2018, ജൂലൈ 1, ഞായറാഴ്‌ച

അംബൈ - അലമേലു, എന്റെ അമ്മ



(അംബൈ തന്റെ അമ്മ അലമേലുവിന്റെ തൊണ്ണൂറാം പിറന്നാളിന്റെ സന്ദർഭത്തിൽ 2005ല്‍ എഴുതിയത്.)

തീരെ മെലിഞ്ഞ ശരീരപ്രകൃതമായിരുന്നു, എന്റെ അമ്മ, അലമേലുവിന്റേത്. പക്ഷേ കുട്ടിക്കാലം മുതല്ക്കേ അവര്‍ക്കു ചുമക്കേണ്ടിവന്നത് കനത്ത ഭാരങ്ങളായിരുന്നു. അവയാണ് അവരുടെ സ്ത്രീത്വത്തെ നിര്‍വചിച്ചതും അതിന് അതിര്‍വരമ്പുകള്‍ നിശ്ചയിച്ചതും അതിനെ കര്‍മനിരതമാക്കിയതും. പക്ഷേ, ചിലപ്പോഴൊക്കെ അലമേലു ആ ദുര്‍ബലമായ ചുമലുകള്‍ ഒന്നിളക്കും. അപ്പോള്‍ ആ ചുമടുകള്‍ ഉരുണ്ടുവീഴുകയും തനിക്കിഷ്ടപ്പെട്ട ചില ഭാരങ്ങള്‍ എടുത്തുവയ്ക്കാന്‍ അവര്‍ക്കിടം കിട്ടുകയും ചെയ്യും. ഉദാഹരണത്തിന് പെണ്‍മക്കളെ പഠിപ്പിക്കുക, തന്റെ മക്കളെ അന്യരുടെ പ്രതീക്ഷകള്‍ക്കൊത്തല്ല, തങ്ങളുടെ അഭിലാഷങ്ങള്‍ക്കനുസരിച്ച് ജീവിക്കാന്‍ പ്രാപ്തരാക്കുക എന്നിങ്ങനെ.

അലമേലു ഓരോ തവണ ചുമലിളക്കുമ്പോഴും വീട്ടിലെ കാര്യങ്ങള്‍ക്ക് പുതിയൊരു ക്രമം കൈവരികയും പുതിയൊരു ശാക്തികസമതുലനം അവിടെ സ്ഥാപിതമാകുകയും ചെയ്യും. എന്റെ ജീവിതം ഇന്നെത്തിനില്ക്കുന്ന ഈ ഘട്ടത്തില്‍ അവരെക്കുറിച്ചെഴുതാന്‍ എന്‍െറ മനസ്സു പറയുന്നു; കാരണം ഈവര്‍ഷം അവര്‍ക്കു തൊണ്ണൂറു തികയുകയാണ്. അവര്‍ ഇപ്പോഴും പഴയൊരു സിംഗര്‍ തയ്യല്‍മെഷീനില്‍ തന്റെ ബ്ലൗസുകളും പെറ്റിക്കോട്ടുകളും തയ്ച്ചെടുക്കാറുണ്ട്, നാട്ടിലെ രാഷ്ട്രീയം ആവേശത്തോടെ ചര്‍ച്ചചെയ്യാറുണ്ട്, ചില തമിഴ് സീരിയലുകള്‍ വിടാതെ കാണാറുണ്ട്; ആ സമയത്തെങ്ങാനുമാണ് എന്‍െറ ഫോണ്‍ വരുന്നതെങ്കില്‍ അതെടുക്കാതിരിക്കാനുള്ള മിടുക്കും അവര്‍ കാണിക്കാറുണ്ട്.

കേള്‍വി കുറഞ്ഞുവരുന്നതിനാല്‍ അവര്‍ ശ്രവണസഹായി ഉപയോഗിക്കുന്നുണ്ട്. തനിക്കു യോജിക്കാനാവാത്തതോ കേള്‍ക്കാന്‍ ഇഷ്ടമില്ലാത്തതോ ആയ എന്തെങ്കിലുമാണ് ഞങ്ങള്‍ പറയാന്‍ പോകുന്നതെങ്കില്‍ ആ നിമിഷം ഞാന്‍ അവരെ ശ്രദ്ധിക്കും. വളരെ സാവകാശം കൈ ചെവിയിലേക്കു കൊണ്ടുപോയിട്ട് അത് സ്വിച്ച് ഓഫ് ചെയ്യുകയാണവര്‍! ഇതും പറഞ്ഞ് ഞാന്‍ ഒരിക്കല്‍ കളിയാക്കിയപ്പോള്‍ അവരുടെ മറുപടി ബാറ്ററി ലാഭിക്കാനാണ് താനങ്ങനെ ചെയ്യുന്നത് എന്നായിരുന്നു! ഇതാണ് ചുരുക്കിപ്പറഞ്ഞാല്‍ അലമേലു - തന്റെ ഹൃദയം പറയുന്നതിനു മാത്രം കാതു കൊടുക്കുന്നവള്‍.

മട്ടുപ്പാവിലെ പാട്ടുകളും പച്ചയും ഇളംചുവപ്പും നിറത്തില്‍ ഐസിംഗുള്ള കേക്കുകളും

പത്തുമക്കളുള്ള ഒരു കുടുംബത്തിലെ മൂത്തകുട്ടിയായി 1915 ലാണ് അലമേലുവിന്റെ ജനനം. അവള്‍ സ്കൂളില്‍ പോയിരുന്നു; അവള്‍ക്കു പഠിക്കാന്‍ ഇഷ്ടവുമായിരുന്നു. പക്ഷേ, ഏഴിലോ എട്ടിലോ വച്ച് അവള്‍ക്കു പഠിപ്പു നിര്‍ത്തേണ്ടിവന്നു. പതിനേഴാമത്തെ വയസ്സില്‍ ഇരുപതുകാരനായ ഒരു ചെറുപ്പക്കാരനുമായി അവളുടെ വിവാഹം കഴിഞ്ഞു. എന്റെ അച്ഛന്റെ അമ്മ സുഖമില്ലാതെ കിടപ്പിലായെന്നും താന്‍ കണ്ടുവച്ച കുട്ടിയെ വിവാഹം കഴിക്കാന്‍ അവര്‍ അച്ഛനോടാവശ്യപ്പെട്ടു എന്നുമാണ് കഥ. അലമേലു ആയിരുന്നു ആ പെണ്‍കുട്ടി. ആ തിരഞ്ഞെടുപ്പില്‍ അച്ഛന് അത്ര തൃപ്തി ഇല്ലായിരുന്നു എന്നു തോന്നുന്നു. കാറിന്റെ ഹെഡ് ലൈറ്റുകള്‍ പോലെ കണ്ണുകളുള്ള ഒരു പെണ്ണിനെ വിവാഹം കഴിക്കാന്‍ തനിക്കിഷ്ടമില്ല എന്ന് അദ്ദേഹം മുറുമുറുത്തിരുന്നുവത്രെ. നല്ല വലിപ്പത്തില്‍, തിളങ്ങുന്ന കണ്ണുകളായിരുന്നു അമ്മയുടേത്. അവ ഒന്നുന്തിനില്ക്കുകയും ചെയ്തിരുന്നു. അതായിരുന്നു അച്ഛന്റെ കമന്‍റിനു കാരണം. ഈ അവസരത്തില്‍ അമ്മൂമ്മ വികാരംകൊണ്ട് ഒരു ബ്ലായ്ക്ക് മെയില്‍ പ്രയോഗിച്ചു. മകന്‍ വിവാഹം കഴിച്ച് സന്തോഷവാനായി ഇരിക്കുന്നതു കണ്ടിട്ടു കണ്ണടയ്ക്കണമെന്ന ഒരാഗ്രഹമേ തനിക്കുള്ളുവെന്ന് അവര്‍ പറഞ്ഞു. ഒടുവില്‍ അച്ഛന്‍ വഴങ്ങി. അമ്മൂമ്മ പിന്നെയും ദീര്‍ഘകാലം ജീവിക്കുകയും ചെയ്തു. എന്തായാലും 'കാറിന്റെ ഹെഡ് ലൈറ്റു പോലത്തെ കണ്ണുള്ള' ആ പെണ്ണിനെ കല്യാണം കഴിക്കേണ്ടി വന്നതില്‍ അച്ഛനു പശ്ചാത്തപിക്കേണ്ടി വന്നിട്ടില്ല എന്നെനിക്കുതോന്നുന്നു. പതിനേഴാമത്തെ വയസ്സില്‍ ആ വീട്ടില്‍ വന്നുകേറിയ അലമേലു അദ്ദേഹത്തിനു ചേര്‍ന്ന ജീവിതപങ്കാളിയായി മാറുകയായിരുന്നു.

സ്വന്തം സഹോദരങ്ങള്‍ക്കു പുറമെ അച്ഛന്റെ പെങ്ങന്മാരുടെ മക്കളും ഒരു വലിയമ്മായിയും മുത്തശ്ശിയും ഉള്‍പ്പെടുന്ന വലിയൊരു കുടുംബത്തിലെ മൂത്ത കുട്ടിയായിരുന്നു അലമേലു. അവരുടെ അച്ഛന്‍ നല്ലൊരു സംഗീതാസ്വാദകനായിരുന്നു; അദ്ദേഹം താല്പര്യമെടുത്ത് അവരെ നല്ല നിലയില്‍ സംഗീതം അഭ്യസിപ്പിക്കുകയും ചെയ്തിരുന്നു. മുഴങ്ങുന്ന ശബ്ദമായിരുന്നു അവരുടേത്. വീണവായനയും അവര്‍ക്കു വശമായിരുന്നു. രാത്രിയില്‍ വീട്ടിന്‍റെ മട്ടുപ്പാവിലിരിക്കുമ്പോള്‍ തന്നെയും അനിയത്തിമാരെയും കൊണ്ട് അച്ഛന്‍ പാട്ടുപാടിപ്പിച്ചിരുന്നതിനെക്കുറിച്ച് പലപ്പോഴും അവര്‍ പറഞ്ഞു ഞാന്‍ കേട്ടിട്ടുണ്ട്. അനൗപചാരികമായ ആ കച്ചേരികള്‍ക്കായി ചുറ്റുവട്ടത്തുള്ളവര്‍ കാത്തിരിക്കാറുണ്ടായിരുന്നു. ഇന്ന രാഗമോ കീര്‍ത്തനമോ പാടണമെന്ന് ശ്രോതാക്കളില്‍ ചിലര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. പക്ഷേ ഇതില്‍ നിന്നൊക്കെ തീര്‍ത്തും ഭിന്നമായിരുന്നു അവരുടെ ഭര്‍ത്തൃഗൃഹം. താനൊറ്റയ്ക്ക് അഞ്ചാണ്‍മക്കളെയും രണ്ടു പെണ്‍കുട്ടികളെയും വളര്‍ത്തിയെടുത്ത ഒരു വിധവയായിരുന്നു അവരുടെ അമ്മായിയമ്മ. ഭര്‍ത്താവ് മരിച്ചതിനുശേഷം അവര്‍ തല മുണ്ഡനം ചെയ്തിരുന്നു. ഒരു സ്ത്രീ ചെയ്യേണ്ടതും ചെയ്യരുതാത്തതും എന്തൊക്കെയാണെന്നതിനെക്കുറിച്ച് നിയതമായ അഭിപ്രായങ്ങളും അവര്‍ക്കുണ്ടായിരുന്നു. ഭര്‍ത്താവിനു കേട്ടുരസിക്കാനായി പാട്ടുപാടുന്നത് മാന്യയായ സ്ത്രീക്കു ചേര്‍ന്നതല്ല എന്ന കാര്യത്തില്‍ അവര്‍ക്കൊരു സംശയവുമുണ്ടായിരുന്നില്ല. ഇടയ്ക്ക് വല്ലപ്പോഴും ഭര്‍ത്താവിന്‍െറ കൂടെയിരിക്കുമ്പോള്‍ അവര്‍ വീണയെടുത്തുവച്ചു വായിക്കും; അത് പക്ഷേ അദ്ദേഹത്തിന് സംഗീതത്തെക്കുറിച്ച് വിവരമുണ്ടായിരുന്നതുകൊണ്ടൊന്നുമല്ല, അതിന് അദ്ദേഹം എതിരൊന്നും പറഞ്ഞില്ല എന്നതുകൊണ്ട് മാത്രമായിരുന്നു. അമ്മായിയമ്മ അത് വിലക്കി. അലമേലുവും ഭര്‍ത്താവും കിടക്കുന്നതിന് തൊട്ട മുറിയിലായിരുന്നു അവരുടെ കിടപ്പ്; അതിനാല്‍ ഉള്ളില്‍ എന്തു നടക്കുന്നുവെന്ന് അവര്‍ക്കറിയാന്‍ പറ്റിയിരുന്നു. എന്നുവച്ച് ക്രൂരയായിരുന്നു അവരെന്നു പറയാനാവില്ല. അരയോളം എത്തുന്ന നീണ്ട മുടിയുണ്ടായിരുന്നു അലമേലുവിന്. മുടികഴുകി കോതിവയ്ക്കുന്നത് പലപ്പോഴും അമ്മായിയമ്മ ആയിരുന്നു; അതുപോലെ അലമേലുവിനെ പാചകം പഠിപ്പിച്ചുകൊടുക്കാനുള്ള ക്ഷമയും അവര്‍ കാണിച്ചിരുന്നു. എന്നാല്‍ക്കൂടി കുറച്ചുകാലം ചെന്നൈയില്‍ മാറിത്താമസിക്കേണ്ടിവന്നപ്പോള്‍ അലമേലു ആ സ്വാതന്ത്ര്യം നന്നായിത്തന്നെ ആസ്വദിച്ചു. അവര്‍ പുറത്തുപോയിരുന്നു എന്നല്ല; വീണയും വായിച്ച് വീട്ടിലിരിക്കാനെങ്കിലുമുള്ള സ്വാതന്ത്ര്യം കിട്ടിയെന്നു മാത്രം. ചെന്നൈയില്‍ നിത്യേന നടക്കുന്ന കച്ചേരികള്‍ക്ക് പോകണമെന്ന് അവര്‍ക്കു വലിയ ആഗ്രഹമുണ്ടായിരുന്നു; പക്ഷേ, അവരുടെ ഭര്‍ത്താവിന് അതിലൊന്നും അത്രവലിയ താല്പര്യമുണ്ടായിരുന്നില്ല.

തന്‍െറ ജീവിതാനുഭവങ്ങള്‍ കുത്തിക്കുറിച്ചു വച്ചിരുന്ന ഒരു കൊച്ചു ഡയറി അവര്‍ എനിക്ക് തന്നിരുന്നു. തന്റെ വീടിനടുത്ത് ഒരു സംഗീതസഭ ഉണ്ടായിരുന്നതിനെക്കുറിച്ചും അവിടെ നടക്കുന്ന കച്ചേരികള്‍ കേട്ടുകൊണ്ട് വരാന്തയില്‍ നില്ക്കാറുള്ളതിനെക്കുറിച്ചും അവര്‍ അതില്‍ എഴുതുന്നുണ്ട്. പണ്ട് കുട്ടിക്കാലത്തെന്നപോലെ ഇവിടെയും പ്രായമുള്ള ഒരാള്‍ അലമേലു വീണ വായിക്കുന്നതു കേള്‍ക്കാന്‍ പലപ്പോഴും വീട്ടിലേക്ക് വരാറുണ്ടായിരുന്നു. ഒരിക്കല്‍ അച്ഛന്‍ ജോലികഴിഞ്ഞു വരുമ്പോള്‍ കണ്ടത് അമ്മ വീണ വായിക്കുന്നതാണ്; അച്ഛന് അതത്ര രസിച്ചില്ല. അവര്‍ മറ്റുള്ളവര്‍ക്കു കേള്‍ക്കാന്‍ വേണ്ടി വീണ വായിക്കുന്നത് തനിക്കിഷ്ടമല്ല എന്ന് അച്ഛന്‍ പറഞ്ഞു. അമ്മ വീണയുടെ കമ്പികള്‍ പൊട്ടിച്ചുകളഞ്ഞു; അതില്‍പ്പിന്നെ ഏറെക്കാലം അവര്‍ വീണ തൊട്ടിട്ടേയില്ല. എന്നെയും അനിയത്തിയെയും പഠിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ മാത്രമാണ് അവര്‍ പിന്നെ അത് വായിച്ചുതുടങ്ങിയത്. പക്ഷേ, തന്റെ ദുര്‍വിധിയെ പഴിച്ചുകൊണ്ട് വെറുതെ അടച്ചുപൂട്ടിയിരിക്കുന്ന തരക്കാരിയായിരുന്നില്ല അവര്‍.

