ ഉടലുകളിൽ

എന്റെ സ്നേഹിതന്മാരുടെ നെറ്റികളിൽ

നീട്ടിപ്പിടിച്ച കൈകളോരോന്നിലും

നിന്റെ പേരു ഞാനെഴുതുന്നു

 

ആശ്ചര്യങ്ങളിലേക്കു തുറക്കുന്ന ജാലകത്തിൽ

മൗനത്തിലുമാഴമേറിയൊരവസ്ഥയിൽ

പ്രതീക്ഷയോടിരിക്കുന്ന ചുണ്ടിണയിൽ

നിന്റെ പേരു ഞാനെഴുതുന്നു

 

തകർന്നമ്പിയ എൻ്റെ അഭയസ്ഥാനങ്ങളിൽ

എൻ്റെ വിളക്കുമാടത്തിൻ്റെ ശേഷിപ്പുകളിൽ

എന്റെ മടുപ്പിന്റെ ചുമരുകളിൽ

നിന്റെ പേരു ഞാനെഴുതുന്നു

 

ആസക്തികളറ്റ അമൂർത്തതയിൽ

നഗ്നമായ ഏകാന്തതയിൽ

മരണത്തിന്റെ പടയോട്ടത്തിൽ

നിന്റെ പേരു ഞാനെഴുതുന്നു

 

തിരിച്ചുപിടിച്ച ആരോഗ്യത്തിൽ

പൊയ്പ്പോയ അപകടങ്ങളിൽ

ഖേദമേയില്ലാത്ത പ്രത്യാശയിൽ

നിന്റെ പേരു ഞാനെഴുതുന്നു

 

ഒറ്റ വാക്കിന്റെ കരുത്തിൽ

എന്റെ ജീവിതമെനിക്കു തിരിച്ചുകിട്ടുന്നു

ഞാൻ പിറന്നതു നിന്നെയറിയാൻ

നിനക്കു പേരിടാൻ

 

സ്വാതന്ത്ര്യമേ!

 *

1941 വേനല്ക്കാലത്ത് എല്വാദ് തന്റെ രണ്ടാമഠെ ഭാര്യയായ Nuschനെഴുതിയ “ഒരേയൊരു ചിന്ത” എന്ന പ്രണയകവിതയാണ്‌ പില്ക്കാലത്ത് “സ്വാതന്ത്ര്യം” എന്ന പേരിൽ പ്രസിദ്ധമായത്. 1942ൽ അൾജീരിയയിൽ “ഫൊണ്ടെയ്ൻ” എന്ന മാസികയിലാണ്‌ ആദ്യമായി അത് പ്രസിദ്ധപ്പെടുത്തുന്നത്. നാസി ഉപരോധകാലത്ത് ഈ കവിതയുടെ ആയിരക്കണക്കിനു കോപ്പികൾ ബ്രിട്ടീഷ് റോയൽ എയർ ഫോഴ്സിന്റെ വിമാനങ്ങൾ ഫ്രാൻസിൽ വിതരണം ചെയ്തിരുന്നു. 


എല്വാദ് ഇങ്ങനെ പറയുന്നു: “ആർക്കു വേണ്ടിയാണോ ആ കവിത ഉദ്ദേശിച്ചിരിക്കുന്നത്, അവളുടെ പേര്‌ കവിതയുടെ ഒടുവിൽ വെളിപ്പെടുത്താമെന്നു ഞാൻ കരുതി. പെട്ടെന്നാണ്‌ എനിക്കു ബോദ്ധ്യമാകുന്നത്, എന്റെ മനസ്സിലുള്ള ഒരേയൊരു പേര്‌ ”സ്വാതന്ത്ര്യം“ എന്ന വാക്കാണെന്ന്. അങ്ങനെ ഞാൻ സ്നേഹിക്കുന്ന സ്ത്രീ അവളെക്കാൾ മഹത്തായ ഒരഭിലാഷത്തിന്റെ മൂർത്തരൂപമാവുകയായിരുന്നു. എന്റെ ഏറ്റവും ഉദാത്തമായ ആഗ്രഹവുമായി ഞാനതിനെ ചേർത്തുവച്ചു. സ്വാതന്ത്ര്യം എന്ന ഈ വാക്ക് എന്റെ കവിതയിൽ ശാശ്വതമാക്കുകയായിരുന്നു, എത്രയും ലളിതമായ, എത്രയും ദൈനന്ദിനമായ, എത്രയും ഉചിതമായ ഒരിച്ഛയെ, ഉപരോധത്തിൽ നിന്ന് സ്വയം മോചിപ്പിക്കുക എന്ന ആഗ്രഹത്തെ.”

