ദൗർബ്ബല്യങ്ങൾ
നിനക്കൊന്നുമില്ലായിരുന്നു
എനിക്കൊന്നുണ്ടായിരുന്നു:
ഞാൻ പ്രേമിച്ചു.
എന്റെ കാമുകൻ...
എന്റെ കാമുകനെനിക്കൊരു മരച്ചില്ല തന്നു,
ഇലകളതിന്മേൽ മഞ്ഞിച്ചിരുന്നു.
ഒരാണ്ടിനവസാനമാവുകയായി,
പ്രണയമിപ്പോൾ തുടങ്ങിയിട്ടേയുള്ളു.
റോസാച്ചെടിയിൽ ഏഴു പൂക്കൾ
റോസാച്ചെടിയിൽ ഏഴു പൂക്കൾ,
ആറും കാറ്റിനുള്ളത്,
എന്നാലൊന്നു ബാക്കിയുണ്ടാവും,
എനിക്കു കണ്ടെത്താനായി.
ഏഴു തവണ നിന്റെ പേരു ഞാൻ വിളിക്കും,
ആറു തവണയും നീ മാറിനിന്നോളൂ,
എന്നാലെനിക്കു നീ ഉറപ്പു തരണം,
ഏഴാമതുറപ്പായും നീ വരുമെന്ന്.
പുക
തടാകക്കരെ മരങ്ങൾക്കിടയിലെ വീട്,
അതിന്റെ മേല്ക്കൂരയിൽ നിന്നു പുകയുയരുന്നു.
അതങ്ങനെയായിരുന്നില്ലെങ്കിൽ
എത്ര വിരസമായേനേയെല്ലാം,
വീടും തടാകവും മരങ്ങളും.
ഈ രാത്രിയിൽ
I
നിന്നെ ഞാൻ പ്രേമിക്കുന്ന ഈ രാത്രിയിൽ
ആകാശത്തു വെണ്മേഘങ്ങൾ മൗനത്തിൽ,
പുഴവെള്ളമാർത്തലയ്ക്കുന്നു കല്ലുകൾക്കു മേൽ,
കാറ്റു വിറകൊള്ളുന്നു നിശ്ചേഷ്ടമായ പച്ചപ്പിൽ.
II
ഒരാണ്ടും നിലയ്ക്കാതെ
പുഴയൊഴുകിപ്പോകുന്നു,
ആകാശത്തേതുകാലത്തും
മേഘങ്ങളൊഴുകുന്നു.
III
വരാനുള്ള ഏകാന്തതയുടെ നിരവധി വർഷങ്ങളിലും
ആകാശത്തു കാണാൻ വെണ്മേഘങ്ങളുണ്ടാവും,
കല്ലുകൾക്കു മേൽ പുഴവെള്ളമാർത്തലച്ചൊഴുകും,
നിശ്ചേഷ്ടമായ പച്ചപ്പിൽ കാറ്റു വിറകൊള്ളുകയും ചെയ്യും.
ദുരിതകാലത്തു നിന്നൊരു പ്രണയഗാനം
നമുക്കന്നന്യോന്യമൊരു സൗഹൃദഭാവവുമുണ്ടായിരുന്നില്ല,
എന്നിട്ടും മറ്റേതൊരു കാമുകരെയും പോലെ നാം തമ്മിൽപ്പുണർന്നു.
രാത്രിയിലൊരാളൊരാളുടെ കൈകളിലൊതുങ്ങിക്കിടക്കുമ്പോൾ
മാനത്തു ചന്ദ്രനെനിക്കു നിന്നെക്കാളപരിചിതനായിരുന്നില്ല.
ഇന്നങ്ങാടിയിൽ വച്ചു നിന്നെ ഞാൻ കണ്ടുവെന്നിരിക്കട്ടെ,
മീനിന്റെ വിലയെച്ചൊല്ലിയൊരു വഴക്കിനു നാം വഴിമരുന്നിടും.
നമുക്കന്നന്യോന്യമൊരു സൗഹൃദഭാവവുമുണ്ടായിരുന്നില്ല,
രാത്രിയിലൊരാളൊരാളുടെ കൈകളിലൊതുങ്ങിക്കിടക്കുമ്പോൾ.
ഓറഞ്ചു വാങ്ങൽ
സതാംപ്ടൺ തെരുവിലൂടെ മഞ്ഞിച്ച മൂടൽമഞ്ഞിൽ നടക്കുമ്പോൾ
പൊടുന്നനേയൊരുന്തുവണ്ടി, നിറയെ പഴങ്ങളുമായി;
ഒരു വിളക്കിനടിയിൽ ഒരു കടലാസ്സുബാഗുമായി ഒരു കിഴവിയും.
