2018, ഓഗസ്റ്റ് 31, വെള്ളിയാഴ്‌ച

ഹാൻസ് ആൻഡേഴ്സൻ - ദുഷ്ടബുദ്ധിയായ രാജാവ്


wicked-prince-01

ഒരിക്കൽ ഒരിടത്ത് വളരെ ദുഷ്ടനും അഹംഭാവിയുമായ ഒരു രാജാവുണ്ടായിരുന്നു. ലോകം മുഴുവൻ തന്റെ വരുതിക്കാവണമെന്നും തന്റെ പേരു കേട്ടാൽ ആളുകൾ കിടുങ്ങിവിറയ്ക്കണമെന്നുമായിരുന്നു അയാളുടെ ആകെയുള്ള ചിന്ത. വാളും തീയും കൊണ്ടയാൾ പാഞ്ഞുനടന്നു. വിളഞ്ഞുനില്ക്കുന്ന പാടങ്ങൾ അയാളുടെ പടയാളികൾ ചവിട്ടി മെതിച്ചു; പാവം കൃഷിക്കാരുടെ കുടിലുകൾക്കവർ തീയിട്ടു; ചുവന്ന തീനാളങ്ങൾ മരങ്ങളുടെ ഇലകൾ ഒന്നു പോലും ബാക്കിവയ്ക്കാതെ നക്കിയെടുക്കുന്നതും കരിഞ്ഞിരുണ്ട ചില്ലകളിൽ നിന്നു കനികൾ തൂങ്ങിക്കിടക്കുന്നതും അവർ നോക്കിനിന്നു. പുകയുന്ന ചുമരുകൾക്കു പിന്നിൽ എത്ര അമ്മമാരാണ്‌ കൈക്കുഞ്ഞുങ്ങളുമായി ഒളിച്ചിരുന്നത്; പടയാളികൾ അവരെ തിരഞ്ഞുപിടിച്ച് തങ്ങളുടെ പൈശാചികാനന്ദങ്ങൾക്ക് അവരെ വിധേയരാക്കുകയായി. ദുഷ്ടപ്പിശാചുക്കൾ പോലും ഇത്ര ഹീനമായി പെരുമാറിയേക്കില്ല; പക്ഷേ രാജാവിന്റെ വിചാരം ഇതൊക്കെ ഇങ്ങനെ തന്നെയാണു വേണ്ടതെന്നായിരുന്നു. നാൾക്കു നാൾ അയാളുടെ ബലം വർദ്ധിക്കുകയായിരുന്നു; അയാളുടെ പേരു കേൾക്കുമ്പോൾ ആളുകൾ പേടിച്ചുചൂളുകയായിരുന്നു; അയാൾ ഏറ്റെടുത്ത ദൌത്യങ്ങളൊക്കെ വിജയം കാണുകയുമായിരുന്നു. കീഴടക്കിയ നഗരങ്ങളിൽ നിന്ന് അയാൾ പൊന്നും പണവും കുത്തിക്കവർന്നുകൊണ്ടുപോയി. അയാളുടെ രാജകൊട്ടാരത്തിൽ നിധികൾ കുന്നുകൂടി. പിന്നെ അയാൾ ഗംഭീരങ്ങളായ കോട്ടകളും പള്ളികളും കമാനങ്ങളും പടുത്തുയർത്തുകയായി. ആ കൂറ്റൻ എടുപ്പുകൾ കണ്ടവരെല്ലാം പറഞ്ഞു: ‘എത്ര മഹാനായ രാജാവ്!’ അന്യദേശങ്ങളിൽ അയാൾ വരുത്തിയ കെടുതികളെക്കുറിച്ച് അവർ ആലോചിച്ചില്ല; കത്തിച്ചാമ്പലായ നഗരങ്ങളിൽ നിന്നുയർന്ന നെടുവീർപ്പുകളും നിലവിളികളും അവർ കേട്ടില്ല.

തന്റെ സ്വർണ്ണക്കൂനകളിൽ, കൂറ്റൻ കെട്ടിടങ്ങളിൽ കണ്ണോടിച്ച രാജാവിനും ആ ആൾക്കൂട്ടത്തിന്റെ അതേ ചിന്ത തന്നെയായിരുന്നു: ‘എത്ര മഹാനായ രാജാവ്! പക്ഷേ എനിക്കിത്രയും കൊണ്ടു പോര! ഇനിയും വേണം! എന്നെക്കാൾ മേലെയെന്നല്ല, എന്നോടു തുല്യനായിപ്പോലും ഒരാളുമുണ്ടാകാൻ പാടില്ല!’ എന്നിട്ടയാൾ അയൽരാജാക്കന്മാരോടെല്ലാം യുദ്ധത്തിനു പോയി, അവരെയെല്ലാം ജയിച്ചടക്കി. പരാജിതരായ രാജാക്കന്മാരെ അയാൾ തന്റെ തേരിനു പിന്നിൽ സ്വർണ്ണത്തുടലുകൾ കൊണ്ടു കെട്ടിവലിച്ചിഴച്ചു; തീന്മേശയുടെ കാൽക്കലവരെ കെട്ടിയിട്ടു; അയാൾ എറിഞ്ഞുകൊടുക്കുന്ന അപ്പക്കഷണങ്ങൾ അവർ പെറുക്കിത്തിന്നണമായിരുന്നു.

പിന്നെ അയാൾ പട്ടണക്കവലകളിലും കൊട്ടാരമുറ്റത്തും തന്റെ പ്രതിമകൾ സ്ഥാപിക്കാൻ ഏർപ്പാടു ചെയ്തു. തന്നെയുമല്ല, പള്ളികളിലെ അൾത്താരകളിലും തന്റെ പ്രതിമയുണ്ടാവണമെന്ന് അയാൾ നിർബന്ധിച്ചു. പുരോഹിതന്മാർ പറഞ്ഞു, ‘മഹാരാജാവേ, അങ്ങു ശക്തൻ തന്നെ എന്നതിൽ സംശയമൊന്നുമില്ല. പക്ഷേ അങ്ങയിലും ശക്തനാണു ദൈവം. അങ്ങയുടെ ആഗ്രഹം നിവർത്തിക്കാൻ ഞങ്ങൾക്കു ധൈര്യം വരുന്നില്ല.’

‘അതെയോ,’ ദുഷ്ടനായ രാജാവു പറഞ്ഞു, ‘എങ്കിൽ ഞാൻ ദൈവത്തെയും ജയിച്ചടക്കാൻ പോവുകയാണ്‌!’ ബുദ്ധിശൂന്യതയും ദൈവഭയമില്ലാത്ത ധാർഷ്ട്യവും കൂടിച്ചേർന്നപ്പോൾ അയാളുടെ തല തിരിഞ്ഞുപോയി! ആകാശത്തിലൂടെ പറക്കാൻ കഴിയുന്ന ഒരു യാനം അയാൾ പറഞ്ഞുണ്ടാക്കിച്ചു. മയിലിന്റെ പീലിക്കെട്ടു പോലെ ഉജ്ജ്വലവർണ്ണങ്ങൾ ചേർന്നതായിരുന്നു അത്; ഒരായിരം കണ്ണുകൾ അതിൽ പതിച്ചുവച്ചിരുന്നു; പക്ഷേ ഓരോ കണ്ണും ഓരോ പീരങ്കിക്കുഴലായിരുന്നു! യാനത്തിന്റെ മദ്ധ്യത്തിരുന്നുകൊണ്ട് ഒരു ദണ്ഡു പിടിച്ചു വലിക്കുകയേ വേണ്ടു, ഒരായിരം പീരങ്കിയുണ്ടകൾ വർഷിക്കുകയായി. യാനത്തിനു മുന്നിൽ ചിറകു ബലത്ത നൂറു കണക്കിനു ഗരുഡന്മാരെ കൊളുത്തിയിട്ടിരുന്നു; ഒന്നു ചൂളമടിച്ചപ്പോൾ അമ്പു പായുമ്പോലെ യാനം മാനത്തേക്കുയർന്നു. ഭൂമി എത്ര താഴെയായിരിക്കുന്നു! ആദ്യമൊക്കെ, കാടുകളും മലകളും മറ്റുമായി, ഉഴുതുമറിച്ച പാടം പോലെയാണതു കാണപ്പെട്ടത്; പിന്നെയത് നിവർത്തിവിരിച്ച ഭൂപടം പോലെയായി; വൈകിയില്ല, മേഘങ്ങൾക്കും മൂടൽമഞ്ഞിനും പിന്നിൽ അതു കണ്ണിൽ നിന്നു മറയുകയും ചെയ്തു. ഗരുഡന്മാർ ഉയർന്നുയർന്നു പോയി. കോടാനുകോടികളായ തന്റെ മാലാഖമാരിൽ നിന്ന് ദൈവം ഒരേയൊരു മാലാഖയെ രാജാവിനെ നേരിടാനയച്ചു. ദുഷ്ടനായ രാജാവ് ഒരായിരം വെടിയുണ്ടകൾ കൊണ്ട് മാലാഖയെ എതിരേറ്റു. അവ പക്ഷേ, മാലാഖയുടെ തിളങ്ങുന്ന ചിറകുകളിൽ തട്ടി ആലിപ്പഴം പോലെ പൊഴിയുകയാണുണ്ടായത്. ഒരു തുള്ളി രക്തം -വെറുമൊരു തുള്ളി- ഒരു തൂവലിൽ നിന്നിറ്റുവീണു; ആ ഒരു തുള്ളി രാജാവിന്റെ യാനത്തിൽ വന്നുവീണു. എത്രയോ മന്നു ഭാരമുള്ള ഈയക്കട്ട പോലെയാണതു വന്നുവീണത്! യാനം കുത്തനെ ഭൂമിയിലേക്കു പതിക്കാൻ തുടങ്ങി. ഗരുഡന്മാരുടെ കരുത്തുറ്റ ചിറകുകൾ തകർന്നു; കൊടുങ്കാറ്റുകൾ രാജാവിന്റെ ശിരസ്സിനു ചുറ്റും പാഞ്ഞുനടന്നു; മേഘങ്ങൾ- ശരിക്കുമവ അയാൾ ചുട്ടുകരിച്ച നഗരങ്ങളിൽ നിന്നുയർന്ന പുകപടലങ്ങളായിരുന്നു- ഭീഷണരൂപങ്ങൾ പൂണ്ടു, കൂറ്റൻ കടൽഞണ്ടുകളെപ്പോലെ, ഇടിഞ്ഞിറങ്ങുന്ന പാറക്കെട്ടുകൾ പോലെ, തീ തുപ്പുന്ന വ്യാളികൾ പോലെ. അയാൾ അർദ്ധപ്രാണനായി കിടക്കവെ യാനം കാട്ടിനുള്ളിൽ മരക്കൊമ്പുകളിൽ കുരുങ്ങി തങ്ങിക്കിടന്നു.

‘ദൈവത്തെ ഞാൻ കീഴടക്കുകതന്നെ ചെയ്യും!’ അയാൾ പ്രഖ്യാപിച്ചു. ‘ഞാൻ പ്രതിജ്ഞ ചെയ്തുകഴിഞ്ഞു; ഞാനതു നടപ്പാക്കുകയും ചെയ്യും!’ ഏഴു കൊല്ലമെടുത്ത് അയാൾ ആകാശത്തു പറക്കുന്ന യാനങ്ങളുണ്ടാക്കിച്ചു. എത്രയും കടുത്ത ഉരുക്കിൽ നിന്ന് അയാൾ വെള്ളിടികൾ വാർപ്പിച്ചു; അയാൾക്ക് സ്വർഗ്ഗത്തിന്റെ കോട്ടകൾ തകർക്കണമല്ലോ! തന്റെ അധീനതയിലുള്ള ദേശങ്ങളിൽ നിന്നായി അയാൾ ഒരു മഹാസൈന്യം സ്വരൂപിച്ചു; അവർ നിരന്നുനിന്നപ്പോൾ എത്ര മൈലുകളെടുത്തുവെന്നോ! എല്ലാവരും ആ വിചിത്രയാനങ്ങളിൽ ചെന്നുകയറി. രാജാവ് തന്റെ യാനത്തിൽ കയറാൻ ചെല്ലുമ്പോഴാണ്‌ ദൈവം ഒരു കടന്നല്പറ്റത്തെ അയാൾക്കു നേർക്കയക്കുന്നത്; അത്ര വലുതല്ലാത്ത ഒരു കടന്നല്പറ്റം. അവ രാജാവിനും ചുറ്റും പറന്നുനടന്നുകൊണ്ട് മുഖത്തും കൈകളിലും കുത്താൻ തുടങ്ങി. അയാൾ രോഷത്തോടെ വാളു വലിച്ചൂരി വെട്ടിയതൊക്കെ ശൂന്യമായ വായുവിലായിരുന്നു. ഒന്നിനെപ്പോലും തൊടാൻ അയാൾക്കായില്ല. പിന്നെ അയാൾ വില കൂടിയ കംബളങ്ങൾ വരുത്തിച്ചു. അവ കൊണ്ടു തന്നെ പൊതിയാൻ അയാൾ പരിചാരകന്മാരോടു കല്പിച്ചു. ഒരു കടന്നലും ഇനി തന്നെ കുത്തരുത്! പക്ഷേ ഒരേയൊരു കടന്നൽ കംബളങ്ങൾക്കുള്ളിൽ കയറിപ്പറ്റിയിരുന്നു. അത് രാജാവിന്റെ കാതിനരികിൽ ഇഴഞ്ഞെത്തി ഒരു കുത്തു കൊടുത്തു. കനൽ പൊള്ളിക്കുമ്പോലെയാണ്‌ അയാൾക്കു തോന്നിയത്; അയാളുടെ തലച്ചോറിലേക്ക് വിഷം ഇരച്ചുകയറി. അയാൾ കംബളങ്ങൾ പറിച്ചെറിഞ്ഞു, ഉടുത്തിരുന്നതു പിച്ചിച്ചീന്തി, ക്രൂരന്മാരും കിരാതന്മാരുമായ തന്റെ പടയാളികൾക്കു മുന്നിൽ ഭ്രാന്തനെപ്പോലെ അയാൾ നൃത്തം വച്ചു. ദൈവത്തെ കീഴടക്കാൻ പോയിട്ട് ഒരേയൊരു കടന്നലിനു മുന്നിൽ കീഴടങ്ങേണ്ടി വന്ന സ്വന്തം രാജാവിനെ കളിയാക്കിച്ചിരിക്കുകയായിരുന്നു ആ പടയാളികൾ ഇപ്പോൾ.

(1840)


The Wicked Prince
A translation of Hans Christian Andersen's "Den onde Fyrste" by Jean Hersholt.

Once upon a time there was a proud and wicked prince who thought only about how he might conquer all the nations of the earth and make his name a terror to all mankind. He plunged forth with fire and sword; his soldiers trampled down the grain in the fields, and put the torch to the peasant's cottage so that the red flames licked the very leaves from the trees, and the fruit hung roasted from black and charred limbs. Many a poor mother caught up her naked baby and tried to hide behind the smoking walls, but the soldiers followed her, and if they found her and the child, then began their devilish pleasure. Evil spirits could do no worse, but the Prince rejoiced in it all.

Day by day his power increased; his name was feared by all, and fortune followed him in all his deeds. From the conquered cities he carried away gold and precious treasures, until he had amassed in his capital riches such as were unequaled in any other place. Then he built superb palaces and temples and arches, and whoever saw his magnificence said, "What a great Prince!" Never did they think of the misery he had brought upon other lands; never did they listen to the groans and lamentations from cities laid waste by fire.

The Prince gazed upon his gold, looked at his superb buildings, and thought like the crowd, "What a great Prince!" "But I must have more, much more! There is no power that can equal-much less surpass-mine!" And so he warred with his neighbors until all were defeated. The conquered kings were chained to his chariot with chains of gold when he drove through the streets; and when he sat at table they lay at the feet of the Prince and his courtiers, eating such scraps as might be thrown to them.

Now the Prince had his own statue set up in the market places and the palaces; yes, he would even have set it in the churches, on the altars, but to this the priests said, "Prince, you are great, but God is greater! We dare not obey your orders!"

"Well," said the evil Prince, "then I shall conquer God too!" In the pride and folly of his heart he had built a splendidly constructed ship in which he could sail through the air. It was as colorful as a peacock's tail, and seemed decorated with a thousand eyes, but each eye was the barrel of a cannon. The Prince could sit in the center of the ship and, upon his touching a certain button, a thousand bullets would stream forth, and the guns would at once be reloaded. Hundreds of strong eagles were harnessed to the ship, and so it flew away, up and up toward the sun.

Far beneath lay the earth. At first its mountains and forests appeared like a plowed field, with a tuft of green peeping out here and there from the sod; then it seemed like an unrolled map, and finally it was wholly hidden in mists and clouds, as the eagles flew higher and higher.

Then God sent forth a single one of His countless angels, and immediately the Prince let fly a thousand bullets at him, but they fell back like hail from the angel's shining wings. Then one drop of blood-just one-fell from one of the angel's white wing feathers onto the ship of the Prince. There it burned itself into it, and its weight of a thousand hundredweights of lead hurled the ship back down with terrible speed to the earth. The mighty wings of the eagles were broken, the winds roared about the head of the Prince, and the clouds on every side, sprung from the smoke of burned cities, formed themselves into menacing shapes. Some were like mile-long crabs stretching out their huge claws toward him; others were like tumbling boulders or fire-breathing dragons. The Prince lay half dead in his ship, until it was finally caught in the tangled branches of a dense forest.

"I will conquer God!" he said. "I have sworn it; my will shall be done!" Then for seven years he built other magnificent ships in which to sail through the air, and had lightning beams forged from the hardest of steels, to batter down the battlements of heaven itself. From all the conquered countries he assembled vast armies which, when formed in battle array, covered mile after mile of ground.

They embarked in the magnificent ships, but as the Prince approached his own, God sent forth a swarm of gnats-just one little swarm-which buzzed about the Prince, and stung his face and hands. In rage he drew his sword, but he could cut only the empty air; he could not strike the gnats. Then he ordered that he be brought costly cloths, which were to be wrapped around him so that no gnat could reach him with its sting. His orders were carried out; but one little gnat had concealed itself in the innermost covering, and now it crept into the Prince's ear and stung him. It smarted like fire, and the poison rushed into his brain; he tore the clothes loose and flung them far away from him, rent his garments into rags, and danced naked before the rugged and savage soldiers. Now they could only mock at the mad Prince who had started out to conquer God and had been himself conquered by a single little gnat!


2018, ഓഗസ്റ്റ് 30, വ്യാഴാഴ്‌ച

ഹാൻസ് ആൻഡേഴ്സൻ - ഫീനിക്സ്


0680c7b79d7f83694ed5c42e311fdbbb

പറുദീസയിലെ ഉദ്യാനത്തിൽ, അറിവിന്റെ വൃക്ഷത്തിനു ചുവട്ടില്‍, ഒരു പനിനീർച്ചെടി പൂവിട്ടുനിന്നിരുന്നു. അതിൽ ആദ്യം വിരിഞ്ഞ പൂവിൽ ഒരു പക്ഷി പിറവിയെടുത്തു.  അതിന്റെ തൂവലുകൾ വർണ്ണോജ്വലമായിരുന്നു, അതിന്റെ ഗാനം മോഹനമായിരുന്നു, അതിന്റെ പറക്കലാവട്ടെ, വെളിച്ചം മിന്നിമായുമ്പോലെയുമായിരുന്നു.

പക്ഷേ, അറിവിന്റെ വൃക്ഷത്തിൽ നിന്നു കനി പറിച്ച ഹവ്വയെ ആദാമിനൊപ്പം പറുദീസയിൽ നിന്നു നിഷ്കാസിതയാക്കാൻ  നിയുക്തനായ മാലാഖയുടെ എരിയുന്ന വാളിൽ നിന്നൊരു തീപ്പൊരി ഈ പക്ഷിയുടെ കൂട്ടിൽ വീഴാനിടയായി. അതു കത്തിയമർന്നു, പക്ഷി ദഹിച്ചുപോവുകയും ചെയ്തു. എന്നാൽ കൂട്ടിലുണ്ടായിരുന്ന ഒരു ചുവന്ന മുട്ടയിൽ നിന്ന് പുതിയതൊന്ന് ചിറകടിച്ചുയർന്നു- ഒരേയൊരു ഫീനിക്സ് പക്ഷി. അതിന്റെ വാസസഥലം അറേബ്യ ആണെന്നും ഓരോ നൂറു കൊല്ലം കൂടുന്തോറും സ്വന്തം കൂട്ടിൽ അതു ദഹിച്ചുപോകുന്നുവെന്നും കഥ നമ്മോടു പറയുന്നു; പക്ഷേ ഓരോ വട്ടവും ഒരു ചുവന്ന മുട്ടയിൽ നിന്ന് പുതിയൊരു ഫീനിക്സ് പക്ഷി, ലോകത്താകെയുള്ളതൊന്ന്, വിരിഞ്ഞുയരുകയും ചെയ്യുന്നു.

അതു നമുക്കു ചുറ്റും പറന്നുനടക്കുന്നു, വർണ്ണോജ്വലമായ തൂവലുകളുമായി, മോഹനമായ ഗാനവുമായി, വെളിച്ചം മിന്നിമായുമ്പോലെയും. അമ്മ കുഞ്ഞിനെ താരാട്ടു പാടിയുറക്കുമ്പോൾ അവൻ തലയിണ മേൽ കയറിനില്ക്കുന്നു, കുഞ്ഞിന്റെ ശിരസ്സിനു ചുറ്റുമായി ഒരു പ്രഭാവിശേഷം ചമയ്ക്കുകയും ചെയ്യുന്നു. സംതൃപ്തിയുടെ കുടിലിനുള്ളിലേക്കവൻ വെയിൽനാളവുമായി പറന്നുകേറുന്നു; എളിമയുടെ മേശ മേലപ്പോൾ വയലറ്റുകളുടെ സുഗന്ധം ഇരട്ടിക്കുകയും ചെയ്യുന്നു.

ഫീനിക്സ് പക്ഷേ, അറേബ്യയുടെ മാത്രം പക്ഷിയുമല്ല. ധ്രുവദീപ്തിയുടെ മിനുക്കത്തിൽ ലാപ്‌ലാന്റിലെ* സമതലങ്ങൾക്കു മേൽ അവൻ പറന്നുപോകുന്നതു കാണാം; ഗ്രീൻലാന്റിലെ ഹ്രസ്വമായ ഗ്രീഷ്മകാലത്ത് മഞ്ഞപ്പൂക്കൾക്കിടയിൽ അവൻ തത്തിക്കളിക്കുന്നതും കാണാം. ഫാലുണിലെ* ചെമ്പുമലകൾക്കുള്ളിലും ഇംഗ്ളണ്ടിലെ കല്ക്കരിഖനികളിലും അവൻ പറന്നുചെല്ലുന്നു, വിശ്വാസിയായ ഒരു ഖനിത്തൊഴിലാളിയുടെ കാൽമുട്ടുകളിൽ വച്ചിരിക്കുന്ന സങ്കീർത്തനപുസ്തകത്തിനു മേൽ ഒരു നിശാശലഭമായി. പാവനമായ ഗംഗാനദിയിലൂടെ ഒരു താമരയിലയിൽ അവൻ ഒഴുകിപ്പോകുന്നു; അതു കാണുമ്പോൾ ഒരു ഹിന്ദുയുവതിയുടെ കണ്ണുകൾ വിടരുകയും ചെയ്യുന്നു.

ഫീനിക്സ് പക്ഷി! നിങ്ങൾക്കവനെ അറിയില്ലേ? പറുദീസയിലെ പക്ഷിയെ, സംഗീതത്തിന്റെ വിശുദ്ധഹംസത്തെ? തെസ്പിസിന്റെ* വണ്ടിയിൽ വീഞ്ഞിന്റെ അടിമട്ടു പറ്റിയ ചിറകുമടിച്ച് ചറപറ പറയുന്നൊരു മലങ്കാക്കയായി അവനിരുപ്പുണ്ടായിരുന്നു; ഐസ്‌ലന്റിലെ സംഗീതം പൊഴിക്കുന്ന കിന്നരത്തിന്റെ തന്ത്രികൾ തഴുകിയ ഹംസത്തിന്റെ ചുവന്ന കൊക്കുകൾ അവന്റേതായിരുന്നു; ഷേക്സ്പിയറുടെ ചുമലിൽ ഓഡിന്റെ കാക്കയായി* വന്നിരുന്ന് ‘നിത്യത!’ എന്ന് അദ്ദേഹത്തിന്റെ കാതുകളിൽ മന്ത്രിച്ചതവനായിരുന്നു; വാർട്ട്ബർഗിലെ രാജസഭകളിൽ* സഞ്ചാരികളായ ഗായകരുടെ വിരുന്നിൽ അവൻ ചിറകടിച്ചുപറന്നിരുന്നു.

ഫീനിക്സ് പക്ഷി! നിങ്ങൾക്കവനെ അറിയില്ലേ? നിങ്ങളെ മഴ്സെയേൽ* പാടിക്കേൾപ്പിച്ചതവനായിരുന്നു; അവന്റെ ചിറകിൽ നിന്നുതിർന്നുവീണ തൂലികയെ നിങ്ങളന്നു ചുംബിക്കുകയും ചെയ്തിരുന്നു; പറുദീസയുടെ ദീപ്തിയുമായിട്ടാണവൻ വന്നത്; നിങ്ങളഥവാ, അവനിൽ നിന്നു മുഖം തിരിച്ച് ചിറകിൽ കാക്കപ്പൊന്നു തേച്ച കുരുവിയെ നോക്കി ഇരുന്നതാവാം.

പറുദീസയിലെ പക്ഷീ! ഓരോ നൂറ്റാണ്ടിലും അഗ്നിയിൽ പിറന്നഗ്നിയിലൊടുങ്ങുന്നവനേ! അതിധനികരുടെ ഭവനങ്ങളിൽ പൊൻചട്ടങ്ങൾക്കുള്ളിൽ നിന്റെ ചിത്രങ്ങൾ തൂങ്ങിക്കിടക്കുന്നുണ്ടാവാം; നീയോ പക്ഷേ, ഒറ്റയായി, ആരും പരിഗണിക്കാതെ, ‘അറേബ്യയിലെ ഫീനിക്സ് പക്ഷി’ എന്ന മിത്തായി ചുറ്റിപ്പറക്കുകയും ചെയ്യുന്നു.

പറുദീസയിൽ, അറിവിന്റെ വൃക്ഷത്തിനു ചുവട്ടില്‍, ആദ്യം വിരിഞ്ഞ പനിനീർപ്പൂവിൽ നീ പിറവിയെടുത്തപ്പോൾ നമ്മുടെ നാഥൻ നിന്നെ ചുംബിച്ചു, നേരായ പേരു ചൊല്ലി നിന്നെ വിളിക്കുകയും ചെയ്തു- കവിത, അതാണു നിന്റെ പേര്‌!

