1933ൽ നാസികളുടെ ജർമ്മനി വിട്ടു പലായനം ചെയ്ത ബ്രഷ്റ്റ് സ്കാൻഡിനേവിയൻ രാജ്യങ്ങളിൽ അഭയം തേടി. 1941ൽ അദ്ദേഹം അമേരിക്കയിലെത്തി. ബ്രഷ്റ്റിന്റെ അമേരിക്കൻ ജീവിതം പരസ്പരമുള്ള അവിശ്വാസത്തിന്റെ ആറുകൊല്ലം നീണ്ട കഥയായിരുന്നു. അദ്ദേഹം താമസിച്ചിരുന്ന ഹോളിവുഡ്ഡോ അദ്ദേഹം നിരന്തരസന്ദർശകനായിരുന്ന ബ്രോഡ്‌വേയോ അദ്ദേഹത്തിന്റെ പ്രതിഭ തിരിച്ചറിഞ്ഞില്ല; മാർക്സിസം അസ്ഥിയിൽ പിടിച്ച ബ്രഷ്റ്റാവട്ടെ, മനുഷ്യരുടെ പരസ്പരബന്ധങ്ങളെ മാത്രമല്ല, അവരുടെ പാർപ്പിടങ്ങളെ, പണിയായുധങ്ങളെ, ഭൂപ്രകൃതിയെത്തന്നെ ജുഗുപ്ത്സാവഹവും വില കെട്ടതുമാക്കുന്ന രാക്ഷസീയതയായിട്ടാണ് മുതലാളിത്തത്തെ കണ്ടത്. ബ്രഷ്റ്റിനെ വരുതിയിൽ കൊണ്ടുവരാൻ അമേരിക്കൻ പ്രലോഭനങ്ങൾക്കു കഴിഞ്ഞില്ല, അമേരിക്കയ്ക്കു മേൽ വിജയം നേടാൻ അദ്ദേഹത്തിനും കഴിഞ്ഞില്ല. ഹോളിവുഡ്ഡിലെയും ബ്രോഡ്‌വേയിലേയും പരാജയങ്ങൾ ഒരുകണക്കിന് നന്നായി എന്നു വേണം പറയാൻ; അങ്ങനെയല്ലെങ്കിൽ “കാക്കേഷ്യൻ ചോക്കുവൃത്തം” പോലുള്ള നാടകങ്ങളും മനോഹരമായ കുറേ കവിതകളും അദ്ദേഹം എഴുതുമായിരുന്നില്ല.
നരകത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ
നരകത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ, ഞാനൊരിക്കൽ കേട്ടതാണ്,
എന്റെ സഹോദരൻ ഷെല്ലിയ്ക്കു തോന്നിയത്രെ,
ലണ്ടൻ നഗരത്തോടൊരുപാടു സാദൃശ്യമുള്ളതാണതെന്ന്.
ഞാൻ, ലണ്ടനിലല്ല, ലൊസ് ആൻജലൊസിൽ ജീവിക്കുന്നവൻ,
നരകത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ കാണുന്നത്
അതിനതിലും സാദൃശ്യം ലൊസ് ആൻജൊലസിനോടാണെന്നാണ്.
നരകത്തിലുമുണ്ട്,അതിലെനിക്കു സംശയമൊന്നുമില്ല,
ഇതുപോലത്തെ ആഡംബരോദ്യാനങ്ങൾ,
അവയിൽ മരങ്ങളുടെ വലിപ്പത്തിൽ പൂക്കൾ,
വളരെ വിലയുള്ള വെള്ളം കൊണ്ടു നനച്ചുകൊടുത്തില്ലെങ്കിൽ
മടിക്കാതെ കൊഴിയുന്നവ.
പിന്നെ പഴച്ചന്തകൾ, കൂന കൂട്ടിയ പഴങ്ങളുമായി,
എന്നാലവയ്ക്കു മണവും രുചിയുമില്ലതാനും.
പിന്നെയുമുണ്ട്, കാറുകളുടെ നീണ്ട നിരകൾ,
സ്വന്തം നിഴലുകളെക്കാൾ ഭാരം കുറഞ്ഞ,
മൂഢചിന്തകളെക്കാൾ വേഗതയേറിയ മിന്നുന്ന വാഹനങ്ങൾ,
അവയിൽ കാണാം ചുവന്നുതുടുത്ത മനുഷ്യരെ,
എങ്ങു നിന്നുമല്ലാതെ വരുന്നവർ,
എങ്ങോട്ടുമല്ലാതെ പോകുന്നവർ.