വിസ്മയപ്പെട്ടും നാവിറങ്ങിയും ഞാൻ നിന്നുപോയി,
തേടിനടന്നതു കണ്മുന്നിൽ കാണുന്ന ഒരുവനെപ്പോലെ.
ഓറഞ്ചുകൾ! അന്നെന്നപോലത്തെ ഓറഞ്ചുകൾ!
തണുപ്പാറ്റാൻ കൈവെള്ളകളിലേക്കു ഞാനൂതി,
ഒരു നാണയത്തിനായി കീശകളിൽ ഞാൻ പരതി.
നാണയമെടുത്തു കൈയിൽ പിടിക്കുമ്പോൾ പക്ഷേ,
പത്രക്കടലാസ്സിൽ കരിക്കട്ട കൊണ്ടെഴുതിയ വില വായിക്കുമ്പോൾ,
ഞാനറിഞ്ഞു, പതിയെ ചൂളം വിളിക്കുകയാണു ഞാനെന്ന്,
ആ പരുഷസത്യമത്രമേലെനിക്കു തെളിഞ്ഞുകിട്ടുകയും ചെയ്തു:
ഈ നഗരത്തിൽ ഇപ്പോഴെന്നോടൊപ്പമില്ല നീയെന്ന്.
മേരി.എ ഓർമ്മയിൽ വരുമ്പോൾ
സെപ്തംബർ എന്ന നീലിച്ച മാസത്തിലൊരു നാൾ
ഒരു പ്ളം മരത്തിന്റെ നേർത്ത നിഴലിനടിയിൽ
ഞാനവളെ മാറോടണച്ചു, എന്റെ വിളർത്ത, മിണ്ടാത്ത പെണ്ണിനെ,
മറയരുതാത്തൊരു സ്വപ്നമാണവളെന്നപോലെ.
ഞങ്ങൾക്കു മേൽ, ഗ്രീഷ്മാകാശത്തിന്റെ തിളക്കത്തിൽ
എന്റെ കണ്ണുകളേറെനേരം തങ്ങിനിന്നൊരു മേഘമുണ്ടായിരുന്നു,
അതതിവെണ്മയായിരുന്നു, അതേറെ ഉയരത്തിലായിരുന്നു,
പിന്നെ ഞാൻ നോക്കുമ്പോൾ അതു മറയുകയും ചെയ്തിരുന്നു.
ആ ദിവസത്തില്പിന്നെത്ര നിശബ്ദചന്ദ്രന്മാരെ ഞാൻ കണ്ടു,
മാനത്തൊഴുകി നടക്കുന്നതായി, അകലെപ്പോയി മറയുന്നതായി.
ആ പ്ളം മരങ്ങളിന്നു വിറകിനായി വെട്ടിക്കീറിയിരിക്കണം,
ആ പ്രണയത്തെക്കുറിച്ചിന്നെന്തു തോന്നുന്നുവെന്നോടു ചോദിച്ചാല്‍,
ഞാൻ പറയും: സത്യമായിട്ടുമതെനിക്കോർമ്മ വരുന്നില്ല.
നിങ്ങള്‍ പറയാന്‍ പോകുന്നതെന്താണെന്നെനിക്കറിയാം.
അവളുടെ മുഖമേതു പോലെയെന്നെനിക്കോർമ്മ വരുന്നില്ല,
എനിക്കറിയാം: അന്നൊരിക്കൽ ആ മുഖത്തു ഞാന്‍ ചുംബിച്ചിരുന്നു.
ആ ചുംബനമോ, അതു ഞാൻ പണ്ടേ മറന്നു കഴിഞ്ഞു,
അന്നു മാനത്തൊഴുകിനടന്ന മേഘത്തെപ്പക്ഷേ
ഇന്നും ഞാനോർക്കുന്നു, എന്നും ഞാനോർക്കുകയും ചെയ്യും.
അതതിവെണ്മയായിരുന്നു, അതൊഴുകിയതുയരത്തിലായിരുന്നു.
ആ പ്ളം മരങ്ങളിന്നും പൂവിടുന്നുവെന്നു വരാം,
ആ സ്ത്രീയുടെ ഏഴാമത്തെ കുട്ടിയതിന്റെ ചുവട്ടിലുണ്ടെന്നു വരാം;
ആ മേഘം പൂവിട്ടതെന്നാൽ ഒരു നിമിഷത്തേക്കു മാത്രമായിരുന്നു,
പിന്നെ ഞാൻ നോക്കുമ്പോൾ അതു വായുവിലലിഞ്ഞുപോയിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