2025 ജൂലൈ 31, വ്യാഴാഴ്‌ച

പ്രിമോ ലെവി - കവിതകൾ

 

കരയടുക്കൽ


സന്തുഷ്ടനാണയാൾ: അയാൾ കരയടുത്തിരിക്കുന്നു,
കടലുകളും കോളുകളുമയാൾ പിന്നിലാക്കിയിരിക്കുന്നു,
അയാളുടെ സ്വപ്നങ്ങൾ മരിച്ചുകഴിഞ്ഞിരിക്കുന്നു,
അഥവാ, സ്വപ്നങ്ങളയാൾക്കു ജനിച്ചിട്ടേയില്ലെന്നുമാവാം;
ബ്രെമെനിലെ ഒരു ബിയർ ഹാളിലയാളിരിക്കുന്നു,
സ്റ്റൗവ്വിന്റെ ചൂടും പറ്റി, സ്വസ്ഥനും ശാന്തനുമായി.

സന്തുഷ്ടനാണയാൾ, തവിഞ്ഞുപോയ ജ്വാല പോലെ,
സന്തുഷ്ടനാണയാൾ, അഴിമുഖത്തടിഞ്ഞ എക്കൽ പോലെ.
ഭാരങ്ങളയാൾ ചുമലിൽ നിന്നിറക്കിവച്ചുകഴിഞ്ഞു,
നെറ്റിയിലെ വിയർപ്പുമണികളയാൾ വടിച്ചുമാറ്റിക്കഴിഞ്ഞു,
പാതയോരത്തയാളിരിക്കുന്നു, വിശ്രമിക്കാനായി.
അയാൾക്കൊന്നിനേയും പേടിയില്ല, ഒന്നുമയാളാശിക്കുന്നില്ല,
അസ്തമിക്കുന്ന സൂര്യനെ നോക്കി അയാളിരിക്കുന്നു, കണ്ണെടുക്കാതെ.
*

തിങ്കളാഴ്ച


ഒരു തീവണ്ടിയെക്കാൾ സങ്കടകരമായതെന്തെങ്കിലുമുണ്ടോ?
അതിനു പറഞ്ഞിരിക്കുന്ന സമയത്തു പുറപ്പെടുന്നത്,
ഒരേയൊരു ശബ്ദം മാത്രമുള്ളത്,
ഒരേയൊരു വഴി മാത്രമുള്ളത്.
അതിലും സങ്കടകരമായിട്ടൊന്നുമില്ല.

ഒരു വണ്ടിക്കുതിരയൊഴികെ, ഒരു പക്ഷേ;
രണ്ടു ദണ്ഡുകൾക്കിടയിൽ ബന്ധിക്കപ്പെട്ടത്,
ഇരുവശങ്ങളിലേക്കു നോക്കാൻ പോലുമതിനാവില്ല.
നടത്തയാണതിന്റെ ജീവിതം തന്നെ.

മനുഷ്യനോ? മനുഷ്യനുമില്ലേ സങ്കടം?
ദീർഘമായൊരു കാലം ഏകാന്തതയിലാണയാൾ ജീവിക്കുന്നതെങ്കിൽ,
കാലം നിലച്ചുവെന്നാണയാൾ വിശ്വസിക്കുന്നതെങ്കിൽ,
എങ്കിൽ മനുഷ്യനും സങ്കടകരമായ കാര്യം തന്നെ.

ബ്യൂണ
----------------


വിണ്ട കാലടികൾ, ശപിക്കപ്പെട്ട ഭൂമി,
വിവർണ്ണമായ പ്രഭാതത്തിൽ നീണ്ടുനീണ്ടുപോകുന്ന നിര.
ഒരായിരം പുകക്കുഴലുകളിലൂടെ ബ്യൂണ പുകയുന്നു.
ഏതൊരു ദിവസവും പോലെ മറ്റൊരു ദിവസം ഞങ്ങളെക്കാത്തിരിക്കുന്നു.

കാതു തുളയ്ക്കുന്ന വിസിലുകൾ പ്രഭാതമായെന്നറിയിക്കുന്നു:
“ജീവനറ്റ മുഖങ്ങളുടെ പുരുഷാരമേ,
ചെളിമണ്ണിന്റെ ഏകതാനമായ നരകത്തിൽ
ദുരിതത്തിന്റെ മറ്റൊരു ദിവസം പിറന്നിരിക്കുന്നുവല്ലോ!”

തളർന്നുപോയ കൂട്ടാളീ, എനിക്കു നിങ്ങളെയറിയാം.
നിങ്ങളുടെ കണ്ണുകളെനിക്കു വായിക്കാം, വിഷണ്ണനായ ചങ്ങാതീ.
നിങ്ങളുടെ നെഞ്ചിൽ നിങ്ങൾ പേറുന്നുണ്ടെന്നെനിക്കറിയാം,
തണുപ്പും വിശപ്പും ശൂന്യതയും.
നിങ്ങളിൽ ശേഷിച്ച ധൈര്യത്തെ ജീവിതം പണ്ടേ തകർത്തുകളഞ്ഞു.

നിറം കെട്ട മനുഷ്യാ, നിങ്ങളൊരിക്കൽ കരുത്തനായിരുന്നു,
ഒരു സ്ത്രീ നിങ്ങൾക്കൊപ്പം നടന്നിരുന്നു.
എന്നാലിപ്പോൾ, പൊള്ളയായ മനുഷ്യാ,
നിങ്ങൾക്കൊരു പേരു പോലുമില്ല.

അത്രയും പരിത്യക്തൻ, കരയാൻ പോലുമാകുന്നില്ല നിങ്ങൾക്ക്.
അത്രയും പരാധീനനൻ, സങ്കടപ്പെടാൻ പോലുമാകുന്നില്ല നിങ്ങൾക്ക്.
അത്രയും ക്ഷീണിതൻ, പേടി പോലുമില്ല നിങ്ങൾക്ക്.
കെട്ടുപോയിരിക്കുന്നു, ഒരിക്കലാളിക്കത്തിയ നിങ്ങൾ.

ഇനിയൊരിക്കൽ നാം തമ്മിൽ കണ്ടുവെന്നിരിക്കട്ടെ,
അങ്ങു മുകളിലൊരു ലോകത്ത്, ഊഷ്മളമായൊരു സൂര്യനു ചുവട്ടിൽ,
എന്തുതരം മുഖത്തോടെയാവും നാമന്യോന്യം അഭിമുഖീകരിക്കുക?

 (1945 ഡിസംബർ 18)


ഓഷ്‌വിറ്റ്സിനു കീഴിലുള്ള മറ്റൊരു തടങ്കല്പാളയമായിരുന്നു ബ്യൂണ. നാസികൾ തടവിലാക്കിയ 40000 വിദേശികളാണ്‌ ഇവിടെ അടിമപ്പണിയെടുത്തിരുന്നത്. അതാര്യവും നരച്ചതുമായ ഒരിടമായിട്ടാണ്‌ ലെവി ബ്യൂണയെ വിവരിക്കുന്നത്. കല്ക്കരിയുടേയും പെട്രോളിയത്തിന്റെയും വിഷച്ചാറുകൾ കുടിച്ചുവീർത്ത മണ്ണിൽ ഒരു പുല്ക്കൊടി പോലും മുളച്ചിരുന്നില്ല. അവിടെ ജീവനുണ്ടായിരുന്നത് യന്ത്രങ്ങൾക്കും അടിമകൾക്കുമാണ്‌; ആദ്യത്തേതിനാണ്‌ രണ്ടാമത്തേതിനെക്കാൾ ജീവനുണ്ടായിരുന്നത് എന്നും പറയാം. ജൂതന്മാർക്ക് ഓഷ്‌വിറ്റ്സിൽ നിന്നു രക്ഷപ്പെടാനുള്ള ഒരേയൊരു വഴി ശ്മശാനത്തിന്റെ പുകക്കുഴലിലൂടെയാണെന്ന് ഒരു തടവുകാരൻ പറഞ്ഞതായും ലെവി രേഖപ്പെടുത്തുന്നുണ്ട്.