പിന്നെ വീടുകൾ, സന്തുഷ്ടർക്കു വേണ്ടി പണിതത്,
അതിനാൽ ആൾപ്പാർപ്പുണ്ടായാലും ഒഴിഞ്ഞവ.
നരകത്തിലെ വീടുകളും അസുന്ദരമെന്നു പറയാനില്ല.
പക്ഷേ തെരുവിലേക്കെറിയപ്പെടാമെന്ന ഭീതി
ചേരികളിലെ താമസക്കാരെയെന്നപോലെ
ബംഗ്ളാവുകളിൽ താമസിക്കുന്നവരെയും വല്ലാതെ വേട്ടയാടുന്നു .
(ഷെല്ലിയുടെ 'Peter Bell the Third' എന്ന കവിതയുടെ മൂന്നാം ഭാഗത്ത് ‘Hell is a city much like London...’എന്നൊരു വരിയുണ്ട്.)
ചതുപ്പ്
നിത്യവും ഞാൻ കടന്നുപോകുന്ന വഴിക്കരികിലെ ചതുപ്പിൽ
നിസ്സഹായരായി മുങ്ങിത്താഴുന്ന പല സ്നേഹിതന്മാരെയും ഞാൻ കണ്ടു;
കൂട്ടത്തിൽ ഞാനേറ്റവുമധികം സ്നേഹിക്കുന്നവനെയും.
ഒരു പ്രഭാതം പോരുമായിരുന്നില്ല
ഒരു മുങ്ങിത്താഴൽ പൂർണ്ണമാവാൻ.
പലപ്പോഴും അതിനാഴ്ചകളെടുത്തു;
അതതിനെ ഇനിയും ഭയാനകവുമാക്കി.
ഇതിനകം എത്രയോ പേരെ വിഴുങ്ങിക്കഴിഞ്ഞ ആ ചതുപ്പിനെക്കുറിച്ച്
ഞങ്ങൾ നടത്തിയ ദീർഘസംഭാഷണങ്ങൾ ഞാനോർത്തു.
നിസ്സഹായനായി ഞാൻ അവനെ കണ്ടുനിന്നു,
കൊഴുത്തുതിളങ്ങുന്ന മിനുങ്ങുന്ന ചെളിയിൽ
അട്ടകളെക്കൊണ്ടു മൂടി അവൻ ചാരിക്കിടക്കുന്നു:
മുങ്ങിത്താഴുന്ന മുഖത്ത്
നിർവൃതിയുടെ
ബീഭത്സമായ മന്ദഹാസം.
ഹോളിവുഡ്
അന്നന്നത്തെ അപ്പത്തിനായി
ഞാനെന്നും ചന്തയിൽ പോകും.
അവിടെ നുണകൾ വാങ്ങാനാളുകളുണ്ട്.
പ്രതീക്ഷയോടെ ഞാൻ സ്ഥാനം പിടിക്കുന്നു,
വില്പനക്കാരുടെ നിരയിൽ.
(ബ്രഷ്റ്റ് അന്ന് ഹോളിവുഡ്ഡിൽ തന്റെ തിരക്കഥകൾ വില്ക്കാനുള്ള ശ്രമത്തിലായിരുന്നു.)
തോട്ടം നനയ്ക്കലിനെക്കുറിച്ച്
ഹാ, തോട്ടത്തിൽ വെള്ളം തളിക്കൽ,
പച്ചപ്പിനു പുതുജീവൻ നൽകൽ!
ദാഹാർത്തരായ മരങ്ങൾക്കു നീരു വീഴ്ത്തൽ.
അവയ്ക്കു വേണ്ടതിലധികം കൊടുക്കൂ.
ചെടികളെയും മറക്കരുതേ,
കായ്കളില്ലാത്തവയേയും,
വരണ്ടുണങ്ങി നേരേ നിൽക്കാനാവത്തവയേയും.
പൂച്ചെടികൾക്കിടെ വളരുന്ന കളകളെ അവഗണിക്കരുതേ.
അവയ്ക്കും ദാഹമുണ്ട്.
പച്ചപ്പുല്ലിനോ കരിഞ്ഞ പുല്ലിനോ മാത്രം നനയ്ക്കുകയുമരുത്.
പുറത്തു കാണുന്ന മണ്ണിനും നിങ്ങൾ വെള്ളം കൊടുക്കണം.
ചായ തിളയ്ക്കുന്ന നേരം കൊണ്ട് പത്രം നോക്കുമ്പോൾ
അതികാലത്തു ഞാന്‍ പത്രമെടുത്തുവായിക്കുന്നു
ചരിത്രം കുറിയ്ക്കുന്ന പദ്ധതികളാണതിൽ,
മാർപ്പാപ്പയുടെ, രാജാക്കന്മാരുടെ, ബാങ്കർമാരുടെ,
എണ്ണമുതലാളിലാരുടെ വക.
മറ്റേക്കണ്ണു കൊണ്ടു ഞാൻ
ചായക്കു വെള്ളം വച്ച പാത്രം നോക്കുന്നു
അതില്‍ ആവി പൊങ്ങുന്നു, തിള വരുന്നു, പിന്നെയതു തെളിയുന്നു,
തിളച്ചുതൂവുന്ന വെള്ളം തീ കെടുത്തുന്നു.
കാലിഫോർണിയായിലെ ശരല്ക്കാലം
എന്റെ തോട്ടത്തിൽ നിത്യഹരിതവൃക്ഷങ്ങളേയുള്ളു.
ശരല്ക്കാലം കാണണമെന്നു തോന്നുമ്പോൾ
കാറുമെടുത്തു ഞാൻ കുന്നുമ്പുറത്തുള്ള ചങ്ങാതിയുടെ
ഗ്രാമീണവസതിയിലേക്കു പോകും.
അഞ്ചു മിനുട്ടവിടെ നിന്നാലെനിക്കു കാണാം,
ഒരു മരത്തിനതിന്റെ ഇലച്ചാർത്തു നഷ്ടപ്പെടുന്നതും
ഇലകൾക്കതിന്റെ മരം നഷ്ടപ്പെടുന്നതും.
II
റോഡിലൂടെ കാറ്റടിച്ചുപായിക്കുന്ന
വലിയൊരു പഴുക്കില കണ്ടപ്പോൾ ഞാനോർത്തു,
എത്ര പ്രയാസമായിരിക്കും
ആ ഇലയുടെ ഭാവിഗതി ഗണിക്കുകയെന്ന്.
ദുഷ്ടതയുടെ മുഖാവരണം
എന്റെ വീട്ടുചുമരിൽ
ഒരു ജാപ്പനീസ് ശില്പം തൂക്കിയിട്ടിട്ടുണ്ട്:
ഒരു ദുഷ്ടപ്പിശാചിന്റെ മുഖാവരണം;
അതിന്റെ നെറ്റിയിലെ പിടഞ്ഞ ഞരമ്പുകൾ കാണുമ്പോൾ
എനിയ്ക്കു സഹതാപം തോന്നിപ്പോകുന്നു:
എത്ര യത്നിക്കേണ്ടിവരുന്നു,
ദുഷ്ടനാവാൻ!
ഒരു ജർമ്മൻ മാതാവു പാടിയത്
എന്റെ മകനേ, ഞാൻ നിനക്കു സമ്മാനം തന്നതായിരുന്നു,
ആ തിളങ്ങുന്ന ബൂട്ടുകളും തവിട്ടുകുപ്പായവും.
ഇന്നെനിക്കറിയുന്നതന്നെനിക്കറിയുമായിരുന്നെങ്കിൽ
ഞാനൊരു മരത്തിൽ കെട്ടിത്തൂങ്ങിച്ചത്തേനെ.
എന്റെ മകനേ, ഹിറ്റ്ലർസല്യൂട്ടു ചെയ്യാനന്നാദ്യമായി
നീ കൈ പൊക്കുന്നതു കണ്ടപ്പോൾ
അന്നെനിക്കറിയുമായിരുന്നില്ല
ആ സല്യൂട്ടു ചെയ്ത കൈകൾ ജീർണ്ണിച്ചുവീഴുമെന്ന്.
എന്റെ മകനേ, നിന്റെ ശബ്ദം പറയുന്നതു ഞാൻ കേൾക്കുന്നു:
വീരന്മാരുടെ വർഗ്ഗത്തെക്കുറിച്ചതു പറയുന്നു.
എനിക്കറിയുമായിരുന്നില്ല, ഞാനൂഹിച്ചില്ല, ഞാൻ കണ്ടതുമില്ല,
നീ ജോലി ചെയ്യുന്നതവരുടെ പീഡനമുറികളിലെന്ന്.
എന്റെ മകനേ, ഹിറ്റ്ലറുടെ വിജയഘോഷയാത്രയിൽ
നീ മാർച്ചു ചെയ്തു പോകുന്നതു കണ്ടപ്പോൾ
എനിക്കറിയുമായിരുന്നില്ല, ഇനിയൊരിക്കലും മടങ്ങിവരില്ല,
മാർച്ചു ചെയ്തു പോകുന്നവനെന്ന്..
