ഒരു നല്ല ചങ്ങാതിയോട്
നിനക്ക് ഒരു ലോകമാകെ മുന്നിൽ തുറന്നുകിടക്കുന്നു. അത് നിനക്കുള്ളതാണ്. ദൈവത്തിന്റെ ഹരിതഭൂമി. എനിക്ക് ഒരു ഷീറ്റ് വെള്ളക്കടലാസ്സേ ഉള്ളു. അവിടെയാണു ഞാൻ ജീവിക്കുക. അവിടെയാണു ഞാൻ സ്നേഹിക്കുകയും വെറുക്കുകയും എഴുതുകയും ചെയ്യുക. ഞാൻ എന്റെ കോട്ടകൾ പണിയുന്നതും സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതും അവിടെയാണ്.
(1944)
ആ ദിവസം
അധികം വന്ന മനുഷ്യജീവികൾ ഭൂമി വിട്ടുപോകാൻ തയാറെടുക്കേണ്ട ദിവസം അകലെയല്ല എന്നു വരാം. തേനീച്ചക്കൂട്ടിൽ ഈച്ചകളുടെ എണ്ണം പെരുകുമ്പോഴെന്നപോലെ. എവിടെയാണവ പുതിയ കൂടു വയ്ക്കുക എന്നു പറയാൻ എളുപ്പമല്ല; എന്തായാലും ജീവിതയോഗ്യമായ സാഹചര്യം മറ്റെവിടെയെങ്കിലും ഉണ്ടാകും എന്നതിൽ സംശയിക്കാനില്ല. നമുക്ക് ചിറകുണ്ടായാൽ മതി.
(1946)
എന്റെ സ്വഭാവം
പ്രായം ചെന്ന ഒരു സ്ത്രീ പറയുകയായിരുന്നു: “അന്യരെക്കുറിച്ചു ഞാൻ ദുഷിച്ചു പറയുമ്പോൾ അവരുടെ സ്വഭാവമല്ല പുറത്തു വരുന്നത്, എന്റെ തന്നെ സ്വഭാവമാണ്.”
(1947)
നോക്കുകുത്തി
ഇത്തവണത്തെ വിളവെടുപ്പുകാലം ദുഷ്കരമായിരുന്നു. കിളിയാട്ടാൻ രാവിലെ അഞ്ചു മണിയ്ക്ക് എഴുന്നേല്ക്കേണ്ടിവന്നു. ഇന്നലെ ഒരു നോക്കുകുത്തി നാട്ടിവച്ചു. അതു പക്ഷേ, വളരെ പഴകിയതാണ്. ഞാൻ എന്റെ തന്നെ നോക്കുകുത്തി ആകേണ്ടിവരും.
(1956)
നമുക്കു സംഭവിക്കാവുന്ന ഏറ്റവും വലിയ ദുരന്തം ഇതാണ്: നമുക്കുള്ളിലെ ആ രഹസ്യമുറിയിൽ കടക്കാൻ പറ്റാതെ വരിക. അങ്ങനെ സംഭവിക്കാവുന്നതേയുള്ളു. വാതിൽ അടഞ്ഞുകിടക്കുകയായിരിക്കും. അല്ലെങ്കിൽ നമ്മുടെ ബാഹ്യജീവിതത്തിൽ അത്രയും മുഴുകിപ്പോകയാൽ ആ മുറിയുടെ കാര്യം നാം മറന്നുപോവുന്നതാവാം. അതുമല്ലെങ്കിൽ അതിനുള്ളിലാകെ ഇരുളടഞ്ഞതും മലിനവുമാണെന്നും വരാം. എങ്കിൽ നമ്മുടെ പിഴയാണത്, പുതുമയുള്ളതെന്തെങ്കിലും അവിടെ ചെയ്യാൻ നമുക്കായില്ല എന്നത്, ഒരിക്കൽ നമ്മെ വശീകരിച്ച ആ മാന്ത്രികലോകത്തെ ആവാഹിച്ചുവരുത്താൻ നമുക്കു കഴിയുന്നില്ല എന്നത്.
(1957)
ഒരു കാക്ക പോലും സ്വർണ്ണച്ചിറകുകളുള്ള ഒരു സൂര്യപ്പക്ഷിയാകുന്നു, ആഹ്ലാദം നിറഞ്ഞ സൂര്യവെളിച്ചത്തിനു നേർക്കതു പറക്കുമ്പോൾ.
(1958)
ഒരു ദിശാസൂചിയില്ലാതെ
പലരും ഭൂമിയിൽ ചുറ്റിത്തിരിയുന്നുണ്ട്, സ്വർഗ്ഗത്തും നരകത്തിലും നടക്കുന്നുണ്ട്. അവരുടെ കൈയിൽ ഒരു ദിശാസൂചിയുണ്ടോ? അതാണു ചോദ്യം.
(1958)
ഈ ലോകത്ത് ചില നേരുകളേയുള്ളു, അവ ലളിതവുമാണ്. അവ തിരഞ്ഞ് നിങ്ങൾ മുകളിലും താഴെയുമൊന്നും പോകേണ്ട. ഇക്കണ്ട പുസ്തകങ്ങളെല്ലാം വായിക്കുകയും വേണ്ട.
അന്യരെ ഉദ്ബുദ്ധരാക്കാൻ നടക്കുന്ന ഇത്രയധികം ആളുകളില്ലായിരുന്നെങ്കിൽ ലോകം എത്ര നല്ലൊരിടമായേനെ. തങ്ങൾക്കല്ലാതെ മറ്റാർക്കും ദൈവം വിവേകം പോകട്ടെ, കണ്ണും കാതും പോലും കൊടുത്തിട്ടില്ല എന്നാണ് അവരുടെ വിചാരം. എനിക്കു സദ്ബുദ്ധി നല്കാനും എനിക്കു വഴി കാണിച്ചു തരാനും എന്റെ ജീവിതത്തിൽ ഇടപെടുന്നവരെക്കൊണ്ട് എനിക്കു ദോഷമേ പറ്റിയിട്ടുള്ളു. മനുഷ്യരെ വെറുതേ വിട്ടുകൂടേ!
നമ്മുടെ ശാപം ഇതാണ്: ലോകം നമുക്ക് സ്വർണ്ണം തന്നെ തരുമെന്നറിയാതെ നാമതിനോട് വെള്ളി വേണമെന്നു പറയുന്നു!
(1959)
കീർക്കെഗോറിന്റെ ഈ വാക്കുകൾ അവിവാഹിതർക്കു സാന്ത്വനമാകേണ്ടതാണ്: “സ്വന്തം ഭാര്യയിലൂടെ കവിയായ ആരെക്കുറിച്ചെങ്കിലും നിങ്ങൾ കേട്ടിട്ടുണ്ടോ?”
(1960)
ഓർമ്മകൾ
--------------------
ഞാൻ ശരിക്കും ഒരാദ്ധ്യാത്മികജീവിതം നയിച്ച ആ വർഷങ്ങളിൽ രോഗിയെന്നു മുദ്ര കുത്തി അവരെന്നെ പൂട്ടിയിട്ടു. തികച്ചും നാലുകൊല്ലം. എന്താണു സംഭവിക്കുന്നതെന്നറിയാൻ ചിലപ്പോഴൊക്കെ രാത്രിയിൽ ഉറങ്ങാതിരുന്നത് ഞാാർക്കുന്നു. ആശ്ചര്യപ്പെടുത്തുന്ന സംഗതികൾക്ക് അന്നു ഞാൻ സാക്ഷിയായി! രാത്രിയാകെ ശബ്ദങ്ങളും സൂചനകളും നിറഞ്ഞിരുന്നു. ആത്മാവുകളുടെ മേഖലയിൽ വലിയൊരു സംഭാഷണം നടക്കുന്നുണ്ടായിരുന്നു. ഭൂവാസികളുടെ മേഖലയിൽ മാത്രമല്ല, മറ്റു മണ്ഡലങ്ങളിലും. ജീവിച്ചിരിക്കുന്നവരും മരിച്ചവരും തമ്മിൽ അവിടെ വലിയ വ്യത്യാസമുള്ളതായി തോന്നിയില്ല. ആ ആശ്ചര്യസംഗതികൾക്കു കാതുകൊടുക്കാൻ പണ്ടേ പഠിക്കാതിരുന്നത് എത്ര ബുദ്ധിമോശമായിപ്പോയി എന്നു ഞാൻ പലപ്പോഴുമോർത്തു. ഉറങ്ങുകയാണ് പകരം ഞാൻ ചെയ്തത്; മറ്റുള്ളവരും അതുതന്നെയാണ് ചെയ്യുന്നതെന്നും ഞാൻ വിശ്വസിച്ചു. ആളുകളെക്കുറിച്ച് എത്ര കുറച്ചേ എനിക്കറിയാവൂ എന്ന് ഒടുവിൽ എനിക്കു മനസ്സിലായിത്തുടങ്ങിയിരിക്കുന്നു. ചിലർ- നിങ്ങൾ വിചാരിക്കുന്നതിലുമധികം പേർ- അതിനു ശ്രദ്ധ കൊടുക്കുന്നുണ്ടായിരുന്നിരിക്കണം, അതും കുട്ടികളായിരുന്നപ്പോൾത്തന്നെ; ഇന്നവർ ആത്മാവുകളുടെ ആ മണ്ഡലത്തിൽ വലിയവരായിട്ടുണ്ടെന്നും വരാം; - അവർക്കതു നിത്യപരിചിതമാണെന്നും ആ സംഭാഷണത്തിൽ പങ്കു കൊള്ളുന്നുണ്ടെന്നും തങ്ങളുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നുണ്ടെന്നും കാര്യങ്ങൾ യഥാർത്ഥത്തിൽ നിർവ്വഹിക്കുന്നവർ അതിനു ശ്രദ്ധ കൊടുക്കുന്നുണ്ടെന്നും വരാം. അതിനു പരിശീലനം വേണ്ടതാണെന്നും എനിക്കു വ്യക്തമായി. എഴുതിവച്ചത് മൂഢമായ അസംബന്ധമാണെന്ന് എനിക്കു മനസ്സിലായി; ലോകത്തെന്തൊക്കെ നടക്കുന്നുവെന്ന് വ്യക്തമായ ധാരണയില്ലാത്ത, ആത്ദ്ധ്യാമികജീവിതമെന്തെന്നു മനസ്സിലാകാത്ത ഉറക്കംതൂങ്ങികളായിരുന്നു എന്നെപ്പോലുള്ളവർ. കവികൾ, ഹെൻറിക് വെർഗ്ലാൻഡും റോബർട്ട് ബ്രൗണിങ്ങും പോലും, വെറും നിഴലുകളായിരുന്നു. നിറം കെട്ട നിഴലുകൾ. അവരുടെ ജല്പനങ്ങൾക്കു വിഷയമായ കാര്യങ്ങളെക്കാൾ എത്രയോ സുന്ദരമായ സംഗതികളാണ് ഞാനിപ്പോൾ കാണുന്നതും കേൾക്കുന്നതും. ഹാ, കവികൾ വെറും നിഴലുകളായിരുന്നു, അക്കാലങ്ങളിൽ ഞാൻ ചിന്തിച്ചു; അതുമിതും ചെയ്ത്, എഴുതി, രാത്രിയിൽ ഉറങ്ങി, അന്ധരും ബധിരരുമായി ഈ ലോകത്തിലൂടെ കടന്നുപോകുന്ന സരളബുദ്ധികൾ. നിരക്ഷര പോലുമായ ഒരു പാവം സ്ത്രീയ്ക്ക് ഏതു കവിയെക്കാളും തലപ്പൊക്കത്തിൽ നില്ക്കാൻ കഴിയും; രാത്രിയിൽ, അതെ, പകൽനേരത്തു പോലും, ആകാശത്തു മാറ്റൊലിക്കുന്ന സംജ്ഞകൾക്കും ശബ്ദങ്ങൾക്കും കാതു കൊടുക്കാനും അവയെ വ്യാഖ്യാനിക്കാനും അവൾ പഠിക്കണമെന്നേയുള്ളു.
ഇതിനെക്കുറിച്ച് ഇനി ഞാൻ എഴുതുന്നില്ല. എന്റെ യൗവ്വനത്തിലെ ദുശ്ശീലങ്ങൾക്കു പിന്നെയും ഞാൻ അടിമായിക്കഴിഞ്ഞു. രാത്രിയിൽ ഞാൻ ഉറങ്ങുകയാണ്; ഞാനിപ്പോൾ ആത്മാക്കൾക്കു കാതു കൊടുക്കാറില്ല. പകരം പണ്ടേപ്പോലെ പുസ്തകങ്ങളിൽ ജ്ഞാനത്തിനു തിരയുകയാണ്. പുസ്തകങ്ങൾ! എന്റെ അച്ഛൻ എത്ര അവജ്ഞയോടെയാണ് അവയെ കണ്ടിരുന്നതെന്ന് ഞാൻ ഓർക്കുന്നു. നാളതുവരെ ഒരു പുസ്തകം പോലും വായിച്ചിട്ടില്ലെങ്കിലും എത്രയൊക്കെ അദ്ദേഹത്തിനറിയാമായിരുന്നു എന്നു ചിന്തിക്കുമ്പോൾ എനിക്കത്ഭുതം തോന്നുന്നു.
*
നിങ്ങളുടെ തകർന്ന പ്രതീക്ഷകൾ ശോകമായി മാറിയാലേ പാലം തുറക്കുന്നുള്ളു- ദൈനന്ദിനജീവിതത്തിൽ നിന്ന് നിങ്ങളെ മറുകരയിലെത്തിക്കുന്ന ആ പാലം.(1965)
നിങ്ങൾ കെട്ടിപ്പൊക്കുകയാണ്, മലയില്ല, പൂഴിയിലല്ല, വെറും വായുവിൽ, ഭാവിയിലെവിടെയോ. ഒടുവിൽ പടുകിഴവൻ ആകുമ്പോഴാണു നിങ്ങൾക്കു ബോദ്ധ്യമാവുക, യാതൊന്നും യാഥാർത്ഥ്യമാകാൻ പോകുന്നില്ലെന്ന്. അപ്പോൾ നിങ്ങൾ നിങ്ങളുടെ നോട്ടവും ചിന്തയും ഭൂതകാലത്തിലേക്കു തിരിക്കുന്നു, എന്നിട്ട് അവിടെ കെട്ടിപ്പൊക്കാൻ തുടങ്ങുന്നു. അതാണ് ജീവിതം.
(1975)
പഴയ കടലാസ്സുകൾ മറിച്ചുനോക്കുന്നത് ഉണക്കിലകൾ ഇളക്കിനോക്കുന്നതു പോലെയാണ്. ഒരു ലാർവയോ ഒരു കൊക്കൂൺ തന്നെയോ നിങ്ങൾക്കു കിട്ടിയെന്നു വരാം- അതിൽ നിന്നു പുറത്തു വരുന്നത് ഏതു പൂമ്പാറ്റയാണെന്ന് നിങ്ങൾ അറിയാനും പോകുന്നില്ല.
(1983)
3 അഭിപ്രായങ്ങൾ:
ഒലാവ് എച്ച്. ഹോഗ് ന്റെ കുറിപ്പുകൾ ജീവിതത്തിന്റെ പച്ചയായ യാഥാർഥ്യമായാണ് അനുഭവപ്പെടുന്നത്... വളരെ മനോഹരം
കൂടുതൽ കുറിപ്പുകളുടെ പരിഭാഷ പ്രതീക്ഷിക്കുന്നു
ഇവിടെയുണ്ട് :
http://paribhaasha2016.blogspot.in/2017/12/blog-post_17.html
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