നൊസാവ ബോഞ്ചൊ Nozawa Boncho (1640-1714)- ബഷോയുടെ പ്രധാനശിഷ്യരിൽ ഒരാളായിരുന്നു. ബഷോയുടെ sarumino(കുരങ്ങന്റെ മഴക്കോട്ട്) എന്ന പ്രസിദ്ധമായ ഹൈക്കുസമാഹാരം എഡിറ്റ് ചെയ്തു പ്രസിദ്ധീകരിച്ചത് ക്യോറയും ബോഞ്ചോയും കൂടിയാണ്. ദാരിദ്ര്യം വിട്ടുപിരിയാത്ത ഒരു വൈദ്യനായിരുന്നു അദ്ദേഹം. ജീവിതകാലം മിക്കവാറും ക്യോട്ടോയിൽ തന്നെയായിരുന്നു. ഒരിക്കൽ കള്ളക്കടത്തിനു പിടിക്കപ്പെട്ടുവെന്നും കവി എന്ന പ്രസിദ്ധി കൊണ്ടു മാത്രമാണ് അതിനു പതിവുള്ള ശിക്ഷയായ മൂക്കു ചെത്തലിൽ നിന്ന് അദ്ദേഹം രക്ഷപ്പെട്ടതെന്നും ഒരു കഥയുണ്ട്.
1
ഒരു പരുന്തിൻകൂട്ടിൽ
ഉണക്കക്കർപ്പൂരച്ചുള്ളികളിൽ
സൂര്യനസ്തമിക്കുന്നു.
2
പ്രണയം.
പ്രണയത്തിലാവാൻ
എത്ര വഴികൾ!
3
മഞ്ഞു വീണ പരപ്പിൽ
ഒരൊറ്റ വര,
നീണ്ടുനീണ്ടുപോകുന്ന പുഴ.
4
എരിക്കാനുള്ള
വിറകുകെട്ടിൽ
മുള പൊട്ടുന്നു.
5
കാറ്റിനും മേഘത്തിനും
രാത്രിയിൽ കൂട്ടായി
ചന്ദ്രനൊരാൾ.
6
ഇളവെയിൽ കൊള്ളുമ്പോൾ
കൊയ്ത്തുകറ്റ മണക്കുന്നു-
എന്തു കുളിരാണതിന്!
7
എന്തോ വീണപോലെ-
നോക്കുകുത്തി
തന്നെത്താൻ വീണതാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