2017, ഡിസംബർ 2, ശനിയാഴ്‌ച

ചിയോ-നി - ഹൈക്കു


Caga_no_Chiyo


ഫുക്കുദ ചിയോ-നി Fukuda Chiyo-ni (1703-1775)- ഇദോ കാലഘട്ടത്തിൽ ജീവിച്ചിരുന്ന ജാപ്പനീസ് കവി; ഹൈക്കു എഴുതുന്ന സ്ത്രീകളിൽ പ്രമുഖയായി പരിഗണിക്കപ്പെടുന്നു. ഏഴാം വയസ്സു മുതൽ ഹൈക്കു എഴുതിത്തുടങ്ങി; പതിനേഴാമത്തെ വയസ്സിൽത്തന്നെ പ്രശസ്തയായി. ബഷോയുടെ ശിഷ്യന്മാരായിരുന്നു ഹൈക്കുവിൽ ചിയോ-നിയുടെ ഗുരുക്കന്മാർ. പില്ക്കാലത്ത് അവർ ബുദ്ധസന്ന്യാസിനിയായി സോയെൻ എന്ന പേരു സ്വീകരിച്ചു.

1
കാറ്റു കൊള്ളിച്ചതു പോര,
കിമോണോകളും
അവളുടെ ഹൃദയവും.

(വേനല്ക്കാലത്ത് തുണികളും പുസ്തകങ്ങളും മറ്റും വെയിലത്തിട്ടുണക്കുകയും കാറ്റു കൊള്ളിക്കുകയും ചെയ്യുന്ന പതിവുണ്ട് ജപ്പാനിൽ. വീട്ടിനുള്ളിൽ നിന്ന് തുറന്ന ലോകത്തേക്കിറങ്ങാൻ കൊതിക്കുന്ന സ്ത്രീകളെക്കുറിച്ചുകൂടിയാണ്‌ ഈ ഹൈക്കു.)

2
ചായം പുരട്ടിയ ചുണ്ടുകൾ
ഞാൻ മറന്നുപോയി
-തെളിഞ്ഞ ഉറവെള്ളം.

(ഈ ഹൈക്കു നാലു രൂപങ്ങളിൽ ഉണ്ട്, ജീവിതത്തിന്റെ പല ഘട്ടങ്ങളിൽ എഴുതിയത്. ഇത് അവരുടെ അറുപത്തിരണ്ടാമത്തെ  വയസ്സിൽ എഴുതിയതാണ്‌. വെള്ളം കുടിക്കുമ്പോൾ ചുണ്ടിലെ ചായം മാഞ്ഞുപോകുന്നത് ഇപ്പോൾ ഒരു പ്രശ്നമേയല്ല.)

3
ഒരു ചിത്രശലഭം,
ഏതു സ്വപ്നം കണ്ടിട്ടാണ്‌
അതിന്റെ ചിറകുകൾ വിറ കൊള്ളുന്നത്?

(താൻ ചിത്രശലഭമായി മാറി എന്നു സ്വപ്നം കണ്ട ഷുവാങ്ങ്-ത്‌സുവിനെ ഓർക്കുക.)

4
അവൾ നടക്കുന്ന വഴിയിൽ
ഒരു ചിത്രശലഭം,
മുന്നിൽ, അല്ലെങ്കിൽ പിന്നിൽ.

5

പുലർച്ചയിലെ വേർപെടൽ-
പാവകൾക്ക്
അതറിയില്ല.

6
കൈയിലുള്ളതെല്ലാം
താഴെ വീഴുന്നു
-തെളിഞ്ഞ വെള്ളം.

7
ഇന്നെവിടെയാണവൻ,
തുമ്പികൾക്കു പിന്നാലെ
ഓടിപ്പോയവൻ?

(ഒമ്പതാം വയസ്സിൽ മരിച്ച തന്റെ ഒറ്റമകനെക്കുറിച്ച്)


8
ഞാനുറങ്ങുന്നു...ഞാനുണരുന്നു,
അരികത്താരുമില്ലെങ്കിൽ
കിടക്കയെത്ര വിശാലം.

(പത്തൊമ്പതാം വയസ്സിൽ വിവാഹിതയായ ചിയോ-നി എട്ടു കൊല്ലം കഴിഞ്ഞ് വിധവയായപ്പോൾ എഴുതിയതെന്നു വിശ്വസിക്കപ്പെടുന്നു.)


9
മഴമേഘത്തിനടിയിൽ
കുന്തിച്ചിരുന്ന്
ഒരു തവള.

10
മലയുടെ മറുപാതിയിൽ
ഇലകൾക്കത്ര ഉത്സാഹമില്ല
നിറം മാറാൻ.

(മലയുടെ ഈ വശത്ത് ശരല്ക്കാലമായി ഇലകൾ ചുവന്നുതുടങ്ങിയെങ്കിലും  മറുഭാഗത്ത് ആ മാറ്റം വന്നുതുടങ്ങിയിട്ടില്ല. ഏകപക്ഷീയപ്രണയത്തെക്കുറിച്ചാണ്‌ കവിത.)

11
പൂക്കളില്ലെങ്കിൽ
ഒരു വില്ലോമരം പോലെ
സ്വതന്ത്രയാണ്‌ നിങ്ങൾ.

(ഭർത്താവും മകനും നഷ്ടപ്പെട്ട ചിയോ-നിയെ ഒരു കൂട്ടുകാരി ആശ്വസിപ്പിച്ചു, പൂക്കളില്ലാത്തതിൽ വില്ലോമരത്തിനു ഖേദമില്ല എന്ന്. അതിനുള്ള മറുപടിയാണിത്: പൂക്കളില്ലാത്ത മരത്തെ നോക്കിനില്ക്കാൻ ആരും വരില്ല; മറ്റു മരങ്ങളുടെ പൂക്കൾ തല്ലിക്കൊഴിക്കുന്ന കാറ്റിനേയും പേടിക്കേണ്ട.)

12
ഒറ്റവള്ളിയുടെ
മനസ്സിൽ നിന്ന്
ഒരുനൂറു ചുരയ്ക്കകൾ.

(ചിയോ-നി ഒരു സെൻ ആശ്രമത്തിൽ ചേരാൻ ചെന്നപ്പോൾ ഗുരു ചോദിച്ചു, ഹൈക്കു സെന്നിനർഹമാണോയെന്ന്, ഒരു ചിന്തയിൽ നിന്ന് ഒരായിരം അർഥങ്ങൾ അതിനുണ്ടാകുമോയെന്ന്. അതിന്‌ ചിയോ-നിയുടെ ഉത്തരം. ഈ ഹൈക്കു കേട്ട ഗുരു അവരെ ആശ്രമത്തിൽ ചേർത്തു.)

13
നമ്മളതു കാണുന്നില്ലെന്നപോലെ...
പുലർകാലത്തെ മൂടല്മഞ്ഞിൽ
പൂക്കൾ മുഖം മിനുക്കുന്നു.

14
കേട്ടാലും കൊള്ളാം
ഇല്ലെങ്കിലും കൊള്ളാം
-രാപ്പാടി.

(ബഷോയുടെ ഒരു ചിത്രത്തിൽ എഴുതിയത്)

15
വസന്തകാലമഴച്ചാറൽ
-കഴുകിത്തെളിഞ്ഞപോലെ
സകലതും.

16
എന്നെക്കാൾ വളർന്ന അച്ഛനമ്മമാർ
എന്റെ മക്കൾ
-അതേ ചീവീടുകൾ.


17
ചന്ദ്രനെ ഞാൻ കണ്ടുകഴിഞ്ഞു,
ലോകത്തിനുള്ള കത്തു ഞാൻ ചുരുക്കുന്നു
-എന്നു സ്വന്തം...

(ചിയോ-നി മരണക്കിടക്കയിൽ വച്ചെഴുതിയത്)



അഭിപ്രായങ്ങളൊന്നുമില്ല: