2026 ജൂൺ 8, തിങ്കളാഴ്‌ച

യാന്നിസ് റിറ്റ്സോസ് - അനിശ്ചിതം



കരയൊടുങ്ങുന്നിടത്ത് ആകാശം തുടങ്ങുന്നു
-അയാൾ പറഞ്ഞു- 
ആകാശം തുടങ്ങുന്നിടത്ത് ദുഃഖമൊടുങ്ങുന്നു.
അയാളൊറ്റയ്ക്കായിരുന്നു,
എന്നാലയാൾ ദുഃഖിതനായിരുന്നില്ല,
അയാൾക്കു നോക്കിനില്ക്കാൻ 
മേഘങ്ങളുണ്ടായിരുന്നതിനാൽ,
മേഘങ്ങൾക്കിളംചുവപ്പുനിറമായിരുന്നതിനാൽ,
അയാൾക്കവ സുന്ദരമായിത്തോന്നിയതിനാൽ.
പിന്നീട്, രാത്രിയുടെ വിരലുകൾക്കിടയിലൂടെ
ഒരു നക്ഷത്രമയാളുടെ കണ്ണുകളിലേക്കു നോക്കി.
അതിനയാളെ വിശ്വാസമായില്ല.
*

2026 ജൂൺ 6, ശനിയാഴ്‌ച

പോർച്ചിയ

ഹെൻറി മില്ലർ 100 പുസ്തകങ്ങൾ മാത്രമുള്ള ഒരു ആദർശഗ്രന്ഥശാല വിഭാവനം ചെയ്തപ്പോൾ അതിൽ ഒന്ന് അന്തോണിയോ പോർച്ചിയയുടെ “ശബ്ദങ്ങൾ” ആയിരുന്നു. ഫ്രഞ്ച് സറിയലിസ്റ്റ് കവി ആന്ദ്രെ ബ്രെട്ടൺ, ലംബകവിതകളിലൂടെ പ്രശസ്തനായ റോബർത്തോ ഹുവാരെസ്, ബോർഹസ് തുടങ്ങിയവരുടേയും ഇഷ്ടകവിയായിരുന്നു അദ്ദേഹം. അമ്പതുകളിൽ “ശബ്ദങ്ങൾ” യൂറോപ്പിലെങ്ങും പ്രചരിച്ചു. ലാറ്റിനമേരിക്കയിൽ വിപ്ളവകാരികളായ വിദ്യാർത്ഥികൾ അവ എഴുതിയെടുത്തു പ്രചരിപ്പിച്ചു. 

സാരവാക്യങ്ങൾ പോലെ തോന്നുമെങ്കിലും ആ സ്വഭാവമല്ല, പോർച്ചിയയുടെ കവിതകൾക്ക്. സാരവാക്യം ഒരു മാനസികപ്രക്രിയയുടെ പരിണതിയാണ്‌, ഒരു ശാസനമാണ്‌, തന്നെ പരിഗണിയ്ക്കാൻ തിടുക്കപ്പെടുത്തുകയാണ്‌ അതു നിങ്ങളെ. ആ ഗണത്തിലല്ല, പോർച്ചിയായുടെ “ശബ്ദങ്ങൾ.” സനാതനസത്യങ്ങളുടെ സൂത്രവാക്യങ്ങളല്ലവ. ബോർഹസ് പറയുമ്പോലെ ‘ഒരു മനുഷ്യന്റെയും അവന്റെ ഭാഗധേയത്തിന്റെയും സാന്നിദ്ധ്യങ്ങളാണവ.’ ധർമ്മസങ്കടങ്ങളിൽ സംശയനിവൃത്തിക്കായി ബൈബിളു പോലെ താൻ പകുത്തുനോക്കുന്ന വേദഗ്രന്ഥമാണു “ശബ്ദങ്ങൾ” എന്നു കൂടി ബോർഹസ് പറയുന്നുണ്ട്. 

2026 മേയ് 11, തിങ്കളാഴ്‌ച

സോഫിയ പാർനൊക്ക് - കവിതകൾ

 
സോഫിയ പാർനൊക്ക് Sophia Parnok  (1885-1933) റഷ്യൻ കവിയും വിവർത്തകയുമായിരുന്നു. ജൂതമതത്തിലാണ്‌ ജനിച്ചതെങ്കിലും പിന്നീട് റഷ്യൻ ഓർത്തൊഡോക്സ് ചർച്ചിലേക്കു മതം മാറി. നാടകകൃത്തായ വ്ലാദിമിർ വോൾക്കെൻസ്റ്റൈനെ വിവാഹം കഴിച്ചുവെങ്കിലും ആ ബന്ധം നീണ്ടുനിന്നില്ല. അവരുടെ പ്രണയബന്ധങ്ങൾ കൂടുതലും സ്ത്രീകളുമായിട്ടായിരുന്നു. തന്റെ തീവ്രമായ ലെസ്ബിയൻ ലൈംഗികതയെ വളരെ ആർജ്ജവത്തോടെ അവർ തന്റെ കവിതകളിൽ ആവിഷ്കരിച്ചിട്ടുമുണ്ട്. പ്രസിദ്ധയായ റഷ്യൻ കവി മരീന സ്വെറ്റയേവയുമായി പ്രചണ്ഡമായ ഒരു ബന്ധം 1914-16 കാലത്ത് അവർക്കുണ്ടായിരുന്നു. സ്വെറ്റയേവയുടെ ‘പെൺസുഹൃത്ത്’ എന്ന കവിതാപരമ്പര സോഫിയയെ സംബോധന ചെയ്തുകൊണ്ടുള്ളതാണ്‌.
  

ഉടലിൽ നിന്ന്...
--------------------------

ഉടലിൽ നിന്നു പ്രണയം മായുമ്പോൾ
സൃഷ്ടിക്കാനുള്ള മോഹവും മായുന്നു.
നിങ്ങളുടെ കൈവിരലുകൾക്കിപ്പോൾ
കളിമണ്ണിൽ പെരുമാറാൻ തോന്നുന്നില്ല,
വെണ്ണക്കല്ലിൽ നിഴലുകൾ കൊത്താൻ
കല്ലുളിയിലേക്കു കൈകൾ നീളുന്നുമില്ല.

നിങ്ങളുടെ ഗാനം പാതി പാടി നിലയ്ക്കുന്നു,
നിങ്ങളുടെ തൂലിക പാതി വരച്ചു നില്ക്കുന്നു
വിട, നിനക്കു വിട, ഉദാത്തമായ കാമമേ!
ആത്മാവിനൊടുവിൽ ശേഷിച്ച ആനന്ദമേ!
*

എന്നോടുതന്നെ
-------------------------


നാല്പത് കറങ്ങിത്തിരിഞ്ഞെത്തുമ്പോൾ
കാവ്യദേവതയുമായി സല്ലപിക്കാനുള്ള കാലം കഴിയുന്നു,
സംഗീതം കേട്ടു തളരാനുള്ള കാലവും കഴിയുന്നു.
അടങ്ങിയിരിക്കാനുള്ള കാലമാണിനി,
പേരക്കുട്ടികളെ വളർത്താനുള്ള കാലമാണിനി,
നിങ്ങളുടെ പാത ചുരുക്കാനുള്ള കാലമാണിനി,
നാല്പത് കറങ്ങിത്തിരിഞ്ഞെത്തുമ്പോൾ.

നാല്പത് കറങ്ങിത്തിരിഞ്ഞെത്തുമ്പോൾ
നിങ്ങളെടുത്തുചാടാൻ പാടില്ല,
നീണ്ടുനീണ്ട കത്തുകളെഴുതാൻ പാടില്ല,
നിങ്ങളുടെ ദാഹങ്ങളെ പഴിക്കാനും പാടില്ല.
അല്ലെങ്കിലൊരേഴാം സ്വർഗ്ഗത്തിലെ
ജീവിതസ്വപ്നത്തിൽ പിടിച്ചുതൂങ്ങാനും പാടില്ല.
നാല്പത് കറങ്ങിത്തിരിഞ്ഞെത്തുമ്പോൾ.

നാല്പത് കറങ്ങിത്തിരിഞ്ഞെത്തുമ്പോൾ,
നാല്പത് കറങ്ങിത്തിരിഞ്ഞെത്തുമ്പോൾ
വീനസിന്റെ വളർത്തുമക്കളാകുന്നു നാം,
മോസ്ക്കോവിലാവട്ടെ, ന്യൂയോർക്കിലാവട്ടെ,
ഇടവഴികളിലേക്കു നാം തള്ളിമാറ്റപ്പെടുന്നു.
ഇത്രയ്ക്കേയുള്ളു, സോഫിയാമുത്തശ്ശീ,
നിങ്ങളുടെ വേദാന്തത്തിൽ ശേഷിക്കുന്നതിത്രയേയുള്ളു,
നാല്പത് കറങ്ങിത്തിരിഞ്ഞെത്തുമ്പോൾ.
*

കട്ട പിടിച്ച മഞ്ഞിന്റെ...


കട്ട പിടിച്ച മഞ്ഞിന്റെ നീലിച്ച സാന്ദ്രതയിൽ
ആഴത്തിൽ വെട്ടിയ്ടുത്തൊരു കുഴി:
വലുതും ചെറുതുമായ മീനുകൾക്കു ശ്വാസമെടുക്കാനൊരിടം,
പാത്രങ്ങളുമായി വരുന്നവർക്കു കോരിയെടുക്കാൻ വെള്ളം,
തളർന്നെത്തുന്നൊരു യാത്രികയ്ക്കു പുറത്തു കടക്കാനൊരു വഴി,
അവളും ജിവിതവും യാത്ര ചെയ്യുന്നതു വിഭിന്നമായ പാതകളിലാണെങ്കിൽ,
അവൾക്കു പോകാനൊരിടവുമില്ലെന്നാണെങ്കിൽ.
*


നിന്റെ പാപങ്ങളെല്ലാം...


നിന്റെ പാപങ്ങളെല്ലാം ഞാൻ പൊറുത്തിരിക്കുന്നു-
രണ്ടെണ്ണം പക്ഷേ, എനിക്കു പൊറുക്കാനാവില്ല:
നീ കവിത വായിക്കുന്നതു മൗനമായി,
നീ ചുംബിക്കുന്നതു വളരെയുച്ചത്തിലും.

അതിനാൽ പാപം ചെയ്യുക, പുഷ്പിക്കുക, ഉല്ലസിക്കുക-
ഈ ഉപദേശം പക്ഷേ, മറക്കുകയുമരുത്:
ചുംബനം, ഓമനേ, കാതുകൾക്കുള്ളതല്ല,
സംഗീതം കണ്ണിനുള്ളതുമല്ല.

*


ഞാൻ പൂജിക്കുന്ന തിരുരൂപത്തിൽ...


ഞാൻ പൂജിക്കുന്ന തിരുരൂപത്തിൽ മാറാലകൾ...
എന്റെ പ്രാർത്ഥനയുടെ വാക്കുകളെല്ലാം മരിച്ചുകഴിഞ്ഞു;
ഒരു പകൽ മുഴുവൻ ഭ്രാന്തെടുത്തതിനൊടുവിൽ
എന്റെയുടൽ കിടക്കയിലേക്കു തളർന്നുവീഴുന്നു.

ഇങ്ങനെയാണവൾ എന്നെക്കാണാനെത്തുക...
സംഗീതമായിട്ടല്ല, അല്ല, പരിമളമായിട്ടല്ല,
ചിറകു വച്ചിരുണ്ട പിശാചായിട്ടല്ല, അല്ല,
പ്രചോദനമുള്ളിൽ വഹിക്കുന്ന മൗനമായിട്ടുമല്ല...

ഒരു നായ മാത്രം മുകളിലേക്കു നോക്കി ഓരിയിടും;
പാഞ്ഞുപോകുന്നൊരു കാറിന്റെ ചീറൽ മാത്രമുയരും;
തന്റെ മാളം നോക്കിയൊരു ചുണ്ടെലി പാഞ്ഞുപോകും.

അതുപോലെ! നല്ലതുമല്ലാതെ, ചീത്തയുമല്ലാതെ.
ഈ സംഗീതവുമായി ഞാനിത്രയും കാലം ജീവിച്ചു,
ഈ സംഗീതവുമായിത്തന്നെ ഞാൻ വിട്ടുപോകും.
*

ജീവിതസുഖങ്ങൾ കാട്ടി...
--------------------------------


ജീവിതസുഖങ്ങൾ കാട്ടിയെന്നെ മോഹിപ്പിക്കരുത്,
ശ്വാസം മുട്ടിക്കുന്ന തടവിലേക്കെന്നെ പ്രലോഭിപ്പിക്കരുത്,
നാലു ചുമരുകൾക്കുള്ളിലെന്നെ കൊട്ടിയടയ്ക്കുകയുമരുത്.

കവിയ്ക്കു കേറിക്കിടക്കാനൊരിടം വേണമെന്നില്ല,
അതുമായിട്ടയാൾ തന്റെ പ്രവാസം വച്ചുമാറുകയുമില്ല.
അതുകൊണ്ടല്ലേ, തനിയ്ക്കു കൂടില്ലെന്നു കുയിൽ പാടുന്നതും.
*

2026 ഏപ്രിൽ 27, തിങ്കളാഴ്‌ച

റ്റൊമാസ് ട്രാൻസ്ട്രൊമെർ - റൊമാനെസ്ക് കമാനങ്ങൾ


കൂറ്റൻ റൊമാനെസ്ക് പള്ളിയ്ക്കുള്ളിൽ പാതിയിരുട്ടിൽ ടൂറിസ്റ്റുകൾ തിക്കിത്തിരക്കി.
ഒരു കമാനത്തിനു പിന്നിൽ മറ്റൊരു കമാനം വായ പിളർത്തി,
പൂർണ്ണമായൊരു കാഴ്ചയിലേക്കെത്താതെ.
ചില മെഴുകുതിരികൾ പാളിക്കത്തി.
മുഖമില്ലാത്തൊരു മാലാഖ എന്നെപ്പുണർന്നുംകൊണ്ട്
എന്റെ ഉടൽനീളത്തിലൂടെന്നോടു മന്ത്രിച്ചു: 
“മനുഷ്യനായതിൽ ലജ്ജ വേണ്ട, അതിലഭിമാന്യ്ക്കൂ!
നിനക്കുള്ളിൽ കമാനങ്ങൾ തുറന്നുകൊണ്ടിരിക്കും,
ഒന്നിനു പിന്നിലൊന്നായി.
ഒരിക്കലും നീ പൂർണ്ണനാവുകയില്ല,
അങ്ങനെയാണതുദ്ദേശിച്ചിരിക്കുന്നതും.”
കണ്ണീരു കൊണ്ടു കണ്ണു കാണാതെ
വെയിൽ തിളയ്ക്കുന്ന മുറ്റത്തേക്കു ഞാൻ തള്ളിയിറക്കപ്പെട്ടു,
മിസ്റ്റർ ആൻഡ് മിസ്സിസ് ജോൺസിനും മിസ്റ്റർ തനാക്കയ്ക്കും സിനോറ സബാറ്റിനിയ്ക്കുമൊപ്പം.
അവരോരോരുത്തർക്കുമുള്ളിൽ കമാനങ്ങൾ തുറന്നുകൊണ്ടിരുന്നു,
ഒന്നിനു പിന്നിലൊന്നായി, അവസാനമില്ലാതെ.

*

*Romanesque- മച്ചിനെ താങ്ങിനിർത്തുന്ന കമാനങ്ങൾ മുഖമുദ്രയായ മദ്ധ്യകാലവാസ്തുവിദ്യാശൈലി.

2026 ഏപ്രിൽ 4, ശനിയാഴ്‌ച

ഏഡ്രിയാന ഷിമാൻസ്ക - എന്റെ മകളും ഫ്രാൻസ് കാഫ്കയും



എന്റ മകൾ അലറുന്നു: “ഈ ദൈവത്തിൽ എനിക്കു വിശ്വാസമില്ല!
ഒരു ദൈവത്തിലും എനിക്കു വിശ്വാസമില്ല!”
എന്നിട്ടവൾ കരഞ്ഞുകൊണ്ട് കാഫ്കയുടെ ‘ദുർഗ്ഗ’ത്തിൽ അഭയം തേടുന്നു.
എന്റെ മകൾക്കു പതിനെട്ടാണു പ്രായം,
സ്ത്രീത്വത്തിന്റെ പൂർണ്ണത കൊണ്ട് അവളെന്നെ വിസ്മയപ്പെടുത്തുന്നു.
എന്നാലവൾ തന്റെ കാതടപ്പിക്കുന്ന അവിശ്വാസം
ഒരു ചുവന്ന തൂവാല പോലെന്റെ കണ്ണുകൾക്കു മുന്നിൽ വീശിക്കാണിക്കുമ്പോൾ
വിരൽ കുടിക്കുന്ന ഒരു കൊച്ചുപെൺകുട്ടിയാണവൾ.
ഞാനവളോടെന്തു പറയാൻ ദൈവമേ?
അവൾക്കു തെറ്റു പറ്റിയെന്നോ?
നീ ശരിക്കുമുണ്ട് ദൂരസ്ഥനായും കണിശക്കാരനായുമെന്നോ,
അല്ലെങ്കിൽ സമീപസ്ഥനായും കാരുണ്യവാനായുമെന്നോ?
അവൾക്കും നിനക്കുമിടയിലെ ഈ വിസ്മയലോകം മുഴുവനായും
അതാര്യമായ, പെട്ടെന്നുടയുന്ന ഒരു ചില്ലുപലക മാത്രമാണെന്നോ?
കാഫ്കയുടെ ഭാവനയുടെ കുടിലദുർഗ്ഗങ്ങളിലൂടെ സായാഹ്നങ്ങളിലലയുമ്പോൾ
അവൾ വിശ്വസിക്കുന്നത് കാഫ്കയെ.
ഉറങ്ങുന്നതിനു മുമ്പവൾ കാഫ്കയുമായി സംസാരിക്കാറുമുണ്ടെന്നാണെന്റെ സംശയം:
സത്യത്തിലേക്കെത്താനുള്ള വഴിയവൾ പറഞ്ഞുകൊടുക്കുകയായിരിക്കും.
അതിനാൽ ഒരക്ഷരം മിണ്ടാതെ അവളുടെ നനഞ്ഞ കണ്ണുകളിൽ നോക്കി ഞാനിരിക്കുന്നു,
പച്ചവെളിച്ചം നിറഞ്ഞ ഒരക്വേറിയത്തിന്റെ ഉള്ളിലേക്കെന്നപോലെ.

മുതിർന്നുപോയ എന്റെ മകൾകുട്ടി ഒരു മിനിസ്കർട്ടുമിട്ട്
രാവിലെ കണ്ണാടിയ്ക്കു മുന്നിൽ ഡാൻസ് ചെയ്യുമ്പോൾ
പുഞ്ചിരിക്കുന്നൊരു കാഫ്ക ബുക്കലമാരയിൽ നിന്നവളെ നിരീക്ഷിക്കുന്നു.
എന്നിട്ടു പെട്ടെന്ന്-
അദ്ദേഹമവളോടു സംസാരിക്കുന്നു, ആ വശീകരിക്കുന്ന താഴ്ന്ന സ്ഥായിയിൽ:
“എന്തു പറയുന്നു? നമുക്കതൊന്നു പരിശോധിച്ചുനോക്കിയാലോ?
അവൻ അവിടെയുണ്ടെന്ന് എനിക്കു മിക്കവാറും ഉറപ്പാണ്‌.
കണ്ണാടിയിലെ അവസാനത്തെ വാതിലിനു പിന്നിൽ.”

*

Adriana Szymanska


My Daughter and Franz Kafka

My daughter screams: “I don’t believe in  t h i s  God.
I don’t believe in any God!”
And she escapes into tears over Kafka’s Castle.
My daughter is eighteen and she amazes me
with her consummate femininity.
But when she waves her loud disbelief
like a purple scarf before my eyes,
she is still a little girl with a thumb in her mouth.
What can I tell her, God?
That she is wrong? That you do  e x i s t,
distant and stern, or maybe close and merciful?
That this whole magnificent world between her
and You is only brittle smoky glass?
Because she believes in Kafka, wandering in the evening
in the labyrinths of his imagination.
I suspect that before she falls asleep she talks secretly with K.,
telling him how to reach the Truth.
So I don’t say a word I only look into her tearful eyes
as if into an aquarium full of green light.

My little grown-up daughter
in her mini-dress dances in the morning before a mirror,
while a smiling Kafka watches her from a bookshelf.
Then suddenly
he speaks to her in his deep charming bass:
“You know what? We’d better check that. I’m almost sure
He is there. Behind the last door of the mirror.”

—Translated from the Polish by Ewa Hryniewicz-Yarbrough

2026 ഫെബ്രുവരി 26, വ്യാഴാഴ്‌ച

ഡാൻ പാഗീസ് - കവിതകൾ

 ധർമ്മോപദേശം

തുടക്കം മുതലേ ആ ബലപരീക്ഷണം തുല്യശക്തികൾ തമ്മിലായിരുന്നില്ല: സാത്താൻ ആകാശത്തെ ഒരു മഹാപ്രഭു, ഇയ്യോബ് വെറുമൊരു മനുഷ്യജീവിയും. അതെന്തുതന്നെയായാലും മത്സരം ന്യായരഹിതവുമായിരുന്നു. എല്ലാ സ്വത്തും നഷ്ടപ്പെട്ട, പുത്രന്മാരുടേയും പുത്രിമാരുടേയും വിയോഗം കാണേണ്ടിവന്ന, മേലാകെ അറയ്കുന്ന വ്രണങ്ങൾ ബാധിച്ച ഇയ്യോബിന്‌ അതൊരു മത്സരമായിരുന്നുവെന്നുപോലും അറിയില്ലായിരുന്നു.

പരാതിപ്പെടൽ അധികമായപ്പോൾ റഫറി അയാളുടെ വായടച്ചുകളഞ്ഞു. ആ തീരുമാനം അംഗീകരിച്ചുകൊണ്ട് നിശ്ശബ്ദനായി അയാൾ തൻ്റെ പ്രതിയോഗിയെ പരാജിതനാക്കി, താനങ്ങനെ ചെയ്തിരിക്കുന്നുവെന്നറിയാതെ. അങ്ങനെ അയാൾക്കയാളുടെ സമ്പത്ത് തിരികെക്കിട്ടി, പുത്രന്മാരും പുത്രിമാരും - പുതിയവർ തന്നെ- അയാൾക്കു നല്കപ്പെട്ടു, ആദ്യസന്തതികളെക്കുറിച്ചുള്ള അയാളുടെ ദുഃഖം എടുത്തുമാറ്റപ്പെടുകയും ചെയ്തു.

ഈ പകരം വീട്ടലാണ്‌ ഏറ്റവും ഭയങ്കരമെന്ന് നമുക്കു വേണമെങ്കിൽ ഭാവന ചെയ്യാം. ഇയ്യോബിന്റെ അജ്ഞതയാണ്‌ ഏറ്റവും ഭയങ്കരമെന്നും നമുക്കു ഭാവന ചെയ്യാം: ആരെയാണു താൻ തോല്പിച്ചതെന്നോ താൻ ജയിച്ചുവെന്നുപോലുമോ അയാൾക്കറിയില്ലല്ലോ. എന്നാൽ ഏറ്റവും ഭയങ്കരമായ സംഗതി ഇതൊന്നുമല്ല എന്നതാണു വാസ്തവം: ഇയ്യോബ് എന്നൊരാൾ ഉണ്ടായിരുന്നതേയില്ല, അയാൾ വെറുമൊരു ദൃഷ്ടാന്തകഥ മാത്രമായിരുന്നു.

*

വാർത്തകൾ


കടപ്പുറത്തു പിന്നെ പുതിയ കാര്യങ്ങളെന്തൊക്കെ?
ഒരു കടല്പാമ്പിഴഞ്ഞുപോയ വളഞ്ഞുപുളഞ്ഞ പാത.
ഒരൊഴിഞ്ഞ ശംഖിൽ സന്ന്യാസിഞണ്ടിനു കിട്ടിയ പാർപ്പിടം:
മരിച്ചവരുടെ വീട്ടിൽ ജീവിതം സുഖമായിരിക്കുമല്ലോ.
ഒരു കനത്ത ബൂട്ട്.
ഒരു മൺകൂനയുടെ നേർക്ക് ജീവനാശത്തിന്റെ തിടുക്കം പിടിച്ച കാല്പാടുകൾ.

കടപ്പുറത്തു പിന്നെ പുതിയ കാര്യങ്ങളെന്തൊക്കെ?
പൊന്തിനടക്കുന്ന ഭീമാകാരമായ ഒരു ചിപ്പി പൊട്ടിത്തുറക്കുന്നു:
നുരഞ്ഞും പതഞ്ഞും വീനസ് പിറവി കൊള്ളുന്നു,
ഹാ, വിസ്മയിപ്പിക്കുന്ന ഉടൽ.
അലക്സാണ്ടറുടെ പ്രബലമായ കപ്പല്പട എല്ലാ പായകളും നീർത്തി 
ലോകം കീഴടക്കാനായി കടന്നുപോകുന്നു.
ഒരു ടാങ്ക് പോയ പാടുകൾ
ഒരു ഡൈനസോറിന്റെ തണ്ടെല്ലായി മാറുന്നു.
ഒരു എഫ്-15 ടേക്കോഫ് ചെയ്യുന്നു,
കാലഹരണപ്പെടുന്നു,
ഇല്ലാതാകുന്നു.

കടപ്പുറത്തു പിന്നെ പുതിയ കാര്യങ്ങളെന്തൊക്കെ?
ഒരു കടല്പാമ്പിഴഞ്ഞുപോയ വളഞ്ഞുപുളഞ്ഞ പാത.

*

ആത്മകഥ


ആദ്യത്തെ അടിയ്ക്കു തന്നെ ഞാൻ മരിച്ചു,
പാടത്തെ കല്കൂട്ടങ്ങൾക്കിടയിൽ എന്നെ മറവു ചെയ്യുകയും ചെയ്തു. 
എന്നെ എന്തു ചെയ്യണമെന്ന്
മലങ്കാക്ക എന്റെ അച്ഛനമ്മമാരെ പഠിപ്പിച്ചിരുന്നു.

എന്റെ കുടുംബം പ്രശസ്തമാണെങ്കിൽ
ചെറുതല്ലാത്തൊരു വിഹിതം അതിലെനിക്കുമുണ്ട്.
എന്റെ സഹോദരൻ കൊലപാതകം കണ്ടുപിടിച്ചു,
എന്റെ അച്ഛനമ്മമാർ ദുഃഖം കണ്ടുപിടിച്ചു,
ഞാൻ മൗനം കണ്ടുപിടിച്ചു.

പരക്കെ അറിയപ്പെടുന്ന ആ സംഭവങ്ങൾ പിന്നീടുണ്ടായി.
ഞങ്ങളുടെ കണ്ടുപിടുത്തങ്ങൾ കുറ തീർക്കപ്പെട്ടു.
ഒന്ന് മറ്റൊന്നിലേക്കു നയിച്ചു, ഉത്തരവുകൾ നല്കപ്പെട്ടു.
സ്വന്തം വഴിയ്ക്കു കൊല നടത്തിയവരുണ്ടായിരുന്നു,
സ്വന്തം വഴിയ്ക്കു ദുഃഖിച്ചവരുമുണ്ടായിരുന്നു.

പേരുകൾ ഞാൻ പരാമർശിക്കുകയില്ല,
വായനക്കാരന്റെ വികാരം കണക്കിലെടുക്കണമല്ലോ;
വിശദാംശങ്ങൾ ആദ്യമൊക്കെ ഞെട്ടിപ്പിക്കുമെങ്കിലും
പിന്നീടു വല്ലാതെ മുഷിപ്പുണ്ടാക്കും:

ഒരിക്കൽ മരിക്കാം, രണ്ടാമതും ഏഴാമതു വേണമെങ്കിലും മരിക്കാം,
എന്നാലൊരായിരം തവണ മരിക്കാൻ നിങ്ങൾക്കാവില്ല.
എനിക്കു കഴിയും.
ഭൂഗർഭത്തിലെ എന്റെ അറകൾ എവിടെയുമെത്തും.

കായേൻ ഭൂമുഖത്തു പെരുകാൻ തുടങ്ങിയപ്പോൾ
ഞാൻ ഭൂമിയുടെ ഉദരത്തിൽ പെരുകാൻ തുടങ്ങി,
എന്റെ ബലം അവന്റേതിനെക്കാൾ വലുതായിരുന്നു.
 അവന്റെ സൈന്യഗണങ്ങൾ അവനെ വെടിഞ്ഞ് എന്റെ ഭാഗം ചേരുന്നു,
അതുപോലും പ്രതികാരത്തിന്റെ പകുതിയേ ആവുന്നുള്ളു.

(നാസികാലത്തെ ജൂതവംശഹത്യകൾ മനസ്സിൽ വച്ചുകൊണ്ടു വായിക്കുക.)

ഛായാചിത്രം
—————————


കൊച്ചുകുട്ടി 
അടങ്ങിയിരിക്കുന്നതേയില്ല,
അവന്റെ മുഖത്തിന്റെ വടിവെനിക്കു
പിടിതരികയുമില്ല.
ഞാൻ ഒരു വര വരയ്ക്കുമ്പോഴേക്കും
അവന്റെ ചുളിവുകൾ പെരുകുന്നു,
ബ്രഷ് മുക്കുമ്പോൾ
അവന്റെ ചുണ്ടുകൾ ചുരുളുന്നു,
മുടി വെളുക്കുന്നു,
അവന്റെ തൊലി, നിറം നീലയായി,
എല്ലുകളിൽ നിന്നൂരിപ്പോരുന്നു.
അവൻ പൊയ്ക്കഴിഞ്ഞു.
വൃദ്ധൻ പൊയ്ക്കഴിഞ്ഞു.
ഞാനോ,
ഞനെവിടെപ്പോകാൻ?
*

ഹേമന്താരംഭം, ലോങ്ങ് ഐലന്റ്
-----------------------------------------

ഒരു പിഞ്ഞാണക്കടയിൽ നേരം വൈകിയുണർന്ന കാളയെപ്പോലന്ധാളിച്ചുംകൊണ്ട്
തിളങ്ങുന്ന ഈ കാട്ടിനുള്ളിൽ നിശ്ചേഷ്ടനായി ഞാൻ നില്ക്കുന്നു,
രാത്രിയിൽ രൂപപ്പെട്ട നേർത്ത മഞ്ഞുപാളിയിൽ
ഉറപ്പിച്ചു ചവിട്ടാതെ ശ്രദ്ധിച്ചുകൊണ്ട്.

ഈ പ്രഭാതം പക്ഷേ, വേറെയും വിസ്മയങ്ങൾ കാത്തുവച്ചിരിക്കുന്നു:
ഒരന്യനായ എനിക്കു തോന്നുന്നു, ഞാൻ വീട്ടിലെത്തിയിരിക്കുന്നുവെന്ന്,
വിദൂരവനങ്ങളിൽ ഞാൻ കണ്ടുമറന്ന ജ്ഞാനിയായ ആ മുയൽ
ഇവിടെ, ഒരു വെള്ളപ്പൊന്തയിലിരുന്നുകൊണ്ടെന്നെ മാടിവിളിക്കുന്നുവെന്ന്,

“വരൂ, പേടിക്കേണ്ട, ഇതൊരു കഠിനഹേമന്തം,
കാട്ടിലൂടെ നിങ്ങൾക്കു നടക്കാം, സന്തോഷത്തോടെ, ശാന്തിയോടെ,
നിങ്ങളൊന്നിനേയും ശല്യപ്പെടുത്താൻ പോകുന്നില്ല,
നിങ്ങളൊരു പാടുപോലും ശേഷിപ്പിക്കാനും പോകുന്നില്ല.”
*

സംഭാഷണം
------------------------

നാലുപേർ പൈന്മരത്തെക്കുറിച്ചു സംസാരിക്കുകയായിരുന്നു. ഒരാളതിനെ ജനുസ്സ്, സ്പീഷിസ്, ഇനം എന്നിങ്ങനെ നിർവ്വചിച്ചു. ഒരാൾ തടിവ്യവസായത്തിൽ അതിന്റെ ദോഷവശങ്ങൾ കണക്കുകൂട്ടി. ഒരാൾ പൈന്മരത്തെക്കുറിച്ച് പല ഭാഷകളിലുള്ള കവിതകൾ ഉദ്ധരിച്ചു. ഒരാൾ വേരൂന്നി, ചില്ലകൾ വിരിച്ച്, മർമ്മരമുതിർക്കുകയും ചെയ്തു.
*

ഓട്ടക്കലാകാരൻ
---------------------------

ഹ്രസ്വദൂര ഓട്ടക്കാരന്റെ
ഏകാന്തത.

മദ്ധ്യബിന്ദു എത്തുന്നതു വരെയേ
അയാൾക്കു ശ്വാസം കിട്ടുന്നുള്ളു.

കാല്പാടുകൾ മാത്രം
വിശ്വസ്തതയോടയാളെ പിന്തുടരുന്നു.

ഓടൂ! രണ്ടു മത്സരാർത്ഥികളേയുള്ളു:
വലതുകാലും ഇടതുകാലും.

അതിനാൽ വിജയിയുമില്ല, പരാജിതനുമില്ല.
അയാൾക്കു വേണമെങ്കിൽ ഒന്നിരിക്കാം,

വിശ്രമിക്കാം, വീട്ടിൽ പോകാം, അതുമല്ല,
ഓടുകയാണെങ്കിൽ അതിനും വിരോധമില്ല.
*

ചാരുകസേരകൾ
---------------------

ഏറ്റവും പതുക്കെ നടക്കുന്ന ജന്തുക്കളാണ്‌
ഹോട്ടൽ ലോബികളുടെ മൂലകളിൽ കാത്തുകിടക്കുന്ന
മൃദുവായ തുകലുകൊണ്ടുള്ള വമ്പൻ ചാരുകസേരകൾ.
ചട്ടിയിൽ വളരുന്ന ഫിലോഡെൻഡ്രോണുകളുടെ തണലത്ത്
അവ പലമടങ്ങാവുന്നു.
ആനകളെക്കാളും പതുക്കെ ജീവിക്കുന്നതിൽ തൃപ്തരാണെങ്കിലും
എപ്പോഴവയെക്കണ്ടാലും
അന്തമറ്റ ഏതോ രഹസ്യയാത്രയ്ക്കിറങ്ങാൻ പോവുകയാണെന്നപോലെ.
*

യഥാർത്ഥജീവിതത്തിൽ നിന്നൊരു കഥ
-------------------------------------------------

പാദത്തിനു വയസ്സാവുകയാണ്‌.
ഒരുപാടൊക്കെ അവൾ അനുഭവിച്ചിരിക്കുന്നു,
ഒരുപാടവൾ കടന്നുപോയിരുന്നു:
ഉറപ്പില്ലാതെയുള്ള ആ ചുവടുവയ്പുകൾ-
ഒന്നുമില്ലായ്മയുടെ മൈലുകൾക്കിടയിൽ
അവിടെയുമിവിടെയും ഒരു ചുവടു മാത്രമാണ്‌ ശരിയായത്.

വേണ്ടതിലേറെ അവളനുഭവിച്ചു.
മിതമായ ഒരത്ഭുതത്തിനാണ്‌ അവൾ പ്രാർത്ഥിക്കുന്നത്,
ഒരു നാടകീയതയുമില്ലാതെ:
വെള്ളത്തിനു മീതെ നടക്കുകയല്ല,
തീക്കുണ്ഡത്തിലേക്കു ചാടുകയല്ല,
ഒതുങ്ങിയ ഒരു വാടകമുറി മാത്രം,
വിശ്വസിക്കാൻ കൊള്ളാവുന്ന ഒരു പങ്കാളി മാത്രം,
സ്ഥിരമായ ഒരു വരുമാനവും അയാൾക്കുണ്ടാകണം.

ആശാഭംഗങ്ങളെത്രയോ അവൾക്കുണ്ടായിരിക്കുന്നു.
സിമന്റുതറ,
വേനല്ക്കാലത്തു തന്നെ സന്തുഷ്ടയാക്കിയിട്ട്
മഞ്ഞുകാലത്ത് തന്നോടു തണുപ്പനും അന്യനുമായി
വഴുതിപ്പോയ സൂര്യൻ.
രോമം കൊണ്ടുള്ള പരവതാനി,
താഷ്കന്റിൽ നിന്നുള്ള പുതിയൊരു കുടിയേറ്റക്കാരൻ,
അവളെ രസിപ്പിക്കാറുണ്ടായിരുന്നു,
ഒന്നിക്കിളിപ്പെടുത്താറുണ്ടായിരുന്നു,
എന്നാലവൾ കടന്നുപോയ ഉടനേ
അയാളവളെ മറന്നുകളയുകയും ചെയ്തു.

പേടിക്കാനില്ല!
പാദമൊടുവിൽ മദ്ധ്യവയസ്കനായ ഒരു സോക്സിനെ കണ്ടുമുട്ടുന്നു,
നരച്ചു സുന്ദരനായ ഒരാൾ,
വസ്ത്രങ്ങളുടെ ദേശത്തു നിന്നൊരു പരിചയസമ്പന്നൻ.
കണ്ടാലും, കണ്ടാലും,
അയാളവൾക്കു സമൃദ്ധമായി ഊഷ്മളത നല്കുന്നു,
അവളെ ഇറുകെപ്പുണരുന്നു, 
അയാളൊരു ഗാനശകലം അവൾക്കായി പാടുകയും ചെയ്യുന്നു:
“നീയെന്നിലാകെ നിറയുന്നു,
നിന്നെ ഞാൻ നിന്നെപ്പോലെ കൈക്കൊള്ളുന്നു.
നിന്റെ ഉണങ്ങിച്ചുരുണ്ട പെരുവിരൽ മുതൽ
നിന്റെ മുറിപ്പെട്ട മടമ്പു വരെ
നിനക്കു നന്നായി ചേരുന്നവൻ ഞാൻ, പ്രിയേ, പാദമേ.
വൈകാതെ നമുക്കു നല്ലൊരു പാദുകം കണ്ടെത്താം,
നാമിരുവർക്കും പാകത്തിനുള്ളതൊന്ന്,
പിന്നോരോ രാത്രിയിലും നാം താമസം മാറ്റും,
നമ്മുടെ രണ്ടാം വീട്ടിലേക്ക്, 
സുഖപ്രദമായൊരു വള്ളിച്ചെരുപ്പിലേക്ക്.
*

ഒരു പുതിയ കാമുകൻ
—————————————


നീയെന്നെ പെറുക്കിയെടുക്കുന്നു, ആർക്കോ കളഞ്ഞുപോയ ഒരു നാണയം,
പെരുവിരലിനും ചൂണ്ടുവിരലിനുമിടയിൽ വച്ചെന്നെ തിരുമ്മുന്നു,
പുത്തനാവാൻ ഞാൻ ശ്രമിക്കുന്നു, ഒന്നു തിളങ്ങാൻ പോലും.

എന്റെ മൂല്യമെത്രയാണെന്നു നീ നോക്കുന്നു,
എന്നിൽ പതിച്ചിരിക്കുന്ന മുഖമേതാണെന്നു പരിശോധിക്കുന്നു.
അപൂർവ്വമാണതെന്നു ഞാൻ നടിക്കുന്നു, ഒരു രാജമുദ്ര തന്നെ.

നിനക്കു തൃപ്തിയായിട്ടില്ല. സംശയാലുവായ കാതു ചരിച്ച്
നീയെന്നെ തട്ടിനോക്കുന്നു, കാതോർക്കുന്നു.
എന്റെ ഏറ്റവും നിർമ്മലമായ, പിഴവറ്റ ഒച്ചയിൽ ഞാൻ മുഴങ്ങുന്നു.

ഒടുവിലായി പരിചയസമ്പന്നയായ ഒരു പണമിടപാടുകാരിയെപ്പോലെ
നീയെന്നെ കടിച്ചുനോക്കുന്നു: ഞാൻ ഞണുങ്ങിയെന്നുവരാം, 
ഈ കൃത്രിമസ്വർണ്ണക്കഷണം.

പക്ഷേ, കാഠിന്യമുണ്ടെനിക്ക്, പരീക്ഷണം ഞാൻ ജയിക്കുന്നു.
സ്വർണ്ണമല്ലെങ്കില്ക്കൂടി സാമാന്യം നല്ല ഒരു കൂട്ടുലോഹം.
ഉറപ്പു വന്ന നിനക്ക് ഇനിയെന്നെ ചെലവാക്കാം, നിന്റെ ഇഷ്ടം പോലെ.
*

സ്വാതന്ത്ര്യയന്ത്രം
----------------------

സൈബിരിയൻ ഹിമക്കുറുക്കന്റെ കൂട്ടിൽ
(വിശിഷ്ടനായ ഒരു തടവുകാരനാണത്)
ഒരു സ്വാതന്ത്ര്യയന്ത്രം സ്ഥാപിച്ചിട്ടുണ്ട്.

ചെണ്ടയുടെ ആകൃതിയിൽ 30 ഇഞ്ചു നീളമുള്ള ഇരുമ്പുചക്രമാണത്,
12 ഇഞ്ച് വീതിയുള്ള ഒരു റിമ്മും അതിനുണ്ട്;
റിമ്മിൽ ചവിട്ടാനുള്ള കുറ്റികളുണ്ട്,
ചക്രത്തിന്റെ അച്ചുതണ്ട് ഭിത്തിയിൽ ഉറപ്പിച്ചിരിക്കുന്നു.

സൈബീരിയൻ കുറുക്കനു മടുപ്പു തോന്നുമ്പോൾ
അവൻ അതിൽ ചാടിക്കയറി ഓടാൻ തുടങ്ങുന്നു.
സ്വാതന്ത്ര്യയന്ത്രം അവന്റെ നാനൂറു കാലുകൾക്കായി
ഒരതിവേഗപ്പാത നിവർത്തിയിടുന്നു,
കൊതി പൂണ്ട അവന്റെ ഉടലിനു ചുവട്ടിൽ
കാറ്റുപോലെ നീങ്ങുന്ന ആ കാലുകൾക്ക്
അത്യുത്തരദേശത്തേക്കവനെ മടക്കിക്കൊണ്ടുപോകാൻ.

ആഴ്ചയിലൊരിക്കൽ അവരതിൽ എണ്ണയിടുന്നുണ്ട്.
*

കഥ
-----

ഒരു ദിവസം പ്രായമുള്ള ഒരു പച്ചത്തുള്ളനെക്കുറിച്ച്
ഞാനൊരിക്കൽ ഒരു കഥ വായിച്ചിരുന്നു,
ആ പച്ചസാഹസികനെ ഒരു ദിവസം സന്ധ്യക്ക്
ഒരു വവ്വാൽ അകത്താക്കുകയായിരുന്നു.

ഇതു കഴിഞ്ഞയുടനേ ജ്ഞാനിയായ കിഴവൻ കൂമൻ
ചെറുതായൊരു സാന്ത്വനപ്രഭാഷണം നടത്തുകയും ചെയ്തു:
ഉപജീവനത്തിനുള്ള അവകാശം വവ്വാലുകൾക്കുമുള്ളതാണല്ലോ,
പച്ചത്തുള്ളന്മാർ എത്രയെങ്കിലും ബാക്കിയുണ്ടുതാനും.

ഇതിനു തൊട്ടു പിറകേയുണ്ടായിരുന്നു അവസാനം:
ഒരൊഴിഞ്ഞ താൾ.

അതില്പിന്നെ നാല്പതുകൊല്ലം കഴിഞ്ഞിരിക്കുന്നു.
ആ ഒഴിഞ്ഞ താളിനു മുകളിൽ ഇപ്പോഴും കുനിഞ്ഞിരിക്കുന്ന എനിക്ക്
പുസ്തകം അടച്ചുവയ്ക്കാനുള്ള കരുത്തില്ല.
*

ഇരുകാലി
------------

തികച്ചും വിചിത്രമായ ഒരു ജീവിയാണ്‌ ഇരുകാലി: 
ശരീരം കൊണ്ട് മറ്റിരപിടിയൻ മൃഗങ്ങളുമായി
ബന്ധമുണ്ടവനെങ്കിലും
അവൻ മാത്രമേ മൃഗങ്ങളെ പാചകം ചെയ്യുന്നുള്ളു,
അവയിൽ ഉപ്പും മുളകും വിതറുന്നുള്ളു,
അവൻ മാത്രമേ മൃഗങ്ങളെക്കൊണ്ടു സ്വയം മറയ്ക്കുന്നുള്ളു,
മൃഗങ്ങളെക്കൊണ്ടു ചെരുപ്പിടുന്നുള്ളു,
അവൻ മാത്രമേ ലോകത്തു താനൊരന്യനാണെന്നു കരുതുന്നുള്ളു,
വിധിക്കെതിരെ പ്രതിഷേധിക്കുന്നുള്ളു,
അവൻ മാത്രമേ ചിരിക്കുന്നുള്ളു,
അതിലൊക്കെ വിചിത്രമായി,
സ്വേച്ഛ പോലെ ഒരു മോട്ടോർ സൈക്കിളിൽ ഓടിച്ചുപോകുന്നുമുള്ളു.
അവനു നാലു കൈകാലുകളുണ്ട്,
രണ്ടു ചെവികളും
ഒരുനൂറു ഹൃദയങ്ങളും.
*

Dan Pagis  (1930-1986)- റുമേനിയയിലെ ബുക്കോവിനയിൽ ജനിച്ച ഡാൻ പാഗീസ് കുട്ടിയായിരിക്കുമ്പോൾ യുക്രെയ്നിലെ ഒരു കോൺസെൻട്രേഷൻ ക്യാമ്പിൽ തടവിലായിരുന്നു. 1944ൽ അവിടെ നിന്നു രക്ഷപ്പെട്ട് 1946ൽ ഇസ്രയേലിലേക്കു കുടിയേറി . 