(1850)


* ഫീനിക്സ് (phoenix) - പുരാതന ഈജിപ്തുകാർ ആരാധിച്ചിരുന്ന കൂറ്റൻ അറബിപ്പക്ഷി. 500 കൊല്ലം കൂടുമ്പോൾ അതു സ്വയം ചിതയൊരുക്കി അതിൽ ദഹിക്കുമെന്നും ആ ചാരത്തിൽ നിന്ന് പുതിയൊരു ഫീനിക്സ് ഉയർന്നുവരുമെന്നും വിശ്വാസം. പുനർജ്ജന്മം, സൂര്യൻ, കാലം, ഉയിർത്തെഴുന്നേല്പ്, പറുദീസയിലെ ജീവിതം, ക്രിസ്തു, വിശുദ്ധമറിയം, കന്യകാത്വം ഇതിനൊക്കെ പ്രതീകമായി.

* ലാപ്‌ലാൻഡ് (Lapland)- ഫിൻലന്റിന്റെ വടക്കേയറ്റത്തുള്ള സമതലം

* ഫാലുന്‍(Falun)- ചെമ്പുഖനികൾക്കു പ്രസിദ്ധമായ ഫിൻലന്റിലെ മലമ്പ്രദേശം

*തെസ്പിസ് (Thespis) - ക്രി.മു. ആറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നുവെന്നു വിശ്വസിക്കപ്പെടുന്ന ഗ്രീക്കുനടൻ. ഒരു നാടകത്തിലെ കഥാപാത്രമായി ആദ്യമായി അരങ്ങിലെത്തുന്നത് ഇദ്ദേഹമാണെന്ന് അരിസ്റ്റോട്ടിൽ പറയുന്നു. സഞ്ചരിക്കുന്ന നാടകവേദിയുടെ ഉപജ്ഞാതാവും തെസ്പിസ് തന്നെ; ചമയങ്ങളും മുഖാവരണങ്ങളും മറ്റു നാടകസാമഗ്രികളുമൊക്കെയായി ഒരു വണ്ടിയിൽ അദ്ദേഹം പഴയ ഗ്രീസിലെ നഗരരാഷ്ട്രങ്ങൾ കടന്നുപോയി.

*ഓഡിന്റെ കാക്ക (Odin's raven)- നോഴ്സ് പുരാണങ്ങളിൽ പ്രധാനദേവനായ ഓഡിന്റെ ചുമലിൽ രണ്ടു മലങ്കാക്കകളെ കാണാം; ഷേക്സ്പിയറിന്റെ മാക്ബത്തിലും ഒഥല്ലോയിലും അശുഭസൂചകങ്ങളായി ഇവ കടന്നുവരുന്നുണ്ട്.

*വാർട്സ്ബർഗ് (Wartburg)- ജർമ്മനിയിലെ പുരാതനദുർഗ്ഗം; മദ്ധ്യകാലഘട്ടത്തിൽ നിർമ്മിച്ചത്. സഞ്ചാരികളായ ഗായകരുടെ മത്സരവേദി എന്ന നിലയിൽ പ്രസിദ്ധമായിരുന്നു.
*മഴ്സയേൽ (
Marseillaise)- ഫ്രാൻസിന്റെ ദേശീയഗാനം; ഫ്രഞ്ചുവിപ്ളവകാലത്ത് 1792ൽ രചിക്കപ്പെട്ടത്.


The Phoenix Bird

by

Hans Christian Andersen

(1850)

IN the Garden of Paradise, beneath the Tree of Knowledge, bloomed a rose bush. Here, in the first rose, a bird was born. His flight was like the flashing of light, his plumage was beauteous, and his song ravishing. But when Eve plucked the fruit of the tree of knowledge of good and evil, when she and Adam were driven from Paradise, there fell from the flaming sword of the cherub a spark into the nest of the bird, which blazed up forthwith. The bird perished in the flames; but from the red egg in the nest there fluttered aloft a new one—the one solitary Phoenix bird. The fable tells that he dwells in Arabia, and that every hundred years, he burns himself to death in his nest; but each time a new Phoenix, the only one in the world, rises up from the red egg.

The bird flutters round us, swift as light, beauteous in color, charming in song. When a mother sits by her infant’s cradle, he stands on the pillow, and, with his wings, forms a glory around the infant’s head. He flies through the chamber of content, and brings sunshine into it, and the violets on the humble table smell doubly sweet.

But the Phoenix is not the bird of Arabia alone. He wings his way in the glimmer of the Northern Lights over the plains of Lapland, and hops among the yellow flowers in the short Greenland summer. Beneath the copper mountains of Fablun, and England’s coal mines, he flies, in the shape of a dusty moth, over the hymnbook that rests on the knees of the pious miner. On a lotus leaf he floats down the sacred waters of the Ganges, and the eye of the Hindoo maid gleams bright when she beholds him.

The Phoenix bird, dost thou not know him? The Bird of Paradise, the holy swan of song! On the car of Thespis he sat in the guise of a chattering raven, and flapped his black wings, smeared with the lees of wine; over the sounding harp of Iceland swept the swan’s red beak; on Shakspeare’s shoulder he sat in the guise of Odin’s raven, and whispered in the poet’s ear “Immortality!” and at the minstrels’ feast he fluttered through the halls of the Wartburg.

The Phoenix bird, dost thou not know him? He sang to thee the Marseillaise, and thou kissedst the pen that fell from his wing; he came in the radiance of Paradise, and perchance thou didst turn away from him towards the sparrow who sat with tinsel on his wings.

The Bird of Paradise—renewed each century—born in flame, ending in flame! Thy picture, in a golden frame, hangs in the halls of the rich, but thou thyself often fliest around, lonely and disregarded, a myth—“The Phoenix of Arabia.”

In Paradise, when thou wert born in the first rose, beneath the Tree of Knowledge, thou receivedst a kiss, and thy right name was given thee—thy name, Poetry.



2018, ഓഗസ്റ്റ് 29, ബുധനാഴ്‌ച

ഹാൻസ് ആൻഡേഴ്സൻ - രക്ഷ


talisman

ഒരു രാജകുമാരനും രാജകുമാരിയും- അവരുടെ വിവാഹം കഴിഞ്ഞിട്ട് അധികനാളായിട്ടില്ല. അവരുടെ ആഹ്ളാദം ഇന്നതെന്നു പറയാനില്ല. എന്നാൽക്കൂടി ഒരു ചിന്ത അവരെ അലട്ടിക്കൊണ്ടിരുന്നു: എന്നും ഇതേപോലെ സന്തുഷ്ടരായിരിക്കുമോ തങ്ങൾ? അതിനാൽ തങ്ങളുടെ ദാമ്പത്യജീവിതത്തിൽ നിഴലു വീഴ്ത്തിയേക്കാവുന്നതെന്തിനെയും തടുക്കാനായി മന്ത്രശക്തിയുള്ള ഒരു രക്ഷ കണ്ടെത്താൻ അവർ തീരുമാനിച്ചു.

കാട്ടിൽ താമസിച്ചിരുന്ന ഒരു ജ്ഞാനിയെക്കുറിച്ച് അവർ കേട്ടിട്ടുണ്ടായിരുന്നു; അദ്ദേഹത്തിന്റെ അറിവിനെക്കുറിച്ച് എല്ലാവർക്കും വലിയ അഭിപ്രായവുമായിരുന്നു. ഏതു ദുരിതമാകട്ടെ, ഏതു ദുഃഖമാവട്ടെ, ഉചിതമായ ഒരുപദേശം അദ്ദേഹത്തിനടുത്തു ചെന്നാൽ കിട്ടുമെന്നതിൽ സംശയിക്കാനില്ല. നവദമ്പതികൾ ആ ജ്ഞാനിയെ ചെന്നുകണ്ട് തങ്ങളുടെ മനസ്സു വിഷമിപ്പിക്കുന്ന സംഗതിയെക്കുറിച്ചു പറഞ്ഞു.

അദ്ദേഹം പറഞ്ഞു: ‘ലോകത്തെ സർവദേശങ്ങളിലും യാത്ര ചെയ്യൂ; തികച്ചും സംതൃപ്തരായ ഒരു ഭർത്താവിനേയും ഭാര്യയേയും കണ്ടാൽ അവരുടെ ഉള്ളുടുപ്പിൽ നിന്ന് ഒരു നൂലിഴ ചോദിച്ചുവാങ്ങുക. ഒരു രക്ഷയായി അതെപ്പോഴും കൂടെ കൊണ്ടുനടക്കുക. നിങ്ങളുടെ വിഷമത്തിനു മതിയായൊരു പരിഹാരമാണത്.’

അങ്ങനെ അവർ ലോകയാത്രയ്ക്കിറങ്ങി; സന്തുഷ്ടരിൽ സന്തുഷ്ടരെന്നു പറയാവുന്ന ഒരു പ്രഭുവിനെയും അദ്ദേഹത്തിന്റെ ഭാര്യയേയും കുറിച്ച് അവർ കേട്ടു. അവർ അദ്ദേഹത്തിന്റെ ഭവനത്തിലെത്തി, പറഞ്ഞുകേൾക്കുന്ന പോലെ അവരുടെ ദാമ്പത്യജീവിതം അത്ര സന്തോഷം നിറഞ്ഞതാണോ എന്നന്വേഷിച്ചു.

‘തീർച്ചയായും!’ എന്നായിരുന്നു മറുപടി. ‘പക്ഷേ ഒരു കുറവേയുള്ളു: ഞങ്ങൾക്കു കുട്ടികളില്ല!’

തങ്ങളന്വേഷിക്കുന്ന പ്രതിവിധി ഇവിടെ കിട്ടില്ലെന്നു മനസ്സിലായ രാജകുമാരനും രാജകുമാരിയും ഏറ്റവും സംതൃപ്തരായ ദമ്പതിമാരെ തേടിയുള്ള യാത്ര തുടർന്നു.

പിന്നെ അവരെത്തിയത് ഒരു നഗരത്തിലാണ്‌: അവിടുത്തെ മേയറും ഭാര്യയും എത്രയും രഞ്ജിപ്പിലും സന്തോഷത്തിലുമാണത്രെ കഴിയുന്നത്.

‘അതെ, അതിൽ സംശയമൊന്നുമില്ല,’ മേയർ പറഞ്ഞു. ‘ഞാനും എന്റെ ഭാര്യയും ഒരുമിച്ചുള്ള ജീവിതം പകരം വയ്ക്കാനില്ലാത്തതു തന്നെ. ഇത്രയും കുട്ടികൾ ഇല്ലാതിരുന്നെങ്കിൽ എന്നൊരാലോചനയേ ഞങ്ങൾക്കുള്ളു! എന്തുമാത്രം മന:പ്രയാസവും ഉത്കണ്ഠയുമാണെന്നോ അവർ കാരണം ഞങ്ങൾ അനുഭവിക്കുന്നത്!’

അവിടെയും തങ്ങൾ തേടുന്ന മരുന്നു കിട്ടില്ലെന്നുറപ്പായതോടെ സന്തുഷ്ടദമ്പതികളെത്തേടിയുള്ള യാത്ര അവർ വീണ്ടും തുടങ്ങി. പക്ഷേ അങ്ങനെയൊരു വർഗ്ഗമേ ലോകത്തില്ലാത്ത പോലെയായിരുന്നു!

അങ്ങനെയിരിക്കെ ഒരു ദിവസം, പാടങ്ങളും പുൽത്തകിടികളും താണ്ടി യാത്ര ചെയ്യുമ്പോൾ വളരെ സന്തോഷത്തോടെ ഓടക്കുഴലും വായിച്ചിരിക്കുന്ന ഒരാട്ടിടയനെ അവർ കണ്ടു. ഈ സമയത്ത് ഒരു സ്ത്രീ ഒരു കുഞ്ഞിനെ ഒക്കത്തു വച്ചും മറ്റൊരു കുട്ടിയെ കൈ പിടിച്ചു നടത്തിയും അയാൾക്കടുത്തേക്കു ചെല്ലുന്നതും കണ്ടു. ആട്ടിടയൻ അവളോടു കുശലം ചോദിക്കുകയും കുഞ്ഞിനെ എടുത്ത് ഓമനിക്കുകയും ചെയ്യുകയാണ്‌. അയാളുടെ നായ കുട്ടിയുടെ കൈയിൽ നക്കുകയും കുരയ്ക്കുകയും തുള്ളിച്ചാടുകയും ചെയ്യുന്നു. ഭാര്യ താൻ കൊണ്ടുവന്ന കഞ്ഞിക്കലം തുറന്നുവച്ചിട്ട് ഭർത്താവിനെ ഭക്ഷണം കഴിക്കാൻ ക്ഷണിക്കുന്നു.

അയാൾ ഒരു കരണ്ടിയെടുത്ത് കുഞ്ഞിന്റെ വായിൽ വച്ചുകൊടുക്കുന്നു. അടുത്ത കരണ്ടി കുട്ടിയ്ക്കും നായക്കുമുള്ളതാണ്‌. രാജകുമാരനും രാജകുമാരിയും ഇതൊക്കെ കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ട്. അവർ പതുക്കെ അടുത്തു ചെന്ന് വിശേഷം ചോദിക്കാൻ തുടങ്ങി, ‘തികച്ചും സന്തുഷ്ടരും സംതൃപ്തരുമെന്നു പറയാവുന്ന ഭാര്യാഭർത്താക്കന്മാരെന്നു നിങ്ങളെ പറയാമോ?’

‘എന്തുകൊണ്ടല്ല!’ ആട്ടിടയൻ പറഞ്ഞു. ‘ദൈവത്തിനു സ്തുതി! ഞങ്ങളെക്കാൾ സന്തുഷ്ടരായിരിക്കില്ല, ഒരു രാജാവും റാണിയും!’

‘എങ്കിൽ കേൾക്കൂ,’ രാജകുമാരൻ പറഞ്ഞു, ‘ഒരു സൌജന്യം ഞങ്ങൾക്കു ചെയ്തുതരാമോ? അതിൽ ഒരിക്കലും നിങ്ങൾക്കു ഖേദിക്കേണ്ടിവരില്ല. നിങ്ങളുടെ ഉള്ളുടുപ്പിൽ നിന്ന് ഒരു നൂലിഴ ഞങ്ങൾക്കു തരൂ.’

ഈ അപേക്ഷ കേട്ടപ്പോൾ ആട്ടിടയനും ഭാര്യയും തമ്മിൽത്തമ്മിൽ വിചിത്രമായ ഒരു നോട്ടം കൈമാറി. ഒടുവിൽ അയാൾ ഇങ്ങനെ പറഞ്ഞു: ‘അതു തരുന്നതിൽ ഞങ്ങൾക്കു സന്തോഷമേയുള്ളുവെന്ന് ദൈവത്തിനറിയാം; ഒരിഴയല്ല, ഷർട്ടോ പെറ്റിക്കോട്ടോ അങ്ങനെതന്നെ ഞങ്ങൾ തരും; പക്ഷേ, ഈ മേലുടുപ്പല്ലാതൊന്നും ഞങ്ങൾക്കില്ല!‘

അങ്ങനെ രാജദമ്പതികളുടെ യാത്ര തുടർന്നു. ഒടുവിൽ ഒരു ഫലവും കാണാത്ത ഈ അലച്ചിൽ തന്നെ മടുത്ത് അവർ നാട്ടിലേക്കു മടങ്ങി. അവർ ആ ജ്ഞാനിയുടെ കുടിലിൽ ചെന്ന് ഇത്രയും മോശമായ ഒരുപദേശം കൊടുത്തതിന്‌ അദ്ദേഹത്തെ ശകാരിച്ചു. അവരുടെ യാത്രാവിവരണം മുഴുവൻ അദ്ദേഹം ശ്രദ്ധിച്ചുകേട്ടു. പിന്നെ ഒരു പുഞ്ചിരിയോടെ അദ്ദേഹം ചോദിച്ചു: ’അത്രയും നിഷ്ഫലമായെന്നു പറയാമോ, നിങ്ങളുടെ യാത്ര? അനുഭവസമ്പത്തു നേടിയിട്ടല്ലേ നിങ്ങൾ മടങ്ങിയെത്തിയത്?‘

’അതെ,‘ രാജകുമാരൻ പറഞ്ഞു. ’ഭൂമിയിൽ വളരെ അപൂർവ്വമായ ഒരനുഗ്രഹമാണു സംതൃപ്തി എന്നൊരു പാഠം ഞാൻ പഠിച്ചു.‘

’ഞാനും പഠിച്ചു, ‘ രാജകുമാരി പറഞ്ഞു, ’സംതൃപ്തരാവാൻ മറ്റൊന്നും ചെയ്യേണ്ടെന്ന്- സംതൃപ്തരാവുകയല്ലാതെ.‘

പിന്നെ രാജകുമാരൻ രാജകുമാരിയുടെ കരം ഗ്രഹിച്ചു. അഗാധമായ ഒരു സ്നേഹത്തോടെ അവരിരുവരും പരസ്പരം കണ്ണുകളിൽ നോക്കി. ജ്ഞാനി അവരെ അനുഗ്രഹിച്ചുകൊണ്ടു പറഞ്ഞു, ’യഥാർത്ഥരക്ഷ നിങ്ങൾ നിങ്ങളുടെ ഹൃദയങ്ങളിൽ കണ്ടെത്തിക്കഴിഞ്ഞു. അതു കൈമോശം വരാതെ സൂക്ഷിക്കുക; എങ്കിൽ അസംതൃപ്തിയുടെ ദുഷ്ടപ്പിശാചിന്‌ നിങ്ങളെ ഒരിക്കലും കീഴടക്കാനാവില്ല.‘
(1836)


The Talisman
A translation of Hans Christian Andersen's "Talismanen" by Jean Hersholt.

A Prince and a Princess were still celebrating their honeymoon. They were extremely happy; only one thought disturbed them, and that was how to retain their present happiness. For that reason they wished to own a talisman with which to protect themselves against any unhappiness in their marriage.

Now, they had often been told about a man who lived out in the forest, acclaimed by everybody for his wisdom and known for his good advice in every need and difficulty. So the Prince and Princess called upon him and told him about their heart's desire. After the wise man had listened to them he said, "Travel through every country in the world, and wherever you meet a completely happily married couple, ask them for a small piece of the linen they wear close to the body, and when you receive this, you must always carry it on you. That is a sure remedy!"

The Prince and the Princess rode forth, and on their way they soon heard of a knight and his wife who were said to be living the most happily married life. They went to the knight's castle and asked him and his wife if their marriage was truly as happy as was rumored.

"Yes, of course," was the answer, "with the one exception that we have no children!"

Here then the talisman was not to be found, and the Prince and Princess continued their journey in search of the completely happily married couple.

As they traveled on, they came to a country where they heard of an honest citizen who lived in perfect unity and happiness with his wife. So to him they went, and asked if he really was as happily married as people said.

"Yes, I am," answered the man. "My wife and I live in perfect harmony; if only we didn't have so many children, for they give us a lot of worries and sorrows!"

So neither with him was the talisman to be found, and the Prince and the Princess continued their journey through the country, always inquiring about happily married couples; but none presented themselves.

One day, as they rode along fields and meadows, they noticed a shepherd close by the road, cheerfully playing his flute. Just then a woman carrying a child in her arm, and holding a little boy by the hand, walked towards him. As soon as the shepherd saw her, he greeted her and took the little child, whom he kissed and caressed. The shepherd's dog ran to the boy, licked his little hand, and barked and jumped with joy. In the meantime the woman arranged a meal she had brought along, and then said, "Father, come and eat now!" The man sat down and took of the food, but the first bite he gave to the little boy, and the second he divided between the boy and the dog. All this was observed by the Prince and the Princess, who walked closer, and spoke to them, saying, "You must be a truly happily married couple."

"Yes, that we are," said the man. "God be praised; no prince or princess could be happier than we are!"

"Now listen then," said the Prince. "Do us a favor, and you shall never regret it. Give us a small piece of the linen garment you wear close to your body!"

As he spoke, the shepherd and his wife looked strangely at each other, and finally he said, "God knows we would be only too happy to give you not only a small piece, but the whole shirt, or undergarment, if we only had them, but we own not as much as a rag!"

So the Prince and the Princess journeyed on, their mission unaccomplished. Finally, their unsuccessful roaming discouraged them, and they decided to return home. As they passed the wise man's hut, they stopped by, related all their travel experiences, and reproached him for giving them such poor advice.

At that the wise man smiled and said, "Has your trip really been all in vain? Are you not returning richer in knowledge?"

"Yes," answered the Prince, "I have gained this knowledge, that contentment is a rare gift on this earth."

"And I have learned," said the Princess, "that to be contented, one needs nothing more than simply - to be contented!"

Whereupon the Prince took the Princess' hand; they looked at each other with an expression of deepest love. And the wise man blessed them and said, "In your own hearts you have found the true talisman! Guard it carefully, and the evil spirit of discontentment shall never in all eternity have any power over you!"


2018, ഓഗസ്റ്റ് 28, ചൊവ്വാഴ്ച

ഹാൻസ് ആൻഡേഴ്സൻ - പന്തും പമ്പരവും


ball and top

മറ്റു കളിപ്പാട്ടങ്ങളുടെ കൂട്ടത്തിൽ മേശവലിപ്പിൽ കിടക്കുകയായിരുന്നു, ഒരു പമ്പരവും ഒരു കൊച്ചുപന്തും; പമ്പരം പന്തിനോടു ചോദിച്ചു, ‘ഒരേ പെട്ടിയിൽ ഒരുമിച്ചു കിടക്കുന്ന സ്ഥിതിയ്ക്ക് നമുക്കെന്തുകൊണ്ടു ഭാര്യാഭർത്താക്കന്മാരായിക്കൂടാ?’

മൊറോക്കോത്തുകലു കൊണ്ടു തുന്നിയെടുത്തതും ഏതു പരിഷ്ക്കാരിച്ചെറുപ്പക്കാരിയെയും പോലെ ഗർവിഷ്ഠയുമായ പന്തു പക്ഷേ, അതിനു മറുപടി പറയാൻ തയാറായില്ല.

അടുത്ത ദിവസം കളിപ്പാട്ടങ്ങളുടെ ഉടമയായ കുട്ടി വന്നു. അവൻ പമ്പരമെടുത്ത് അതിന്‌ ചുവപ്പും മഞ്ഞയും ചായം പൂശി; ഒരു പിത്തള ആണി അതിന്റെ നടുവിൽ അടിച്ചുകേറ്റി; ഇപ്പോൾ പമ്പരം കറങ്ങുമ്പോൾ അതൊന്നു കാണേണ്ടതു തന്നെ!

‘എന്നെ നോക്കെന്നേ!’ അവൻ പന്തിനോടു വിളിച്ചുപറഞ്ഞു. ‘ഇപ്പോഴെന്തു പറയുന്നു? നമുക്കു കല്യാണമുറപ്പിക്കുകയല്ലേ? എന്തു ചേർച്ചയാണു നമുക്ക്! നീ കുതിക്കുന്നു, ഞാൻ നൃത്തം വയ്ക്കുന്നു. നാമിരുവരെപ്പോലെ സന്തുഷ്ടർ ആരുണ്ടാവാൻ!’

‘ഇതാണല്ലേ തന്റെ മനസ്സിലിരിപ്പ്!’ പന്തു പറഞ്ഞു. ‘എന്റെ അച്ഛനും അമ്മയും മൊറോക്കോചെരുപ്പുകളായിരുന്നുവെന്നും എന്റെയുള്ളിൽ ഒരു സ്പാനിഷ് കോർക്കുണ്ടെന്നും തനിക്കറിയില്ലായിരിക്കും!’

‘ആയിക്കോട്ടെ, എന്നെ മഹാഗണി കൊണ്ടാണുണ്ടാക്കിയിരിക്കുന്നത്,’ പമ്പരം പറഞ്ഞു. ‘തന്നെയുമോ, മേയറാണെന്നെ കടഞ്ഞെടുത്തതും! സ്വന്തം ലെയ്ത്തിൽ തടി കടയുന്നത് അദ്ദേഹത്തിനെന്തു രസമായിരുന്നെന്നോ!’

‘സത്യം? തന്നെ വിശ്വസിക്കാമോ?’പന്തു ചോദിച്ചു.

‘ഞാൻ പറഞ്ഞതു നേരല്ലെങ്കിൽ ഇനിയാരും എന്നെ കറക്കിയെറിയാതെ പോകട്ടെ!’ പമ്പരം ആണയിട്ടു.

‘നിങ്ങൾക്കതു പറയാം,’ പന്തു പറഞ്ഞു. ‘പക്ഷേ എന്റെ കാര്യത്തിൽ അതു പറ്റില്ല. ഞാനും ഒരു മീവൽ പക്ഷിയുമായുള്ള വിവാഹം ഒരുമട്ടൊക്കെ ഉറപ്പിച്ച പോലെയാണ്‌. ഓരോ തവണ ഞാൻ വായുവിൽ ഉയരുമ്പോഴും അവൻ കൂട്ടിൽ നിന്നു തല പുറത്തിട്ടുകൊണ്ടു ചോദിക്കും, “സമ്മതിച്ചോ? സമ്മതിച്ചോ?” ഉവ്വെന്നു ഞാൻ മനസ്സിൽ പറഞ്ഞുകഴിഞ്ഞു; എന്നു പറഞ്ഞാൽ അതു സമ്മതം മൂളിയ പോലെയാണല്ലൊ. എന്തായാലും നിന്നെ ഒരിക്കലും മറക്കില്ലെന്നു ഞാൻ ഉറപ്പു തരുന്നു!’

‘ആവട്ടെ, അതു വലിയ സഹായം തന്നെ!’ പമ്പരം പറഞ്ഞു; അവർ പിന്നെ മിണ്ടിയിട്ടുമില്ല.

പിറ്റേ ദിവസം കുട്ടി വന്ന് പന്തുമെടുത്തു പുറത്തേക്കു പോയി. എന്തുയരത്തിലാണവൾ കുതിക്കുന്നതെന്നു പമ്പരം കണ്ടു; ശരിക്കുമൊരു കിളിയെപ്പോലെ! ഒടുവിൽ അവൾ കാഴ്ചയിൽ നിന്നു മറയുകയും ചെയ്തു. ഓരോ തവണ തിരിച്ചുവന്നു നിലം തൊടുമ്പോഴും മുമ്പത്തേതിലും ഉയരത്തിലാണ്‌ അവളുടെ കുതിപ്പ്! അതിനി അവളുടെ അഭിലാഷത്തിന്റെ കുതിപ്പാവാം, അല്ലെങ്കിൽ അവൾക്കുള്ളിലെ കോർക്കിന്റെ കുതിപ്പുമാവാം. ഒമ്പതാമത്തെ കുതിപ്പിൽ പക്ഷേ, പന്തു തിരിച്ചുവന്നില്ല, എന്നെന്നേക്കുമായി അതു പോയിമറഞ്ഞിരുന്നു. കുട്ടി തേടാത്ത സ്ഥലമില്ല; പക്ഷേ അതു പൊയ്പ്പോയിരുന്നു.