എന്റെ മകനേ, നീയന്നെന്നോടു പറഞ്ഞു,
സ്വന്തം കാലിൽ നിൽക്കാൻ പോവുകയാണു നമ്മുടെ നാടെന്ന്.
എനിക്കറിയുമായിരുന്നില്ല, സ്വന്തം കാലിൽ നിൽക്കാൻ പോകുന്നത്
ചാരവും ചോരക്കറ പുരണ്ട കല്ലുകളും മാത്രമാണെന്ന്.
നീ നിന്റെ തവിട്ടുകുപ്പായം ധരിക്കുന്നതു ഞാൻ കണ്ടു;
ഞാനന്നതൊച്ചയെടുത്തു വിലക്കേണ്ടതായിരുന്നു.
ഇന്നെനിക്കറിയുന്നതന്നെനിക്കറിയുമായിരുന്നില്ല പക്ഷേ:
അതു നിന്റെ ശവക്കച്ചയാണെന്ന്.
തവിട്ടുകുപ്പായക്കാർ (Brown Shirts)- നാസി പാർട്ടിയുടെ അർദ്ധസൈനികവിഭാഗം. ഹിറ്റലറുടെ ഉയർച്ചയിൽ വലിയ പങ്കു വഹിച്ചു.
പണ്ടുകാലത്തെ പാഷണ്ഡദേവന്മാർ- ഇതൊരു രഹസ്യമാണേ-
അവരായിരുന്നു ഒന്നാമത്തെ പരിവർത്തിതക്രിസ്ത്യാനികൾ.
ആളുകൾക്കെല്ലാം മുമ്പേ നിറം വിളർത്ത കരുവേലത്തോപ്പുകളിലൂടവർ ചുവടു വച്ചു,
കുടുംബപ്രാർത്ഥനകളുരുവിട്ടു, കുരിശു വരച്ചു.
മദ്ധ്യകാലഘട്ടമുടനീളം അന്യമനസ്കരെന്നപോലവർ നില്പു പിടിച്ചു,
ഏകദൈവത്തിന്നാലയത്തിന്റെ കല്പഴുതുകളിൽ,
ദേവന്മാരെപ്പോലുള്ള രൂപങ്ങൾ വേണ്ടിയിരുന്നിടങ്ങളിൽ.
അതും കഴിഞ്ഞു ഫ്രഞ്ചുവിപ്ളവത്തിന്റെ കാലത്ത്
അവരായിരുന്നു ആദ്യം തന്നെ ശുദ്ധയുക്തിയുടെ സ്വർണ്ണമുഖംമൂടിയെടുത്തണിഞ്ഞവർ,
പിന്നെ പ്രബലമായ പരികല്പനകളായി അവർ ചവിട്ടിനടന്നു,
ആ ചോരകുടിയന്മാർ, ചിന്തകളുടെ കഴുത്തു ഞെരിച്ചവർ,
പണിയെടുക്കുന്ന ജനത്തിന്റെ കുനിഞ്ഞ മുതുകുകളിലൂടെ.
നാട്ടിലേക്കുള്ള മടക്കം
എന്റെ ജന്മനഗരം,
എങ്ങനെയാണു ഞാനവളെ കണ്ടുപിടിക്കുക?
ബോംബർ പറ്റങ്ങൾക്കു പിന്നാലെ
ഞാനെന്റെ നാട്ടിലേക്കു വരുന്നു.
എവിടെ, എവിടെയാണവൾ?
പുകയുടെ വന്മലകളുയരുമവിടെ.
എരിയുന്ന തീയ്ക്കു നടുവിൽ കാണുന്ന
ആ സാധനമാണവൾ.
എന്റെ ജന്മനഗരം,
എങ്ങനെയാണവൾ എന്നെ എതിരേല്ക്കുക?
എനിക്കു മുമ്പേ ബോംബറുകൾ പറക്കുന്നു.
മാരകങ്ങളായ ബോംബറുകൾ എന്റെ വരവറിയിക്കുന്നു.
നിന്റെ മകനു മുമ്പേ അഗ്നിപ്രളയങ്ങളെത്തുന്നു.
ഞാൻ, അതിജീവിച്ചവൻ
എനിക്കറിയാതെയല്ല,
അത്രയധികം സ്നേഹിതന്മാരെ
ഞാൻ അതിജീവിച്ചുവെങ്കിൽ
അതു ഭാഗ്യം കൊണ്ടു മാത്രമാണെന്ന്.
ഇന്നലെപ്പക്ഷേ, ഒരു സ്വപ്നത്തിൽ
എന്നെക്കുറിച്ചിങ്ങനെ പറയുന്നതു ഞാൻ കേട്ടു:
“അർഹതയുള്ളവന്റെ അതിജീവനം!”
ഞാൻ എന്നെത്തന്നെ വെറുത്തു.
മാറ്റമില്ലാതൊന്നുമില്ല.
മാറ്റമില്ലാതൊന്നുമില്ല.
അന്ത്യശ്വാസം വലിക്കുന്ന നേരത്തും
നിങ്ങൾക്കൊരു പുതിയ തുടക്കം കുറിക്കാവുന്നതേയുള്ളു.
പക്ഷേ സംഭവിച്ചതു സംഭവിച്ചു കഴിഞ്ഞു.
കള്ളിലൊഴിച്ച വെള്ളം
ഇനി ഊറ്റിക്കളയാനും പറ്റില്ല.
സംഭവിച്ചതു സംഭവിച്ചു കഴിഞ്ഞു.
കള്ളിലൊഴിച്ച വെള്ളം
ഇനി ഊറ്റിക്കളയാനും പറ്റില്ല.
പക്ഷേ മാറ്റമില്ലാതൊന്നുമില്ല.
അന്ത്യശ്വാസം വലിക്കുന്ന നേരത്തും
നിങ്ങൾക്കൊരു പുതിയ തുടക്കം കുറിക്കാവുന്നതേയുള്ളു.
കരുത്തനായ ഒരു രാജ്യതന്ത്രജ്ഞൻ സുഖമില്ലാതെ കിടപ്പിലായെന്നറിഞ്ഞപ്പോൾ
അനുപേക്ഷണീയനായ വ്യക്തിയുടെ നെറ്റി ചുളിയുമ്പോൾ
രണ്ടു സാമ്രാജ്യങ്ങൾ കിടുങ്ങി വിറയ്ക്കുന്നു.
അനുപേക്ഷണീയനായ വ്യക്തി മരിക്കുമ്പോൾ
കുഞ്ഞിനു പാലു കിട്ടാത്ത അമ്മയെപ്പോലെ
ലോകം നാലുപാടും നോക്കുന്നു.
തന്റെ മരണം കഴിഞ്ഞൊരാഴ്ചയ്ക്കു ശേഷം
അനുപേക്ഷണീയനായ വ്യക്തി മടങ്ങിവന്നുവെന്നിരിക്കട്ടെ,
രാജ്യമാകമാനം തിരഞ്ഞാലും കൊടുക്കാനുണ്ടാവില്ല,
ഒരു കൂലിപ്പണിക്കാരനായിട്ടെങ്കിലും അങ്ങേർക്കൊരു ജോലി.
ഹംസഗാനം
അവസാനത്തെ ലിഖിതം ഇങ്ങനെയാവട്ടെ
(ആരും വായിക്കാനില്ലാത്ത തകർന്ന ആ ഫലകം):
ഭൂമി പൊട്ടിപ്പിളരാൻ പോവുകയാണ്.
അത് വളർത്തിയവർ തന്നെ അതിനെ നശിപ്പിക്കും.
ഒരുമിച്ചു ജീവിക്കാനുള്ള ഉപായമായി
ഞങ്ങൾ മുതലാളിത്തം ആലോചിച്ചു കണ്ടുപിടിച്ചു.
ഭൗതികശാസ്ത്രത്തിന്റെ കാര്യം ആലോചിക്കുമ്പോൾ
വേറേ ചിലതു കൂടി ഞങ്ങൾ കണ്ടുപിടിച്ചു:
ഒരുമിച്ചു മരിക്കാനുള്ള ഒരുപായം.
എമ്മിന് ഒരു ചരമലിഖിതം
സ്രാവുകളിൽ നിന്നു ഞാൻ വഴുതിമാറി,
കടുവകളെ ഞാൻ നേരിട്ടുകൊന്നു,
എന്നെ തിന്നുതീർത്തത്
മൂട്ടകളായിരുന്നു.
(1936ൽ ആത്മഹത്യ ചെയ്ത മയക്കോവ്സ്കിയെക്കുറിച്ചെഴുതിയത്. ആ ആത്മഹത്യയിലേക്കു നയിച്ച കാരണങ്ങൾ ഇനിയും വ്യക്തമായിട്ടില്ലെങ്കിലും അതിലൊന്ന് ‘പ്രോലിറ്റേറിയൻ സാഹിത്യകാരന്മാർ’ എന്ന കീടജന്മങ്ങളുടെ നിരന്തരവിമർശനമായിരുന്നിരിക്കാം. ‘മൂട്ട’ എന്ന പേരിൽ മയക്കോവ്സ്കി ഒരു സറ്റയറിക്കൽ നാടകവും എഴുതിയിരുന്നു.)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