2026 ഫെബ്രുവരി 25, ബുധനാഴ്‌ച

ഐഡിയ വിലാഡിന്യോ - രാത്രി



രാത്രി സ്വപ്നമായിരുന്നില്ല,
അതവന്റെ വദനമായിരുന്നു,
വ്യർത്ഥചേഷ്ടകളുരിഞ്ഞുകളഞ്ഞ
അവന്റെ സുന്ദരദേഹമായിരുന്നു,
നിഴലുകൾക്കിടയിൽ നിന്നെന്നെ നോക്കുന്ന
അവന്റെ വിളർത്ത മുഖമായിരുന്നു.
രാത്രി അവന്റെ വദനമായിരുന്നു,
അവന്റെ ബലവും അവന്റെ വികാരവുമായിരുന്നു,
അവന്റെ പ്രശാന്തനേത്രങ്ങളായിരുന്നു,
എന്റെ കണ്ണുകളിൽ വന്നുവീഴുന്ന
ആ ഇരുണ്ട കല്ലുകൾ.
രാത്രി എന്നെക്കയ്യേറുന്ന അവന്റെ പ്രണയമായിരുന്നു,
അത്ര മന്ദമായി, അത്ര നിഗൂഢമായി.
*

Idea Vilarino (1920-2009)- Generación del ’45 എന്നറിയപ്പെടുന്ന ഉറുഗ്വേയൻ എഴുത്തുകാരിൽ ഉൾപ്പെടുന്ന കവിയും വിവർത്തകയും. സ്പാനിഷിലേക്കുള്ള അവരുടെ ഷേക്സ്പിയർ വിവർത്തനങ്ങൾ ശ്രദ്ധേയമാണ്‌.

2026 ഫെബ്രുവരി 21, ശനിയാഴ്‌ച

യോഷിദ കെൻകോ - വിശ്രമവേളയിലെ കുറിപ്പുകൾ

 

1

ഈ ലോകത്തു നാം വന്നുജനിക്കുന്നത് വലിയവലിയ ആശകളോടെയായിരിക്കും.

ഒരു ചക്രവർത്തിയുടെ പദവി തീർച്ചയായും പറഞ്ഞറിയിക്കാൻ പറ്റാത്തവിധം ഉന്നതം തന്നെ. അദ്ദേഹത്തിന്റെ ഏറ്റവുമകന്ന പിൻഗാമികൾ പോലും നമ്മളിൽ ഭക്ത്യാദരങ്ങളുണർത്താൻ പോന്നവരാണ്‌: വെറും മനുഷ്യബീജത്തിൽ നിന്നുണ്ടായവരല്ലല്ലോ അവർ. 

എന്തിനു പറയുന്നു, രാജപ്രതിനിധിയും അംഗരക്ഷകരെ വയ്ക്കാൻ അവകാശമുള്ള ഇടപ്രഭുക്കന്മാർ പോലും നമ്മുടെ അസൂയാപാത്രങ്ങളാവുന്നു. അവരുടെ പുത്രന്മാരും പേരക്കുട്ടികളും, ലോകത്തേക്കിറങ്ങി വന്നവരാണവരെങ്കിലും, നമ്മളിൽ മതിപ്പുളവാക്കുന്നു. അതിലും താഴ്ന്നവർ, സ്വന്തം പദവിയിൽ മികയ്ക്കുന്നവരാണെങ്കിലും, വലിയ ഭാവത്തിൽ തങ്ങൾ എന്തോ പ്രത്യേകതരമാണെന്നു ഭാവിച്ചു നടക്കുന്നവർ, അവരെ ആരും വലിയ കാര്യമാക്കാറില്ല. 

ഒരു ബുദ്ധഭിക്ഷുവിനെപ്പോലെ ഇത്രയും കുറഞ്ഞ അളവിൽ അസൂയാപാത്രമാകാൻ പറ്റിയ മറ്റൊരാളുണ്ടാവില്ല. സെയ് ഷോനഗൊൺ എഴുതിയിട്ടുണ്ട്, ആളുകൾ തങ്ങളെ കണക്കാക്കുന്നത് വരണ്ട തടിക്കഷണങ്ങൾ പോലെയാണെന്ന്; അത് തീർത്തും ശരിയാണെന്നും ആ ഭിക്ഷുണി പറയുന്നു. അധികാരമുള്ളവർ എടുത്തുവീശുന്ന പ്രതാപം ആരെയാണ്‌ വീഴ്ത്തിക്കളയാത്തത്! പേരും പണവും ഒരു ബുദ്ധഭിക്ഷുവിന്‌ വ്യധികൾ പോലെയാണെന്നും അയാൾ ബുദ്ധന്റെ ഉപദേശം തെറ്റി നടക്കരുതെന്നും ഒരു മഹാത്മാവ്, സോഗ ആണെന്നു തോന്നുന്നു, പറഞ്ഞിട്ടുണ്ട്. എന്നാലും സമർപ്പിതനായ ഒരു ഏകാന്തവാസിയിൽ ആദരണീയമായ പലതുമുണ്ടെന്നാണ്‌ എന്റെ വിശ്വാസം.

കാഴ്ചയിലും പെരുമാറ്റത്തിലും ആകർഷണീയത പുലർത്തുക എന്നത് പ്രധാനമാണ്‌. കാതിനിമ്പം തരുന്ന രീതിയിലും വശ്യമായും സംസാരിക്കുകയും എന്നാൽ അമിതഭാഷണത്തിലേക്കു വഴുതിവീഴാതിരിക്കുകയും ചെയ്യുന്ന ഒരാളുമൊത്തു സമയം കഴിക്കുമ്പോൾ നമുക്കു ക്ഷീണം തോന്നുന്നതേയില്ല. കേമനെന്നു നാം കരുതിയിരുന്ന ഒരാൾ ഇടപഴകിക്കഴിയുമ്പോൾ അത്രയൊന്നുമില്ലെന്നു വരുന്നതുപോലെ മോശമായി ഒന്നും സംഭവിക്കാനുമില്ല. പദവിയും ശരീരസൗന്ദര്യവുമൊക്കെ ജന്മനാ കിട്ടുന്നതാണെന്നതു ശരിതന്നെ; അതേസമയം നിരന്തരപ്രയത്നം കൊണ്ടു മിനുക്കിയെടുക്കാവുന്ന ഒരാൾ എല്ലാവരുടെയും ഉള്ളിലുണ്ടെന്നതും തീർച്ചയാണ്‌. സുന്ദരനും സൽസ്വഭാവിയുമായ ഒരാൾ ശിക്ഷണത്തിന്റെ കുറവു കാരണം താണ പടിയിലുള്ളവരോടു ചേർന്നുനടക്കുകയും അധഃപതിക്കുകയും ചെയ്യുന്നത് എത്ര ദയനീയമാണ്‌. 

ഒരാൾ പാരമ്പര്യസാഹിത്യത്തിൽ നിഷ്ണാതനാവുകയും ചൈനീസിലും ജാപ്പനീസിലും കവിതയെഴുതുകയും സംഗീതം അഭ്യസിക്കുകയും ചെയ്യേണ്ടതാവശ്യമാണ്‌; കൊട്ടാരമര്യാദകളും കീഴ്‌വഴക്കങ്ങളും പരിചിതമായിരിക്കണം അയാൾക്ക്. അയാളുടെ കൈപ്പട ഒഴുക്കുള്ളതായിരിക്കണം, വിരുന്നുകളിൽ ഗാനങ്ങളാലപിക്കുമ്പോൾ തെറ്റാതെ താളം പിടിക്കാൻ അയാൾക്കറിയണം, മദ്യം വച്ചുനീട്ടുമ്പോൾ നിരസിക്കുന്ന മട്ടു കാണിച്ചിട്ട് അതു വാങ്ങിക്കുടിക്കാനും അയാൾക്കു കഴിയണം.

*
2
ഭാഗ്യക്കേടു വന്നുപെട്ട ഒരാൾ ഓടിപ്പോയി ബുദ്ധഭിക്ഷു ആകരുത്. അയാൾ തന്റെ വീട്ടുപടി അടച്ച്, ആരെയും ശല്യപ്പെടുത്താതെ ഏകാന്തജീവിതം നയിക്കുകയാണു വേണ്ടത്, കടന്നുപോകുന്ന ഓരോ ദിവസത്തിൽ നിന്നും യാതൊന്നും പ്രതീക്ഷിക്കാതെ.

അക്കിമോട്ടോയുടെ ഇങ്ങനെ ആഗ്രഹം  പ്രകടിപ്പിച്ചതായി പറഞ്ഞുകേൾക്കുന്നു: “ഒരപരാധവും ചെയ്യാത്ത പ്രവാസത്തിൽ ചന്ദ്രനെയും നോക്കി ഇരിക്കുക.” ശരിയാണത്.
*

3
അദാഷിനോ ശവമാടങ്ങളിലെ മഞ്ഞുതുള്ളി പോലെയോ ടോരിബെ ശ്മശാനത്തിലെ പുക പോലെയോ മാഞ്ഞുപോകാതെ നമ്മുടെ ജീവിതം ചിരന്തനമായിരുന്നെങ്കിൽ ലോകത്തിന്റെ മൂല്യം എത്ര ഇടിയുമായിരുന്നു! ലോകത്തിന്റെ നശ്വരപ്രകൃതിയാണ്‌ അതിനെ ആകർഷകമാക്കുന്നതും.

ജീവികളിൽ വച്ച് ആയുർദൈർഘ്യം കൂടുതലുള്ളത് മനുഷ്യനാണ്‌. ഈയാംപാറ്റയ്ക്ക് ഒരു സായാഹ്നത്തെ ആയുസ്സേയുള്ളു; വേനല്ക്കാലത്തെ ചീവീട് വസന്തമോ ശരലക്കാലമോ അറിയുന്നില്ല. ഒരേയൊരു വർഷത്തേക്കെങ്കിലും ജീവിതം പൂർണ്ണമായി ആസ്വദിക്കുക എന്നത് എത്ര വലിയ ഒരാഡംബരമാണ്‌! ജീവിതം കടന്നുപോകുന്നുവല്ലോ എന്ന് നിരന്തരം ഖേദിച്ചിരിക്കാനാണെങ്കിൽ ഒരായിരം ദീർഘവർഷങ്ങൾ പോലും ഒരു രാത്രിയിലെ സ്വപ്നം പോലെ കടന്നുപോകും.

വികൃതമായ ഒരു വാർദ്ധക്യത്തിൽ എത്തിച്ചേരാനാണെങ്കിൽ എന്തിനു ജീവിതത്തിൽ അള്ളിപ്പിടിക്കുന്നു? എത്ര ദീർഘമാണോ ജീവിതം, അത്രയും വലുതായിരിക്കും നാണക്കേടിൽ നിങ്ങളുടെ വിഹിതം. നാല്പതിനുള്ളിൽ മരിക്കുകയാണ്‌ അഭികാമ്യം. ആ പ്രായം കഴിഞ്ഞാൽ സ്വന്തം വൈരൂപ്യത്തെക്കുറിച്ച് ഒരു നാണക്കേടുമില്ലാതെ അന്യരുമായി ഇടകലരാൻ നിങ്ങൾക്കു തോന്നും; മക്കളേയും പേരക്കുട്ടികളേയും വേണ്ടതിലധികം കൊഞ്ചിക്കാനും അവർ ജീവിതത്തിൽ മുന്നേറുന്നതു കണ്ടാനന്ദിക്കാനുമുള്ള അനാവശ്യമായ മോഹം നിങ്ങൾക്കുണ്ടാകും; അത്രയും കാലം ജീവിച്ചിരിക്കാൻ തനിക്കർഹതയുണ്ടെന്ന വിചാരം നിങ്ങൾക്കുണ്ടാകും. ഈ ലോകത്തെ സംഗതികൾക്കായുള്ള നിങ്ങളുടെ അത്യാർത്തി കൂടുതലാകും; ഒടുവിൽ ജീവിതത്തിന്റെ ദുരന്തഭാവം നിങ്ങളെ സപ്ര്ശിക്കാതെയുമാകും.
*

4
കാമവികാരം പോലെ മനുഷ്യഹൃദയത്തെ വ്യതിചലിപ്പിക്കുന്ന മറ്റൊന്നില്ല. എത്ര മൂഢമാണ്‌ മനുഷ്യഹൃദയം!

പരിമളം, ഉദാഹരണത്തിന്‌, എത്രയും ക്ഷണികമായ ഒരു സംഗതിയാണെന്ന് നമുക്കറിയാം; എന്നാൽ ഒരു സ്ത്രീയുടെ ഉടുവസ്ത്രത്തിൽ നിന്നു വീശുന്ന നേർത്ത സുഗന്ധം ആരെയാണ്‌ ഉത്തേജിപ്പിക്കാത്തത്, തുണിയിൽ പൂശിയ ഒരു ലേപനത്തിന്റെ ഒരു നിമിഷത്തേക്കുള്ള പ്രഭാവമാണതെന്ന് എത്രതന്നെ നമുക്കു വ്യക്തമാണെങ്കിലും!

കുമേ എന്ന അത്ഭുതസിദ്ധികളുള്ള പുരോഹിതന്റെ കാര്യം തന്നെ ഒന്നാലോചിച്ചുനോക്കൂ. ആകാശത്തു പറക്കാൻ കൂടി കഴിവുള്ള ഒരാളായിരുന്നു അദ്ദേഹം. അങ്ങനെയൊരിക്കൽ ആകാശസഞ്ചാരം ചെയ്യുന്നതിനിടയിൽ താഴേക്കു നോക്കിയ കുമേ കണ്ടത് പുഴക്കരയിൽ സുന്ദരിയായ ഒരു സ്ത്രീ അലക്കിക്കൊണ്ടിരിക്കുന്നതാണ്‌. അവളുടെ വെളുത്തുരുണ്ട കാൽവണ്ണകളിൽ കണ്ണുടക്കിയ ഉടനേ സിദ്ധികളെല്ലാം നഷ്ടപ്പെട്ട് അദ്ദേഹം നിലം പതിക്കുകയായിരുന്നു. എനിക്കിതു വിശ്വസിക്കാൻ തോന്നുന്നു- എന്തായാലും ഒരു സ്ത്രീയുടെ സുന്ദരവും മാംസളവും തുടുത്തതുമായ കയ്യോ കാലോ ഏതെങ്കിലും കൃത്രിമപ്രലോഭനത്തിൽ നിന്നു തീർത്തും വ്യത്യസ്തമായ ഒന്നാണല്ലോ.
*
5
സ്ത്രീയുടെ സുന്ദരമായ മുടിക്കെട്ട് പുരുഷന്റെ നോട്ടത്തെ ആകർഷിക്കും. എന്നാൽ അവൾ ഏതു തരക്കാരിയാണെന്നും എന്താണവളുടെ സ്വഭാവപ്രകൃതിയെന്നും ഒരു തട്ടിയ്ക്കു പിന്നിൽ നിന്ന് അവൾ സംസാരിക്കുന്നതു കേട്ടാൽത്തന്നെ നമുക്കു മനസ്സിലാവുകയും ചെയ്യും. ഒരു സ്ത്രീയെ മനഃപൂർവ്വമല്ലാതെ ഒന്നു കാണുന്നതുപോലും പുരുഷന്റെ ഹൃദയത്തെ വ്യതിചലിപ്പിക്കാൻ പോന്നതാണ്‌. ഒരുവൾ ശരിക്കുറങ്ങുന്നില്ലെങ്കിൽ, സ്വസുഖം നോക്കാതെ എത്രയെങ്കിലും വൈഷ്യമ്യങ്ങൾ അനുഭവിക്കാൻ ഒരുക്കമാണവെളെങ്കിൽ അതിനർത്ഥം അവളുടെ മനസ്സിപ്പോൾ പ്രണയത്തിലാണ്‌ എന്നായിരിക്കും.

അതെ, പ്രണയത്തിന്റെ വേരുകൾ നമുക്കുള്ളിലേക്ക് ആഴത്തിലോടിയിരിക്കുന്നു. നമ്മുടെ ഇന്ദ്രിയങ്ങളെ വിലോഭിപ്പിക്കാനായി പലതും പലതുമുണ്ട്; എന്നാൽ അവയിൽ നിന്നൊക്കെ അകലം പാലിക്കാനും നമുക്കു കഴിയും. പക്ഷേ ഇതൊന്നു മാത്രം ആരുമൊഴിവില്ലാതെല്ലാവരെയും, യുവാക്കളേയും വൃദ്ധരേയും, ബുദ്ധിമാന്മാരെയും മൂഢന്മാരെയും ബാധ പോലെ പിടികൂടുന്നതായി കാണപ്പെടുന്നു.

അങ്ങനെയാണ്‌, ഒരു സ്ത്രീയുടെ മുടിനാരു കൊണ്ട് മദയാനയെ തളയ്ക്കാമെന്നും ഒരുവളുടെ പാദുകത്തിന്റെ തടി കൊണ്ടുണ്ടാക്കിയ ഓടക്കുഴലിന്റെ നാദം കേട്ടാൽ ശരല്ക്കാലത്തെ കലമാൻ ഓടിയെത്തുമെന്നുമുള്ള കഥകളുണ്ടായത്. 

ആ കെണിയിൽ പെടാതിരിക്കാനുള്ള വിവേകവും ജാഗ്രതയും ശിക്ഷണത്തിലൂടെ നാം ആർജ്ജിക്കണം.
*

6
പത്താം മാസത്തിലൊരുദിവസം കുറുസുനോയ്ക്കുമപ്പുറത്തുള്ള മലവാരത്തെ ഒരു വിദൂരഗ്രാമത്തിൽ താമസിക്കുന്ന ഒരാളെ കാണാൻ ഞാൻ പോയി. പായലു മൂടിയ പാതയിലൂടെ കഷ്ടപ്പെട്ടു നടന്ന് ഒടുവിൽ അദ്ദേഹം താമസിക്കുന്ന ഒറ്റപ്പെട്ട കുടിലിൽ ഞാൻ എത്തിച്ചേർന്നു. പഴുക്കിലകൾ അട്ടിയിട്ടു കിടക്കുന്നതിനിടയിലെവിടെയോ ഒരു മുളംകുഴലിൽ നിന്നു വെള്ളം തുള്ളിയിറ്റുന്നതല്ലാതെ ഒരു ശബ്ദവും അവിടെങ്ങും കേൾക്കാനില്ലായിരുന്നു. പൂജത്തട്ടിലെ പൂപ്പാത്രത്തിൽ ഇട്ടുവച്ചിരുന്ന ചില പൂക്കളും ഇലകളും മാത്രം ഒരു സൂചന തന്നിരുന്നു, ഏതോ മനുഷ്യജീവിയുടെ സാന്നിദ്ധ്യമുണ്ട് അവിടെയെന്ന്. 

വ്യാമുഗ്ധനായിപ്പോയ ഞാൻ എന്നോടുതന്നെ പറഞ്ഞു: “ഇങ്ങനെയും ജീവിക്കാം!” എന്നാൽ എന്റെയാ മനോഭാവത്തെ അല്പമൊന്നുലച്ചുകളഞ്ഞു, തോട്ടത്തിന്റെ അങ്ങേയറ്റത്തായിക്കണ്ട വലിയൊരു നാരകമരം; ഫലഭാരത്താൽ കൊമ്പുകൾ താഴ്ന്നുപോയ ആ വൃക്ഷത്തെ കനത്തൊരു മരവേലി കെട്ടി നന്നായി സംരക്ഷിക്കുകയും ചെയ്തിട്ടുണ്ട്. ആ മരം അവിടെ ഇല്ലായിരുന്നെങ്കിൽ! ഞാൻ ചിന്തിച്ചുപോയി.
*
7
ഒരു വിളക്കിൻചുവട്ടിൽ, മുന്നിൽ നിവർത്തിവച്ച ഒരു പുസ്തകവുമായി ഒറ്റയ്ക്കിരിക്കുക, തനിക്കു നേരിട്ടറിവില്ലാത്ത ഭൂതകാലത്തിൽ നിന്നൊരു മനുഷ്യജീവിയുമായി സംവദിക്കുക- അവാച്യമായ മനശ്ശാന്തി നല്കുന്നതാണത്. 
*
8
വീട് വെറുമൊരു വഴിയമ്പലം മാത്രമാണെന്നതു ശരിയാണെങ്കിലും അതിൽ താമസിക്കുന്നയാളിന്റെ ഉന്നതമായ അഭിരുചിക്കനുസരിച്ച് അതൊരുക്കിവയ്ക്കുന്നത് സന്തോഷം നല്കുന്ന കാര്യം തന്നെയല്ലേ? 

നിലാവിന്റെ മനോരഞ്ജകത്വം പോലും എത്ര വർദ്ധിക്കുന്നു, സംസ്കാരസമ്പന്നനായ ഒരാൾ പ്രശാന്തലാളിത്യത്തോടെ പാർക്കുന്ന ഒരു വീട്ടിനുള്ളിലേക്കതിരിച്ചിറങ്ങുമ്പോൾ! മോടിയോ പകിട്ടോ കാണിക്കുന്ന ഒന്നും അവിടെയില്ലെന്നതു ശരിതന്നെ; എന്നാൽ മരങ്ങളിടതൂർന്നുവളരുന്ന തോട്ടം കാലത്തിന്റെ സ്മരണയുണർത്തുന്നതാണ്‌, പ്രകൃത്യാ വളരാൻ വിട്ടിരിക്കുന്ന ഉദ്യാനം മൃദുലവികാരങ്ങളുടെ സൂചന വഹിക്കുന്നു, വരാന്തയും ചുറ്റുവേലിയും കലാബോധത്തോടെ ചെയ്തിരിക്കുന്നു, വീട്ടിനുള്ളിലാകട്ടെ, പ്രത്യേകിച്ചൊരു ക്രമവുമില്ലാതെ വച്ചിരിക്കുന്ന സാധനങ്ങൾക്ക് സ്വസ്ഥവും പഴയ കാലത്തിന്റേതുമായ ഒരു മട്ടും. എത്ര ഉന്നതമായ ഒരഭിരുചിയുടെ ആവിഷ്കാരമാണിതൊക്കെ.

എത്ര വിരൂപവും മനസ്സിടിക്കുന്നതുമായ കാഴ്ചയാണ്‌ പണിക്കാരുടെ ഒരു പട മിനക്കെട്ടിരുന്ന് തേച്ചുമിനുക്കിയെടുത്ത ഒരു മാളിക! നാടനും വിദേശിയുമായ വില പിടിച്ച അപൂർവ്വവസ്തുക്കളുടെ ഉദ്ധതമായ പ്രദർശനശാലയാണവിടെ. ചെടികളെപ്പോലും അവയുടെ പാട്ടിനു വളരാൻ വിടാതെ കത്രിച്ചും മുരടിപ്പിച്ചും നിർത്തിയിരിക്കുന്നു. അങ്ങനെയൊരിടത്ത് എത്രനാളാണൊരാൾ ജീവിക്കുക? അതു കാണുമ്പോൾത്തന്നെ നമുക്കു തോന്നിപ്പോകും, ഒരു നിമിഷം കൊണ്ടു പുകയായിപ്പോകാനുള്ളതാണിതൊക്കെയെന്ന്.

അതെ, ഒരു വീടു കണ്ടാൽ അതിൽ താമസിക്കുന്നയാളെക്കുറിച്ചു വേണ്ടതെല്ലാം അതു പറഞ്ഞുതരും.

ഫ്യൂജിവാര സനേസദ വീട്ടിന്റെ മേല്ക്കൂരയ്ക്കു മുകളിലായി തലങ്ങും വിലങ്ങും കയറു കെട്ടിയിരുന്നു; പരുന്തുകളവിടെ ചേക്കയിരിക്കാതിരിക്കാൻ വേണ്ടിയായിരുന്നു ആ ഏർപ്പാട്. “വീട്ടിനു മുകളിൽ പരുന്തിരിക്കുന്നതുകൊണ്ട് നിങ്ങൾക്കെന്തു ചേതം വരാൻ? എന്തു മനുഷ്യനാണിത്!” കവിയും സന്ന്യാസിയുമായ സെയ്‌ഗ്യോ അത്ഭുതപ്പെടുകയുണ്ടായി. അയനോക്കോജി രാജകുമാരന്റെ ഭവനത്തിനു മുകളിൽ കയറു കെട്ടിയിരിക്കുന്നതു കണ്ടപ്പോഴാണ്‌ ഇക്കഥ എനിക്കോർമ്മവന്നത്. എന്നാൽ തന്റെ കുളത്തിലെ തവളകളെ കൊത്തിക്കൊണ്ടുപോകന്ന കാക്കകൾക്ക് തന്റെ മേല്ക്കൂര താവളമാകാതിരിക്കാനാണ്‌ അങ്ങനെ ചെയ്യുന്നതെന്ന് പിന്നീട് ആരോ പറഞ്ഞു ഞാനറിഞ്ഞു. എനിക്കപ്പോൾ രാജകുമാരനോട് വല്ലാത്ത ആദരവു തോന്നി. സനേസദയ്ക്കും അങ്ങനെയൊരു വിചാരമുണ്ടായിരുന്നോ എന്ന് ആരറിഞ്ഞു?

9
ഏകാന്തജീവിയായ ഒരു ഭിക്ഷു ഒരിക്കൽ ഇങ്ങനെ അഭിപ്രായപ്പെടുകയുണ്ടായി: “എന്നെ ഈ ലോകത്തോടു തളച്ചിടുന്ന സർവ്വതിനേയും ഞാൻ കൈവിട്ടുകളഞ്ഞിരിക്കുന്നു; എന്നാൽ നീലാകാശത്തിന്റെ സൗന്ദര്യമൊന്നുമാത്രം ഇപ്പോഴുമെന്നെ വിടാതെ പിന്തുടരുന്നു.” അദ്ദേഹത്തിന്‌ അങ്ങനെ തോന്നിയതിന്റെ കാരണം എനിക്കു മനസ്സിലാകും.
*
10
തുല്യമനഃസ്ഥിതിയുള്ള ഒരാളുമായി ഈ ലോകത്തിന്റെ അസ്ഥിരവും തമാശ തോന്നിക്കുന്നതുമായ രീതികളെക്കുറിച്ച് തുറന്നു ചർച്ച ചെയ്യുന്നത് എത്ര ഉന്മേഷപ്രദമായ ഒരു കാര്യമാണ്‌! എന്നാൽ അങ്ങനെയൊരാളിനെ കണ്ടുകിട്ടുക ദുഷ്കരമാണെന്നതിനാൽ മറ്റേയാൾ പറയുന്നതെന്തായാലും അതിനോടു കഴിയുന്നത്ര യോജിക്കാൻ ശ്രമിച്ചുകൊണ്ടും ഉള്ളിൽ ഏകാകിയായും നിങ്ങൾക്കിരിക്കേണ്ടിവരികയാണ്‌. 

ഇരുവർക്കും താല്പര്യമുള്ള വിഷയത്തെക്കുറിച്ച്പരസ്പരം യോജിച്ചുകൊണ്ടു സംസാരിക്കുന്നതിൽ ഒരുതരം ആനന്ദമില്ലാതെയില്ല; എന്നാലും നിങ്ങളുടേതിൽ നിന്നല്പം വ്യത്യസ്തമായ ഒരു നിലപാടാണ്‌ അയാളെടുക്കുന്നതെങ്കിൽ അതാണു കൂടുതൽ നല്ലത്. “ഇല്ല, ഞാനതിനോടു യോജിക്കുന്നില്ല,” മത്സരിക്കുമ്പോലെ നിങ്ങളന്യോന്യം പറയണം, എന്നിട്ടു വാദപ്രതിവാദത്തിലൂടെ ഒരു തീരുമാനത്തിലെത്തുകയും വേണം. ഇത്തരം സജീവസംവാദങ്ങൾ അലസവേളകൾ ഹൃദ്യമാക്കാൻ പറ്റിയ വഴിയാണ്‌. എന്നാൽ മിക്കവരും തങ്ങളിൽ നിന്നു വ്യത്യസ്തമായതിൽ അതൃപ്തി കാണിക്കുന്നവരായിരിക്കും. ചർവ്വിതചർവ്വണങ്ങൾ തട്ടിവിടുന്നവരെ കുറേനേരമൊക്കെ സഹിക്കാമെങ്കിലും നമ്മുടെ മനസ്സിനു ചേർന്ന സ്നേഹിതന്മാരാകുന്നില്ലവർ; വ്യർത്ഥതാബോധത്തിലേക്കു വീണുപോവുകയാണു നാം അവരുടെ സാന്നിദ്ധ്യത്തിൽ.
*

11
ഒരു യാത്രയ്ക്കിറങ്ങുന്നത്, അതിനി ഏതു ദിക്കിലേക്കായാലും, പെട്ടെന്നു നിങ്ങളെ ചുറ്റുമുള്ള സർവ്വതിനോടും ശ്രദ്ധാലുവാക്കുകയാണ്‌.

നാട്ടുമ്പുറങ്ങിലൂടെ അലഞ്ഞുനടക്കുമ്പോൾ നിങ്ങളുടെ താല്പര്യമുണർത്തുന്ന പല പുതിയ കാര്യങ്ങളുമുണ്ടാവും. നാട്ടിലെ വിശേഷങ്ങളറിയാൻ കത്തെഴുതുന്നതും ഇന്നയിന്ന കാര്യങ്ങൾ കാണാൻ മറക്കരുതെന്ന് സ്നേഹിതന്മാരെ ഓർമ്മപ്പെടുത്തുന്നതും സന്തോഷമുള്ളതുതന്നെ. 

അങ്ങനെയുള്ള സ്ഥലങ്ങളിൽ കാണുന്നതെന്തിനോടും ശ്രദ്ധാലുവാകുകയാണു നിങ്ങൾ. താൻ ഒപ്പം കൊണ്ടുവന്ന സാധനങ്ങളുടെ വിശിഷ്ടഗുണങ്ങൾ കൂടി അപ്പോഴാണ്‌ നിങ്ങൾ ശ്രദ്ധിക്കുക. മറ്റൊരാളുടെ കലാപരമായ സിദ്ധികളോ സൗന്ദര്യമോ പതിവിലുമേറെ നിങ്ങളെ ആനന്ദിപ്പിക്കുകയും ചെയ്യും.

ദേവാലയങ്ങളുടെ പ്രശാന്തമായ അന്തരീക്ഷത്തിലേക്കു പിൻവാങ്ങുന്നതും നല്ലതുതന്നെ.
*

12
കഴിയുന്നത്ര ലളിതമായി ജീവിക്കുന്നതും ധനവും ആഡംബരവും വർജ്ജിക്കുന്നതും പ്രശസ്തിക്കും ഭാഗ്യത്തിനും പിന്നാലെ പായാതിരിക്കുന്നതും ഏറ്റവും ഉത്കൃഷ്ടമായ കാര്യമാണ്‌. ജ്ഞാനി ധനികനും കൂടിയാകുന്നത് വിരളമായിരിക്കും.

ചൈനയിൽ ക്‌സു യു എന്നുപേരുള്ള ഒരാളുണ്ടായിരുന്നു. അയാൾക്കു സ്വന്തമായി ഒന്നുമുണ്ടായിരുന്നില്ല; കൈക്കുമ്പിളിലാണ്‌ വെള്ളം കുടിക്കുന്നതുതന്നെ. ഇതുകണ്ട ആരോ ഒരാൾ വെള്ളമൊഴിച്ചു കുടിക്കാൻ അയാൾക്കൊരു ചുരയ്ക്കാത്തൊണ്ടു കൊടുത്തു. ആവശ്യം കഴിഞ്ഞ് അയാൾ അതു മരക്കൊമ്പിൽ തൂക്കിയിടും. എന്നാൽ കാറ്റു വീശുമ്പോൾ അതൊരു ശബ്ദമുണ്ടാക്കുന്നത് ഒരു ദിവസം അയാൾ കേട്ടു; ആ ശബ്ദം അസഹ്യമായി തോന്നിയതിനാൽ അയാൾ അതെടുത്തു ദൂരെയെറിഞ്ഞു; പഴയപോലെ അയാൾ കൈക്കുമ്പിളിൽ വെള്ളം കുടിക്കുന്നതു തുടരുകയും ചെയ്തു.

സുൻ ചെൻ തണുപ്പുകാലത്തുപോലും പുതയ്ക്കാനൊന്നുമില്ലാതെയാണ്‌ കിടന്നുറങ്ങുക. കുറേ വയ്ക്കോലെടുത്തു വിരിച്ച് രാത്രിയിൽ അതിൽ കിടന്നുറങ്ങും, കാലത്ത് അതു വാരിമാറ്റി സൂക്ഷിച്ചുവയ്ക്കുകയും ചെയ്യും.

ചൈനക്കാർ വരുംതലമുറകൾക്കു വേണ്ടി ഇങ്ങനെയുള്ള കഥകൾ എഴുതിസൂക്ഷിച്ചത് അത്രയും ആദരണീയമായി അവർക്കതു തോന്നിയതുകൊണ്ടാണ്‌. നമ്മുടെ നാട്ടിൽ അതൊന്നും ആരും കാര്യമായി ഗണിക്കുന്നതേയില്ല.
*
13
കാലമേതുമാവട്ടെ, ചന്ദ്രനെ നോക്കിയിരിക്കുക സാന്ത്വനമേകുന്ന കാര്യമാണ്‌. ചന്ദ്രനെപ്പോലെ ഹൃദയഹാരിയായ ഒരു കാഴ്ച വേറേയില്ലെന്ന് ഒരാൾ പ്രഖ്യാപിച്ചപ്പോൾ മറ്റൊരാൾ ഉടക്കിയത്രേ, അതിലും ഹൃദയാപഹാരിയാണ്‌ പുൽത്തണ്ടിൽ പറ്റിയിരിക്കുന്ന മഞ്ഞുതുള്ളി എന്ന വാദവുമായി! ഇത്രയും തർക്കിക്കേണ്ടതുണ്ടോ? അതാതിന്റെ കാലത്ത് മനുഷ്യന്റെ വികാരങ്ങളെ സ്പർശിക്കാത്തതായി എന്താണുള്ളത്? ചന്ദ്രന്റെയും പൂക്കളുടേയും കാര്യം പറയേണ്ടതില്ല; കാറ്റിനു പോലും ഹൃദയത്തെ പിടിച്ചുലയ്ക്കാൻ കഴിയും. പാറക്കൂട്ടങ്ങളിൽ വീണുചിതറുന്ന തെളിഞ്ഞ ചോലയുടെ ദൃശ്യം മനോഹരമായ ഒരു ചിത്രമാണ്‌, ഏതു കാലമായാലും.

ഒരു ചൈനീസ് കവിയുടെ ഈ കവിത എന്റെ മനസ്സിനെ വല്ലാതെ സ്പർശിച്ചു:

യുവാനെന്നും ഹ്സിയാങ്ങെന്നും പേരുള്ള പുഴകൾ
പൂർവ്വാഭിമുഖമൊഴുകിക്കൊണ്ടേയിരിക്കുന്നു, രാവും പകലും;
ഒരു നൊടി പോലുമവയ്ക്കു തിരിഞ്ഞുനില്ക്കാനാവില്ല,
കരയിലിരുന്നു വിലപിക്കുന്നൊരാൾക്കായി.

അരുവികൾക്കും കുന്നുകൾക്കുമിടയിൽ അലഞ്ഞുനടക്കുകയും കിളികളേയും മീനുകളേയും നോക്കിനില്ക്കുകയുമാണ്‌ തന്റെ ജീവിതാനന്ദങ്ങളെന്ന് ഹ്സി കാങ്ങ് എഴുതിയിട്ടുണ്ടല്ലോ. മനുഷ്യരുടെ ലോകത്തു നിന്നു നിന്നങ്ങകലെ, നറുംപുല്ലും തെളിവെള്ളവുമുള്ള ഒരിടത്ത് ഏകാകിയായി അലയുന്നതിനെക്കാൾ ഹൃദയാനന്ദം നല്കാൻ മറ്റേതൊന്നിനാകും?
*

14
ഏതു കാര്യമെടുത്താലും നഷ്ടബോധത്തോടെ  പഴയ കാലത്തേക്ക് തിരിഞ്ഞുനോക്കാനാണു തോന്നുക.  ഓരോ നാളു ചെല്ലുന്തോറും പ്രാകൃതമായിവരികയാണ്‌ പുതിയ കാലത്തിന്റെ രീതികൾ. മരം കൊണ്ടുള്ള വീട്ടുപകരണങ്ങളിൽ പണ്ടത്തേതു തന്നെയാണ്‌ ഏറ്റവും മനോഹരം. അക്ഷരങ്ങളുടെ വടിവിലാവട്ടെ, പണ്ടുകാലത്തെ ഒരു പാഴ്ക്കടലാസ്സുപോലും അമൂല്യമത്രെ.

ദൈനന്ദിനഭാഷയുടെ കാര്യവും പരിതാപകരമാണ്‌. ‘വിളക്കിന്റെ നാളമുയർത്തൂ’ എന്നു പറഞ്ഞിരുന്നതിപ്പോൾ ‘വിളക്കു കത്തിയ്ക്കൂ’ എന്നായിരിക്കുന്നു. ‘സൂത്രവചനത്തിനായുള്ള രാജകീയസഭാമണ്ഡപം’ വെറും ‘രാജകീയപ്രസംഗമണ്ഡപം’ ആയിരിക്കുന്നു.
*
15
ഏകാന്തധ്യാനത്തിൽ മുഴുകിയിരിക്കെ പൊയ്പോയ സകലതിനേയുമോർത്തുള്ള നഷ്ടബോധം താങ്ങാൻ എനിക്കു കഴിയാറില്ല. 

എല്ലാവരും ഉറക്കമായിക്കഴിഞ്ഞു. രാത്രിയുടെ നീണ്ട നാഴികകൾ തരണം ചെയ്യാനായി അതുമിതുമൊക്കെ അടുക്കിപ്പെറുക്കിവയ്ക്കുകയാണു നിങ്ങൾ. ഇനി സൂക്ഷിച്ചുവയ്ക്കേണ്ടതില്ലാത്ത കടലാസുകൾ മാറ്റിവയ്ക്കുന്നതിനിടയിൽ ഇന്നില്ലാത്ത ഒരാളുടെ കൈപ്പട, അല്ലെങ്കിൽ ഒരു രേഖാചിത്രം നിങ്ങളുടെ കണ്ണിൽ തടയുന്നു, പൊടുന്നനേ നിങ്ങൾ ആ നിമിഷത്തിനുള്ളിലാവുകയും ചെയ്യുന്നു. ഇപ്പോൾ ജീവിച്ചിരുപ്പുള്ള ഒരാൾ പണ്ടെഴുതിയ ഒരു കത്താണതെങ്കിലും ഏതു കൊല്ലം, ഏതവസരത്തിലാണ്‌ അതെഴുതിയതെന്നാലോചിച്ച് നിങ്ങൾ സ്വയം മറക്കുകയും ചെയ്യുന്നു. 

നിങ്ങൾ ഉപയോഗിച്ചിരുന്ന വസ്തുക്കളും ഇതേപോലെ നിർവ്വികാരവും മാറ്റമില്ലാതെയും വരാനുള്ള വർഷങ്ങളിൽ ഈ ലോകത്തുണ്ടാവുമെന്നോർക്കുന്നത് നിങ്ങളെ എത്ര വിഷാദത്തിലാഴ്ത്തുന്നു!
*




2026 ഫെബ്രുവരി 20, വെള്ളിയാഴ്‌ച

കാഫ്ക- അയാൾ

 

അയാൾ

അയാൾക്ക് രണ്ടു പ്രതിയോഗികളുണ്ട്: ഒന്നാമൻ അയാളെ പിന്നിൽ നിന്ന്, ഉല്പത്തിയിൽ നിന്നേ, ഉന്തിവിടുകയാണ്‌; രണ്ടാമനാവട്ടെ, അയാൾക്കു മുന്നിലുള്ള വഴി മുടക്കി നില്ക്കുകയുമാണ്‌. ഇരുവരുമായും അയാൾക്കു മല്ലിടേണ്ടിവരികയാണ്‌. ശരിക്കു പറഞ്ഞാൽ ഒന്നാമൻ രണ്ടാമനുമായുള്ള അയാളുടെ മല്പിടുത്തത്തിൽ അയാളെ സഹായിക്കുകയാണു ചെയ്യുന്നത്; എന്തെന്നാൽ അയാളെ മുന്നിലേക്കു തള്ളിവിടാനാണല്ലോ അയാൾ നോക്കുന്നത്; അതുപോലെ, രണ്ടാമനും ഒന്നാമനുമായുള്ള അയാളുടെ മത്സരത്തിൽ അയാളെ സഹായിക്കുന്നുണ്ട്; കാരണം, അയാളെ പിന്നിലേക്കാട്ടിയോടിക്കാനാണ്‌ അയാൾ ശ്രമിക്കുന്നത്. പക്ഷേ സൈദ്ധാന്തികതലത്തിലേ ഇപ്പറഞ്ഞതു ശരിയാകുന്നുള്ളു. കാരണം, രണ്ടു പ്രതിയോഗികൾ മാത്രമല്ലല്ലോ അവിടെയുള്ളത്, അയാളും അവിടെയുണ്ടല്ലോ. അയാളുടെ ഉള്ളിലിരുപ്പ് ശരിക്കും ആരു കണ്ടു? അതെന്തായാലും അയാൾ സ്വപ്നം കാണുന്നുണ്ട്, ഒരു കാലത്ത്,  ജാഗ്രത ഒന്നു തെറ്റിയ ഒരു നിമിഷത്തിൽ- അതേ വരെയുള്ള രാത്രികളിൽ വച്ചേറ്റവും ഇരുണ്ട ഒരു രാത്രി അതിനു വേണം എന്നും സമ്മതിക്കണം- ആ സമരരംഗത്തു നിന്ന് താൻ പുറത്തു ചാടുകയും അമ്മാതിരി ഒരു യുദ്ധത്തിന്റെ കാര്യത്തിൽ തനിക്കുള്ള പരിചയസമ്പന്നത പരിഗണിച്ച്, പരസ്പരം പോരടിക്കുന്ന ആ പ്രതിയോഗികളുടെ അമ്പയറായി തനിക്കു  സ്ഥാനക്കയറ്റം കിട്ടുമെന്നും.

(കാഫ്ക തന്റെ ഡയറികൾ മിലേനക്കു കൈമാറിയപ്പോൾ 1920ജനുവരി 6 മുതൽ ഫെബ്രുവരി 29 വരെയുള്ള പേജുകൾ കീറിയെടുത്തിരുന്നു. മാക്സ് ബ്രോഡ് എഡിറ്റ് ചെയ്ത കാഫ്കയുടെ കൃതികളിൽ അഞ്ചാം ഭാഗമായിട്ട്  ‘1920ലെ കുറിപ്പുകൾ’ 1946ൽ പ്രസിദ്ധീകരിച്ചു. എഡ്വിൻ മൂറും വില്ലാ മൂറും ചെയ്ത ഇംഗ്ലീഷ് പരിഭാഷയ്ക്ക് ഈ പാഠമാണ്‌ സ്വീകരിച്ചിരിക്കുന്നത്. എന്നാൽ 1982-99ൽ പുറത്തുവന്ന കാഫ്കയുടെ കൃതികളുടെ ജർമ്മൻ ക്രിട്ടിക്കൽ എഡിഷനിൽ ഈ കുറിപ്പിലെ സ്വപ്നത്തിന്റെ കാര്യം കാണാനില്ല! ‘അയാളുടെ ഉള്ളിലിരുപ്പ് ശരിക്കും ആരു കണ്ടു?’ എന്ന വാക്യത്തോടെ അതു തീരുന്നു. അപ്പോൾ മാക്സ് ബ്രോഡിന്‌ ആ സ്വപ്നം എവിടെനിന്നു കിട്ടി? കാഫ്കയുടെ ഉള്ളിലിരുപ്പ് ആരു കണ്ടു!)

*

തിന്മ ചിലനേരങ്ങളിൽ നന്മയുടെ ചില ഭാവങ്ങൾ എടുത്തണിഞ്ഞുവെന്നു വരാം, ഇനിയഥവാ, നന്മയുടെ പൂർണ്ണരൂപത്തിൽത്തന്നെ പ്രത്യക്ഷപ്പെട്ടുവെന്നും വരാം. ഇതു തിരിച്ചറിയാൻ എനിക്കു കഴിയുന്നില്ലെങ്കിൽ ഞാൻ പരാജപ്പെട്ടു എന്നതു തീർച്ച; എന്തെന്നാൽ ഈ പ്രച്ഛന്നനന്മയായിരിക്കും സാക്ഷാൽ നന്മയെക്കാൾ പ്രലോഭനീയമായി എനിക്കനുഭവപ്പെടുക. ഇനി നേരേ മറിച്ച് മറയൊന്നുമില്ലാതെയാണ്‌ എനിക്കതു പ്രത്യക്ഷപ്പെടുന്നതെങ്കിലോ? ഒരു പറ്റം പിശാചുക്കൾ വേട്ടയിൽ കാടിളക്കുന്നവരെപ്പോലെ എന്നെ നന്മയിലേക്കോടിച്ചു കയറ്റുകയാണെങ്കിലോ? ഞാനെന്ന അറയ്ക്കുന്ന വസ്തു ഉടലുടനീളം കൂർത്ത മുനകളുടെ കുത്തേറ്റും, മുള്ളു കൊണ്ടും, ഉരുണ്ടും പിരണ്ടും നന്മയിലേക്കെത്തിപ്പെടുകയാണെങ്കിലോ? നന്മയുടെ നഖങ്ങൾ എന്റെ നേർക്കു നീണ്ടു വരികയാണെങ്കിലോ? എങ്കിൽ ഞാനൊരടി പിന്നിലേക്കു വയ്ക്കും, വിഷാദത്തോടെ തിന്മയിലേക്കു ഞാൻ പതിയെ പിൻവാങ്ങും; എന്റെ തീരുമാനത്തിനു കാത്ത് അതിത്രയും കാലമായി എന്റെ പിന്നാലെയുണ്ടായിരുന്നു.


from the blue octavo notebooks

കാളപ്പോരുകാരൻ

നമ്മുടെ ഭാവനയ്ക്കതീതമായ ചില കാരണങ്ങളാൽ ലോകത്തെ ഏറ്റവും മഹാനായ കാളപ്പോരുകാരൻ അങ്കത്തിനായി തിരഞ്ഞെടുക്കുന്നത് മാഡ്രിഡ്ജനത കേട്ടിട്ടുപോലുമില്ലാത്ത വിദൂരമായ ഒരു കൊച്ചുപട്ടണത്തിലെ ജീർണ്ണിച്ച ഏതോ കളിക്കളമാണെന്നു വരാം. നൂറ്റാണ്ടുകളായി അവഗണിയ്ക്കപ്പെട്ടുകിടന്ന ആ കളിക്കളത്തിന്റെ പുല്ലു കേറിവളർന്ന ഒരു ഭാഗത്ത് കുട്ടികൾ ഓടിക്കളിയ്ക്കുന്നു; കല്ലുകൾ പൊള്ളുന്ന മറ്റൊരിടത്ത് പാമ്പുകളും പല്ലികളും വെയിലു കായുകയും ചെയ്യുന്നു. ചുമരുകളുടെ മേലിഷ്ടികകൾ പണ്ടേ കടത്തിക്കൊണ്ടു പോയിരിക്കുന്നു; ചുറ്റുവട്ടത്തെ വീടുകൾക്കെല്ലാമുള്ള ഒരു കന്മട. ഇപ്പോഴാകട്ടെ കഷ്ടിച്ച് അഞ്ഞൂറു പേർക്കിരിക്കാവുന്ന ഒരു കൊച്ചുവട്ടളം മാത്രമാണത്. അതിനോടു ബന്ധപ്പെട്ടു മറ്റു കെട്ടിടങ്ങളൊന്നുമില്ല, അതിനുമുപരി ലായമെന്നതില്ല; അവിടേയ്ക്കു തീവണ്ടി എത്തിയിട്ടില്ലെന്നതാണ്‌ ഏറ്റവും മോശമായ കാര്യം. അടുത്ത സ്റ്റേഷനിലിറങ്ങി മൂന്നു മണിക്കൂർ കുതിരവണ്ടിയിലും, പിന്നെ ഒരേഴു മണിക്കൂർ കാൽനടയായും യാത്ര ചെയ്താലേ അവിടെ എത്തിപ്പെടുകയുള്ളു.


ഒരു ജീവിതം

നാറുന്നൊരു കൊടിച്ചിപ്പട്ടി, എണ്ണമറ്റ നായ്ക്കുട്ടികൾക്കു ജന്മം നല്കിയവൾ, അവിടവിടെ അളിഞ്ഞുതുടങ്ങിയവൾ, എന്നാൽ ബാല്യത്തിൽ എന്റെ എല്ലാമായിരുന്നവൾ, വിടാത്ത കൂറോടെ എന്റെ പിന്നാലെ വന്നിരുന്നവൾ,അടിച്ചോടിക്കാൻ മനസ്സു വരാതെ അടി വച്ചടിവച്ചു പിന്നാക്കം മാറുകയാണു ഞാനെന്നാൽക്കൂടി, മറിച്ചൊരു തീരുമാനം ഞാനെടുക്കുന്നില്ലെങ്കിൽ, ചുമരുകൾക്കിടയിലെ ഒരു മൂലയിലേക്ക്, ഇപ്പോഴേ എനിക്കു കണ്ണിൽ കാണാവുന്ന ഒരു മൂലയിലേക്ക്, അവളെന്നെ തള്ളിക്കയറ്റും; അവിടെ എന്റെ മേൽ, എന്റെയൊപ്പം, അവളാകെ അളിഞ്ഞുതീരും- എനിക്കിതൊരു ബഹുമതിയാണോ?- ചലമൊലിക്കുന്ന, പുഴുത്ത നാവ് എന്റെ കൈവെള്ളയിലും വച്ച്.

*

ഒരിക്കൽ ഒരിടത്ത് ഒരു തെമ്മാടിക്കൂട്ടമുണ്ടായിരുന്നു; അവർ തെമ്മാടികളായിരുന്നുവെന്നല്ല, സാധാരണ മനുഷ്യർ തന്നെയായിരുന്നു അവർ. എന്നും അവർ ഒരുമിച്ചേ നില്ക്കൂ. ഉദാഹരണത്തിന്‌ തങ്ങളിലൊരാൾ ഒരപരിചിതനെ, തങ്ങളുടെ കൂട്ടത്തിനു പുറത്തുള്ള ഒരാളെ എന്തെങ്കിലും തെമ്മാടിത്തം കാണിച്ച്- വീണ്ടും പറയട്ടെ, തെമ്മാടിത്തമൊന്നുമല്ല അത്, സാധാരണ നടക്കുന്ന പതിവുകാര്യം തന്നെ- അയാൾക്കൊരു മനപ്രയാസമുണ്ടാക്കുകയും, ചെയ്തവൻ പിന്നെ വന്ന് കൂട്ടത്തിനു മുന്നിൽ തന്റെ കുറ്റം ഏറ്റുപറയുകയാണെന്നുമിരിക്കട്ടെ, അവർ വിശദമായ അന്വേഷണം നടത്തുകയും, ശിക്ഷ വിധിക്കുകയും, പിഴയോ മാപ്പോ എന്താണെന്നു വച്ചാൽ അതീടാക്കുകയും ചെയ്യും. ഇതിൽ ആർക്കും മോശം വരാതെ അവർ നോക്കുന്നുണ്ട്; വ്യക്തികളുടെയും, കൂട്ടത്തിന്റെ ആകെക്കൂടിയുമുള്ള താത്പര്യങ്ങൾക്ക് ഹാനി വരാതെ സൂക്ഷിക്കുന്നുണ്ട്. കുറ്റം ഏറ്റുപറഞ്ഞവനെ അതേ വിധത്തിൽത്തന്നെയാണ്‌ അവർ കൈകാര്യം ചെയ്യുന്നതും:

‘എന്ത്? നിനക്കതു വലിയ മനപ്രയാസമായിരിക്കുന്നുവെന്നോ? നീ ചെയ്തതിൽ പ്രത്യേകിച്ചൊന്നുമില്ലല്ലോ; നിനക്കങ്ങനെയല്ലേ പ്രവർത്തിക്കാനാവൂ. മറ്റൊരു വിധമായിരുന്നു നിന്റെ പ്രവൃത്തിയെങ്കിൽ അതു ദുരൂഹമായേനെ. നിന്റെ മനസ്സൊന്നു കലങ്ങിയിരിക്കുകയാണ്‌, അത്രേയുള്ളു. ഒക്കെ മാറ്റിവച്ച് ഉഷാറാവെന്നേ.’ അങ്ങനെ അവർ എക്കാലവും ഒരുമിച്ചുതന്നെ നിന്നു; മരണശേഷവും അവർ കൂട്ടംപിരിഞ്ഞില്ല; അന്യോന്യം കൈകോർത്ത് ഒരു വലയമായിട്ടാണ്‌ അവർ സ്വർഗ്ഗത്തേക്കുയർന്നത്. അവർ പറന്നുയരുന്നതു കണ്ടിട്ട് എത്രയും നിർമ്മലമായ ശൈശവനിഷ്ക്കളങ്കതയുടെ ഒരു ദൃശ്യമെന്നേ പറയാനുള്ളു. പക്ഷേ സ്വർഗ്ഗത്തെ നേരിടുന്ന സകലതും അവയുടെ ഘടകങ്ങളായി വിഘടിക്കുമെന്നതിനാൽ അവർ തകർന്നുവീണു- വെറും ശിലാഖണ്ഡങ്ങൾ.

*

നിങ്ങൾക്കു ബോധമുണ്ടായിത്തുടങ്ങി എന്നതിന്റെ ആദ്യലക്ഷണമാണ്‌ മരിക്കാനുള്ള ആഗ്രഹം. ഈ ജീവിതം നിങ്ങൾക്കസഹ്യമായിത്തോന്നുന്നു, മറ്റൊന്നാകട്ടെ അപ്രാപ്യവും. മരിക്കാൻ നിങ്ങൾക്കിപ്പോൾ ഒരു നാണക്കേടും തോന്നുന്നില്ല; തന്നെ അടച്ചിരിക്കുന്ന മുറിയിൽ നിന്ന് (നിങ്ങൾക്കതിനെ വെറുപ്പാണ്‌) മറ്റൊരു മുറിയിലേക്ക് (കാലം കൊണ്ട് നിങ്ങൾ അതിനെയും വെറുക്കും) തന്നെ മാറ്റാൻ നിങ്ങൾ യാചിക്കുകയാണ്‌. അതിൽ പക്ഷേ, ഒരു പ്രത്യാശ ബാക്കി നില്ക്കുന്നുണ്ട്: നിങ്ങളെ മാറ്റുന്നതിനിടെ ഇടനാഴിയിൽ വച്ച്  നിങ്ങൾ യജമാനന്റെ കണ്ണിൽ പെട്ടുവെന്നു വരാം; തടവുകാരനെ നോക്കിയിട്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞുവെന്നു വരാം:“ ഈ മനുഷ്യനെ ഇനിയും തടവിലടയ്ക്കേണ്ട. അയാൾ എന്നോടൊപ്പം വരട്ടെ.”

 

(from the blue octavo notebooks)

ഈ ലോകത്തെ സ്വതന്ത്രനും സുരക്ഷിതനുമായ ഒരു പൗരനാണയാൾ, എന്തെന്നാൽ ഭൂമിയുടെ ഏതു കോണിലുമെത്താവുന്ന വിധം നീളമുള്ള , എന്നാൽ ഭൂമിയുടെ അതിരുകൾ വിട്ടുപോകാനുള്ള നീളമില്ലതാനും, ഒരു ചങ്ങല കൊണ്ടു ബന്ധിച്ചിരിക്കുകയാണയാളെ. അതേസമയം തന്നെ, സ്വർഗ്ഗത്തിലെ സ്വതന്ത്രനും സുരക്ഷിതനുമായ ഒരു പൗരനുമാണയാൾ, കാരണം മേല്പ്പറഞ്ഞ കണക്കിനുള്ള ഒരു സ്വർഗ്ഗീയച്ചങ്ങല കൊണ്ടും അയാളെ ബന്ധിച്ചിട്ടുണ്ടല്ലോ. അതു കാരണം ഭൂമിയിലേക്കിറങ്ങാൻ അയാൾക്കൊന്നു തോന്നിയാൽ സ്വർഗ്ഗത്തെ കോളറും ചങ്ങലയും അയാളുടെ കഴുത്തു ഞെരിക്കും; സ്വർഗ്ഗത്തേക്കുയരാൻ തോന്നിയാൽ ഭൂമിയിലെ ചങ്ങലയും വിടില്ല. എന്നാലുമെന്താ, സാധ്യതകളെല്ലാം അയാളുടേതാണല്ലോ, അതങ്ങനെ തന്നെയാണെന്ന് അയാൾക്കു ബോധവുമുണ്ട്. തുടക്കത്തില്‍ തന്നെ ചങ്ങലയ്ക്കിട്ട രീതിയിൽ എന്തെങ്കിലും പിശകുണ്ടായി എന്നു സമ്മതിക്കാനും അയാൾ ഒരുക്കമല്ല എന്നതാണു പരമാർഥം.

*

സ്വന്തം തീൻമേശയിൽ നിന്നു വീഴുന്ന ഉച്ഛിഷ്ടങ്ങൾ പെറുക്കിത്തിന്നുകയാണയാൾ; തന്മൂലം അല്പനേരത്തേക്കെങ്കിലും മറ്റുള്ളവരേക്കാൾ തൃപ്തനാണു താനെന്ന് അയാൾക്കു തോന്നലുമുണ്ടാവുന്നുണ്ട്. പക്ഷേ മേശപ്പുറത്തിരുന്നു കഴിക്കുന്ന രീതിയും അയാൾ മറന്നുപോകുന്നു. അത്നിനാൽപ്പിന്നെ ഉച്ഛിഷ്ടങ്ങളും ഇല്ലാതെയാകുന്നു.

*

അയാളുടെ ഇംഗിതത്തിനൊത്തുതന്നെ സകലതും അതാതിന്റെ കണക്കിനു നടക്കുകയും, നിർമ്മാണം പുരോഗമിക്കുകയും ചെയ്തു. ചെത്തിയെടുത്ത്, ഉറപ്പിക്കാൻ തയാറാക്കിവച്ചിരുന്ന മാർബിൾ ശിലകൾ വിദേശീയരായ പണിക്കാർ എടുത്തു കൊണ്ടു വന്നു. അയാളുടെ വിരലിന്റെ ചലനങ്ങൾക്കനുസരിച്ച് ശിലാഖണ്ഡങ്ങൾ ഉയരുകയും സ്ഥാനത്തു വീഴുകയും ചെയ്തു. മറ്റൊരു മന്ദിരവും ഈ ദേവാലയം പോലെ ഇത്ര വേഗത്തിൽ പണിതീർന്നിട്ടില്ല; അഥവാ, ദേവാലയങ്ങൾ ഏതുവിധം നിർമ്മിക്കണം എന്നതിനു നിദർശനമായിരുന്നു ഇതിന്റെ നിർമ്മിതി. പക്ഷേ ഒന്നുണ്ടായിരുന്നത്, ഓരോ ശിലാഖണ്ഡത്തിലും - ഏതു കന്മടയിൽ നിന്നാണോ അവ ചെത്തിയെടുത്തത്?- എന്തൊക്കെയോ കുത്തിക്കുറിക്കലുകൾ; ബുദ്ധിയുറയ്ക്കാത്ത കുട്ടികളുടെ കൈക്രിയകൾ പോലെ, നീരസപ്പെടുത്താനോ വികൃതമാക്കാനോ പൂർണ്ണമായും നശിപ്പിക്കാനോ ഉള്ള ഉദ്ദേശ്യത്തോടെ പ്രാകൃതരായ ഗിരിവാസികൾ കോറിയിട്ടപോലെ; അത്രയും മൂർച്ചയുള്ള ആയുധങ്ങൾ കൊണ്ട് കല്ലിൽ വരഞ്ഞിട്ടിരിക്കുകയാണവയെ, ദേവാലയം മണ്ണടിഞ്ഞാലും അനന്തകാലം വായിക്കാൻ പറ്റണം അതെന്നപോലെ.
*

  

ഒടുവിൽ ഞങ്ങളുടെ സൈന്യം നഗരത്തിന്റെ തെക്കുഭാഗത്തുള്ള കവാടത്തിലൂടെ ഉള്ളിലേക്കിരച്ചുകയറി. ഞാനുൾപ്പെട്ട സേനാവിഭാഗം നഗരപ്രാന്തത്തിലുള്ള ഒരുദ്യാനത്തിൽ പാതി കരിഞ്ഞ ചെറിമരങ്ങൾക്കിടയിൽ ഉത്തരവും കാത്തുനില്ക്കുകയായിരുന്നു. പക്ഷേ തെക്കുഭാഗത്തെ കവാടത്തിൽ നിന്ന് കാഹളങ്ങളുടെ ഉച്ചസ്ഥായിയിലുള്ള ഘോഷം കേട്ടപ്പോൾ ഞങ്ങൾക്കു നിയന്ത്രണം വിട്ടു. കൈയിൽ കിട്ടിയ ആയുധങ്ങളുമെടുത്ത്, ചിട്ടയെന്നതില്ലാതെ, കൂട്ടുകാരന്റെ തോളത്തു കൈയുമിട്ട്, “കാഹിരാ, കാഹിരാ,” എന്ന പോർവിളിയും മുഴക്കി ചതുപ്പുനിലത്തിലൂടെ ഞങ്ങൾ നഗരത്തിനു നേർക്കു നീങ്ങി. തെക്കുഭാഗത്തെ കവാടത്തിൽ ആകെ ഞങ്ങൾ കണ്ടത് ശവങ്ങളും, നിലത്തുരുണ്ടുകൂടി സർവതിന്റെയും കാഴ്ച മറയ്ക്കുന്ന മഞ്ഞപ്പുകയും മാത്രമായിരുന്നു. ഞങ്ങൾക്കു പക്ഷേ വെറും പിന്നണിസൈന്യമായാൽപ്പോരാ; അതേവരെ യുദ്ധത്തിന്റെ കെടുതികളിൽ നിന്നു രക്ഷപ്പെട്ടുനിന്ന ഇടത്തെരുവുകളിലേക്ക് ഞങ്ങൾ തിരിഞ്ഞു. ആദ്യം കണ്ട വീടിന്റെ വാതിൽ എന്റെ മഴുവിന്റെ വെട്ടേറ്റ് ചിന്നിച്ചിതറി. അത്ര ആവേശത്തോടെയാണു ഹാളിലേക്കു തള്ളിക്കയറിയതെന്നതിനാൽ ആദ്യമാദ്യം ഒന്നും തിരിയാതെ തമ്മിൽത്തമ്മിൽ വട്ടം ചുറ്റുകയായിരുന്നു ഞങ്ങൾ. നീണ്ടൊഴിഞ്ഞൊരിടനാഴിക്കുള്ളിൽ നിന്ന് ഒരു വൃദ്ധൻ ഞങ്ങളുടെ നേർക്കു വന്നു. അസാമാന്യനായ ഒരു കിഴവൻ- അയാൾക്കു ചിറകുകളുണ്ടായിരുന്നു. വീതിയേറിയ, വിരിഞ്ഞ ചിറകുകൾ; അവയുടെ അറ്റങ്ങൾക്ക് അയാളെക്കാൾ ഉയരമുണ്ട്. “ഇയാൾക്കു ചിറകുണ്ട്,” ഞാൻ എന്റെ ചങ്ങാതിമാരോടു വിളിച്ചുപറഞ്ഞു; മുന്നിലുണ്ടായിരുന്ന ഞങ്ങൾ കുറച്ചുപേർ ആവുന്നിടത്തോളം പിന്നിലേക്കു മാറി; കാരണം പിന്നിൽ നിന്നവർ മുന്നിലേക്കു തള്ളുകയായിരുന്നല്ലോ. “ നിങ്ങൾക്കാശ്ചര്യം തോന്നുന്നുണ്ടാവും,” കിഴവൻ പറഞ്ഞു. “ഞങ്ങൾ എല്ലാവർക്കും ചിറകുണ്ട്. അതുകൊണ്ടു പക്ഷേ ഞങ്ങൾക്കു പ്രയോജനമുണ്ടായില്ല; പറിച്ചുകളയാൻ പറ്റിയിരുന്നെങ്കിൽ ഞങ്ങൾ അതു ചെയ്തേനെ.” “ നിങ്ങളെന്തുകൊണ്ടു പറന്നുപോയില്ല?” ഞാൻ ചോദിച്ചു. “ഞങ്ങളുടെ നഗരം വിട്ടു പറന്നുപോകാനോ? വീടുപേക്ഷിക്കാനോ? പിതൃക്കളെയും പരദൈവങ്ങളെയും വിട്ടുപോകാനോ?”

 *

അരുമപ്പാമ്പേ, എന്തിനാണു നീ ഇത്ര ദൂരെപ്പോയിക്കിടക്കുന്നത്, അടുത്തുവരൂ, ഇനിയുമടുത്തുവരൂ, മതി, അത്ര മതി, അവിടെക്കിടക്കൂ. നിനക്കുമില്ലല്ലോ അതിരുകളെന്നു പറയാനൊന്നും. അതിരുകളെ മതിക്കാത്തവനാണു നീയെങ്കിൽ എങ്ങിനെ ഞാൻ നിന്റെ മേൽ കോയ്മ നേടും? കഠിനമായി പണിയെടുക്കേണ്ടിവരും അതിന്‌. നിന്നോടു ചുരുണ്ടുകിടക്കാൻ പറഞ്ഞുകൊണ്ട് ഞാൻ തുടങ്ങട്ടെ. ചുരുണ്ടുകിടന്നാട്ടെ, ഞാൻ പറയുകയാണ്‌, നീ നിവർന്നുകിടക്കുകയും ചെയ്യുന്നു. ഞാൻ പറയുന്നതു നിനക്കു മനസ്സിലാവുന്നില്ലേ? ഞാൻ പറയുന്നതു നിനക്കു മനസ്സിലാവുന്നില്ല. പക്ഷേ ഞാൻ പറഞ്ഞതു വളരെ വ്യക്തമായിരുന്നല്ലോ: ചുരുണ്ടു കിടക്കൂ! ഇല്ല, നിനക്കതു പിടി കിട്ടിയിട്ടില്ല. അതെങ്ങനെയെന്ന് ഈ വടി കൊണ്ട് ഞാൻ നിനക്കു കാണിച്ചുതരാം. ആദ്യമായി നീ വലിയൊരു വൃത്തം ചമയ്ക്കണം, പിന്നെ അതിനുള്ളിൽ അതിനോടു ചേർന്നുതന്നെ രണ്ടാമതൊന്ന്, അങ്ങനെപോകട്ടെ. ഒടുവിൽ നിന്റെ കുഞ്ഞുതല അപ്പോഴും എടുത്തുപിടിച്ചിരിക്കുകയാണെങ്കിൽ ഞാനന്റെ മകുടിയിൽ വായിക്കുന്ന ഈണത്തിനൊപ്പിച്ച് അതു പതിയെ താഴ്ത്തിക്കൊണ്ടുവരൂ; ഞാൻ നിർത്തുമ്പോൾ നീയുമടങ്ങും, നിന്റെ തല ഏറ്റവുമുള്ളിലെ വൃത്തത്തിലുമായിരിക്കും.

 *

എന്റെ രണ്ടു കൈകൾ തമ്മിൽ ഒരു മൽപ്പിടുത്തം തുടങ്ങി. അവർ ഞാൻ വായിച്ചുകൊണ്ടിരുന്ന പുസ്തകം വലിച്ചടച്ചിട്ട് തങ്ങൾക്കൊരു തടസ്സമാകാതിരിക്കാൻ വേണ്ടി അതു തള്ളിമാറ്റി. എനിക്കൊരു സലാം തന്നിട്ട് എന്നെ അവർ റഫറിയായും നിയമിച്ചു. അടുത്ത നിമിഷം വിരലുകൾ തമ്മിൽ കോർത്തുകഴിഞ്ഞു അവർ; ആരാണു കൂടുതൽ ഞെരുക്കുന്നതെന്നതിനനുസരിച്ച് മേശയുടെ ഇടത്തേക്കും വലത്തേക്കും പായുകയാണവർ. കണ്ണെടുക്കാതെ അവരെത്തന്നെ നോക്കിയിരിക്കുകയാണു ഞാൻ. എന്റെ കൈകളാണിവരെങ്കിൽ എന്റെ മാധ്യസ്ഥവും നിഷ്പക്ഷമായിരിക്കണമല്ലോ. അതല്ലെങ്കിൽ തെറ്റായൊരു തീരുമാനത്തിന്റെ വ്യഥകൾ പേറേണ്ടിവരും ഞാൻ. പക്ഷേ അത്ര എളുപ്പമുള്ളതല്ല എന്റെ കർത്തവ്യം. കൈപ്പടങ്ങൾക്കിടയിലെ ഇരുട്ടത്ത് പലതരം പിടുത്തങ്ങൾ നടക്കുമെന്നതിനാൽ അതൊന്നും എന്റെ ശ്രദ്ധയിൽപ്പെടാതെ പോകരുത്; ഞാൻ അതിനാൽ മേശപ്പുറത്തു താടിയുറപ്പിച്ചുവച്ചിരിക്കുകയാണ്‌; ഇനിമേൽ യാതൊന്നും എന്റെ കണ്ണിൽപ്പെടാതെ പോകില്ല. ഇക്കാലമത്രയും വലതുകൈയിനോട് പ്രത്യേകിച്ചൊരു മമത ഞാൻ കാണിച്ചിരുന്നു; എന്നുവച്ച് ഇടതുകൈയിനോട് എനിക്കെന്തെങ്കിലും വിദ്വേഷമുണ്ടായിരുന്നുവെന്നല്ല. ഇടതുകൈ ഒരു സൂചന നൽകിയാൽ മതിയായിരുന്നു, ഹിതാനുവർത്തിയും നീതിമാനുമായ ഞാൻ ആ ദുഷ്ചെയ്തിക്ക് അപ്പോഴേ വിരാമമിട്ടേനേ. അതു പക്ഷേ പരാതി പറയാൻ വന്നതേയില്ല; അതെന്നിൽ നിന്നു തൂങ്ങിക്കിടക്കുകയേ ചെയ്തുള്ളു; ഉദാഹരണത്തിന്‌ തെരുവിൽ വച്ച് എന്റെ വലതുകൈ തൊപ്പിയുയർത്തുമ്പോൾ എന്റെ തുടമേൽ കാതരമായി തപ്പിത്തടയുകയാവും ഇടതുകൈ. ഇപ്പോൾ ഈ നടക്കുന്ന യുദ്ധത്തിനു യുക്തമായ ഒരു സന്നാഹം കൂട്ടലായിരുന്നില്ലല്ലോ അത്. ഇനിയെത്രനേരമെന്റെ ഇടതുകൈത്തണ്ടേ, ശക്തനായ ഈ വലതുകൈയുടെ ഊറ്റത്തെ ചെറുത്തുനില്ക്കും നീ? മറ്റഞ്ചു വിരലുകളുടെ കൂട്ടിപ്പിടുത്തത്തിൽ തളർന്നുപോകില്ലേ സ്ത്രൈണമായ നിന്റെ വിരൽ? ഇതൊരു മൽപ്പിടുത്തമാണെന്നും എനിക്കിപ്പോൾ തോന്നുന്നില്ല; ഇടതുകൈയുടെ സ്വാഭാവികാന്ത്യമാണു നടക്കാൻ പോകുന്നത്. മേശയുടെ ഇടതറ്റത്തേക്കു തള്ളിമാറ്റിക്കഴിഞ്ഞിരിക്കുന്നു അതിനെ; ഒരെഞ്ചിന്റെ പിസ്റ്റൺ പോലെ അതിനെ തുടരെത്തുടരെ പ്രഹരിക്കുകയാണ്‌ വലതുകൈ. ഈ യാതന കണ്മുന്നിൽ കാണേണ്ടിവന്ന എനിക്ക്, ഇവർ എന്റെതന്നെ കൈകളാണെന്നും, ഒന്നു കുടഞ്ഞാൽ അവരെ തമ്മിൽ പിരിക്കാമെന്നതേയുള്ളുവെന്നും, അങ്ങനെ ഈ തമ്മിലടിയ്ക്കും കഷ്ടപ്പാടിനും അറുതി വരുത്താവുന്നതേയുള്ളുവെന്നുമുള്ള ഒരു ചിന്ത മനസ്സിൽ വന്നില്ലായിരുന്നുവെങ്കിൽ- സമയത്തുതകുന്നൊരാശയം എനിക്കപ്പോൾ തോന്നിയില്ലായിരുന്നുവെങ്കിൽ, മണിബന്ധത്തിൽ വച്ചു പൊട്ടിത്തകർന്ന ഇടതുകൈ മേശയ്ക്കു താഴെപ്പോയി വീണേനേ; താൻ വിജയിയായി എന്ന അറിവിനാൽ ലക്കു കെട്ട വലതുകൈ ദത്തശ്രദ്ധമായി നോക്കിയിരിക്കുന്ന എന്റെ മുഖത്തേക്ക് അഞ്ചു തലയുള്ള സെർബറസിനെപ്പോലെ ചാടിവീഴുകയും ചെയ്തേനെ. അതിനു പകരം പക്ഷേ, ഒരാൾക്കു മേൽ മറ്റൊരാളായി കിടക്കുകയാണ്‌ ഇരുവരുമിപ്പോൾ; വലതുകൈ ഇടതുകൈയുടെ പുറം തലോടുകയാണ്‌; നീതിമാനല്ലാത്ത റഫറി ഞാനോ, അതിനെ അഭിനന്ദിച്ചു തലയാട്ടുകയും.

*

സെർബറസ്- ഗ്രീക്കുപുരാണത്തിലെ അഞ്ചു തലകളുള്ള വേട്ടനായ; പാതാളത്തിന്റെ കവാടം കാക്കുന്നു.



(from the Blue Octavo Notebooks)

1. കടുവ


ഒരിക്കൽ ഒരു കടുവയെ വിശ്രുതനായ മൃഗപരിശീലകൻ ബഴ്സന്റെ അടുക്കലെത്തിച്ചു; അതിനെ മെരുക്കാനാവുമോയെന്ന കാര്യത്തിൽ അയാളുടെ അഭിപ്രായമറിയണം. കടുവയെ ഇട്ടിരുന്ന ചെറിയ കൂട്‌ ഒരു ഹാളിന്റെ അളവിലുള്ള പരിശീലനക്കൂട്ടിലേക്ക്‌ തള്ളിക്കേറ്റി; നഗരത്തിനു വളരെ അകലെയായിട്ടുള്ള ഒരു കൂടാരത്തിലായിരുന്നു അത്‌. സഹായികൾ പിൻവാങ്ങി; ഒരു മൃഗവുമായുള്ള തന്റെ ആദ്യത്തെ കൂടിക്കാഴ്ചയിൽ തന്നോടൊപ്പം ആരുമുണ്ടാകരുതെന്ന് അദ്ദേഹത്തിനു നിർബ്ബന്ധമായിരുന്നു. കടുവ ശാന്തനായി കിടന്നതേയുള്ളു: അൽപം മുമ്പാണല്ലോ അതിനു വയറു നിറയെ ഭക്ഷണം കൊടുത്തത്‌. അതു ചെറുതായിട്ടൊന്നു കോട്ടുവായിട്ടു, പുതിയ ചുറ്റുപാടുകൾ മടുപ്പോടെ ഒന്നു വീക്ഷിച്ചു, എന്നിട്ടുപിന്നെ ഉറക്കത്തിലേക്കു വീഴുകയും ചെയ്തു.


2. ചക്രവർത്തി


ചക്രവർത്തി ദേവവംശത്തിൽത്തന്നെയാണോ പിറന്നതെന്ന് ഒരാൾക്കു സംശയം തോന്നി; ചക്രവർത്തിയാണ്‌ നമ്മുടെയൊക്കെ പരമാധികാരി എന്നതിൽ അയാൾക്കു സംശയമേയില്ല, ചക്രവർത്തിയുടെ ദൈവികമായ ദൗത്യത്തിലും അയാൾക്കു സംശയമേതുമില്ല (അതയാൾക്കു ബോധ്യമാണ്‌), അദ്ദേഹത്തിന്റെ ദിവ്യോത്പത്തിയിലേ അയാൾക്കു സംശയമുണ്ടായുള്ളു. അതു, സ്വാഭാവികമായും,വലിയ പ്രകമ്പനങ്ങൾക്കു കാരണമായതുമില്ല; കടൽപ്പത ഒരു മണൽത്തരിയെ കരയിലേക്കെറ്റിച്ചുവിടുമ്പോൾ നിതാന്തമായ തിരപ്പെരുക്കത്തിൽ അതൊരിടപെടലാവുന്നതേയില്ല, മറിച്ച്‌, ആ കാരണത്തിൽ നിന്നാണ്‌ അതുണ്ടാവുന്നതും.


3. തടവറ


'ഞാനെങ്ങനെ ഇവിടെയെത്തി?' ഞാൻ അതിശയിച്ചു. അത്ര ചെറുതല്ലാത്ത ഒരു ഹാളായിരുന്നു അത്‌, ഇലക്ട്രിക്‌ ബൾബിന്റെ മൃദുവായ വെളിച്ചം ഉള്ളിൽ; ചുമരോരം ചേർന്ന് നടന്നുപോവുകയാണു ഞാൻ. വാതിലുകൾ പലതുണ്ടായിരുന്നുവെങ്കിലും അതിൽ ഒന്നു തുറന്നാൽ നിങ്ങൾ ചെന്നു നിൽക്കുന്നത്‌ ഇരുണ്ട്‌, മിനുസ്സമായ ഒരു പാറയ്ക്കു മുന്നിലായിരിക്കും; വാതിലിന്‌ ഒരു കൈയകലത്തു മാത്രമാണതു നിൽക്കുന്നത്‌; കുത്തനേ മുകളിലേക്കും ഇരുവശങ്ങളിലേക്കും അവസാനമില്ലാത്തപോലെ നീണ്ടുനീണ്ടുപോവുകയുമാണത്‌. ഒരു വാതിൽ വഴി മാത്രം അടുത്തൊരു മുറിയിലേക്കു കടക്കാം; അൽപ്പം കൂടി പ്രതീക്ഷയ്ക്കു വകയുണ്ടവിടെ, അതേസമയം മറ്റു വാതിലുകൾക്കു പിന്നിലുള്ളവ പോലെത്തന്നെ നിങ്ങളെ സംഭ്രാന്തനാക്കുകയും ചെയ്യുമത്‌. രാജകീയമായ ഒരറയിലേക്കാണു നിങ്ങൾ നോക്കുന്നത്‌; നിറങ്ങളിൽ ചുവപ്പിനും സ്വർണ്ണത്തിനുമാണവിടെ പ്രാമുഖ്യം; മച്ചോളമുയർന്ന നിലക്കണ്ണാടികൾ, ചില്ലിന്റെ കൂറ്റനൊരു തുക്കുവിളക്ക്‌.

എനിക്കിനി മടങ്ങിപ്പോകേണ്ടതില്ല, മലർക്കെത്തുറക്കുകയാണറ, ഞാൻ കടക്കുന്നു, ഞാനെന്റെ ദേഹത്തെ തൊട്ടറിയുന്നു.


4. ദൂതന്മാർ


അവരുടെ ഇഷ്ടത്തിന്‌ അവർക്കു രാജാക്കന്മാരോ, രാജാക്കന്മാരുടെ ദൂതന്മാരോ ആകാമായിരുന്നു. കുട്ടികളുടെ സ്വഭാവമാണല്ലോ, എല്ലാവർക്കും ദൂതന്മാരായാൽ മതി. അങ്ങനെയിപ്പോൾ ദൂതന്മാർ മാത്രമേയുള്ളു; കഥയില്ലാത്ത സന്ദേശങ്ങൾ അന്യോന്യം വിളിച്ചുപറഞ്ഞ്‌(രാജാക്കന്മാരില്ലല്ലോ)ലോകം മുഴുവൻ പാഞ്ഞുനടക്കുകയാണവർ. തങ്ങളുടെ ഈ നശിച്ച ജീവിതം ഒന്നവസാനിപ്പിക്കാൻ അവർക്കു വല്ലാത്ത ആഗ്രഹമുണ്ട്‌; പക്ഷേ ഒരു ദൗത്യമേറ്റവരായതിനാൽ അതിനവർക്കു ധൈര്യവുമില്ല.

അവസാനത്തെ അപേക്ഷ

പ്രിയപ്പെട്ട മാക്സ്,

എന്റെ അവസാനത്തെ അപേക്ഷ: ഡയറിയായോ, കൈയെഴുത്തുപ്രതിയായോ, കത്തുകളായോ (എന്റെയും അന്യരുടേതും), കുറിപ്പുകളായോ, മറ്റെന്തുമായോ ഞാൻ വിട്ടുപോകുന്നതെന്തും (എന്റെ ബുക്ക് ഷെല്ഫിലോ, അലമാരയിലോ, വീട്ടിലെയും ഓഫീസിലെയും മേശകളിലോ, എന്തെങ്കിലുമൊന്നു കിടന്നേക്കാവുന്നതോ, നിന്റെ കണ്ണിൽപ്പെടുന്നതോ ആയ ഏതിടത്തുമാകട്ടെ)വായിച്ചുനോക്കാതെ കത്തിച്ചുകളയുക; ഒപ്പം നിന്റെയോ അന്യരുടെയോ കൈവശമുണ്ടായേക്കാവുന്നതായ എല്ലാ കൃതികളും കുറിപ്പുകളും; മറ്റുള്ളവരോട് ഞാൻ പറയുന്നതായി പറയൂ. നിന്നെ ഏല്പിക്കാൻ ഇഷ്ടമില്ലെങ്കിൽ അവ സ്വയം കത്തിച്ചുകളയാമെന്നൊരു വാഗ്ദാനമെങ്കിലും അവർ തരണം.


(കാഫ്കയുടെ മരണശേഷം  അദ്ദേഹത്തിന്റെ മേശയിൽ നിന്നു കണ്ടെടുത്തതാണ്‌ ഈ കത്ത്. ഇതിനും മുമ്പെഴുതിയ മറ്റൊരു കത്ത് പിന്നീടു കണ്ടെടുത്തിരുന്നു. അതിങ്ങനെ):


പ്രിയപ്പെട്ട മാക്സ്,

ഇത്തവണ ഞാൻ സുഖപ്പെടുമെന്നു തോന്നുന്നില്ല. ഒരു മാസം ദീർഘിച്ച ശ്വാസകോശജ്വരത്തിനു ശേഷം ന്യുമോണിയയ്ക്കു സാദ്ധ്യത ഏറെയാണ്‌; ഇങ്ങനെ എഴുതിവച്ചതുകൊണ്ടൊന്നും അതിനെ തടുക്കാനുമാവില്ല, അതിലെന്തോ ശക്തിയുണ്ടെങ്കിൽത്തന്നെ.

അങ്ങനെയൊരു സാദ്ധ്യത വച്ചുകൊണ്ട് ഞാനെഴുതിയതായിട്ടുള്ള സർവതിന്റെയും കാര്യത്തിൽ എന്റെ അവസാനത്തെ ഒസ്യത്ത് ഇതാ:


എന്റെ കൃതികളിൽ നിലനിർത്തേണ്ടവ ഇവ മാത്രമാണ്‌: വിധിന്യായം, സ്റ്റോക്കർ, രൂപാന്തരം, പീനൽകോളണി, ഗ്രാമത്തിലെ ഡോക്ടർ, പിന്നെ നിരാഹാരയജ്ഞക്കാരൻ എന്ന കഥയും. (‘ധ്യാന’ത്തിന്റെ ശേഷിച്ച കോപ്പികൾ കിടന്നോട്ടെ. അവയെ പൾപ്പാക്കുന്ന ബുദ്ധിമുട്ടേറ്റെടുക്കാൻ ഞാനാരെയും നിർബ്ബന്ധിക്കുകയില്ല; പക്ഷേ അതിലുള്ളതൊന്നും ഇനി അച്ചടിയ്ക്കരുത്.) ആ അഞ്ചു പുസ്തകങ്ങളും ചെറുകഥയും നിലനില്ക്കട്ടെയെന്നു ഞാൻ പറയുമ്പോൾ, അവ വീണ്ടും അച്ചടിയ്ക്കാനും ഭാവിതലമുറയ്ക്കു കൈമാറാനും എനിയ്ക്കാഗ്രഹമുണ്ടെന്നല്ല അർത്ഥമാക്കേണ്ടത്. നേരേ മറിച്ച്, അവ കണ്ണിൽപ്പെടാത്ത വിധം മറഞ്ഞുപോയാൽ അതാവും എന്നെ ഏറ്റവുമധികം സന്തോഷിപ്പിക്കുക. അവ നിലനില്ക്കുന്നുവെന്നതിനാൽ മാത്രം, അവ സൂക്ഷിക്കാൻ ആർക്കെങ്കിലും ആഗ്രഹമുണ്ടെങ്കിൽ അതിനെ ഞാൻ വിലക്കുന്നില്ല.


പക്ഷേ എന്റേതായി ശേഷിക്കുന്ന മറ്റെന്തും (മാസികകളിലോ, കത്തുകളിലോ, കൈയെഴുത്തുപ്രതികളിലോ), ഒന്നുമൊഴിവാക്കാതെ സകലതും, കണ്ടെത്താവുന്നതോ, മേൽവിലാസക്കാരിൽ നിന്ന് (മിക്കവരെയും നിനക്കറിയാവുന്നതാണല്ലോ; പ്രധാനമായും അവ  -ന്റെ കൈവശമാണ്‌; എന്തുവന്നാലും രണ്ടു നോട്ടുബുക്കുകളുടെ കാര്യം മറക്കരുത്) ചോദിച്ചുവാങ്ങാവുന്നതോ ആയ സകലതും, ഒന്നൊഴിയാതെ, കഴിയുമെങ്കിൽ വായിച്ചുനോക്കാതെ, ( നീ വായിച്ചുനോക്കുന്നതിനെ ഞാൻ പൂർണ്ണമായി തടയില്ല, പക്ഷേ, അങ്ങനെ ചെയ്യാതിരിക്കുന്നതാണ്‌ എനിക്കിഷ്ടം; എന്തുവന്നാലും മറ്റൊരാൾ അതു കാണുകയേ അരുത്) ഇതു സകലതും ഒന്നൊഴിയാതെ കത്തിച്ചുകളയേണ്ടതാകുന്നു; കഴിയുന്നത്രവേഗം വേണമതെന്നും ഞാൻ അപേക്ഷിക്കുന്നു.


അവസാനവാക്കുകൾ

മരിക്കുന്നതിനു മുമ്പുള്ള രണ്ടു മാസം കാഫ്ക ഓസ്ട്രിയയിലെ കീർലിങ്ങിൽ ഒരു സാനിട്ടോറിയത്തിൽ ചികിത്സയിലായിരുന്നു. ക്ഷയരോഗം ശ്വാസനാളത്തെ കീഴടക്കിക്കഴിഞ്ഞിരുന്നു. സംസാരിക്കരുതെന്ന് ഡോക്ടർമാർ വിലക്കിയതിനാൽ കടലാസുതുണ്ടുകളിൽ എഴുതിക്കൊടുത്താണ്‌ അദ്ദേഹം മറ്റുള്ളവരുമായി ആശയവിനിമയം നടത്തിയിരുന്നത്. ഇവയിൽ ഭൂരിഭാഗവും അവസാനം അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന ഡോറ ഡയമന്റ്, റോബർട്ട് ക്ളോപ്സ്റ്റോക്ക്, നഴ്സുമാർ ഇവർക്കുള്ളതായിരുന്നു.സ്വന്തം ശാരീരികാവശ്യങ്ങളായിരുന്നു മിക്കതുമെങ്കിലും ചിലതൊക്കെ മരണാസന്നനായ ഒരെഴുത്തുകാരന്റെ ലോകനിരീക്ഷണങ്ങളുമായിരുന്നു.

-എന്നെ കൊല്ലൂ, അല്ലെങ്കിൽ നീയൊരു കൊലയാളിയാണ്‌.
(തനിക്കു മോർഫിൻ കുത്തിവയ്ക്കാൻ വിസമ്മതിച്ച ക്ളോപ്സ്റ്റോക്കിനോട്)

-എന്റെ ശ്വാസനാളം ഇത്ര വേദനിക്കുന്നത് മണിക്കൂറുകളായി ഞാനതിനെ ഉപയോഗപ്പെടുത്താത്തതു കൊണ്ടാണോ?

-അല്പം വെള്ളം; ഈ ഗുളികയുടെ കഷണങ്ങൾ കുപ്പിച്ചില്ലുകൾ പോലെ കഫത്തിൽ പറ്റിപ്പിടിച്ചിരിക്കുന്നു.

-ഒരുകാലത്ത് ഒരു കവിളു നിറയെ വെള്ളം കുടിച്ചിറക്കാൻ എനിക്കു കഴിയുമായിരുന്നുവെന്നോർക്കുമ്പോൾ.

-ആ ലൈലാക്കുകളെ വെയിലത്തേക്കു നീക്കിവയ്ക്കൂ.

-മുറിയിൽ ഒരു കിളി വന്നിരുന്നു.

-എത്ര കൊല്ലമാണു നിങ്ങളിതു സഹിക്കുക? എത്ര കൊല്ലമാണു നിങ്ങൾ ഇതു സഹിക്കുന്നതു ഞാൻ സഹിക്കുക?

- ഞാൻ ഇപ്പോൾ കഴിക്കുന്ന ഭക്ഷണം ദേഹത്തിനു സ്വയം സുഖപ്പെടുത്താൻ വേണ്ടത്ര അളവിലല്ലെന്നതു സത്യമാണെങ്കിൽ (അതു ശരിയാവാനാണു സാദ്ധ്യത)ഇനി ഒന്നും പ്രതീക്ഷിക്കാനില്ല, ദിവ്യാത്ഭുതങ്ങളല്ലാതെ.

-ലൈലാക്കുകളെ നോക്കൂ, രാവിലത്തെക്കാൾ പുതുമയോടെ.

-ആരാണു ഫോൺ ചെയ്തത്? മാക്സ് ആകാൻ വഴിയുണ്ടോ?

-അതു കാരണമല്ലേ നമുക്കു തുമ്പികളെ ഇഷ്ടം.

- ഞാൻ ഇന്നൊരല്പം ഐസ് ക്രീം കഴിച്ചാലോ?

-ആ കൈ ഒരു നിമിഷം എന്റെ നെറ്റിയിൽ വയ്ക്കൂ, എനിക്കൊരു ധൈര്യത്തിനായി.