ഫൊസോളിയിലെ സൂര്യാസ്തമയം
——————————————


മടങ്ങിവരാതാവുക എന്നാലെന്തെന്നെനിക്കറിയാം.
സൂര്യൻ താഴ്ന്നിറങ്ങുന്നതും മരിക്കുന്നതും
മുൾവേലിക്കിടയിലൂടെ ഞാൻ കണ്ടു;
ആ പഴയ കവിയുടെ വാക്കുകൾ
എന്റെയുടൽ കൊത്തിക്കീറുന്നതു ഞാനറിഞ്ഞു:
"അസ്തമിക്കുന്ന സൂര്യന്മാർക്കു പിന്നെ പുനരുദയം നിശ്ചയം,
നമ്മുടെ ക്ഷണികമായ പകലിനു പക്ഷേ, ഒരേയൊരസ്തമയം,
ഇനിയൊരുനാളുമുണരാത്ത നിത്യനിദ്രയത്രെ നമുക്കു രാത്രി."

(1946 ഫെബ്രുവരി 7)

നാസികൾ ജൂതന്മാരെ പോളണ്ടിലെയും ജർമ്മനിയിലേയും കോൺസെൻട്രേഷൻ ക്യാമ്പുകളിലേക്കയച്ചിരുന്നത് ഇറ്റലിയിലെ ഫൊസോളി എന്ന തടങ്കല്പാളയത്തിൽ നിന്നാണ്‌. അങ്ങനെ പോകുന്ന മിക്കവരും ലക്ഷ്യസ്ഥാനമെത്തും മുമ്പ് മരിച്ചുപോയിരുന്നു.
അവസാനത്തെ മൂന്നുവരി ലാറ്റിൻ ക്ലാസ്സിക്കൽ കവിയായ കറ്റലസ്സിന്റെ വളരെ പ്രസിദ്ധമായ ഒരു പ്രണയകവിതയിൽ നിന്നാണ്‌.

കറുത്ത നക്ഷത്രങ്ങൾ
-------------------------


ഇനിയാരും പാടാതിരിക്കട്ടെ,
പ്രണയഗാനങ്ങളും യുദ്ധഗാനങ്ങളും.
പകരമവർ കൊണ്ടാടട്ടെ,
ആകാശത്തെ വിദഗ്ധരെ,
നിർദ്ദയരും വിശിഷ്ടരുമായ
മരണത്തിന്റെ ദൂതരെ.
ഞാനിവിടെയാവർത്തിക്കട്ടെ,
അവർ നമുക്കായിക്കൊണ്ടുവന്ന
ഏറ്റവും പുതിയ സന്ദേശം:

പ്രപഞ്ചത്തിനതിന്റെ പേരു നല്കിയ ക്രമം
ഇതോടെ അവസാനിച്ചിരിക്കുന്നു.
ആകാശവ്യൂഹങ്ങൾ
രാക്ഷസസത്വങ്ങളുടെ കെട്ടുപിണച്ചിൽ മാത്രം,
അന്ധവും ചണ്ഡവും വിചിത്രവുമായ പ്രപഞ്ചം
നമ്മെ വന്നുപരോധിക്കുന്നു.
തെളിഞ്ഞ മാനത്തു ചിതറിക്കിടക്കുന്നു,
പേടിപ്പെടുത്തുന്ന സൂര്യജഡങ്ങൾ,
ഞെരിഞ്ഞമർന്ന ആറ്റങ്ങളുടെ
നിബിഡാവശിഷ്ടങ്ങൾ.
അവയിൽ നിന്നൊന്നും പ്രസരിക്കുന്നില്ല,
ഹതാശമായ ഭാരമല്ലാതെ.
ഊർജ്ജമില്ല, സന്ദേശമില്ല,
കണികകളില്ല, വെളിച്ചമില്ല.
വെളിച്ചം പിന്നിലേക്കു പതിക്കുന്നു,
അതിന്റെതന്നെ ഭാരത്താൽ.
നാം, മനുഷ്യസന്തതികൾ,
നാം ജീവിക്കുന്നു, മരിക്കുന്നു,
വ്യർത്ഥമായി.
ആകാശം നിലയ്ക്കാതെ തിരിയുന്നു,
വ്യർത്ഥമായി.

(1974 ഡിസംബർ 18)

വിടവാങ്ങൽ
==========


നേരം വൈകുന്നു, ചങ്ങാതിമാരേ:
അതിനാൽ ഞാൻ  നിങ്ങളിൽ നിന്നു  വാങ്ങുന്നില്ല അപ്പവും വീഞ്ഞും;
മൗനത്തിന്റെ ചില നാഴികകൾ മതിയെനിക്ക്,
പത്രോസെന്ന മുക്കുവന്റെ പഴംകഥകൾ,
ഈ തടാകത്തിന്റെ കസ്തൂരിഗന്ധം,
കരിഞ്ഞ ചുള്ളിക്കമ്പുകളുടെ പ്രാചീനഗന്ധം,
കടല്ക്കാക്കകളുടെ പരദൂഷണസീല്ക്കാരങ്ങൾ,
മേച്ചിലോടുകളിൽ പായലിന്റെ പൊന്ന്,
ഒറ്റയ്ക്കു കിടന്നുറങ്ങാനൊരു കിടക്കയും.
പകരം ഞാൻ നിങ്ങൾക്കു നല്കാം, 
ഇതുപോലുള്ള കവിതകൾ,
ദാരുണവും നിസ്സഹായവും അനുചിതവുമായ കവിതകൾ,
അഞ്ചോ ആറോ വായനക്കാർക്കു വായിക്കാനായിട്ടെഴുതിയവ.
പിനെ നമുക്കു പിരിഞ്ഞുപോകാം, 
ഓരോ ആളും അവനവന്റെ ഭാരവുമായി,
എന്തെന്നാൽ, മുമ്പു ഞാൻ പറഞ്ഞപോലെ, 
നേരം വൈകുകയാണല്ലോ.

(1974 ഡിസംബർ 28)

ഒച്ച്
----------------


അത്രയും സുരക്ഷിതനാണു താനെങ്കിൽ
എന്തിനു വെറുതേ തിരക്കു പിടിക്കണം?
പുല്ലിനും നനവിനും കുറവില്ലാത്ത കാലത്തോളം
ഒരിടം മറ്റൊരിടത്തെക്കാളെന്തിനു നല്ലതാവണം?
എന്തിനോടണം, ഓടിച്ചെന്നപകടത്തിൽ ചാടണം,
തന്നിലേക്കുതന്നെ പിൻവലിഞ്ഞാൽ
സ്വസ്ഥതയും സമാധാനവും നിനക്കു കിട്ടുമെങ്കിൽ?
ഇനി ലോകം തന്നെ നിനക്കെതിരായാലും
നീയതിൽ നിന്നു സ്വയം കൊട്ടിയടയ്ക്കുന്നു,
ലോകത്തെ നിഷേധിച്ചും ലോകത്തിനു സ്വയം നിഷേധിച്ചും.
എന്നാലിളം മഞ്ഞിൽ പുല്പരപ്പു നനയുമ്പോൾ,
മഴയിൽ നിലം പിന്നെയുമാർദ്രമാവുമ്പോൾ,
ഓരോ വഴിയും നിനക്കു രാജപാതയാവുന്നു,
ഇലയിൽ നിന്നിലയിലേക്ക്, കല്ലിൽ നിന്നു കല്ലിലേക്ക്
ഒട്ടുന്നൊരു ദ്രാവകം പൂശി നീ പാലം പണിയുന്നു.
കരുതലോടെ, ക്ഷമയോടെ, ഒളിവായി നീ ഗമിക്കുന്നു,
ദൂരദർശിനിക്കണ്ണുകളാൽ വഴി പരീക്ഷിച്ച്,
മലിനമായി, സുഭഗമായി, ക്രമാനുഗതമായി,
ഒടുവിൽ മറ്റേയാണിനെ/പെണ്ണിനെ കണ്ടെത്തും വരെ,
ആകാക്ഷയോടെ, പിരിമുറുക്കത്തോടെ,
ഓട്ടിക്കുള്ളിലാകെത്തുടിച്ചും കൊണ്ടും
സന്ദിഗ്ധപ്രണയത്തിന്റെ കാതരവശ്യതകൾ
നിനക്കനുഭവമാകും വരെ.

(1983 ഡിസംബർ 70)

2025 ജൂലൈ 24, വ്യാഴാഴ്‌ച

ഒമേറോ അറിഹിസ് - കവിതകൾ

ഒരു നായയെപ്പോലെ


എപ്പോഴും ആരുടെയെങ്കിലും ചുവട്ടടിയിൽ കിടക്കുന്ന
ഒരു നായയെപ്പോലെ

കാറ്റത്തും വെയിലത്തും നിന്റെയൊപ്പം ഞാൻ നടക്കും
ഒരു നായയെപ്പോലെ

നീ വൃദ്ധയും അന്ധയും വിരൂപയുമായിക്കഴിയുമ്പോൾ
ജീവിതത്തിന്റെ കുപ്പക്കൂനകളിൽ നിനക്കു വേണ്ടി ഞാൻ മണത്തുനടക്കും

നിന്റെ ചുവട്ടടിയിൽ ഞാൻ നീണ്ടുകിടക്കും
ഒരു നിഴൽ പോലെ

ഒരു നായയെപ്പോലെ

*

മെക്സിക്കോ സിറ്റി



പുഴയൊഴുകിയിരുന്നിടത്ത്
സിമന്റുതെരുവുകൾ

പ്രാചീനവൃക്ഷങ്ങൾക്കു പകരം
വിളക്കുകാലുകൾ

ഉടലുകൾ കടന്നുപോകുന്നു
ഈ പുഴയെ അറ്റോയാറ്റിൽ എന്നും
ഈ മരത്തെ റ്റിയോകോറ്റിൽ എന്നും വിളിച്ചിരുന്ന
പ്രാചീനശരീരങ്ങൾക്കുള്ളിലൂടെ

പഴയ പാതകൾക്കു പകരം പുതിയ പാതകൾ
പഴയ പ്രേതങ്ങൾക്കു പകരം പുതിയ പ്രേതങ്ങൾ
പഴയ വാക്കുകൾക്കു പകരം പുതിയ വാക്കുകൾ

*

രാത്രിമഴ

രാത്രിയിൽ മഴ പെയ്യുന്നു,
പഴകിയ മേല്ക്കൂരകൾക്കു മേൽ, 
ഈറൻ തെരുവുകൾക്കു മേൽ,
ഇരുണ്ട കുന്നുകളിൽ,
മൃതനഗരങ്ങളിലെ ദേവാലയങ്ങൾക്കു മേൽ.
ഇരുട്ടത്തു ഞാൻ കേട്ടുകിടക്കുന്നു
മഴയുടെ പൂർവ്വികസംഗീതം,
അതിന്റെ പ്രാചീനപാദപതനം,
അലിഞ്ഞലിഞ്ഞുപോകുന്ന സ്വരം.
മനുഷ്യരുടെ സ്വപ്നങ്ങളെക്കാൾ വേഗത്തിൽ
വായുവിലൂടതു വഴി തെളിക്കുന്നു,
മനുഷ്യരുടെ ചുവടുവയ്പുകളെക്കാൾ നീളത്തിൽ
പൊടിയിലതു താരകൾ വീഴ്ത്തുന്നു.
നാളെ നാം മരിക്കും,
രണ്ടുവട്ടം നാം മരിക്കും,
വ്യക്തികളായി ഒരിക്കൽ,
ജീവജാതിയായി രണ്ടാമതും.
ഇടിമിന്നലുകൾക്കും
നിഴലുകൾക്കിടയിൽ ചിതറിയ വെളുത്ത വിത്തുകൾക്കുമിടയിൽ
നമുക്കു നേരം കിട്ടും,
സമ്പൂർണ്ണമായൊരു മനഃസാക്ഷിപരിശോധന നടത്താൻ,
മനുഷ്യകഥയൊന്നുരുക്കഴിക്കാൻ.
മഴ പെയ്യുന്നു,
രാത്രിയിൽ മഴ പെയ്യും,
നനഞ്ഞ തെരുവുകളിൽ, 
ഇരുണ്ട കുന്നുകളിലെന്നാൽ
ആരുമുണ്ടാവില്ല,
മഴ പെയ്യുന്നതു കേൾക്കാൻ.
*

മെക്സിക്കൻ കവിയും നോവലിസ്റ്റുമായ Homero Aridjis (ജ. 1940) പ്രമുഖനായ പരിസ്ഥിതിപ്രവർത്തകനുമാണ്‌.


2025 ജൂലൈ 23, ബുധനാഴ്‌ച

ഡോറിസ് ലെസ്സിംഗ് - ഗോൾഡൻ നോട്ട്ബുക്ക്

 വിവാഹിതരോ ദീർഘകാലമായി തമ്മിലടുത്തവരോ ആയ ഒരു സ്ത്രീയും പുരുഷനും; ഒരാൾ മറ്റൊരാളുടെ ഡയറി രഹസ്യമായി വായിക്കുകയാണ്‌; അതിലവർ ഒരാൾക്കു മറ്റേയാളെക്കുറിച്ചു തോന്നുന്നത് ഒളിച്ചുവയ്ക്കാതെ എഴുതിവയ്ക്കുന്നുമുണ്ട് (അക്കാര്യത്തിൽ രണ്ടുപേരും മാന്യത കാണിയ്ക്കുന്നുവെന്നു പറയണം). താൻ എഴുതുന്നത് മറ്റേയാൾ വായിക്കുന്നുണ്ടെന്ന് ഇരുവർക്കും അറിയാം; എന്നാല്ക്കൂടി കുറേക്കാലത്തേയ്ക്കവർ വസ്തുനിഷ്ഠമായിത്തന്നെയാണ്‌ എഴുതുന്നതും. പിന്നെ, പതിയെപ്പതിയെ അവർ കള്ളത്തരം കാണിയ്ക്കാൻ തുടങ്ങുന്നു, ആദ്യം അബോധപൂർവ്വമായി; പിന്നെ, മറ്റേയാളെ സ്വാധീനിക്കാനായി ബോധപൂർവ്വമായും. ഓരോ ആളും രണ്ടു ഡയറികൾ വയ്ക്കുന്ന അവസ്ഥയിലേക്ക് ഒടുവിലവർ എത്തിച്ചേരുന്നു: ഒന്ന് സ്വന്തം ആവശ്യത്തിനായി; അതവർ പൂട്ടിവയ്ക്കുന്നു; രണ്ടാമത്തേത് മറ്റേയാൾക്കു വായിക്കാനായി. അങ്ങനെപോകെ അവരിൽ ഒരാൾക്കൊരു നാക്കുപിഴ പറ്റുന്നു, അല്ലെങ്കിൽ, അയാൾ ഒരബദ്ധം കാണിക്കുന്നു; അയാൾ തന്റെ ഡയറി കട്ടുവായിച്ചുവെന്ന് മറ്റേയാൾ കുറ്റപ്പെടുത്തുന്നു. ഇരുവർക്കുമിടയിലുണ്ടായ ഭയങ്കരമായ കലഹം ഇരുവരേയും എന്നെന്നേക്കുമായി അകറ്റുകയും ചെയ്യുന്നു. കലഹകാരണം ശരിക്കുള്ള ഡയറിയുമല്ല- “നമുക്കിരുവർക്കും അറിയാമായിരുന്നതാണല്ലോ, അപ്രധാനമായ മറ്റേ ഡയറിയാണ്‌ നാം വായിക്കുന്നതെന്ന്; എന്നിട്ട് എന്റെ സ്വകാര്യഡയറി വായിക്കാനുള്ള സത്യസന്ധതയില്ലായ്മ കാണിക്കാൻ നിങ്ങൾക്കെങ്ങനെ തോന്നി!“

()

2025 ജൂലൈ 21, തിങ്കളാഴ്‌ച

ജോർജ് ട്രക്ക്‌ൽ - കൂട്ടിലടച്ച കരിങ്കിളിയുടെ പാട്ട്


പച്ച മരച്ചില്ലകളിൽ ഇരുണ്ട നിശ്വാസം.
ഏകാകിയുടെ മുഖത്തിനു ചുറ്റുമായി
കുഞ്ഞുനീലപ്പൂവുകൾ പാറിനടക്കുമ്പോൾ
ഒലീവുമരത്തിനു ചോട്ടിൽ
സുവർണ്ണപാദപതനമലിയുന്നു.
ഉന്മത്തമായ ചിറകുകളിൽ രാത്രി മേലേയ്ക്കു പറക്കുന്നു,
എളിമ ചോര വാർക്കുന്നു, അത്രയും നിശ്ശബ്ദമായി-
മൊട്ടിടുന്ന മുള്ളിൽ നിന്നിറ്റുന്ന മഞ്ഞുതുള്ളി.
കാരുണ്യത്തിന്റെ തിളങ്ങുന്ന കൈകൾ
തകരുന്നൊരു ഹൃദയത്തെ പുണരുന്നു.

*

കമാൽ ഒസെർ - കടല്ക്കരയിൽ


കടല്ക്കരയിലൂടവർ നടക്കുന്നു,
തിരകളവരുടെ കാല്പാടുകൾ  മായ്ച്ചുകളയുന്നു.

രണ്ടുപേർ സംസാരിച്ചുകൊണ്ടുപോകുന്നു,
കാറ്റവരുടെ വാക്കുകളടിച്ചുപറത്തുന്നു.

എന്നിട്ടുമവർ കടല്ക്കരയിലൂടെ നടക്കുന്നു,
അവരുടെ കാലടികൾ പുതിയ കാല്പാടുകൾ വീഴ്ത്തുന്നു.

ആ രണ്ടുപേരെന്നിട്ടും സംസാരിച്ചുകൊണ്ടു പോകുന്നു,
പുതിയ വാക്കുകളവർ കണ്ടെത്തുന്നു.

*

റോബർട്ട് ലൂയി സ്റ്റീവൻസൺ

 എന്റെ കാര്യം പറഞ്ഞാൽ, ഞാൻ യാത്ര ചെയ്യുന്നത് എവിടെയെങ്കിലും പോകാനല്ല, പോകാൻ മാത്രമായിട്ടാണ്‌. യാത്രയ്ക്കു വേണ്ടിമാത്രമായി ഞാൻ യാത്ര ചെയ്യുന്നു. ചലിക്കുക എന്നതാണ്‌ വലിയ കാര്യം; നമ്മുടെ ജീവിതത്തിന്റെ ആവശ്യങ്ങളും കുടുക്കുകളും ഒന്നുകൂടി അടുത്തറിയുക; നാഗരികത എന്ന പട്ടുമെത്തയിൽ നിന്ന് താഴെയിറങ്ങി കുപ്പിച്ചില്ലുകൾ ചിതറിക്കിടക്കുന്ന ഈ ഭൂഗോളത്തിന്റെ പരുക്കൻ പാറകൾ കാല്ക്കീഴിലറിയുക. പക്ഷേ, ജീവിതത്തിലേക്കിറങ്ങിക്കഴിഞ്ഞാൽ, നമ്മുടെ കാര്യങ്ങളിൽ വ്യാപൃതരായിക്കഴിഞ്ഞാൽ, ഒരൊഴിവുദിവസം പോലും പരിശ്രമിച്ചാലേ നമുക്കു കിട്ടൂ എന്നതാണ്‌ കഷ്ടം. മഞ്ഞുറഞ്ഞ വടക്കൻ ദേശങ്ങളിലൂടെ ജീനിയിൽ യാത്രാഭാണ്ഡവുമായി ശീതക്കാറ്റിനെതിരെ യാത്ര ചെയ്യുക എന്നത് വലിയ കേമത്തമൊന്നുമല്ലെങ്കിലും നമ്മുടെ മനസ്സിനെ ആമഗ്നമാക്കാനും പ്രശാന്തമാക്കാനും അതുമതി. വർത്തമാനകാലം തന്നെ ശ്രമകരമായിരിക്കെ ഭാവിയെക്കുറിച്ച് ആരു വേവലാതിപ്പെടുന്നു?

(ഒരു കഴുതയുമൊത്തുള്ള യാത്രകൾ)

അരക്ഷിതമാണ്‌ മനുഷ്യന്റെ സൗഹൃദങ്ങൾ, എത്രയ്ക്കവ അഭിമതമായാലും. നിങ്ങൾക്കറിയാം, ഒരു സ്നേഹിതൻ വിവാഹം കഴിക്കും, അതിൽ പിന്നെ വാതിലിനു പുറത്തു തനിക്കു നില്ക്കേണ്ടിവരുമെന്ന്; രണ്ടാമതൊരാൾ ചൈനയിൽ ഒരുദ്യോഗത്തിനു പോകുമെന്നും പിന്നീടയാൾ തനിക്കു വെറുമൊരു പേരോ ഒരോർമ്മയോ വല്ലപ്പോഴുമൊരിക്കൽ കിട്ടുന്ന ക്ലിഷ്ടമായ ഒരു കത്തോ ആയി മാറുമെന്ന്; മൂന്നാമൻ ഏതെങ്കിലും മതചാപല്യത്തിൽ പോയി ചാടുമെന്നും പിന്നയാൾ മുഷിഞ്ഞൊരു നോട്ടത്തോടെയാണു തന്നെ നോക്കുകയെന്നും. അങ്ങനെ, ഒന്നല്ലെങ്കിൽ മറ്റൊരു വിധത്തിൽ, ജീവിതം മനുഷ്യരെ വേർപെടുത്തുകയും സുന്ദരമായ സഖ്യങ്ങൾ തകർത്തുകളയുകയും ചെയ്യും. മനുഷ്യരുടെ സൗഹൃദങ്ങളെ, അവ നിലനില്ക്കുന്ന കാലത്തോളം, ഹൃദ്യമാക്കുന്ന അതേ വഴക്കവും സ്വസ്ഥതയും തന്നെയാണ്‌ അവയെ തകർക്കാനും മറക്കാനും എളുപ്പമാക്കുന്നതും. ചില സുഹൃത്തുക്കളുള്ള, അല്ലെങ്കിൽ ഒരു ഡസൻ സുഹൃത്തുക്കളുള്ള (അങ്ങനെയൊരു ധനികൻ ഈ ലോകത്തുണ്ടെങ്കിൽ) ഒരാൾക്കു മറക്കാൻ കഴിയില്ല, എത്ര ഭദ്രമല്ലാത്ത ഒരടിത്തറയിലാണ്‌ തന്റെ സന്തോഷം ഊന്നിനില്ക്കുന്നതെന്ന്; വിധിയുടെ ഒരു പ്രഹരത്താൽ- ഒരു മരണം, തമാശയായി പറഞ്ഞ ചില വാക്കുകൾ, തപാൽമുദ്രയൊട്ടിച്ച ഒരു കടലാസ്സുകഷണം, ഒരു സ്ത്രീയുടെ പ്രകാശം ചൊരിയുന്ന കണ്ണുകൾ- എല്ലാവരും വെടിഞ്ഞുപോയ ഒരഗതിയായി ഒരു മാസത്തിനുള്ളിൽ താൻ മാറിയേക്കാമെന്ന്.

(യുവാക്കളോടും യുവതികളോടും)

ആന്ദ്രേ തർക്കോവ്സ്കി

 കലയ്ക്കു പറഞ്ഞിരിക്കുന്ന ധർമ്മം, പലപ്പോഴും കരുതപ്പെടുന്നപോലെ, ആശയങ്ങൾ കൈമാറുകയല്ല, ചിന്തകൾ പ്രചരിപ്പിക്കുകയല്ല, ഉദാഹരണമായി വർത്തിക്കുകയുമല്ല. കലയുടെ ലക്ഷ്യം ഒരു മനുഷ്യനെ മരണത്തിനു സജ്ജമാക്കുകയാണ്‌, നന്മയിലേക്കു തിരിയാൻ പാകത്തിൽ അയാളുടെ ആത്മാവെന്ന നിലമൊരുക്കുകയാണ്‌. 

പ്രകൃഷ്ടമായ ഒരു കലാരചനയുടെ സ്പർശനമേല്ക്കുമ്പോൾ ഒരു വ്യക്തി തനിക്കുള്ളിൽ കേൾക്കാൻ തുടങ്ങുകയാണ്‌, കലാകാരനെ അയാളുടെ സൃഷ്ടികർമ്മത്തിലേക്കു പ്രചോദിപ്പിച്ച സത്യത്തിന്റെ അതേ ആഹ്വാനം. ഒരു കലാസൃഷ്ടിയും അതിന്റെ ദ്രഷ്ടാവും തമ്മിൽ ഒരു ബന്ധം സ്ഥാപിക്കപ്പെട്ടുകഴിഞ്ഞാൽ ഉദാത്തവും വിമലീകരിക്കുന്നതുമായ ഒരാഘാതത്തിനു വിധേയനാവുകയാണയാൾ. മാസ്റ്റർപീസുകളേയും സദസ്സിനേയും ഒന്നിപ്പിക്കുന്ന ആ തേജോവലയത്തിനുള്ളിൽ വച്ച് നമ്മുടെ ആത്മാവുകളുടെ ഏറ്റവും ഉത്തമമായ വശങ്ങൾ നാമറിയുന്നു, അവയെ സ്വതന്ത്രമാക്കാൻ നാം ആഗ്രഹിക്കുകയും ചെയ്യുന്നു. ആ മുഹൂർത്തങ്ങളിൽ നാം നമ്മെത്തന്നെ തിരിച്ചറിയുകയും നമ്മുടെതന്നെ സാദ്ധ്യതകളുടെ ആഴമറിയാത്ത കയങ്ങളും നമ്മുടെ വികാരങ്ങളുടെ നാമിനിയും കയറാത്ത ശൃംഗങ്ങളും കണ്ടെടുക്കുകയും ചെയ്യുന്നു. 

(Sculpting In Time)


പോയ രാത്രിയിൽ ഞാനൊരു വിചിത്രസ്വപ്നം കണ്ടു: ഞാൻ ആകാശത്തേക്കു നോക്കി ഇരിക്കുകയായിരുന്നു; ആകാശം വളരെ, വളരെ തെളിഞ്ഞതും മൃദുവുമായിരുന്നു. മുകളിൽ, എനിക്കു മുകളിൽ അതു പതുക്കെ തിളയ്ക്കുന്നപോലെ തോന്നിയിരുന്നു, ദ്രവരൂപമെടുത്ത വെളിച്ചം പോലെ, പ്രകാശപൂരിതമായ ഒരു നെയ്ത്തുവേലയുടെ ഇഴകൾ പോലെ, ഒരു ജാപ്പനീസ് ചിത്രകംബളത്തിലെ പട്ടുനൂലു കൊണ്ടുള്ള തുന്നലുകൾ പോലെ. ആ കുഞ്ഞിഴകൾ, ജീവനുള്ള നാരുകൾ, ചലിക്കുകയും പൊന്തിയൊഴുകുകയും കയ്യെത്താത്ത ഉയരത്തിൽ പറന്നുനടക്കുന്ന കിളികളാവുകയുമാണെന്നു തോന്നി. അത്രയും ഉയരത്തിലായതിനാൽ തൂവലുകൾ കൊഴിഞ്ഞാൽ അവ താഴേക്കു വീഴില്ല, ഭൂമിയിലേക്കെത്തില്ല, മറിച്ച്, അവ മുകളിലേക്കു പറക്കും, നമ്മുടെ ലോകത്തു നിന്ന് എന്നെന്നേക്കുമായി മറഞ്ഞുപോകും എന്ന മട്ടായിരുന്നു. ആ അത്യുന്നതിയിൽ നിന്ന് നേർത്ത വശ്യസംഗീതം താഴേക്കൊഴുകുന്നുണ്ടായിരുന്നു. കുഞ്ഞുമണികളുടെ കിലുക്കം പോലെ തോന്നി ആ സംഗീതം; അഥവാ, കിളികളുടെ ചിലയ്ക്കൽ സംഗീതം പോലെ ആയിരുന്നു.
‘അവ കൊറ്റികളാണ്‌,’ പെട്ടെന്നാരോ പറയുന്നതു ഞാൻ കേട്ടു, ഞാൻ ഉറക്കമുണരുകയും ചെയ്തു. വിചിത്രവും സുന്ദരവുമായ ഒരു സ്വപ്നം. ചിലപ്പോഴൊക്കെ ഞാനിങ്ങനെയുള്ള ഗംഭീരസ്വപ്നങ്ങൾ കാണാറുണ്ട്.
(Time within Time)

2025 ജൂലൈ 20, ഞായറാഴ്‌ച

തോറോ

സാഹിത്യത്തിൽ നമ്മെ ആകർഷിക്കുന്നത് വന്യമായതു മാത്രമാണ്‌. മെരുക്കത്തിന്റെ മറ്റൊരു പേരാണെന്നേയുള്ളു വിരസത. ഹാംലറ്റിലും ഇലിയഡിലും, വിദ്യാലയങ്ങളിലല്ലാതെ നാം പഠിക്കുന്ന വേദഗ്രന്ഥങ്ങളിലുമൊക്കെ നമ്മെ ആനന്ദിപ്പിക്കുന്നത് അനാഗരികവും സ്വച്ഛന്ദവും വന്യവുമായ ആ ചിന്തകളാണ്‌. മഞ്ഞുതുള്ളികൾക്കിടയിലൂടെ, പന്നലുകൾക്കു മുകളിലൂടെ, പറന്നുപോകുന്ന കാട്ടുതാറാവിനാണ്‌ വളർത്തുതാറാവിനെക്കാൾ വേഗതയും ഭംഗിയുമുള്ളതെന്നപോലെയാണ്‌ അടക്കമില്ലാത്ത ചിന്തകളുടെ കാര്യവും. ശരിക്കും ഉത്കൃഷ്ടമെന്നു പറയാവുന്ന ഒരു പുസ്തകം പടിഞ്ഞാറുള്ള പുല്മൈതാനങ്ങളിലോ പൗരസ്ത്യവനങ്ങളിലോ കണ്ടെടുക്കപ്പെടുന്ന ഒരു കാട്ടുപൂവു പോലത്ര സ്വാഭാവികമായിരിക്കും, അത്രയ്ക്കപ്രീതിക്ഷിതമായിരിക്കും, വിശദീകരണങ്ങൾക്കപ്പുറവുമായിരിക്കും. പ്രതിഭ ഇരുട്ടിനെ വെളിച്ചപ്പെടുത്തുന്ന, (അറിവിന്റെ ദേവാലയത്തെത്തന്നെ അതു തകർത്തുവെന്നും വരാം) ഇടിമിന്നലാണ്‌- അടുപ്പുകല്ലിനരികിൽ കൊളുത്തിവച്ച, പകൽവെളിച്ചത്തിൽ പ്രഭ മങ്ങുന്ന മെഴുകുതിരിയല്ല.

*

തിമിംഗലത്തിന്റെ എല്ലും കൊഴുപ്പും കൊണ്ടുള്ള ചില ഉപയോഗങ്ങൾ കണ്ടുപിടിച്ച ഒരാളെ തിമിംഗലത്തിന്റെ യഥാർത്ഥത്തിലുള്ള ഉപയോഗം കണ്ടുപിടിച്ചയാളെന്നു പറയാൻ പറ്റുമോ? ആനക്കൊമ്പിനു മാത്രമായി ആനയെ വേട്ടയാടുന്ന ഒരാളെ ”ആനയെ കണ്ടയാൾ“ എന്നു വിശേഷിപ്പിക്കാൻ പറ്റുമോ? ഇപ്പറഞ്ഞതെല്ലാം നിസ്സാരവും ആനുഷംഗികവുമായ ഉപയോഗങ്ങളാണ്‌; നമ്മളെക്കാൾ കരുത്തരായ ഒരു വർഗ്ഗം നമ്മുടെ എല്ലുകൾ കൊണ്ട് ബട്ടണും ഓടക്കുഴലും ഉണ്ടാക്കാൻ വേണ്ടി നമ്മളെ കൊന്നൊടുക്കുന്നതുപോലെയാണത്; സർവ്വതിനുമുണ്ട് താഴ്ന്നതും ഉയർന്നതുമായ ഒരുപയോഗം.
വിറകുകടയിലും മരപ്പണിയാലയിലും തുകലൂറയ്ക്കിടുന്നിടത്തും ടർപ്പന്റൈൻ ഫാക്റ്ററിയിലും ഞാൻ പോയിട്ടുണ്ട്; എന്നാൽ അകലെ മറ്റെല്ലാ കാട്ടുമരങ്ങൾക്കും മേലെയായി കാറ്റത്തുലഞ്ഞും വെളിച്ചം പ്രതിഫലിപ്പിച്ചും പൈന്മരത്തലപ്പുകൾ കണ്ടപ്പോൾ മുമ്പു പറഞ്ഞവയല്ല, പൈന്മരങ്ങളെക്കൊണ്ടുള്ള ഉന്നതമായ ഉപയോഗങ്ങൾ എന്നെനിക്കു ബോദ്ധ്യമായി. അവയുടെ എല്ലുകളെയോ തൊലിയേയോ എണ്ണയേയോ അല്ല ഞാൻ ഏറ്റവുമധികം സ്നേഹിക്കുന്നത്. എന്റെ മുറിവുണക്കുന്ന ടർപ്പന്റൈനെയല്ല, ആ മരത്തിന്റെ ജീവാത്മാവിനെയാണ്‌ ഞാൻ സ്നേഹിക്കുന്നത്.
*

എല്ലാ മനുഷ്യരും ആചാരങ്ങളുടെ ശവക്കുഴിയിൽ പാതി മൂടിക്കിടക്കുകയാണ്‌; ചിലരുടെ കാര്യത്തിലാണെങ്കിൽ അവരുടെ തലമുടിത്തലപ്പു മാത്രമേ പുറത്തു കാണാനുള്ളു. അവരെക്കാൾ എത്രയോ ഭേദമാണ്‌, ഭൗതികമായി മരിച്ചവർ; അവർ എത്ര ജീവനോടെയാണ്‌ ജീർണ്ണിക്കുന്നത്! നന്മ പോലും കെട്ടിക്കിടന്നാൽ ആ പേരിനർഹമല്ല. ഒരു മനുഷ്യന്റെ ജീവിതം ഈ പുഴ പോലെ നിരന്തരം നൂതനമായിരിക്കണം: ചാൽ അതുതന്നെ, എന്നാൽ ഓരോ നിമിഷവും അതിലൂടൊഴുകുന്നത് പുതിയൊരു ജലം.

*

കാട്ടിലൂടെയും പാടത്തൂടെയുമുള്ള ഒരു നടത്തപോലെ ഇത്ര ആരോഗ്യപ്രദവും ഇത്ര കാവ്യാത്മകവുമായി മറ്റൊന്നില്ല. അവിടങ്ങളിൽ എനിക്കാരെയും കണ്ടുമുട്ടേണ്ടിവരുന്നില്ല. തെരുവിലും സമൂഹത്തിലും ഞാനൊരു നിസ്സാരനും പാഴുമാണ്‌; പറയരുതാത്ത വിധം ഹീനമാണ്‌ എന്റെ ജീവിതം. ധനവും മാന്യതയും കൊണ്ട് അതിനൊരർത്ഥവും കിട്ടാൻ പോകുന്നില്ല. എന്നാൽ അകലെയുള്ള കാടുകളിലോ പാടങ്ങളിലോ ഒറ്റയ്ക്കാവുമ്പോൾ എനിക്കെന്നെ തിരിച്ചുകിട്ടുന്നു, മഹത്തുക്കൾ ബന്ധുക്കളായതായി എനിക്കു തോന്നുന്നു​‍ാ തണുപ്പും ഏകാന്തതയും എന്റെ ചങ്ങാതിമാരുമാകുന്നു. മറ്റുള്ളവർക്ക് പള്ളിയിൽപോക്കും പ്രാർത്ഥനയും കൊണ്ടു കിട്ടുന്നതിനു തുല്യമാണ്‌ എനിക്കിതിന്റെ മൂല്യം എന്നു ഞാൻ കരുതുന്നു. അങ്ങനെ, വസ്തുക്കളെ ഉപരിപ്ലവമായിട്ടല്ലാതെ അവ യഥാർത്ഥത്തിൽ എന്താണോ അങ്ങനെ കാണാൻ എനിക്കു കഴിയുന്നു, എന്നുപറഞ്ഞാൽ, മഹത്തും സുന്ദരവുമായി.

(തോറോയുടെ ഡയറിയിൽ നിന്ന്)

*

 മനുഷ്യരെ നാം അറിയുന്നത് അവരുടെ കണ്ണുകളിലൂടെയാണ്‌. കണ്ണുകൾ എന്നും മൗലികമായിരുന്നുവെന്നും മറ്റൊന്നും പോലെയായിരുന്നില്ലെന്നും വേണമെങ്കിൽ പറയാം. വ്യക്തിലക്ഷണമാണത്, കുടുംബലക്ഷണമല്ല; ഇരട്ടകളില്പോലും കണ്ണുകൾ വ്യത്യസ്തമായിരിക്കും. ഒരു മനുഷ്യന്റെ എല്ലാ സ്വകാര്യതയും അയാളുടെ കണ്ണുകളിലുണ്ട്; അയാൾക്ക് എത്രത്തോളം സ്വന്തം സ്വഭാവം മാറ്റാൻ പറ്റില്ലയോ, അത്രത്തോളം അയാൾക്കു തന്റെ കണ്ണുകളിലെ ഭാവവും മാറ്റാൻ പറ്റില്ല. നാമൊരാളെ അയാളുടെ കണ്ണുകളിൽത്തന്നെ നോക്കിക്കൊണ്ടിരുന്നാൽ നമുക്കു തോന്നും അയാളുടെ മറ്റു മുഖലക്ഷണങ്ങളെ ഭരിക്കുന്നത് ആ കണ്ണുകളാണെന്ന്, അവയ്ക്കും തനിമ നല്കുന്നത് അവയാണെന്ന്. ഒരാളെ അയാളുടെ രൂപവും ഭാവവും മറ്റു മുഖലക്ഷണങ്ങളും നിരീക്ഷിച്ചിട്ട് മറ്റൊരാളായി ഞാൻ തെറ്റിദ്ധരിക്കുമ്പോൾ ആ വ്യത്യാസം അത്ര പ്രധാനമായി എനിക്കു തോന്നുന്നില്ല; എന്നാൽ അയാളുടെ കണ്ണുകൾ കാണുകയും അയാളെ അയാളായി ഞാൻ തിരിച്ചറിയുകയും ചെയ്യുന്നതോടെ ആ പ്രത്യഭിജ്ഞ അയാളുടെ മറ്റു മുഖലക്ഷണങ്ങളിലേക്കും വ്യാപിക്കുന്നു. കണ്ണുകൾ തിരിയുന്നത് അവയുടെ സ്വന്തമായ ഒരു തിരിക്കുറ്റിയിലാണ്‌; അതിൽ നമുക്കൊരു നിയന്ത്രണവുമില്ല. അതിന്റെ അച്ചുതണ്ട് ആത്മാവിന്റെ അച്ചുതണ്ടാണ്‌, ഭൂമിയുടെ അച്ചുതണ്ട് ആകാശമണ്ഡലത്തിന്റെ അച്ചുതണ്ടിനൊപ്പമാണു തിരിയുന്നതെന്നപോലെ. 

*

റ്റൊമാസ് ട്രാൻസ്ട്രൊമർ - പേര്‌


ഡ്രൈവു ചെയ്യുന്നതിനിടെ ഉറക്കം വന്നപ്പോൾ റോഡരികിലെ ഒരു മരത്തിനടിയിൽ ഞാൻ വണ്ടി നിർത്തി. പിൻസീറ്റിൽ ചുരുണ്ടുകൂടിക്കിടന്ന് ഞാനുറങ്ങി. എത്രനേരം? മണിക്കൂറുകൾ. ഇരുട്ടായിക്കഴിഞ്ഞിരുന്നു.

പെട്ടെന്ന് എന്റെ ഉറക്കം ഞെട്ടി; ഞാൻ ആരാണെന്ന് എനിക്കോർമ്മ വന്നില്ല. എനിക്കു പൂർണ്ണബോധം ഉണ്ടായിരുന്നു, അതുകൊണ്ടു പക്ഷേ, കാര്യമുണ്ടായില്ല. എവിടെയാണു ഞാൻ? ആരാണു ഞാൻ? ഒരു പിൻസീറ്റിൽ ഉറക്കമുണർന്ന എന്തോ ഒന്നാണു ഞാൻ, ഒരു ചാക്കുകെട്ടിനുള്ളിൽ പ്രാണവെപ്രാളത്തോടെ മാന്തിപ്പറിക്കുന്ന ഒരു പൂച്ചയെപ്പോലെ.

ഏറെനേരത്തിനു ശേഷം ജീവനെന്നിലേക്കു തിരിച്ചുവരുന്നു. ഒരു മാലാഖയെപ്പോലെ എന്റെ പേരെന്നിലേക്കു തിരിച്ചെത്തുന്നു. കോട്ടമതിലിനു പുറത്ത് ഒരു കാഹളശബ്ദം (ലിയോനോറ ഒവേർച്ചറിലെപ്പോലെ), എന്നെ രക്ഷിക്കാൻ നീണ്ടൊരു കോണിപ്പടി വേഗം വേഗമിറങ്ങിവരുന്ന കാലൊച്ചകളും. ഞാൻ വരുന്നതാണത്! ഞാനാണത്!

എന്നാൽ മറക്കാൻ സാദ്ധ്യമല്ല, കാറുകൾ ഹെഡ്‌ലൈറ്റുകളുമിട്ടു കടന്നുപോകുന്ന പ്രധാനപ്പെട്ടൊരു ഹൈവേയ്ക്കു കുറച്ചുമാത്രമപ്പുറം ശൂന്യതയുടെ ഒരു നരകത്തിൽ പതിനഞ്ചു സെക്കന്റ് നേരത്തെ ആ പോരാട്ടം.

*(Leonora Overture- ബീഥോവന്റെ ഫിഡെലിയോ എന്ന ഓപ്പെറയുടെ പ്രാരംഭസംഗീതം)

ഫ്രീഡ്രിക് നീച്ച

 ശരിക്കും ഞാൻ എന്തിനു ജർമ്മനിൽ എഴുതുന്നു എന്ന് എനിക്കു നേരേ ചോദ്യം വരാറുണ്ട്; സ്വന്തം ജന്മദേശത്തല്ലാതെ മറ്റൊരിടത്തും ഇത്ര മോശമായി ഞാൻ വായിക്കപ്പെടുന്നുമില്ല. ഇക്കാലത്ത് ഞാൻ വായിക്കപ്പെടണമെന്ന ഒരാഗ്രഹം തന്നെ എനിക്കുണ്ടോയെന്ന് ആരറിഞ്ഞു? കാലത്തിന്റെ ദംശനം വിഫലമായിപ്പോകുന്ന ചിലതു സൃഷ്ടിക്കുക; രൂപത്തിലും ‘സത്ത’യിലും ഒരല്പം അമരത്വത്തിനായി ഉദ്യമിക്കുക- ഇതിലും കുറഞ്ഞതൊന്ന് എന്നിൽ നിന്നാവശ്യപ്പെടാനുള്ള എളിമ എന്തായാലും എനിക്കില്ല. സൂക്തി (aphorism), സൂത്രം (apophthegm) ‘നിത്യത’യുടെ രൂപങ്ങളാണ്‌. എല്ലാവരും ഒരു പുസ്തകം കൊണ്ടു പറയുന്നത്, മറ്റെല്ലാവരും ഒരു പുസ്തകം കൊണ്ടുപോലും പറയാത്തത്, പത്തു വാക്യങ്ങളിൽ പറയുക എന്നതാണ്‌ എന്റെ അഭിലാഷം.

(കാലംതെറ്റി വന്നവന്റെ പര്യടനങ്ങൾ)

മുമ്പൊക്കെ പേരെടുക്കാനും തന്നെക്കുറിച്ചു പറഞ്ഞുകേൾക്കാനും ഒരാൾക്കിഷ്ടമായിരുന്നു. ഇന്നു പക്ഷേ അതുകൊണ്ടു മതിയാകാതെ വന്നിരിക്കുന്നു; കാരണം, കമ്പോളം അത്രയ്ക്കു വലുതായിരിക്കുന്നു; വിളിച്ചുകൂവിയാലേ കാതിൽ പെടൂ എന്നായിരിക്കുന്നു. അതിനാൽ ഇമ്പമുള്ള തൊണ്ടകൾ പോലും ഒച്ചയടയും വരെ കാറിവിളിക്കുകയാണ്‌; ഏറ്റവും നല്ല വസ്തുക്കൾ വില്പനയ്ക്കു വച്ചിരിക്കുന്നത് പൊട്ടിയ ശബ്ദങ്ങളാണെന്നുവരുന്നു. അലറിവിളിയും കാറിയ തൊണ്ടയുമില്ലാതെയില്ല ജീനിയസ് എന്നാണിപ്പോൾ.

ഒരു ചിന്തകന്‌ ദുഷിച്ച കാലമാണിത്. രണ്ടൊച്ചകൾക്കിടയിൽ തന്റെ മൗനത്തിനിടം കണ്ടെത്താൻ അയാൾ പഠിക്കേണ്ടിവരുന്നു; താൻ ബധിരനാണെന്ന് അയാൾക്കഭിനയിക്കേണ്ടിവരുന്നു, ഒടുവിലയാൾ ശരിക്കും ബധിരനാകുന്നതുവരെ. ഈ പാഠം പഠിക്കുന്നതുവരെ ക്ഷമകേടും തലവേദനകളും അയാളെ വിട്ടൊഴിയുകയുമില്ല.

*

സത്യമായി, അല്ലെങ്കിൽ ഒരു സംഭാവ്യതയായിട്ടെങ്കിലും,  മുമ്പൊരിക്കൽ നിങ്ങൾ സ്നേഹിച്ചിരുന്നതൊന്ന് നിങ്ങൾക്കിപ്പോൾ ഒരു തെറ്റായി തോന്നുന്നു; നിങ്ങൾ ആ അഭിപ്രായം വേണ്ടെന്നുവയ്ക്കുകയും അതിലൂടെ തന്റെ യുക്തി ഒരു വിജയം നേടിയതായി നിങ്ങൾ സങ്കല്പിക്കുകയും ചെയ്യുന്നു. എന്നാൽ, അന്ന് നിങ്ങൾ മറ്റൊരു വ്യക്തി ആയിരുന്നുവെന്നും- ഏതു നിമിഷമെടുത്താലും വ്യത്യസ്തനാണ്‌ നിങ്ങൾ- ആ സമയത്ത് നിങ്ങൾക്കാ തെറ്റ് ആവശ്യമായിരുന്നുവെന്നും വരാം, നിങ്ങളുടെ വർത്തമാന‘സത്യങ്ങൾ’ നിങ്ങൾക്കിപ്പോൾ ആവശ്യമായിരിക്കുന്നപോലെ. അതൊരു ചർമ്മം പോലെയായിരുന്നു എന്നു പറയാം, നിങ്ങൾക്കു കാണാൻ വിലക്കുള്ളതിനെ മൂടിവയ്ക്കുകയും നിങ്ങളിൽ നിന്നു മറച്ചുപിടിക്കുകയും ചെയ്തിരുന്ന ഒരു ചർമ്മം. നിങ്ങളുടെ പുതിയ ജീവിതം, നിങ്ങളുടെ യുക്തിപരതയല്ല, നിങ്ങൾക്കു വേണ്ടി ആ അഭിപ്രായത്തെ കൊല ചെയ്തിരിക്കുന്നു: നിങ്ങൾക്കിനിമേൽ അതിന്റെ ആവശ്യമില്ല; സ്വയമേവ അത് ശിഥിലമായിരിക്കുന്നു, അതിന്റെ അയുക്തികത ഒരു പുഴുവിനെപ്പോലെ അതിൽ നിന്നിഴഞ്ഞിറങ്ങി വെളിച്ചത്തിലേക്കു വന്നിരിക്കുന്നു. നാം വിമർശനത്തിലേർപ്പെടുക എന്നാൽ സജീവമായ, നമ്മെ മുന്നോട്ടു നയിക്കുന്ന ശക്തികൾ ഉറയൂരുകയാണെന്നതിന്റെ തെളിവാണത്. നാം നിഷേധിക്കുന്നു, നാം നിഷേധിക്കുകതന്നെ വേണം, എന്തെന്നാൽ, നമുക്കുള്ളിലുള്ള ഒന്ന് ജീവനോടെയുണ്ട്, അതിന്‌ സ്വയം സ്ഥാപിക്കണം, ; നമുക്കിനിയും പരിചിതമാകാത്തതാവാമത്, നമുക്കിനിയും നമ്മുടെ കണ്ണിനു മുന്നിൽ വരാത്തതാവാമത്! 

വിമർശനത്തിനനുകൂലമായി പറയാനുള്ളതാണിത്.


കാൾ യുങ്ങ്

 സ്വന്തം ജീവിതം ജീവിക്കാത്തതിന്റെ അനന്തരഫലങ്ങൾ അനുഭവിക്കുന്നവരെക്കൊണ്ടു നിറഞ്ഞിരിക്കുകയാണ്‌ ലോകം. അവർ മുൻകോപികളും കർക്കശക്കാരും ദോഷദർശികളുമാകുന്നു. അതുപക്ഷേ, ലോകം അവരോടു ക്രൂരമായി പെരുമാറി എന്നതുകൊണ്ടല്ല, തങ്ങളിൽ നിഹിതമായിരുന്ന സാദ്ധ്യതകളെ അവർതന്നെ വഞ്ചിച്ചു എന്നതുകൊണ്ടാണ്‌. കലാരംഗത്തു നിന്നു മാറിനില്ക്കുന്ന കലാകാരൻ അതിൽ എന്തെങ്കിലും ചെയ്യുന്ന ഒരാളിൽ ദോഷം മാത്രം കണ്ടുപിടിക്കാൻ നോക്കുന്നു. ഒരു പ്രണയബന്ധത്തിലേക്കു തുനിഞ്ഞിറങ്ങാത്ത ഒരാൾ പ്രണയത്തെ പരിഹസിക്കുന്നു. ഏതെങ്കിലുമൊരു തത്വശാസ്ത്രത്തിനു സ്വയം സമർപ്പിക്കാത്ത ഒരു ചിന്തകൻ വിശാസത്തെത്തന്നെ കൊഞ്ഞനം കാട്ടുന്നു. എന്നാല്ക്കൂടി അവരതിന്റെ വ്യഥ അനുഭവിക്കുന്നുമുണ്ട്, കാരണം, ഉള്ളിന്റെയുള്ളിൽ അവർക്കറിയാം, തങ്ങൾ കളിയാക്കുന്ന ആ ജീവിതം തങ്ങൾ ജീവിക്കേണ്ട ജീവിതമായിരുന്നുവെന്ന്.

*

നിങ്ങൾക്ക് സ്വയം സ്നേഹിക്കാൻ കഴിയുമോ?

നോക്കൂ, അയാൾ മറ്റുള്ളവരെ സ്നേഹിക്കുന്നത് അവരെ ഉപയോഗപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണെങ്കിൽ അതു സ്നേഹമല്ല; അയാൾ സ്നേഹത്തെ ഒരൊഴികഴിവായി ഉപയോഗിക്കുന്നു എന്നുമാത്രം, സ്വന്തം സ്വാർത്ഥതാല്പര്യങ്ങളെ മൂടിവയ്ക്കാനുള്ള ഒരാവരണം. അന്യരെ യഥാർത്ഥത്തിൽ സ്നേഹിക്കണമെങ്കിൽ താൻ സ്വയം സ്നേഹിക്കുന്നുണ്ടെന്ന് അയാൾ ആദ്യം തന്നെ തെളിവു നല്കണം; എന്തെന്നാൽ, തന്നെത്തന്നെ സ്നേഹിക്കുക എന്നതാണ്‌ ഏറ്റവും ദുഷ്കരമായ ഉദ്യമം. മറ്റൊരാളെ സ്നേഹിക്കുക എളുപ്പമാണ്‌, എന്നാൽ നിങ്ങൾ എന്താണോ, നിങ്ങളുടെ സത്ത എന്താണോ അതിനെ സ്നേഹിക്കുക ചുട്ടുപഴുത്ത ഇരുമ്പിനെ പുണരുന്നതുപോലെയാണ്‌: നിങ്ങളിലേക്കത് എരിഞ്ഞുകേറും, അത് അത്യധികം വേദനാകരവുമാണ്‌. അതിനാൽ, മറ്റൊരാളെ സ്നേഹിക്കുക എന്നത് നാമെല്ലാം കൊതിക്കുന്ന ഒരൊളിച്ചോട്ടമാണ്‌, അതിനു കഴിഞ്ഞാൽ നമുക്കു സന്തോഷമാവുകയും ചെയ്യും. എന്നാൽ കാലം പോകെ അതു തിരിച്ചുവരികതന്നെ ചെയ്യും. എന്നെന്നേക്കുമായി തന്നിൽ നിന്നകന്നു കഴിയാൻ നിങ്ങൾക്കാവില്ല, നിങ്ങൾക്കു മടങ്ങിത്തന്നെയാവണം, ആ പരീക്ഷയ്ക്കു വിധേയനാവണം; എന്നാൽ മാത്രമേ തനിക്ക് യഥാർത്ഥത്തിൽ സ്നേഹിക്കാൻ കഴിയുമോയെന്ന് നിങ്ങൾ അറിയുകയുള്ളു. അതാണ്‌ ചോദ്യം: നിങ്ങൾക്ക് സ്വയം സ്നേഹിക്കാൻ കഴിയുമോ? അതാണ്‌ പരീക്ഷയും.


(നീച്ചയുടെ സരതുഷ്ട്ര)

-