ഒരുനാൾ മടങ്ങാമെന്ന ആശയോടെ.
വീട്ടിലേക്കു മടങ്ങിയെത്തുന്നപോലെയുമാകട്ടെ.
അതു ഭൂമിയിലേക്കു തിരിച്ചുനടക്കുന്നപോലെയാകുന്നു.
*ആരാണവിടെ...
---------------------
ആരാണവിടെ?
ഞാൻ ചോദിക്കുന്നു,
എന്റെ മുഖം പിന്നെ വിവർണ്ണമാവുകയും ചെയ്യുന്നു.
ആരുമില്ല- അതാണുത്തരം,
ഞാൻ തന്നെയാണതു പറയുന്നതും.
ഞങ്ങളിരുവർ, ഞാനും ഞാനും,
വാർദ്ധക്യത്തിൽ അതുമിതും പറഞ്ഞിരിക്കുകയാണ്,
സമയം പോകാനായി,
ഇന്നുകളും നാളെകളും പോകാനായി.
ഏതാഴ്ചയാണിന്നെന്നറിയാനായി
മണിക്കൂറുകൾ ഞങ്ങൾ സംസാരിച്ചിരിക്കുന്നു.
ഇന്നേതാഴ്ചയാണോ,
അതു കടന്നുപോയിരിക്കുന്നു.
*
ചുമരിൽ ഒരു ജനാല ജീവിച്ചിരുന്നു...
---------------------------------------------
ചുമരിൽ ഒരു ജനാല ജീവിച്ചിരുന്നു.
ആ ജനാലയുള്ളതിനാൽ ഒരു പുറംകാഴ്ചയും ജീവിച്ചിരുന്നു:
ഒരു കുടിൽ, രണ്ടു നടപ്പാതകൾ, ഒരു പുഴ,
രണ്ടു കുളങ്ങൾ.
ഇവയ്ക്കെല്ലാം കൂടി ഒരാകാശവും ഉണ്ടായിരുന്നു.
ആളുകൾ വന്നുപൊയ്ക്കൊണ്ടിരുന്നു.
മരങ്ങളുണ്ടായിരുന്നു, കിളികളുണ്ടായിരുന്നു.
ഒക്കെയും ആ ജനാലയിലാണു ജീവിച്ചിരുന്നത്.
ആരുമില്ലെങ്കിൽ ജനാല അടഞ്ഞുകിടന്നിരുന്നു.
ആരെങ്കിലുമുണ്ടെങ്കിൽ ജനാല തുറന്നുകിടന്നിരുന്നു.
അതിന്റെ ഇങ്ങേപ്പുറത്ത്, ചുമരിൽ,
ഒരു മനുഷ്യൻ ജീവിച്ചിരുന്നു.
*
ഞാനെന്റെ അയല്ക്കാരന്റെ വീട്ടിലേക്കു നടന്നുപോവുകയാണ്...
----------------------------------------------------------------------------
ഞാനെന്റെ അയല്ക്കാരന്റെ വീട്ടിലേക്കു നടന്നുപോവുകയാണ്.
ഇതും ഒരു യാത്രപോകൽ തന്നെയല്ലേ?
ദൂരത്തേക്കു പോകുന്നതേ യാത്രയായിട്ടുള്ളൂ?
ഞാനെന്റെ വീട്ടിൽ നിന്നിറങ്ങിക്കഴിഞ്ഞു,
ഇപ്പോൾ അയല്ക്കാരന്റെ വീട്ടിലേക്കു പോവുകയാണ്,
വീടെന്റെ പിന്നിലായിക്കഴിഞ്ഞു.
യാത്രയുടെ രണ്ടു ചുവടു ഞാൻ വച്ചുകഴിഞ്ഞു-
എന്റെ തീർത്ഥയാത്രയുടെ.
*
നമ്മളെല്ലാവരും ഒരേ കൂരയ്ക്കു കീഴിലാണ്...
--------------------------------------------------
നമ്മളെല്ലാവരും ഒരേ കൂരയ്ക്കു കീഴിലാണ് ജീവിച്ചിരുന്നതെങ്കിൽ,
വെവ്വേറെ അടുപ്പുകളില്ലാതെ-
അപ്പുപ്പൻ, വല്യമ്മായി, അച്ഛൻ, അമ്മാവൻ, സഹോദരങ്ങൾ-
എല്ലാവരും ഒരേയിടത്തായിരുന്നെങ്കിൽ.
പ്രകൃതി പ്രകൃതിക്കടുത്താണ് ജീവിക്കുന്നത്,
പുല്ല് പുല്ലിനരികിൽ,
ചെളി ചെളിക്കരികിൽ,
വായുവിൽ ജീവിക്കുന്നുണ്ട്,
കൊടുങ്കാറ്റുകൾ, ചുഴലികൾ,
സുഗന്ധം പേറിവരുന്ന തെന്നലുകൾ.
ഭൂമിയെ വലയം ചെയ്യുന്ന വായു ഒന്നുതന്നെയാണ്,
നമ്മുടെ പ്രാണവായുവിനൊപ്പം.
*
ഹതാശനായി...
-------------------
ഹതാശനായി അയാൾ ഇരുന്നുപോയി.
എനിക്കയാളെ അറിയുമായിരുന്നില്ല,
എന്നാൽ നൈരാശ്യം എനിക്കറിയാമായിരുന്നു.
അതുകൊണ്ടാണ് അയാൾക്കടുത്തുചെന്ന്
ഞാൻ കൈനീട്ടിയത്.
അയാൾ എന്റെ കയ്യിൽ പിടിച്ച് എഴുന്നേറ്റുനിന്നു.
അയാൾക്കെന്നെ അറിയുമായിരുന്നില്ല,
എന്നാൽ നീട്ടിയ കൈ അയാൾക്കറിയുമായിരുന്നു.
ഞങ്ങൾ ഒരുമിച്ചു നടന്നു.
ഞങ്ങൾക്കന്യോന്യം അറിയുമായിരുന്നില്ല,
എന്നാൽ ഒരുമിച്ചു നടക്കാൻ ഞങ്ങൾക്കറിയാമായിരുന്നു.
*
അങ്ങനെയൊരു പ്രായത്തിൽ...
====================
അങ്ങനെയൊരു പ്രായത്തിൽ ഞാനെത്തിയിരിക്കുന്നു,
പിറന്നുവീഴുന്ന ഏതു കുഞ്ഞും
എന്റെ പേരക്കുട്ടികളെക്കാൾ
ഇളയതാകുന്ന പ്രായം.
പിറവിയുടെ ലോകത്താഘോഷമാണ്-
പ്രഭാതമായിരിക്കുന്നു എന്നൊരാൾ പറഞ്ഞാൽ
അതു കേൾക്കേണ്ടത്
ആർക്കോ ഒരാൺകുട്ടി ജനിച്ചിരിക്കുന്നു എന്നാണ്;
പ്രഭാതമായിരിക്കുന്നു! എന്നാരെങ്കിലും ആർപ്പു വിളിച്ചാൽ
അതു കേൾക്കേണ്ടത്
നവജാതശിശു ഒരു പെൺകുട്ടിയാണ് എന്നാണ്.
എന്റെ മകൾക്ക് രണ്ടു പെൺകുട്ടികളാണ്,
ഇളയവൾ ഉണരേണ്ട താമസം,
അവൾ പകലിനെ ഒരു പാവയെപ്പോലെ പൊക്കിയെടുക്കുന്നു,
മൂത്തവൾ ഉണരുമ്പോഴാകട്ടെ,
അവൾ പകലിനെത്തന്നെ പൊക്കിയെടുക്കുന്നു!