*

 

2025 ഓഗസ്റ്റ് 14, വ്യാഴാഴ്‌ച

ഹൈമെ സബീനസ് - കവിതകൾ

 
ഞാൻ തേടിനടന്നത്
------------------------


നിന്നിലുണ്ട്, ഞാൻ തേടിനടന്നത്, ഞാനാഗ്രഹിക്കുന്നത്,
ഞാൻ സ്നേഹിക്കുന്നത്- അതു നിന്നിലുണ്ട്.
എന്റെ ഹൃദയമുഷ്ടി തുടിക്കുന്നു, നിന്നെ വിളിച്ചുതുടിക്കുന്നു.
കഥകൾക്കു ഞാൻ നന്ദി പറയുന്നു,
നിന്നെയെനിക്കു തന്നതിനായി.
നിന്റെയമ്മയ്ക്കും നിന്റെയച്ഛനും
നിന്നെക്കാണാത്ത മരണത്തിനും ഞാൻ നന്ദി പറയുന്നു.
വായുവിനു ഞാൻ നന്ദി പറയുന്നു.
ഗോതമ്പുകതിർ പോലെയാണു നീ,
അതുപോലെ സുഭഗം,
അതുപോലെ ലോലം നിന്റെയുടലിന്റെ വടിവുകൾ.
ഇത്രയും കൃശമായൊരുടലിനെ ഞാൻ പ്രേമിച്ചിട്ടില്ല,
എന്നാലെന്റെ കൈകളെ നിന്നോടു പ്രേമത്തിലാക്കി നീ.
എന്റെ തൃഷ്ണയ്ക്കു നീ നങ്കൂരമിട്ടു,
രണ്ടു മീനുകളെപ്പോലെന്റെ കണ്ണുകളെ നീ പിടിച്ചു,
അതിനാലിന്നു നിന്റെ വാതില്ക്കൽ ഞാൻ നില്ക്കുന്നു,
ക്ഷമയോടെ.
*

കറുത്ത പൂമ്പാറ്റകൾ
----------------------


മരിച്ചവരുടെ ആത്മാക്കളാണ്‌ കറുത്ത പൂമ്പാറ്റകളെന്ന് നീ പറയാറുണ്ടായിരുന്നു. എത്ര ദിവസമായി, ഈ പൂമ്പാറ്റ എന്റെ വീടു വിട്ടു പോകുന്നില്ല. ഇന്നു കാലത്തും എന്റെ ജനാലയ്ക്കൽ ഇരുണ്ട ചിറകടിയുമായി ഞാനതിനെ കണ്ടു; ഞാൻ എന്നോടുതന്നെ പറഞ്ഞു: ആർക്കറിയാം! നിന്റെ ചിറകുകളിലെ പൂമ്പൊടി എന്റെ വീട്ടിനുള്ളിൽ തളിയ്ക്കുന്ന പൂമ്പാറ്റയായിക്കൂടേ നീ?
*


എന്നെപ്പോലിരിക്കുന്ന ഒരാൾ
-------------------------------


എന്നെപ്പോലിരിക്കുന്ന ഒരാളെ തേടിനടക്കുകയാണു ഞാൻ,
എന്റെ പേരും എന്റെ ഭാര്യയേയും എന്റെ മകനേയും എന്റെ പുസ്തകങ്ങളും എന്റെ കടങ്ങളും അയാൾക്കു കൊടുക്കാൻ.
അങ്ങനെയൊരാളെ തേടിയിറങ്ങിയിരിക്കുകയാണു ഞാൻ, എന്റെ ആത്മാവും എന്റെ വിധിയും എന്റെ മരണവും അയാൾക്കു കൊടുക്കാൻ.

എത്ര സന്തോഷത്തോടെയാണെന്നോ ഞാനതു ചെയ്യുക,
എത്ര സ്നേഹത്തോടെയാണെന്നോ ഞനെന്നെ അയാളുടെ കൈകളിലേല്പിക്കുക!

*

ചാൾസ് സിമിക് -കശാപ്പുകട



ചിലനേരം  രാത്രിയിൽ ഏറെ വൈകി നടന്നുപോകുമ്പോൾ
അടച്ചിട്ടൊരു കശാപ്പുകടയ്ക്കു മുന്നിൽ ഞാൻ നില്ക്കുന്നു.
കടയ്ക്കുള്ളിൽ ഒരൊറ്റവിളക്കെരിയുന്നുണ്ട്,
തടവുകാരൻ തുരങ്കം കുഴിക്കുന്ന വെളിച്ചം പോലെ.

ഒരു മുന്നാരത്തുണി കൊളുത്തിൽ തൂങ്ങിക്കിടക്കുന്നു:
അതിൽ ചോര പുരണ്ടിരിക്കുന്നു, ഒരു ഭൂപടം പോലെ,
ചോരയുടെ മഹാഭൂഖണ്ഡങ്ങൾ, മഹാനദികൾ, രക്തമഹാസമുദ്രങ്ങൾ.

അൾത്താരകൾ പോലെ വെട്ടിത്തിളങ്ങുന്ന കത്തികളുണ്ട്,
തളർവാതക്കാരെയും മന്ദബുദ്ധികളേയും സുഖപ്പെടുത്താൻ കൊണ്ടുവരുന്ന
ഇരുണ്ട പള്ളികളിലെപ്പോലെ.

എല്ലുകൾ തല്ലിയുടയ്ക്കാൻ, വടിച്ചു വൃത്തിയാക്കാനൊരു മരമുട്ടിയുണ്ട്
-അടിയോളം വരണ്ട ഒരു നദി,
ഞാൻ വളർന്നതവിടെ,
രാത്രിയുടെ അഗാധതയിൽ ഞാനൊരു സ്വരം കേൾക്കുന്നതവിടെ.

*

ചോദ്യം: താങ്കളുടെ തിരഞ്ഞെടുത്ത കവിതകളുടെ പതിപ്പുകളെല്ലാം തുടങ്ങുന്നത് “കശാപ്പുകട” എന്ന കവിതയോടെയാണ്‌. താങ്കൾ ഈ കവിതയെ കാണുന്നത് സ്വന്തം രചനാലോകത്തേക്കുള്ള ഒരുതരം കവാടം പോലെയാണോ, തന്റെ സ്വരം താൻ ആദ്യമായി കണ്ടെത്തിയത് ഇതിലാണെന്നപോലെ?


ചാൾസ് സിമിക്: എഴുതിയ കവിതകളിൽ സൂക്ഷിച്ചുവയ്ക്കണം എന്ന് എനിക്കാദ്യം തോന്നിയ കവിത ഇതാണ്‌. ഈസ്റ്റ് തേർട്ടീന്ത് സ്ട്രീറ്റിൽ താമസിക്കുന്ന കാലത്ത് 1963ലാണ്‌ ഞാൻ ഇതെഴുതുന്നത്. അക്കാലത്ത് ആ ഭാഗത്തൊക്കെ ഇറ്റലിക്കാരുടേയും പോളണ്ടുകാരുടേയും കശാപ്പുകടകൾ ഉണ്ടായിരുന്നു; സോസേജുകളും പന്നികളുടെ മുട്ടുകളും കശാപ്പു ചെയ്ത ആടുകളേയും കോഴികളേയുമൊക്കെ ഭംഗിയായി പ്രദർശിപ്പിച്ചുവച്ചിരിക്കും. യൂറോപ്പിനെ, എന്റെ ബാല്യകാലത്തെയാണ്‌ അതോർമ്മപ്പെടുത്തിയതെന്നതിൽ സംശയമില്ല. കുട്ടിയായിരുന്നപ്പോൾ ഞാൻ കോഴികളെ കശാപ്പു ചെയ്തിരുന്നു, പന്നികളുടെ കഴുത്തറുക്കുന്നതും അവയെ പിന്നെ കശാപ്പു ചെയ്യുന്നതും ഞാൻ കണ്ടിട്ടുണ്ടായിരുന്നു.


ചോദ്യം: ഹിംസയും സർഗ്ഗാത്മകതയും തമ്മിലുള്ള ഒരുതരം ബന്ധത്തെയാണ്‌ അവസാനവരികൾ സ്ഥാപിക്കുന്നതെന്നു ഞാൻ സൂചിപ്പിച്ചാൽ അതു ശരിയായിരിക്കുമോ?


സിമിക് : എന്നെനിക്കു തോന്നുന്നു; എന്നാൽ ആ കവിത എഴുതുമ്പോൾ അതിനെക്കുറിച്ച് ഞാൻ എത്രമാത്രം ബോധവാനായിരുന്നു എന്നെനിക്കു പറയാനാവില്ല. അങ്ങനെയാവാതിരിക്കാനാണ്‌ കൂടുതൽ സാദ്ധ്യത. പല വർഷങ്ങളും ബെൽഗ്രേഡിലെ എന്റെ ചില ബാല്യകാലസുഹൃത്തുക്കളുമായി കണ്ടുമുട്ടലുകളും വേണ്ടിവന്നു, ഒരു കശാപ്പുകടയിലാണ്‌ ഞാൻ വളർന്നതെന്ന് എനിക്കു ബോദ്ധ്യമാവാൻ. ശത്രുവിന്റെ ഉപരോധത്തിലായിരുന്നു നഗരം എന്നു മാത്രമല്ല, നാട്ടുകാർ തന്നെ ചേരി തിരിഞ്ഞുള്ള ആഭ്യന്തരയുദ്ധത്തിലുമായിരുന്നു. തെരുവുകളിലെ രക്തം ഒരു അലങ്കാരപ്രയോഗം മാത്രമായിരുന്നില്ല, ഞാൻ നിരന്തരം കണ്ടുകൊണ്ടിരുന്ന ഒരു കാര്യവുമായിരുന്നു.  എന്റെ ജീവിതവീക്ഷണത്തെ അതു ബാധിച്ചുവെന്ന കാര്യത്തിൽ സംശയമില്ല. നിരപരാധികളായ മനുഷ്യജീവികൾ കൊല്ലപ്പെടുക- അതായിരുന്നു ഞാൻ ആദ്യം പഠിച്ച പാഠം. ആയിരക്കണക്കിനു നിരപരാധികൾക്കു ജീവൻ നഷ്ടപ്പെടുത്തേണ്ടിവരുന്ന ഒരു “ധർമ്മയുദ്ധ”ത്തെക്കുറിച്ചു കേൾക്കുമ്പോഴെല്ലാം ഞാൻ വല്ലാതെ ഞെട്ടിപ്പോകുന്നു.


(സെർബിയൻ-അമേരിക്കൻ കവിയായ ചാൾസ് സിമിക്കുമായി പാരീസ് റിവ്യു നടത്തിയ അഭിമുഖത്തിൽ നിന്ന്)

ചാൾസ് സിമിക് - കവിതകൾ


വരാത്തൊരാൾ
------------------


ആരോ വീട്ടിലെത്താൻ വൈകുന്നു.
ജനാലയ്ക്കൽ അയാൾക്കായി കത്തിച്ചുവച്ച വിളക്ക്
സൂര്യനുദിക്കും വരെയും എരിഞ്ഞുകൊണ്ടിരിക്കുന്നു,
പിന്നെ മാസങ്ങളോളം അതെരിഞ്ഞുകൊണ്ടിരിക്കും.

ഞങ്ങളുടെ ചെറിയ തെരുവിൽ രാത്രിയിലൊരു വെളിച്ചവുമില്ല.
കിളിക്കൂടുകൾ നേരത്തേ മൂടിവയ്ക്കുമായിരുന്നു.
ഭരണികളിൽ സ്വർണ്ണമത്സ്യങ്ങളനങ്ങുകപോലുമില്ല.
വരാന്തയിലെ വിളക്കുകൾ പോലുമണച്ചിരിക്കും.

അയാളുടെ ജനാലയ്ക്കൽ മാത്രം വെളിച്ചമുണ്ടാവും,
നിശാശലഭങ്ങൾക്കന്ത്യോപചാരങ്ങളർപ്പിക്കാൻ,
കാലം മഞ്ഞുകാലമാകുന്ന നാൾ വരെ,
പുരപ്പുറങ്ങൾ മഞ്ഞു വീണു വെളുക്കുന്ന കാലം വരെ.
*


ചരമപ്രസംഗം
------------------


ദിവംഗതനായ നമ്മുടെ സ്നേഹിതനു വെറുപ്പായിരുന്നു, നീലാകാശങ്ങൾ,
ബൈബിൾ വാക്യങ്ങളുദ്ധരിക്കുന്ന ഉപദേശികളെ,
കുഞ്ഞുങ്ങൾക്കുമ്മ കൊടുക്കുന്ന നേതാക്കന്മാരെ,
ഓമനത്തം തുളുമ്പുന്ന സ്ത്രീകളെ.

അയാൾക്കിഷ്ടമായിരുന്നു, പള്ളിയിൽ വരുന്ന കുടിയന്മാരെ,
വോളീബാൾ കളിക്കുന്ന നഗ്നതാവാദികളെ,
ചങ്ങാത്തം കൂടുന്ന തെരുവുനായ്ക്കളെ,
കാഷ്ഠിക്കുമ്പോൾ തെളിഞ്ഞ കാലാവസ്ഥയെക്കുറിച്ചു പാടുന്ന കിളികളെ.

*

കുറിപ്പ്


സ്കൂളിൽ ക്രിസ്തുമസ് നാടകം 
നടന്നുകൊണ്ടിരിക്കുമ്പോൾ
ഒരെലി അരങ്ങിലേക്കു വന്നു.
മേരി ഒരു നിലവിളിയോടെ
ഉണ്ണിയേശുവിനെ താഴെയിട്ടു,
അതു വന്നുവീണത് ജോസഫിന്റെ കാലിൽ.
വർണ്ണാഭമായ ഉടയാടകളിൽ
മൂന്നു വിദ്വാന്മാർ
മരവിച്ചപോലെ തറഞ്ഞുനിന്നു.
അരക്ഷണം പുൽത്തൊട്ടിയൊന്നു വീക്ഷിച്ചിട്ട്
അണിയറയിലേക്കതു നീങ്ങിയപ്പോൾ
സൂചി വീണാൽ കേൾക്കുന്ന നിശ്ശബ്ദതയായിരുന്നു.
അവിടെ ആരോ അതിനെ
ഭാരമുള്ളൊരു വസ്തു കൊണ്ടടിച്ചു,
ഒരു വട്ടം, പിന്നെ രണ്ടു വട്ടം കൂടി,
കാര്യമായിത്തന്നെ.

*

ബെർത്തോൾട്ട് ബ്രെഹ്റ്റ് - കവിതകൾ

 

യാചകൻ


നിലാവുള്ള രാത്രികളിൽ ചിലപ്പോൾ
ഗ്രാമത്തിലെ വീടുകൾക്കിടയിലൂടെ മിണ്ടാതെ കടന്നുപോകുമ്പോൾ
എന്റെയീ കുരുങ്ങിയ തൊണ്ടയിൽ നിന്നുയരുന്നു,
പൊള്ളുന്ന, പേടിപ്പെടുത്തുന്ന സങ്കടം.

ഞാനപ്പോളെന്റെ അമ്മയെ ഓർക്കുന്നു,
അമ്മയുടെയാ ഉത്കണ്ഠ നിറഞ്ഞ മുഖം കാണുന്നു,
ഈദൃശരാത്രികളിൽ നിലാവെളിച്ചത്തിലെത്ര തവണയാണ്‌,
കണ്ണീരുമായിട്ടമ്മയിരുന്നതെന്നോർക്കുന്നു.
*

ഓർമ്മ


സായാഹ്നത്തിന്റെ ചുവപ്പിൽ ഞാൻ കിടന്നു,
യാചകനൊരാളെനിക്കടുത്തുവന്നു,
ഒരു പുല്ലാങ്കുഴലിലയാൾ പാടുന്നുണ്ടായിരുന്നു,
പൊയ്പോയ കാലത്തിൽ നിന്നൊരീണം.

ആരായിരിക്കുമയാൾ, ഈ പുല്ലാങ്കുഴലുകാരൻ,
മുമ്പെവിടെയാണു ഞാനിതു കേട്ടത്,
അയാൾ വായിക്കുന്ന ആ ഈണം,
പൊയ്പോയ കാലത്തിന്റെയൊരീണം?

