അബെ കോബോ Abe Kobo (1924-1993)- വ്യക്തിയുടെ ഒറ്റപ്പെടൽ വിഭ്രാമകമായ സന്ദർഭങ്ങളിലൂടെ വരച്ചിട്ട ജാപ്പനീസ് നോവലിസ്റ്റും നാടകകൃത്തും.
ജനിച്ചത് ജപ്പാനിൽ ആണെങ്കിലും പതിനേഴു വയസ്സു വരെ വളർന്നത് മഞ്ചൂറിയയിൽ ആണ്. അവിടെ മെഡിക്കൽ കോളേജിൽ പ്രൊഫസ്സറായിരുന്നു അച്ഛൻ. പഠിക്കുമ്പോൾ ഗണിതത്തിലെന്നപോലെ കീടങ്ങളെ ശേഖരിക്കുന്നതിലും വലിയ താല്പര്യമായിരുന്നു. 1941ൽ ജപ്പാനിലേക്കു പോയി. വൈദ്യപഠനത്തിനു ചേർന്നുവെങ്കിലും പൂർത്തിയാക്കാതെ 1945ൽ മഞ്ചൂറിയയിലേക്കു മടങ്ങി. 1946ൽ ജപ്പാനിലേക്കു നാടു കടത്തപ്പെട്ടു. ഒരിക്കലും പ്രാക്റ്റീസ് ചെയ്യരുതെന്ന ഉപാധിയിൽ 1948ൽ മെഡിസിൻ ഡിഗ്രി എടുത്തു. എന്നാൽ ഇക്കാലമായപ്പോഴേക്കും അദ്ദേഹത്തിന്റെ സാഹിത്യാഭിമുഖ്യം പുറത്തുവന്നു കഴിഞ്ഞിരുന്നു. 1947ൽ Mumei Shishu (അജ്ഞാതന്റെ കവിതകൾ) സ്വന്തം ചെലവിൽ അച്ചടിച്ചു പ്രസിദ്ധീകരിച്ചു. അടുത്ത കൊല്ലം Owarishi michi no shirube ni (തെരുവിനറ്റത്തെ വഴിയടയാളം) എന്ന നോവലും. 1951ൽ Kabe(ഭിത്തി) എന്ന ചെറുനോവലിന് വിഖ്യാതമായ ‘അകുതഗാവ’ സമ്മാനം കിട്ടയ്തോടെ എഴുത്തുകാരൻ എന്ന നിലയിൽ അദ്ദേഹം സ്ഥാനമുറപ്പിച്ചു.
1950 മുതൽ അദ്ദേഹം ജാപ്പനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായിരുന്നു. എന്നാൽ 1956ൽ നടത്തിയ ഒരു കിഴക്കൻ യൂറോപ്യൻ സന്ദർശനവും 1958ലെ റഷ്യയുടെ ഹംഗേറിയൻ അധിനിവേശവും അദ്ദേഹത്തെ നിരാശനാക്കി. പാർട്ടിയിൽ നിന്നു പുറത്തുപോരാൻ അപേക്ഷിച്ചുവെങ്കിലും അത് നിരസിക്കപ്പെട്ടു. ഒടുവിൽ 1962ൽ അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയായിരുന്നു. അതേ വർഷം തന്നെയാണ് അദ്ദേഹത്തിന്റെ Suna no onna ( മണല്ക്കൂനകൾക്കിടയിലെ സ്ത്രീ) എന്ന അതിപ്രശസ്തമായ നോവൽ പുറത്തുവരുന്നതും. ഈ നോവൽ 1964ൽ അതേ പേരിൽത്തന്നെ സിനിമയുമായി.
1973ൽ അദ്ദേഹം അബെ കോബോ സ്റ്റുഡിയോ എന്ന നാടകസംഘം രൂപീകരിച്ചു. വർഷം ഒന്നും രണ്ടും നാടകങ്ങൾ എഴുതുകയും അവ താൻ തന്നെ സംവിധാനം ചെയ്യുകയും ചെയ്തു. അതിൽ ഏറ്റവും പേരു കേട്ടത് Tomodachi (കൂട്ടുകാർ) എന്ന 1967ലെ നാടകമാണ്.
ആധുനികനഗരജീവിതത്തിന്റെ കെണിയിൽ വീണവരാണ് കോബോയുടെ കഥാപാത്രങ്ങൾ. പലപ്പോഴും അവർക്കു വഴി തെറ്റുന്നു, തങ്ങളുടെ സ്വത്വം നഷ്ടപ്പെടുന്നു, തങ്ങളെ വിധിവശരാക്കിയ വിഭ്രാമകസംഭവങ്ങളെ ഇഴ പേർത്തെടുക്കാനുള്ള ശ്രമത്തിൽ അവർ പരാജിതരുമാകുന്നു. ജാപ്പനീസ് കാഫ്ക എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. ഒരു കഥയിൽ കഥാപാത്രം ഒരു ചെടിയായി രൂപം മാറുന്നു. മറ്റൊരു കഥയിൽ നിത്യജീവിതത്തിൽ താൻ അനുഭവിക്കാത്ത സ്വാതന്ത്ര്യം കണ്ടെത്താനായി ഒരാൾ ഒരു പെട്ടിക്കുള്ളിലേക്ക് ജീവിതം മാറ്റുന്നു. ‘ചുവന്ന കൊക്കൂൺ’ എന്ന ഈ കഥയിൽ ഒരാൾ തന്റെ ഷൂസിൽ നിന്നു തെറിച്ചുനിന്ന ഒരു ചരടിൽ പിടിച്ചു വലിക്കുമ്പോൾ ഒരു നൂല്ക്കഴി പോലെ അയാൾ തന്നെ അഴിഞ്ഞില്ലാതാവുകയാണ്.
സൂര്യൻ അസ്തമിക്കാൻ തുടങ്ങുകയാണ്. ആളുകൾ ചേക്കയേറാൻ വീടുകളിലേക്കു പായുന്ന നേരം; പക്ഷേ എനിക്കു ചേക്കയേറാൻ ഒരിടവുമില്ല. വീടുകൾക്കിടയിലെ ഇടുങ്ങിയ വിടവിലൂടെ ഞാൻ സാവധാനം നടത്തം തുടരുകയാണ്. തെരുവുകൾക്കിരുപുറവുമായി എത്രയോ വീടുകൾ നിരന്നു നില്പുണ്ടെങ്കിലും എനിക്കായി ഒരു വീടില്ലാത്തതെന്തുകൊണ്ടാണ്? ഒരു നൂറാമത്തെ തവണ ആ ചോദ്യം ഞാൻ മനസ്സിൽ ആവർത്തിച്ചു.
ചിലപ്പോൾ ഒരു ടെലിഫോൺ പോസ്റ്റിനു മുന്നിൽ നിന്നു മൂത്രമൊഴിക്കുമ്പോൾ അതിൽ നിന്ന് ഒരു ചരടുകഷണം തൂങ്ങിക്കിടക്കുന്നത് ഞാൻ കാണാറുണ്ട്; അതിൽ കെട്ടിത്തൂങ്ങാൻ അപ്പോൾ തോന്നിപ്പോകും. ആ ചരട് ഏറുകണ്ണിട്ട് എന്റെ കഴുത്തിലേക്കു നോക്കി പറയുകയാണ്: “നമുക്കു വിശ്രമിക്കാം, സഹോദരാ.” അതെ, എനിക്കും വിശ്രമിക്കണമെന്നുണ്ട്. പക്ഷേ പറ്റുന്നില്ല. ഞാൻ ആ ചരടിന്റെ സഹോദരനല്ല, എന്നു മാത്രമല്ല, എനിക്കു വീടില്ലാത്തതിന് അതൊരു പരിഹാരമാവുകയുമില്ല.
എല്ലാ ദിവസവും രാത്രിയെത്തും. രാത്രിയായാൽ വിശ്രമിക്കുകയും വേണം. വീടുകൾ കയറിക്കിടന്ന് വിശ്രമിക്കാനുള്ളതാണ്. അങ്ങനെയാണെങ്കിൽ എന്റെ പേരിലും ഒരു വീടുണ്ടാവണമല്ലോ, അല്ലേ?
പെട്ടെന്ന് എനിക്കൊരു വെളിപാടുണ്ടായി. ഇങ്ങനെയല്ല ഞാൻ ചിന്തിക്കേണ്ടത്. എനിക്കു വീടില്ല എന്നല്ല, എന്റെ വീട് ഞാൻ മറന്നുപോയി എന്നാവാം. അതെ, അതാണു ശരിയെന്നു വരാം. ഉദാഹരണത്തിന് ഒരു വീടിനു മുന്നിലൂടെ കടന്നുപോകുമ്പോൾ എനിക്കു തോന്നുകയാണ്: ഇതു തന്നെയാവില്ലേ, എന്റെ വീട്? മറ്റു വീടുകളുമായി താരതമ്യം ചെയ്യുമ്പോൾ അങ്ങനെയൊരു സാദ്ധ്യത സൂചിപ്പിക്കുന്നതായി ഒന്നും കാണാനില്ലെന്നതു സത്യം തന്നെ; അതുപിന്നെ എല്ലാ വീടിന്റെ കാര്യത്തിലും അങ്ങനെയാണല്ലോ. ഇതെന്റ വീടാണ് എന്ന സാദ്ധ്യതയെ നിരാകരിക്കുന്ന ഒരു തെളിവെന്ന് അതിനെ പറയാനില്ല. എനിക്കു ധൈര്യം വരികയാണ്. എന്തായാലും വാതിലിൽ മുട്ടുക തന്നെ.
എനിക്കു ഭാഗ്യമുണ്ടായിരുന്നു. പുഞ്ചിരിക്കുന്ന ഒരു സ്ത്രീമുഖം പാതി തുറന്ന ജനാലയിലൂടെ പുറത്തേക്കു നോക്കുന്നു. കണ്ടിട്ട് മനുഷ്യപ്പറ്റുള്ളതാണെന്നു തോന്നുന്നുണ്ട്. എന്റെ ഹൃദയത്തിനരികിലൂടെ പ്രതീക്ഷയുടെ ഒരു കാറ്റ് വീശിപ്പോയി. എന്റെ ഹൃദയം ഒരു കൊടിക്കൂറയായി ചുരുളഴിഞ്ഞു പാറുകയായി. അതീവമാന്യതയോടെ ഞാൻ ചോദിച്ചു:
“ഇതെന്റെ വീടല്ലെന്നുണ്ടോ?”
സ്ത്രീയുടെ മുഖം പെട്ടെന്നു കല്ലിച്ചു. “എന്ത്? നിങ്ങളാരാ?”
വിശദീകരിക്കാൻ തുടങ്ങിയെങ്കിലും പെട്ടെന്ന് എനിക്കതിനു കഴിയാതായി. എന്താണു വിശദീകരിക്കേണ്ടതെന്ന് എനിക്കറിയുന്നില്ല. ഞാൻ ആരെന്നുള്ളതല്ല ഇവിടെ വിഷയമെന്ന് എങ്ങനെയാണ് ഞാനവരെ പറഞ്ഞുമനസ്സിലാക്കുക? ആശ കെട്ടവന്റെ ഒരു സാഹസികതയോടെ ഞാൻ പറഞ്ഞു:
“ആയിക്കോട്ടെ, ഇതെന്റെ വീടല്ല എന്നാണു നിങ്ങൾ പറയുന്നതെങ്കിൽ ദയവു ചെയ്ത് അതൊന്നു തെളിയിച്ചാൽ നന്നായിരുന്നു.”
“എന്റെ ദൈവമേ...”സ്ത്രീയുടെ മുഖം പരിഭ്രാന്തമാവുകയാണ്. അതു കണ്ടിട്ട് എനിക്കു ദേഷ്യം വന്നു.
“നിങ്ങളുടെ കൈയിൽ തെളിവൊന്നും ഇല്ലെന്നാണെങ്കിൽ ഇതെന്റേതാണെന്നു പറയാൻ എനിക്കവകാശമുണ്ട്.”
“പക്ഷേ ഇതെന്റെ വീടാണ്.”
“അതുകൊണ്ടെന്തു കാര്യം? ഇത് നിങ്ങളുടേതാണെന്നു നിങ്ങൾ പറയുന്നതുകൊണ്ടു മാത്രം ഇതെന്റേതല്ല എന്നു വരുന്നില്ല.”
അതിനു മറുപടി പറയുന്നതിനു പകരം ആ സ്ത്രീ തന്റെ മുഖമൊരു ചുമരാക്കുകയും ജനാല കൊട്ടിയടക്കുകയുമാണ്. അതാണൊരു സ്ത്രീയുടെ ചിരിക്കുന്ന മുഖത്തിന്റെ യഥാർത്ഥരൂപം. എന്തെങ്കിലുമൊന്ന് ഏതെങ്കിലുമൊരാളുടേതാണെങ്കിൽ അതു പിന്നെ എന്റേതല്ല എന്നതിനു പിന്നിലെ എനിക്കു പിടികിട്ടാത്ത യുക്തി എനിക്കെന്നും വെളിപ്പെടുത്തിത്തന്നിട്ടുള്ളത് ഈ രൂപമാറ്റങ്ങളാണ്.
പക്ഷേ, സർവ്വതും മറ്റാരുടേതെങ്കിലുമാവുന്നതും എനിക്കായിട്ടൊന്നുമില്ലെന്നും വരുന്നതുമെങ്ങനെ? ഇനി, എന്റേതല്ലെങ്കിൽത്തന്നെ ആരുടേതുമല്ലാത്തതായി എന്തെങ്കിലുമൊന്നുണ്ടാവേണ്ടതല്ലേ?
ചിലനേരത്ത് എനിക്കു മതിഭ്രമങ്ങൾ ഉണ്ടാകുന്നു. കെട്ടിടനിർമ്മാണം നടക്കുന്ന സ്ഥലങ്ങളിലെ വലിയ കോൺക്രീറ്റ് പൈപ്പുകൾ കാണുമ്പോൾ എനിക്കവ സ്വന്തം വീടാണെന്നു തോന്നുകയാണ്. പക്ഷേ അവയും മറ്റാരുടെയോ സ്വന്തമായിക്കഴിഞ്ഞു. അവ മറ്റാരുടെയോ ആണെന്നതിനാൽ എന്റെ ആഗ്രഹങ്ങളോ എന്റെ താല്പര്യങ്ങളോ പരിഗണിക്കാതെ അവ കണ്ണിൽ നിന്നു മറയുന്നു. അല്ലെങ്കിൽ എന്റെ വീടല്ലാത്ത മറ്റെന്തോ ആകുന്നു.
എങ്കില്പിന്നെ പാർക്ക് ബഞ്ചുകളെക്കുറിച്ചെന്തു പറയുന്നു? അതു നല്ല കാര്യമായേനേ, അവ ശരിക്കും എന്റെ വീടായിരുന്നെങ്കിൽ, അയാൾ ലാത്തിയും കൊണ്ടുവന്ന് എന്നെ അടിച്ചോടിച്ചില്ലായിരുന്നുവെങ്കിൽ. അവ എല്ലാവരുടേതുമാണ്, ആരുടെയെങ്കിലുമല്ല എന്നത് ശരിയാണ്. പക്ഷേ അയാൾ പറയുന്നു:
“ഹേയ്, എഴുന്നേല്ക്കവിടുന്ന്. ഈ ബഞ്ച് എല്ലാവർക്കും അവകാശപ്പെട്ടതാണ്, ഒരാൾക്കു മാത്രമുള്ളതല്ല, എന്തായാലും തനിക്കുള്ളതല്ല. എഴുന്നേല്ക്ക്, എന്നിട്ട് നേരേ നടന്നോ. അതിഷ്ടമില്ലെങ്കിൽ പോലീസ് സ്റ്റേഷനിലെ ലോക്കപ്പിൽ രാത്രി കഴിക്കാം. അവിടെയല്ലാതെ എവിടെയെങ്കിലും നടത്തം നിർത്തിയാൽ താൻ നിയമം ലംഘിക്കുകയാവും, മനസ്സിലായല്ലോ?”
അലയുന്ന ജൂതൻ- ഞാൻ അതാണോ?
സൂര്യൻ അസ്തമിക്കുകയാണ്. ഞാൻ നടക്കുകയാണ്.
ഒരു വീട്...അപ്രത്യക്ഷമാവാത്ത, മറ്റൊന്നായി മാറാത്ത, മണ്ണിൽ ഉറച്ചുനില്ക്കുന്ന, ഇളകാത്ത വീടുകൾ. അവയ്ക്കിടയിൽ മാറിക്കൊണ്ടിരിക്കുന്ന, എന്നും ഒരേ മുഖമല്ലാത്ത ഒരു വിടവ്...തെരുവ്. മഴദിവസങ്ങളിൽ ചായത്തിൽ മുക്കിയ ബ്രഷ് പോലെയാണത്, മഞ്ഞുള്ളപ്പോൾ ഒരു ടയറിന്റെ ചാലിനത്ര വീതി മാത്രം, കാറ്റു വീശുമ്പോൾ ഒരു കൺവേയർ ബല്റ്റ് പോലെ ഒഴുകുകയാണത്. ഞാൻ നടത്തം തുടരുകയാണ്. എനിക്കൊരു വീടില്ലാത്തതെന്തുകൊണ്ടാണെന്ന് എനിക്കു മനസ്സിലാകുന്നില്ല, അതു കാരണം എനിക്കു കെട്ടിത്തൂങ്ങിച്ചാവാനും പറ്റുന്നില്ല.
ഹേയ്, ആരാണെന്നെ നെരിയാണിയിൽ പിടിച്ചു നിർത്തുന്നത്? തൂങ്ങിച്ചാവാനുള്ള കയറാണെങ്കിൽ അത്രയും ആവേശം വേണ്ട, അത്ര തിടുക്കവും വേണ്ട. പക്ഷേ ഇതതല്ല. ഒട്ടുന്ന ഒരു പട്ടുനൂലാണത്. ഞാൻ അതിൽ പിടിച്ചു വലിക്കുമ്പോൾ ഷൂസിന്റെ മേല്ഭാഗത്തു നിന്ന് അത് അഴിഞ്ഞഴിഞ്ഞുവരികയാണ്. ആ ഒട്ടുന്ന നൂൽ നീണ്ടുനീണ്ടുവരുന്നു. പേടിപ്പെടുത്തുന്നതാണത്. ജിജ്ഞാസ കാരണം ഞാനതിൽ പിടിച്ചുവലിച്ചുകൊണ്ടിരുന്നു. പിന്നെയുണ്ടായത് കൂടുതൽ വിചിത്രമായതൊന്നാണ്. ഞാൻ പതുക്കെ കുനിഞ്ഞുപോവുകയാണ്. തറനിരപ്പിനു ലംബമായി നിവർന്നുനില്ക്കാൻ എനിക്കു പറ്റുന്നില്ല. ഭൂമിയുടെ അച്ചുതണ്ട് പിന്നെയും ചരിഞ്ഞോ അതോ, ഗുരുത്വാകർഷണത്തിന്റെ ദിശ തിരിഞ്ഞോ?
എന്തോ വീണ ശബ്ദം. എന്റെ ഷൂസ് ഊരി തറയിൽ വീണതാണ്. എന്താണ് സംഭവിക്കുന്നതെന്ന് എനിക്കു മനസ്സിലാകുന്നു. ഭൂമിയുടെ അച്ചുതണ്ട് ചരിഞ്ഞതല്ല, എന്റെ ഒരു കാലിനു നീളം കുറഞ്ഞതാണ്. ഞാൻ ചരടിൽ പിടിച്ചു വലിക്കുമ്പോൾ എന്റെ കാലിനു നീളം കുറഞ്ഞുകുറഞ്ഞു വരികയാണ്. ഒരു ദ്രവിച്ച ജാക്കറ്റിന്റെ കൈ പിന്നലഴിഞ്ഞുവരുന്നതുപോലെ എന്റെ കാൽ അഴിഞ്ഞുവരികയാണ്. പടവലങ്ങയുടെ നാരു പോലത്തെ ആ ചരടാണ് എന്റെ ജീർണ്ണിക്കുന്ന കാല്.
ഒരടി കൂടി വയ്ക്കാൻ എനിക്കു പറ്റുന്നില്ല. എന്തു ചെയ്യണമെന്ന് എനിക്കറിയുന്നില്ല. ഞാൻ നില്ക്കുകയാണ്. പട്ടുചരടായി മാറിയ എന്റെ കാലിന് എന്റെ കൈയിനുള്ളിൽ അനക്കം വയ്ക്കുന്നു. അത് കൈയിൽ നിന്ന് സാവധാനം പുറത്തേക്കിഴഞ്ഞിറങ്ങുന്നു. അതിന്റെ തുമ്പ് എന്റെ കൈയുടെ സഹായമില്ലാതെ തന്നെ പുറത്തുവന്ന് ഒരു പാമ്പിനെപ്പോലെ എന്നെ ചുറ്റാൻ തുടങ്ങുന്നു. എന്റെ ഇടതുകാൽ അഴിഞ്ഞുതീർന്നപ്പോൾ വലതുകാൽ അഴിയുകയായി. അല്പനേരം കഴിഞ്ഞപ്പോൾ ഒരു സഞ്ചിയെന്നപോലെ അതെന്നെ ചുറ്റിക്കഴിഞ്ഞു. അതുകൊണ്ടും നിന്നില്ല; ഇടുപ്പിൽ നിന്ന് നെഞ്ചിലേക്ക്, നെഞ്ചിൽ നിന്ന് തോളുകളിലേക്ക് ഞാൻ നൂലായി അഴിയുന്നു, അഴിയുന്ന നൂൽ സഞ്ചിയുടെ ഉള്ളു നെയ്യുന്നു. ഒടുവിൽ ഞാൻ ഇല്ലാതാവുന്നു.
പിന്നെ ശേഷിച്ചത് പൊള്ളയായ ഒരു കൊക്കൂൺ.
ഹാവൂ, ഇനിയെനിക്ക് ഒന്നു വിശ്രമിക്കാമെന്നായിരിക്കുന്നു. അസ്തമയസൂര്യൻ കൊക്കൂണിൽ ചെഞ്ചായം പൂശുന്നു. ഇതെന്തായാലും എന്റെ വീടു തന്നെ, ആരുമെന്നെ ഇതിൽ നിന്നിറക്കിവിടാൻ പോകുന്നില്ല. എനിക്കൊരു വീടുണ്ടായി, പക്ഷേ അതിൽ താമസിക്കാൻ ഒരു ‘ഞാൻ’ ഇല്ല എന്നതു മാത്രമാണ് പ്രശ്നം.
കൊക്കൂണിനുള്ളിൽ കാലം നിലച്ചിരിക്കുന്നു. പുറത്ത് ഇരുട്ടായി, പക്ഷേ കൊക്കൂണിനുള്ളിൽ എന്നും സന്ധ്യയാണ്. ഉള്ളിൽ നിന്നു പ്രസരിക്കുന്ന ഒരു ദീപ്തിയിൽ അസ്തമയവർണ്ണങ്ങളാർന്ന് അത് തുടുക്കുന്നു. ശ്രദ്ധേയമായ ആ പ്രത്യേകത ആ പോലീസുകാരന്റെ നിശിതദൃഷ്ടിയിൽ പെടാതെപോയില്ല. ഒരു റെയിൽവേ ക്രോസ്സിംഗിന്റെ പാളങ്ങൾക്കിടയിൽ ഞാനെന്ന കൊക്കൂൺ കിടക്കുന്നത് അയാൾ കണ്ടു. ആദ്യം അയാൾക്ക് ദേഷ്യമാണു വന്നത്; പിന്നയാൾ മനസ്സു മാറ്റി തനിക്കു കിട്ടിയ ആ വിചിത്രമായ സാധനം തന്റെ പോക്കറ്റിൽ എടുത്തിട്ടു. കുറച്ചു നേരം അതിനുള്ളിൽ കിടന്നു മറിഞ്ഞതിനു ശേഷം അയാളുടെ മകന്റെ കളിപ്പാട്ടപ്പെട്ടിയിലേക്ക് എനിക്കു സ്ഥാനമാറ്റം കിട്ടി.
http://www.independent.co.uk/news/people/obituary-kobo-abe-1480301.html
മലയാളനാട് വെബ് മാസികയുടെ ഡിസംബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്
1 അഭിപ്രായം:
നല്ല കഥ. നല്ല വിവർത്തനം. നന്ദി
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