2017, ഡിസംബർ 27, ബുധനാഴ്‌ച

ബ്രഷ്റ്റ്– കവിതകൾ (1920-1925)

Bertolt-Brecht

എന്റെ അമ്മയ്ക്ക്

അമ്മയുടെ കാലം കഴിഞ്ഞപ്പോൾ
അവരെ മണ്ണിലിറക്കിക്കിടത്തി;
അവർക്കു മേൽ പൂക്കൾ വിടർന്നുനിന്നിരുന്നു,
പൂമ്പാറ്റകൾ പാറിനടന്നിരുന്നു...
മണ്ണൊന്നമരാനുള്ള ഭാരം പോലും
അവർക്കുണ്ടായിരുന്നില്ല:
എത്ര വേദന വേണ്ടിവന്നിരിക്കണം,
അത്രയും ഭാരം കുറയാൻ!


ആത്മഹത്യയെക്കുറിച്ച് ഒരു കത്ത്


തന്നെത്താൻ കൊല്ലുകയെന്നത്
വളരെ നിസ്സാരമായ ഒരു സംഗതിയത്രെ.
തുണി തിരുമ്പാൻ വരുന്ന സ്ത്രീയോട്
നിങ്ങൾക്കതിനെക്കുറിച്ചു തമാശ പറയാം.
അതിന്റെ നല്ലതും ചീത്തയുമായ വശങ്ങളെക്കുറിച്ച്
ഒരു സ്നേഹിതനുമായി ചർച്ച ചെയ്യാം.
ഒരു ദുരന്തബോധം പക്ഷേ, ഒഴിവാക്കേണ്ടതു തന്നെ,
അതിനി എത്ര ആകർഷകമായി തോന്നിയാലും.
അതൊരു വിശ്വാസപ്രമാണമാക്കണമെന്നുമില്ല.
പിന്നെ, സ്വയം വിശ്വസിപ്പിക്കാൻ നടത്തുന്ന
ചില പതിവുവാദങ്ങളുണ്ടല്ലോ:
എന്നും കിടക്കവിരി മാറ്റി തനിക്കു മടുത്തു എന്നോ,
തന്റെ ഭാര്യ തന്നെ വഞ്ചിച്ചു എന്നുമൊക്കെ-
അതിൽ കുറച്ചുകൂടി കാര്യമുണ്ടെന്നു സമ്മതിക്കാം.
(അങ്ങനെയൊക്കെ നടക്കുമോയെന്നത്ഭുതപ്പെടുന്ന മാന്യജീവികൾ
അതിനെക്കുറിച്ചു രസം പിടിച്ചു സംസാരിച്ചുവെന്നുവരാം.)
അതെന്തുമാവട്ടെ,
തന്നെത്താൻ വിലകൂട്ടിക്കണ്ടു
എന്നൊരു ധാരണ പരക്കാതെ നോക്കുകതന്നെ വേണം.


ഷിപ്ക്കാ ചുരത്തിലെ പനിനീർപ്പൂക്കൾ


എന്റെ ബാല്യത്തിൽ നിന്നൊരു ഞായറാഴ്ച എനിക്കോർമ്മ വരുന്നു,
മസൃണമായ താഴ്ന്ന സ്ഥായിയിൽ അച്ഛൻ ഞങ്ങൾക്കായി പാടിയിരുന്നു,
നിറഞ്ഞ ഗ്ളാസ്സുകൾക്കും ഒഴിഞ്ഞ ഗ്ളാസ്സുകൾക്കുമിടയിലൊരു ഗാനം,
‘ഷിപ്ക്കാ ചുരത്തിലെ പനിനീർപ്പൂക്കൾ’ എന്നൊരു ഗാനം.

ഞായറാഴ്ചകൾ കറങ്ങിത്തിരിഞ്ഞു പിന്നെയും വന്നു,
പിന്നെയുമച്ഛൻ ഞങ്ങൾക്കായിപ്പാടി, മസൃണമായ താഴ്ന്ന സ്ഥായിയിൽ,
അദ്ദേഹം പാടിയതു ലൈലാക്കുകളെക്കുറിച്ചല്ല, ലില്ലികളെക്കുറിച്ചുമല്ല,
ഷിപ്ക്കാ ചുരത്തിലെ പനിനീർപ്പൂക്കളെപ്പറ്റി.

ഞങ്ങളുടെ കൺപോളകളിൽ ഉറക്കം കനത്തു തൂങ്ങുമ്പോൾ,
അച്ഛന്റെ കൺപീലികൾ മഞ്ഞു വീണ പുൽനാമ്പുകൾ പോലെയാവും,
ഞങ്ങൾക്കായൊടുവിൽ പാടിത്തീർത്ത ഗാനത്താൽ,
‘ഷിപ്ക്കാ ചുരത്തിലെ പനിനീർപ്പൂക്കൾ’ എന്ന ഗാനത്താൽ.


പച്ച എന്ന മരത്തോട് പ്രഭാതത്തിൽ പറഞ്ഞത്


1
പച്ചേ, നിന്നോടു ഞാൻ ക്ഷമ ചോദിക്കട്ടെ.
കൊടുങ്കാറ്റിന്റെ ഒച്ചപ്പാടു കാരണം
ഇന്നലെ രാത്രിയിൽ ഞാൻ ഉറങ്ങിയതേയില്ല.
പുറത്തേക്കെത്തിനോക്കുമ്പോൾ നീ നിന്നാടുന്നതു ഞാൻ കണ്ടു,
മത്തു പിടിച്ചൊരു കുരങ്ങനെപ്പോലെ.
ഞാനതിനെക്കുറിച്ചെന്തോ പറയുകയും ചെയ്തു.

2
ഇന്നിതാ, ഇല കൊഴിഞ്ഞ നിന്റെ കൊമ്പുകളിൽ
സൂര്യൻ തിളങ്ങുന്നു.
ബാക്കിയായ ചില കണ്ണീർത്തുള്ളികൾ
നീ കുടഞ്ഞുകളയുന്നുമുണ്ട് പച്ചേ.
ഇന്നു നിനക്കു പക്ഷേ നിന്റെ വിലയെന്തെന്നറിയാം.
കഴുകന്മാർ നിന്റെ മേൽ കണ്ണു വച്ചിരുന്നു.
ഇന്നിപ്പോഴെനിക്കു മനസ്സിലാവുന്നു:
ഈ പ്രഭാതത്തിൽ നീ നടു നീർത്തി നിൽക്കുന്നുവെങ്കിൽ
അതു നിന്റെ മെയ് വഴക്കം കൊണ്ടു തന്നെ.

3
നിന്റെ ഈ വിജയം കാരണം ഇന്നെന്റെ അഭിപ്രായം ഇങ്ങനെ:
കെട്ടിടങ്ങൾക്കിടയിൽ ഞെരുങ്ങിക്കൊണ്ടെങ്കിലും
ഈ വിധം വളർന്നുനിൽക്കാൻ കഴിഞ്ഞെങ്കിൽ
അതൊരു ചെറിയ കാര്യമല്ലതന്നെ, പച്ചേ,
അതും ഇത്രയുമുയരത്തിൽ,
പോയ രാത്രിയിലെന്നപോലെ
കൊടുങ്കാറ്റു പിടിച്ചുലയ്ക്കുന്നത്ര ഉയരത്തിൽ.


അഭിപ്രായങ്ങളൊന്നുമില്ല: