റുബേൻ ദാരിയോ Félix Rubén García Sarmiento (1867-1916)- നിക്കരാഗ്വൻ കവിയും നോവലിസ്റ്റും പത്രപ്രവർത്തകനും നയതന്ത്രജ്ഞനും. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ സ്പാനിഷ്-അമേരിക്കൻ സാഹിത്യത്തിൽ പിറവിയെടുത്ത മോഡേണിസ്റ്റ എന്ന ആധുനികതാപ്രസ്ഥാനത്തിന്റെ തുടക്കം റുബേൻ ദാരിയോയിൽ നിന്നാണ്. പതിനേഴാം നൂറ്റാണ്ടിനു ശേഷം രൂപത്തിലും ഉള്ളടക്കത്തിലും പറയത്തക്ക മാറ്റമൊന്നുമില്ലാതെ തളം കെട്ടിയ സ്പാനിഷ് കവിതയിൽ ഫ്രഞ്ച് പർണ്ണേസിയൻ, സിംബോളിസ്റ്റ് സ്വാധീനത്തോടെ ഒരിളക്കമുണ്ടാക്കിയത് അദ്ദേഹമാണ്. രൂപപരമായ പരീക്ഷണങ്ങളും ക്ലാസ്സിക്കൽ പ്രമേയങ്ങളും ഹിസ്പാനിക് പാരമ്പര്യവും ചേർന്ന ഒരു കോസ്മോപോളിറ്റൻ ചേരുവയാണ് അദ്ദേത്തിന്റെ കവിത.
1867 ജനുവരി 18ന് നിക്കരാഗ്വയിലെ മെറ്റാപ്പയിലാണ് അദ്ദേഹത്തിന്റെ ജനനം. വളരെ ചെറുപ്പത്തിൽത്തന്നെ എഴുതിത്തുടങ്ങി; പതിനാലാം വയസ്സിൽ റുബേൻ ദാരിയോ എന്ന തൂലികാനാമം സ്വീകരിക്കുകയും ചെയ്തു. 1886ൽ ചിലിയിലേക്കു കുടിയേറി; രണ്ടുകൊല്ലം കഴിഞ്ഞ് പ്രസിദ്ധീകരിച്ച Azul (നീല) എന്ന സമാഹാരം മോഡേണിസ്റ്റയുടെ മാനിഫെസ്റ്റോ ആയി. പിന്നീട് പാരീസിലും മാഡ്രിഡിലും ചിലിയുടെ അംബാസഡർ ആയതിനു ശേഷം 1893ൽ കൊളംബിയയുടെ കൗൺസൽ ആയി ബ്യൂണർസ് അയർസിൽ എത്തി. 1896ൽ Prosas profanas y otros poemas (നാസ്തികന്റെ സങ്കീർത്തനങ്ങളും മറ്റു കവിതകളും) പ്രസിദ്ധീകരിച്ചു. സ്പാനിഷ്-അമേരിക്കൻ യുദ്ധകാലത്ത് ഒരു പത്രത്തിന്റെ യുദ്ധകാര്യലേഖകനായതോടെ സമകാലിക സാമൂഹ്യ,രാഷ്ട്രീയവിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ നല്കി. ഫ്രാൻസിൽ നിക്കരാഗ്വയുടെ അംബാസഡർ ആയിരിക്കുമ്പോഴാണ് 1905ൽ അദ്ദേഹത്തിന്റെ മാസ്റ്റർപീസ് ആയ Cantos de vida y esperanza (ജീവിതത്തെയും പ്രത്യാശയേയും കുറിച്ചുള്ള ഗാനങ്ങൾ) പുറത്തുവരുന്നത്. ഒരു പ്രസംഗപര്യടനത്തിനിടയിൽ ന്യൂയോർക്കിൽ വച്ച് ന്യുമോണിയ ബാധിച്ചതിനെ തുടർന്ന് നിക്കരാഗ്വയിലേക്കു മടങ്ങിയ അദ്ദേഹം 1916 ഫെബ്രുവരി 6ന് അന്തരിച്ചു.
1. മുൾച്ചെടികൾ
I
ആദ്യം, ഒരു നോട്ടം;
പിന്നെ പൊള്ളുന്ന കൈകളുടെ സ്പർശം;
അതില്പിന്നെ, ഇരച്ചുകേറുന്ന ചോരയും
കീഴടക്കുന്ന ചുംബനവും.
IV
സർപ്പം ചീറ്റുകയും
പ്രാപ്പിടിയൻ പാട്ടു പാടുകയും ചെയ്തപ്പോൾ,
പൂക്കൾ കരയുകയും
ഒരാകാശഗോളം നെടുവീർപ്പിടുകയും ചെയ്തപ്പോൾ,
വജ്രം തിളങ്ങുകയും
പവിഴം ചോര വാർക്കുകയും ചെയ്തപ്പോൾ,
സാത്താന്റെ കണ്ണുകൾ
വെള്ളിനാണയങ്ങളായപ്പോൾ,
അപ്പോഴാണവൾക്കവളുടെ
കന്യകാത്വം നഷ്ടമായതും.
V
കുട്ടികളില്ലാത്ത വീട്ടുകാരിക്ക്
വടിവൊത്ത തന്റെയുടലിനോടവജ്ഞ തോന്നുന്നു,
ആറു കുട്ടികളെ കൈയിൽ പിടിച്ചും
ഏഴാമത്തേതിനെ വയറ്റിലിട്ടും
വേലക്കാരി കയറിവരുമ്പോൾ.
2. പുനരവതാരങ്ങൾ
ആദിയിൽ ഞാനൊരു പവിഴപ്പുറ്റായിരുന്നു,
പിന്നെ ഞാനൊരു രത്നമായി,
തണ്ടിൽ പിണഞ്ഞും പച്ചയുമായി
ഒരു മുല്ലവള്ളിയായി പിന്നെ;
അതില്പിന്നെ ഞാനൊരാപ്പിളായി,
പാടത്തു പൂത്ത ലില്ലിപ്പൂവായി,
വഴങ്ങുന്ന പെൺകുട്ടിയുടെ ചുണ്ടുകളായി,
പുലരുമ്പോൾ പാടുന്ന വാനമ്പാടിയായി;
ദൈവവെളിച്ചം വീഴുന്നൊരു പനയാണിന്നു ഞാൻ,
ഒരാത്മാവ്...കാറ്റിൽ പറന്ന സങ്കീർത്തനം.
(1890)
3. വിവർണ്ണപുഷ്പങ്ങൾ
മോണകളില്ലാത്ത മന്ദഹാസങ്ങളുണ്ട്,
കണ്ണുകളില്ലാത്ത തുറിച്ചുനോട്ടങ്ങളുണ്ട്,
തൊലി വിളർത്ത മനോരോഗികൾ
സ്വപ്നങ്ങളിൽ കാണുന്ന കാഴ്ചകളുണ്ട്,
മുഖം തരാത്ത ശത്രുക്കൾ,
അടങ്ങാത്ത മരണാനന്തരവിദ്വേഷങ്ങൾ-
ഭ്രാന്താലയത്തിലെ പനിനീർപ്പൊന്തകളിൽ
വിവർണ്ണപുഷ്പങ്ങൾ വിടരുന്നതങ്ങനെ,
വിഭ്രാന്തമനസ്സുകളുടെ ചോരയിൽ നിന്നും
ചെടികൾ നീരു വലിച്ചൂറ്റുന്നതുമങ്ങനെ.
(1889-93)
4. അന്യാപദേശങ്ങളുടെ ദേശത്ത്
അന്യാപദേശങ്ങളുടെ ദേശത്ത്
നൃത്തം വയ്ക്കുന്നു ശലോമി,
ഹെറോദിയാസ്സിന്റെ സവിധത്തിൽ
നിത്യം നൃത്തം വയ്ക്കുകയാണവൾ.
സിംഹങ്ങളെ വിറപ്പിച്ചവൻ,
സ്നാപകനായ യോഹന്നാൻ,
ആഞ്ഞുവെട്ടുന്ന മഴുത്തലപ്പിൽ
അവന്റെ ശിരസ്സറ്റുവീഴുന്നു.
ചോരയൊഴുകുന്നു.
രതിയുടെ പനിനീർപ്പൂ വിടരുമ്പോൾ
ഉള്ളതായിട്ടുള്ളതെല്ലാമിളകുന്നു,
അതു ചുരത്തുന്ന കാമത്തിൽ,
അതു ചൊരിയുന്ന പാവനരഹസ്യങ്ങളിൽ.
(1905)
5. ഭൂകമ്പം
പ്രഭാതം. ഈ വലിയ ബംഗ്ലാവിന്റെ നിശ്ശബ്ദതയിൽ
കുട്ടിയായ ഞാനെത്ര കഥകളും യക്ഷിക്കഥകളും കേട്ടു,
അധീരയായൊരു പെൺകുട്ടിയുടെ ജനലഴികൾക്കു വെളിയിൽ
തെന്നലിലൊഴുകുന്ന പ്രണയഗാനങ്ങളെത്ര ഞാൻ കേട്ടു.
ആകാശമാകെ ദീപ്തനക്ഷത്രരാശികളായിരുന്നു,
ചില ചുവന്ന വെളിച്ചങ്ങൾ കിഴക്കുദിക്കിൽ സംവാദത്തിലായിരുന്നു.
പിന്നെപ്പൊടുന്നനേ ഒരു ഭൂകമ്പം ആളുകളെ മുട്ടുകാലിൽ വീഴ്ത്തി,
തെരുവുകളിലും കവലകളിലും അർദ്ധനഗ്നരായിനിന്നവർ കേണു:
“സർവ്വശക്തനായ ദൈവമേ! വിശുദ്ധന്മാരേ! സർവ്വനാശത്തിൽ നിന്നു രക്ഷിക്കേണമേ!”
വീടുകൾ തകർന്നടിഞ്ഞു. ഭൂമി പിന്നെയും പിന്നെയും കുലുങ്ങി.
ഒരദൃശ്യഹസ്തം വെളിപാടുപുസ്തകം തുറക്കുകയായിരുന്നു.
ഈ കനം വച്ച വായുവിൽ കാറ്റിന്റെ നേർത്ത നിശ്വാസം പോലുമില്ല,
മരണം ഈ മണ്ണിനു മേൽ കൂടി കടന്നുപോവുകയായിരുന്നു,
ആകാശത്തിന്റെ നിർവ്വികാരമായ കണ്ണുകൾക്കടിയില്ക്കൂടി.
(1912)
6. അന്റോണിയോ മച്ചാദോ
നിശ്ശബ്ദതയും നിഗൂഢതയും കൊണ്ടു സ്വയം മറച്ച്
പലവേളകളിലയാൾ ഇതുവഴി കടന്നുപോയി.
അത്ര ഗഹനതയിൽ നിന്നാണയാളുടെ നോട്ടമെന്നതിനാൽ
ആരുമാരുമയാളെ കാണാതെയും പോയി.
അയാളുടെ വാക്കുകൾക്കൊരു നേർത്ത ചുവയുണ്ടായിരുന്നു,
ഒരു കാതരതയുടെ, ഒരു ധാർഷ്ട്യത്തിന്റെ.
അയാളുടെ നെഞ്ചിനുള്ളിൽ ചിന്തകൾ ജ്വലിക്കുമ്പോൾ
അതിന്റെ നാളങ്ങളിൽ നിങ്ങൾക്കു പൊള്ളിയിരുന്നു.
ആഴവും വെളിച്ചവുമെന്നുമയാളിലുണ്ടായിരുന്നു,
അയാളുടെ നിലപാടുകൾക്കുറച്ച നിലവുമുണ്ടായിരുന്നു.
സിംഹക്കൂട്ടത്തെ തെളിക്കുമ്പോൾത്തന്നെ
ആട്ടിൻപറ്റത്തെയുമയാൾ തെളിച്ചിരുന്നു.
ഏതു കൊടുങ്കാറ്റിനുമയാൾ കടിഞ്ഞാണിട്ടിരുന്നു,
തേനും തേനറയുമായി വീട്ടിൽ വന്നിരുന്നതും അയാൾ തന്നെ.
ജീവിതത്തിൽ നിന്നൊഴുകിവരുന്ന ദിവ്യാത്ഭുതങ്ങൾ,
നമുക്കാനന്ദവുമായെത്തുന്ന പ്രണയം...
എത്രയും ഗഹനമായ വരികളിലയാൾ പാടുമ്പോൾ
അതിന്റെ രഹസ്യങ്ങളയാൾക്കു മാത്രമറിയുന്നതായിരുന്നു.
ഒരുനാളയാൾ ചിറകു വച്ചൊരു കുതിരമേലേറി,
ഒരസാദ്ധ്യമണ്ഡലത്തിലേക്കയാൾ യാത്രയുമായി...
എന്റെ ദൈവങ്ങളോടെന്നുമെന്നും ഞാൻ പ്രാർത്ഥിക്കും:
അന്റോണിയോക്കൊന്നും വരാതെ കാത്തോളണേ! ആമേൻ.
(1905-1907)
7. വിട
വിട, വാസന്തപുഷ്പങ്ങൾക്ക്!
വിട, തെളിനീർച്ചോലകൾക്ക്!
വിട, കാടിന്നാഴപ്പച്ചയ്ക്കും
വിടരുന്ന പുതുമണങ്ങൾക്കും!
വിട, നിനക്കും, ഒപ്പം നിന്ന ഹൃദയമേ,
അത്ര മനോജ്ഞമായ ഋതുക്കളിൽ
അത്ര നല്ലതൊക്കെ രുചിച്ചു നാം
ഒരുമിച്ചാനന്ദിച്ചതാണല്ലോ!
വിട, ഇരുളുന്ന പാതയിൽ വച്ച്
എന്റെ ജീവിതം കൈയേറിയ
പൊറുതി കെട്ട കാലത്തിനും.
അജ്ഞാതത്തിനു മുന്നിലേകനായി,
നഗ്നനും കാതരനുമായി നില്ക്കെ
ഇതാണെന്റെ പ്രാർത്ഥന:
വിധിയെന്നോടു കടുപ്പം കാട്ടരുതേ,
കാണുന്നതെന്തെന്നു ഞാനറിഞ്ഞോളാം!
(1910)
8. ലോലാപ്പെങ്ങൾക്കു വേണ്ടി വരച്ച സ്വന്തം ചിത്രം
നിന്റെ കണ്മുന്നിൽ നില്ക്കുന്ന ഈ സഞ്ചാരി
നാടോടിയായ നിന്റെ ഉടപ്പിറന്നവൻ തന്നെ;
നിനക്കിനിയും വിശ്വാസമാവുന്നില്ലല്ലേ,
ഞാനിന്നും ജീവനോടിരിക്കുന്നുവെന്നത്,
ഞാനിന്നും ശ്വാസമെടുക്കുന്നുവെന്നത്!
എന്നാലന്നു നിന്നെ പിരിഞ്ഞ മാതിരിയല്ല,
അതില്പിന്നായതു മാതിരിയാണു ഞാൻ:
കിഴവൻ, വിരൂപൻ, പൊണ്ണൻ, വിഷാദിയും.
(1904)
9. വിഷാദം
വിളക്കേന്തിനില്ക്കുന്നവനേ, ഇറ്റു വെളിച്ചമെനിക്കും പകരുക,
ഇരുട്ടിൽ വഴി തെളിയാതെ തപ്പിത്തടഞ്ഞു ഞാൻ നടക്കുന്നു.
ചുഴലികളിലും ചണ്ഡവാതങ്ങളിലും ഞാൻ പെട്ടുപോയിരിക്കുന്നു,
സംഗീതവും സ്വപ്നങ്ങളുമെന്നെ ഉന്മാദിയാക്കിയിരിക്കുന്നു.
ഇതാണെന്റെ ശാപം, സ്വപ്നം കാണുക.
ഒരായിരം മുള്ളുകളെറിച്ചുനില്ക്കുന്ന ഇരുമ്പുകവചമാണ് കവിത.
അതെന്റെ ആത്മാവിനെ പൊതിഞ്ഞുനില്ക്കുന്നു,
അതിന്റെ മുൾമുനകളിൽ നിന്നു വിഷാദത്തിന്റെ ചോരത്തുള്ളികളിറ്റുന്നു.
ഈ പരുഷലോകത്തു ഞാനലയുന്നതിങ്ങനെ, അന്ധനായി, ഭ്രാന്തനായി,
ഈ വഴിക്കവസാനമില്ലെന്നു ചിലനേരമെനിക്കു തോന്നുന്നു,
ചിലനേരം വഴി തീരെച്ചെറുതാണെന്നും...
ധൈര്യത്തിനും വ്യഥയ്ക്കുമിടയിൽ സന്ദേഹിച്ചുഴലുമ്പോൾ
ഹൃദയഭാരങ്ങളെനിക്കു സഹിക്കാനാവാതെയാകുന്നു.
വിഷാദത്തിന്റെ തുള്ളികളിറ്റുന്നതു നിങ്ങൾ കേൾക്കുന്നില്ലേ?
(1905)
10. നില്ക്കാതെ നടക്കുക, മറക്കാൻ പഠിക്കുക
(ഇതാണെന്റെ ശാപം: സ്വപ്നം കാണുക)
വഴി പോകുന്നവനേ, നീ നടക്കുന്ന വഴിയേക്കാൾ
നല്ലൊരു വഴി തേടുന്നതു വിഫലമാണെന്നു വരാം.
ഞാനൊരു കൈ തന്നാലും അതുകൊണ്ടു നീയെന്തു നേടാൻ,
ഒരേ നക്ഷത്രത്തിൻ കീഴിൽ ജനിച്ചവരാണു നാമെന്നിരിക്കെ?
നീ ഒരിക്കലും നിന്റെ ലക്ഷ്യത്തിലെത്തുകയില്ല;
നിന്റെയുള്ളിൽ ഒരു പുഴു കുടിയേറിയിരിക്കുന്നു,
മനുഷ്യന്റേതായി നിന്നിലുള്ളതൊക്കെയതു തിന്നുതീർക്കുന്നു-
മനുഷ്യന്റേതായും ദേവന്റേതായും നിന്നിലുള്ളതെല്ലാം.
അതിനാൽ മനസ്സമാധാനത്തോടെ വഴി നടക്കുക,
ഇനിയുമേറെ ദൂരം താണ്ടാനുണ്ടെന്നോർക്കുക,
നീ സ്വപ്നം കണ്ട അജ്ഞാതദേശത്തേക്കു നടക്കുക.
ശാപമാണത്: സ്വപ്നം കാണുക. നടക്കുക, മറക്കുക!
സ്വപ്നം കാണും, സത്യമറിയണം എന്നാണു വാശിയെങ്കിൽ,
നീ വീശിവളർത്തിയ ജീവിതത്തിന്റെ തീയിൽ നീയെരിഞ്ഞുചാവും.
(1911-14)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