യാചകനിപ്പോൾ പൊയ്ക്കഴിഞ്ഞു,
എനിക്കറിയുന്ന ആ ഗാനവും പോയ്മറഞ്ഞു,
ഒപ്പമെന്നിൽ നിന്നതപഹരിച്ചിരിക്കുന്നു,
എന്റെ വാർദ്ധക്യത്തിന്റെ സ്വസ്ഥതയും സമാധാനവും.

*

2025 ഓഗസ്റ്റ് 11, തിങ്കളാഴ്‌ച

ടൊർക്കാറ്റോ റ്റാസോ- കവിതകൾ

 

1

ഏതു മഞ്ഞുതുള്ളികളാണവ,
ഏതു കണ്ണുനീർത്തുള്ളികളാണവ,
രാത്രിയുടെ മൂടുപടത്തിൽ ചിതറിക്കിടന്നത്,
നക്ഷത്രങ്ങളുടെ വിളർത്ത മുഖത്തു നിന്നടർന്നുവീണത്?
എന്തിനാണ്‌ നറുംപുല്ലിന്റെ മടിത്തട്ടിൽ
വെളുത്ത ചന്ദ്രനൊരു വെണ്മേഘം വിതച്ചത്?
ഇരുണ്ട വായുവിൽ പുലരും വരെ
ഇളംകാറ്റുകളലഞ്ഞുനടക്കുമ്പോൾ
എന്തിനു ഞാനതിലൊരു വിലാപം കേട്ടു?
നിന്റെ വേർപാടിന്റെ അടയാളങ്ങളായിരുന്നോ അവ,
എന്റെ ജീവന്റെ ജീവനേ?

2
കാടുകളും പുഴകളും മൂകം,
അലയടങ്ങിയ കടലും ശാന്തം;
ഗുഹകളിൽ കാറ്റുകളടക്കത്തിൽ,
ഇരുണ്ട രാവിൽ ചന്ദ്രൻ ചമയ്ക്കുന്നു,
ഉന്നതമായ മൗനം;
നമ്മളുമൊളിച്ചുപിടിക്കുന്നു,
പ്രണയത്തിന്റെ മാധുര്യം;
മിണ്ടാതിരിക്കട്ടെ പ്രണയം,
അതു ശ്വാസമെടുക്കാതെയുമിരിക്കട്ടെ;
ചുംബനങ്ങൾ ശബ്ദമില്ലാതെയാവട്ടെ,
ശബ്ദമില്ലാതെയാവട്ടെ, എന്റെ നെടുവീർപ്പുകളും.

Torquato Tasso (1544-1595)- ഭാവഗീതങ്ങളുടെ പേരിൽ പ്രസിദ്ധനായ ഇറ്റാലിയൻ കവി.


2025 ഓഗസ്റ്റ് 8, വെള്ളിയാഴ്‌ച

ഓസ്വാൾഡ് ദി അന്ദ്രാദെ- കവിതകൾ

 ഓസ്വാൾഡ് ദി അന്ദ്രാദെ Oswald de Andrade (1890-1954) ബ്രസീലിയൻ കവിതയിലെ ഏറ്റവും വലിയ റാഡിക്കൽ ആയിരുന്നു. കവിതയിലെ ദന്തഗോപുരങ്ങളെയും സെന്റിമെന്റലിസത്തെയും പൂർണ്ണമായി നിരാകരിക്കുന്ന പുതിയൊരു കാവ്യഭാഷയ്ക്കുള്ള അന്വേഷണത്തിൽ അദ്ദേഹത്തിന്റെ മാർഗ്ഗദർശികൾ മയക്കോവ്സ്കിയും റഷ്യൻ ഫ്യൂച്ചറിസ്റ്റുകളുമായിരുന്നു. വിദേശഭാഷകളോടുള്ള ബ്രസീലിയൻ മനോഭാവത്തെ നിർവ്വചിച്ചതും അദ്ദേഹമായിരുന്നു. മുൻ തലമുറകൾ ചെയ്തതുപോലെ വൈദേശികാശയങ്ങളെ വെറുതേ അനുകരിക്കുകയല്ല ആധുനികതാവാദി ചെയ്യേണ്ടത്; അയാൾ അവയെ ചവച്ചരച്ചു ദഹിപ്പിക്കുകയും ഒരു ബ്രസീലിയൻ രൂപത്തിൽ ഛർദ്ദിക്കുകയുമാണ്‌ വേണ്ടത്.

പോർച്ചുഗീസ് പിശക്


കോരിച്ചൊരിയുന്ന മഴയത്ത്
പോർച്ചുഗീസുകാരൻ വന്നപ്പോൾ
അയാൾ ഇന്ത്യാക്കാരനെ തുണിയുടുപ്പിച്ചു.
എന്തു കഷ്ടം!
നല്ല വെയിലുള്ള പ്രഭാതത്തിലാണ്‌
അയാൾ വന്നതെങ്കിൽ
ഇന്ത്യാക്കാരൻ അയാളുടെ
തുണിയുരിഞ്ഞേനെ!


മേയ് 3


എന്റെ പത്തു വയസ്സുകാരൻ മകനിൽ നിന്ന്
ഞാൻ പഠിച്ചു,
ഞാനൊരിക്കലും കാണാത്ത കാര്യങ്ങളുടെ
കണ്ടുപിടുത്തമാണ്‌ കവിതയെന്ന്.

*


2025 ഓഗസ്റ്റ് 3, ഞായറാഴ്‌ച

ലിൻഡ പാസ്റ്റൺ - കവിതകൾ

മാർക്ക്
------------------

ഭർത്താവെനിക്ക് ഒരു എ തരുന്നു,
ഇന്നലെ രാത്രിയിലെ അത്താഴത്തിന്‌,
ഇസ്തിരിയിടലിന്‌ കംപ്ലീറ്റല്ല എന്നും
കിടപ്പറയിലെ പരീക്ഷയ്ക്ക് ഒരു ബി പ്ലസും.
എന്റെ മകൻ പറയുന്നത് ഞാൻ ആവറേജാണെന്നാണ്‌,
ഒരു ആവറേജ് അമ്മ,
മനസ്സു വച്ചാൽ പക്ഷേ എനിക്ക് ഇംപ്രൂവ് ആകാമത്രെ.
എന്റെ മകൾക്ക് പാസ്/ഫെയിൽ ആണ്‌ എല്ലാം;
എനിക്കവൾ പാസ് തരുന്നു.
കുറച്ചുകൂടി കഴിയട്ടെ,
ഞാൻ ഡ്രോപ്പൗട്ട് ആവുകയാണെന്ന്
അവരപ്പോൾ മനസ്സിലാക്കും.

കലഹം
--------------------

മൗനത്തിനൊരു സ്മാരകമുണ്ടെങ്കിൽ
ഇലകൾ തമ്മിൽത്തമ്മിൽ
തോരാതെ മന്ത്രിക്കുന്ന
മരമായിരിക്കില്ലത്;
പുറമേ തോന്നുന്ന നിശ്ചലതയെ
ഒരു വെള്ളിമീൻചാട്ടം തകർക്കുന്ന
പൊയ്കയുമാവില്ലത്.
മൗനത്തിനൊരു സ്മാരകമുണ്ടെങ്കിൽ
അതു നീയായിരിക്കും,
നെട്ടനേ നില്ക്കുന്ന, ഒന്നും പൊറുക്കാത്ത
നിന്റെ രൂപം,
എന്റെ ഓരോ വാക്കും തട്ടിത്തെറിച്ചുപോകുന്ന
മൂകമായ പുറവുമായി.

ഉറക്കമില്ലായ്മ
-----------------

എന്റെ ശരീരം
എനിക്കൊരു കൂട്ടുകാരനായിരുന്ന കാലം
ഞാനോർക്കുന്നു
ഉറക്കമന്നൊക്കെ
വിളിച്ചാലോടിവരുമായിരുന്നു
സ്നേഹമുള്ള നായയെപ്പോലെ
ഭാവിയിലേക്കുള്ള കവാടം
അന്നടയാൻ തുടങ്ങിയിരുന്നില്ല
തണുത്ത വിരിപ്പുകൾക്കു മേൽ
മലർന്നു കിടക്കുമ്പോൾ
മറ്റൊന്നിനുള്ള
പരിശീലനമാണതെന്നു തോന്നിയിരുന്നില്ല
ഒരവശിഷ്ടവെളിച്ചമിതാ,
കിഴക്കൊരു പാടുപോലെ
ഉറക്കം, തിരക്കുള്ളൊരു ഡോക്ടറെപ്പോലെ
എന്നെ വന്നുനോക്കാൻ ദയ കാണിക്കുന്നു
വൈമനസ്യത്തോടെ

മൃഗശാലയിൽ
————————

പുള്ളിക്കുത്തുള്ള ഉടലിന്റെ പത്തടിനീളം
കൈകളിലെടുത്തു വരിയായി നില്ക്കുന്ന ആ കുട്ടികൾ-
ആനയെ കാണാൻ പോയ കുരുടന്മാരെപ്പോലെയാണവർ.
നഴ്സറിസ്കൂളിന്റെ ഏദൻ തോട്ടത്തിൽ നി-
നിനിയും ഭ്രഷ്ടരാകാത്ത ആ കുഞ്ഞുങ്ങൾക്കറിയില്ല,
തങ്ങൾ കൈകളിലേന്തിനില്ക്കുന്നതെന്തിനെയെന്ന്.
ഉരഗാലയത്തിലാവിയെടുക്കുന്നതിനാൽ
വിന്റർ ജാക്കറ്റുകളവർ ഉറയൂരുകയും ചെയ്തിരിക്കുന്നു.
അവർ കൈ കൊണ്ടെടുക്കാൻ ധൈര്യപ്പെട്ട ആ ജീവി,
അലയിളകുമ്പോലുയർന്നുതാഴുന്ന ആ മാംസപ്പുഴ,
സൂക്ഷിപ്പുകാരന്റെ കൈത്തണ്ട പോലെ വളഞ്ഞതും
വഴങ്ങുന്നതും തടിച്ചതുമായ ആ ജന്തു,
അതിനെന്തറിയാം പാപത്തെയോ ആപ്പിളിനെയോ പറ്റി?
അതിനതിന്റെ പിളർനാവു പാളുന്നിടത്തേക്കു പോകണമെന്നേയുള്ളു,
അതിന്റെ വിശപ്പു കൊണ്ടുപോകുന്നിടമേതായാലും
(തങ്ങളുടെ ഊന്നുവടിയുടെ പിന്നാലെ പോകുന്ന
ആ കുരുടന്മാരെപ്പോലെ.)

സംസ്കാരക്രിയകൾ
---------------------


അവർ പുരുഷബന്ധം ത്യജിച്ചുകഴിഞ്ഞു.
അവർ യാത്രകൾ ത്യജിച്ചുകഴിഞ്ഞു.
ആദ്യത്തെ കവിളു കൊള്ളുമ്പോൾ
തലയ്ക്കുള്ളിലേക്കു മദ്യത്തിന്റെ
ഇരച്ചുകേറ്റമവർ ത്യജിച്ചുകഴിഞ്ഞു-
തൊണ്ടയെരിച്ചും കൊണ്ടതിന്റെ
മാധുര്യമൂറുന്ന വഴുതലും.
തന്റെ കലഹങ്ങൾ,
തന്റെ ആഘോഷങ്ങൾ,
അവയുമവർ ത്യജിച്ചുകഴിഞ്ഞു,
പുസ്തകങ്ങളവർ ത്യജിച്ചപോലെ:
മറിക്കാൻ പറ്റാത്ത കനമായിരിക്കുന്നു,
അവയുടെ താളുകൾക്ക്.
ഇനി ശേഷിച്ചത് ഒരാകാശപ്പാടു മാത്രം,
അതിൽ കാലാവസ്ഥയതിന്റെ നാടകങ്ങൾ
അഭിനയിച്ചുപഠിക്കുന്നു.
നേഴ്സിന്റെ കഞ്ഞിപ്പശയിട്ട തൊപ്പി
ഒരു വെളുത്ത കപ്പല്പായ പോലെ;
അവരെ കടലിലേക്കു നയിക്കുന്ന
ആ യാനത്തിനു പിന്നിൽ,
ശേഷിച്ചതൊരു നീലിച്ച ശൂന്യത.

*