-സഹായമതാ പോകുന്നു, സഹായിക്കാതെ.
(ഡോക്ടർ വന്നുപോയപ്പോൾ)


കാഫ്ക - പാപം, യാതന , പ്രത്യാശ, സത്യമായ മാര്‍ഗ്ഗം എന്നിവയെക്കുറിച്ചുള്ള ആലോചനകൾ

 കാഫ്ക 1917 സെപ്തംബറിനും 1918 ഏപ്രിലിനുമിടയിലുള്ള എട്ടുമാസക്കാലം ബൊഹീമിയൻ നാട്ടുമ്പുറമായ സുറാവുവിൽ സഹോദരി ഓട്ട്ലയോടൊപ്പം താമസിച്ചിരുന്നു. അതിനും ഒരു മാസം മുമ്പാണ്‌ അദ്ദേഹം രക്തം ഛർദ്ദിക്കുന്നതും ക്ഷയരോഗത്തിന്റെ ലക്ഷണമാണതെന്നു സ്ഥിരീകരിക്കുന്നതും. മരണകാരണമാവുന്ന ഒരു രോഗത്തിൽ ആശ്വാസം കൊള്ളുന്ന ഒരാളെയാണ്‌ ആ സമയത്തെ കത്തുകളിൽ നം കാണുന്നത്. ഫെലിക്സ് വെൽഷിനെഴുതിയ ഒരു കത്തിൽ കാഫ്ക സ്വയം വിശേഷിപ്പിക്കുന്നത് ‘താനിപ്പോൾ ഒരു സന്തുഷ്ടകാമുകനായിരിക്കുന്നു’ എന്നാണ്‌; ഈ അന്ത്യപ്രണയത്തോടെ പഴയ കണക്കുപുസ്തകങ്ങൾ തനിക്കടച്ചുവയ്ക്കാമെന്നായിരിക്കുന്നു; സുറാവുവിലെത്തി മൂന്നു ദിവസത്തിനു ശേഷം കാഫ്ക എഴുതുന്നുണ്ട്:‘പുതിയൊരു തുടക്കത്തിനുള്ള അവസരം, അങ്ങനെയൊന്നുണ്ടെങ്കിൽ, കൈവന്നിരിക്കുന്നു. അതു കൈവിടരുത്.’ പില്ക്കാലത്ത് മിലേനയക്കെഴുതിയ ഒരു കത്തിൽ സുറാവുവാസത്തെ അദ്ദേഹം തിരിഞ്ഞുനോക്കുന്നത് ‘തന്റെ ജീവിതത്തിലെ ഏറ്റവും നല്ല കാലഘട്ടമായിട്ടാണ്‌. താൻ പഴയ കടങ്ങളൊക്കെ വീട്ടിക്കഴിഞ്ഞിരിക്കുന്നു; തന്റേതെന്നു നിസ്സംശയം പറയാവുന്നതിലേക്കു മാത്രമായി തനിക്കിനി ഒതുങ്ങാമെന്നായിരിക്കുന്നു; ഇനി മേൽ കത്തുകളില്ല, ബർലിൻ (ഫെലിസുമായുള്ള) ബന്ധമില്ല; ഇനി താനധികം മാറേണ്ടതുമില്ല; തന്റെ ജീവിതത്തിന്റെ തനിക്കറിയുന്ന ഊടുവഴികളിലൂടെ അല്പം കൂടി കാലുറപ്പോടെ ഒരിക്കല്ക്കൂടി നടന്നുപോവുക, അതിനുള്ള അവസരം തനിക്കു കിട്ടിയിരിക്കുന്നു.‘ ഇത്രയും കാലത്തിനുള്ളിൽ ബാഹ്യസാഹചര്യങ്ങൾ തന്റെ ആന്തരജീവിതത്തെ തുണച്ചിട്ടുള്ളതായി അദ്ദേഹത്തിനനുഭവപ്പെട്ടിട്ടുണ്ടെങ്കിൽ അതിവിടെ മാത്രമാണ്‌. സാധാരണക്കാരായ കർഷകർക്കും വീട്ടുമൃഗങ്ങൾക്കും എലികൾക്കും പൂച്ചകൾക്കുമൊപ്പമുള്ള ഈ ജീവിതത്തിനിടയിലാണ്‌ സൂത്രങ്ങളുടെ സംക്ഷിപ്തരൂപത്തിൽ കാഫ്ക തന്റെ ആലോചനകൾ കുറിച്ചിടുന്നത്. എന്നാലിവ നാം പരിചയിച്ച തരത്തിലുള്ള ദാർശനികചിന്തകളല്ല; ആശയങ്ങൾ ബിംബങ്ങൾക്കു കീഴ്പ്പെടുകയാണിവിടെ; ചിലതാകട്ടെ, ആഖ്യാനങ്ങൾ തന്നെയാവുന്നു. സമാശ്വാസം തേടി നാമിവ വായിക്കാനെടുക്കുകയും വേണ്ട; ഉയർത്തിക്കെട്ടിയ കമ്പക്കയറിൽ ഒരഭ്യാസിയെപ്പോലെ നടന്നുകേറാമെന്നു നിങ്ങൾ കരുതിയോ? തറനിരപ്പിൽ വലിച്ചുകെട്ടിയ ഈ കയറിൽ കാലു തടഞ്ഞുവീഴുകയേയുള്ളു നിങ്ങൾ.

1

സത്യമായ മാർഗ്ഗം ഒരു കമ്പക്കയറിലൂടെയാണ്‌; അതു വലിച്ചുകെട്ടിയിരിക്കുന്നത് ഉയരത്തിലല്ല, തറനിരപ്പിലാണെന്നേയുള്ളു. നടന്നുകയറുകയല്ല, തടഞ്ഞുവീഴുകയാണ്‌ അതു കൊണ്ടുദ്ദേശിച്ചിരിക്കുന്നതെന്നു തോന്നുന്നു.

2

അക്ഷമയാണ്‌ മനുഷ്യന്റെ പിഴകൾക്കുള്ള കാരണം; ചിട്ടയോടുള്ള സമീപനത്തിൽ നിന്ന് സമയമാകും മുപേയുള്ള പിന്മാറ്റം; ലക്ഷ്യമെന്നു തോന്നിയതിനെ കൈയിലടക്കിയതായുള്ള തോന്നൽ.


3

മനുഷ്യന്റെ പാപങ്ങൾ മുഖ്യമായും രണ്ടാണ്‌, മറ്റുള്ളവയ്ക്കു കാരണവും ഇവ തന്നെ: അക്ഷമയും അലസതയും. അക്ഷമ കാരണം അവർ പറുദീസയിൽ നിന്നു ഭ്രഷ്ടരായി, അലസത കാരണം അവർ പിന്നെ മടങ്ങുന്നതുമില്ല. ഇനി മുഖ്യപാപം ഒന്നേയുള്ളുവെന്നും വരാം: അക്ഷമ. അക്ഷമ കാരണം അവർ ഭ്രഷ്ടരായി, അക്ഷമ കാരണം അവർ മടങ്ങുന്നതുമില്ല.


4

മരിച്ചുപോയവരുടെ ആത്മാക്കൾ പലതിനും ഒരേ പ്രവൃത്തി മരണനദിയുടെ തിരകളിൽ നാവിട്ടുലമ്പുക എന്നതു മാത്രമാണ്‌; നമ്മിൽ നിന്നൊഴുകിച്ചെല്ലുന്നതിനാൽ നമ്മുടെ കടലുകളുടെ ഉപ്പുരസം അവയിൽ തങ്ങിനില്ക്കുന്നുണ്ടല്ലോ. ഇതിൽ മനം മടുത്ത പുഴയാകട്ടെ, പിന്നാക്കം മാറുന്നു, അതു തിരിഞ്ഞൊഴുകുക തന്നെ ചെയ്യുന്നു, അങ്ങനെ മരിച്ചവരെ തിരിയെ ജീവിതത്തിലേക്കൊഴുക്കിക്കൊണ്ടു പോവുകയും ചെയ്യുന്നു. അവർ പക്ഷേ സന്തുഷ്ടരാണ്‌, അവർ കൃതജ്ഞതാഗാനങ്ങളാലപിക്കുകയാണ്‌, മനം മടുത്ത പുഴയെ തലോടുകയുമാണവർ.

5

ഒരു ഘട്ടമെത്തിയാൽ തിരിച്ചുവരവെന്നതില്ല. ആ ഘട്ടമെത്തേണ്ടിയിരിക്കുന്നു.

6

മനുഷ്യന്റെ വികാസചരിത്രത്തിൽ നിർണ്ണായകമുഹൂർത്തമെന്നത് നിരന്തരമായി വന്നുകൊണ്ടിരിക്കുന്ന ഒന്നാണ്‌; അതു കൊണ്ടാണ്‌ മുമ്പുള്ളതൊക്കെ അപ്രസക്തമായെന്നു വിപ്ളവാശയപ്രസ്ഥാനങ്ങൾ വാദിക്കുമ്പോൾ തെറ്റു പറയാനാവാത്തതും- ഒന്നുമിനിയും സംഭവിച്ചിട്ടില്ലല്ലോ.

7

തിന്മയുടെ ഏറ്റവും ഫലപ്രദമായ വശീകരണതന്ത്രങ്ങളിലൊന്നാണ്‌ ബലപരീക്ഷണത്തിനുള്ള വെല്ലുവിളി.

സ്ത്രീകളുമായുള്ള ബലപരീക്ഷണം പോലെയാണത്; കിടക്കയിലാണതിന്റെ അവസാനം.

8/9

നാറുന്നൊരു കൊടിച്ചിപ്പട്ടി, എണ്ണമറ്റ നായ്ക്കുട്ടികൾക്കു ജന്മം നല്കിയവൾ, അവിടവിടെ അളിഞ്ഞുതുടങ്ങിയവൾ, എന്നാൽ ബാല്യത്തിൽ എന്റെ എല്ലാമായിരുന്നവൾ, വിടാത്ത കൂറോടെ എന്റെ പിന്നാലെ വന്നിരുന്നവൾ,അടിച്ചോടിക്കാൻ മനസ്സു വരാതെ അടി വച്ചടിവച്ചു പിന്നാക്കം മാറുകയാണു ഞാനെന്നാൽക്കൂടി, മറിച്ചൊരു തീരുമാനം ഞാനെടുക്കുന്നില്ലെങ്കിൽ, ചുമരുകൾക്കിടയിലെ ഒരു മൂലയിലേക്ക്, ഇപ്പോഴേ എനിക്കു കണ്ണിൽ കാണാവുന്ന ഒരു മൂലയിലേക്ക്, അവളെന്നെ തള്ളിക്കയറ്റും; അവിടെ എന്റെ മേൽ, എന്റെയൊപ്പം, അവളാകെ അളിഞ്ഞുതീരും- എനിക്കിതൊരു ബഹുമതിയാണോ?- ചലമൊലിക്കുന്ന പുഴുത്ത നാവ് എന്റെ കൈവെള്ളയിലും വച്ച്.


10

ഏ . ആളാകെ ഊതിവീർപ്പിച്ചു നടക്കുകയാണ്‌; നന്മയുടെ കാര്യത്തിൽ താനേറെ മുന്നിലാണെന്നാണ്‌ അയാളുടെ വിചാരം; എന്തെന്നാൽ തനിക്കു മുമ്പു തീരെ പരിചയമില്ലാത്ത മേഖലകളിൽ നിന്നുള്ള പ്രലോഭനങ്ങളെ കാന്തശക്തിയാലെന്നപോലെ തന്നിലേക്കാകർഷിക്കാൻ തനിക്കു കഴിയുന്നുണ്ടല്ലോ. പക്ഷേ അയാളുടെ അവസ്ഥയ്ക്കുള്ള ശരിയായ വിശദീകരണം ഇതാണ്‌: ഒരു പെരുത്ത പിശാച് അയാൾക്കുള്ളിൽ കയറിപ്പറ്റിയിരിക്കുന്നു; മൂത്ത പിശാചിനെ സേവിക്കാനായി കുട്ടിപ്പിശാചുക്കളുടെ അണ മുറിയാത്തൊരു നിര വന്നുകൊണ്ടിരിക്കുകയുമാണ്‌.


11/12

ഒരാപ്പിൾ തന്നെ ഉദാഹരണമായെടുത്താൽ എത്ര വ്യത്യസ്തമായ കോണുകളിലൂടെ അതിനെ കാണാനാവും: കഷ്ടപ്പെട്ടെത്തിച്ചുനോക്കിയാലേ കുട്ടിയ്ക്ക് മേശപ്പുറത്തുള്ള ആപ്പിൾ കഷ്ടിച്ചൊന്നു കാണാനാവൂ; എന്നാൽ ഗൃഹനാഥനാവട്ടെ, വെറുതേ കൈയെത്തിച്ച് മേശയ്ക്കു മറുവശത്തിരിക്കുന്ന വിരുന്നുകാരനു കൊടുക്കുകയും ചെയ്യുന്നു.

13

നിങ്ങൾക്കു ബോധമുണ്ടായിത്തുടങ്ങി എന്നതിന്റെ പ്രാരംഭലക്ഷണമാണ്‌ മരിക്കാനുള്ള ആഗ്രഹം. ഈ ജീവിതം അസഹ്യമായി തോന്നുകയാണ്‌, മറ്റൊന്നാവട്ടെ, അപ്രാപ്യവും. മരിക്കാൻ ആഗ്രഹം തോന്നുന്നതിൽ നിങ്ങൾക്കു നാണക്കേടു തോന്നാതായിക്കഴിഞ്ഞിരിക്കുന്നു. പഴയ തടവുമുറിയിൽ നിന്ന് (നിങ്ങൾക്കതിനെ വെറുപ്പാണ്‌) പുതിയതൊന്നിലേക്ക് (നിങ്ങൾക്കതിനെ വെറുക്കാൻ പരിചയിക്കുകയും വേണം) തന്നെ മാറ്റാൻ നിങ്ങൾ യാചിക്കുകയാണ്‌. പ്രതീക്ഷയുടെ ബാക്കി കിടക്കുന്നൊരംശത്തിൽ നിങ്ങളുടെ മനസ്സു പോകുന്നുമുണ്ട്: തന്നെ മുറിയിലേക്കു മാറ്റുന്നതിനിടയിൽ ,തടവറയുടെ അധികാരി ഇടനാഴി വഴി നടന്നുവരാനിടയാവുകയും, തടവുകാരനെ നോക്കിയിട്ട് ‘ ഈയാളെ ഇനി അടച്ചിടേണ്ട; അയാൾ എന്നോടൊപ്പം പോരട്ടെ,’ എന്നാജ്ഞാപിക്കുകയും ചെയ്താലോ?

14

നിരപ്പായൊരു സ്ഥലത്തു കൂടി നടന്നു പോവുകയാണു നിങ്ങളെങ്കിൽ, മുന്നോട്ടു പോവാൻ മനസ്സു കൊണ്ടത്ര നിശ്ചയിച്ചിരിക്കുകയാണെങ്കിൽക്കൂടി പിന്നിലേക്കാണു താൻ പോകുന്നതെന്നു നിങ്ങൾക്കു ബോധ്യമാകുന്നെങ്കിൽ നിരാശപ്പെടേണ്ട കാര്യം തന്നെയത്; പക്ഷേ കുത്തനേയുള്ളൊരു കയറ്റത്തിലൂടെ പിടിച്ചുകയറുകയാണു നിങ്ങളെന്ന സ്ഥിതിയ്ക്ക്- താഴെ നിന്നു നിങ്ങളെ നോക്കുമ്പോലെ കുത്തനെയാണതും - പിന്നിലേക്കുള്ള നിങ്ങളുടെ ഇറക്കം തറനിരപ്പിന്റെ സ്വഭാവം കൊണ്ടാവാനേ വഴിയുള്ളു; അതിനാൽ നിങ്ങൾ ഹതാശനാവുകയും വേണ്ട.

15

ശരല്ക്കാലത്തെ വഴിത്താര പോലെ: അടിച്ചു വൃത്തിയാക്കിയതും കരിയിലകൾ വീണു മൂടിക്കഴിഞ്ഞു.

16

ഒരു കൂട് കിളിയെത്തേടിപ്പോയി.

17

മുമ്പു ഞാൻ എത്തിപ്പെടാത്തൊരിടമാണിവിടെ: എന്റെ ശ്വാസഗതിയ്ക്കു മറ്റൊരു പ്രകാരം, സൂര്യനെക്കാൾ വെട്ടിത്തിളങ്ങുന്നു അരികിൽ മറ്റൊരു നക്ഷത്രം.

18

കയറിച്ചെല്ലാതെ പണിയാമായിരുന്നു ബാബേൽ ഗോപുരമെങ്കിൽ അതിനനുമതിയും കിട്ടിയേനെ.

19

തിന്മയിൽ നിന്നു രഹസ്യങ്ങൾ മറച്ചുപിടിയ്ക്കാമെന്ന് അതു നിങ്ങളെ വിശ്വസിപ്പിക്കാതിരിക്കട്ടെ.

20

പുള്ളിപ്പുലികൾ ദേവാലയത്തിൽ കടന്നുകയറി ബലിപാത്രങ്ങൾ കുടിച്ചുവറ്റിയ്ക്കുന്നു; ഇതു പലതവണ ആവർത്തിക്കുമ്പോൾ പിന്നെയതു മുൻകൂട്ടി കണ്ടുപിടിക്കാമെന്നാകുന്നു; അതനുഷ്ഠാനത്തിന്റെ ഭാഗവുമാകുന്നു.

21

കല്ലെടുത്ത കൈ പോലുറച്ചത്. ആ ഉറപ്പു പക്ഷേ ഇനിയും ദൂരത്തേക്കു കല്ലെടുത്തെറിയാനാണെന്നേയുള്ളു; എന്നാൽ അത്രയും ദൂരെ ചെന്നെത്താൻ ഒരു വഴിയുമുണ്ട്.

22

നിങ്ങളാണു നിയോഗം. കണ്ണെത്തുന്നിടത്തോളമാരുമില്ല ശിഷ്യനായി.

23

തനിപ്രതിയോഗിയിൽ നിന്നു നിങ്ങളിലേക്കൊഴുകുന്നു അതിരറ്റൊരു ധൈര്യം.

24

സന്തോഷമെന്നാൽ താൻ നില്ക്കുന്ന നിലം തന്റെ രണ്ടു ചുവടുകളൂന്നുന്നിടത്തോളമേയുള്ളു എന്നറിയുക തന്നെ.

25

ആശ്രയം തേടി ലോകത്തിന്റെ കൈകളിലേക്കോടിച്ചെന്നാലല്ലാതെ അതിന്റെ സുഖങ്ങളിൽ നിങ്ങൾ ആനന്ദം കണ്ടെത്തുന്നതെങ്ങനെ?

26

ഒളിയ്ക്കാനുള്ള ഇടങ്ങൾ എണ്ണമറ്റവയാണ്‌; മോചനം ഒന്നു മാത്രവും. എന്നാൽ മോചനത്തിനുള്ള സാദ്ധ്യതകൾ ഒളിയിടങ്ങൾ പോലെതന്നെ എണ്ണമറ്റവയുമത്രെ.

28

തിന്മയ്ക്കു കുടിയിരിക്കാൻ ഒരിടം നാം കൊടുത്തുകഴിഞ്ഞാൽപ്പിന്നെ നാമതിൽ വിശ്വസിച്ചോളണമെന്നതിനു നിർബന്ധവുമില്ല.

29

തിന്മയ്ക്കു നിങ്ങളൊരിടം കൊടുക്കുമ്പോൾ അതിനു പിന്നിലെ ഗൂഢോദ്ദേശ്യം നിങ്ങളുടേതല്ല, തിന്മയുടേതു തന്നെയാണ്‌.

---

മൃഗം യജമാനന്റെ കൈയിൽ നിന്നു ചാട്ടവാർ തട്ടിപ്പറിച്ചെടുത്ത് സ്വയം പ്രഹരമേല്പിക്കുന്നു, താൻ തന്റെ തന്നെ യജമാനനാവാൻ; അതറിയുന്നില്ല, യജമാനന്റെ ചാട്ടവാറിലെ പുതിയൊരു കെട്ടു കാരണമുണ്ടായ വിഭ്രമം മാത്രമാണതെന്ന്.

32

ആകാശത്തെ തകർക്കാൻ ഒരു കാക്ക മതിയെന്ന് കാക്കകൾ സമർത്ഥിക്കുന്നു; അതിൽ തർക്കമൊന്നുമില്ല. അതു പക്ഷേ ആകാശത്തിനെതിരായ ഒരു തെളിവാണെന്നു പറയാനുമില്ല; കാരണം, ആകാശമെന്നാൽ ഇത്രേയുള്ളു: കാക്കകൾക്കപ്രാപ്യമായത്.

33

രക്തസാക്ഷികൾ ഉടലിനെ വില കുറച്ചു കാണുന്നില്ല, അവരതിനെ കുരിശിലേറ്റാൻ വിട്ടുകൊടുക്കുകയാണ്‌; അങ്ങനെ അവർ തങ്ങളുടെ പ്രതിയോഗികൾക്കൊപ്പവുമാണ്‌.

34

ഗോദയിൽ നിന്നു മടങ്ങുന്ന മല്ലന്റെ ക്ഷീണമാണയാൾക്ക്; അയാളുടെ ജോലിയോ, ഓഫീസിന്റെ ഒരു മൂല വെള്ളയടിയ്ക്കുകയും.


36

മുമ്പെനിക്കു മനസ്സിലാകാതിരുന്നത് എന്റെ ചോദ്യത്തിനു മറുപടി കിട്ടാത്തതെന്തു കൊണ്ടെന്നായിരുന്നു; ഇന്നെനിക്കു മനസ്സിലാകാത്തത് ചോദ്യം ചോദിക്കാൻ കെല്പ്പുള്ളവനാണു ഞാനെന്നു വിശ്വസിക്കാൻ എനിക്കെങ്ങനെയായി എന്നതാണ്‌. യഥാർത്ഥത്തിൽ എനിക്കു വിശ്വാസമൊന്നുമുണ്ടായിരുന്നില്ല, ഞാൻ ചോദിച്ചുവെന്നേയുള്ളു.


38

നിത്യതയുടെ പാതയിലൂടെ എത്ര ലാഘവത്തോടെയാണു താൻ നടന്നുകേറുന്നതെന്നതിശയപ്പെട്ട ഒരാളുണ്ടായിരുന്നു; അതയാൾ ഓടിയിറങ്ങുകയായിരുന്നു എന്നതാണു വാസ്തവം.


39

മഹാനായ അലക്സാണ്ടർ ചെറുപ്പകാലത്തെ തന്റെ സൈനികവിജയങ്ങളിരിക്കെത്തന്നെ, താൻ പരിശീലിപ്പിച്ചെടുത്ത സേനയുടെ മഹിമയിരിക്കെത്തന്നെ, ലോകത്തെ മാറ്റിപ്പണിയാനുള്ള അഭിവാഞ്ച്ഛ ഉള്ളിരിക്കെത്തന്നെ ഹെല്ലെസ്പോണ്ടിലെത്തി നില്ക്കുകയും, അതു കടന്നുപോകാൻ ശ്രമിക്കാതിരിക്കുകയും ചെയ്തത് ഭയം കൊണ്ടല്ല, നിശ്ചയദാർഢ്യത്തിന്റെ കുറവു കൊണ്ടല്ല, ഇച്ഛാശക്തിയുടെ ദൗർബല്യം കൊണ്ടുമല്ല, തന്റെ കാലുകൾ കഴച്ചുപോയതു കൊണ്ടുമാത്രമാണെന്നൂഹിക്കാവുന്നതേയുള്ളു.

39a

പാത അന്തമറ്റതാണ്‌; ഇവിടെ കുറുക്കുവഴികളില്ല, വളഞ്ഞ വഴികളുമില്ല; എന്നിട്ടും ബാലിശമായ മുഴക്കോലും കൊണ്ട് അതിനെ അളക്കാൻ നോക്കുകയാണു സകലരും. ‘ഇത്രയും ദൂരം കൂടി നിങ്ങൾ പോകാനുണ്ട്; അതും നിങ്ങളുടെ കണക്കിൽ പെടുത്തുന്നതാണ്‌.’

40

അന്ത്യവിധിയെ നാം ആ പേരെടുത്തു വിളിയ്ക്കുന്നത് കാലത്തെക്കുറിച്ചു നമ്മുടെ ധാരണ ആ വിധമായതുകൊണ്ടു മാത്രമാണ്‌; യഥാർത്ഥത്തിൽ നിരന്തരമായ ഒരു കേസുവിസ്താരമത്രേയത്.

43

വേട്ടനായ്ക്കൾ ഇപ്പോഴും വീട്ടുമുറ്റത്തു കളിച്ചുനടക്കുകയാണെങ്കിലും അവയുടെ ഇര രക്ഷപ്പെടാൻ പോകുന്നില്ല, അതിനി ഇപ്പോൾത്തന്നെ കാട്ടിലൂടെ അതിവേഗം പാഞ്ഞുതുടങ്ങിയിട്ടുണ്ടെങ്കിൽക്കൂടി.

44

തമാശ തോന്നിക്കുന്നതു തന്നെ, ഈ ലോകത്തിന്റെ നുകത്തിനു നിങ്ങൾ തല വച്ചു കൊടുത്ത രീതി.


45

കുതിരകളുടെ എണ്ണം കൂടുമ്പോൾ നിങ്ങളുടെ പുരോഗതിയുടെ വേഗവും കൂടുന്നു - എന്നു പറഞ്ഞാൽ, അടിസ്ഥാനത്തിൽ നിന്നു മൂലക്കല്ലിളകിപ്പോരുമെന്നല്ല, അതു നടക്കാത്ത കാര്യമാണ്‌, കടിഞ്ഞാണുകൾ പറിഞ്ഞുപോരുകയും, അതിൻ ഫലമായി ശൂന്യതയിലേക്ക് നിങ്ങൾക്കൊരുല്ലാസയാത്ര തരപ്പെടുമെന്നാണ്‌.


47

തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് അവർക്കു രാജാക്കന്മാരോ, രാജദൂതന്മാരോ ആകാമായിരുന്നു. കുട്ടികളെപ്പോലെ എല്ലാവർക്കും ദൂതന്മാരായാൽ മതി. അതുകൊണ്ടിപ്പോൾ ദൂതന്മാരെ മാത്രമേ കാണാനുള്ളു; നിരർത്ഥകമായിപ്പോയ സന്ദേശങ്ങൾ അന്യോന്യം വിളിച്ചുപറഞ്ഞ്- രാജാക്കന്മാരില്ലല്ലോ- ലോകം മുഴുവൻ ഓടിനടക്കുകയാണവർ. ഈ നശിച്ച ജീവിതം ഒന്നവസാനിപ്പിക്കാൻ ഉള്ളു കൊണ്ടെത്രയുമാഗ്രഹിക്കുന്നുണ്ടവർ; എന്നാൽ ഒരു ദൗത്യമേറ്റവരായതിനാൽ അതിനവർക്കു ധൈര്യവുമില്ല.

48

പുരോഗതിയിൽ വിശ്വസിക്കുകയെന്നാൽ പുരോഗതി എന്തെങ്കിലുമുണ്ടായി എന്നു വിശ്വസിക്കുകയല്ല. അതിനു വിശ്വാസത്തിന്റെ ആവശ്യവുമില്ല.

50

അനശ്വരമായ ഒന്ന് തന്നിൽത്തന്നെയുണ്ടെന്നുള്ള രൂഢമായ വിശ്വാസമില്ലാതെ മനുഷ്യനു ജീവിക്കാനാവില്ല, ആ അനശ്വരവസ്തുവും അതിന്മേൽ താനർപ്പിച്ചിരിക്കുന്ന വിശ്വാസവും ഒരുകാലത്തും അയാൾക്കു വെളിപ്പെട്ടുകിട്ടുകയില്ലെങ്കില്ക്കൂടി. ഈ നിത്യഗോപനത്തിനു പുറത്തേക്കു വരാനുള്ള ഒരു വഴിയാണ്‌ രൂപമെടുത്ത ദൈവത്തിലുള്ള വിശ്വാസം.

51

സർപ്പത്തിന്റെ മാദ്ധ്യസ്ഥം ഒഴിവാക്കാനാവുമായിരുന്നില്ല. തിന്മയ്ക്ക് മനുഷ്യനെ വശീകരിക്കാമെന്നേയുള്ളു, മനുഷ്യനാവാൻ പറ്റില്ലല്ലോ.

52

നിങ്ങളും ലോകവും തമ്മിലുള്ള സംഘർഷത്തിൽ ലോകത്തെ പിന്തുണയ്ക്കൂ.

53

കിട്ടേണ്ടതാർക്കും കിട്ടാതെയാക്കരുത്, ലോകത്തിനാണു വിജയമെങ്കിൽ അതു പോലും.

54

ആത്മീയമല്ലാതെ ഒരു ലോകമില്ല; ഈ ആത്മീയലോകത്തിലെ തിന്മയെയാണ്‌ നാം ഇന്ദ്രിയാനുഭവങ്ങളുടെ ലോകമെന്നു വിളിക്കുന്നത്; തിന്മയെന്നു നാം വിളിക്കുന്നതോ, നമ്മുടെ നിരന്തരവികാസത്തിലെ അനിവാര്യമായ ഒരു മുഹൂർത്തത്തെയും.

രൂക്ഷമായ വെളിച്ചം പായിച്ച് ലോകത്തെ നമുക്കില്ലാതെയാക്കാം. ദുർബലമായ കണ്ണുകൾക്കു മുന്നിൽ അതു സാന്ദ്രമാകും; അതിലും ദുർബലമായ കണ്ണുകൾക്കു മുന്നിൽ അതിനു മുഷ്ടികൾ കൈവരും, പിന്നെയും ദുർബലമായ കണ്ണുകൾക്കു അതൊന്നന്ധാളിക്കുകയും, നോക്കാൻ ധൈര്യപ്പെട്ടവന്റെ മുഖം ഇടിച്ചുപരത്തുകയും ചെയ്യും.


55

എല്ലാം കബളിപ്പിക്കലാണ്‌: അതെത്രയും കുറച്ചു വേണോ, ഇടമട്ടു മതിയോ, പരമാവധി വേണോ എന്നേ നിശ്ചയിക്കാനുള്ളു. ആദ്യത്തേതിൽ, സ്വായത്തമാക്കാൻ എത്രയും എളുപ്പമാക്കുക വഴി നാം നന്മയെ കബളിപ്പിക്കുന്നു, പ്രതികൂലമായ നിബന്ധനകൾ അടിച്ചേല്പ്പിച്ച് തിന്മയെയും നാം കബളിപ്പിക്കുന്നു. രണ്ടാമത്തേതിൽ ഭൗതികമായ ഒരർത്ഥത്തിൽപ്പോലും നന്മയെ സ്വായത്തമാക്കാൻ ശ്രമിക്കാതെ നാമതിനെ കബളിപ്പിക്കുകയാണ്‌. ഒടുവിലത്തേതിലാകട്ടെ, നന്മയെ നാം കബളിപ്പിക്കുന്നത് അതിൽ നിന്നെത്രയുമകലം പാലിക്കാനാവുമെന്നു നോക്കിയിട്ടാണ്‌; പരമാവധി പെരുപ്പിച്ചുകാട്ടിയാൽ അതിന്റെ ശക്തി കുറയ്ക്കാമെന്ന വിശ്വാസത്താൽ തിന്മയെയും. ഇങ്ങനെ നോക്കുമ്പോൾ രണ്ടാമത്തേതാണു മെച്ചമെന്നു തോന്നുന്നു: എന്തായാലും നന്മയെ നിങ്ങൾ കബളിപ്പിക്കുക തന്നെ ചെയ്യും; ഇവിടെ തിന്മ അങ്ങനെ കബളിപ്പിക്കപ്പെടുന്നില്ല, അതൊരു തോന്നലാണെങ്കിൽക്കൂടി.

56

ചില ചോദ്യങ്ങളുണ്ട്, സ്വന്തം പ്രകൃതം കൊണ്ട് അവയിൽ നിന്നു മോചനം നേടാനായില്ലെങ്കിൽപ്പിന്നെ നമ്മെ വിട്ടുപിരിയാത്തവ.

58

ഒരാൾ ഏറ്റവും കുറവു കള്ളങ്ങൾ പറയുന്നത് അയാൾ ഏറ്റവും കുറച്ചു കള്ളങ്ങൾ പറയുമ്പോൾ മാത്രമാണ്‌, അല്ലാതെ അതിനുള്ള അവസരങ്ങൾ ഏറ്റവും കുറവായിരിക്കുമ്പോഴല്ല.

59

ആളുകൾ ചവിട്ടിക്കയറി കുഴിഞ്ഞുപോകാത്തൊരു കോണിപ്പടി, അതിന്റെ കണ്ണിലൂടെ നോക്കുമ്പോൾ, തടി കൊണ്ടു തട്ടിക്കൂട്ടിയെടുത്ത ഒരുരുപ്പടി മാത്രമാണ്‌.

60

ലോകത്തെ പരിത്യജിക്കുന്നതാരായാലും അവർ മനുഷ്യരെ സ്നേഹിക്കുക കൂടി വേണം, എന്തെന്നാൽ അയാൾ പരിത്യജിക്കുന്നത് അവരുടെ ലോകത്തെ കൂടിയാണ്‌. മനുഷ്യസ്വഭാവത്തിന്റെ യഥാർത്ഥരൂപം ഇന്നതാണെന്ന് ഒരേകദേശധാരണ അങ്ങനെ അയാൾക്കു കിട്ടിത്തുടങ്ങുകയും ചെയ്യുന്നു; അതിനെ സ്നേഹിക്കാതിരിക്കാനാവില്ല, നിങ്ങൾ അതിനർഹനാണെങ്കിൽ.

61

ഈ ലോകത്തു തന്റെ അയൽക്കാരനെ സ്നേഹിക്കുന്ന ഒരാൾ ചെയ്യുന്നതു തെറ്റാണെങ്കിൽ, ഈ ലോകത്തു തന്നെത്തന്നെ സ്നേഹിക്കുന്ന ഒരാളുടെ തെറ്റിനേക്കാൾ കൂടുതലുമല്ല, കുറവുമല്ലത്. ആദ്യത്തേതു സാദ്ധ്യമാണോയെന്ന ചോദ്യമേ ശേഷിക്കുന്നുള്ളു.


62

ആത്മീയമല്ലാതൊരു ലോകമില്ല എന്ന വസ്തുത നമ്മുടെ പ്രത്യാശയെ കവരുന്നു, നമുക്കു തീർച്ചയും നല്കുന്നു.


63

സത്യത്തിനു മുന്നിലെ കണ്ണുമഞ്ഞളിച്ചുനില്ക്കലാണ്‌ നമ്മുടെ കല: ഞെട്ടിപ്പിന്മാറുന്ന വികൃതമുഖത്തു വീഴുന്ന വെളിച്ചം മാത്രം സത്യം - മറ്റൊന്നുമതല്ല.


66

ഈ ലോകത്തെ സ്വതന്ത്രനും സുരക്ഷിതനുമായ ഒരു പൗരനാണയാൾ; എന്തെന്നാൽ ഭൂമിയുടെ ഏതൊരു കോണിലുമെത്താവുന്ന വിധം നീളമുള്ളതും, എന്നാൽ ഭൂമിയുടെ അതിരുകൾ വിട്ടുപോകാൻ പാകത്തിനു നീളമില്ലാത്തതുമായ ഒരു ചങ്ങല കൊണ്ടു ബന്ധിച്ചിരിക്കുകയാണയാളെ. അതേ സമയം, സ്വർഗ്ഗത്തിലെ സ്വതന്ത്രനും സുരക്ഷിതനുമായ ഒരു പൗരനുമാണയാൾ; കാരണം, മേൽപ്പറഞ്ഞ കണക്കിനുള്ള ഒരു സ്വർഗ്ഗീയച്ചങ്ങല കൊണ്ടും അയാളെ ബന്ധിച്ചിരിക്കുകയാണല്ലോ. അതിനാൽ ഭൂമിയിലേക്കിറങ്ങാൻ അയാൾക്കൊന്നു തോന്നിയാൽ സ്വർഗ്ഗത്തെ തുടൽ അയാളുടെ കഴുത്തു മുറുക്കും; സ്വർഗ്ഗത്തേക്കുയരാൻ നോക്കിയാൽ ഭൂമിയിലെ ചങ്ങലയും വിടില്ല. എന്നാലെന്താ, സാദ്ധ്യതകളെല്ലാം അയാൾക്കുള്ളതാണല്ലോ; അതയാൾക്കറിയുകയും ചെയ്യാം; ആദിയിൽ തന്നെ ചങ്ങലയ്ക്കിട്ട രീതിയിൽ ഒരു പിശകുണ്ടായതാണ്‌ ഇങ്ങനെയൊക്കെ വരാൻ കാരണമായതെന്നു സമ്മതിക്കാനും അയാളൊരുക്കമല്ല എന്നതാണു പരമാർത്ഥം.

67

മഞ്ഞുപാളിയിൽ തെന്നിയോടാൻ പരിശീലിക്കുന്ന തുടക്കക്കാരനെപ്പോലെയാണ്‌ അയാൾ വസ്തുതകളുടെ പിന്നാലെ പായുന്നത്; അപകടസാദ്ധ്യതയേറിയതും, അതിനാൽ വിലക്കുള്ളതുമായ ഒരു ഭാഗത്താണ്‌ അയാളുടെ അഭ്യാസം എന്നതുമുണ്ട്.

68

ഒരു കുടുംബദൈവത്തിലുള്ള വിശ്വാസത്തിനെക്കാൾ മനസ്സിനു പ്രസരിപ്പു നല്കാൻ മറ്റെന്തിനാവും!

69

സൗഭാഗ്യത്തിനുള്ള സാദ്ധ്യത സിദ്ധാന്തത്തിന്റെ തലത്തിലുണ്ട്: തന്നിൽത്തന്നെയുള്ള അനശ്വരഘടകത്തിൽ വിശ്വാസമുണ്ടാവുക, അതിനെ പ്രാപിക്കാനായി ഒരു യത്നവും നടത്താതിരിക്കുക.


73

സ്വന്തം തീന്മേശയിൽ നിന്നു വീഴുന്ന ഉച്ഛിഷ്ടങ്ങൾ പെറുക്കിത്തിന്നുകയാണയാൾ; തന്മൂലം മറ്റുള്ളവരെക്കാൾ തൃപ്തനാണു താനെന്ന് അല്പനേരത്തേക്കെങ്കിലും അയാൾക്കു തോന്നലുണ്ടാവുന്നുമുണ്ട്; പക്ഷേ മേശപ്പുറത്തു വച്ചു കഴിക്കുന്ന രീതിയും അയാൾ മറന്നുപോകുന്നു; അതിനാല്പിന്നെ ഉച്ഛിഷ്ടങ്ങളും ഇല്ലാതെയാവുന്നു.


74

പറുദീസയിൽ വച്ചു നശിച്ചത് നശിക്കുന്ന ഒന്നാണെങ്കിൽ നിർണ്ണായകമെന്ന് അതിനെ പറയുക വയ്യ; ഇനിയഥവാ, നാശമില്ലാത്ത ഒന്നായിരുന്നു അതെങ്കിൽ നാമിപ്പോൾ ജീവിക്കുന്നത് ഒരു കപടവിശ്വാസത്തിലുമാണ്‌.


76

പെട്ടെന്നൊരു തിരിച്ചിടൽ. ജാഗ്രതയോടെ, ഭീതിയോടെ, പ്രത്യാശയോടെ ചോദ്യത്തിനു ചുറ്റും കറങ്ങിനടക്കുകയാണ്‌ ഉത്തരം, വെട്ടിത്തിരിച്ച മുഖത്തേക്ക് ആശ കൈവിട്ടും ഉറ്റുനോക്കുകയാണത്, അതിന്റെ വിഷമയാത്രകളിൽ പിന്നാലെ ചെല്ലുകയാണത്- എന്നു പറഞ്ഞാൽ ഉത്തരവുമായി ഒരു ബന്ധവുമില്ലാത്ത വഴികളിലൂടെ.

77

മനുഷ്യസമ്പർക്കം ആത്മനിരീക്ഷണത്തിനു പ്രേരകമാവുന്നു.

78

ആശ്രയമാവാതാവുമ്പോഴേ മനുഷ്യാത്മാവു സ്വതന്ത്രമാവുന്നുള്ളു.

80

സത്യം അവിഭാജമാണ്‌, അതിനാൽ അതിനു സ്വയം കണ്ടറിയലുമില്ല; കണ്ടറിഞ്ഞു എന്നവകാശപ്പെട്ടു വരുന്നത് അസത്യം തന്നെയുമായിരിക്കും.

82

ആദിപാപത്തെക്കുറിച്ചു പരാതിയും പറഞ്ഞുകൊണ്ടിരിക്കുന്നതെന്തിനാണു നാം? പറുദീസയിൽ നിന്നു നമ്മെ പുറത്താക്കിയത് അതുകൊണ്ടല്ല, ജീവന്റെ വൃക്ഷം കാരണമാണ്‌, നാമതിന്റെ കനി തിന്നരുതെന്നു വച്ചിട്ടാണ്‌.

83

നാം പാപികളായിരിക്കുന്നത് നാം അറിവിന്റെ കന്നി തിന്നുവെന്നതിനാൽത്തന്നെയല്ല, നാമിനിയും ജീവന്റെ കനി തിന്നിട്ടില്ല എന്നതിനാൽക്കൂടിയത്രെ; അപരാധമേതുമാവട്ടെ, പാപികളുടേതാണ്‌ നമ്മുടെ അവസ്ഥ.


84

നമ്മെ സൃഷ്ടിച്ചത് പറുദീസയിൽ ജീവിതം കഴിക്കാൻ; പറുദീസ നിയുക്തമായത് നമുക്കുപകാരപ്പെടാനും. നമ്മുടെ നിയോഗം മാറിപ്പോയിരിക്കുന്നു; പറുദീസയുടെ കാര്യത്തിലും അങ്ങനെ സംഭവിച്ചോയെന്ന് എവിടെയും പറയപ്പെട്ടിട്ടുമില്ല.


88/89


മരണം നമ്മുടെ മുന്നിലുണ്ട്‌, ക്ലാസ്സുമുറിയുടെ ചുമരിൽ തൂക്കിയിട്ടിരിക്കുന്ന ചിത്രത്തിലെ അലക്സാണ്ടറുടെ യുദ്ധം പോലെ. നാം ചെയ്യാനുള്ളത്‌ നമ്മുടെ ജീവിതകാലത്തിനിടയിൽത്തന്നെ നമ്മുടെ പ്രവൃത്തികൾ കൊണ്ട്‌ ആ ചിത്രത്തെ അവ്യക്തമാക്കുക എന്നതാണ്‌, കഴിയുമെങ്കിൽ മായ്ച്ചുകളയുക എന്നതാണ്‌.


94

ജീവിതം തുടങ്ങും മുമ്പേ രണ്ടു കരുതലുകളെടുക്കേണ്ടതുണ്ട്‌: സ്വന്തം ഭ്രമണപഥത്തിന്റെ വ്യാപ്തി ചുരുക്കിക്കൊണ്ടു വരിക, പിന്നെ അതിനു പുറത്തെവിടെയെങ്കിലും ഒളിച്ചിരിക്കുകയല്ല നിങ്ങളെന്ന് നിരന്തരം ഉറപ്പു വരുത്തുക.

95

തിന്മ ചിലനേരം അറിഞ്ഞോ അറിയാതെയോ നിങ്ങൾ കൈയിലെടുത്ത ഒരു പണിയായുധം പോലെയാണ്‌; ഇച്ഛാശക്തിയുണ്ടെങ്കിൽ എതിർപ്പില്ലാതെ നിങ്ങൾക്കതു താഴെ വയ്ക്കാവുന്നതേയുള്ളു.

96

ഈ ജീവിതത്തിലെ ആനന്ദങ്ങൾ അതിന്റെ ആനന്ദങ്ങളല്ല, അതിലുമുയർന്നൊരു ജീവിതത്തിലേക്കു കയറുന്നതിൽ നമുക്കുള്ള ഭയമാണ്‌; ഈ ജീവിതത്തിലെ യാതനകൾ അതിന്റേതല്ല, ആ ഭയത്തെ പ്രതി നമ്മുടെ ആത്മപീഡനവുമാണ്‌.

97

യാതന യാതനയായിരിക്കുന്നത്‌ ഇവിടെ മാത്രമേയുള്ളു. ഇവിടെ യാതനപ്പെടുന്നവർ ആ യാതനയുടെ പേരിൽ മറ്റൊരു ലോകത്തു മഹത്ത്വപ്പെടുമെന്ന അർത്ഥത്തിലല്ല;

101

പാപത്തിന്റെ വരവ്‌ മറയില്ലാതെയാണ്‌; ഇന്ദ്രിയങ്ങൾ അതു വേഗം വേഗം പിടിച്ചെടുത്തോളും. പിഴുതെടുക്കേണ്ടതില്ല, വേരും പറിച്ചെടുത്താണ്‌ അതിന്റെ സഞ്ചാരം.

103

ലോകത്തിന്റെ യാതനകളിൽ നിന്നു പിൻവലിയാൻ നിങ്ങൾക്കു കഴിഞ്ഞെന്നു വരാം; നിങ്ങൾക്കു വരുതി കിട്ടിയതും നിങ്ങളുടെ പ്രകൃതത്തിനു ചേർന്നതും അതു മാത്രമാണെന്നും വരാം; നിങ്ങൾക്കൊഴിവാക്കാൻ കഴിയുന്ന ഒരേയൊരു യാതന ആ പിൻവലിയലാണെന്നും വരാം.

109

നിങ്ങൾ വീടു വിട്ടിറങ്ങണെമെന്നു പോലുമില്ല. മേശയക്കരികിൽ ശ്രദ്ധിച്ചിരുന്നാൽ മതി. ശ്രദ്ധിക്കണമെന്നുമില്ല, കാത്തിരുന്നാൽത്തന്നെ മതി. അതും വേണമെന്നില്ല, ഒറ്റയ്ക്ക്‌ അനക്കമറ്റിരുന്നാൽ മതി. ലോകം സ്വമേധയാ നിങ്ങളുടെ സവിധത്തിലെത്തിക്കോളും, നിങ്ങൾക്കു മുന്നിൽ അനാവൃതമാവാൻ; മറ്റൊന്നും അതിനു ചെയ്യാനില്ല; ആനന്ദമൂർച്ഛയിൽ അതു നിങ്ങളുടെ കാൽച്ചുവട്ടിൽ കിടന്നു പുളയും.

2026 ജനുവരി 26, തിങ്കളാഴ്‌ച

കിശ്വർ നഹീദ് - ഞാൻ പറയുന്നതു കേൾക്കൂ



ഞാൻ പറയുന്നതു കേൾക്കൂ:
നിങ്ങൾക്കു സംസാരിക്കണമെന്നാണെങ്കിൽ
അതിനുള്ള ശിക്ഷ മരണമാണ്‌;
നിങ്ങൾക്കു ശ്വാസം വിടണമെന്നാണെങ്കിൽ
നിങ്ങളുടെയിടം തടവറയാണ്‌;
നിങ്ങൾക്കു നടക്കണമെന്നാണെങ്കിൽ
കാലു മുറിച്ചു കൈയ്യിലെടുക്കുക;
നിങ്ങൾക്കു ചിരിക്കണമെന്നാണെങ്കിൽ
തലകീഴായി മരത്തിൽ തൂങ്ങിക്കിടക്കുക;
നിങ്ങൾക്കു ചിന്തിക്കണമെന്നാണെങ്കിൽ
എല്ലാ വാതിലും കൊട്ടിയടച്ചിട്ട്‌
താക്കോൽ ദൂരെയെറിയുക;
നിങ്ങൾക്കു കരയണമെന്നാണെങ്കിൽ
ആറ്റിൽപ്പോയി മുങ്ങുക;
നിങ്ങൾക്കു ജീവിക്കണമെന്നാണെങ്കിൽ
സ്വപ്നങ്ങളുടെ ഗുഹയിലെ മാറാലയാവുക;
നിങ്ങൾക്കു സർവ്വതും മറക്കണമെന്നാണെങ്കിൽ
ഒരുനിമിഷം നിൽക്കുക;
എന്നിട്ടോർത്തെടുക്കാൻ നോക്കുക,
നിങ്ങൾ ആദ്യം പഠിച്ച വാക്ക്‌.
*

1940ൽ ജനിച്ച പാകിസ്ഥാനികവിയും ഫെമിനിസ്റ്റുമാണ്‌ കിശ്വർ നഹീദ്.

ഹെയ്ൻറിക് ഹെയ്ന - കവിതകൾ

അങ്ങവിടെ...



അങ്ങവിടെ, നക്ഷത്രങ്ങൾ തിളങ്ങുമവിടെ,
അവിടെ വേണം നാമാനന്ദങ്ങൾ കണ്ടെടുക്കാൻ,
ഇങ്ങു താഴെ നമുക്കു നിഷേധിക്കപ്പെട്ടതെല്ലാം.

മരണത്തിന്റെ തണുത്ത കൈകൾക്കുള്ളിൽ വേണം,
ജീവിതത്തിനാദ്യമായിട്ടൂഷ്മളതയറിയാൻ-
പകലിന്റെ വെളിച്ചത്തിലേക്കു രാത്രിക്കു വളരാനും.
*

ശംഖ ഘോഷ് - കവിതകൾ



മത്തൻ
-------------

അല്പം കൂടിയവനെ 
മത്തുപിടിപ്പിക്കൂ, ദൈവമേ,
അല്ലെങ്കിലീ ലോകം
താങ്ങാനാവില്ലവന്‌!

ഇപ്പോഴും ചെറുപ്പമാണവൻ, ദൈവമേ!
ഇനിയവനെ വൃദ്ധനാക്കിയാലും-
അല്ലെങ്കിലീ ലോകം
താങ്ങുകയില്ലവനെ!
*

ആൾക്കൂട്ടങ്ങൾ
--------------------------

‘ഹേയ്, ഒന്നുകൂടി ചെറുതാകൂ, എങ്കിൽ തനിക്കു രക്ഷപ്പെടാം.’
‘ഹേയ്, ഒന്നുകൂടി മെലിയൂ, എങ്കിൽ തനിക്കു രക്ഷപ്പെടാം.’
‘തനിക്കു കണ്ണില്ലേ? താൻ കാണുന്നില്ലേ?’
‘ചെറുതാകൂ, മെലിയൂ...’

എത്ര ചെറുതാകണം ഞാൻ, തമ്പുരാനേ,
ഒരാൾക്കൂട്ടത്തിനിടയിൽ നില്ക്കുമ്പോൾ!
എന്നിലെ എനിക്കൊപ്പമെങ്കിലുമെത്തുമോ ഞാൻ,
പൊതുവിടത്തിൽ, അങ്ങാടിയിൽ, സ്വകാര്യത്തിലും?


ബംഗാളി കവിയും അക്കാഡമിക്കുമായ ശംഖ ഘോഷ് (1932-2021) പ്രമുഖനായ ടാഗോർപണ്ഡിതനുമാണ്‌.

ലി ബായ് - കവിതകൾ

 

സൗഹൃദം
-----------------


നീ കാണുന്നില്ലേ,
ആകാശത്തു നിന്നൊഴുകുന്ന മഞ്ഞനദിയെ?
എത്ര വേഗമാണതു കടലിലേക്കൊഴുകുന്നതും
എന്നെന്നേക്കുമായൊഴിയുന്നതും!

നീ കാണുന്നില്ലേ,
നരച്ച മുടിയുടെ ദുഃഖം പ്രതിഫലിക്കുന്ന കണ്ണാടിയെ?
രാവിലെയതു മിനുസമായ കരിമ്പട്ടുപോലെ,
രാത്രിയിലതിൽ പൊടിമഞ്ഞു നിറയുന്നു.

നമുക്കിതു മോന്താം,
ആനന്ദിക്കാനുള്ള മനസ്സാണു നമുക്കെന്നിരിക്കെ!
ഈ ചഷകത്തെ നാമേകാകിയാക്കാതിരിക്കുക!
ഈ ചന്ദ്രനെ നാം പാഴാക്കിക്കളയാതിരിക്കുക!
*

Li Bai / Li Po (701-762) ചൈനീസ് സാഹിത്യത്തിലെ ഏറ്റവും പ്രശസ്തനായ കവിയാണ്‌

2026 ജനുവരി 13, ചൊവ്വാഴ്ച

എമിൽ ചൊറാൻ -കണ്ണീരും വിശുദ്ധരും

 

1

കണ്ണീരിന്റെ ഉല്പത്തിയെക്കുറിച്ചന്വേഷിക്കവെ ഞാൻ വിശുദ്ധന്മാരെക്കുറിച്ചോർത്തു. അവരായിരിക്കുമോ, കണ്ണീരിന്റെ മൂലം? ആർക്കറിയാം? അതിൽ അവരുടെ അംശമുണ്ടെന്നതിൽ സംശയിക്കാനില്ല. ഈ ലോകത്തേക്ക് കണ്ണീരു കടന്നുവന്നത് വിശുദ്ധന്മാരിലൂടെയല്ല; എന്നാൽ അവരില്ലാതെ നാമറിയുമായിരുന്നില്ല, ഒരു നഷ്ടസ്വർഗ്ഗത്തിനു ദാഹിച്ചാണ്‌ നാം കരയുന്നതെന്ന്. ഭൂമി നക്കിക്കുടിച്ച ഒരു കണ്ണീർത്തുള്ളി എനിക്കു കാണിച്ചുതരൂ! ഇല്ല; നമുക്കജ്ഞാതമായ പാതകളിലൂടെ അവ മുകളിലേക്കു പോവുകയാണ്‌. കണ്ണീരിനു മുമ്പേ വേദനയുണ്ട്. വിശുദ്ധന്മാർ പക്ഷേ, കണ്ണീരിനു പ്രാധാന്യം കൊടുക്കുകയായിരുന്നു.

വിശുദ്ധന്മാരെ അറിയാൻ കഴിയില്ല. നമ്മുടെ ആഴങ്ങളിലുള്ള കണ്ണീരിനെ ഉണർത്തി, അതിലൂടെ അറിയുമ്പോൾ മാത്രമേ നമുക്കു മനസ്സിലാക്കാൻ കഴിയുകയുള്ളു, ഒരാൾക്കെങ്ങനെയാണ്‌ മനുഷ്യത്വം ത്യജിക്കാൻ കഴിയുകയെന്ന്.

വിശുദ്ധത്വം മാത്രമെടുത്താൽ അതിൽ താല്പര്യം തോന്നാൻ ഒന്നുമില്ല. വിശുദ്ധന്മാരുടെ ജീവിതമാണ്‌ താല്പര്യജനകം. എങ്ങനെയാണൊരാൾ തന്നെത്തന്നെ പരിത്യജിച്ചിട്ട് വിശുദ്ധപദവിയിലേക്കുള്ള പാതയിലേക്കിറങ്ങുന്നത്? എങ്ങനെയാണൊരാൾ വിശുദ്ധരുടെ ജീവചരിത്രകാരനാവുക? അവരുടെ കാല്പാടുകൾ പിന്തുടർന്നുകൊണ്ട്, സ്വന്തം കാലടികൾ അവരുടെ കണ്ണീരിൽ നനച്ചുകൊണ്ട്!

2

ജലാലുദ്ദീൻ റൂമി: “പറുദീസയുടെ കവാടം തുറക്കുന്ന ശബ്ദമാണ്‌ വീണയുടെ നാദം.“

എങ്കിൽ ഒരു മാലാഖയുടെ ദീർഘനിശ്വാസത്തെ ഏതെന്നിനോടു നാം ഉപമിക്കും?

3

”ആകാശമെനിക്കു മേലായിരിക്കെ എനിക്കിനി ജീവിക്കാനാവില്ല,“ എന്നു വിലപിച്ച റിൽക്കെയുടെ അന്ധയായ സ്ത്രീയോടു നാം എന്തു പറയും? നമ്മുടെ കാലടികൾക്കു കീഴെ ഭൂമിയുമായി നമുക്കിനി ജീവിക്കാൻ കഴിയില്ല എന്നു പറഞ്ഞാൽ അവരെ അതാശ്വസിപ്പിക്കുമോ?

4

പല വിശുദ്ധരും- പുണ്യവതികളായ സ്ത്രീകൾ വിശേഷിച്ചും- യേശുവിന്റെ ഹൃദയത്തിൽ തല ചായ്ക്കാൻ തങ്ങൾക്കുണ്ടായ ഒരഭിലാഷത്തെക്കുറിച്ചു കുമ്പസരിച്ചിട്ടുണ്ട്. അവരുടെയെല്ലാം ആഗ്രഹം സഫലമാവുകയും ചെയ്തു. നമ്മുടെ രക്ഷകന്റെ ഹൃദയം രണ്ടായിരം കൊല്ലമായി മിടിച്ചുകൊണ്ടേയിരിക്കുന്നത് എന്തുകൊണ്ടാണെന്ന് ഇപ്പോൾ എനിക്കു മനസ്സിലായിരിക്കുന്നു. എന്റെ കർത്താവേ! വിശുദ്ധരുടെ രക്തം കൊണ്ട് നീ നിന്റെ ഹൃദയത്തെ ഊട്ടി, അവരുടെ നെറ്റിയിലെ വിയർപ്പിൽ നീയതിനെ കുളിപ്പിക്കുകയും ചെയ്തു!

തന്റെ പ്രതിശ്രുതവരനായി യേശു സ്വയം വെളിപ്പെടുത്തിയ ദിവസം മഠത്തിന്റെ മുറ്റത്തേക്കിറങ്ങിയോടിയ തെരേസാപുണ്യവതിയെ നാമെങ്ങനെ സ്നേഹിക്കാതിരിക്കും? തന്റെ ഉന്മത്താനന്ദത്തിൽ പങ്കു ചേരാൻ കന്യാസ്ത്രീകളെ ക്ഷണിച്ചുകൊണ്ട് ഒരു ചെണ്ടയുമടിച്ചു നൃത്തം ചെയ്യാൻ തുടങ്ങിയല്ലോ അവർ!

ആറു വയസ്സുള്ളപ്പോൾ തെരേസ ‘വിശുദ്ധരുടെ ജീവിതം’ വായിച്ചു; “നിത്യത! നിത്യത!” എന്നുദ്ഘോഷിച്ചുകൊണ്ട് അവളുടെ ഹൃദയം അതിനു പ്രതികരിച്ചു. അന്നാണ്‌ തന്റെ ജീവൻ തന്നെ അപകടത്തിലാക്കിക്കൊണ്ട് അറബികളെ മാനസാന്തരപ്പെടുത്താൻ അവൾ തീരുമാനിച്ചത്. തന്റെ അഭിലാഷം സഫലമാക്കാൻ കഴിഞ്ഞില്ലെങ്കിലും വിശ്വാസതീവ്രതയ്ക്ക് ഒരു കുറവുമുണ്ടായില്ല. തെരേസയുടെ ആത്മാവിലെ അഗ്നി ഇന്നുമണഞ്ഞിട്ടില്ല; അതിന്റെ ചൂടിലാണല്ലോ നാമിന്നും ജീവിക്കുന്നത്.

*

5

വിശുദ്ധരുടെ കണ്ണീരിൽ മാത്രം എന്റെ മുഖം പ്രതിഫലിക്കുന്നിടത്തോളം നിർമ്മലനാകുമോ എന്നെങ്കിലും ഞാൻ?

6

സംഗീതത്തിലൂടെയും നൃത്തത്തിലൂടെയും ദൈവത്തിലേക്കിത്ര വഴികൾ വെട്ടിയ മറ്റൊരാളുണ്ടാവില്ല, ജലാലുദ്ദീൻ റൂമിയെപ്പോലെ; ആരാധകർ പണ്ടേ വാഴ്ത്തപ്പെട്ടവനാക്കിയ വിശുദ്ധൻ. അജ്ഞാതതീർത്ഥാടകനും നിരക്ഷരജ്ഞാനിയുമായ ഷംസുദ്ദീനുമായുള്ള അദ്ദേഹത്തിന്റെ സമാഗമം ഒരസാധാരണചാരുത നിറഞ്ഞതാണ്‌. തമ്മിൽ കണ്ടതിനു ശേഷം മൂന്നുമാസം അവർ റൂമിയുടെ കോണ്യയിലുള്ള വസതിയിൽ അടച്ചിരുപ്പായിരുന്നു; അക്കാലത്ത് ഒരു നിമിഷം പോലും അവർ അവിടെ നിന്നു പുറത്തിറങ്ങിയിട്ടില്ലത്രെ. പറയേണ്ടതെല്ലാം അവിടെ വച്ചു പറയപ്പെട്ടു എന്ന് ഉള്ളിൽ നിന്നു വരുന്ന ഒരുതരം തീർച്ചയോടെ എനിക്കിപ്പോൾ തോന്നുന്നു.

അക്കാലത്ത് ആളുകൾ തങ്ങളുടെ രഹസ്യങ്ങൾ പുറത്തു പറഞ്ഞിരുന്നില്ല. ഏതു നേരത്തെന്നില്ലാതെ എപ്പോഴും നിങ്ങൾക്കു ദൈവത്തോടു സംസാരിക്കാമായിരുന്നു, അവൻ നിങ്ങളുടെ നെടുവീർപ്പുകൾ തന്റെ ശൂന്യതയിൽ അടക്കം ചെയ്യുകയും ചെയ്യുമായിരുന്നു. ഇന്നു നാം സാന്ത്വനമറ്റവരായിരിക്കുന്നു, കാരണം, നമുക്കു തുറന്നു പറയാൻ ഒരാളുമില്ല. സ്വന്തം ഏകാന്തത നശ്വരരായ മനുഷ്യരോടു കുമ്പസാരിക്കേണ്ടവരായി ചുരുങ്ങിപ്പോയിരിക്കുന്നു നാം. ഈ ലോകം ഒരിക്കൽ ദൈവത്തിൽ ജീവിച്ചതായിരിക്കണം. ചരിത്രം രണ്ടായി സ്വയം വിഭജിക്കുന്നു: ദൈവത്വത്തിന്റെ സജീവമായ ശൂന്യതയിലേക്കു തങ്ങൾ വലിച്ചടുപ്പിക്കപ്പെടുന്നതായി മനുഷ്യർക്കു തോന്നിയിരുന്ന ഒരു മുൻകാലം; ലോകത്തിന്റെ ശൂന്യതയിൽ നിന്നു ദൈവചേതന വാർന്നുപോയ ഇക്കാലം.

7

സംഗീതമെന്നെ ദൈവത്തിനു മുന്നിൽ കൂടുതൽ ധീരനാക്കുന്നു. പൗരസ്ത്യരായ മിസ്റ്റിക്കുകളിൽ നിന്നു ഞാൻ വ്യത്യസ്തനാകുന്നത് ഇങ്ങനെയാണ്‌.

8

അന്ത്യവിധിയുടെ നാളിൽ കണ്ണീരു മാത്രമേ തൂക്കിനോക്കുകയുള്ളു.

9

യേശുവിന്റെ ഹൃദയം ക്രിസ്ത്യാനികളുടെ തലയിണയായിരുന്നു. അതിൽ തല ചായ്ക്കാൻ മോഹിച്ചിരുന്ന ആ മിസ്റ്റിക്കുകളെ എനിക്കു മനസ്സിലാകും! എന്നാൽ ആ ഹൃദയത്തിന്റെ നിഴലിനപ്പുറത്തേക്ക് എന്റെ സംശയങ്ങൾ എന്നെ കൊണ്ടുപോകുന്നില്ല.

ഹൃദയമാണ്‌ വിശുദ്ധത്വത്തിന്റെ ലോകമെന്നറിയാത്ത ഒരാൾ വിശുദ്ധപദവിയെ യഥാർത്ഥമായി മനസ്സിലാക്കുന്നില്ല. ഹൃദയം പ്രപഞ്ചമാവുക- വിശുദ്ധത്വത്തിന്റെ സാരാർത്ഥം അതാണ്‌. സർവ്വതും സംഭവിക്കുന്നത് ഹൃദയത്തിലാണ്‌: അതാണ്‌ വിശുദ്ധത്വവും മിസ്റ്റിസിസവും. എന്നാൽ അതിനർത്ഥം മനുഷ്യരുടെ ഹൃദയങ്ങൾ എന്നുമല്ല, വിശുദ്ധരുടെ ഹൃദയങ്ങൾ മാത്രം.

10

കണ്ണുകൾ കാണുന്നില്ല. തന്റെ ഹൃദയത്തിലൂടെയേ താൻ കാണുന്നുള്ളു എന്ന് എമ്മെറിക്കിലെ കാതറൈൻ പറഞ്ഞപ്പോൾ അവർക്കു തെറ്റിയില്ല. വിശുദ്ധരുടെ കാഴ്ച അമ്മട്ടിലാണ്‌. ഇന്ദ്രിയങ്ങളിലൂടെ മാത്രം കാണുന്ന നമ്മെക്കാൾ കൂടുതലായി അവർ കാണാതിരിക്കുന്നതെങ്ങനെ? കണ്ണിന്‌ പരിമിതമായ ഒരു മണ്ഡലമേയുള്ളു; പുറത്തു നിന്നാണതു കാണുന്നതെപ്പോഴും. എന്നാൽ ലോകം നിങ്ങളുടെ ഹൃദയത്തിലാണെങ്കിൽ ഉള്ളിലേക്കു നോക്കുകയല്ലാതെ വഴിയില്ല. ഹൃദയത്തിന്റെ ദൃശ്യമണ്ഡലം= ദൈവം+ലോകം+ശൂന്യത. എന്നുപറഞ്ഞാൽ സർവ്വതും.

യേശുവും അവന്റെ ഹൃദയവുമല്ലാതെ ലോകത്തിന്റെ സൗന്ദര്യമോ വിശുദ്ധരോ തനിക്കു സാന്ത്വനമാകുന്നില്ലെന്ന് മാഗ്ഡിബർഗ്ഗിലെ മെഹ്ത്തിൽഡ് വിലപിക്കുമ്പോൾ എനിക്കതു മനസ്സിലാകും. മിസ്റ്റിക്കുകൾക്കോ വിശുദ്ധർക്കോ കണ്ണിന്റെ ആവശ്യമില്ല; അവർ ലോകത്തെ നോക്കുന്നില്ല. തങ്ങളുടെ ഹൃദയമാണ്‌ അവർക്കു കണ്ണ്‌.

*

11

വിശുദ്ധർക്കൊപ്പം ജീവിക്കുന്നത്, സംഗീതത്തിനോ പുസ്തകങ്ങൾക്കോ ഒപ്പം ജീവിക്കുന്നപോലെ, നമ്മുടെ മനുഷ്യത്വം ഊറ്റിക്കളയുന്നു. നമ്മുടെ വാസനകൾ മറ്റൊരു ലോകത്തെ സേവിക്കാൻ തുടങ്ങുന്നു. വിശുദ്ധത്വത്തെ എത്രത്തോളം നാം ചെറുത്തുനില്ക്കുന്നുവോ, അത്രത്തോളമത് നമ്മുടെ വാസനകളുടെ ആരോഗ്യത്തിന്റെ തെളിവുമാണ്‌.

*

12

ജീവൻ വാർന്നുപോയ മേഖലയാണ്‌ ആകാശത്തിന്റെ സാമ്രാജ്യം. സ്വർഗ്ഗീയസാമ്രാജ്യം ഉന്നം വയ്ക്കുന്നത് ജൈവപരമായ നിർവ്വീര്യമാണ്‌. സംഗീതം നമ്മുടെ ചോരയൂറ്റിക്കുടിക്കുന്നതെങ്ങനെയാണ്‌? സ്ഥലത്തിന്റെ താങ്ങില്ലാതെ മനുഷ്യനു ജീവിക്കാൻ പറ്റില്ല. എന്നാൽ സംഗീതമാവട്ടെ, സ്ഥലത്തെ പാടേ സംഹരിക്കുകയാണ്‌. സാന്ത്വനം നല്കാൻ കഴിവുള്ള ഒരേയൊരു കല; എന്നിട്ടും മറ്റേതൊരു കലയെക്കാളും കൂടുതൽ മുറിവുകൾ തുറക്കുന്നതും അതുതന്നെ!

ആത്മനിരോധത്തിന്റെ ശബ്ദരേഖയാണ്‌ സംഗീതം. ബാഹിനെ കേട്ടതിനു ശേഷം നിങ്ങൾക്കു രതിയിലേർപ്പെടാൻ കഴിയുമോ? ഹാൻഡെലിനു ശേഷം പോലും പറ്റില്ല, അദ്ദേഹത്തിന്റെ അലൗകികതയ്ക്ക് സ്വർഗ്ഗീയവാസന ഇല്ലെന്നായിട്ടും. ആനന്ദങ്ങളുടെ ശവകുടീരമാണ്‌ സംഗീതം, നമ്മെ മറവു ചെയ്യുന്ന സ്വർഗ്ഗീയാനന്ദം.

വിശുദ്ധത്വവും ചോരയൂറ്റിക്കളയുന്നു. നമ്മുടെ സ്വർഗ്ഗദാഹത്തിനനുപാതത്തിലായിരിക്കും നമ്മുടെ ചോര വാർന്നുപോകുന്നതും. സ്വർഗ്ഗത്തിലേക്കുള്ള പാതകൾ വാസനകളുടെ സ്ഖലിതങ്ങളാൽ മിനുസമായിക്കിടക്കുന്നു. ആ സ്ഖലിതങ്ങളിൽ നിന്നാണ്‌ സ്വർഗ്ഗമുണ്ടായതെന്നു പറഞ്ഞാൽ അതാണു വാസ്തവം.

13

എന്റെ ദൈവമേ, നീ ഒപ്പമില്ലെങ്കിൽ ഉന്മാദിയാണു ഞാൻ, നീ ഒപ്പമുണ്ടെങ്കിൽ ഞാൻ ഉന്മാദിയാവുകയും ചെയ്യും

*

14

പുണ്യവതികളായ സ്ത്രീകളെ പ്രേമിക്കുന്നവർക്ക് യേശുവിനോട് അസൂയ തോന്നാതെവയ്യ. ഒരാളെന്തിന്‌ മറ്റൊരാളുടെ പ്രണയഭാജനത്തെ സ്നേഹിക്കണം? ആ ഹർഷമൂർച്ഛകൾക്കും ആശ്ലേഷങ്ങൾക്കും ശേഷം നമുക്കായൊരു ചുംബനം ബാക്കിയുണ്ടാകുമോ? അവരുടെ മന്ദഹാസം പ്രതീക്ഷ നല്കാത്തതാണ്‌, കാരണം, അവരുടെ ഹൃദയങ്ങളിൽ ആദ്യം വരുന്നത് യേശുവാണ്‌.

*

15

യാതനയുടെ മാദകത്വമില്ലെങ്കിൽ വിശുദ്ധത്വം നമ്മെ ആകർഷിക്കാൻ പോകുന്നില്ല; ഏതോ ചെറിയ പ്രവിശ്യാനഗരത്തിലെ കൊട്ടാര ഉപജാപം പോലെയേയുള്ളു അത്. യാതനയാണ്‌ മനുഷ്യന്റെ ആകെയുള്ള ജീവചരിത്രം; അതിന്റെ മാദകത്വം വിശുദ്ധന്റേതും.

ഒരു വിശുദ്ധനാകണമെങ്കിൽ വേദനയുടെ അനന്തവൈവിദ്ധ്യങ്ങളിലൊന്നുപോലും നഷ്ടപ്പെടുത്താനുള്ള അവസരം ഉണ്ടാക്കരുത്.

യാതന ജീവിതമാർഗ്ഗമായി എടുത്ത ഏവർക്കും മാതൃകയാക്കാവുന്നതാണ്‌ തെക്കേ അമേരിക്കയിൽ ജനിച്ച ലീമയിലെ റോസ. തന്നെ സമൂഹത്തിലേക്കിറക്കാനുള്ള അമ്മയുടെ ആഗ്രഹത്തെ ചെറുക്കാൻ യുവതിയും സുന്ദരിയുമായ അവൾക്ക് ഒഴികഴിവൊന്നും കിട്ടിയില്ല. ഒടുവിലവൾ ഒരു നീക്കുപോക്കു കണ്ടെത്തി. തലയിലണിഞ്ഞ പുഷ്പകിരീടത്തിനുള്ളിൽ അവൾ ഒരു സൂചി ഒളിപ്പിച്ചുവച്ചു; അതവളുടെ നെറ്റിയിൽ കുത്തിക്കൊണ്ടിരുന്നു. സമൂഹത്തിൽ ഒറ്റയ്ക്കാവാനുള്ള തന്റെ ആഗ്രഹത്തിനുള്ള വഴി അവൾ കണ്ടതങ്ങനെയാണ്‌.  വേദനയിലൂടെയാണ്‌ ലോകത്തിന്റെ പ്രലോഭനത്തെ നാം കീഴടക്കുന്നത്. യാതനയുടെ ഈ പാരമ്പര്യത്തിൽ പെട്ടതാണ്‌ പാസ്ക്കലിന്റെ ബെല്റ്റും.

ആർക്കു വേണ്ടിയാണ്‌ ലീമയിലെ റോസ തന്റെ കിരീടത്തിൽ സൂചി കുത്തിവച്ചത്? സ്വർഗ്ഗീയകാമുകൻ പുതിയ ഒരിരയെ കണ്ടെത്തുകയായിരുന്നു. വേദനയുടെ ഡോൺ ജുവാൻ ആണ്‌ യേശു.

സ്വർഗ്ഗീയോന്മാദത്തിലൂടെയുള്ള ജീവിതനിഷേധമാണ്‌ വിശുദ്ധത്വം. എങ്ങനെയാണൊരാൾ ജീവിതത്തെ നിഷേധിക്കുക? ഇടർച്ചയില്ലാത്ത സുബോധത്തിലൂടെ. വിശുദ്ധരുടെ മിക്കവാറും പൂർണ്ണമെന്നു പറയാവുന്ന നിദ്രാനിരോധം അങ്ങനെ വരുന്നതാണ്‌. ലീമയിലെ റോസ രാത്രിയിൽ രണ്ടു മണിക്കൂറിലധികം ഉറങ്ങിയിരുന്നില്ലത്രെ; ഉറക്കം തന്നെ കീഴടക്കുമെന്ന ഘട്ടം വരുമ്പോൾ അവൾ തന്റെ മുറിയിലെ കുരിശ്ശിൽ തൂങ്ങിക്കിടക്കും, അല്ലെങ്കിൽ മുടി ഒരാണിയിൽ കെട്ടിയിട്ടു നില്ക്കും.

വിശുദ്ധത്വം വിശേഷതരത്തിലുള്ള ഒരുന്മാദമാണ്‌. സാധാരണമനുഷ്യരുടെ ഉന്മാദം ഉപയോഗശൂന്യവും വിചിത്രവുമായ പ്രവൃത്തികളിൽ സ്വയം വ്യയം ചെയ്യുമ്പോൾ വിശുദ്ധോന്മാദം സർവ്വതും കൈവരിക്കാനുള്ള ബോധപൂർവ്വമായ യത്നമാണ്‌. 

യേശുവിനോടു മത്സരിച്ചുകൊണ്ട് വിശുദ്ധർ ഗാഗുൽത്തയെ അനുകരിക്കുന്നു; തുടർന്നുള്ള ക്രിസ്തീയശതാബ്ദങ്ങളിൽ നിന്നു ശേഖരിച്ച പീഡനമുറകൾ കൂടി അതിനോടവർ കൂട്ടിച്ചേർക്കുന്നുവെന്നുമാത്രം. യേശുവിന്റെ മുൾക്കിരീടം വിശുദ്ധരുടെ അനുകരണങ്ങളിലൂടെ എനിക്കറിയുന്ന മറ്റേതൊരു മാറാവ്യാധിയെക്കാളും യാതന ലോകത്തുണ്ടാകാൻ കാരണമായിട്ടുണ്ട്. യേശുതന്നെ വിശുദ്ധരുടെ മാറാവ്യാധിയാണല്ലോ. ഓരോ ചലനത്തിലും തന്നെ വേദനിപ്പിക്കാനായി ലീമയിലെ റോസ തന്റെ തട്ടത്തിനടിയിൽ ഒരു മുൾക്കിരീടം അണിഞ്ഞിരുന്നു. ഒരിക്കൽ അവളുടെ പിതാവ് അറിയാതെ അവളുടെ തലയിലൊന്നു തൊട്ടപ്പോൾ മുറിവുകളിൽ നിന്ന് ചോര ധാരയായി ഒഴുകിയത്രെ. അവൾ പലപ്പോഴും ഒരു കൂറ്റൻ കുരിശും ചുമന്നു നടക്കാറുണ്ടായിരുന്നു; തന്റെ സ്വർഗ്ഗീയകാമുകന്റെ ഗാഗുൽത്തയെ വിസ്മയപ്പെടുത്തുന്ന തീക്ഷ്ണതയോടെ അനുകരിക്കുകയായിരുന്നു അവൾ.

ഇത്രയധികം യാതനകൾക്കു കാരണക്കാരൻ യേശുവാണ്‌. അവന്റെ മനഃസാക്ഷി കാര്യമായിട്ടവനെ കുറ്റപ്പെടുത്തുന്നുണ്ടാവണം; കാരണം ജീവനുള്ളതിന്റെ ലക്ഷണമൊന്നും അവനിപ്പോൾ കാണിക്കുന്നില്ലല്ലോ. ഉള്ളതു പറഞ്ഞാൽ തന്റെ അനുയായികൾക്കു കിട നില്ക്കുന്നില്ല അവനിപ്പോൾ. അവരിൽ അവന്റെ സ്വർഗ്ഗീയവികാരം ഒരു വൈറസായി മാറിയിരിക്കുന്നു. റോസാപ്പുക്കൾക്കു പകരം മുള്ളുകളാണവർ തരുന്നത്. യേശുവിനെക്കാൾ വലിയ പാപം ചെയ്തവർ എന്റെ അറിവിലില്ല.

16

“കണ്ണീരും സംഗീതവും തമ്മിൽ വേർതിരിച്ചറിയാൻ എനിക്കു കഴിയില്ല.” (നീച്ച) ഈ പ്രസ്താവനയുടെ ഗഹനത കേട്ട മാത്രയിൽ ഉള്ളിൽ തട്ടാത്ത ഒരാളുണ്ടെങ്കിൽ അയാൾ സംഗീതവുമായുള്ള അടുപ്പത്തിൽ ഒരു നിമിഷം പോലും ജീവിച്ചിട്ടുള്ളയാൾ ആയിരിക്കില്ല. കണ്ണീരിന്റേതല്ലാത്ത ഒരു സംഗീതം എനിക്കു പരിചയമില്ല. പറുദീസാനഷ്ടത്തിൽ നിന്നു പിറന്നതായ സംഗീതം ആ നഷ്ടത്തിന്റെ പ്രതീകങ്ങൾക്കു പിറവി നല്കുന്നു: കണ്ണീരിന്‌.

*

17

സിയേനയിലെ കാതറൈൻ കുർബ്ബാനയപ്പം മാത്രം കഴിച്ചാണ്‌ ജീവൻ നിലനിർത്തിയത്. സ്വർഗ്ഗം താങ്ങാനുണ്ടെങ്കിൽ ചെയ്യാൻ എളുപ്പമാണത്! ദിവ്യോന്മാദം ഭൂമിയിലെ ഫലങ്ങളെ നശിപ്പിച്ചുകളയുന്നു. യൂക്കാറിസ്റ്റിൽ അവർ ആകാശമാണു കുടിച്ചത്. വിശ്വാസികൾക്ക് കുർബ്ബാന, സ്വർഗ്ഗത്തിന്റെ ആ സൂക്ഷ്മകണിക, ഭൂമിയിലെ ആഹാരത്തെക്കാൾ പോഷകദായകമായിരുന്നു. ഔന്നത്യത്തിന്‌ തൃഷ്ണാവിരോധം വേണമെന്നായത് എന്തുകൊണ്ടാണ്‌? കവികളും സംഗീതജ്ഞരും മിസ്റ്റിക്കുകളും വിശുദ്ധരും വ്യത്യസ്തരീതികളിലുള്ള ഇന്ദ്രിയനിഗ്രഹം പ്രയോഗിക്കുന്നതെന്തിനാണ്‌? സ്വേച്ഛയായുള്ള വിശപ്പ് സ്വർഗ്ഗത്തിലേക്കുള്ള പാതയാണ്‌; ദാരിദ്ര്യം കൊണ്ടുള്ള വിശപ്പ് ഭൂമിയിലെ ഒരു കുറ്റകൃത്യവും.

*

18

നേർത്ത വിഷാദം പോലെ സർഗ്ഗാത്മകമല്ലാത്ത ഒരു മാനസികാവസ്ഥ വേറേയില്ല; പ്രചോദനത്തിന്റെ നിഷേധം തന്നെയാണത്. എല്ലാം ആശ്രയിച്ചുനില്ക്കുന്നത് വിഷാദത്തിന്റെ അളവിനെയാണ്‌, അതിന്റെ കമ്പനത്തിന്റെ ആവൃത്തിയെയാണ്‌. ഒരളവിൽ അത് കാവ്യാത്മകമാണ്‌, മറ്റൊരളവെത്തുമ്പോൾ സംഗീതാത്മകം, ഒടുവിൽ മതാത്മകവും. അങ്ങനെ കവികളുടെ, സംഗീതജ്ഞരുടെ, വിശുദ്ധരുടെ പല തലത്തിലുള്ള വിഷാദമുണ്ട്. കവികളുടെയോ സംഗീതജ്ഞരുടെയോ വിഷാദം ഹൃദയത്തിൽ നിന്നിറങ്ങുന്നു, ലോകം ചുറ്റിവരുന്നു, ഒരു മാറ്റൊലി പോലെ മടങ്ങിയെത്തുകയും ചെയ്യുന്നു. വിശുദ്ധരുടെ വിഷാദവും ഹൃദയം വിട്ടിറങ്ങുന്നു, എന്നാലത് ദൈവത്തിലെത്തി നില്ക്കുകയാണ്‌; അങ്ങനെയത് ഓരോ വിശുദ്ധന്റെയും രഹസ്യാഭിലാഷത്തെ സഫലമാക്കുകയും ചെയ്യുന്നു: അവന്റെ തടവുകാരനാവുക എന്നത്.

19

ഏതാണ്ടു പതിനെട്ടാം നൂറ്റാണ്ടു വരെ മനുഷ്യന്റെ പൂർണ്ണതയെക്കുറിച്ചുള്ള പ്രബന്ധങ്ങൾ സമൃദ്ധമായിരുന്നു. വിശുദ്ധപദവിയുടെ പാതിവഴിയിലെത്തി പിന്നെ ആ ശ്രമം ഉപേക്ഷിച്ച മിക്കവരുമെല്ലാവരും ഒരു സമാശ്വാസത്തിനെന്നപോലെ അങ്ങനെയൊരു പുസ്തകമെഴുതി. അങ്ങനെ നൂറ്റാണ്ടുകളോളം പരാജിതരായ എല്ലാ വിശുദ്ധരുടെയും ഒഴിയാബാധയായിരുന്നു പൂർണ്ണത. പിന്നീടു വന്നവർ അതു തീരെ ശ്രദ്ധിക്കാതെയുമായി; കാരണം, അവർക്ക് അതുണ്ടായിരുന്നല്ലോ!

പിന്നീടുള്ള നൂറ്റാണ്ടുകൾ അതിൽ നിന്നുള്ള പൂർണ്ണമായ വിച്ഛേദത്തിന്റേതായിരുന്നു. പരിപൂർണ്ണതയെ വലിയ സംശയത്തോടെയും പ്രകടമായ പകയോടെയുമാണ്‌ അവ നോക്കിക്കണ്ടത്. ആധുനികമനുഷ്യനാവട്ടെ, പരിപൂർണ്ണതെയെക്കാൾ വലിയ നാണക്കേടുമില്ല. തന്റെ സ്വർഗ്ഗദാഹത്തിൽ നിന്നു മോചനം നേടിയ അവൻ അതേ സമയം തന്നെ പരിപൂർണ്ണതയിൽ നിന്നു മോചനം നേടുന്നതിലും വിജയിച്ചു. ക്രിസ്തീയയുഗത്തിൽ ആളുകൾ തങ്ങളുടെ വിശുദ്ധന്മാരെപ്രതി അഭിമാനിച്ചിരുന്നു. നാമാവട്ടെ, അവരെ “മതിക്കുകയേ” ചെയ്യുന്നുള്ളു. നാമവരെ സ്നേഹിക്കുന്നുണ്ടെന്നു നമുക്കു തോന്നുന്നുവെങ്കിൽ ഒരു നിമിഷത്തേക്ക് അവരെ നമ്മോടടുപ്പിക്കുന്ന ഒരു മാനസികദൗർബ്ബല്യം മാത്രമാണത്.

*

20

ഏതു നിഗൂഢസ്വരമാണെന്നോടു മന്ത്രിക്കുന്നത്, ഹൃദയങ്ങൾ ഭൂമിയ്ക്കും സ്വർഗ്ഗത്തിനുമിടയിൽ നൃത്തം ചെയ്യുന്ന അഗ്നിജ്വാലകളായ എല്ലാ വിശുദ്ധരും ഒരു വശത്തും പാതി മൂഢബുദ്ധിയും പാതി വിഷാദിയുമായ ഒരവസ്ഥയിൽ ഉറഞ്ഞുപോയ നീറോ മറുവശത്തും നില്ക്കുകയാണെങ്കിൽ രണ്ടാമത്തേതിനോടാണു ഞാൻ ഹൃദയം തുറക്കുക എന്ന്? നീറോയുടെ വിരസത ക്രിസ്ത്യാനികളുടെ സ്വർഗ്ഗദാഹത്തെക്കാൾ വലുതായിരുന്നു. റോമിനെ വിഴുങ്ങിയ അഗ്നിബാധ പോലും അയാളുടെ ഉള്ളിൽ ഒരു തീപ്പൊരി വീഴ്ത്തിയില്ല. മടുപ്പ് ഭ്രാന്തിനു ജനം നല്കുന്നു- അതോ തിരിച്ചാണോ? നീറോ വിഷാദവാനായ ഒരാളായിരുന്നു. അല്ലെങ്കിൽ അയാളെങ്ങനെ സംഗീതം ഇഷ്ടപ്പെടുന്നവനായി? ഈ ലോകം മുഴുവൻ മടുപ്പായി തോന്നിയ ഈ മനുഷ്യന്റെ വിധി ഹൃദയസ്പർശിയാണ്‌. സർവ്വദോഷങ്ങൾക്കുമിടയിലും അയാൾക്കുണ്ടായിരുന്ന ഒരു ഗുണം നാം മറന്നുകളഞ്ഞു, അയാളുടെ വീണ.

മരണത്തെക്കുറിച്ചുള്ള പ്രബലമായ ഒരു പൂർവ്വസൂചനയോടെയാണ്‌ നിങ്ങൾ ജനിക്കുന്നതെങ്കിൽ ജീവിതം ജനനത്തിലേക്കു തിരിഞ്ഞുനടക്കും. എല്ലാ ജീവിതഘട്ടങ്ങളും ഒരുതരം കീഴുമേലായ പരിണാമത്തിൽ അത് വീണ്ടെടുക്കുന്നു: നിങ്ങൾ മരിക്കുന്നു, പിന്നെ ജീവിക്കുന്നു, യാതനകൾ അനുഭവിക്കുന്നു, ഒടുവിൽ ജനിക്കുകയും ചെയ്യുന്നു. അതല്ല, മരണത്തിന്റെ നാശാവശിഷ്ടങ്ങൾക്കിടയിൽ നിന്നു ജനിക്കുന്നത് മറ്റൊരു ജീവിതമാണെന്നുണ്ടോ? തന്നിൽത്തന്നെ മരണത്തിന്റെ അനുഭവമുണ്ടായതിൽ പിന്നെയേ സ്നേഹിക്കാനും വേദനിക്കാനും പിന്നെയും ജനിക്കാനുമുള്ള ആഗ്രഹം നമുക്കുണ്ടാകുന്നുള്ളു. മരണശേഷമുള്ളതാണ്‌ ആകെയുള്ള ജിവിതം. രൂപാന്തരങ്ങൾ: വിരളമായതും അതുകൊണ്ടാണ്‌.

*

21

വിശുദ്ധർ അഗ്നിയിൽ ജീവിക്കുന്നു, ജ്ഞാനികൾ അതിനരികിലായിട്ടും.

22

ശോകത്തിനുള്ള പ്രലോഭനത്തെ ആവശ്യത്തിലധികം തരണം ചെയ്യുന്നുണ്ട് ബീഥോവൻ. അത്രയും ആത്മനിയന്ത്രണം എന്നെ അദ്ദേഹത്തിൽ നിന്നകറ്റുന്നു. ശോകത്തിന്റെ മാദകത്വത്തിൽ അഭിജ്ഞരായിരുന്നു ഷോപ്പാങ്ങും ഷൂമന്നും. ശോകത്തിനു മേൽ ഇച്ഛാശക്തിയുടെ വിജയങ്ങളുടെ പേരിൽ അഭിമാനം കൊണ്ടിരുന്നു ബീഥോവൻ എന്നു തോന്നുന്നു. നൈരാശ്യത്തിലായിരുന്നു, ലോകവുമായി മല്ലു പിടിക്കുന്ന ഇച്ഛാശക്തിയുടെ ആ വ്രണപ്പെട്ട അഭിമാനത്തിലായിരുന്നു ബീഥോവൻ അഭിജ്ഞൻ.

*

23

സംഗീതപ്രമേയങ്ങൾക്കു തിരികൊളുത്താത്ത ഭൂദൃശ്യങ്ങൾക്ക് ഓർമ്മകളാവാൻ കഴിയില്ല. പ്രഹർഷവും വിഷാദവും ചേർന്ന ഒരു മാനസികാവസ്ഥയിൽ ഉദ്യാനങ്ങളിലൂടെ അലഞ്ഞുനടക്കാത്ത ഒരാൾക്ക് മൊസാർട്ടിന്റെ ചാരുത മനസ്സിലാവുക എന്നതില്ല. ബ്രാംസ് ഇല്ലാതെ സായാഹ്നങ്ങളുടെ പ്രതാപമോ? ബീഥോവനില്ലാതെ വിപുലവും ഗംഭീരവുമായ പ്രകൃതിയോ? സംഗീതത്തിന്‌ പ്രപഞ്ചവിപുലമായ ഒരു സ്വഭാവമുണ്ട്. സംഗീതത്തോടുള്ള അഭിനിവേശത്തിന്‌ ഒരാധാരവുമില്ല, പ്രകൃതിയോടു സ്നേഹമില്ലാതെ.

*

24

“ഞാൻ മരിക്കുമ്പോൾ റോസാപ്പൂക്കൾ മഴപോലെ ചൊരിയും.” - ലിസ്യൂവിലെ തെരേസ

“റോസാപ്പൂവേ, നിന്നിൽ നിന്നുദ്ഗമിക്കുന്നു, ഒരു വിശുദ്ധന്റെ നഗ്നമേനിയുടെ വാസന.”- റിൽക്കെ

*

25

വിശുദ്ധന്മാരില്ലായിരുന്നുവെങ്കിൽ നമ്മുടെ ജീവിതം കുറച്ചുകൂടി അനായാസമായേനെ. അപ്പോൾ നാമോരോരുത്തരും അവനവന്റെ പാടു നോക്കി നടക്കുമായിരുന്നു, നമ്മുടെ അപൂർണ്ണതകളിൽ നാം ആഹ്ലാദിക്കുകയും ചെയ്യുമായിരുന്നു. നമുക്കിടയിൽ അവരുടെ സാന്നിദ്ധ്യം ഫലമില്ലാത്ത അപകർഷബോധങ്ങൾ, അസൂയ, പക കൊണ്ടുവരികയാണ്‌. വിശുദ്ധരുടെ ലോകം ഒരു സ്വർഗ്ഗീയവിഷമാണ്‌; നമ്മുടെ ഏകാകിത കൂടുന്തോറും അതിന്റെ വീര്യം കൂടുകയും ചെയ്യുന്നു. യാതന ലക്ഷ്യം നേടുന്നു എന്നൊരു മാതൃക മുന്നിൽ വച്ചുകൊണ്ട് അതു നമ്മുടെ മനസ്സിനെ വിഷലിപ്തമാക്കുകയാണ്‌. നമുക്കു പരിചയം ഇന്ന ലക്ഷ്യമെന്നതില്ലാതെ യാതന അനുഭവിക്കുന്നതാണ്‌, വേദനയുടെ ഫലമില്ലായ്മയിൽ മുങ്ങിപ്പോവുകയാണ്‌; നമുക്കു പരിചയം സ്വന്തം ചോരയുടെ കണ്ണാടിയിൽ നമ്മളെത്തന്നെ കാണുന്നതാണ്‌. എന്നാൽ അതിൽ നമുക്ക് അത്രയധികം കുറ്റബോധം തോന്നേണ്ടതുമില്ല; യാതന അനിവാര്യമായും സ്വർഗ്ഗത്തിലേക്കു നയിക്കണമെന്നില്ലല്ലോ.

*

26
വിശുദ്ധത്വം വളരെ അസാധാരണമായ ഒരു പ്രതിഭാസമായേനേ, ദിവ്യത്വത്തെക്കാൾ കൂടുതലായിപ്പോലും, അതിനെന്തെങ്കിലും പ്രായോഗികമൂല്യം ഉണ്ടായിരുന്നെങ്കിൽ. മനുഷ്യരുടെ പാപങ്ങളും യാതനകളും ഏറ്റെടുക്കാനുള്ള വിശുദ്ധരുടെ ആവേശം പൂണ്ട ആഗ്രഹം സുവിദിതമാണല്ലോ. ഇക്കാര്യം സ്ഥിരീകരിക്കാൻ അനന്തമായ അനുകമ്പയുടെ എത്രയെങ്കിലും വിസ്ഫോടങ്ങൾ ചൂണ്ടിക്കാണിക്കാനുമുണ്ട്. എന്നാൽ ഇങ്ങനെയൊക്കെയാണെങ്കിൽത്തന്നെ മറ്റുള്ളവരുടെ ജീവിതതിക്തതകൾക്കും യാതനകൾക്കും എന്തെങ്കിലും കുറവു വരുന്നുണ്ടോ? ആശ്വസിപ്പിക്കാനുള്ള കഴിവിനപ്പുറം വിശുദ്ധരുടെ യത്നങ്ങളെല്ലാം വിഫലമാവുകയാണ്‌; അവരുടെ സ്നേഹം പ്രയോഗത്തിൽ വരുമ്പോൾ അതിഭീമമായ ഒരു വ്യാമോഹം മാത്രമാകുന്നു. ഒരാളുടെ  വേദന മറ്റൊരാൾക്കു  സഹിക്കാൻ പറ്റില്ല. നിങ്ങളുടെ വേദന കൂടുന്നതുകൊണ്ട് നിങ്ങളുടെ അയല്ക്കാരന്റെ വേദന കുറയുന്നുണ്ടോ? ഈ ലളിതമായ സംഗതി പിടി കിട്ടിയിരുന്നെങ്കിൽ വിശുദ്ധർ രാഷ്ട്രീയത്തിലേക്കിറങ്ങിയേനെ; എന്നുപറഞ്ഞാൽ, പ്രത്യക്ഷങ്ങളിൽ അവർക്കു പിന്നെ നാണക്കേടുണ്ടാവുകയില്ല. പ്രത്യക്ഷങ്ങളെയേ മാറ്റാൻ കഴിയുകയുള്ളു. എന്നാൽ വിശുദ്ധർ പ്രത്യക്ഷങ്ങളെ ഭയക്കുന്ന രാഷ്ട്രീയക്കാരാണ്‌. അതിനാൽ അവർ തങ്ങളുടെ പരിഷ്കരണയത്നത്തിൽ ഭൗതികത ഒഴിവാക്കുന്നു. യാതനകളേയും പ്രത്യക്ഷങ്ങളേയും ഒരേ സമയം സ്നേഹിക്കാൻ നിങ്ങൾക്കു കഴിയില്ല. ഇക്കാര്യത്തിൽ വിശുദ്ധത്വത്തിന്‌ അർത്ഥശങ്കയില്ല. പ്രത്യക്ഷങ്ങളോടുള്ള ഒരു കടപ്പാട് നമ്മെ ജിവിതത്തിൽ തളച്ചിടുന്നു. അതു നമ്മെ വിശുദ്ധത്വത്തിൽ നിന്നു സ്വതന്ത്രരാക്കുകയും ചെയ്യുന്നു. 
*

27
മരണത്തിന്‌ എന്തെങ്കിലും അർത്ഥമുണ്ടെങ്കിൽ അത് ജീവിതത്തെ തീക്ഷ്ണമായി സ്നേഹിച്ചവരുടെ കാര്യത്തിൽ മാത്രമാണ്‌. വിട്ടുപോകാൻ എന്തെങ്കിലുമുണ്ടെങ്കിലല്ലാതെ എങ്ങനെയാണൊരാൾ മരിക്കുക? ജീവിതത്തിന്റേതെന്നപോലെ മരണത്തിന്റെയും നിഷേധമാണ്‌ വൈരാഗ്യം. മരണഭയത്തെ തരണം ചെയ്ത ഏതൊരാളും ജീവിതത്തിനു മേലും വിജയം നേടിക്കഴിഞ്ഞു. എന്തെന്നാൽ, ആ ഭയത്തിന്റെ മറ്റൊരു പേരല്ലാതെ മറ്റൊന്നുമല്ല ജീവിതം.

ധനികരായവരേ മരണം ‘അനുഭവിക്കുന്നുള്ളു’; പാവപ്പെട്ടവർ അതു പ്രതീക്ഷിച്ചുകഴിയുന്നു; ഒരു യാചകനും ഇന്നേവരെ മരിച്ചിട്ടില്ല. ഉടമസ്ഥർ മാത്രമേ മരിക്കുന്നുള്ളു.
പണക്കാരുടെ മരണവേദനയോടു തട്ടിച്ചുനോക്കുമ്പോൾ പാവപ്പെട്ടവരുടേത് ഒരു പുഷ്പശയ്യ പോലെയേയുള്ളു. കൊട്ടാരങ്ങളുടെ കൊടുംഭീതികളും യാതനകളുമെല്ലാം മരണം തന്നിൽ സഞ്ചയിച്ചുവച്ചിരിക്കുന്നു. സുഖഭോഗങ്ങൾക്കിടയിൽ കിടന്നു മരിക്കുക എന്നാൽ ലക്ഷോപലക്ഷം തവണ മരിക്കുക എന്നാണ്‌.

യാചകർ പ്രാണൻ വെടിയുന്നത് കിടക്കയിൽ കിടന്നിട്ടല്ല; അതുകൊണ്ടാണ്‌ അവർ മരിക്കാത്തതും. തിരശ്ചീനമായിട്ടേ നിങ്ങൾ മരിക്കുന്നുള്ളു; സുദീർഘമായ സന്നാഹങ്ങളിലൂടെ മരണം സാവധാനം ജീവിതത്തിലേക്കരിച്ചുകയറുകയാണ്‌. അന്ത്യമുഹൂർത്തത്തിൽ പ്രത്യേകിച്ചൊരിടത്തോടും അതിന്റെ ഓർമ്മകളോടും ബന്ധനസ്ഥനല്ലാത്ത ഒരാൾക്ക് വിട്ടുപോകുന്നതിൽ പിന്നെന്തു ഖേദമുണ്ടാവാനാണ്‌? യാചകർ തങ്ങളുടെ വിധി സ്വയം വരിച്ചതാണെന്നും വരാം; എന്തെന്നാൽ, ഖേദങ്ങളില്ലാത്തതിനാൽ അവയിൽ നിന്നുണ്ടാകുന്ന തീവ്രവേദനകൾ അവർ അനുഭവിക്കുന്നില്ലല്ലോ. ജീവിതത്തിന്റെ പ്രതലത്തിൽ അവർ നാടോടികളായിരുന്നു, മരണത്തിന്റെ പ്രതലത്തിലും അവർ അലഞ്ഞുനടക്കുകതന്നെയാണ്‌.
28
വിഷാദത്തിന്റേത് പരന്നുകിടക്കുന്ന ഒരടുക്കാണ്‌: ഒരു ഭൂദൃശ്യവും മന്ദഹാസവും മുതൽ ആത്മാവിനുള്ളിലുടയുന്ന ഒരു മണി വരെ.
*

29
“മിശിഹ” എന്ന സംഗീതരചന ചെയ്യുന്ന നേരത്ത് താൻ സ്വർഗ്ഗത്താണെന്ന് ഹാൻഡെലിനു തോന്നിയിരുന്നു. അത് പൂർത്തിയാക്കിയതിനു ശേഷമേ താൻ ഭൂമിയിലാണു ജീവിക്കുന്നതെന്ന ബോധം തനിക്കുണ്ടായുള്ളു എന്ന് അദ്ദേഹം ഏറ്റുപറയുന്നുമുണ്ട്. എന്നാൽ കൂടി ഹാൻഡെൽ, ബാഹിനോടു തട്ടിച്ചുനോക്കുമ്പോൾ, ഈ ലോകത്തിന്റേതാണ്‌ . ബാഹിൽ ദിവ്യമായത് ഹാൻഡെലിൽ വീരമാണ്‌. ഭൗമഗാംഭീര്യമാണ്‌ ഹാൻഡെലിന്റെ കയ്യൊപ്പ്. അദ്ദേഹത്തിന്റെ രചനകളിലെവിടെയും സ്വർഗ്ഗം പ്രതിഫലിക്കുന്നു: പുറമേ നിന്നുള്ള രൂപാന്തരണം. 

ബാഹ് ഗ്രൂൺവാൾഡിന്റെ നാടകീയപ്രഭാവത്തെ ഹോൾബെയ്‌നിന്റെ ആന്തരികതയുമായി യോജിപ്പിക്കുന്നു; ഹാൻഡെൽ, ഡ്യുറെറുടെ രേഖീയസ്ഥൂലതയെ ബാൾഡങ്ങ്-ഗ്രിയെന്റെ സാഹസികമായ ദർശനത്തോടും. മൊസാർട്ടാവട്ടെ, വിഷാദവാനായ ബോത്തിച്ചെല്ലിയാണ്‌: കണ്ണീർത്തുള്ളികൾ മഞ്ഞുതുള്ളികളായി പൊതിഞ്ഞ “വസന്തം.”
*

30
വിശുദ്ധരുടെ കാര്യത്തിൽ കൃത്യമോ നിശ്ചിതമോ ആയി ഒന്നുമില്ല. നാം കൈക്കൊള്ളുകയോ തള്ളിക്കളയുകയോ ചെയ്യേണ്ടാത്ത ഒരു കേവലതയെ ആണ്‌ അവർ പ്രതിനിധാനം ചെയ്യുന്നത്. രണ്ടു രീതിയിലായാലും നമുക്കതു ഹാനികരമായിരിക്കും. അവർക്കൊപ്പം നിന്നാൽ നമുക്കു നമ്മുടെ ജീവിതം നഷ്ടപ്പെടും; അവർക്കെതിരായാൽ കേവലതയുടെ മുന്നിൽ നമ്മുടെ നില മോശമാവുകയും ചെയ്യും. അവർ ഇല്ലായിരുന്നുവെങ്കിൽ നാം ഇപ്പോഴത്തേതിലും സ്വതന്ത്രരായേനെ. എത്ര സന്ദേഹങ്ങൾ നമുക്കൊഴിവായിക്കിട്ടിയേനെ! നമ്മുടെ ജീവിതത്തിൽ ഇവരെങ്ങനെ വഴിമുടക്കികളായി? വേദന മറക്കാൻ നാം വ്യർത്ഥമായി ശ്രമിക്കുന്നു.

31
ജെ.എസ്.ബാഹ് പലപ്പോഴും മരണത്തെക്കുറിച്ചു ചിന്തിച്ചിരുന്നുവെന്ന് അന്ന മഗ്ദലീന ബാഹ് തന്റെ കുടുംബചരിത്രത്തിൽ പറയുന്നുണ്ട്. ഈ സാക്ഷിപത്രമില്ലാതെതന്നെ സ്പഷ്ടമാണ്‌, മരണചിന്തയും സ്വർഗ്ഗദാഹവും ഉദാത്തതയുടെ ഉറവകളായിരുന്നു ബാഹിനെന്ന്. മൊസാർട്ടിന്‌ ഇതു രണ്ടുമില്ല. അതുകൊണ്ടാണ്‌, അദ്ദേഹത്തിന്റെ സംഗീതം ദിവ്യമായിരിക്കുമ്പോൾത്തന്നെ ഉദാത്തമാകാത്തത്. മൊസാർട്ടിനെക്കാൾ കുറഞ്ഞ അളവിൽ അഭൗമമായ ഒരു സംഗീതജ്ഞൻ എന്റെ അറിവിലില്ല.

32

ജീവിതം ഓരോ ദിവസവും മുന്നോട്ടു പോകുന്തോറും നിങ്ങൾക്കു ബോദ്ധ്യമാവുകയാണ്‌, നിങ്ങൾ യാതൊന്നും പഠിക്കുന്നില്ലെന്ന്, ഓർമ്മയിലൂടെ പിന്നോട്ടു പോവുകയേ ചെയ്യുന്നുള്ളുവെന്ന്. ഒരിക്കൽ നാം ജീവിച്ചിരുന്ന ഒരു ലോകം വീണ്ടും കണ്ടെടുക്കുന്നപോലെയാണത്. നാം ഒന്നും നേടുന്നില്ല, നമ്മെത്തന്നെ വീണ്ടെടുക്കുകയാണു നാം. സ്വയം തിരിച്ചറിയുക എന്നത് വിപരീതദിശയിലുള്ള ഒരു പരിണാമമാണ്‌. വ്യക്തിസത്തയായി പരിണമിക്കുന്നതിനു മുമ്പ് നമുക്കു മറ്റൊരു ജീവിതമുണ്ടായിരുന്നു എന്ന സങ്കല്പം അങ്ങനെ ജനിക്കുന്നതാണ്‌. വിസ്മൃതിയിലായ ഒരു മൗലികദർശനത്തിന്റെ അനുകരണമാണ്‌ നമ്മുടെ ഉണ്മ. എങ്കിലെന്താണ്‌ ഒരു വിശുദ്ധന്റെ അസ്തിത്വത്തിനുള്ള അർത്ഥം? പറുദീസയിൽ വച്ച് ദൈവവുമായി തങ്ങൾക്കുണ്ടായിരുന്ന പ്രത്യക്ഷസാമീപ്യത്തിന്റെ അനാദിയായ ഓർമ്മകൾ അവരെ വേട്ടയാടുന്നുവെന്നാണോ? തങ്ങളുടെ ഓർമ്മകളുടെ കയങ്ങളിൽ അവർ ഒളിപ്പിച്ചുവയ്ക്കുന്നുണ്ടാവുമോ, ദൈവത്തിന്റെ പ്രതിരൂപം?

തങ്ങളുടെ പ്രഥമസ്മൃതിയുടെ ഉപബോധസമ്മർദ്ദത്തിൻ കീഴിൽ ദൈവത്തെ അനുകരിക്കുകയാണവർ, വിശുദ്ധർ.

ഓരോ മനുഷ്യനും ദൈവമാണ്‌ അവന്റെ ആദ്യത്തെ ഓർമ്മ. ഓർമ്മയിലൂടെ പിന്നിലേക്കു പോവുക എന്നത് ഒരു സാധാരണക്കാരന്റെ കഴിവിനതീതമാണെങ്കിലും വിശുദ്ധരുടെ കാര്യത്തിൽ അവരുടെ പ്രധാനമായ നേട്ടമാണത്; തങ്ങളുടെ യത്നത്തിന്റെ ദിശ പലപ്പോഴും പൂർണ്ണമായി അവർക്കു മനസ്സിലാകണമെന്നില്ലെങ്കിലും. 

വിശുദ്ധരുടെ ധ്യാനം ആദിമസ്മൃതിയിലെ ഒരു തടങ്കലാണ്‌. ഓർമ്മയുടെ പരമാവധിയാണ്‌ ദൈവത്വം. പറുദീസയിലെ സത്വങ്ങൾ മുതൽ ഇങ്ങു താഴെ നമ്മൾ വരെ ആ ആദിമമായ ഉള്ളടക്കത്തിനവകാശികളാണ്‌ എല്ലാവരും. ഓർമ്മയുടെ ശരിക്കുള്ള ഉള്ളടക്കത്തെ, കാലത്തിന്റെ സംഭാവനയെ, കവച്ചുചാടിക്കൊണ്ടേ നമുക്ക് ആദിമസ്മൃതിയിലേക്കെത്താൻ കഴിയുകയുള്ളു. എന്തുകൊണ്ടാണ്‌ മിക്കവാറും എല്ലാ ഭ്രാന്തന്മാരും ദൈവത്തെക്കുറിച്ചു സംസാരിക്കുകയോ തങ്ങളും ദൈവങ്ങളാണെന്നു വിശ്വസിക്കുകയോ ചെയ്യുന്നത്? തങ്ങളുടെ ഓർമ്മയുടെ ശരിക്കുള്ള ഉള്ളടക്കം നഷ്ടപ്പെട്ടുകഴിഞ്ഞ അവരുടെ മനസ്സുകളിൽ ഓർമ്മയുടെ ആദിമൂലങ്ങൾ ഉടവു തട്ടാതെ ഇരിക്കുന്നു എന്നതുകൊണ്ടാണത്. ലഹരിയുടെ കാര്യവും ഇതുതന്നെ. ദൈവത്തെ ഓർത്തെടുക്കാനായി മനുഷ്യൻ കുടിച്ചു ബോധം കെടുന്നു. അവൻ ഭ്രാന്തനാകുന്നതും ഇതേ കാരണങ്ങളാലാവാം. എന്തായാലും ഒരു വിശുദ്ധനാകാൻ  അവനുള്ള ഒരേയൊരു പ്രേരണ ഇതാണെന്നതിൽ സംശയിക്കാനില്ല.

*

33

ലൈംഗികതയെ മതാത്മകമായ ഹർഷമൂർച്ഛ പകരം വയ്ക്കുന്നു. മനുഷ്യവർഗ്ഗത്തിന്റെ മദ്ധ്യമത്വം ഒന്നുമാത്രമാണ്‌ ലൈംഗികതയ്ക്കുള്ള  ന്യായമെന്നു തോന്നുന്ന ഒരേയൊരു വിശദീകരണം. നമുക്കു നമ്മിൽ നിന്നു പുറത്തുവരാനുള്ള ഒരേയൊരു വഴി എന്ന നിലയ്ക്ക് മൃഗത്വത്തിൽ നിന്നുള്ള ഒരു താല്ക്കാലികമോചനമാണ്‌ ലൈംഗികത. ഓരോ ജീവിയ്ക്കും മൈഥുനം അതിന്റെ ജൈവശാസ്ത്രധർമ്മത്തെ അതിവർത്തിയ്കുന്ന ഒന്നാണ്‌. മൃഗത്വത്തിനു മേലുള്ള ഒരു വിജയമാണത്. സ്വർഗ്ഗത്തിലേക്കുള്ള ഒരേയൊരു കവാടം. വിശുദ്ധർ ലൈംഗികതയില്ലാത്തവരല്ല, അതിനെ അതിവർത്തിച്ചവരാണ്‌. ലൈംഗികതയുടെ വെളിപാടുകൾ വേണമെന്നില്ലാത്ത അവസ്ഥയിലെത്തിയിരിക്കുന്നു അവർ. വിശുദ്ധനാവുക എന്നാൽ സദാ തനിക്കു ബാഹ്യനായിരിക്കുക എന്നാണ്‌. അതിനോട് ലൈംഗികത പിന്നെന്തു കൂട്ടിച്ചേർക്കാൻ? വിശുദ്ധരുടെ ദിവ്യമൂർച്ഛയ്ക്കു മുന്നിൽ രതിമൂർച്ഛ നിറം കെട്ടുപോകുന്നു.

*

34

ഫറവോന്മാർ പിരമിഡുകൾ പടുത്ത കാലമാണ്‌ എല്ലാ ചരിത്രകാലഘട്ടങ്ങളിലും വച്ച് എനിക്കു മനഃശാന്തി തോന്നുമായിരുന്ന കാലം- ഒരടിമയായി പണിയെടുക്കുകയായിരുന്നു അന്നു ഞാനെങ്കിൽ. എത്ര ഭീതിയും ആദരവും ജനിപ്പിക്കുന്നതാണത്, ചാട്ടയടികളേറ്റുകൊണ്ട് ശിലാഖണ്ഡങ്ങൾ എടുത്തുയർത്തുകയും ഒപ്പം നിത്യതയ്ക്കു മുന്നിൽ വിജയം ഘോഷിച്ചുകൊണ്ട് പിരമിഡുകൾ ഉയർന്നുവരുന്നതു കാണുകയും ചെയ്യുക, കാലം അവയെ ത്യജിച്ചുപോകുമ്പോൾ ചുറ്റും ശൂന്യത വന്നുമൂടുന്നതു മനസ്സിൽ കാണുന്നതുപോലും. ഏതു യൂറോപ്യൻ തത്വശാസ്ത്രജ്ഞനെക്കാളും നിത്യതയോടു സമീപസ്ഥരായിരുന്നു ഈജിപ്ഷ്യൻ അടിമകളിൽ ഏറ്റവും നിസ്സാരൻ പോലും! നമുക്ക് ആകാശം തന്നെ നമ്മുടെ ശവകുടീരമായിരിക്കുന്നു! ആധുനികലോകത്തിനു മേൽ ഒരു ശാപം വീണിരിക്കുന്നു, പരിമിതവസ്തുക്കളുടെ വശീകരണം!

*

35

ഞാൻ ദൈവത്തെ മാത്രം ഉദ്ധരിക്കുന്ന ഒരു കാലം എന്നെങ്കിലും വരുമോ?

36

മനുഷ്യർക്ക്, വിശുദ്ധർക്കു പോലും, പേരുകളില്ല. ദൈവത്തിനേ അതൊന്നുള്ളു. എന്നാൽ എല്ലാ നൈരാശ്യത്തിന്റെയും ഉറവിടമെന്നല്ലാതെ നമുക്കെന്തെങ്കിലും അറിയുമോ അവനെക്കുറിച്ച്? ദൈവത്തിന്റെ നൈരാശ്യം തുടങ്ങുന്നു, മറ്റുള്ളവരുടേത് അവസാനിക്കുന്നിടത്ത്.

*

37

നമ്മുടെ ആത്മാവിൽ ആശ്രമങ്ങളുടെ നിഴൽ വീഴ്ത്തുന്ന ചില ശോകങ്ങളുണ്ട്. അവയിലൂടെ നാം വിശുദ്ധരെ മനസ്സിലാക്കാൻ തുടങ്ങുന്നു. നമ്മുടെ ദുരിതത്തിന്റെ അതിരോളം നമുക്കു കൂട്ടു വരാൻ വിശുദ്ധർക്കാഗ്രഹമുണ്ടെങ്കിലും അവർക്കതിനു കഴിയാറില്ല; നമ്മെ ഏകാകികളാക്കി, ഏകാന്തതയിലും പശ്ചാത്താപത്തിലും നമ്മെ ഒറ്റയ്ക്കാക്കി അവർ പാതിവഴിക്കു നമ്മെ വിട്ടുപോകുന്നു. അവരുടെ ഹൃദയത്തിന്‌, ദൈവത്തിലാണതിന്റെ അച്ചുതണ്ടുറപ്പിച്ചിരിക്കുന്നതെന്നതിനാൽ, നമ്മുടേതിലും വ്യത്യസ്തമായ ഒരു ചരിവാണുള്ളത്.

*

38

സ്ഥലശൂന്യമായ ഒരു ലോകം സങ്കല്പിക്കാൻ ശ്രമിക്കുകയാണു ഞാൻ- എനിക്കാകെ കണ്ടെത്താൻ കഴിയുന്നത് ഒരു വിശുദ്ധന്റെ ഹൃദയം.

*

39

സ്വന്തം മരണം ശൈലീകൃതമാക്കുന്നവരുണ്ട്. മരിക്കുകയെന്നാൽ അവർക്കതൊരു രൂപപരമായ പ്രശ്നമാണ്‌. എന്നാൽ മരണം ദ്രവ്യവും ഭീതിയും കൂടിയാണല്ലോ. അതുകൊണ്ടാണ്‌ മരണത്തെ ഒഴിവാക്കിക്കൊണ്ടല്ലാതെ ഭംഗിയായി മരിക്കാൻ കഴിയാത്തതും. 

എന്തുകോണ്ടാണ്‌ മെലിഞ്ഞവരും തടിച്ചവരും മരണഭയം പിടികൂടിക്കഴിഞ്ഞാൽ അത്രയും കുത്സിതവും മടുപ്പിക്കുന്നതുമായ കാഴ്ചയാകുന്നത്? ദ്രവ്യം അത്രയധികമുള്ളപ്പോൾ കൂടുതൽ സുനിശ്ചിതവും അനുകൂലവുമായ ഒരു കൂടു കിട്ടുകയാണു മരണത്തിന്‌; ദ്രവ്യത്തിന്റെ അളവിനു നേരനുപാതത്തിൽ ഭീതി കൂടുകയും ചെയ്യുന്നു.

*

40

ടോൾസ്റ്റോയിയുടെ മരണഭയത്തെക്കുറിച്ചോർക്കുമ്പോഴൊക്കെ ആനയുടെ പേടി എനിക്കു മനസ്സിലാകാൻ തുടങ്ങുന്നു.

*

41

ഓരോ വേദനയുടേയും പരിധി അതിലും വലിയ ഒരു വേദനയാണ്‌.

42

മരണഭയത്തിൽ നിന്നൊളിച്ചോടാൻ ശ്രമിച്ചവരാണ്‌ മരണത്തെ ചോദ്യം ചെയ്യാതംഗീകരിക്കുക എന്ന ഉപായം കണ്ടുപിടിച്ചത്. എന്നാൽ മരണഭയമില്ലെങ്കിൽ മരണം അർത്ഥമില്ലാത്തതാവുകയും ചെയ്യുന്നു. മരണത്തിന്റെ അസ്തിത്വം അതിലും അതിലൂടെയും മാത്രമാണ്‌. മരണവുമായുള്ള അനുരഞ്ജനത്തിലൂടെ കിട്ടുന്ന വിവേകം അന്തിമാവസ്ഥയ്ക്കു മുന്നിലെ ഏറ്റവും ഉപരിപ്ലവമായ മനോഭാവമാണ്‌.

43

ഉല്ക്കടമായ ആ നിഷ്കളങ്കതയുടെ പേരിൽ ഞാൻ വിശുദ്ധരെ സ്നേഹിക്കുന്നു; അവരുടെ വിശേഷലക്ഷണങ്ങൾക്ക് ശിശുസഹജമായ ഒരാർജ്ജവത്തിന്റെയും അനാവശ്യമായ ഒരു വേദനയുടേയും ഭാവം പകരുന്നത് അതാണല്ലോ. എപ്പോഴും പാതിയടഞ്ഞ കണ്ണുകൾ, ബാഹ്യവെളിച്ചത്തിന്റെ വിവേചനമില്ലായ്മയിൽ നിന്ന് തങ്ങളുടെ ആന്തരരഹസ്യത്തെ കാത്തുകൊള്ളും കൺപോളകളെന്നപോലെ; തങ്ങളുടെ നോട്ടത്തിന്റെ സന്ദിഗ്ധതയോടു ചേർന്നുപോകുന്ന ചിന്താധീനമായ ഒരു മന്ദഹാസം; ആകാശത്തിന്റെ നീലിമ വീണു തിളങ്ങുന്ന ചുവന്ന ചുണ്ടുകൾ; ഒരഭൗമലോകത്തിന്റെ ആലിംഗനത്തിനായി നീട്ടിയ വിളറിയ കൈകൾ; റാഫേൽ തന്റെ മഡോണമാരെ, അതാണവരുടെ ഹൃദയസാരമെന്ന രീതിയിൽ, ഉടുപ്പിച്ച സ്വർഗ്ഗീയനീലവും. 

എന്തിനവർ ലോകത്തേക്കു കണ്ണു തുറക്കണം, യേശുവിനെ കാണാനേ തങ്ങൾക്കു കണ്ണുകളുള്ളുവെന്ന് പേർത്തും പേർത്തുമവർ ഉദ്ഘോഷിച്ചിരിക്കെ? ദിവ്യോന്മാദം കണ്ണുകളെ മൂടിക്കളയുന്നു; അതിൽ ഒരാൾ എന്തു കാണുന്നുവോ, അതാണയാൾ. അതുകോണ്ടാണ്‌ അതിനു കാഴ്ചശക്തി വേണമെന്നില്ലാത്തത്. ദിവ്യമൂർച്ഛയിൽ കണ്ണുകൾ പാതിയടച്ച തെരേസാപുണ്യവതിയുടെ ശില്പം ചെയ്തപ്പോൾ ബെർണിനിക്ക് അതു പിടി കിട്ടിയിരുന്നു. അതുപോലെ സുർബരൻ, സ്വർഗ്ഗീയവികാരങ്ങളുടെ തുല്യതയില്ലാത്ത ചിത്രകാരൻ, അസ്സീസ്സിയിലെ ഫ്രാൻസിസ്സിനു നല്കിയത് അദ്ദേഹത്തിന്റെ അഭൗമശാന്തതയ്ക്കൊട്ടും ചേരാത്ത ഒരു മുഖമാണ്‌.

*

44

വസ്തുനിഷ്ഠമായ കാഴ്ചപ്പാടിലൂടെ നോക്കുമ്പോൾ എല്ലാ മനുഷ്യരും മരണത്തിൽ നിന്ന് ഒരേ ദൂരത്തിലാണ്‌. ഏതു നിമിഷവും മരണത്തിനു വിധേയരാകാനുള്ളവരാണ്‌ നാമെല്ലാം. ആത്മനിഷ്ഠമായ കാഴ്ചപ്പാടിലൂടെ നോക്കുമ്പോൾ - സാരമായിക്കാണേണ്ട ഒരേയൊരു കാഴ്ചപ്പാടും അതുതന്നെ - ചിലർ അതിനോടത്രയുമടുത്തവരായിരിക്കും, അതിനോടു താദാത്മ്യം പ്രാപിച്ചാലെന്നപോലെ; ചിലർ അതിനെ കണ്ടിട്ടേയില്ലെന്നപോലെയുമായിരിക്കും. വസ്തുനിഷ്ഠമായ മരണത്തിന്‌ ഒരർത്ഥവുമില്ല, റില്ക്കേയിൽ, നോവാലിസിൽ. വാസ്തവത്തിൽ ഒരിക്കൽ മാത്രം മരിക്കുന്ന കവികൾ തന്നെയില്ല.

*

45

സാധാരണക്കാർ വിശുദ്ധരിൽ നിന്നു വ്യത്യസ്തരാകുന്നത് ശരീരത്തോടുള്ള അവരുടെ മനോഭാവം കൊണ്ടാണ്‌, സ്വർഗ്ഗാഭിമുഖ്യം കൊണ്ടല്ല. ഒരാളും സ്വർഗ്ഗത്തിന്റെ ഉടമയല്ല, എന്നാൽ ഏതു വിശുദ്ധനും ഒരു ശരീരമുണ്ടുതാനും. സാധാരണക്കാരന്‌ ശരീരം ഒരു പ്രശ്നമാണോ? അത് രോഗാധീനമാകുന്നിടത്തോളം മാത്രം. അല്ലാത്തപക്ഷം അയാളതിനെ താനറിയാതെതന്നെ കൊണ്ടുനടന്നോളും. വിശുദ്ധർക്കു പക്ഷേ, ഒരൊഴിയാബാധയാണത്. 

ശരീരത്തിനപ്പുറത്തേക്കുള്ള അനന്തമായ ഒരു കുതിപ്പാണ്‌ ദിവ്യമൂർച്ഛ. ശരീരത്തിന്റെ പരാജയം തർക്കമറ്റ രീതിയിൽ തെളിയിക്കാൻ മുന്നോട്ടുവയ്ക്കുന്ന സാക്ഷ്യപത്രങ്ങൾ എത്രയെങ്കിലുമാണ്‌. വിശുദ്ധന്മാരുടെ കുമ്പസാരങ്ങൾ തങ്ങളുടെ ശരീരവുമായി അവരുടെ മനഃസാക്ഷി നടത്തിയ മല്പിടുത്തങ്ങളുടെ രേഖകളല്ലാതെ മറ്റൊന്നുമല്ല. ബോധപൂർവ്വമാണെന്നതിനാൽ ഈ സംഘർഷത്തിനു പക്ഷേ നാടകീയത കുറവാണ്‌, അതിൽ നിന്നു വെളിപാടുകളൊന്നും ഉണ്ടാകുന്നതുമില്ല; ശരീരത്തെ വീണ്ടും കണ്ടെടുക്കുന്നതിൽ ഇതുരണ്ടും ഉണ്ടാവുകയും ചെയ്യും. മിസ്റ്റിക്കുകളുടെ സമാധി വളരെ നേരം നീണ്ടുനില്ക്കാറുണ്ട്, ചിലപ്പോഴൊക്കെ ദിവസങ്ങളോളം. ആത്മാവ് നിരന്തരസമ്മർദ്ദത്തിലാണ്‌; സത്തയാകട്ടെ, ആത്മാവിന്റെ പാത പിന്തുടർന്ന് ശരീരത്തോടു തനിക്കുള്ള ചേർച്ച മറക്കുകയും ചെയ്യുന്നു. ആന്തരജ്വാലകൾ ശരീരത്തിന്റെ പ്രതിരോധത്തെ സ്ഫുടം ചെയ്യുകയാണ്‌, ദിവ്യമൂർച്ഛയുടെ അമൂർത്തത മാത്രം ശരീരത്തിന്റേതായി ശേഷിക്കുന്നിടത്തോളം. ദിവ്യമൂർച്ഛയുടെ തീക്ഷ്ണത തണുക്കാൻ തുടങ്ങുമ്പോൾ സാധാരണതയിലേക്കുള്ള മടക്കം തുടങ്ങുന്നു, അതിനൊപ്പം, തന്നെത്തന്നെ മറന്ന ഒരു ശരീരത്തിന്റെ സ്വയം വീണ്ടെടുക്കലും. എല്ലാ വിശുദ്ധരും സ്വന്തം ശരീരത്തിന്റെ രോഗമുക്തിയെക്കുറിച്ചു പരാതിപ്പെടാറുണ്ട്, അതായത് ദിവ്യമൂർച്ഛയിൽ നിന്നുള്ള പതനത്തെക്കുറിച്ച്.

46

ക്രിസ്റ്റീന എബ്‌നെർ ഇരുപത്തിനാലാം വയസ്സിൽ കണ്ട ഒരു സ്വപ്നം ഹൃദയസ്പർശിയത്രെ. അതിൽ അവൾ ഗർഭവതിയാണ്‌, അവൾ ഗർഭം ധരിച്ചിരിക്കുന്നതാകട്ടെ യേശുക്രിസ്തുവിനേയും. തന്നിലെ ദിവ്യശിശുവിനു ദോഷമാകുമോയെന്ന ഭയത്താൽ ഒന്നങ്ങാൻ കൂടി മടിക്കുന്നത്രയളവിലായിരുന്നു അവളുടെ ആനന്ദം. നോവറിയാതെ പ്രസവം കഴിഞ്ഞിട്ട് അവൾ അവനെ കയ്യിലെടുത്ത് കന്യാസ്ത്രീകളെ കാണിച്ചുകൊണ്ടു പറഞ്ഞു: “എന്നോടൊപ്പമാഹ്ലാദിക്കൂ, ഇനിയെനിക്കെന്റെ ആഹ്ലാദം മറച്ചുവയ്ക്കാനാവില്ല; യേശുവിനെ ഞാൻ ഗർഭം ധരിച്ചു, അവനെ ഞാൻ പ്രസവിച്ചു.” 

നിർഭാഗ്യത്തിന്‌ അപ്പോളവളുടെ ഉറക്കം ഞെട്ടി. ആ സമയത്തു മരിച്ചുപോയിരുന്നെങ്കിൽ ഒരു സ്ത്രീയുമറിയാത്ത ഒരാനന്ദത്തോടെയാവും അവൾ മരിച്ചിരിക്കുക. 

അവളുടെ സ്വപ്നം ഒരു കന്യാസ്ത്രീയുടേതല്ല, ഒരു വിശുദ്ധയുടേതായിരുന്നു. ഒരാളൊഴിയാതെല്ലാ വിശുദ്ധരുടേയും ഹൃദയത്തിൽ അതൊളിഞ്ഞുകിടക്കുന്നു: ദൈവത്തെ ഗർഭം ധരിച്ച ജന്മങ്ങൾ.

ക്രിസ്റ്റീന എബ്‌നെറുടെ ജീവിതകാലം 1277 മുതൽ 1355 വരെയായിരുന്നു. മദ്ധ്യകാലഘട്ടം ദൈവത്താൽ അർത്ഥഗർഭമായിരുന്നു.

ഒരു ഞായറാഴ്ചദിവസം അവൻ ക്രിസ്റ്റീനയോടു പറഞ്ഞു: “പ്രണയം കൊണ്ടു മൃതാവസ്ഥയിലായവനെപ്പോലെ ഞാൻ നിനക്കടുത്തേക്കു വരുന്നു. മണവാട്ടിയുടെ കിടക്കയ്ക്കരികെ മണവാളന്റെ അഭിലാഷത്തോടെ ഞാൻ നിനക്കടുത്തേക്കു വരുന്നു.” ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ ദൈവമാവുക നല്ലതാണ്‌, അതിലും നല്ലതാണ്‌ അവന്റെ മണവാട്ടിയാവുക.

*

47

“എല്ലാമാണെന്ന തോന്നൽ, ഒന്നുമല്ലെന്ന തീർച്ചയും” പോൾ വലേറി. ഒരു കവിയുടെ നിഗമനം- വിശുദ്ധരുമായി സംസർഗ്ഗം പുലർത്തിയവർക്കുള്ളത്.

*

47

ഭിക്ഷാടനം ദാരിദ്ര്യത്തിന്റെ ഉല്പന്നമല്ല. ചരിത്രത്തിലുണ്ടായിരുന്ന ഒരു ദേശത്ത് എത്ര ഭിക്ഷക്കാരുണ്ടോ, അത്രയും തന്നെ ഭിക്ഷക്കാരുണ്ടാവും ഒരാദർശദേശത്തും. ഭിക്ഷാടനം ഉപജീവനമാക്കിയ ഒരാൾ ജീവിതത്തിന്റെ ചിരസ്ഥായിയായ ഒരു ലക്ഷണമാണ്‌. നാല്ക്കവലകളും കവാടങ്ങളും കരുണയും ഉള്ള കാലത്തോളം എവിടെ നിന്നെന്നില്ലാതെ അയാൾ പൊട്ടിവീണോളും. ഭിക്ഷക്കാർ നാല്ക്കവലകളുടെ സുഗന്ധമാണ്‌, കവാടങ്ങളുടെ സൗമനസ്യമാണ്‌, പരോപകാരതല്പരരുടെ മോക്ഷവുമാണ്‌. അവരില്ലെങ്കിൽ സഹാനുഭൂതി ബോധത്തിലെ ഒരു ശൂന്യത പോലെ അലിഞ്ഞില്ലാതാകും, എവിടെ സ്വയം പ്രതിഷ്ഠിക്കണമെന്നറിയാതെ വ്യാപകമായ ഒരസംതൃപ്തിക്ക് അതു വഴി മാറുകയും ചെയ്യും. സഹാനുഭൂതിയാണ്‌ ഭിക്ഷാടനം സൃഷ്ടിച്ചതെന്നതിന്‌ നല്ല സാദ്ധ്യതയുണ്ട്; കുറഞ്ഞ പക്ഷം രണ്ടും ഒരുമിച്ചാണുണ്ടായതെന്നെങ്കിലും പറയാം. സമൂഹത്തിലെ അനീതി ഉപരിതലത്തിലേക്കു കൊണ്ടുവരുന്നത് ഭിക്ഷാടനത്തെ ഗൗരവമായി എടുക്കാത്തവരെയാണ്‌, ഭിക്ഷാടനം അവർക്കൊരു നിയോഗമല്ല, പതിതരായ പാവങ്ങൾ മാത്രമാണവർ. എന്നാൽ അന്ത:പ്രചോദിതനായ ഒരു ഭിക്ഷക്കാരനാവട്ടെ, ആർക്കും മനസ്സിലാവാത്ത ഒരു ജീവിയത്രെ. ഭിക്ഷ കൊടുക്കുന്നവർക്കാണ്‌ അവരെ ഒട്ടും മനസ്സിലാകാത്തത്; അവർക്കവരെ പേടിയുമാണ്‌. ഞാൻ ഒരു ഭിക്ഷക്കാരനായിരുന്നെങ്കിൽ ഞാൻ ആരോടും ഭിക്ഷ ചോദിക്കുമായിരുന്നില്ല. എന്നാൽ ഭിക്ഷക്കാരന്റെ ഉദാത്തത ഇതിലാണ്‌: അയാൾ എല്ലാവരിൽ നിന്നും സ്വീകരിക്കുന്നു. അയാളെ സംബന്ധിച്ച് ദാതാവ്, വ്യക്തിപരമായി, ഒന്നുമല്ല. അയാൾക്കു താല്പര്യം കുനിയുക എന്ന ചേഷ്ടയിൽ മാത്രമാണ്‌. അയാൾക്കു മുന്നിൽ വണങ്ങിക്കൊണ്ട് ഓരോ ദാതാവും നല്കുന്ന ആശംസയാണത്. നമ്മുടെ അവജ്ഞയുടെ അതേ വളവെടുക്കുന്നു അയാളുടെ അഭിമാനം. ഒരു ചില്ലിത്തുട്ടെറിഞ്ഞുകൊടുക്കാൻ അവജ്ഞയോടെ നാം എത്രത്തോളം കുനിയുന്നുവോ, അത്രയും തിളക്കം കൂടുകയാണ്‌ അയാളുടെ കണ്ണുകൾക്കപ്പോൾ. നാം അയാളെ മുഖത്തൊന്നടിച്ചാൽ അയാൾക്കു കൂടുതൽ സന്തോഷമായെന്നും വരാം; എന്തെന്നാൽ മനുഷ്യനുമായി അയാൾക്കുണ്ടാകുന്ന ഒരേയൊരു സമ്പർക്ക മാണത്. ഒരു ഭിക്ഷക്കാരനാകാനുള്ള നിയോഗം എനിക്കെന്തുകൊണ്ടു കിട്ടിയില്ല? അതിനു ഞാൻ ഭിക്ഷക്കാരനായി ജനിച്ചാലേ പറ്റൂ.

48

എന്റെ ദൈവമേ, നരകത്തിന്റെ കവാടങ്ങളിൽ ഞാൻ കണ്ണീരിന്റെ കുഴികളെടുക്കാം, അവിടം ഞാനെന്റെ പാർപ്പിടവുമാക്കാം. എന്റെ അന്തിവെളിച്ചത്തെ നിന്റെ നിഴലുകൾ കൊണ്ടു ഞാൻ പൊതിയാം. ദൈവം ഹൃദയത്തിന്റെ ഒരു മിഥ്യാഭ്രമമാണെന്നുവരുമോ, ലോകം മനസ്സിന്റേതായിരിക്കുന്നപോലെ?

49

വിശുദ്ധരുടെ കുമ്പസാരങ്ങൾ വായിച്ചിട്ടുള്ള ഏതൊരാൾക്കും ചിന്തിക്കാതിരിക്കാനാവില്ല, യേശു ലോകത്തേക്കു വന്നത് മനുഷ്യരുടെ വീണ്ടെടുപ്പിനെന്നതിനെക്കാൾ പ്രണയദാഹികളായ സ്ത്രീഹൃദയങ്ങളുടെ സാന്ത്വനത്തിനു വേണ്ടിയായിരുന്നുവെന്ന്. ലൗകികമായ വ്യാഖ്യാനങ്ങൾ വിശുദ്ധരുടെ കാര്യത്തിൽ അനുചിതമാണെങ്കിലും ഒരു വിശുദ്ധയുടെ ഹൃദയത്തിനായുള്ള മത്സരത്തിൽ യേശുവിന്റെ പ്രതിയോഗി മനുഷ്യരിൽ നിന്നൊരാളായിരുന്നുവെങ്കിൽ ത്രിത്വത്തിലെ വെറുമൊരംഗമായി ഒതുങ്ങിയേനെ നമ്മുടെ രക്ഷകനെന്ന് മിക്കവാറും ഉറപ്പിക്കാവുന്നതേയുള്ളു. 

വിശുദ്ധകളായ സ്ത്രീകളുടെ ഔദ്യോഗികകാമുകനായിരുന്നു യേശു. തങ്ങളുടെ ഹൃദയത്തിലുള്ളതെല്ലാം അവനോടു കുമ്പസാരിക്കുന്നതിൽ ഒരപകടവും അവർക്കു ഭയക്കാനില്ലായിരുന്നു, അവിവേകത്തിന്റെ അമിതത്വം അവർക്കപകടം വരുത്തിയതുമില്ല. വിശുദ്ധരുടെ പ്രണയദാഹം അവരുടെ ഹൃദയങ്ങൾ മരുപ്പറമ്പാക്കിയേനെ, അവരുടെ തൃഷ്ണകളേയും അവരുടെ ദൗർബ്ബല്യങ്ങളേയും പരിമളപ്പെടുത്താൻ സർവ്വവ്യാപിയായ ആ ദിവ്യപ്രേമം ഇല്ലായിരുന്നുവെങ്കിൽ. 

ഐഹികമായ പ്രേമം ഒഴിഞ്ഞുപോയ ഹൃദയങ്ങളാണ്‌ യേശുവിന്റെ ആശ്രയം, അവന്റെ വിശ്രമസങ്കേതം. രണ്ടായിരം കൊല്ലമായി അവൻ അവിടെ ശയിക്കുന്നു, തന്റെ പുൽത്തൊട്ടിയിൽ കിടന്നുകൊണ്ട് അവനൊരിക്കലും സ്വപ്നം കാണാത്ത ചാരുതകളുടെ തഴുകലുമേറ്റുകൊണ്ട്. പുൽത്തൊട്ടിയിൽ നിന്ന് ഒരു വിശുദ്ധഹൃദയത്തിലേക്ക്! മർത്ത്യസാധാരണമായ പരിണാമമല്ലത്.

*

50

മനുഷ്യൻ ഒറ്റപ്പെടലിന്റെ ആദ്യത്തെ വിറയറിഞ്ഞ മുഹൂർത്തത്തിലായിരിക്കണം ദൈവത്തിന്റെ പ്രവേശം. ഒരു പ്രകമ്പനത്തിന്റെ ശൂന്യതയിൽ അവൻ തന്റെ ഇടം കണ്ടെത്തുന്നു. അങ്ങനെ ദൈവത്തിന്റെ അനന്തത എന്നത് സർവ്വജീവികളും ഇന്നേവരെ സഹിച്ച ഏകാകിതയുടെ നിമിഷങ്ങൾക്കു തുല്യമാകുന്നു.

ആരും ദൈവത്തിൽ വിശ്വസിക്കുന്നില്ല- ഏകാന്തമായ ആത്മഭാഷണത്തിന്റെ പീഡനം ഒഴിവാക്കാനല്ലാതെ. സംസാരിക്കാൻ മറ്റാരെങ്കിലുമുണ്ടോ? ഏതു സംവാദത്തെയും അവൻ സ്വാഗതം ചെയ്യുന്നതായി തോന്നുന്നു, നമ്മുടെ ഏകാന്തശോകങ്ങളുടെ അരങ്ങാവാൻ തന്നെ ഒഴികഴിവാക്കുന്നതിൽ അവൻ നീരസം കാണിക്കുന്നുമില്ല.

ദൈവം കൂടെയില്ലാത്ത ഏകാകിത വെറും ഭ്രാന്താണ്‌. നമ്മുടെ പിച്ചും പേയും പറച്ചിൽ അവനിൽ ചെന്നൊടുങ്ങുകയെങ്കിലും ചെയ്യുന്നുണ്ടല്ലോ; ദൈവം ഒരു ഒരു മിന്നൽരക്ഷാകമ്പിയാണ്‌. എന്തെന്നാൽ ശോകങ്ങളും മിഥ്യാഭ്രമങ്ങളും നന്നായി കടത്തിവിടുന്ന ഒരു ചാലകമാണവൻ.

*

51

ചെറുപ്പത്തിലേ മരിച്ചു എന്നതാണ്‌ യേശുവിനു കിട്ടിയ ഏറ്റവും വലിയ ഭാഗ്യം. അറുപതുവയസ്സുവരെയാണ്‌ അവൻ ജീവിച്ചിരുന്നതെങ്കിൽ കുരിശിനു പകരം അവൻ നല്കുമായിരുന്നത് തന്റെ സ്മരണകളായിരിക്കും. ദൈവത്തിന്റെ നിർഭാഗ്യവാനായ പുത്രന്റെ പൊടി ഊതിക്കളഞ്ഞുകൊണ്ടിരുന്നേനെ നമ്മളിന്നും.

*

52

യേശുവിന്റെ പിതാവായ ജോസഫാണ്‌ ചരിത്രത്തിലെ ഏറ്റവും മാനം കെടുത്തപ്പെട്ട വ്യക്തി. ക്രിസ്ത്യാനികൾ അയാളെ ഒരരികിലേക്കു തള്ളിമാറ്റുകയും ഏറ്റവും വലിയ പരിഹാസപാത്രമാക്കുകയും ചെയ്തു. ഒരിക്കലെങ്കിലും അയാൾ സത്യം തുറന്നു പറഞ്ഞിരുനെങ്കിൽ അയാളുടെ പുത്രൻ ആരുമറിയാത്ത ഒരു ജൂതനായി ഒതുങ്ങിയേനെ. ക്രിസ്തുമതത്തിന്റെ വിജയം തുടങ്ങുന്നത് ആത്മാഭിമാനമില്ലാത്ത ഒരു പൗരുഷത്തിൽ നിന്നാണ്‌. ലോകത്തിന്റെ മതഭക്തിയിലും ഒരു മനുഷ്യന്റെ ഭീരുത്വത്തിലും ഉറവെടുക്കുന്നു ക്രിസ്തുവിന്റെ കന്യാജന്മം.

*

53

മരണഭീതിയിൽ നിന്നു താല്ക്കാലികമായെങ്കിലും  നമ്മെ സ്വതന്ത്രരാക്കാൻ വേശ്യാലയമോ ഒരു വിശുദ്ധന്റെ കണ്ണീരോ മാത്രമേയുള്ളു.

*

54

‘മരിക്കുക എന്ന കല’ എന്ന ശീർഷകത്തിലുള്ള അജ്ഞാതകർത്തൃകങ്ങളായുള്ള പുസ്തകങ്ങൾ മദ്ധ്യകാലഘട്ടത്തിന്റെ അന്ത്യത്തോടടുപ്പിച്ച് പുറത്തുവന്നിരുന്നു. അവിശ്വസനീയമായ വിധം പ്രചാരവും അവയ്ക്കുണ്ടായിരുന്നു. അങ്ങനെയൊരു പുസ്തകം ഇന്നാരുടെയെങ്കിലും മനസ്സിനെ സ്പർശിക്കുമോ? 

പൗരാണികകാലത്തു നിന്നും മദ്ധ്യകാലഘട്ടത്തിൽ നിന്നും നമ്മെ വേറിട്ടുനിർത്തുന്നത് മരണത്തിനു സ്വയം സജ്ജരാവാൻ നമുക്കിപ്പോൾ അറിയാതായിരിക്കുന്നു എന്ന വസ്തുതയാണ്‌. ആരുമിപ്പോൾ ഉള്ളിൽ മരിക്കാതായിരിക്കുന്നു, നമുക്കുപരി യാണതു നടക്കുന്നത്.

എങ്ങനെ മരിക്കണമെന്ന് പൗരാണികർക്കറിയാമായിരുന്നു. മരണത്തോടുള്ള അവജ്ഞ അവർക്കൊപ്പം പിറവിയെടുത്തതാണ്‌. എന്നാൽ ആ അവജ്ഞ ജ്ഞാനത്തിൽ നിന്നുണ്ടായതുമാണ്‌. ആത്മീയമായി മരണത്തെക്കാളുയരുക എന്നതായിരുന്നു അവരുടെ ആദർശം. നമുക്കാകട്ടെ, വേദനിപ്പിക്കുന്നതും പേടിപ്പിക്കുന്നതുമായ ഒരപ്രതീക്ഷിതസംഭവമാണത്. അങ്ങനെയത് ഭീതിദവും നാടകീയവുമാകുന്നു. ഒരു പൗരാണികനും മരണം അപ്രതീക്ഷിതമായിരുന്നില്ല; അതിനാൽ അതു വന്നടുക്കുമ്പോൾ അതിനെ നോക്കി പുഞ്ചിരിക്കാനും അവർക്കു കഴിഞ്ഞിരുന്നു- നമ്മെ അമ്പരപ്പിക്കുന്ന വസ്തുതയാണത്. മരണത്തിന്റെ അനിവാര്യത അത്രയുമവർക്കു ബോദ്ധ്യമായിരുന്നതിനാൽ മരിക്കുക എന്ന വിശദവും വിപുലവുമായ കല അവർ ആവിഷ്കരിച്ചെടുക്കുകയുംചെയ്തു. ഈ കല നമുക്കറിയാമെങ്കിലും നമുക്കതു സഹായകമാകുന്നില്ല.

*

55

തിരശ്ചീനമായി കിടന്നുകൊണ്ടേ ചിന്തിക്കാനാവൂ. ലംബമായി നിന്നുകൊണ്ട് നിത്യതയെ ഭാവന ചെയ്യുക മിക്കവാറും അസാദ്ധ്യമാണ്‌. നിവർന്നു നടക്കാൻ തുടങ്ങിയപ്പോൾ മൃഗങ്ങൾക്കു മനുഷ്യരുടെ പദവിയിലേക്കു പരിണമിക്കാമായിരുന്നു; ബോധം പക്ഷേ, പിറവിയെടുത്തത് സ്വാതന്ത്ര്യത്തിന്റെയും ആലസ്യത്തിന്റെയും നിമിഷങ്ങളിലായിരുന്നു.നിങ്ങൾ നിലത്തു മലർന്നുകിടക്കുമ്പോൾ, നിങ്ങളുടെ കണ്ണുകൾ ആകാശത്തുറ്റുനോക്കുമ്പോൾ നിങ്ങൾക്കും ലോകത്തിനുമിടയിലെ വിഭജനം ഒരു വിടവു പോലെ തുറക്കപ്പെടുന്നു- ആ വിടവില്ലാതെ ബോധം അസാദ്ധ്യമാണ്‌. ഒരൊറ്റച്ചിന്ത പോലും നിന്നുകൊണ്ടുണ്ടാകുന്നില്ല; ധ്യാനത്തിന്റെ അവശ്യോപാധിയാണ്‌ തിരശ്ചീനമായ നിശ്ചേഷ്ടത. സന്തുഷ്ടചിന്തകളൊന്നും അങ്ങനെയല്ല ജനിക്കുന്നതെന്നതു ശരിതന്നെ. എന്നാൽ ധ്യാനം ഒരുതരം നിസ്സഹകരണത്തിന്റെ പ്രകാശനമാണെന്നതിനാൽ സത്തയെ അതിനു സഹിക്കാൻ കഴിയില്ല. ചരിത്രം ലംബരേഖയുടെ ഉല്പന്നമാണ്‌, ശൂന്യത തിരശ്ചീനരേഖയുടേതും.

*

56

തങ്ങളുടെ സ്വന്തം ജീവിതത്തിലെ സ്വകാര്യസന്ദർഭങ്ങളെ ദൈവവുമായി കൂട്ടിക്കുഴയ്ക്കുന്ന വിശുദ്ധരുടെ സ്വകാര്യവെളിപാടുകൾ വലിയ കരുതലോടെയേ സഭ എന്നും കണ്ടിട്ടുള്ളു. എന്നാൽ ഏറ്റവും ആത്മാർത്ഥവും നമ്മുടെ ഹൃദയങ്ങളോട് ഏറ്റവുമടുത്തതും തന്നെയാണ്‌ ഈ വെളിപാടുകൾ. സെൻസർ ചെയ്യപ്പെടാത്ത ദിവ്യദർശനങ്ങൾക്ക് രുചികരമായ ഒരു ശുദ്ധതയുണ്ട്. ഉദാഹരണത്തിന്‌, ഏഞ്ജെല ദ് ഫൊലിഗ്നോയെ യേശു വിളിക്കുന്നത് ലെല്ല എന്ന ചെല്ലപ്പേരാണ്‌; തന്റെ മുറിവുകൾ അവളെ കാണിക്കുമ്പോൾ അവൻ മന്ത്രിക്കുന്നുമുണ്ട്: “ഇതെല്ലാം നിനക്കു വേണ്ടിയാണ്‌.” അതുപോലെ, കൊറോണയിലെ മാർഗരെറ്റിനോടു സംസാരിക്കുമ്പോൾ അവൻ പറയുകയാണ്‌: “നിന്നെപ്പോലെ ഭൂമിയിൽ ഞാൻ ആരെയും സ്നേഹിക്കുന്നില്ല.”

ഇതൊന്നും ഔദ്യോഗികമായ വെളിപാടുകളല്ലെന്നതു ശരിതന്നെ; അതേസമയം വിശുദ്ധത്വത്തിന്റെ ഹൃദ്യമായ ഉന്മാദവുമാണവ.

യേശു ഒരുനാൾ ഏഞ്ജെലയോടു മന്ത്രിച്ചതല്ലേ,“പറുദീസയിലെ വിശുദ്ധരിൽ നീ മാത്രമാണെന്റെ കാമുകി” എന്ന്?തീർത്തും സ്വകാര്യമായ ഒരു വെളിപാടാണിത്; നമുക്കതിൽ ഇടപെടാനാവില്ല, ദിവ്യസ്പർദ്ധ ഇളക്കിവിടാതെ.

*

57

നിശ്ശബ്ദത ചിലപ്പോഴത്രയ്ക്കഗാധമാവുമ്പോൾ മൂടിയിട്ടധികനേരമാവാത്ത ശവക്കുഴികളിൽ ചിന്തകൾക്കനക്കം വയ്ക്കുന്നതു നിങ്ങൾക്കു കേൾക്കാം. കാറ്റിന്റെ വിലാപമൊടുങ്ങുമ്പോൾ പൂമ്പാറ്റകളുടെ നേർത്ത ചിറകിളക്കം മലഞ്ചരിവുകളുടെ മൗനത്തിനസഹ്യമാവുന്നു. അങ്ങനെയുള്ള മുഹൂർത്തങ്ങളിലാണ്‌ വിദൂരാകാശത്തിന്റെ ഇളംനീലിമ നിങ്ങൾക്കു കണ്ണില്പെടുന്നതും അതിന്റെ ദിവ്യവും മൂകവുമായ മൂഢതയുമായി നിങ്ങൾ സ്നേഹത്തിലാവുന്നതും. ഞാൻ ആകാശത്തെ സ്നേഹിക്കുന്നത് അതിനു ബുദ്ധിയില്ല എന്നതുകൊണ്ടാണ്‌. നക്ഷത്രങ്ങൾക്കെന്തെങ്കിലും അറിയാമോ എന്നെനിക്കു സംശയമുണ്ട്.

*

58

പറുദീസയെ വീണ്ടെടുക്കാൻ നോക്കിയ അവസാനത്തെ മനുഷ്യൻ ദസ്തയെവ്സ്കിയായിരുന്നു. എന്നാൽ ഒന്നുകൂടി ബലത്ത പതനാഭിമുഖ്യം സൃഷ്ടിക്കുന്നതിലേ അദ്ദേഹം വിജയിച്ചുള്ളു. അങ്ങനെ പറുദീസയ്ക്കും നമ്മുടെ പറുദീസാമോഹത്തിനും അദ്ദേഹം ഒരന്തിമപ്രഹരമേല്പിച്ചു.

പതനത്തിനു മുമ്പുള്ള ആദാമിനെ അറിയുന്ന അവസാനത്തെയാളും ദസ്തയെവ്സ്കിയായിരുന്നു. എന്നാൽ പാപത്തിന്റെ മാദകത്വം നമുക്കു പരിചയപ്പെടുത്തുന്നതിലേ അദ്ദേഹം വിജയിച്ചുള്ളു.

ദസ്തയെവ്സ്കിയെ വാഴ്ത്തപ്പെട്ടവനാക്കാൻ നാം വിഫലമായി യത്നിക്കുന്നു. എന്നും നാമതിൽ പരാജയപ്പെടും. എന്നാല്ക്കൂടി, അദ്ദേഹത്തിന്റെ ചെരുപ്പിന്റെ വാറഴിക്കുന്നതിൽ അഭിമാനം തോന്നാത്ത ഒരു വിശുദ്ധൻ എന്റെ അറിവിലില്ല.

*


59

ദീനമായൊരാനന്ദത്തിന്റെ തിരമാല പോലെ സംഗീതം നമ്മെ ആമഗ്നമാക്കുമ്പോൾ വാസനിക്കുന്നൊരു മരണത്തിനായി നാം കൊതിക്കുന്നു. അത്രയധികം സംഗീതം തങ്ങൾക്കുള്ളിലുള്ളതിനാൽ വിശുദ്ധർക്കു മാത്രമേ ഉടലിന്റെ ജീർണ്ണതയെ ചെറുത്തുനില്ക്കാൻ കഴിയുന്നുള്ളു. അവരുടെ ശവങ്ങൾക്കു നാറ്റമില്ല. ഒരിക്കലും മരണമില്ലാത്തവനാവാനും മാത്രം സംഗീതം ഉള്ളില്ക്കൊള്ളാൻ എനിക്കു കഴിയുമോ? ചില ലാസ്യസംഗീതങ്ങൾ കേട്ടുകഴിഞ്ഞിട്ടാണു നാം മരിക്കുന്നതെങ്കിൽ നമ്മുടെ ജഡം ചീയുകയില്ല.

*

60

സംഗീതത്തിന്റെ മൂർച്ഛയിലേ അമരനായെന്ന തോന്നൽ എനിക്കുണ്ടാകാറുള്ളു. ഹാ, നിങ്ങളുടെ ഹൃദയം ആകാശത്തിന്റെ വർണ്ണങ്ങൾ പകരുകയും ചില ഗാഢധ്വനികൾ ചക്രവാളത്തിനുമപ്പുറത്തു നിന്ന് ഓർമ്മകളെ ആവാഹിക്കുകയും ചെയ്യുന്ന ആ തെളിഞ്ഞ പകലുകൾ! കാലത്തെച്ചൊല്ലി കണ്ണീരൊഴുക്കുന്നതും അതിനു ശ്രമിക്കുന്നതും വ്യർത്ഥമാണപ്പോൾ.

*

61

സംഗീതമില്ലാത്ത ഹൃദയം വിഷാദമില്ലാത്ത സൗന്ദര്യം പോലെയാണ്‌.

*

62

ഏതു ദൈവശാസ്ത്രത്തെക്കാളും മനുഷ്യരെ ദൈവത്തോടടുപ്പിച്ചത് മദ്യമാണ്‌. എന്നാൽ ദുഃഖഭരിതരായ കുടിയന്മാർ (മറ്റൊരുതരം കുടിയന്മാരുണ്ടോ?) താപസന്മാരെ നാണം കെടുത്തിയിട്ട് കാലമേറെയായിരിക്കുന്നു.

*

63
‘നവോത്ഥാന’ത്തിനു ശേഷം ആർക്കും കീഴ്‌വഴങ്ങൽ അറിയാതായിരിക്കുന്നു. കീഴ്‌വഴങ്ങാതിരിക്കുക എന്നതാണ്‌ ആധുനികമനുഷ്യന്റെ ദാരുണമായ പരിവേഷം. പൗരാണികർ തങ്ങളുടെ വിധിക്കു കീഴടങ്ങിയിരുന്നു. ഒരാധുനികമനുഷ്യനും കീഴ്‌വഴങ്ങാനും മാത്രം വിനീതനല്ല. ജീവിതത്തോടവജ്ഞയും നമുക്കില്ല നിസ്സീമമായ വേദനയോടെ അതിനെ സ്നേഹിക്കാനുള്ള ജ്ഞാനം നമുക്കില്ല.

പൗരാണികർ തങ്ങളുടെ യാതനാനുഭവങ്ങളെ കാര്യമായിട്ടെടുത്തിരുന്നില്ല. ഇതല്ല പക്ഷേ, നമ്മുടെ കാര്യം; നാം വേദനയ്ക്കെതിരെ പൊരുതുന്നു.
*

64
ദിവ്യമൂർച്ഛയിൽ വീഴുക പതിവായിരുന്ന സിയേനയിലെ കാതറൈനരികിൽ അങ്ങനെയൊരു സന്ദർഭത്തിൽ യേശു ചെന്നു; എന്നിട്ടവളുടെ ശരീരത്തിന്റെ ഇടതുപാർശ്വം തുറന്ന് ഹൃദയം പുറത്തെടുത്തു. അതില്പിന്നെ ദിവസങ്ങളോളം അവൾ പറഞ്ഞുനടന്നു, ഹൃദയമില്ലാതെയാണ്‌ താൻ ജീവിക്കുന്നതെന്ന്. അവളെ സംശയിച്ചവരോട് അതു സാദ്ധ്യമാണതെന്ന് അവൾ ഉറപ്പിച്ചുപറഞ്ഞു: ദൈവത്തിനസാദ്ധ്യമായി ഒന്നുമില്ലല്ലോ. പിന്നെയൊരിക്കൽ ഒരു കുരിശുപള്ളിയിൽ ഒറ്റയ്ക്കു പ്രാർത്ഥിക്കുമ്പോൾ ഒരു സ്വർഗ്ഗീയവെളിച്ചത്തിനുള്ളിൽ അവൾ അവന്റെ രൂപം കണ്ടു; അവന്റെ കൈത്തലത്തിൽ ഒരു ഹൃദയവും ഉണ്ടായിരുന്നു. വിറച്ചുകൊണ്ടവൾ നിലത്തു വീണു. യേശു അടുത്തുചെന്ന് അവളുടെ ഇടതുപാർശ്വം പിന്നെയും തുറന്ന് തന്റെ കയ്യിലുണ്ടായിരുന്ന ഹൃദയം ഉള്ളിൽ വച്ചു. എന്നിട്ടവൻ പറഞ്ഞു: “നോക്കൂ, പ്രിയബാലികേ, ഒരിക്കൽ ഞാൻ നിന്റെ ഹൃദയമെടുത്തപോലെ ഇന്നു നിനക്കു ജീവിക്കാൻ ഞാൻ എന്റെ ഹൃദയം തരുന്നു.”

മോഹാലസ്യപ്പെടുന്ന വിശുദ്ധർക്ക് ഹൃദയസ്പർശിയായ ഒരു ഭംഗിയുണ്ട്. ലംബമായി നിന്നുകൊണ്ട് വെളിപാടുകൾ നമുക്കുണ്ടാവുക വയ്യെന്ന് അവർ തെളിയിക്കുന്നു, ആത്യന്തികസത്യത്തെ മുഖത്തോടു മുഖം നോക്കാൻ നിന്നുകൊണ്ടു നമുക്കു കഴിയില്ലെന്ന്. അത്രയും വന്യമായ മാദകത്വമാണ്‌ മോഹാലസ്യം ഇളക്കിവിടുന്നതെന്നതിനാൽ നിഷിദ്ധാനന്ദങ്ങൾ പരിചയമായ ഒരാൾ വീഴണോ വേണ്ടയോ എന്നു തീരുമാനിക്കാനാവാതെ കുഴങ്ങിപ്പോവുകയാണ്‌.
*

65
കുറ്റവാളിയ്ക്ക് അവസാനം ശേഷിക്കുന്ന ഏകാന്തതയാണ്‌ അപസ്മാരമെന്ന് വെയ്‌നിങ്ങർ പറയാറുണ്ടായിരുന്നു. ലോകത്തോടുള്ള എല്ലാ കെട്ടുപാടുകളും അറുത്ത ഒരാൾക്കു പിന്നെ ശേഷിക്കുന്നത് വീഴ്ച മാത്രമാണ്‌. 

വിശുദ്ധരുടെ മോഹാലസ്യങ്ങളും അത്രതന്നെ ലോകത്തോടുള്ള ബന്ധമറുക്കലായിരുന്നു. എന്നാൽ അവർ പതിക്കുന്നത് സ്വർഗ്ഗത്തിലേക്കാണെന്നേയുള്ളു.
*

66
ജീവിതത്തിന്‌ അർത്ഥമെന്തെങ്കിലും ഉണ്ടോയെന്ന സംശയം ഇപ്പോഴും ചിലർ വച്ചുപുലർത്തുന്നുണ്ട്. അതു സഹനീയമാണോ എന്നേ അറിയേണ്ടതുള്ളു എന്നതാണ്‌ വസ്തുത. അപ്പോൾ “പ്രശ്നങ്ങൾ” നിലയ്ക്കുകയും തീരുമാനങ്ങൾ തുടങ്ങുകയുമായി.
*
67
സർവ്വതും ദൈവവുമായി ബന്ധപ്പെടുത്തുന്ന ഒരു നിമിഷം എല്ലാവരുടെയും ജീവിതത്തിൽ വന്നുചേരും. അതിൽ കുറഞ്ഞതെല്ലാം ഒട്ടും പോരാത്തതായി നമുക്കു തോന്നും. എന്നാൽ ദൈവം കാലികപ്രാധാന്യമില്ലാത്തതായി മാറിയോയെന്ന ഭീതി ചിലനേരം നിങ്ങളെ പിടികൂടുന്നു, എല്ലാം അവനോടു ബന്ധപ്പെടുത്തി കാണുന്നത് ഉപയോഗശൂന്യമായി നിങ്ങൾക്കു തോന്നുകയും ചെയ്യുന്നു. ആത്യന്തികതത്ത്വത്തിന്റെ ക്ഷണികത - യുക്തിപരമായി അസംബന്ധമാണ്‌ ആ ആശയമെങ്കിലും ബോധത്തിൽ സന്നിഹിതവുമാണത് - വിചിത്രമായ ഒരു കൊടുംഭീതി നിങ്ങളിൽ നിറയ്ക്കുകയാണ്‌. ദൈവം ആത്മാവിന്റെ ഒരു പുതുമോടി മാത്രമാണെന്നു വരുമോ, ചരിത്രത്തിന്റെ അല്പനേരത്തേക്കുള്ള ഒരു വികാരാവേശം?
*

68
ദൈവത്തിനുള്ള ഏറ്റവും വലിയ ആനുകൂല്യം നിങ്ങൾക്കവനെക്കുറിച്ച് എന്തും ചിന്തിക്കുകയോ പറയുകയോ ചെയ്യാം എന്നതാണ്‌. നിങ്ങളുടെ ചിന്തകൾ എത്ര പരസ്പരബന്ധമില്ലാത്തതാകുന്നുവോ, വൈരുദ്ധ്യങ്ങൾക്കവയെ വിട്ടുകൊടുക്കുന്നുവോ, അത്രയും നിങ്ങൾ സത്യത്തിനടുത്തെത്താൻ സാദ്ധ്യതയേറുകയുമാണ്‌. യുക്തിയുടെ സീമകളിലാകുന്നത് ദൈവത്തിനു ഗുണമാവുന്നു.
*

69
ഷേക്സ്പിയറും ദസ്തയെവ്സ്കിയും ദുർവ്വഹമായ ഒരു നഷ്ടബോധത്തിലേക്ക് നിങ്ങളെ എടുത്തെറിയുന്നു, ഒരു വിശുദ്ധനുമായില്ല, ഒരു കുറ്റവാളിയുമായില്ല എന്നതിന്റെ പേരിൽ- ആത്മവിനാശത്തിന്റെ ഏറ്റവും മികച്ച രണ്ടു രൂപങ്ങൾ.
*

70
വിശുദ്ധർ വിദ്യാഭ്യാസമില്ലാത്തവരായിരുന്നു. എങ്ങനെയാണപ്പോൾ അവർ ഇത്ര നന്നായി എഴുതിയത്? പ്രചോദനം കൊണ്ടു മാത്രമാണോ? ദൈവത്തെ വർണ്ണിക്കുമ്പോഴെല്ലാം അവരുടെ ശൈലി ഒന്നു വേറെയാണ്‌. ദൈവവദനത്തോടു കാതുകൾ ചേർത്തുവച്ചാൽ ആ ദിവ്യമന്ത്രണങ്ങൾ കേട്ടെഴുതുക അനായാസമാണ്‌. അവരുടെ കൃതികൾക്ക് അതിമാനുഷികമായ ഒരു ലാളിത്യമുണ്ട്. എന്നുവച്ച് അവരെ എഴുത്തുകാർ എന്നു പറയാനുമാവില്ല, കാരണം, അവർ വിവരിക്കുന്നത് യാഥാർത്ഥ്യത്തെയല്ലല്ലോ. ലോകം അവരെ അംഗീകരിക്കുകയുമില്ല, അതതിനെ അവരുടെ രചനകളിൽ കാണുന്നില്ലെന്നതിനാൽ.

71
ഒരാളുടെ ആത്മാവിൽ സംഗീതം  ഏതു നിരപ്പു വരെ ഉയർന്നിരിക്കുന്നുവോ, അതു വച്ചു മാത്രമേ നമുക്കയാളെ അറിയാൻ കഴിയുകയുള്ളു. എന്നാൽ എനിക്കു താല്പര്യം സംഗീതത്തിൽ മുങ്ങിത്താണവരിൽ മാത്രമാണ്‌; അതിനാൽ മറ്റുള്ളവരെക്കുറിച്ചുള്ള അറിവെനിക്കു വേണ്ടെന്നു വയ്ക്കേണ്ടിവരും.

ഒരു സംഗീതശിക്ഷണവുമില്ലാത്ത സംഗീതഹൃദയങ്ങളുണ്ട്. ഒരുകൂട്ടം കമ്പനങ്ങളുമായിട്ടാണു നാം ജനിക്കുക; നമ്മുടെ ശോകമാണ്‌ അവയെ പുറമേയ്ക്കു കൊണ്ടുവരിക. ജീവിതത്തിൽ നാമൊരിക്കലും കേട്ടിട്ടില്ലാത്ത എല്ലാ സംഗീതവും നാം ഉള്ളിൽ കൊണ്ടുനടക്കുന്നുണ്ട്; ഓർമ്മയുടെ അഗാധഗർത്തത്തിനടിത്തട്ടിൽ കിടക്കുകയാണവ. സംഗീതാത്മകമായി നമ്മളിലുള്ളതെല്ലാം ഓർമ്മയാണ്‌. നമുക്കൊരു പേരില്ലാതിരുന്ന കാലത്ത് എല്ലാം നാം കേട്ടിട്ടുണ്ടാവണം. പറുദീസയുടേയും പതനത്തിന്റെയും സ്മരണയായി മാത്രമാണ്‌ സംഗീതത്തിന്റെ അസ്തിത്വം.
*

72
പുണ്യവതികളായ സ്ത്രീകളോട് വിവാഹത്തിനു സമ്മതിക്കാൻ അച്ഛനമ്മമാർ യാചിക്കുമ്പോൾ അവരുടെ മറുപടി അനിവാര്യമായും ഒന്നുതന്നെയായിരുന്നു: തങ്ങൾക്കതു പറ്റില്ല, കാരണം, തങ്ങളുടെ കന്യകാത്വം യേശുവിനു വാഗ്ദാനം ചെയ്തിരിക്കുകയാണ്‌. ഭ്രാന്തമായ ഇത്രയധികം പരിത്യാഗങ്ങൾ യേശു അർഹിക്കുന്നില്ല എന്നതാണ്‌ ഹൃദയഭേദകമായ സത്യം. സ്വയം അതിവർത്തിക്കാൻ വിശുദ്ധർക്കുണ്ടായ വികൃതാവേശം എത്ര നിസ്സീമമായ യാതനയിലേക്കാണു നയിച്ചതെന്നോർക്കുമ്പോൾ യേശുവിന്റെ പീഡാനുഭവം വെറും സാധാരണദുഃഖമായിട്ടാണ്‌ എനിക്കു തോന്നുക. കുരിശ് പൊട്ടിത്തകരുകയും വിശുദ്ധരുടെ ആത്മാവുകളിൽ പതിക്കുകയും ചെയ്തു; അതിന്റെ ആണികൾ അവരുടെ ആയുഷ്കാലം മുഴുവൻ അവരുടെ ഹൃദയങ്ങളിൽ തറച്ചുകേറി, ഒരു കുന്നുമ്പുറത്തെ ഏതാനും മണിക്കൂറുകൾ മാത്രമല്ല. യേശുവിന്റേത് ക്രൂരതയുടെ പരമാവധിയായിരുന്നു: കുരിശിൽ ചോരപ്പാടുകളുടെ ഒരു പൈതൃകം വിട്ടുപോവുക.

കുരിശിന്റെ ആനന്ദങ്ങളെക്കുറിച്ച് വിശുദ്ധർക്കു സംസാരിക്കാം; എന്നാൽ ആത്മാർത്ഥതയുണ്ടെങ്കിൽ എന്തുകൊണ്ടവർക്ക് അതിന്റെ വിഷത്തെക്കുറിച്ചും സംസാരിച്ചുകൂടാ? കുലീനയും വിശിഷ്ടയും സുന്ദരിയുമായ പാസിയിലെ മഗ്ദലീനയെ ഭാവന ചെയ്യാൻ ശ്രമിക്കുകയാണു ഞാൻ; ഒരു ദൈവവിളിയുടെ ശാപത്തിൻ കീഴിൽ ഒരു മഠത്തിൽ സ്വയം തടവു വരിക്കുകയായിരുന്നു അവൾ; ആത്മീയസംഘർഷത്തിന്റെയും പിശാചിന്റെ പ്രലോഭനത്തിന്റെയും നിമിഷങ്ങളിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ഒരു സ്ത്രീയെപ്പോലെ അവൾ ഒരു കുരിശിൽ സ്വയം ബന്ധിതയാകുമായിരുന്നു. നിത്യതയുടെ ഉന്മാദവുമായി ജനിച്ചതിനാൽ എത്ര യുവജന്മങ്ങളാണ്‌ കുരിശേറുകയും ഒരർദ്ധദൈവത്തിന്റെ സ്വർഗ്ഗീയദൃഷ്ടാന്തത്തെ പിന്തുടരുകയും ചെയ്തിരിക്കുന്നത്! ഇത്രയധികം ദുരിതാനുഭവങ്ങൾക്കുത്തരവാദിയാണു താനെന്ന ഒരു സൂചന കിട്ടിയിരുന്നെങ്കിൽ എത്ര മനഃസാക്ഷിക്കുത്തുണ്ടാവുമായിരുന്നു യേശുവിന്‌! അന്ത്യവിധിയുടെ നാളിൽ വിശുദ്ധരുടെ മാനുഷികമല്ലാത്ത പീഡാനുഭവങ്ങളിൽ നിന്ന് ചുവപ്പും കറുപ്പുമായ കനത്ത കുരിശുകൾ ഉയർന്നുനില്ക്കും, പുത്രനെ, വേദനയുടെ വ്യാപാരിയെ, ശിക്ഷിക്കാൻ.
*

73
തത്വശാസ്ത്രത്തിൽ വിശ്വാസമുള്ള കാലത്തോളം നിങ്ങൾ ആരോഗ്യവാനാണ്‌; ചിന്തിക്കാൻ തുടങ്ങുന്നതോടെ നിങ്ങൾ രോഗിയാവുകയായി.
*
74
ഫ്രാങ്കിഷ് രാജവംശത്തില്പെട്ട വിശുദ്ധ ആൽഡിഗൂണ്ട (Aldegunda) സ്വർഗ്ഗീയാഭിമുഖ്യത്തിന്റെ ലക്ഷണങ്ങൾ ചെറുപ്പത്തിലേ കാണിച്ചുതുടങ്ങിയിരുന്നു. ഒരിക്കൽ, ധ്യാനത്തിൽ മുഴുകിയിരിക്കുമ്പോൾ, ഒരു ശബ്ദം അവളോടു മന്ത്രിച്ചു: “ദൈവപുത്രനല്ലാതെ മറ്റൊരു വരനെ തേടരുത്!” മാരകമായ വാക്കുകൾ! എന്തെന്നാൽ ആ നിമിഷം മുതൽ അവൾ യേശുവിന്റെ ഇരയായിക്കഴിഞ്ഞു. അവൾക്കു പതിമൂന്നു വയസ്സുള്ളപ്പോൾ ഇംഗ്ലണ്ടിലെ രാജാവിന്റെ മകൻ അവളോടു വിവാഹാഭ്യർത്ഥന നടത്തി. അവളതു നിരസിച്ചു, സൗന്ദര്യത്തിലും ധനത്തിലും ഭൂമിയുടെ ഏതു പുത്രനേയും അതിശയിക്കുന്ന ഒരു കാമുകനുള്ളതാണ്‌ തന്റെ ഹൃദയം എന്നു പറഞ്ഞുകൊണ്ട്. അവളുടെ അച്ഛനമ്മമാരുടെ അപേക്ഷകൾ വിലപ്പോയില്ല. സ്വർഗ്ഗത്തെ ഡോൺ ജൂവാനു താൻ വാഗ്ദാനം ചെയ്ത കന്യകാത്വം നഷ്ടപ്പെടുന്നതിനെക്കാൾ മരിക്കാനാണു താനിഷ്ടപ്പെടുക. വിവാഹം കഴിക്കുകയില്ലെന്ന വാശി അച്ഛനമ്മമാർ മരിച്ചതിനു ശേഷം കൂടുതൽ ദൃഢമായി. ഇംഗ്ലണ്ടിലെ രാജകുമാരൻ തന്റെ ആഗ്രഹവുമായി പിന്നാലെതന്നെ ഉണ്ടായിരുന്നതിനാൽ ആൽഡിഗൂണ്ട അച്ഛനമ്മാരുടെ കൊട്ടാരം വിട്ട് ഒരു സന്ന്യാസാശ്രമത്തിലേക്കൊളിച്ചോടി. മറുകര കടക്കാനാവാതെ ഒരു നദിയുടെ കരയിൽ നില്ക്കുമ്പോൾ രാജകുമാരൻ തൊട്ടുപിന്നാലെ വരുന്നത് അവൾ കണ്ടു. ആ സമയത്ത് ഒരു മാലാഖ പ്രത്യക്ഷപ്പെടുകയും അവളെ പുഴ കടക്കാൻ സഹായിക്കുകയും ചെയ്തു. അങ്ങനെ യേശുവിന്റെ ആ ഇര ഒരാശ്രമത്തിൽ തന്റെ ജീവിതം അവസാനിപ്പിച്ചു.

ഏഴാം നൂറ്റാണ്ടിൽ നടന്ന ഈ നാടകം അനന്യമോ അസാധാരണമോ അല്ല. എന്നാൽ അതു നമ്മോടു പറയുന്നു, പുണ്യവതിയായ ഏതു സ്ത്രീയും ഒരു ഒഫീലിയ ആണെന്ന്, ഹാംലെറ്റിനെപ്പോലെ ജീവിതം ചെടിച്ച കാമുകനല്ല യേശു എന്നതിനാൽ വികാരതീക്ഷ്ണതയേറും അവളുടെ പ്രേമത്തിനെന്ന്.

ഇവിടെ നാം വിശുദ്ധ കുനിഗൂണ്ട (Kunigunda)യെക്കൂടി ഓർമ്മിക്കേണ്ടേ? മരിക്കും വരെയും ബ്രഹ്മചര്യം അനുഷ്ഠിക്കാമെന്ന് ആദ്യരാത്രിയിൽ ഭർത്താവിനെക്കൊണ്ടവൾ പ്രതിജ്ഞ ചെയ്യിച്ചില്ലേ? കൊട്ടാരങ്ങളിലാണ്‌, കുടിലുകളിലെക്കാൾ, യേശു നാശം വിതച്ചത്.

വിശുദ്ധരോടു കൂടുതൽ അടുക്കുന്തോറും അവനിൽ നിന്നു ഞാൻ അകന്നുപോകുന്നു; പുണ്യവതികളായ സ്ത്രീകളോട് മനുഷ്യസഹജമായ സഹാനുഭൂതി തോന്നുമ്പോൾ ഞാനവനെ നിസ്സംശയം വെറുക്കുകയും ചെയ്യുന്നു.
*

75
 മഹത്തായ എല്ലാ മാനസാന്തരങ്ങളും പിറന്നിരിക്കുന്നത് ജീവിതത്തിന്റെ അർത്ഥശൂന്യതയെക്കുറിച്ച് പൊടുന്നനേയുള്ള വെളിപാടിൽ നിന്നാണ്‌. ഇത്രയും ഹൃദയസ്പർശിയോ മതിപ്പു തോന്നുന്നതോ ആയി ഒന്നില്ല, അസ്തിത്വത്തിന്റെ ശൂന്യത ഒറ്റനിമിഷത്തിൽ ബോദ്ധ്യമാകുന്നപോലെ.

76
എല്ലാ വിശുദ്ധരും രോഗികളാണ്‌, ഭാഗ്യമെന്നു പറയട്ടെ, എല്ലാ രോഗികളും വിശുദ്ധരുമല്ല. അങ്ങനെ, വേദന ഇല്ലാതാവുക എന്നത് വിശുദ്ധരെ സംബന്ധിച്ച് ദൈവപ്രസാദം നഷ്ടപ്പെടുകയാണ്‌. രോഗം ദൈവപ്രസാദമാണ്‌, കാരണം പരലോകാനന്ദങ്ങളെ പോഷിപ്പിക്കുകയാണത്. രോഗത്തിലൂടെ നമുക്ക് വ്ശുദ്ധരെ മനസ്സിലാകുമെന്നാകുന്നു, അവരിലൂടെ സ്വർഗ്ഗത്തെയും. എല്ലാവരുടെ കാര്യത്തിലും രോഗം ആത്യന്തികജ്ഞാനമാകുന്നില്ല. സാധാരണമനുഷ്യർക്ക് അതൊരു മാദ്ധ്യസ്ഥജ്ഞാനം മാത്രമാണ്‌.

നരച്ച ആകാശത്തെക്കാൾ നീലാകാശമാണ്‌ നമ്മെ വിഷാദവാന്മാരാക്കുക, കാരണം, വച്ചുപുലർത്താൻ ധൈര്യം നമുക്കില്ലാത്ത പ്രത്യാശകളാണ്‌ അതു നമുക്കു വച്ചുനീട്ടുന്നത്. അതേസമയം നരച്ച ആകാശമാകട്ടെ, ഗത്യന്തരമില്ലാത്ത ഒരു ശവകുടീരം. വിഷാദത്തെ ആശ്വസിപ്പിക്കുന്ന ഒരു നിറമാണ്‌ നീല; ദിവ്യത്വത്തിനു നേർക്കുദാസീനമാണത്. നീലിമയിലൂടെ ദൈവവിളി തുളച്ചുകയറിവരുമ്പോൾ കനത്ത കാർമ്മേഘങ്ങൾ ആകാശത്തുണ്ടായിരുന്നെങ്കിൽ എന്നു നാം ആഗ്രഹിച്ചുപോകുന്നു. ഒരാശയുമില്ലാതെ പരിത്യക്തരാവാനുള്ള സ്വാതന്ത്ര്യം അവ നമുക്കു നല്കുന്നു. ആകാശമില്ലാതെ നമുക്കു ജീവിതം സാദ്ധ്യമല്ലേ?
*

77
നമ്മുടെ അഭിമാനമില്ലായ്മ മരണത്തെ ഇകഴ്ത്തിക്കെട്ടുന്നു. മരണമെത്തുമ്പോൾ ശാന്തചിത്തരും വിനീതരുമായി വേണം അതു നമ്മെ കാണേണ്ടത് എന്നതിനായി കണ്ണുകൾ താഴ്ത്താൻ - താഴേക്കു നോക്കാൻ - ക്രിസ്തുമതം നമ്മെ പരിശീലിപ്പിച്ചു. രണ്ടായിരം കൊല്ലത്തെ പരിശീലനം ശാന്തവും വിനീതവും സുനിശ്ചിതവുമായ ഒരു മരണം നമുക്കു പരിചിതമാക്കി. നാം താഴേക്കു മരിക്കുന്നു. അന്ത്യനിമിഷത്തിൽ സൂര്യനെ നേരെ നോക്കാനുള്ള ധൈര്യം നമുക്കില്ല.

ഒരഥീനിയൻ യുവാവിന്റെ സൗഭഗത്തോടൊപ്പം ഒരു സ്പാനിഷ് കുടിയേറ്റക്കാരന്റെ തീക്ഷ്ണവികാരവുമുള്ളവരാവാൻ നമുക്കു കഴിയുന്നില്ലെങ്കിൽ ഇതേ താഴേക്കുള്ള മരണം തന്നെയാണ്‌ നമ്മെ കാത്തിരിക്കുന്നതും. നമ്മുടെ താഴ്ത്തിയ കണ്ണുകളുടെ നിഴലിൻ ചുവട്ടിൽ നിശ്ശബ്ദരായി നാം ജീവൻ വെടിയും. ആഹാ, അടയാളം കാത്തുനില്ക്കുന്ന ഓട്ടക്കാരനെപ്പോലെ വലിഞ്ഞുമുറുകിയ പേശികളുമായി, തല പിന്നിലേക്കെറിഞ്ഞ്, സ്ഥലത്തെ നേരിട്ടും മരണത്തെ കീഴടക്കിയും ആത്മവിശ്വാസവും ബലത്തിന്റെ മിഥ്യാബോധവും നിറഞ്ഞും മരിക്കാൻ കഴിയുക! പലപ്പോഴും ഞാൻ സ്വപ്നം കാണാറുണ്ട്, ഒരു തുറന്ന മരണം, നിത്യതയുടെ കണ്ണിൻ മുന്നിലെ മരണം!
*

78
രാത്രികളുടെ ഏകാന്തതയെക്കുറിച്ചോർക്കുമ്പോൾ, ആ ഏകാന്തതയുടെ ഹൃദയഭാരത്തെക്കുറിച്ചോർക്കുമ്പോൾ വിശുദ്ധർക്കജ്ഞാതമായ പാതകളിലലഞ്ഞുനടക്കാൻ ഞാൻ ആഗ്രഹിച്ചുപോകാറുണ്ട്. എങ്ങോട്ട്, എങ്ങോട്ട്? ആത്മാവിനു പുറത്തുപോലുമുണ്ട് കൊടുംഗർത്തങ്ങൾ.

79
എല്ലാ മനുഷ്യജീവികളിലും വച്ച് മരണസമയത്ത് ഏറ്റവും കുറഞ്ഞ ഏകാകിത അനുഭവിക്കുന്നത് വിശുദ്ധരാണ്‌. അവർ മരിക്കുമ്പോൾ യേശുവോ മാലാഖമാരോ അടുത്തുണ്ടാകും. ജീവിതകാലത്ത് ഏകാകികളാവാൻ നോക്കിയവർ പൊതുമദ്ധ്യത്തിൽ കിടന്ന് അന്ത്യശ്വാസം വലിക്കുകയാണ്‌. ഒരു സാധാരണക്കാരന്റെ വിധി അതിലുമെത്രയോ കയ്പു നിറഞ്ഞതാണ്‌: അയാൾ മരിക്കുന്നത് ഭൂമിയിൽ നിന്നോ ആകാശത്തു നിന്നോ ഒരു തുണയുമില്ലാതെ, സംവാദത്തിന്റെ ഭീരുത്വം നിറഞ്ഞ പിന്തുണയില്ലാതെയാണല്ലോ. അന്ത്യമടുത്തുവരുമ്പോൾ വിശുദ്ധർ തങ്ങളിലേക്കുതന്നെ പിന്മടങ്ങുകയും തങ്ങളുടെ അന്തിമലക്ഷ്യത്തെക്കുറിച്ചുറപ്പുള്ളവരായി സമാധാനത്തോടെ മരിക്കുകയും ചെയ്തു. എന്നാൽ മറ്റെല്ലാവരുടേയും കാര്യമോ, ഈ ഭൂമിയിലെ നിത്യരോഗികളുടെ കാര്യം? നോട്ടം കീഴ്പോട്ടാക്കി, തങ്ങളുടെ ചുവട്ടടിയിലെ മണ്ണിലേക്കു നോക്കി, പൊടി പോലെ പാറിയ ആത്മാവുമായി നടക്കുന്ന കുഷ്ഠരോഗികളുടെ കാര്യം? ചെറുതെങ്കിലുമായ ഒരു പ്രത്യാശയുടെ നവോന്മേഷം നല്കുന്ന സാന്ത്വനമില്ലാതെ എങ്ങനെയാണവർ മരിക്കുക? ഈ ഭൂമിയിലെ വേദനകളെക്കുറിച്ചോർക്കുമ്പോൾ എനിക്കറിയാം, മാലാഖമാരുടെ പടയ്ക്കു പോലും ഉയർത്തിയെടുക്കാൻ കഴിയാത്ത ആത്മാക്കളുണ്ട്. തങ്ങളുടെ ശാപവചനങ്ങളുടെ വന്ധ്യതയിൽ മരവിച്ചുപോയവർ. അന്ത്യവിധിയുടെ നാളിൽ ഉയിർത്തെഴുന്നേല്ക്കാൻ പോലുമാകാത്ത മട്ടിൽ ഭാരം വച്ചവർ. ഭാരം കുറഞ്ഞ ആത്മാക്കൾക്കേ രക്ഷ പറഞ്ഞിട്ടുള്ളു: മാലാഖമാരുടെ ചിറകൊടിക്കാത്ത വിധം ഭാരം കുറഞ്ഞവർക്ക്.
*

80
വിശുദ്ധരായി ജനിച്ചവരും വിശുദ്ധരായി മാറുന്നവരും തമ്മിലുള്ള വ്യത്യാസം ആളുകൾ പൊതുവേ കണക്കിലെടുക്കാറില്ല. എന്നാൽ ജന്മനാ ദൈവപ്രസാദം ലഭിച്ച ഒരാൾ വെളിച്ചം കാണുന്നതും മറ്റൊരാൾ കനത്ത വില കൊടുത്ത്, പടിപടിയായി അതു നേടുന്നതും തമ്മിൽ എന്തായാലും വ്യത്യാസമുണ്ടല്ലോ. ജന്മസിദ്ധമായ വിശുദ്ധത്വം ആയാസഹീനവും ബാദ്ധ്യതകളില്ലാത്തതുമാണ്‌; അതിൽ വിശുദ്ധൻ ഒരുപകരണം മാത്രമാണ്‌, പൂർണ്ണതയുടെ ബോധഹീനമായ ഒരവയവം. സിദ്ധിയില്ലാത്ത വിശുദ്ധരെ, ദൈവവരത്തിനായി കഠിനമായി പണിയെടുക്കുകയും തങ്ങളുടെ ഉടലും ആത്മാവും കൊണ്ടു വിയർപ്പൊഴുക്കുകയും ചെയ്തവരെക്കുറിച്ചോർക്കുമ്പോൾ ഞാൻ കിടിലംകൊണ്ടുപോകുന്നു. അവരാണ്‌ എണ്ണത്തിൽ കൂടുതൽ. അവർക്ക് എല്ലാം കിട്ടിയത് യാതനപ്പെട്ടിട്ടാണ്‌. മറ്റുള്ളവർ, നീലിമയുടെ യഥാർത്ഥ ഉടമകളായ വരേണ്യർ, യാതനയുടെ ഒരു പരിധിക്കപ്പുറം പോകാൻ തുനിഞ്ഞിട്ടില്ല, ഒരൊഴികഴിവെന്നല്ലാതെ അതുപയോഗപ്പെടുത്തിയിട്ടുമില്ല. വിശുദ്ധനാകാൻ ജന്മനാ കിട്ടിയ കഴിവ് യാതനയിലൂടെ സൂത്രത്തിൽ കടന്നുപോരാൻ നിങ്ങളെ സഹായിക്കുകയാണ്‌. എന്നാൽ ഭൂരിഭാഗം വിശുദ്ധരും യാതനകളുടെ പാതയിൽ സ്വയം ചെന്നു കിടന്നവരാണ്‌, ലക്ഷ്യം നേടുന്നതിൽ അവരിലൊരാളുപോലും പരാജയപ്പെട്ടിട്ടുമില്ല.

81
വിശുദ്ധർക്ക് ഒരധികാരേച്ഛ ഉണ്ടായിരുന്നിരിക്കുമോ? അവരുടെ ലോകം സാമ്രാജ്യത്വസ്വഭാവമുള്ളതായിരുന്നോ? ഉത്തരം അതെ എന്നുതന്നെ; എന്നാൽ അതിൽ ഒരു ദിശാവ്യത്യാസം നാം പരിഗണിക്കുകയും വേണം. നാം നമ്മുടെ ഊർജ്ജം താല്ക്കാലികനേട്ടങ്ങൾക്കായിട്ടുള്ള യുദ്ധത്തിൽ വ്യയം ചെയ്തുകളയുമ്പോൾ അമിതാഭിമാനികളായ അവർ ഉന്നം വയ്ക്കുന്നത് സമ്പൂർണ്ണമായ അധീനതയാണ്‌. അവരെ സംബന്ധിച്ച് കീഴടക്കേണ്ട സ്ഥലം ആകാശമാണ്‌, അവരുടെ ആയുധം യാതനയും. അവരുടെ മോഹത്തിന്റെ പരിധിയായിരുന്നില്ല ദൈവമെങ്കിൽ അവർ മത്സരിക്കുക ആത്യന്തികങ്ങൾക്കു വേണ്ടിയായിരിക്കും, മറ്റൊരനന്തതയുടെ വക്താവായിരിക്കും ഓരോ ആളും. മനുഷ്യൻ എന്നുമെന്നും ഉടമയാണ്‌. ആ അപകർഷത്തിൽ നിന്ന് വിശുദ്ധർക്കുപോലും മോചനമില്ല. അവരുടെ ഉന്മാദം സ്വർഗ്ഗത്തെ തുല്യമല്ലാത്ത ഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു, തങ്ങളുടെ പീഡാനുഭവങ്ങളിൽ ഓരോ ആൾക്കും തോന്നുന്ന അഭിമാനത്തിനനുസരിച്ച്. വിശുദ്ധർ സാമ്രാജ്യത്വത്തിന്റെ ഗതി ലംബമാനമാക്കിയിരിക്കുന്നു, ഭൂമിയെ അതിന്റെ പരമോന്നതപ്രത്യക്ഷമായ ആകാശത്തേക്കുയർത്തുകയും ചെയ്തിരിക്കുന്നു.
*

82
എല്ലാം മറന്നുകൊണ്ടേ ഓർമ്മിക്കാൻ നമുക്കു കഴിയുകയുള്ളു. ദുർബ്ബലമായ ഓർമ്മ കാലത്തിനും മുമ്പുള്ള ലോകത്തെ നമുക്കു വെളിപ്പെടുത്തുന്നു. ഓർമ്മകൾ ഒന്നൊന്നായി കൊഴിച്ചുകളഞ്ഞുകൊണ്ട് നാം കാലത്തിൽ നിന്നു സ്വയം വേർപെടുത്തുകയാണ്‌. അതുകൊണ്ടാണ്‌ ഉറക്കമില്ലാത്ത രാത്രികളിൽ പൈതൃകാർജ്ജിതമായ ഭീതികളിലൂടെ നാം കടന്നുപോകുന്നത്, നമുക്കോർമ്മയില്ലാത്ത, എന്നാൽ ഓർമ്മകൾ പോലെ നമ്മെ വന്നാശ്ചര്യപ്പെടുത്തുന്ന ലോകങ്ങൾ. അത്തരം രാത്രികൾ നമ്മുടെ ഓർമ്മയുടെ യഥാർത്ഥമായ ഉള്ളടക്കത്തെ (നമ്മുടെ ചരിത്രത്തെ) ഇല്ലായ്മ ചെയ്യുന്നില്ല, എന്നാൽ വളഞ്ഞുപുളഞ്ഞ ഒരു പാതയിലൂടെ കാലത്തിലേക്കു പിന്നാക്കം നടത്തുകയാണതു നമ്മെ. ഉറക്കമില്ലായ്മ ഉല്പത്തികളിലേക്കുള്ള ഒരവരോഹണമാണ്‌, വ്യക്തിവല്ക്കരണത്തിന്റെ ആരംഭവും. വെറും മായക്കാഴ്ചയാക്കി മാറ്റും വിധം കാലത്തെയത് നേർപ്പിക്കുന്നു; കാലികതയിൽ നിന്നു നമ്മെയത് ബഹിഷ്കൃതരാക്കുകയും ഓർമ്മകളിൽ അവസാനത്തേതിനെ, അതായത്, ഏറ്റവുമാദ്യത്തെ ഓർമ്മകളെ, നമ്മളിൽ അടിച്ചേല്പിക്കുകയും ചെയ്യുന്നു. നിദ്രാരാഹിത്യത്തിന്റെ സംഗീതാത്മകമായ വിലയനത്തിൽ നമ്മുടെ ഭൂതകാലം നാം ജീവിച്ചുതീർക്കുന്നു. കാലത്തോടൊപ്പം നമ്മളും മരിച്ചുവെന്ന് നമുക്കപ്പോൾ തോന്നലുണ്ടാവുകയും ചെയ്യുന്നു.
*

83
ഓർമ്മയിൽ നിന്ന് കാലം എത്രത്തോളം മാഞ്ഞുപോകുന്നുവോ, അത്രത്തോളം ഒരാൾ മിസ്റ്റിസിസത്തോടടുക്കുന്നു. 

വികലമായ ഒരോർമ്മയില്ലാതെ പറുദീസ സാദ്ധ്യമാകുമായിരുന്നില്ല. ഓർമ്മ എത്ര ആരോഗ്യപൂർണ്ണമാണോ, അത്രയുമത് ലോകത്തോടൊട്ടിപ്പിടിക്കും. ഓർമ്മയുടെ പുരാവസ്തുശാസ്ത്രം മറ്റു ലോകങ്ങളുടെ രേഖകൾ കുഴിച്ചെടുക്കുന്നത് ഈ ലോകത്തെ ബലി കൊടുത്തുകൊണ്ടാണ്‌.
*
84
ഞാൻ വേറേ ജീവിതങ്ങൾ ജീവിച്ചിട്ടുണ്ടാവണം. അങ്ങനെയല്ലെങ്കിൽ എങ്ങനെ ഇത്രയധികം ഭീതി? പൂർവ്വജന്മങ്ങളാണ്‌ ഭീതിയ്ക്കുള്ള ഒരേയൊരു വിശദീകരണം. പൗരസ്ത്യരേ ആത്മാവിനെ മനസ്സിലാക്കിയിട്ടുള്ളു. അവർ നമുക്കു മുമ്പുണ്ടായിരുന്നു, നമുക്കു ശേഷവും അവരുണ്ടാകും. എന്തുകൊണ്ടാണ്‌ ആധുനികരായ നാം നമ്മുടെ പൂർവ്വായനങ്ങളെ അടിച്ചമർത്തി ഗോപ്യമാക്കിവയ്ക്കുന്നത്, ഒരു കാലമേയുള്ളുവെന്നു വാദിക്കുന്നത്? ഓരോ നിമിഷത്തിലും നാം ചെയ്യണം, അനന്തമായ പരിണാമത്തിനുള്ള ഉപശാന്തി. ഭീതിയുടെ പരമാവധിയിൽ നാം എത്തിക്കഴിഞ്ഞോ? ഭീതിയുടെ അന്ത്യമെത്തിയാലേ നമ്മുടെ ജന്മങ്ങൾ നിലയ്ക്കുകയുള്ളു.
*

85
തത്വചിന്തകരോടു താരതമ്യം ചെയ്യുമ്പോൾ വിശുദ്ധർക്ക് ഒന്നുമറിയില്ല. എന്നാൽ അവർക്കെല്ലാം അറിയാം താനും. അരിസ്റ്റോട്ടിലിനോടു തട്ടിച്ചുനോക്കുമ്പോൾ ഏതു വിശുദ്ധനും നിരക്ഷരനായിരിക്കും. എങ്കിൽ ഈ രണ്ടാമതു പറഞ്ഞവരിൽ നിന്നു നമുക്കു പഠിക്കാനുണ്ടെന്നു നാം വിശ്വസിക്കുന്നതെന്തുകൊണ്ടാണ്‌? സകലമാന തത്വചിന്തകരേയും ഒരുമിച്ചുകൂട്ടിയാലും ഒരൊറ്റ വിശുദ്ധന്റെ മൂല്യത്തിനൊക്കില്ല എന്നതാണതിനു കാരണം. തത്വശാസ്ത്രത്തിന്‌ ഉത്തരങ്ങളില്ല. തത്വശാസ്ത്രം വച്ചു നോക്കുമ്പോൾ വിശുദ്ധത്വം കൃത്യമായ ശാസ്ത്രമാണ്‌. തത്വചിന്തകർ പരിഗണിക്കാൻ കൂടി ധൈര്യപ്പെടാത്ത ചോദ്യങ്ങൾക്ക് അത് കൃത്യമായ ഉത്തരം നല്കുന്നുണ്ട്. യാതനയാണ്‌ അതിന്റെ പ്രയോഗരീതി, ദൈവമാണതിന്റെ ലക്ഷ്യം. പ്രായോഗികമോ അനായാസമോ അല്ലെന്നതിനാൽ മനുഷ്യർ അതിനെ ഒരു വിചിത്രലോകത്തു പ്രതിഷ്ഠിക്കുകയും അകലെ നിന്നാരാധിക്കുകയും ചെയ്യുന്നു. അവർ തത്വശാസ്ത്രത്തെ അടുത്തു വയ്ക്കുന്നു, അതിനെ നിന്ദിക്കാനായി; തത്വചിന്തകരെ മാന്യമായ ഉദാസീനതയോടെ അവർ കാണുകയും ചെയ്യുന്നു. ഇക്കാര്യത്തിൽ സാധാരണക്കാരാണ്‌ ബുദ്ധിമാന്മാർ. തത്വശാസ്ത്രത്തിൽ സാധുവായി എന്തെങ്കിലുമുണ്ടെങ്കിൽ അത് മതങ്ങളിൽ നിന്നും മിസ്റ്റിക് വെളിപാടുകളിൽ നിന്നും കടം കൊണ്ടതായിരിക്കും. തത്വശാസ്ത്രം അതിൽത്തന്നെ, സംസ്കാരത്തിന്റെ ശേഷം കാര്യങ്ങൾ പോലെ, ഒന്നുമല്ല.

തത്വചിന്തകർ ശീതരക്തമുള്ള ജീവികളാണ്‌. ദൈവസമീപമല്ലാതെ ചൂടു കിട്ടില്ല. അതുകൊണ്ടാണ്‌ നമ്മുടെ ആത്മാവുകളുടെ സൈബീരിയ വിശുദ്ധർക്കായി മുറവിളി കൂട്ടുന്നതും.
*
86
തങ്ങളുടെ പേരുകളിലൂടെ ഡിയോഡറ്റ ഡെലി അഡീമരിയും (Diodata degli Ademari) ഡയാന ഡി അൻഡോളോയും (Diana d'Andolo) സ്വർഗ്ഗാരോഹണം ചെയ്തിരിക്കുന്നു. പേരിന്റെ സൗന്ദര്യത്തോട് ഭക്തി ഒരതീന്ദ്രിയസുഗന്ധം കൂട്ടിച്ചേർക്കുകയാണ്‌. വിശുദ്ധരുടെ പേരുകൾക്ക് അന്യലോകങ്ങളുടേതായ ഒരു മാദകാനുഭൂതിയുണ്ട്. എത്രയോ വിശുദ്ധകൾ തങ്ങളുടെ അലൗകികതയെ നീതീകരിക്കുന്നത് തങ്ങളുടെ പേരുകളുടെ ശ്രവണസുഖം കൊണ്ടാണ്‌.
*

87
ഇത്ര കുറച്ചു വിശുദ്ധകളെ വാഴ്ത്തപ്പെട്ടവരാക്കിയത് സഭയുടെ തെറ്റാണ്‌. അതിന്റെ സ്ത്രീവിദ്വേഷവും ലുബ്ധതയും കാണുമ്പോൾ കുറച്ചുകൂടി ഉദാരമാകാമായിരുന്നു അതിനെന്ന് എനിക്കാഗ്രഹം തോന്നിപ്പോകുന്നു. സ്നേഹത്തിനായി ഏകാന്തതയിൽ കണ്ണീരു പൊഴിക്കുന്ന ഏതു സ്ത്രീയും വിശുദ്ധയാണ്‌. ദൈവത്തിന്റെ കണ്ണീരു കൊണ്ടാണ്‌ പുണ്യവതികളായ സ്ത്രീകളെ സൃഷ്ടിച്ചിരിക്കുന്നതെന്ന് സഭയ്ക്കു മനസ്സിലായിട്ടേയില്ല.
*

88
ഒരു കവിയും ആകാശത്തിനപ്പുറത്തെ സ്ഥലരാശിയെക്കുറിച്ചിന്നേവരെ പാടിയിട്ടില്ല, ഇനി പാടാനും പോകുന്നില്ല എന്ന വസ്തുതതയെക്കുറിച്ച് പ്ലേറ്റോ പരിതപിക്കുന്നു. സംഗീതത്തെക്കുറിച്ച് തീർത്തും അജ്ഞനായിരുന്നു പ്ലേറ്റോ എന്നുവരുമോ? ഉന്മാദം മനുഷ്യന്റെ ഏറ്റവും വലിയ അനുഗ്രഹങ്ങളിൽ ഒന്നാണെന്ന് അല്ലെങ്കിൽ അദ്ദേഹം എങ്ങനെ അറിയാൻ? അതോ ആ പ്രസ്താവന വെറും യാദൃച്ഛികമായിരിക്കുമോ? അങ്ങനെയാകാനും വഴിയുണ്ട്, കാരണം, ദേവകൾ പലപ്പോഴും തന്റെ കാതിൽ മന്ത്രിക്കാറുണ്ടെന്ന് അദ്ദേഹം സമ്മതിച്ചിട്ടുമുണ്ടല്ലോ.
*

89
നമ്മുടെ യാതനകൾ വിഫലവും പൈശാചികവുമാകാതെ പോകില്ല. വിശുദ്ധരുടെ ഉദാത്തമായ അത്യാചാരങ്ങളെക്കാൾ ആധുനികമനുഷ്യനോടു സംവദിക്കും ബോദ്‌ലേറുടെ ഏതു കവിതയും. മദ്യത്തിലോ നൃത്തത്തിലോ എന്നപോലെ നൈരാശ്യത്തിനു നാം സ്വയം വിട്ടുകൊടുക്കുമ്പോൾ പീഡാനുഭവത്തിലൂടെ കൈവരുന്ന പൂർണ്ണതയുടെ അളവിനോട് നമുക്കു താല്പര്യമില്ലാതാകുന്നു. ആധുനികമനുഷ്യൻ വിശുദ്ധരോടു പ്രതികൂലമാകുന്നത് അവന്റെ ഉപരിപ്ലവതയിലൂടെയല്ല, അവന്റെ അവസ്ഥയിൽ നിയന്ത്രണാതീതമായതൊന്നിലൂടെയാണ്‌, ദുരന്തപൂർണ്ണമായ ഒരു പേക്കൂത്തിലുള്ള അവന്റെ കിടന്നുരുളലിലൂടെയാണ്‌, പുതിയ പുതിയ വ്യാമോഹങ്ങളിലേക്കുള്ള അവന്റെ വഴുതിവീഴ്ചയിലൂടെയാണ്‌. ഏതു ദുഃഖം തിരഞ്ഞെടുക്കണമെന്നതിലുള്ള ശിക്ഷണമില്ലായ്മ ആധുനികമനുഷ്യനെ തന്നെത്തന്നെ എതിർക്കാനുള്ള കഴിവില്ലാത്തവനാക്കിയിരിക്കുന്നു. ഐന്ദ്രിയാനുഭവങ്ങളിലൂടെയാണ്‌ ദൈവം സ്വയം വെളിപ്പെടുത്തുന്നതെങ്കിൽ അത്രയും നന്നായി! വെളിപാടിന്റെ മനുഷ്യത്വഹീനമായ ശിക്ഷണം നമുക്കു സഹിക്കേണ്ടിവരില്ലല്ലോ. വിശുദ്ധർ പൂർണ്ണമായും കാലഹരണപ്പെട്ടുപോയിരിക്കുന്നു; ‘ആയിത്തീരലിനെ’ നിന്ദിക്കുന്ന ഒരാൾക്കേ അവരിൽ ഇനിയും താല്പര്യമുണ്ടാകാൻ വഴിയുള്ളു.
*
90
തത്വചിന്തകരിൽ താല്പര്യമുണർത്തുന്നതായി ഇവരേയുള്ളു: ചിന്തിക്കുന്നതു നിർത്തിയിട്ട് ആനന്ദത്തിനായുള്ള അന്വേഷണം തുടങ്ങിയവർ. ഇങ്ങനെയാണ്‌ മങ്ങൂഴചിന്തകർ പിറവിയെടുക്കുന്നത്. പ്രമാണങ്ങളിൽ നിന്നു നമ്മെ മോചിപ്പിക്കുന്നതിനാൽ മതങ്ങളെക്കാൾ സാന്ത്വനമണയ്ക്കുകയും ചെയ്യുന്നു അവർ. എപ്പിക്യൂറസിനൊപ്പമാവുമ്പോൾ നമ്മുടെ ചിന്തകൾ ഒരു പനമരത്തിൽ നിന്നു വീശുന്ന കുളിർതെന്നലിലുലഞ്ഞാടുന്നു, ആകാശം സന്ദേഹങ്ങളുടെ പുതുമ കെടാതിരിക്കാൻ വിടർത്തിവച്ച ഒരു വിശറി പോലെ കാണപ്പെടുകയും ചെയ്യുന്നു. മങ്ങൂഴചിന്തകർ- എല്ലാ വിശ്വാസവും നഷ്ടപ്പെടുന്ന രീതിയിൽ അത്രയ്ക്കും നിഴൽ നിറഞ്ഞവർ- നിങ്ങളെ പുണർന്നുപിടിക്കുന്നു, മുങ്ങിത്താണ നിങ്ങളുടെ ഉടലിനെ മാറോടടുക്കുന്ന കടൽ പോലെ. അവരുടെ മന്ദഹാസത്തിലുണ്ട് ഹിതകരമായ ഒരു ചികിത്സ: എല്ലാം അനുവദനീയമാണ്‌. ഒരു മന്ദഹാസത്തിന്റെ തണലിൽ കിടന്ന് ആനന്ദം കൊണ്ടു മരിക്കാൻ നമുക്കു തോന്നുന്ന സുഖപ്രദവും തല ചുറ്റിക്കുന്നതുമായ ആ സന്ദേഹങ്ങൾ- വിശുദ്ധരുടെ ധാരാളിത്തങ്ങൾക്കും നിയന്ത്രണങ്ങൾക്കും ശേഷം എന്തൊരാശ്വാസമാണത്!

ഗ്രീക്കോ-റോമൻ യുഗത്തിന്റെ അന്ത്യത്തിൽ പൗരാണികലോകമാകെ സന്ദേഹത്തിന്റെ നിഴൽ പരത്തിയ അവസാനത്തെ സന്ദേഹവാദിയെപ്പോലെ താല്പര്യമുണർത്തുന്നവരല്ല, സോക്രട്ടീസും (അദ്ദേഹത്തിന്റെ പിശാചുക്കളിരിക്കെത്തന്നെ) അരിസ്റ്റോട്ടിലും (അദ്ദേഹത്തിന്റെ വിജ്ഞാനകോശമിരിക്കെത്തന്നെ). സോക്രട്ടീസാവാൻ, ഡിമോക്രിറ്റസ്സാവാൻ, ഹിറാക്ലിറ്റസു പോലുമാവാൻ എളുപ്പമായിരുന്നു. അതിനൊരാൾക്കു പ്രതിഭയുണ്ടായാൽ മതി. ഗ്രീക്കുചിന്ത പ്രകാരം പ്രശ്നനിർദ്ധാരണത്തിനുതകുന്ന ഒരു താർക്കികവിദ്യയും ഒരുതരം മൗലികതയുമായാൽ എല്ലാമായി. പ്രശ്നങ്ങൾ നിങ്ങളെ അന്വേഷിച്ചുവരുമ്പോൾ, പ്രതിഭാശാലിയാണു നിങ്ങളെങ്കിൽ, നിങ്ങളവ നിർദ്ധാരണം ചെയ്യുന്നു: മറ്റൊരു വഴിയില്ല. പിന്നെ മറ്റൊരാൾ വരികയായി, വേറേ പ്രശ്നങ്ങളുമായി ജനിച്ചവൻ; അതു നിങ്ങളുടെ പ്രശ്ന വുമല്ല.

എന്നാൽ പ്രശ്നങ്ങളുടെ സ്റ്റോക്ക് തീർന്നാൽ പ്രതിഭ കൊണ്ട് പിന്നെന്തു കാര്യം?

പ്രശ്നങ്ങളുടെ അഭാവവും യാഥാർത്ഥ്യത്തിന്റെ ശൂന്യതയും മുന്നിലെത്തുമ്പോഴത്തെ പ്രതിഭയുടെ അവസ്ഥയാണ്‌ സന്ദേഹവാദം. പൗരാണികർക്ക്, അലക്സാൺട്രിയൻ കാലത്തു ജീവിച്ചിരുന്നവർക്ക്- അവർക്കു മാത്രമേ സന്ദേഹവാദികളാകാൻ കഴിയുമായിരുന്നുള്ളു. ഒരു പ്രത്യേകശൈലിയിൽത്തന്നെ അവർ സംശയിച്ചു. ലോകത്തെക്കുറിച്ചുള്ള അവരുടെ നിരീക്ഷണങ്ങൾ അസ്തമയശോഭ കലർന്നതായിരുന്നു. അതിൽ വ്യാമോഹങ്ങളകന്ന ഒരാനന്ദമുണ്ടായിരുന്നു, ഒരു പരിഭവവുമില്ലാത്ത, ഊഷ്മളമായ ഒരു ത്യാഗമുണ്ടായിരുന്നു. സംസ്കാരങ്ങളുടെ മങ്ങൂഴത്തിൽ വിടർന്ന, ആത്മാവിന്റെ നേർത്ത നിഴലായ സന്ദേഹവാദം ദാർശനികപരികല്പനകൾക്ക് കാവ്യഭംഗിയും കലാപരമായ ചാരുതയും നല്കിയിരിക്കുന്നു.

പിന്നിൽ പൗരാണികചിന്തകളുടെ കൂറ്റൻ മാറാപ്പും മുന്നിൽ പൗരസ്ത്യമതങ്ങളുടെ ആക്രമണവുമായി നില്ക്കുന്ന ഗ്രീക്ക് സന്ദേഹവാദി ഒരേപോലെ ന്യായമെന്നു തോന്നുന്ന വിഭിന്നദർശനങ്ങളിൽ നിന്ന് എങ്ങനെയാണൊരു തിരഞ്ഞെടുപ്പു നടത്തുക? അങ്ങനെയാണ്‌ അലക്സാൺട്രിയൻ കാലഘട്ടങ്ങളുടെ മുഖമുദ്രയായ, ആശയങ്ങൾക്കും ലോകങ്ങൾക്കുമിടയിൽ അലയുന്നതിന്റെ ആനന്ദം പിറവിയെടുക്കുന്നത്. ഒറ്റജന്മം കൊണ്ടുതന്നെ നിങ്ങൾക്ക് നൂറ്റാണ്ടുകളുടെയോ യുഗങ്ങളുടെ തന്നെയോ ചരിത്രം ജീവിച്ചുതീർക്കാം. ഹോമറും എപ്പിക്യൂറും അവിടെ ഒരേ കാലത്തുള്ളവരാണ്‌, അതുപോലെതന്നെ യഹൂദമിശിഹാവാദവും പേർഷ്യൻ മതവും: ആത്മാവിന്റെ വികാസത്തിൽ അഭിമാനം കൊള്ളുകയും സംസ്കാരത്തിന്റെ വ്യാമോഹങ്ങളിൽ വേദനയോടെ ഹതാശമാവുകയും ചെയ്യുന്ന ഒരു സങ്കലനവാദം. മാനസികതിക്തതയുടെ പറുദീസയായിരുന്നു അലക്സാൺട്രിയനിസം.
*

91
വിഷാദത്തിനുള്ള ഒരു മറുമരുന്നാണ്‌ തത്വശാസ്ത്രം. തത്വശാസ്ത്രത്തിന്റെ ഗഹനതയിൽ വിശ്വസിക്കുന്നർ ഇപ്പോഴുമുണ്ടുതാനും!
*

92
തത്വചിന്തകന്മാർക്കുള്ള ഒരേയൊരു മേന്മ മനുഷ്യരായിരിക്കുന്നതിൽ ചിലപ്പോഴൊക്കെ അവർക്കു നാണക്കേടു തോന്നിയിരുന്നു എന്നതാണ്‌. പ്ലേറ്റോയും നീച്ചയും അപവാദങ്ങളാണ്‌: അവർ എപ്പോഴും നാണക്കേടു തോന്നിയിരുന്നവരാണ്‌. ഒന്നാമൻ നമ്മളെ ഈ ലോകത്തിനു വെളിയിൽ കൊണ്ടുപോകാൻ ആഗ്രഹിച്ചു, മറ്റേയാൾ നമ്മളിൽ നിന്നു തന്നെയും. വിശുദ്ധന്മാർക്കു പോലുമുണ്ട് അവരിൽ നിന്നു ചിലതു പഠിക്കാൻ. അങ്ങനെ തത്വശാസ്ത്രത്തിന്റെ മാനം രക്ഷിക്കപ്പെട്ടു!
*
93
ലോകസൃഷ്ടിക്കുള്ള ഒരേയൊരു ന്യായീകരണം ഏകാന്തതയോടുള്ള ദൈവത്തിന്റെ ഭയമാണ്‌. മറ്റു വാക്കുകളിൽ പറഞ്ഞാൽ നമ്മുടെ സ്രഷ്ടാവിനെ വിനോദിപ്പിക്കുക എന്നതാണ്‌ നമ്മുടെ റോൾ. ദൈവത്തിന്റെ പാവം കോമാളികൾ, നാം മറക്കുന്നു, ഒരേയൊരു കാണിയുടെ (അയാളുടെ കൈയടി ഒരു മനുഷ്യന്റെ കാതിലും ചെന്നെത്തുന്നുമില്ല) മടുപ്പകറ്റാൻ ഒരു ദുരന്തനാടകം അരങ്ങേറുകയാണു നാമെന്ന്. ഏകാന്തത അത്രയ്ക്കും ദുർവ്വഹമായതിനാൽ തൻ്റെ സംവാദത്തിൽ പങ്കാളികളാകാൻ ദൈവം വിശുദ്ധരെ സൃഷ്ടിച്ചു.

 മറ്റൊരേകാന്തതയിലൂടെയല്ലാതെ ദൈവത്തിനു നേർക്കു നേർ നില്ക്കാൻ എനിക്കു കഴിയില്ല. എന്റെ ഏകാന്തതയില്ലെങ്കിൽ ഞാനും മറ്റൊരു കോമാളി മാത്രമായിപ്പോകും.
*

94
സ്വന്തം നിഷ്കളങ്കത നഷ്ടപ്പെടുത്തിക്കൊണ്ടല്ലാതെ ദൈവത്തിനുപോലും ഉള്ളിലേക്കു നോക്കാനാവാത്ത ചില ഹൃദയങ്ങളുണ്ട്.

സൃഷ്ടിയുടെ ഈ ഭാഗത്താണ് വിഷാദത്തിൻ്റെ തുടക്കം; അവിടെ ദൈവം വന്നിട്ടുപോലുമില്ല. എന്തെന്നാൽ, മനുഷ്യഹൃദയത്തെ നേരിടേണ്ടിവരുമ്പോൾ എങ്ങനെയാണവൻ സ്വന്തം മാനം കെടാതെ നോക്കുക?
*

95
വിശുദ്ധരുടെ ജഡങ്ങൾക്കു ദുർഗന്ധമില്ല എന്നാണു പറയുക. വിശുദ്ധർ ഈ ലോകത്തിൻ്റേതല്ല എന്നതിനു മറ്റൊരു തെളിവു കൂടി. വിശുദ്ധകളുടെ ജഡത്തിൽ നിന്ന് ഒരു പരിമളം തന്നെയാണു വരുന്നത്. വിശുദ്ധരുടെ പീഡാനുഭവങ്ങൾ ഓർമ്മയിൽ വരുത്തുന്ന ചില സുഗന്ധദ്രവ്യങ്ങളുണ്ട്; അതു ശ്വസിച്ചാൽ നിങ്ങളൊരു സമാധിയിലെന്നപോലെ ആയിപ്പോകും. പല തവണയാണ് മരണാസന്നകളായ വിശുദ്ധകന്യകമാരുടെ കണ്ണുകൾ ഞാൻ തിരുമ്മിയടച്ചിരിക്കുന്നത്!
*
96
സംഗീതം മനുഷ്യസൃഷ്ടിയല്ലെന്നതിന്‌ ഇതിലും നല്ല തെളിവു വേണോ, അതൊരിക്കലും നരകത്തെക്കുറിച്ചുള്ള ചിത്രങ്ങൾ എന്നിലുണർത്തിയിട്ടില്ല എന്നതല്ലാതെ? വിലാപയാത്രയ്ക്കകമ്പടിയായിട്ടുള്ള സംഗീതത്തിനുപോലും അതിനു കഴിഞ്ഞിട്ടില്ല. നരകം ഒരു വാസ്തവികതയാണ്‌; സ്വർഗ്ഗം ഒരോർമ്മയും. അനാദിയായ ഒരു ഭൂതകാലത്ത് നമുക്ക് നരകം പരിചയമുണ്ടായിരുന്നെങ്കിൽ ഇന്നു നാമൊരു ‘നരകനഷ്ട’ത്തെക്കുറിച്ചോർത്തു നെടുവീർപ്പിടില്ലേ? ഓർമ്മയുടെ പുരാവസ്തുശാസ്ത്രമാണ്‌ സംഗീതം. അതിന്റെ ഉത്ഖനനങ്ങളിൽ പ്രാഗ്സ്മൃതികാലത്തെ ഒരു നരകം ഇന്നുവരെ കണ്ടെടുക്കപ്പെട്ടിട്ടില്ല.

97
ആധുനികരായ നാം നമുക്കുള്ളിൽത്തന്നെ നരകം കണ്ടെത്തി; അതു ഭാഗ്യമായി. നരകത്തിന്റെ ബാഹ്യവും ചരിത്രപരവുമായ പ്രതിനിധാനങ്ങൾ മാത്രമേ നമുക്കുണ്ടായിരുന്നുള്ളു എങ്കിൽ നമ്മുടെ ഗതി എന്തായിപ്പോയേനേ? രണ്ടായിരം കൊല്ലത്തെ ഭയം നമ്മെ ആത്മഹത്യയിലേക്കു നയിക്കുമായിരുന്നു. വിശുദ്ധ ഹിൽഡഗാർഡ് അന്ത്യവിധിയെക്കുറിച്ചെഴുതിയിരിക്കുന്നതു വായിച്ചുകഴിഞ്ഞാൽ എല്ലാ സ്വർഗ്ഗങ്ങളോടും നരകങ്ങളോടും നമുക്കു വെറുപ്പു തോന്നിപ്പോകും, അവയെല്ലാം വെറും ആത്മനിഷ്ഠമായ ദർശനങ്ങൾ മാത്രമാണെന്നതിൽ നാം ആഹ്ലാദം കൊള്ളുകയും ചെയ്യും. മനഃശാസ്ത്രം ഒരേസമയം തന്നെ നമുക്ക് വിമോചനവും ഉപരിപ്ലവതയുമാണ്‌. ഒരു ക്രിസ്തീയപുരാവൃത്തമനുസരിച്ച് ലോകമുണ്ടായത് പിശാച് കോട്ടുവായിട്ടപ്പോഴാണ്‌. ആധുനികരായ നമുക്ക് ലോകമെന്ന ഈ യാദൃച്ഛികത ഒരു മനശ്ശാസ്ത്രപ്പിഴയിൽ കവിഞ്ഞൊന്നുമല്ല.
*

98
എന്തുകൊണ്ടാണ്‌, നമ്മുടെ ആത്മീയോത്സാഹത്തെ തളച്ചിടുന്ന ഭൗതികവസ്തുവിനെ ഭേദിച്ചു പുറത്തുവരാൻ നാം ശ്രമിക്കുമ്പോഴൊക്കെയും നമ്മുടെ യത്നങ്ങൾ വിഫലമായിപ്പോകുന്നത്? ഈ ഭൂമിയിൽ സംഗീതം മാത്രമേ ഭൗതികവസ്തുവിനെ പരാജയപ്പെടുത്തുന്നുള്ളു. പേലവമായ ചില ഈണങ്ങൾക്കുണ്ട്, ആത്മാവിൽ നിന്നു വീശുന്ന ശ്രുതിമധുരമായ ഒരിളംതെന്നലിനുണ്ട് ഒരു വെൽഡിങ്ങ് ടോർച്ചിന്റെ ശക്തി; അതിന്റെ തീക്ഷ്ണജ്വാലകളിൽ നമ്മുടെ ഭൗതികവിലങ്ങുകൾ ഉരുകിപ്പോകും.
*

99
ഏകാന്തത നമുക്കനുഭവമാകുന്നത് വസ്തുക്കളുടെ നിശ്ശബ്ദത നമുക്കു കേൾക്കാറാകുമ്പോൾ മാത്രമാണ്‌. അപ്പോൾ ഒരു കല്ലിൽ ഉറങ്ങിക്കിടക്കുകയും ഒരു ചെടിയിൽ ഉണർന്നെഴുന്നേല്ക്കുകയും ചെയ്യുന്ന രഹസ്യം നമുക്കു കേൾക്കാമെന്നാകുന്നു- പ്രകൃതിയുടെ മറഞ്ഞതും തുറന്നതുമായ രീതികൾ. ഏകാന്തതയുടെ കാര്യത്തിൽ വിചിത്രമെന്നു പറയാവുന്ന കാര്യം, അതിനെ സംബന്ധിച്ചിടത്തോളം അചേതനമായ ഒരു വസ്തുവും ഇല്ല എന്നതാണ്‌. എല്ലാ വസ്തുക്കൾക്കുമുണ്ട്, ഒരു ഭാഷ; പൂർണ്ണനിശ്ശബ്ദതയിലേ നമുക്കതിന്റെ പൊരുളു തിരിക്കാൻ കഴിയൂ. സർവ്വതിലുമുണ്ട്, ജീവൻ നിറഞ്ഞ, തീക്ഷ്ണമായ ഒരേകാന്തത. പ്രകൃതിയിൽ ചേതന നിദ്രാണമാണ്‌; സസ്യങ്ങളുടെ സ്വപ്നങ്ങൾ വ്യാഖ്യാനിച്ചെടുക്കാൻ എനിക്കാഗ്രഹമില്ലാതില്ല.

നിഴലുകൾക്കുമുണ്ട് ഒരു രഹസ്യജീവിതം. ആവശ്യമുള്ളത്ര കവികൾ ലോകത്തുണ്ടായിട്ടില്ല; അതുകൊണ്ടല്ലേ, ഇത്രയധികം വസ്തുക്കൾ വെളിപ്പെടുത്തപ്പെടാതെ കിടക്കുന്നത്, സ്വന്തം പൊരുളുകളിൽ നിന്നവ അകന്നുപോയത്!

100
നിത്യത എന്ന ശാപത്തിന്റെ ഭാരം എന്നെ ഞെരിച്ചമർത്തുകയാണ്‌; യുവത്വത്തിന്റെ വിഷമാണത്, ജീർണ്ണഹൃദയങ്ങൾക്കു മാത്രമുള്ള ശമനൗഷധമാണത്. ഒരു മനുഷ്യന്റെ ആരോഗ്യസ്ഥിതി നിത്യതയോടുള്ള അയാളുടെ വെറുപ്പിനും അതിനോടുള്ള അയാളുടെ ചെറുത്തുനില്പിനും ആനുപാതികമായി അളക്കാവുന്നതേയുള്ളു. വിശുദ്ധരുടെ രോഗം നിത്യതയോടുള്ള അവരുടെ അഭിമതമാണ്‌.

കാലത്തിന്റെ ശൂന്യത നിത്യതയ്ക്കു ജന്മം നല്കുമ്പോൾ മതപരമായ ധൈര്യം കൊണ്ട് നിങ്ങളെരിയും. കാലത്തിന്റെ ചോർന്നുപോകൽ, അതിനി മടുപ്പു കൊണ്ടോ ഭീതി കൊണ്ടോ ആകട്ടെ, നിങ്ങളെ അവ്യക്തവാഗ്ദാനങ്ങൾ നിറഞ്ഞതും ഓജസ്സുറ്റതുമായ ഒരു ശൂന്യതയിലേക്കെടുത്തെറിയും. ഒരു വിശുദ്ധനും ലോകത്തു നിത്യത കണ്ടെത്താനായിട്ടില്ല. വിശുദ്ധത്വത്തിലേക്കുള്ള ആദ്യത്തെ പടിയാണ്‌ ഉള്ളിലെ ഊഷരഭൂമി താണ്ടുക എന്നത്.

ആത്മീയതയുടെ പൊത്തുകളിലാണ്‌ ദൈവം കൂടു കൂട്ടുക. അവനു കൊതി ഉള്ളിലെ തരിശ്ശുകളാണ്‌; കാരണം, പ്രതിരോധം ഏറ്റവും കുറഞ്ഞയിടങ്ങളിലാണ്‌ അവൻ പൊരുന്നിരിക്കുക, രോഗത്തെപ്പോലെ. സന്തുലനമുള്ള ഒരു ജീവിയ്ക്ക് ദൈവത്തിൽ വിശ്വസിക്കാൻ കഴിയില്ല. വിശുദ്ധർ, കുറ്റവാളികൾ, പാപ്പരായവർ ഇവരൊക്കെയാണ്‌ അവനു തുടക്കമിട്ടത്, സന്തോഷഹീനരായ ഏവർക്കുമായി അവനെ ലഭ്യമാക്കിയത്.
*

101
കവിതാപ്രേമികളേ ഉത്തരവാദിത്വമില്ലാത്തവരും ആത്മാവിനോട് അയഞ്ഞ സമീപനമുള്ളവരുമായിട്ടുള്ളു. ഓരോ കവിത വായിക്കുമ്പോഴും നമുക്കു തോന്നുന്നു, അനുവദനീയമാണെല്ലാം എന്ന്. ആരോടും (തന്നോടല്ലാതെ) കണക്കു ബോധിപ്പിക്കാനില്ലാത്തതിനാൽ കവി എവിടെയ്ക്കും നിങ്ങളെ നയിക്കുന്നതുമില്ല. കവികളെ മനസ്സിലാക്കുക എന്നത് ഒരു ശാപമാണ്‌, കാരണം, നഷ്ടപ്പെടാൻ ഒന്നുമില്ലെന്ന് അപ്പോൾ നാം പഠിക്കുകയാണല്ലോ.

വിശുദ്ധരുടെ കവിത പോലെ സാന്ത്വനം നല്കുന്നതൊന്നില്ല. എന്നാൽ ഒരു മദ്ധ്യസ്ഥനെ അഭിസംബോധന ചെയ്തുകൊണ്ട് (മിക്കപ്പോഴുമത് ദൈവമായിരിക്കും) തങ്ങളുടെ കവിത്വസിദ്ധിയെ അവർ മാരകമായി പരിമിതപ്പെടുത്തുകയും ചെയ്യുന്നു. പവിത്രമെങ്കിലും ദൈവനിരപേക്ഷമായ ഒരു രോമാഞ്ചം കൊള്ളലാണ്‌ കവിത. ദൈവത്തോടുള്ള നിവേദനം തങ്ങളുടെ കാവ്യാത്മകതയെ ദുർബ്ബലപ്പെടുത്തുകയാണെന്നു മനസ്സിലായിരുന്നെങ്കിൽ വിശുദ്ധർ വിശുദ്ധപദവിയൊക്കെ ത്യജിച്ചിട്ട് കവികളായി മാറിയേനെ. ലോകത്തപ്പോൾ ഭൂതദയയുടെ അളവു കുറയുമെങ്കിലും കൂടുതൽ സ്വാതന്ത്ര്യവും നിരുത്തരവാദിത്വവും ഉണ്ടാകുമായിരുന്നു! ദൈവത്തിലൂടെ സ്വതന്ത്രരാകാനേ വിശുദ്ധർക്കറിയൂ. കവിത്വത്തിന്റെ സ്വാതന്ത്ര്യമേ നശ്വരജീവികളായ നമുക്കറിയുകയുള്ളു.
*