ആര്‍ത്തിപിടിച്ച വായനക്കാരനായിരുന്നു അച്ഛന്‍; അദ്ദേഹം അമ്മയെ ഇംഗ്ലീഷ് പഠിപ്പിച്ചു. തിരിച്ച് അമ്മ അദ്ദേഹത്തെ തമിഴും; അദ്ദേഹം മലയാളത്തിലാണല്ലോ പഠിച്ചത്. അന്ന് പ്രചാരത്തിലുള്ള തമിഴ്മാസികകളൊക്കെ വീട്ടില്‍ വരുത്തിയിരുന്നു. അമ്മ അതിലെ തുടര്‍ക്കഥകള്‍ വെട്ടിയെടുത്ത് ബയന്റ് ചെയ്തു സൂക്ഷിക്കും. മുംബൈയിലെ എന്റെ കുട്ടിക്കാലത്തെ ഒരോര്‍മയാണ്, അമ്മ എന്നെയും അനുജനെയും കൂട്ടി ഒരു പാഴ്സിസ്ത്രീ നടത്തുന്ന തയ്യല്‍ ക്ലാസ്സില്‍ പഠിക്കാന്‍ പോകുന്നത്; അമ്മ പഠിക്കുന്ന സമയത്ത് അനുജനെ നോക്കല്‍ എന്റെ പണിയാണ്. പത്തൊമ്പതാമത്തെ വയസ്സില്‍ വീട്ടില്‍ നിന്നിറങ്ങുന്നതുവരെ അമ്മ തുന്നിത്തന്നതേ ഞാനുടുത്തിട്ടുള്ളൂ. പുതിയ പുതിയ കാര്യങ്ങള്‍ പഠിച്ചെടുക്കുന്നതില്‍ അവര്‍ക്കുള്ള താല്പര്യം ക്ഷയിച്ചു ഞാന്‍ കണ്ടിട്ടില്ല. പിന്നെയും കുറെക്കാലം കഴിഞ്ഞ്, അവര്‍ക്കന്ന് അമ്പതൊക്കെ ആയിട്ടുണ്ടാവും, അമ്മ ഒരു ബേക്കിങ് ക്ലാസ്സിനു ചേര്‍ന്നു. അവര്‍ എഴുതിയെടുത്തു കൊണ്ടുവരുന്ന ഇംഗ്ലീഷിലുള്ള പാചകക്കുറിപ്പുകള്‍ അച്ഛന്‍ വായിച്ചുനോക്കി തിരുത്തിക്കൊടുക്കും. ആ കോഴ്സില്‍ ഉജ്ജ്വലവിജയമാണ് അമ്മയ്ക്ക് കിട്ടിയത്. അന്നൊരിക്കല്‍ ഞാന്‍ വീട്ടില്‍ ചെന്നപ്പോള്‍ അമ്മ എനിക്കുവേണ്ടി രഹസ്യമായി ഒരു കേക്കുണ്ടാക്കി. എന്നെ യാത്രയാക്കാന്‍ അച്ഛനുമമ്മയും സ്റ്റേഷനില്‍ വന്നിരുന്നു. ഞാന്‍ വണ്ടിയില്‍ കയറിയപ്പോള്‍ അമ്മ കേക്കെടുത്ത് എന്‍റെ കൈയില്‍ത്തന്നു. പച്ചയും ഇളംചുവപ്പും നിറത്തില്‍ ഐസിങ്ങും ആയി വട്ടത്തില്‍ ചെറിയൊരു കേക്കായിരുന്നു അത്. 'വണ്ടിയില്‍ വച്ച് കഴിച്ചോ' അഭിമാനത്തോടെ അമ്മ പറഞ്ഞു. അച്ഛന്‍ പരിഭവിക്കുന്നത് ഞാന്‍ കേട്ടു. ‘അപ്പോള്‍ എനിക്കൊന്നും വെച്ചിട്ടില്ലേ?’ ഒരെണ്ണം മാറ്റിവച്ചിട്ടുണ്ടെന്നു പറഞ്ഞ് അമ്മ അദ്ദേഹത്തെ ആശ്വസിപ്പിക്കുന്നത് ഞാന്‍ കേട്ടു.

പച്ചയും ഇളംചുവപ്പും നിറത്തില്‍ ഐസിങ് ഉള്ള ആ കേക്കു മാത്രമായിരുന്നില്ല ഭക്ഷണവിഷയത്തില്‍ അലമേലുവിന്റെ സാഹസികബുദ്ധിയുടെ ഉദാഹരണം. അലമേലുവിനെപ്പോലുള്ള സ്ത്രീകള്‍ക്ക് ഒരു ജീവിതോപാധിമാത്രമായിരുന്നില്ല ഭക്ഷണം എന്ന് തിരിഞ്ഞുനോക്കുമ്പോള്‍ എനിക്ക് തോന്നുന്നുണ്ട്. മനസ്സു തുറക്കുന്നതിനുള്ള, അവകാശം സ്ഥാപിക്കുന്നതിനുള്ള, സാഹസികതയ്ക്കുള്ള ഒരു മാര്‍ഗമായി മാറ്റുകയായിരുന്നു അവര്‍ അതിനെ. കുറെ വര്‍ഷങ്ങളോളം മാറിവരുന്ന കാലങ്ങളെ ഞാന്‍ ബന്ധിപ്പിച്ചിരുന്നത് മാറിമാറിവരുന്ന ഭക്ഷണസാധനങ്ങളോടു ചേര്‍ത്തിട്ടായിരുന്നു; അതിനോടു കെട്ടുപിണഞ്ഞുകിടന്നിരുന്നു അവയുടെ സംഭരണവും പാചകവും പിന്നെ ഓരോ ആഹാരവും ശരീരത്തില്‍ ചെലുത്തുന്ന പ്രഭാവത്തെക്കുറിച്ചുള്ള ഓര്‍മകളും. അച്ചാറിന്‍റേതായിരുന്നു ഏപ്രിലിനു തൊട്ടുമുമ്പത്തെ മാസങ്ങള്‍; വിശേഷിച്ചും, കണ്ണിമാങ്ങ അച്ചാറിനും ആവയ്ക്കായ്ക്കും (പച്ചമാങ്ങ വലുതായി നുറുക്കി ആന്ധ്രാമട്ടില്‍ ഉപ്പിലിട്ടത്). ചക്കവരട്ടിയതും ചക്കയുപ്പേരിയും ഉണ്ടാക്കുന്നതും ഈ മാസങ്ങളില്‍ത്തന്നെ. ചക്കവെട്ടിപ്പൊളിച്ചും എണ്ണ പുരട്ടിയ കൈകൊണ്ട് ചുള പറിച്ചെടുക്കുന്നതും തേനില്‍ ക്കി കഴിക്കാനായി കുറച്ചെടുത്ത് മാറ്റിവച്ചിട്ട് ബാക്കി വരട്ടാനും വറുക്കാനുമായി നുറുക്കുന്നതുമൊക്കെ വീടാകെ പുകയുന്ന വെളിച്ചെണ്ണയുടെയും ഉരുകുന്ന ശര്‍ക്കരയുടെയും ഗന്ധംകൊണ്ടു നിറയ്ക്കും. പിന്നീടുള്ള മാസങ്ങളില്‍ അടയ്ക്കും പായസത്തിനുമാണ് ഈ ചക്കവരട്ടിയത് ഉപയോഗിക്കുക.

വേനലവധി തുടങ്ങുന്നതോടെ ഞങ്ങളുടെ പലതരം ചുമതലകള്‍ തുടങ്ങുകയായി. ഞങ്ങളില്‍ ഒരാള്‍ മാങ്ങ വാങ്ങാന്‍ അമ്മയോടൊപ്പം കൂട്ടുചെല്ലുമായിരുന്നു. ഒരു കൂട മല്‍ഗോവ; അരക്കൂട സേലം, അരക്കൂട ബാദാമി ഇങ്ങനെയാണു വാങ്ങുക. അമ്മയ്ക്കു കൂട്ടുചെല്ലാന്‍ ആരും ഞങ്ങളെ നിര്‍ബന്ധിക്കേണ്ടിയിരുന്നില്ല; കാരണം കൂടെയുള്ള കുട്ടിക്കാണല്ലോ സ്വാദു നോക്കാനായി കടക്കാരന്‍ മാങ്ങയെുടുത്തു നീട്ടുക! ഇതും കഴിഞ്ഞ് ബാംഗ്ലൂരില്‍ ജഡ്ക്ക എന്നു വിളിക്കുന്ന കുതിരവണ്ടിയിലെ മടക്കയാത്ര ഒരു ബോണസ്സായിരുന്നു. ആരോഗ്യമുള്ള കുതിരയെ കെട്ടിയ ജഡ്ക്കയിലെ അമ്മ കയറൂ. കയറിയിരുന്നിട്ട് അമ്മ വണ്ടിക്കാരനോട് പറയും, കുതിരയെ അനാവശ്യമായി തല്ലുകയോ കുത്തുകയോ ചെയ്താല്‍ ആ നിമിഷം താന്‍ വണ്ടിയില്‍നിന്നിറങ്ങുമെന്ന്. വേനല്‍മാസങ്ങളായിരുന്നു 'വടം' എന്നുപേരുള്ള അരിമുറുക്കുണ്ടാക്കുന്നതിനുള്ള കാലം; ഒരാണ്ടത്തേക്ക് വേണ്ടതുണ്ടാക്കി വലിയ ടിന്നുകളിലാക്കി വയ്ക്കും. ഈ വടം നിര്‍മാണം അതിരാവിലെ തുടങ്ങും. പതിനൊന്നുമണിയാകുന്നതോടെ മുറ്റത്ത് വിരിച്ച വെളുത്ത വേഷ്ടിയില്‍ ആവിയില്‍ വെന്ത അരിമാവ് പലതരം അച്ചുകളിലൂടിറങ്ങി ഉണങ്ങാന്‍ കിടപ്പുണ്ടാവും. ഇങ്ങനെയുള്ള അവസരങ്ങളില്‍ വെയിലു തട്ടാതിരിക്കാനായി അമ്മ തലയില്‍ ഒരു തൊപ്പിയെടുത്തുവയ്ക്കുമായിരുന്നു. അമ്മ തൊപ്പി തിരഞ്ഞു നടക്കുന്നത് കണ്ടാല്‍ മനസ്സിലാക്കാം അന്നുപിന്നെ എന്താണുണ്ടാക്കുവാന്‍ പോകുന്നതെന്ന്. മഴക്കാലവും മഞ്ഞുകാലവും എള്ളുണ്ടയുടെയും കപ്പലണ്ടിമിഠായിയുടെയും മാസങ്ങളായിരുന്നു. ഒപ്പം വിശേഷദിവസങ്ങള്‍ക്ക് പ്രത്യേകമായുള്ള പലഹാരങ്ങളുടെയും. സുഖമില്ലാതെ കിടക്കുമ്പോള്‍ എന്താണ് കഴിക്കാന്‍ കിട്ടുക എന്നതിനെക്കുറിച്ച് ഞങ്ങള്‍ക്ക് നല്ല നിശ്ചയമായിരുന്നു. രോഗിയായ കുട്ടിക്ക് കിട്ടുന്ന ലാളന ഇത്രയെന്നില്ല. കഷായാരിഷ്ടങ്ങള്‍ക്കും ദേഹത്തിടാനുള്ള പലതരം പൂച്ചുകള്‍ക്കും പുറമെ വിശേഷാല്‍ വിഭവങ്ങളും അയാള്‍ക്കു പ്രതീക്ഷിക്കാം. ഒരു വെള്ളിത്താമ്പാളത്തില്‍ രണ്ടുതവി ചൂടുചോറു വിളമ്പിയതിനുമേല്‍ ഒരു കരണ്ടി നറുനെയ്യ് വീഴ്ത്തിയിട്ട് തവിയുടെ കൈകൊണ്ട് അത് നന്നായി ഉടയ്ക്കും; കുട്ടി അധികം ചവച്ച് കഷ്ടപ്പെടരുതല്ലോ! പിന്നെ അതില്‍ കുരുമുളകും ജീരകവും ചേര്‍ത്ത് കടുകു മാത്രം താളിച്ച് രസത്തിന്റെ തെളിയൊഴിച്ച് നന്നായി വിരകുന്നു. ഒരു പപ്പടം കാച്ചിയതുകൂടി ഉണ്ടാകും. എന്നിട്ട് താമ്പാളവും കരണ്ടിയും സേവനാഴിയായി ഉപയോഗിക്കുന്ന ഒരു സ്റ്റൂളിനുമേല്‍ വച്ച് രോഗി കിടക്കുന്ന കട്ടിലിന്നരികില്‍ കൊണ്ടുവയ്ക്കുന്നു. (വിവിധോപയോഗത്തിനുള്ള ഒന്നായിരുന്നു ഈ സ്റ്റൂള്‍; തേച്ചുകുളിയുടെ ദിവസങ്ങളില്‍ ജീരകവും കുരുമുളകും അരിയുമിട്ട് മൂപ്പിച്ച എണ്ണ അമ്മ പുരട്ടിത്തരാന്‍ കാത്ത് ഞങ്ങള്‍ ഇരിക്കുന്നത് അതിന്മേല്‍ത്തന്നെ.) നെയ്യിന്റെയും രസത്തിന്റെയും മണം മുമ്പേതന്നെ കുട്ടിയുടെ അടുത്തേക്ക് ഒഴുകിയെത്തിയിട്ടുണ്ടാകും. തിളങ്ങുന്ന വെള്ളിപ്പാത്രംകൂടി മുന്നിലെത്തുന്നതോടെ ആഹാരം വേണ്ടെന്നു പറയാന്‍ ഏതു കുട്ടിക്കാണ് മനസ്സുവരിക? പത്തുവയസ്സില്‍ താഴെയുള്ള കുട്ടിയാണെങ്കില്‍ ഒരു കഥ കൂടി പ്രതീക്ഷിക്കാം. അതിലും പ്രായം കുറവുള്ള കുട്ടിക്ക് പതിഞ്ഞ നീലാംബരി രാഗത്തിലുള്ള താരാട്ടു കേട്ട് ഉറക്കത്തിലേക്ക് വഴുതിപ്പോവുകയുമാവാം. നല്ല മൂഡിലാണെങ്കില്‍ അമ്മയുടെ ആ മുഴങ്ങുന്ന ശബ്ദത്തില്‍ ഇന്ദ്രജാലം നിറയും. കുറച്ചുകാലം മുമ്പ് എന്റെ നിര്‍ബന്ധത്തിനു വഴങ്ങി അമ്മ ഡയറി എഴുതാന്‍ തുടങ്ങി. ഭക്ഷണത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ അതില്‍ പലതുമുണ്ടായിരുന്നു. ഏറ്റവും വിഷമം പിടിച്ച അവസരങ്ങളില്‍ ഭക്ഷണമുണ്ടാക്കുന്നതിനെക്കുറിച്ചാണ് അവര്‍ എഴുതിയിരിക്കുന്നത്. ഉദാഹരണത്തിന് യുദ്ധകാലത്ത് റേഷന്‍ഗോതമ്പ് കൊടുത്ത് പകരം അരി വാങ്ങിയിരുന്നതിനെപ്പറ്റി; അയല്‍വാസികളായ പഞ്ചാബിവീട്ടമ്മമാരുടെ പടിക്കല്‍ ഭാരമുള്ള ഗോതമ്പുചാക്കുകളും ചുമന്ന് കോണിപ്പടി കയറിപ്പോയിരുന്നു അവര്‍. അതുപോലെ ഞങ്ങളൊക്കെ ജനിക്കുന്നതിനും മുമ്പ് 1932ല്‍ ഒരിക്കല്‍ ഹരിദ്വാര്‍ സന്ദര്‍ശിക്കാന്‍ പോയപ്പോള്‍. ട്രെയിന്‍ വളരെയധികം വൈകിയതിനാല്‍ അവര്‍ക്ക് സ്റ്റേഷനില്‍ത്തന്നെ കഴിയേണ്ടിവന്നു. അമ്മ സ്റ്റേഷനടുത്തുള്ള ഒരു കുടിലില്‍ ചെന്ന് അവിടെക്കണ്ട സ്ത്രീയോട് കുറച്ചു ചോറു വച്ചുതരാന്‍ അപേക്ഷിച്ചു. ആ സമയംകൊണ്ട് അമ്മ പോയി ഒരു കൂടയും കുറെ ഇലകളും കുറച്ചു തൈരും (അന്നത്തെ ഹരിദ്വാര്‍ അതിനു പേരുകേട്ടതായിരുന്നു.) വാങ്ങിയിരുന്നു. അപ്പോഴേക്കും ചോറു തയ്യാറായി. അമ്മ ആ സ്ത്രീയെക്കൊണ്ട് കുറച്ച് ചമ്മന്തികൂടി ഉണ്ടാക്കിച്ചു. അമ്മ പിന്നെ കൂടയില്‍ ഇലവിരിച്ച് ചോറ് അതില്‍ കുടഞ്ഞിട്ടു; എന്നിട്ട് അതിനുമേല്‍ കൊഴുത്ത തൈരും വീഴ്ത്തി. ആ സ്ത്രീയ്ക്ക് ബുദ്ധിമുട്ടിയതിനുള്ള പ്രതിഫലവും കൊടുത്തിട്ട് അവര്‍ പിന്നെ കൂടയില്‍ ചോറും ഒരിലക്കുമ്പിളില്‍ ചമ്മന്തിയുമായി സ്റ്റേഷനിലെത്തി. അമൃതു പോലെ സ്വാദിഷ്ടമായിരുന്നു ഭക്ഷണമെന്നതില്‍ ആര്‍ക്കും എതിരഭിപ്രായമുണ്ടായിരുന്നില്ല.

ഞങ്ങളുടെ കുടുംബം കടുത്ത സസ്യാഹാരക്കാരായിരുന്നു. വെളുത്തുള്ളിയും ചുമന്നുള്ളിയും പോലും വര്‍ജ്ജ്യമായിരുന്നു. എന്നാലും ഞങ്ങള്‍ക്ക് മുട്ട പാചകം ചെയ്തുതരാനായി അമ്മ പ്രത്യേകമൊരു സ്റ്റൗ മാറ്റിവച്ചിരുന്നു; ആരെങ്കിലും എതിരുപറഞ്ഞാല്‍ ഡോക്ടര്‍ പറഞ്ഞിട്ടാണെന്നാവും അതിനു മറുപടി! ഞങ്ങളുടെ അല്‍സേഷ്യനാവട്ടെ, പുറത്തൊരു ചായ്പില്‍ വച്ച് തയാറാക്കിയ ഇറച്ചിയും കിട്ടിപ്പോന്നു. ലില്ലി എന്നായിരുന്നു അതിന്റെ പേര്. അടുക്കളയിലേക്ക് കടന്നുപോകരുതെന്ന് ലില്ലിക്ക് കര്‍ശനമായ നിര്‍ദ്ദേശം നല്‍കിയിരുന്നു. അതിനാല്‍ അവള്‍ പിന്‍കാലും വാലും മാത്രം വെളിയിലാക്കി താന്‍ അകത്തല്ല, പുറത്താണെന്നുള്ള നാട്യത്തോടെ അടുക്കളയുടെ വാതല്പ്പടിയില്‍ വന്നിരിക്കും. ആലോചിച്ചു നോക്കുമ്പോള്‍ എനിക്കു തോന്നുകയാണ് അലമേലുവിനെപ്പോലെയുള്ള സ്ത്രീകളും ഇതുതന്നെയല്ലേ ചെയ്തിരുന്നതെന്ന്. കുടുംബത്തിന്‍റെയും സമൂഹത്തിന്‍റെയും നിയമങ്ങള്‍ അനുസരിക്കുന്നു എന്നു വരുത്തിക്കൊണ്ടുതന്നെ അവയെ നിശ്ശബ്ദമായി ലംഘിക്കുകയായിരുന്നു അവര്‍.

അമ്മ ഇപ്പോള്‍ പകല്‍ ഒരിക്കലേ ആഹാരമുള്ളു; രാത്രിയില്‍ കഞ്ഞികുടിക്കും. കഞ്ഞി എന്നുപറഞ്ഞാല്‍ പലതരം ധാന്യങ്ങള്‍ മുളപ്പിച്ചതില്‍ ഏലയ്ക്കയും ജാതിയും ചേര്‍ത്തു വേവിച്ചത്. അമൃതു പോലെ രുചിക്കും. ഞങ്ങള്‍ക്കെല്ലാം വേണ്ടി കുറച്ചെടുത്തു മാറ്റിവയ്ക്കുമെങ്കിലും അതിന്‍റെ പാചകവിധി അമ്മ ഞങ്ങള്‍ക്കു പറഞ്ഞുതന്നിട്ടേയില്ല. അതുപോലെ രസപ്പൊടിയുടെ രഹസ്യവും. ഞാന്‍ അമ്മയോടു പലപ്പോഴും ചോദിക്കും. അതൊക്കെ നീ എന്തിനാ അറിയുന്നത്? ഞാന്‍ ജീവിച്ചിരിക്കുന്ന കാലത്തോളം നിനക്കത് ഞാനുണ്ടാക്കിത്തരാം എന്നായിരിക്കും അവരുടെ മറുപടി. പിന്നെ ഞാനൊരിക്കല്‍ മടിച്ചുമടിച്ചു ചോദിച്ചു; 'അമ്മയുടെ കാലം കഴിഞ്ഞാന്‍ ഞാന്‍ എന്തുചെയ്യുമമ്മേ?'

'നിന്റെ ചേച്ചി പിന്നെന്തിനാ?' അവര്‍ തിരിച്ചടിച്ചു.

രാവിലെയും വൈകിട്ടും പാട്ടും നൃത്തവും, പഠനം ഏതുനേരവും

അമ്മയില്‍ നിന്നു ഞങ്ങള്‍ പരിചയിച്ച സാഹസകൃത്യങ്ങളില്‍ ഒന്നു മാത്രമായിരുന്നു ഭക്ഷണം. താനാഗ്രഹിച്ചപോലെ സംഗീതത്തിന്റെ വഴി പിന്തുടരാന്‍ തനിക്കായില്ലെന്നതിനാല്‍ എന്റെയും ചേച്ചിയുടെയും സംഗീതപഠനം മുടങ്ങരുതെന്ന് അവര്‍ ഉറപ്പ് വരുത്തിയിരുന്നു. അതൊരു ജീവിതമാര്‍ഗ്ഗമായി കൊണ്ടുനടക്കാന്‍ ഞങ്ങള്‍ താല്പര്യം കാണിച്ചിരുന്നെങ്കില്‍ അമ്മ ഞങ്ങളുടെ പക്ഷം പിടിക്കുകയും ചെയ്തേനെ. അമ്മയെടുത്ത പ്രധാനപ്പെട്ട ഒരു തീരുമാനമായിരുന്നു, ഇടത്തരം കുടുംബങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികള്‍ അധികമൊന്നും നൃത്തം പഠിക്കാന്‍ പോകാത്ത ആ കാലത്ത് എന്നെ നൃത്തം പഠിപ്പിക്കാനാക്കിയത്. അന്നൊക്കെ ഉയര്‍ന്ന കുടുംബക്കാരുടെ ലക്ഷണമായിരുന്നു അത്. തന്റെ വീട്ടിലും അതു വേണോ എന്നു സംശയിച്ചവരോട് ഒരേ ക്ലാസിക് മറുപടിയാണ് അമ്മയ്ക്കു പറയാനുണ്ടായിരുന്നത്. ഞാന്‍ വല്ലാതെ ശോഷിച്ചിരിക്കുന്നതിനാല്‍ നൃത്തപഠനം നല്ലൊരു വ്യായാമമാണെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചുവത്രേ! അരങ്ങേറ്റം കഴിയുന്നതുവരെ എന്റെ പഠനം മുടങ്ങരുതെന്ന് അവര്‍ ഉറപ്പുവരുത്തി. ഒരു അക്കൗണ്ട്സ് ഓഫീസറായിരുന്ന അച്ഛന്റെ ശമ്പളം മാത്രം വച്ച് അവര്‍ ഇതൊക്കെ സാധിച്ചെടുത്തതെങ്ങനെയാണെന്ന് എനിക്കു മനസ്സിലായിട്ടില്ല; പഠിക്കുന്ന കാലത്ത് ഞങ്ങള്‍ക്കു വീട്ടുപണി ചെയ്യേണ്ടിവന്നിരുന്നില്ല; അതൊക്കെ ഒരു വേലക്കാരിയുടെയും ഒരു പാചകക്കാരിയുടെയും സഹായത്തോടെ അമ്മതന്നെ സാധിച്ചുപോന്നു. ഇഷ്ടമുള്ള കാലത്തോളം ഇഷ്ടമുള്ളത്ര പഠിക്കുക എന്നതായിരുന്നു ഞങ്ങള്‍ക്കു പറഞ്ഞ ജോലി. പരീക്ഷക്കാലത്ത് രണ്ടു മൂന്നു മണിയാവുമ്പോഴേക്കും ഞാന്‍ എഴുന്നേല്‍ക്കും. എനിക്ക് ഏകാന്തത തോന്നാതിരിക്കാനായി അമ്മയും ഒപ്പമിരിക്കും. വിശക്കുന്നുണ്ടോയെന്ന് അമ്മ ഇടയ്ക്കിടെ ചോദിക്കും; എനിക്കാണെങ്കില്‍ വിശപ്പൊഴിഞ്ഞ നേരവുമില്ല. അമ്മ അടുക്കളയില്‍ച്ചെന്ന് ചൂടോടെ ദോശ ചുട്ടുകൊണ്ടുവന്നു തരും. ഒരു സന്ധ്യയ്ക്ക് ബാംഗ്ലൂരിലെ ഖലാസിപ്പാളയം ബസ്റ്റാന്‍റില്‍ അമ്മ എന്നെയും കാത്തുനിന്നത് ഞാനോര്‍മ്മിക്കുന്നു. എന്റെ ബിരുദദാനച്ചടങ്ങ് മൈസൂരിലായിരുന്നു. ഞാന്‍ ബസില്‍ ബാംഗ്ലൂരിലേക്ക് വരികയാണ്. . ഇറങ്ങിയ ഉടനെ ഞാന്‍ അമ്മയോടു പറഞ്ഞു. എനിക്ക് ചരിത്രത്തില്‍ സ്വര്‍ണ്ണമെഡലും രണ്ട് കാഷ് അവാര്‍ഡും കിട്ടിയെന്ന്. അവര്‍ ഒരു നിമിഷം എന്നെത്തന്നെ നോക്കിനിന്നു. അവരുടെ മുഖത്ത് കണ്ണീരൊലിച്ചിറങ്ങുന്നുണ്ടായിരുന്നു

. ചെന്നൈയില്‍ പോയി അവിടത്തെ മദ്രാസ് ക്രിസ്റ്റ്യന്‍ കോളേജില്‍ എം.എയ്ക്കു പഠിക്കണമെന്നായിരുന്നു എന്റെ തീരുമാനം. അച്ഛന്‍ പക്ഷേ അതിനെതിരായിരുന്നു. അച്ഛന്‍ അന്ന് കോട്ടയത്തെ റബ്ബര്‍ബോര്‍ഡ് ഓഫീസില്‍ നിന്നു പെന്‍ഷന്‍ പറ്റിയ സമയമാണ്; ഞാന്‍ ബാംഗ്ലൂരില്‍ത്തന്നെ പഠിച്ചാല്‍ മതിയെന്നായി അച്ഛന്‍. ചിറകുവിരിച്ചു പറക്കാനായിരുന്നു എനിക്കു മോഹം. ബാങ്കില്‍ ജോലിയായിരുന്ന ചേച്ചി രാജേശ്വരി കോളേജില്‍ ചേരാനുള്ള പണം തരാമെന്നേറ്റിരുന്നു. പ്രവേശനം നല്കിയതായി കോളേജില്‍ നിന്ന് കത്തും വന്നിരുന്നു. അപ്പോഴാണ് ഇവിടെ അച്ഛന്‍െറ എതിര്‍പ്പ്. അടുത്ത ദിവസം അച്ഛന്‍ പോയി. അമ്മ എന്റെ മുറിയില്‍ കയറിവന്നു ചോദിച്ചു. 'മദ്രാസില്‍ പോകുന്നതുകൊണ്ട് നിന്റെ ജീവിതത്തിനു മാറ്റം വരുമെന്നു നിനക്കു തോന്നുന്നുണ്ടോ?' ഉവ്വെന്നു ഞാന്‍ പറഞ്ഞു. അമ്മ ബാങ്കില്‍ പോയി തന്റെ സ്വര്‍ണമൊക്കെ പണയം വച്ച് ഒരു വായ്പയെടുത്തു. എന്നിട്ടവര്‍ ഒരു സ്യൂട്ട്കേസും നാല്‍ സാരിയും വാങ്ങിവന്നു. എം.എക്കു പഠിക്കുന്ന ഞാന്‍ ഇനി ഹാഫ്സാരിയുമുടുത്തു നടന്നാല്‍ പോരല്ലോ.

ആ ഖട്ടാവ് വോയില്‍ സാരികളുടെ നിറം എനിക്കിന്നും ഓര്‍മ്മയുണ്ട്. മഞ്ഞ, നീല, ഇളംചുവപ്പ്, പിന്നെ മങ്ങിയ ഒരു ഊതനിറത്തില്‍ ഒരെണ്ണം, നേര്‍ത്ത പൂക്കളുമായി. ചേച്ചി ബാങ്കില്‍ നിന്നു വരുമ്പോള്‍ അടുത്തദിവസം പുറപ്പെടാനായി ഞങ്ങള്‍ ഒക്കെ തയാറാക്കിയിരിക്കുന്നു; 'അമ്മ ഇങ്ങനെയൊന്നും എനിക്കു വേണ്ടി ചെയ്തിട്ടില്ല', ചേച്ചി പരിഭവിച്ചു. 'വേണമെന്ന് നീ പറഞ്ഞിട്ടില്ലല്ലോ?' അമ്മ തിരിച്ചുചോദിച്ചു.

അടുത്ത ദിവസം രാത്രി ഞങ്ങള്‍ ചെന്നൈയിലേക്ക് വണ്ടികയറി. പിറ്റേന്നു കാലത്ത് സെന്‍ട്രലില്‍ ഇറങ്ങി. താംബരത്തേക്കുള്ള ട്രെയിന്‍ പിടിക്കാനായി ഞങ്ങള്‍ പാര്‍ക്ക് സ്റ്റേഷനിലേക്ക് പോയി. ഞാന്‍ പുറത്തേക്ക് നോക്കിക്കൊണ്ട് ജനാലയ്ക്കടുത്തിരിക്കുകയായിരുന്നു. താംബരം അടുക്കാറായപ്പോള്‍ അമ്മ കുനിഞ്ഞ് എന്റെ ചെവിയില്‍ മന്ത്രിച്ചു. 'ലക്ഷ്മിയുടെ സ്വപ്നങ്ങളൊക്കെ സത്യമാവാന്‍ പോവുകയാണ്.' വളരെ വികാരനിര്‍ഭരമായ ഒരു നിമിഷമായിരുന്നു അത്; ഒരനര്‍ഘനിമിഷമായി ഞാനതിന്നും മനസ്സില്‍ സൂക്ഷിക്കുന്നു. കുറച്ചുകാലം മുമ്പ് എന്റെയൊരു പുസ്തകം പ്രസിദ്ധീകരിച്ചപ്പോള്‍ ആ നിമിഷം ഓര്‍മ്മിച്ചുകൊണ്ടുള്ള ഒരു കുറിപ്പുമായി ഞാന്‍ അത് സമര്‍പ്പിച്ചത് കലാകാരിയും സ്വപ്നദര്‍ശിയുമായ എന്റെ അമ്മ, അലമേലുവിനായിരുന്നു. അമ്മ അന്ന് എന്നോടൊപ്പമായിരുന്നു താമസം. അതു വായിച്ചിട്ട് അവര്‍ ചോദിച്ചു. 'ഞാന്‍ അങ്ങനെ പറഞ്ഞോ?' അതും അതിലധികവും അവര്‍ പറഞ്ഞിരുന്നുവെന്ന് അമ്മയോടു പറയണമെന്നെനിക്കു തോന്നി. പക്ഷേ, വാക്കുകള്‍ തൊണ്ടയില്‍ കുടുങ്ങിപ്പോയി.

അന്നത്തെ ആ യാത്രയ്ക്കുശേഷം മറ്റൊരിക്കലും അവര്‍ എന്റെയൊപ്പം വന്നു, തമിഴ്നാട്ടിലെ ചെറിയൊരു പട്ടണത്തില്‍ ടീച്ചറാവാന്‍ ഞാന്‍ തീരുമാനിച്ചപ്പോള്‍. ഗവേഷണത്തിനായി ഞാന്‍ ഡല്‍ഹിയിലേക്കു പോവുമ്പോള്‍ യാത്ര അയയ്ക്കാനും അവര്‍ വന്നിരുന്നു. അവിവാഹിതയായി കഴിയാന്‍ ഞാന്‍ തീരുമാനിച്ചപ്പോള്‍, ഏറെക്കാലത്തിനുശേഷം സ്വയം തിരഞ്ഞെടുത്ത ഒരാളെ വിവാഹം കഴിക്കാന്‍ ഞാനൊരുങ്ങിയപ്പോള്‍ അതിനും അമ്മ എന്റെ പക്ഷത്തുനിന്നു. ഞാന്‍ ചെയ്യുന്നതെന്തും അവര്‍ക്കു സമ്മതമായിരുന്നുവെന്നല്ല, ഞാന്‍ എന്തുചെയ്യണമെന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം അവര്‍ എനിക്കു വിട്ടുതന്നു എന്നു മാത്രം. അവര്‍ എന്നും അങ്ങനെയായിരുന്നു. കുറച്ചുനാള്‍ മുമ്പ് ഞാന്‍ അവരോടു പറഞ്ഞു, ടജഅഞഞഛണ അല്പം ഞെരുക്കത്തിലാണെന്ന്. അവര്‍ ചെക്കുബുക്കെടുത്ത് തന്റെ പെന്‍ഷന്‍ തുകയില്‍ നിന്ന് രണ്ടായിരം രൂപയ്ക്കുള്ള ചെക്കെഴുതി എന്റെ കൈയില്‍ തന്നു.

സുബ്രഹ്മണ്യത്തിനുവേണ്ടി ഒരു ഗാനാലാപനം

അലമേലു ചിറകു നല്‍കിയ കുട്ടി ഞാന്‍ മാത്രമായിരുന്നില്ല. എന്‍റെ അനുജന് ഉപരിപഠനത്തിനുള്ള മോഹം തോന്നിയപ്പോള്‍ അവര്‍ തന്‍റെ വെള്ളിപ്പാത്രങ്ങളൊക്കെ വിറ്റ് അതിനുള്ള പണം കണ്ടെത്തി. പിന്നീട് അവന്‍ ഒരു ക്രിസ്ത്യന്‍ യുവതിയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചപ്പോള്‍ അവര്‍ തന്നെ പള്ളിയില്‍പ്പോയി അച്ചനെ കാണുകയും അദ്ദേഹവുമായി കാര്യങ്ങള്‍ സംസാരിക്കുകയും ചെയ്തു; പത്തുകൊല്ലം കുട്ടിയേയും നോക്കി അവര്‍ അവന്റെ കൂടെ ജീവിക്കുകയും ചെയ്തു. തന്‍റെ ഹൃദയം അതിനുള്ള കാരണങ്ങള്‍ നല്‍കിയാല്‍ മതിയായിരുന്നു, ആ തോളിളക്കല്‍ കൊണ്ട് അലമേലുവിന് ഏത് നിയമവും ഏതാചാരവും ലംഘിക്കാന്‍.

തൈറോയ്ഡ് കാന്‍സര്‍ വന്നാണ് എന്‍റെ അച്ഛന്‍ സി.ആര്‍. സുബ്രഹ്മണ്യം മരിക്കുന്നത്. തൊണ്ടയില്‍ ശസ്ത്രക്രിയ നടത്തിയതിനാല്‍ അവസാനകാലത്ത് അദ്ദേഹത്തിന് സംസാരിക്കാന്‍ പറ്റില്ലായിരുന്നു. തനിക്കു പറയാനുള്ളതൊക്കെ അദ്ദേഹം എഴുതിക്കാണിക്കും. ഒരിക്കലും സംഗീതം ഉപേക്ഷിക്കരുതെന്ന് അച്ഛന്‍ ഒരു കുറിപ്പെഴുതി അമ്മയ്ക്ക് കൊടുത്തു. തന്‍റെ കണ്ണടക്കൂടില്‍ അവര്‍ അതിന്നും സൂക്ഷിച്ചുവച്ചിരിക്കുന്നു. അച്ഛന്‍റെ ജഡം ശ്മശാനത്തിലേക്കെടുക്കാന്‍ വണ്ടി വന്നപ്പോള്‍ ഞാനും കൂടെക്കയറി; അല്പം കഴിഞ്ഞപ്പോള്‍ അവിടെക്കൂടിയ പലരെയും അമ്പരപ്പിച്ചുകൊണ്ട് അമ്മയും എന്റെയൊപ്പം വന്നിരുപ്പായി. സ്ത്രീകള്‍ ശ്മശാനത്തിലേക്കു പോകുന്നത് ശാസ്ത്രവിരോധമാണെന്ന് പുരോഹിതന്‍ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ ഏത് ശാസ്ത്രത്തിലാണ് അങ്ങനെ പറഞ്ഞിരിക്കുന്നത് എന്നറിയണമെന്നായി അമ്മ. 'അമ്പതുകൊല്ലത്തില്‍ കൂടുതല്‍ കാലം ഞങ്ങള്‍ ഒരുമിച്ചു ജീവിച്ചതാണ്; അദ്ദേഹത്തിന്‍റെ ജഡം ദഹിക്കുന്നത് കാണാന്‍ എനിക്കവകാശമുണ്ട്,' അവര്‍ പറഞ്ഞു. പിന്നെ നാടകീയരംഗങ്ങളൊന്നുമുണ്ടായില്ല; ഒരൊച്ചപ്പാടുമില്ലാതെ കാര്യങ്ങള്‍ നടന്നു. വേറെ ചില സ്ത്രീകള്‍കൂടി ഒപ്പം ചേര്‍ന്നു, ഞങ്ങളെല്ലാവരും ശ്മശാനത്തിലേക്ക് പോയി. എന്‍റെ സഹോദരന്‍ ചിതയ്ക്കു തീകൊളുത്തിയപ്പോള്‍ അമ്മ അച്ഛനിഷ്ടമായിരുന്ന ഒരു കീര്‍ത്തനം പാടാന്‍ തുടങ്ങി; 'ശിവരാമകൃഷ്ണ, ഗോവിന്ദ നരഹരിനാരായണ കാശിവിശ്വനാഥ...' ഒരിടര്‍ച്ചയുമില്ലാതെ ആ മുഴങ്ങുന്ന സ്വരം ഉയര്‍ന്നുകേട്ടു. കീര്‍ത്തനം പാടിത്തീര്‍ത്ത്, കൈകൂപ്പിത്തൊഴുതുകൊണ്ട് അവര്‍ അവിടെ നിന്നു മാറിപ്പോയി.

അച്ഛന്‍റെ മരണം കഴിഞ്ഞ് ഒരു വര്‍ഷമായിരിക്കുന്നു; ഞാന്‍ ഗവേഷണവുമായി ബന്ധപ്പെട്ട് ചെന്നൈയിലായിരുന്നു. സാവിത്രി രാജന്‍ എന്നു പേരായി അതിവിശിഷ്ടയായ ഒരു സ്ത്രീയെ ഞാന്‍ അവിടെവച്ചു പരിചയപ്പെട്ടു. പ്രശസ്തയായ വീണ ധനമ്മാളുടെ ശിഷ്യയാണവര്‍. അവരെക്കുറിച്ചു ഞാന്‍ അമ്മയ്ക്കെഴുതിയപ്പോള്‍ ഉടനെ അവരുടെ മറുപടി വന്നു, തനിക്കിതുവരെ താനം പഠിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും, അവര്‍ക്ക് തന്നെ പഠിപ്പിക്കാന്‍ പറ്റുമോയെന്നറിയണെമെന്നും കാണിച്ച്. സാവിത്രി രാജന് അതിനു വിരോധമുണ്ടായിരുന്നില്ല. അമ്മ മൂന്നുമാസം ചെന്നൈയില്‍ എന്നോടൊപ്പം താമസിച്ച് താനം പഠിച്ചു; വീട്ടിലെ മറ്റുള്ളവര്‍ക്ക് വലിയൊരത്ഭുതമായിരുന്നു അത്. എന്നും വൈകുന്നേരം ഗവേഷണം കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ അമ്മയുടെ സാധകം നടക്കുന്നുണ്ടാവും. താനം പാടുന്നതില്‍ വൈദഗ്ധ്യം നേടിയിട്ടേ അവര്‍ ചെന്നൈയില്‍ നിന്നു പോയുള്ളൂ. അച്ഛന്‍റെ മരണശേഷം ഒമ്പതുവാര സാരിയിലേക്ക് അവര്‍ മാറിയിരുന്നു. ചെന്നൈയിലെ ചൂടത്ത് അത്രയും നീളമുള്ള സാരി വാരിച്ചുറ്റുന്നത് അവര്‍ക്കു വലിയ ബുദ്ധിമുട്ടായി. പഴയപോലെ ആറുവാര സാരി പോരേയെന്നു ഞാന്‍ ചോദിച്ചു. 'ഒമ്പതുവാര സാരിയും ചുറ്റിയല്ലേ ഞാനിങ്ങോട്ടു വന്നത്? ഇനി ആളുകളെന്തെങ്കിലും പറഞ്ഞാലോ?’ 'ആളുകള്‍ അതുമിതുമൊക്കെപ്പറയുന്നത് കാര്യമാക്കാന്‍ പോവുകയാണോ അമ്മ?' ഞാന്‍ ചോദിച്ചു. അന്നു വൈകിട്ടു ഞാന്‍ വരുമ്പോള്‍ എന്‍റെയൊരു ആറുവാര സാരിയും ചുറ്റിനില്ക്കുകയാണ് അമ്മ; അതില്പിന്നെ അവര്‍ ആറുവാര നീളമുള്ള കോട്ടണ്‍ സാരിയേ ഉടുത്തിട്ടുള്ളു.

തന്റെ ചെറുമക്കള്‍ക്കു സമ്മാനം കൊടുക്കുന്ന കാര്യത്തില്‍ അലമേലുവിനു പിശുക്കറിയുകയേയില്ല. എന്‍റെയൊപ്പമുള്ള ഖിന്‍റു എന്ന കൊച്ചുകുട്ടിക്കുപോലും അമ്മ വരുമ്പോള്‍ കുശാലാണ്. അവള്‍ക്ക് അമ്മയെക്കുറിച്ചുള്ള കഥകള്‍ പറഞ്ഞുകൊടുക്കാനേ എനിക്കു നേരമുള്ളു; ചുറ്റും അവര്‍ ഉപയോഗിച്ചിരുന്ന വസ്തുക്കളാണല്ലോ. ഞങ്ങള്‍ വെള്ളം പിടിക്കാന്‍ ഉപയോഗിച്ചിരുന്ന 'അലമു' എന്ന ചുരുക്കപ്പേരു തമിഴില്‍ കൊത്തിയ ചെമ്പുകുടം. എന്‍റെ മുത്തശ്ശന്‍ അവര്‍ക്കു സമ്മാനിച്ച കരിമരംകൊണ്ടുള്ള വീണ. എന്‍റെ ചേട്ടന്‍ ജനിച്ചതില്‍പിന്നെ എട്ടണയ്ക്കും പന്ത്രണ്ടണയ്ക്കും മറ്റും അവര്‍ വാങ്ങിയ കഡായികളും എന്‍റെ അടുക്കളയിലുണ്ട്. പിന്നെ, ഓടുകൊണ്ടുള്ള നാഴിയുമായി മരംകൊണ്ടുള്ള ആ സ്റ്റൂള്‍. ഞാന്‍ അതിപ്പോള്‍ ഇരിക്കാനായിട്ടാണ് ഉപയോഗിക്കുന്നത്. ഒരു വിദേശസന്ദര്‍ശകന്‍ എന്നോടു മടിച്ചുമടിച്ചു ചോദിക്കുകയും ചെയ്തു, കുട്ടികള്‍ക്കു വെളിയ്ക്കിരിക്കാനുള്ള പഴയമട്ടിലുള്ളതെന്തെങ്കിലുമാണോ അതെന്ന്! അവരുടെ മറ്റു പാത്രങ്ങളൊക്കെ ഞാന്‍ കളയാതെ സൂക്ഷിച്ചുവച്ചിട്ടുണ്ട്. എനിക്ക് അലമേലുവിന്‍റെ വക ഒസ്യത്താണതെന്നു പറഞ്ഞ് ആളുകള്‍ എന്നെ കളിയാക്കാറുണ്ട്.

കഴിഞ്ഞ കൊല്ലമോ മറ്റോ ആണെന്നു തോന്നുന്നു, പത്രത്തിലും ടിവിയിലുമൊക്കെ വാച്ചുകളുടെ പരസ്യംകണ്ട് അമ്മയ്ക്കൊരു കമ്പം കയറി. തനിക്കു പുതിയൊരു വാച്ചു വേണമെന്ന ആവശ്യം അവര്‍ എന്റെ അനുജനു മുന്നില്‍ അവതരിപ്പിച്ചു. അമ്മയ്ക്കിപ്പോള്‍ അതിന്റെ ആവശ്യമില്ലെന്നായി അവന്‍: അവരിപ്പോള്‍ പുറത്തേക്കങ്ങനെ പോകാറില്ലല്ലോ; തന്നെയുമല്ല, കാഴ്ച കുറഞ്ഞതിനാല്‍ സമയം നോക്കാനും പറ്റില്ല. അമ്മ ആരോടും മിണ്ടാതെ പോയി ഒരു റിറ്റര്‍ വാച്ചു വാങ്ങിക്കൊണ്ടുവന്നു. കഴിഞ്ഞൊരു ദിവസം അവര്‍ അതെന്നെ കാണിച്ചുതന്നു. ഇടയ്ക്കെപ്പോഴെങ്കിലും അമ്പലത്തില്‍ പോകുമ്പോള്‍ അവര്‍ അതെടുത്തു കെട്ടാറുണ്ട്. അതെനിക്കു വേണോയെന്ന് അവര്‍ ചോദിച്ചു. എനിക്കതാവശ്യമില്ലെന്ന് ഞാന്‍ പറഞ്ഞു. പക്ഷേ, മരണശേഷം അതും അവര്‍ എനിക്കായി നീക്കിവയ്ക്കാന്‍ വഴിയുണ്ട്, വീട്ടുമരുന്നുകളുടെയും രംഗോലികളുടെയും പാചകക്കുറിപ്പുകളുടെ കട്ടിംഗുകള്‍ക്കും തന്റെ സംഗീതപാഠങ്ങള്‍ക്കുമൊപ്പം. ഞാനതൊന്നും വലിച്ചെറിഞ്ഞു കളയില്ലെന്ന് അവര്‍ക്കറിയാം. അവര്‍ക്കവ വെറും വസ്തുക്കളല്ല, ഓര്‍മ്മകളാണ്, തനിക്കോര്‍ക്കാനിഷ്ടമുള്ളവ, അന്യരുമോര്‍ക്കേണ്ടവ. എന്റെകൊച്ചുവീടിന്റെ പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന അവരുടെ വസ്തുക്കള്‍ അവരുടെ ഊഷ്മളത കൊണ്ട് എന്നെ വലയംചെയ്യുകയാണ്. എന്റെ അടുക്കളയുടെ ജനാലപ്പടിയിലാണ് അവര്‍ ഉപയോഗിച്ചിരുന്ന ചെമ്പുകുടം ഞാന്‍ വച്ചിരിക്കുന്നത്. അതിന്മേല്‍ അവരുടെ പേരു കൊത്തിയതിലൂടെ വിരലോടിക്കുമ്പോള്‍ എനിക്കു തോന്നിപ്പോകാറുണ്ട്, അലമേലുവിന് മരണമില്ല എന്ന്.



അംബൈ (സി.എസ്. ലക്ഷ്മി) സ്ത്രീപക്ഷത്തുനിന്നെഴുതുന്ന പ്രമുഖ തമിഴ് എഴുത്തുകാരി. 1970 ല്‍ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ ഗവേഷകയായിരുന്നു. ഇപ്പോള്‍ മുംബൈ ആസ്ഥാനമായ SPARROW (SOUND AND PICTURE ARCHIVES FOR RESEARCH ON WOMEN)യുടെ ഡയറക്ടര്‍. ശിറകുകള്‍ മുറിയും, വീട്ടിന്‍ മൂലയില്‍ ഒരു ശമൈയലറൈ, THE FACE BEHIND THE MASK – WOMEN IN TAMIL LITERATURE എന്നിവ പ്രധാന കൃതികള്‍.


2012 ഡിസംബര്‍ 28ന്റെ സമകാലികമലയാളം വാരികയില്‍ പ്രസിദ്ധീകരിച്ചത്

C.S. Lakshmi- Mothers and Daughters


1 അഭിപ്രായം:

രാധാകൃഷ്ണന്‍ പറഞ്ഞു...

ഞങ്ങളെല്ലാവരും ശ്മശാനത്തിലേക്ക് പോയി. എന്‍റെ സഹോദരന്‍ ചിതയ്ക്കു തീകൊളുത്തിയപ്പോള്‍ അമ്മ അച്ഛനിഷ്ടമായിരുന്ന ഒരു കീര്‍ത്തനം പാടാന്‍ തുടങ്ങി; 'ശിവരാമകൃഷ്ണ, ഗോവിന്ദ നരഹരിനാരായണ കാശിവിശ്വനാഥ...' ഒരിടര്‍ച്ചയുമില്ലാതെ ആ മുഴങ്ങുന്ന സ്വരം ഉയര്‍ന്നുകേട്ടു. കീര്‍ത്തനം പാടിത്തീര്‍ത്ത്, കൈകൂപ്പിത്തൊഴുതുകൊണ്ട് അവര്‍ അവിടെ നിന്നു മാറിപ്പോയി.-----------------അലമേലു മിഴിവാര്‍ന്ന ചിത്രം ..!! ഹൃദയസ്പര്‍ശിയായി എഴുതി ..!!