‘അവൾ എവിടെയാണെന്ന് എനിക്കറിയാം,‘ പമ്പരം നെടുവീർപ്പിട്ടു. ’അവൾ മീവലിനെ കല്യാണം കഴിച്ച് അവന്റെ കൂട്ടിലാണ്‌!‘

അതു തന്നെയായി അവന്റെ ആലോചന; ആലോചന കൂടുന്തോറും അവളോടുള്ള അവന്റെ ഭ്രമവും മൂത്തുവന്നു. തനിക്കവളെ കിട്ടില്ലെന്നു വന്നതോടെ അവനവളോടു പ്രേമവുമായി. പന്താകട്ടെ, മറ്റൊരാളെ വരിച്ചും കഴിഞ്ഞു! കറങ്ങിയും നൃത്തം വച്ചും നടക്കുകയായിരുന്നു പമ്പരമെങ്കിലും അവന്റെ ചിന്ത പന്തിനെക്കുറിച്ചു മാത്രമായിരുന്നു; അവന്റെ ഭാവനയിൽ അവളുടെ ചന്തം ഏറിയേറി വരികയുമായിരുന്നു. അങ്ങനെ കൊല്ലങ്ങൾ കുറേ കഴിഞ്ഞു- അതു പണ്ടെന്നോ നടന്നൊരു പ്രണയവുമായി.

പമ്പരം ഇപ്പോൾ ചെറുപ്പവുമല്ല! അങ്ങനെയിരിക്കെ ഒരു ദിവസം പമ്പരത്തിനവര്‍  ഗിൽറ്റു പൂശി. മുമ്പൊരിക്കലും അവൻ ഇത്ര സുന്ദരനായിട്ടില്ല! ഇപ്പോഴവൻ ഒരു സ്വർണ്ണപ്പമ്പരമത്രെ; മൂളിക്കൊണ്ടവൻ കറങ്ങുകയായിരുന്നു. അതെ, കാണേണ്ട കാഴ്ച തന്നെയായിരുന്നു അത്. കറങ്ങിക്കറങ്ങി പെട്ടെന്നവൻ മുകളിലേക്കൊന്നു കുതിച്ചു- പിന്നെ ആളെ കാണാനില്ല.

അവനെ എവിടൊക്കെ തിരഞ്ഞു, നിലവറയിൽ പോലും പോയി നോക്കി; എങ്ങും അവനെ കാണാനില്ല. അവൻ എവിടെ പോയിരിക്കും?

അവൻ ചാടിച്ചെന്നു വീണത് ഒരു കുപ്പത്തൊട്ടിയിലാണ്‌; അതിലില്ലാത്തതായി ഒന്നുമില്ല: കാബേജിന്റെ തണ്ടുകൾ, ചപ്പുചവറുകൾ, പുരപ്പുറത്തു നിന്നു വീണ അതുമിതും.

’എനിക്കു കിടക്കാൻ പറ്റിയ ഇടം തന്നെ! ഗില്റ്റു പൂശിയതൊക്കെ ഇളകിപ്പോരാൻ ഇനി അധികസമയം വേണ്ട. എന്തു തരം ചവറുകൾക്കിടയിലാണോ, ഞാൻ വന്നു പെട്ടിരിക്കുന്നത്!‘

ഏറുകണ്ണിട്ടൊന്നു നോക്കിയപ്പോൾ നല്ല നീളത്തിൽ തൊട്ടടുത്ത് ഒരു കാബേജുതണ്ട് അവന്‍  കണ്ടു, പിന്നെ പഴകിയ ആപ്പിൾ പോലെ തോന്നിച്ച വിചിത്രമായ ഒരു ഉരുണ്ട സാധനവും. അതു പക്ഷേ, ആപ്പിളൊന്നുമായിരുന്നില്ല- വർഷങ്ങളായി മേൽക്കൂരയുടെ വെള്ളപ്പാത്തിയിൽ കിടന്ന ഒരു പഴയ പന്തായിരുന്നു; വെള്ളം കുടിച്ച് അതാകെ നനഞ്ഞുചീർത്തിരുന്നു.

’ദൈവത്തിനു സ്തുതി! മിണ്ടാനും പറയാനും തരത്തില്‍ പെട്ട ഒരാളെ കിട്ടിയല്ലോ!‘

ഗില്റ്റു പൂശിയ പമ്പരത്തെ കണ്ണു കൊണ്ടുഴിഞ്ഞുകൊണ്ട് പന്തു പറഞ്ഞു, ’അസ്സൽ മൊറോക്കോത്തുകലു കൊണ്ട് ചെറുപ്പക്കാരികൾ തുന്നിയെടുത്തതാണെന്നേ എന്നെ! അതുമല്ല, ഉള്ളിൽ ഒരു കോർക്കുമുണ്ട്! എന്നെ ഇപ്പോൾ കണ്ടാൽ പക്ഷേ, അങ്ങനെയൊന്നും തോന്നുകയില്ല! മീവൽ പക്ഷിയുമായുള്ള വിവാഹം നടക്കാറായപ്പോഴാണ്‌ ഞാൻ ചെന്നു വെള്ളപ്പാത്തിയിൽ വീണത്; വെള്ളവും കുടിച്ച് അഞ്ചുകൊല്ലം ഞാനവിടെ കിടന്നു. ഒരു ചെറുപ്പക്കാരിക്ക് അതൊരു വലിയ കാലയളവല്ലേ, അല്ലേ?‘

പമ്പരം പക്ഷേ, ഒരക്ഷരം മിണ്ടിയില്ല. അവൻ തന്റെ ആ പഴയ പ്രണയഭാജനത്തെക്കുറിച്ചോർക്കുകയായിരുന്നു. കേൾക്കുന്തോറും ഇതവൾ തന്നെയാണെന്ന് അവനു തെളിഞ്ഞുവരികയായിരുന്നു.

അപ്പോഴാണ്‌ കുപ്പത്തൊട്ടിയെടുത്തു കാലിയാക്കാനായി വേലക്കാരി വരുന്നത്. ’അല്ലാ, ഇതെന്താ! നമ്മുടെ പമ്പരം ഇതാ, ഇവിടെക്കിടക്കുന്നു!‘ അവൾ വിളിച്ചുപറഞ്ഞു.

അങ്ങനെ പമ്പരം വീണ്ടും വീട്ടിനുള്ളിലെത്തി; വലിയ പരിഗണനയും ബഹുമാനവുമാണ്‌ അവനു കിട്ടിയത്. പക്ഷേ ആ കൊച്ചുപന്തിനെക്കുറിച്ച് ആരും ഒന്നും പറഞ്ഞുകേട്ടില്ല. പമ്പരവും പിന്നീട് തന്റെ പഴയ കാമുകിയെക്കുറിച്ച് ഒന്നും മിണ്ടിയിട്ടില്ല. അഞ്ചു കൊല്ലം വെള്ളപ്പാത്തിയിൽ കിടന്നു നനഞ്ഞ ഒരു പ്രണയഭാജനത്തോട് നമുക്കു പിന്നെ ഒരിഷ്ടവുമില്ലാതാകുന്നു; ഒരു കുപ്പത്തൊട്ടിയിൽ വച്ച് പിന്നീടു കാണുമ്പോൾ നമുക്കവളെ തീരെ ഓർമ്മ വരുന്നുമില്ല!

(1843 നവംബർ 11)


The Top and the Ball

A top and a ball were lying together in a drawer among a lot of other toys. The top said to the ball, "Since we live in the same drawer, we ought to be sweethearts."

But the ball, which was covered with a morocco leather, and thought as much of itself as any fine lady, would not even answer such a proposal.

The next day the little boy to whom the top belonged took it out, painted it red and yellow, and drove a brass nail into it; so that the top looked very elegant when it was spinning around.

"Look at me!" it said to the ball. "What do you think? Shall we be sweethearts now? We are just made for each other! You bounce and I dance. None could be happier than we two."

"That's what you think!" said the ball. "You evidently don't realize that my father and my mother were a pair of morocco slippers, and that I have a cork in my body!"

"Yes, but I am made of mahogany!" said the top. "The mayor himself turned me on his own lathe and had a lot of fun doing it."

"Am I supposed to believe that?" said the ball.

"May I never be whipped again if I'm lying!" answered the top.

"You speak very well for yourself, but I'm afraid it's impossible. I'm almost engaged to a swallow. Whenever I bounce up in the air, it puts its head out of its nest and says, 'Will you be mine? Will you be mine?' And to myself I've always said 'Yes.' But I promise I shall never forget you."

"That will do me a lot of good," said the top, and that ended their conversation right then and there!

The next day the ball was taken out, and the top saw her flying high up into the air, just like a bird; so high that you could hardly see her. And every time she came back, she bounced up again, as soon as she touched the ground. That was either because she was longing for the swallow or because she had cork in her body. At the ninth bounce the ball disappeared; the boy looked and looked, but it was gone. The top sighed; "I know where she is: she's in the swallow's nest and has married the swallow."

The more the top thought of this, the more infatuated he became with the ball. Just because he couldn't have her, his love for her increased, but, alas! she was in love with somebody else. The top danced and spun, and in his thoughts the ball became more and more beautiful.

Many years went by - it was now an old love affair. The top was no longer young. But one day he was gilded all over; never had he looked so beautiful. He was now a golden top, and he leaped and spun till he hummed. This certainly was something. But suddenly he jumped too high, and disappeared! They looked and looked, even down in the cellar, but he was not to be found. Where was he? He had jumped into the dustbin, where all sorts of rubbish was lying-old cabbage stalks, dust, dirt, and gravel that had fallen down through the gutter.

"What a place to land in! Here my gilding will soon disappear. And what kind of riffraff am I with?" he mumbled, as he glared at a long, scrawny-looking cabbage stalk and at a strange round thing that looked like an apple. But it wasn't an apple-it was an old ball that for years had been lying in the roof gutter and was soaked through with water.

"Thank goodness! At last I have an equal to talk to!" said the ball, looking at the golden top. "I want you to know that I am made of morocco leather, sewn by maiden hands, and that I have a cork in my body; but no one will think so now! I almost married a swallow, but I landed in the roof gutter instead, and there I have been for the last five years, soaked! That's a long time, believe me, for a young lady."

But the top said nothing. He thought of his old sweetheart, and the more he listened, the more certain he felt it was she. Just then the housemaid came to throw some rubbish in the dustbin.

"Why," she cried, "here's the golden top!"

And the top was carried back into the living room and admired by everybody. But the ball was never heard of again. The top never spoke a word about his old sweetheart, for love vanishes when one's sweetheart has been soaking in a roof gutter for five years. Yes, you don't even recognize her when you meet her in a dustbin.


ഹാൻസ്‌ ആൻഡേഴ്‌സൻ - കോളർ


shirt-collar-05

ഒരിക്കൽ ഒരിടത്ത്‌ പരിഷ്കാരിയായ ഒരു കുതിരപ്പട്ടാളക്കാരനുണ്ടായിരുന്നു; അയാളുടെ കൈമുതൽ എന്നു പറയാൻ ഒരു തൂവാലയും ഒരു ചീർപ്പും മാത്രം. പക്ഷേ ലോകത്തെ ഏറ്റവും മനോഹരമായ കോളറിന്റെ ഉടമ അയാളായിരുന്നു. ആ കോളറിനെക്കുറിച്ചാണ്‌ നാം ഇനി കേൾക്കാൻ പോകുന്ന കഥ.

തനിക്കു വിവാഹപ്രായമായി എന്നു കോളറിനു വിചാരം വന്നുതുടങ്ങിയ കാലത്താണ്‌ ഒരു ദിവസം അയാളെ ഒരു അരപ്പട്ടയോടൊപ്പം അലക്കാനെടുത്തിട്ടത്‌.

'എന്റമ്മേ!' കോളർ വിളിച്ചുകൂവി. 'നിങ്ങളെപ്പോലെ മെലിഞ്ഞു സുന്ദരിയായ ഒരാളെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടേയില്ല! പേരെന്താ?'

'ഞാൻ പറയില്ല!' കോളറിനു നാണമായി.

'കിടപ്പെവിടെയാ?' കോളർ വിട്ടില്ല.

അരപ്പട്ട ചൂളിപ്പോയി; മറുപടി പറയാൻ ഉചിതമായ ഒരു ചോദ്യമല്ല അതെന്ന് അവൾക്കു തോന്നി.

'അരയിൽക്കെട്ടുന്ന ഒരു നാടയല്ലേ നിങ്ങൾ!' കോളർ പിടിവിട്ടില്ല. 'ഉടുപ്പിനടിയിൽ കെട്ടുന്ന നാട! അലങ്കാരവും ഉപയോഗവും രണ്ടും നിങ്ങളെക്കൊണ്ടു നടക്കുമേ, കൊച്ചുസുന്ദരീ!'

'എന്നോടു മിണ്ടാൻ വരേണ്ട!' അരപ്പട്ട ചൊടിച്ചു. 'ഞാൻ അങ്ങോട്ടു മിണ്ടാൻ വന്നില്ലല്ലോ!'

'ഓ അതോ,' കോളർ പറഞ്ഞു. 'നിങ്ങളെപ്പോലെ ഒരു സുന്ദരിയെ കാണുമ്പോൾ അങ്ങോട്ടുകയറി മിണ്ടാതിരിക്കുന്നതെങ്ങനെ!'

'ശൊ, ഒന്നു മാറിനിൽക്കൂ!' അരപ്പട്ട ചൊടിച്ചു. 'നിങ്ങൾ വല്ലാത്തൊരാണു തന്നെ!'

'ഞാനൊരു പരിഷ്കാരിയായ കുതിരപ്പട്ടാളക്കാരനും കൂടിയാണേ!' കോളർ പറഞ്ഞു. 'എനിക്കൊരു തൂവാലയും ചീർപ്പും സ്വന്തമായിട്ടുണ്ടേ!' അപ്പറഞ്ഞതൊരു നുണയാണെന്നു നമുക്കറിയാം. അയാളുടെ യജമാനനാണ്‌ അതിന്റെയൊക്കെ ഉടമ; ഇയാൾ വെറുതെ ബഡായി പറയുകയാണ്‌!

'എന്റടുത്തോട്ടൊന്നും വരണ്ട!' അരപ്പട്ട വീണ്ടും പറഞ്ഞു. 'എനിക്കിതൊന്നും പരിചയമില്ല!'

'ഓ, ഒരു വലിയ നാണക്കാരി!' കോളർ പിന്മാറി; പക്ഷേ അപ്പോഴേക്കും അയാളെ അലക്കുതൊട്ടിയിൽ നിന്ന് പുറത്തേക്കെടുത്തിട്ടിരുന്നു. എന്നിട്ടയാളെ കഞ്ഞിയിൽ മുക്കി വെയിലത്തിട്ടുണക്കിയിട്ട്‌ ഇസ്തിരിയിടാനായി മേശപ്പുറത്തു വിരിച്ചു; അപ്പോഴാണ്‌ ഇസ്തിരിപ്പെട്ടിയുടെ ചൂടുപിടിച്ചുള്ള വരവ്‌.

'ചേടത്തീ!' കോളർ പറഞ്ഞു, 'ചൂട് സഹിക്കുന്നില്ലേ! ഞാൻ ഞാനല്ലാതായിപ്പോവുന്നു! എന്റെ ചുളിവുകളൊക്കെ ഇല്ലാതാവുന്നു! നിങ്ങളെന്റെ ചങ്കു തുളയ്ക്കുകയാണല്ലോ!- ഞാൻ നിങ്ങളെ കല്യാണം കഴിച്ചോട്ടെ?'

'ശപ്പൻ!' കോളറിനു മേലേകൂടി ധാർഷ്ട്യത്തോടെ നീങ്ങിക്കൊണ്ട്‌ ഇസ്തിരിപ്പെട്ടി പറഞ്ഞു. വാഗൺ വലിച്ചുകൊണ്ടുവരാൻ യാർഡിലേക്കു പോകുന്ന ആവിയെഞ്ചിനാണു താനെന്നായിരുന്നു അതിന്റെ ഭാവം.

'ശപ്പൻ!' അതു പറഞ്ഞു.

കോളറിന്റെ അറ്റം ഒന്നു ചുളിഞ്ഞിരുന്നു; അതു വെട്ടിശരിയാക്കാനായി അപ്പോൾ കത്രികയെത്തി.

'ഹൊ!' കോളർ അതിനു നേരെ തിരിഞ്ഞു. 'നിങ്ങളൊരൊന്നാന്തരം നൃത്തക്കാരി തന്നെ! എന്റമ്മേ, ആ കാലു പോകുന്ന പോക്കു കണ്ടോ! എന്റെ ജീവിതത്തിൽ ഇങ്ങനെയൊരു കാഴ്ച ഞാൻ കണ്ടിട്ടില്ല! ഒരു മനുഷ്യനെക്കൊണ്ടും നടക്കാത്ത കാര്യമാണേയിത്‌!'

'അതൊക്കെ എനിക്കറിയാം!' കത്രിക പറഞ്ഞു.

'നിങ്ങളൊരു പണക്കാരന്റെ ഭാര്യയാകേണ്ടവളാണ്‌!' കോളർ നെടുവീർപ്പിട്ടു. 'എനിക്കാകെയുള്ളത്‌ പരിഷ്കാരിയായ ഒരു കുതിരപ്പട്ടാളക്കാരനും ഒരു തൂവാലയും ഒരു ചീർപ്പും മാത്രം! ഞാനൊരു പണക്കാരനായിരുന്നെങ്കിൽ!'

'അയാൾ കല്യാണമാലോചിക്കാൻ വരികയാണ്‌!' അരിശം വന്നുകൊണ്ട്‌ കത്രിക പറഞ്ഞു; നല്ലൊരു വെട്ടു കൊടുത്ത്‌ അവൾ കോളറിനെ മാറ്റിയിട്ടു.

'ഇനി ചീർപ്പിനെ കല്യാണമാലോചിക്കുക തന്നെ!' കോളർ പറഞ്ഞു. 'നീയീ പല്ലൊന്നും പോകാതെ വച്ചിരിക്കുന്നതൊരതിശയമാണല്ലോ, കൊച്ചേ! കല്യാണത്തെക്കുറിച്ചൊന്നും ആലോചിച്ചിട്ടില്ലേ?'

'ഞാനും തൂവാലയുമായിട്ട്‌ നിശ്ചയം കഴിഞ്ഞല്ലോ!' ചീർപ്പു പറഞ്ഞു.

'നിശ്ചയവും കഴിഞ്ഞു!' കോളറിനു നിരാശയായി. ഇനി കല്യാണമാലോചിക്കാൻ ചെന്നിട്ടെന്തു കാര്യം? അതിനാൽ അയാൾക്കു കല്യാണാലോചന തന്നെ വെറുത്തു.

അങ്ങനെ കാലം കുറേ കടന്നുപോയി. കോളർ പേപ്പർമില്ലിലെ ഒരു പെട്ടിയിൽച്ചെന്നു വീണു. പഴന്തുണികൾ ഒരു വിരുന്നു നടത്തുകയായിരുന്നു; നേർത്ത തുണികൾക്ക്‌ അവരുടെ വക ഒരു വിരുന്ന്; പരുക്കൻ തുണികൾക്ക്‌ അവരുടെ വക വേറെ; അങ്ങനെയാകാതെ തരമില്ലല്ലോ. എല്ലാവർക്കും ഒരുപാടു പറയാനുണ്ടായിരുന്നു; പക്ഷേ ഏറ്റവുമധികം പറയാനുണ്ടായിരുന്നത്‌ നമ്മുടെ കോളറിനായിരുന്നു- അയാൾ ശരിക്കുമൊരു വീമ്പുപറച്ചിലുകാരനായിരുന്നല്ലോ!

'എനിക്കെത്ര കാമുകിമാരുണ്ടായിരുന്നെന്നോ!' കോളർ പറഞ്ഞു. 'ഒരു നിമിഷം സ്വൈരം കിട്ടണ്ടേ! അതെങ്ങനാ, ഞാനൊരു പരിഷ്കാരിയായ കുതിരപ്പട്ടാളക്കാരനായിരുന്നില്ലേ-അതും കഞ്ഞിമുക്കിയത്‌! എനിക്കൊരു തൂവാലയും ചീർപ്പുമുണ്ടായിരുന്നു, രണ്ടും ഞാൻ ഉപയോഗിച്ചിട്ടുമില്ലേ! നിങ്ങൾ എന്നെ അന്നൊന്നു കാണണമായിരുന്നു! എന്റെ ആദ്യത്തെ കാമുകിയെ ജീവിതത്തിൽ എനിക്കു മറക്കാൻ പറ്റില്ല! അവളൊരു അരപ്പട്ടയായിരുന്നു- എത്ര ലോലയും മൃദുലയുമായിരുന്നു അവൾ! എനിക്കു വേണ്ടി അവളൊരു വെള്ളത്തൊട്ടിയിൽച്ചെന്നു ചാടി! പിന്നെയൊരു വിധവയുണ്ടായിരുന്നു, ആകെ ചുട്ടുപഴുത്ത്‌-പക്ഷേ ഞാൻ അവരെ ഗൗനിക്കാൻ പോയില്ല; അവരങ്ങനെ നിന്നു തണുത്തുകറുത്തുപോയി! ഒരു നൃത്തക്കാരിയൊരുത്തിയുണ്ടായിരുന്നു- അവൾ തന്നിട്ടുപോയതാണ്‌ ഈ മുറിവ്‌. അവളൊരു മെരുങ്ങാത്ത ജാതിയായിരുന്നു! പക്ഷേ ഇപ്പോഴും എന്റെ നെഞ്ചു നീറുന്നത്‌ വെള്ളത്തൊട്ടിയിൽച്ചെന്നു ചാടിയ ആ അരപ്പട്ടയെ ഓർത്തിട്ടാണേ. എനിക്കു വല്ലാത്ത കുറ്റബോധം തോന്നുന്നു. ഞാനൊരു വെള്ളക്കടലാസ്സാകേണ്ട കാലമായി.'

അതങ്ങനെതന്നെ സംഭവിക്കുകയും ചെയ്തു- പഴന്തുണികളൊക്കെ വെള്ളക്കടലാസ്സായി മാറി. പക്ഷേ നമ്മുടെ കോളറോ, നാം ഇപ്പോള്‍  വായിക്കുന്ന അതേ കടലാസ്സായിട്ടാണു മാറിയത്‌. അത്രയ്ക്കായിരുന്നു താനാകാത്തതും തനിക്കാകാത്തതുമായതിനെക്കുറിച്ച്‌ അയാളുടെ വീമ്പടിക്കൽ. നമുക്കിതോർമ്മയിൽ വേണം, നമ്മുടെ ഗതിയും അതുപോലാകാതിരിക്കണമെങ്കിൽ. നമ്മളും ഒരുനാൾ ഒരു പഴന്തുണിപ്പെട്ടിയിലൊടുങ്ങി വെള്ളക്കടലാസ്സായി മാറില്ലയെന്ന് ആരുകണ്ടു? എന്നിട്ട്‌ നമ്മുടെ സകലരഹസ്യങ്ങളുമുൾപ്പെടെ നമ്മുടെ ജീവിതകഥ അതിൽ അച്ചടിച്ചുവരികയും നാം തന്നെ അതു പറഞ്ഞുനടക്കേണ്ടിവരികയും ചെയ്യുക- ആ കോളറിനെപ്പോലെ!

(1848)

shirt-collar-04

The False Collar

There was once a fine gentleman, all of whose moveables were a boot-jack and a hair-comb: but he had the finest false collars in the world; and it is about one of these collars that we are now to hear a story.
It was so old, that it began to think of marriage; and it happened that it came to be washed in company with a garter.
"Nay!" said the collar. "I never did see anything so slender and so fine, so soft and so neat. May I not ask your name?"
"That I shall not tell you!" said the garter.
"Where do you live?" asked the collar.
But the garter was so bashful, so modest, and thought it was a strange question to answer.
"You are certainly a girdle," said the collar; "that is to say an inside girdle. I see well that you are both for use and ornament, my dear young lady."
"I will thank you not to speak to me," said the garter. "I think I have not given the least occasion for it."
"Yes! When one is as handsome as you," said the collar, "that is occasion enough."
"Don't come so near me, I beg of you!" said the garter. "You look so much like those men-folks."
"I am also a fine gentleman," said the collar. "I have a bootjack and a hair-comb."
But that was not true, for it was his master who had them: but he boasted.
"Don't come so near me," said the garter: "I am not accustomed to it."
"Prude!" exclaimed the collar; and then it was taken out of the washing-tub. It was starched, hung over the back of a chair in the sunshine, and was then laid on the ironing-blanket; then came the warm box-iron. "Dear lady!" said the collar. "Dear widow-lady! I feel quite hot. I am quite changed. I begin to unfold myself. You will burn a hole in me. Oh! I offer you my hand."
"Rag!" said the box-iron; and went proudly over the collar: for she fancied she was a steam-engine, that would go on the railroad and draw the waggons. "Rag!" said the box-iron.
The collar was a little jagged at the edge, and so came the long scissors to cut off the jagged part. "Oh!" said the collar. "You are certainly the first opera dancer. How well you can stretch your legs out! It is the most graceful performance I have ever seen. No one can imitate you."
"I know it," said the scissors.
"You deserve to be a baroness," said the collar. "All that I have, is, a fine gentleman, a boot-jack, and a hair-comb. If I only had the barony!"
"Do you seek my hand?" said the scissors; for she was angry; and without more ado, she cut him, and then he was condemned.
"I shall now be obliged to ask the hair-comb. It is surprising how well you preserve your teeth, Miss," said the collar. "Have you never thought of being betrothed?"
"Yes, of course! you may be sure of that," said the hair-comb. "I am betrothed--to the boot-jack!"
"Betrothed!" exclaimed the collar. Now there was no other to court, and so he despised it.
A long time passed away, then the collar came into the rag chest at the paper mill; there was a large company of rags, the fine by themselves, and the coarse by themselves, just as it should be. They all had much to say, but the collar the most; for he was a real boaster.
"I have had such an immense number of sweethearts!" said the collar. "I could not be in peace! It is true, I was always a fine starched-up gentleman! I had both a boot-jack and a hair-comb, which I never used! You should have seen me then, you should have seen me when I lay down! I shall never forget my first love--she was a girdle, so fine, so soft, and so charming, she threw herself into a tub of water for my sake! There was also a widow, who became glowing hot, but I left her standing till she got black again; there was also the first opera dancer, she gave me that cut which I now go with, she was so ferocious! My own hair-comb was in love with me, she lost all her teeth from the heart-ache; yes, I have lived to see much of that sort of thing; but I am extremely sorry for the garter--I mean the girdle--that went into the water-tub. I have much on my conscience, I want to become white paper!"
And it became so, all the rags were turned into white paper; but the collar came to be just this very piece of white paper we here see, and on which the story is printed; and that was because it boasted so terribly afterwards of what had never happened to it. It would be well for us to beware, that we may not act in a similar manner, for we can never know if we may not, in the course of time, also come into the rag chest, and be made into white paper, and then have our whole life's history printed on it, even the most secret, and be obliged to run about and tell it ourselves, just like this collar.



ഹാൻസ്‌ ആൻഡേഴ്‌സൺ - തീപ്പെട്ടി വിൽക്കുന്ന പെൺകുട്ടി


The_Little_Match_Girl_-A J Bayes_1889

കുത്തിക്കയറുന്ന തണുപ്പായിരുന്നു. മഞ്ഞു പൊഴിയുന്നുണ്ടായിരുന്നു. ഇരുട്ട്‌ കനക്കുകയുമായിരുന്നു. ആ വർഷത്തെ അവസാനത്തെ രാത്രിയുമായിരുന്നു അത്‌: പുതുവർഷത്തിന്റെ തലേ രാത്രി. ആ ഇരുട്ടത്തും തണുപ്പത്തും തെരുവിലൂടെ നടന്നുപോവുകയാണ്‌ ഒരു കൊച്ചുപെൺകുട്ടി. അവളുടെ തല മറയ്ക്കാൻ ഒന്നുമില്ല; കാലിൽ ചെരുപ്പുമില്ല. വീട്ടിൽ നിന്നിറങ്ങുമ്പോൾ ചെരുപ്പുണ്ടായിരുന്നുവെന്നതു ശരിതന്നെ; പക്ഷേ അതുകൊണ്ട്‌ എന്തു പ്രയാജനം? ആ വള്ളിച്ചെരുപ്പുകൾ അവളുടെ കുഞ്ഞുകാലുകൾക്കു ചേരാത്തവയായിരുന്നു; മരിച്ചുപോയ അവളുടെ അമ്മയിട്ടിരുന്ന ചെരുപ്പുകളാണവ. രണ്ടു കുതിരവണ്ടികൾ പാഞ്ഞുവരുന്നതുകണ്ട്‌ പേടിച്ചോടിമാറുമ്പോൾ അവൾക്കവ നഷ്ടപ്പെടുകയും ചെയ്തു. ഒരു ചെരുപ്പ്‌ എവിടെപ്പോയെന്നു കണ്ടില്ല; മറ്റേതാവട്ടെ, ഒരു ചെറുക്കൻ എടുത്തുകൊണ്ടോടിപ്പോവുകയും ചെയ്തു; തനിക്കു കുഞ്ഞുങ്ങളുണ്ടാവുമ്പോൾ അവരെ കിടത്താൻ ഒരു തൊട്ടിലു വേണം എന്നു പറഞ്ഞുകൊണ്ടാണ്‌ അവൻ അതും കൊണ്ടോടിയത്‌.

തണുപ്പുകൊണ്ടു നീലിച്ച കുഞ്ഞുകാലടികളും വലിച്ചു നടന്നുപോവുകയാണ്‌ ആ കൊച്ചുപെൺകുട്ടി. അവൾ തോളത്തിട്ടിരിക്കുന്ന മാറാപ്പിൽ കുറേ തീപ്പെട്ടിക്കോലുകളുണ്ട്‌; അവളുടെ കൈയിലുമുണ്ട്‌ കുറേ. ഇന്നിത്ര നേരമായിട്ടും ഒരാളും അവളുടെ കൈയിൽ നിന്ന് ഒന്നും വാങ്ങിയിട്ടില്ല. ഒരാളും അവൾക്കൊരു ചില്ലിക്കാശു കൊടുത്തിട്ടുമില്ല. വിശപ്പും തണുപ്പും കൊണ്ടു പരവശയായി കൂനിപ്പിടിച്ചുനടക്കുകയാണ്‌ ആ പാവം കുട്ടി. അവളുടെ ചുമലിലേക്ക്‌ അഴകോടെ വീണുകിടക്കുന്ന ചുരുണ്ട സ്വർണ്ണമുടിയിലേക്ക്‌ മഞ്ഞു പൊഴിഞ്ഞുവീഴുന്നുണ്ട്‌. അവളുടെ മനസ്സിൽ പക്ഷേ അതൊന്നുമായിരുന്നില്ല. തെരുവിനിരുവശത്തുമുള്ള ജനാലകളിൽ നിന്നു പുറത്തേക്ക്‌ പ്രകാശം പരക്കുന്നുണ്ട്‌; പുതുവർഷത്തിന്റെ തലേന്നാളാണല്ലോ അന്ന്. അതെ, അവൾ ഓർത്തത്‌ അതിനെക്കുറിച്ചാണ്‌.

രണ്ടു വീടുകൾക്കിടയിലുള്ള ഒരു മൂലയ്ക്ക്‌ അവൾ കൂനിപ്പിടിച്ചിരുന്നു. തന്റെ കുഞ്ഞുകാലുകൾ ആവുന്നത്ര കൂട്ടിപ്പിടിച്ചിരുന്നിട്ടും അവൾ കിടുങ്ങിവിറയ്ക്കുകയായിരുന്നു. വീട്ടിലേക്കു പോകാൻ അവൾക്കു ധൈര്യം വന്നതുമില്ല. ഒരു തീപ്പെട്ടിക്കോലു പോലും വിൽക്കാൻ അവൾക്ക്‌ കഴിഞ്ഞിട്ടില്ല; ഒരു ചില്ലിക്കാശു പോലും അവൾക്കു കിട്ടിയിട്ടുമില്ല. അച്ഛൻ അവളെ തല്ലും; പിന്നെ വീട്ടിലേക്കു ചെന്നാലും ചൂടു കിട്ടാൻ പോകുന്നതുമില്ല. വീടെന്നു പറഞ്ഞാൽ തലയ്ക്കു മേൽ ഒരു കൂരയുണ്ടായിരുന്നുവെന്നേയുള്ളു. വലിയ വിടവുകൾ വയ്ക്കോലും പഴന്തുണിയും കൊണ്ടടച്ചിട്ടും തണുത്ത കാറ്റ്‌ ഉള്ളിലേക്കടിച്ചുകയറിയിരുന്നു. തണുപ്പു കൊണ്ട്‌ അവളുടെ കുഞ്ഞുവിരലുകൾ മരവിച്ചു. ഒരു തീപ്പെട്ടിക്കോലു കൊണ്ട്‌ എന്തു പ്രയോജനമുണ്ടായേനേ! ഒരു തീപ്പെട്ടിക്കോൽ ഊരിയെടുത്ത്‌ മതിലിന്മേലുരച്ച്‌  കൈകൾ ചൂടുപിടിപ്പിക്കാൻ അവൾക്കു ധൈര്യമുണ്ടാവുമോ? അവൾ ഒരു തീപ്പെട്ടിക്കോൽ വലിച്ചെടുത്തു. ശൂ! അതിന്റെയൊരു പൊട്ടലും ചീറ്റലും! ഇളംചൂടുള്ളൊരു തെളിഞ്ഞ നാളം; അവൾ അതു പൊതിഞ്ഞുപിടിച്ചപ്പോൾ ഒരു കുഞ്ഞുമെഴുകുതിരി പോലെ തോന്നി. അതൊരതിശയവെളിച്ചവുമായിരുന്നു. പിത്തളമൊട്ടുകളും പിത്തളച്ചുറ്റുമുള്ള വമ്പനൊരു നെരിപ്പോടിനു മുന്നിലിരിക്കുകയാണു താനെന്ന് ആ കുട്ടിക്കു തോന്നിപ്പോയി. കേമമായി തീ കത്തുന്ന അതിനരികത്തിരിക്കാൻ എന്തു സുഖം! അല്ല, അതെന്താ? കാലടി കൂടി ചൂടു പിടിപ്പിക്കാൻ അവൾ തന്റെ കാലു നീട്ടുമ്പോഴേക്കും നാളം അണഞ്ഞുപോയി. നെരിപ്പോട് കണ്ണിൽ നിന്നു മറയുകയും ചെയ്തു. തീപ്പെട്ടിക്കോലിന്റെ കരിഞ്ഞ അറ്റവും കൈയിൽപ്പിടിച്ച്‌ പെൺകുട്ടി ഇരുന്നു. അവൾ ഒരു കോലുകൂടി എടുത്തുരച്ചു. അതു കത്തിയെരിഞ്ഞു; മതിലിന്മേൽ അതിന്റെ വെളിച്ചം വീണ ഭാഗം ചില്ലു പോലെ സുതാര്യമായി. അതുവഴി അവൾ മുറിക്കുള്ളിലേക്കു കണ്ണോടിച്ചു; തിളങ്ങുന്ന വെള്ളത്തുണി വിരിച്ച്‌, ഒന്നാംതരം കവിടിപ്പിഞ്ഞാണങ്ങളും നിരത്തി തീൻമേശ ഒരുക്കിയിരിക്കുന്നു; അതിന്മേലിരിപ്പുണ്ട്‌ ഉണക്കമുന്തിരിയും ആപ്പിളുമൊക്കെ കുത്തിനിറച്ച്‌ പൊരിച്ചെടുത്ത കേമനൊരു വാത്ത്‌. അതുമല്ല അതിശയം, ആ വാത്ത്‌ തളികയിൽ നിന്നു ചാടിയിറങ്ങി മുതുകത്തു കുത്തിനിർത്തിയ കത്തിയും മുള്ളുമായി തറയിൽ ഉലാത്താനും തുടങ്ങി! ആ പാവം പെൺകുട്ടിയുടെ തൊട്ടടുത്തുവരെ അതെത്തിയതുമാണ്‌. അപ്പോഴേക്കും തീപ്പെട്ടിക്കോലണഞ്ഞു; തണുത്ത കട്ടിമതിൽ മാത്രമേ പിന്നെ കാണാനുണ്ടായിരുന്നുള്ളു.

അവൾ ഒരു കോലു കൂടി എടുത്തുരച്ചു. അവൾ ഇപ്പോൾ എത്രയും മനോഹരമായ ഒരു ക്രിസ്തുമസ്‌മരത്തിനു ചോട്ടിലിരിക്കുകയാണ്‌. കഴിഞ്ഞ ക്രിസ്തുമസിന്‌ ഒരു പണക്കാരൻകച്ചവടക്കാരന്റെ വീട്ടിൽ ചില്ലുവാതിലിലൂടെ അവൾ കണ്ട ക്രിസ്തുമസ്‌മരത്തേക്കാൾ വലുതും അതിനെക്കാൾ മോടിയായി അലങ്കരിച്ചതുമായിരുന്നു ഇത്‌. പച്ചനിറമുള്ള ചില്ലകളിൽ ഒരായിരം മെഴുകുതിരികൾ എരിയുന്നു; ഉജ്ജ്വലവർണ്ണങ്ങളിലുള്ള ചിത്രങ്ങൾ അവളെത്തന്നെ നോക്കുന്നു. ആ കൊച്ചുപെൺകുട്ടി അതിനു നേർക്ക്‌ തന്റെ കൈകൾ നീട്ടി. ആ സമയത്ത്‌ തീപ്പെട്ടിക്കോൽ എരിഞ്ഞുതീർന്നു; മെഴുകുതിരികൾ ഉയർന്നുയർന്ന് അകന്നുപോയി; അവ തിളങ്ങുന്ന നക്ഷത്രങ്ങളാവുന്നത്‌ അവൾ കണ്ടു. അതിൽ ഒരു നക്ഷത്രം താഴേക്കു വന്ന് ആകാശത്ത്‌ ഒരഗ്നിരേഖ വരച്ചുകൊണ്ട്‌ അപ്രത്യക്ഷമായി.

'ആരോ മരിച്ചു!' പെൺകുട്ടി സ്വയം പറഞ്ഞു. ഒരു നക്ഷത്രം വീഴുമ്പോൾ ഒരാത്മാവ്‌ ദൈവത്തിനടുത്തേക്കുയർന്നുപോവുകയാണെന്ന് അവളുടെ മുത്തശ്‌ശി- ഈ ലോകത്ത്‌ അവളോടു സ്നേഹമുണ്ടായിരുന്ന ഒരേയൊരാൾ, അവളുടെ മരിച്ചുപോയ മുത്തശ്‌ശി- പറയാറുണ്ടായിരുന്നു.

അവൾ വീണ്ടും ഒരു കോലെടുത്ത്‌ മതിലിന്മേലുരച്ചു കത്തിച്ചു. അത്‌ അവൾക്കു ചുറ്റും പ്രകാശം പരത്തിനിന്നെരിഞ്ഞു. ആ വെളിച്ചത്തിൽ അവൾ തന്റെ മുത്തശ്‌ശിയെ കണ്ടു; വിശുദ്ധിയും ശാന്തിയും നിറഞ്ഞ മുഖത്തോടെ ശോഭ ചിതറിനിൽക്കുകയാണ്‌ അവർ.

'മുത്തശ്‌ശീ!' ആ കൊച്ചുകുട്ടി വാവിട്ടു നിലവിളിച്ചു. 'എന്നെയുംകൂടി കൊണ്ടുപോ മുത്തശ്‌ശീ! ഇതണയുമ്പോൾ മുത്തശ്‌ശിയും പോവുമെന്നെനിക്കറിയാം; ആ നെരിപ്പോടു പോലെ, പൊരിച്ച വാത്തു പോലെ, ക്രിസ്തുമസ്‌മരം പോലെ!' അവൾ തിടുക്കത്തിൽ തന്റെ കൈയിലുണ്ടായിരുന്ന തീപ്പെട്ടിക്കോലുകൾ ഉരച്ചുതീർത്തു. അവൾക്ക്‌ തന്റെ മുത്തശ്‌ശിയെ വിടാതെ തന്നോടൊപ്പം നിർത്തണമായിരുന്നു. തീപ്പെട്ടിക്കോലുകളോ, പകൽവെളിച്ചത്തേക്കാൾ ശോഭയോടെയാണെരിഞ്ഞതും. ഇത്ര മനോഹരിയായി, ഇത്ര വലിയൊരാളായി അവൾ തന്റെ മുത്തശ്‌ശിയെ ഇതിനു മുമ്പൊരിക്കലും കണ്ടിട്ടില്ല. അവർ ആ കൊച്ചുപെൺകുട്ടിയെ തന്റെ കൈകളിൽ വാരിയെടുത്തു; തേജസ്വികളായി, ആഹ്ലാദചിത്തരായി അവർ ഉയർന്നുയർന്നുപോയി. അവിടെ തണുപ്പില്ല, വിശപ്പില്ല, ഭയവുമില്ല- അവർ ഇപ്പോൾ ദൈവത്തോടൊപ്പമാണ്‌.

പക്ഷേ തെരുവിലെ ഒരു വീടിന്റെ മൂലയ്ക്ക്‌ ചുവന്ന കവിളുകളും മുഖത്തൊരു പുഞ്ചിരിയുമായി ഒരു കൊച്ചുപെൺകുട്ടി അനക്കമറ്റിരിക്കുകയായിരുന്നു- പോയ വർഷത്തിന്റെ അവസാനത്തെ രാത്രിയിൽ അവൾ തണുത്തുവിറച്ചു മരിക്കുകയായിരുന്നു. തീപ്പെട്ടിക്കോലുകളും കൈയിൽ പിടിച്ചിരിക്കുന്ന ഒരു കുഞ്ഞുശരീരത്തിനു മേൽ പുതുവർഷത്തിന്റെ പ്രഭാതം ഉദിച്ചുയർന്നു. ആ കുട്ടി ചൂടുകിട്ടാൻ വേണ്ടി ചെയ്തതായിരിക്കും, ആരോ പറഞ്ഞു. അവൾ കണ്ട അത്ഭുതകരമായ കാഴ്ചകളെക്കുറിച്ച്‌ അവരാരുമറിഞ്ഞില്ല; എന്തൊരു തേജസ്സോടെയാണ്‌ അവൾ തന്റെ മുത്തശ്‌ശിയോടൊപ്പം പുതുവർഷത്തിലേക്കു കടന്നതെന്നും അവരറിഞ്ഞിട്ടില്ല.

(1845)


The Little Match Girl
A translation of Hans Christian Andersen's "Den lille Pige med Svovlstikkerne" by Jean Hersholt

It was so terribly cold. Snow was falling, and it was almost dark. Evening came on, the last evening of the year. In the cold and gloom a poor little girl, bareheaded and barefoot, was walking through the streets. Of course when she had left her house she'd had slippers on, but what good had they been? They were very big slippers, way too big for her, for they belonged to her mother. The little girl had lost them running across the road, where two carriages had rattled by terribly fast. One slipper she'd not been able to find again, and a boy had run off with the other, saying he could use it very well as a cradle some day when he had children of his own. And so the little girl walked on her naked feet, which were quite red and blue with the cold. In an old apron she carried several packages of matches, and she held a box of them in her hand. No one had bought any from her all day long, and no one had given her a cent.

Shivering with cold and hunger, she crept along, a picture of misery, poor little girl! The snowflakes fell on her long fair hair, which hung in pretty curls over her neck. In all the windows lights were shining, and there was a wonderful smell of roast goose, for it was New Year's eve. Yes, she thought of that!

In a corner formed by two houses, one of which projected farther out into the street than the other, she sat down and drew up her little feet under her. She was getting colder and colder, but did not dare to go home, for she had sold no matches, nor earned a single cent, and her father would surely beat her. Besides, it was cold at home, for they had nothing over them but a roof through which the wind whistled even though the biggest cracks had been stuffed with straw and rags.

Her hands were almost dead with cold. Oh, how much one little match might warm her! If she could only take one from the box and rub it against the wall and warm her hands. She drew one out. R-r-ratch! How it sputtered and burned! It made a warm, bright flame, like a little candle, as she held her hands over it; but it gave a strange light! It really seemed to the little girl as if she were sitting before a great iron stove with shining brass knobs and a brass cover. How wonderfully the fire burned! How comfortable it was! The youngster stretched out her feet to warm them too; then the little flame went out, the stove vanished, and she had only the remains of the burnt match in her hand.

She struck another match against the wall. It burned brightly, and when the light fell upon the wall it became transparent like a thin veil, and she could see through it into a room. On the table a snow-white cloth was spread, and on it stood a shining dinner service. The roast goose steamed gloriously, stuffed with apples and prunes. And what was still better, the goose jumped down from the dish and waddled along the floor with a knife and fork in its breast, right over to the little girl. Then the match went out, and she could see only the thick, cold wall. She lighted another match. Then she was sitting under the most beautiful Christmas tree. It was much larger and much more beautiful than the one she had seen last Christmas through the glass door at the rich merchant's home. Thousands of candles burned on the green branches, and colored pictures like those in the printshops looked down at her. The little girl reached both her hands toward them. Then the match went out. But the Christmas lights mounted higher. She saw them now as bright stars in the sky. One of them fell down, forming a long line of fire.

"Now someone is dying," thought the little girl, for her old grandmother, the only person who had loved her, and who was now dead, had told her that when a star fell down a soul went up to God.

She rubbed another match against the wall. It became bright again, and in the glow the old grandmother stood clear and shining, kind and lovely.

"Grandmother!" cried the child. "Oh, take me with you! I know you will disappear when the match is burned out. You will vanish like the warm stove, the wonderful roast goose and the beautiful big Christmas tree!"

And she quickly struck the whole bundle of matches, for she wished to keep her grandmother with her. And the matches burned with such a glow that it became brighter than daylight. Grandmother had never been so grand and beautiful. She took the little girl in her arms, and both of them flew in brightness and joy above the earth, very, very high, and up there was neither cold, nor hunger, nor fear-they were with God.

But in the corner, leaning against the wall, sat the little girl with red cheeks and smiling mouth, frozen to death on the last evening of the old year. The New Year's sun rose upon a little pathetic figure. The child sat there, stiff and cold, holding the matches, of which one bundle was almost burned.

"She wanted to warm herself," the people said. No one imagined what beautiful things she had seen, and how happily she had gone with her old grandmother into the bright New Year.

2018, ഓഗസ്റ്റ് 27, തിങ്കളാഴ്‌ച

ഹാൻസ്‌ ആൻഡേഴ്‌സൺ - പയറുമണിമേൽ കിടന്ന രാജകുമാരി

princess on the pea


ഒരിക്കൽ ഒരിടത്തൊരു രാജകുമാരനുണ്ടായിരുന്നു. രാജകുമാരന്‌ ഒരു രാജകുമാരിയെ വേണം, അതുപക്ഷേ ഒരു യഥാർത്ഥരാജകുമാരി ആയിരിക്കുകയും വേണം! അങ്ങനെയൊരു രാജകുമാരിയെത്തേടി അയാൾ ലോകം മുഴുവൻ അലഞ്ഞു. പക്ഷേ എവിടൊക്കെപ്പോയിട്ടെന്താ, അവിടൊക്കെ എന്തിന്റെയെങ്കിലും ഒരു കുറവുണ്ടാവും. രാജകുമാരിമാർ എത്രയെങ്കിലുമുണ്ടായിരുന്നു; എന്നാൽ അവർ യഥാർത്ഥരാജകുമാരിമാരാണോ എന്നു കണ്ടുപിടിക്കാൻ അയാൾക്കു കഴിഞ്ഞില്ല. എവിടെയോ എന്തോ ഒന്നു പിശകുന്നു. അങ്ങനെ അയാൾ തിരച്ചിൽ അവസാനിപ്പിച്ച്‌ കൊട്ടാരത്തിലെത്തി മനസ്സുകെട്ട്‌ അടച്ചിരുപ്പുമായി; ഒരു യഥാർത്ഥരാജകുമാരിയെ വേണമെന്ന് അത്രമേൽ ആഗ്രഹിച്ചിരുന്നതാണല്ലോ അയാൾ.

അന്നൊരിക്കൽ രാത്രിയിൽ ഭയങ്കരമായ കാറ്റും മഴയുമുണ്ടായി. മിന്നൽ പാളിമറഞ്ഞു; ഇടിമുഴക്കം ഹുങ്കാരവം മുഴക്കി; മഴ കോരിച്ചൊരിയുകയും! ഹൊ, മനസ്സു കിടുകിടുത്തുപോകും! ഈ നേരത്താണ്‌ കൊട്ടാരവാതിൽക്കൽ ആരോ തട്ടുന്നത്‌; വൃദ്ധനായ രാജാവു ചെന്ന് വാതിൽ തുറന്നു.

ഒരു രാജകുമാരിയാണ്‌ പുറത്തുനിൽക്കുന്നത്‌. ദൈവമേ, ആ കാറ്റത്തും മഴയത്തും അവളുടെയൊരു കോലം! അവളുടെ മുടിയിലും ഉടുപ്പിലും നിന്ന് മഴവെള്ളം ഒലിച്ചിറങ്ങി ചെരുപ്പിലൂടെ കാൽമടമ്പിലേക്കൊഴുകയാണ്‌; എന്നിട്ടവൾ പറയുന്നതോ, താൻ ഒരു യഥാർത്ഥരാജകുമാരിയാണെന്നും!

'അതെയോ, എങ്കിൽ നമുക്കതു കണ്ടുപിടിക്കാവുന്നതല്ലേയുള്ളു,' മഹാറാണി മനസ്സിൽ പറഞ്ഞു; അവർ പക്ഷേ മറ്റാരോടും ഇക്കാര്യം മിണ്ടിയില്ല. മഹാറാണി  നേരേ കിടപ്പുമുറിയിൽച്ചെന്ന് മെത്തയും പുതപ്പുമൊക്കെ വാരിമാറ്റിയിട്ട്‌ കട്ടിലിനു മുകളിൽ ഒരു പയറുമണി വച്ചു. പിന്നെ അതിനു മേൽ ഇരുപതു മെത്തകളും മെത്തകൾക്കു മേൽ ഇരുപതു തൂവൽക്കിടക്കകളും വിരിച്ചു. രാജകുമാരി അന്നു കിടന്നുറങ്ങേണ്ടത്‌ അതിലാണ്‌.

രാവിലെ എഴുന്നേറ്റപ്പോൾ ഉറക്കം എങ്ങനെയുണ്ടായിരുന്നുവെന്ന് എല്ലാവരും രാജകുമാരിയോടന്വേഷിച്ചു.

'ഹൊ, ഞാനങ്ങു കഷ്ടപ്പെട്ടുപോയി!' രാജകുമാരി പരാതിപ്പെട്ടു. 'രാത്രിയിൽ ഒരുപോള കണ്ണടയ്ക്കാൻ പറ്റിയില്ല! എന്റെ കിടക്കയിൽ എന്തായിരുന്നുവെന്ന് ദൈവത്തിനേ അറിയൂ. എന്തോ കട്ടിയുള്ളതിന്റെ മേൽ കിടന്ന് എന്റെ ദേഹമാകെ നീലിച്ചു!'

ഇവൾ ഒരു യഥാർത്ഥരാജകുമാരിയാണെന്നതിന്‌ വേറെന്തു തെളിവു വേണം! കാരണം ഇരുപതു തൂവൽക്കിടക്കകൾക്കും ഇരുപതു മെത്തകൾക്കുമടിയിലുള്ള ഒരു പയറുമണി തന്റെ ദേഹത്തു തൊടുന്നത്‌ അവൾ അറിഞ്ഞിരിക്കുന്നുവല്ലോ. അത്രയ്ക്കു മൃദുവായ ചർമ്മം ഒരു രാജകുമാരിക്കല്ലാതെ മറ്റാര്‍ക്കാണുണ്ടാവുക!

അങ്ങനെ രാജകുമാരൻ അവളെ തന്റെ ഭാര്യയായി സ്വീകരിച്ചു; തനിക്ക്‌ ഒരു യഥാർത്ഥരാജകുമാരിയെത്തന്നെയാണു കിട്ടിയിരിക്കുന്നതെന്നതിൽ അയാൾക്കിനി സംശയത്തിനവകാശമില്ലല്ലോ! ആ പയറുമണി എന്തു ചെയ്തെന്നോ? അവരതിനെ കാഴ്ചബംഗ്ലാവിൽ പ്രദർശനത്തിനു വച്ചു. ആരും കട്ടുകൊണ്ടുപോയിട്ടില്ലെങ്കിൽ അതിന്നും അവിടെയുണ്ടാവും! ഞാൻ ഇപ്പറഞ്ഞത്‌ ഒരു യഥാർത്ഥകഥയാണേ!

(1853)


The Princess and the Pea

by

Hans Christian Andersen

(1835)

ONCE upon a time there was a prince who wanted to marry a princess; but she would have to be a real princess. He travelled all over the world to find one, but nowhere could he get what he wanted. There were princesses enough, but it was difficult to find out whether they were real ones. There was always something about them that was not as it should be. So he came home again and was sad, for he would have liked very much to have a real princess.

One evening a terrible storm came on; there was thunder and lightning, and the rain poured down in torrents. Suddenly a knocking was heard at the city gate, and the old king went to open it.

It was a princess standing out there in front of the gate. But, good gracious! what a sight the rain and the wind had made her look. The water ran down from her hair and clothes; it ran down into the toes of her shoes and out again at the heels. And yet she said that she was a real princess.

“Well, we’ll soon find that out,” thought the old queen. But she said nothing, went into the bed-room, took all the bedding off the bedstead, and laid a pea on the bottom; then she took twenty mattresses and laid them on the pea, and then twenty eider-down beds on top of the mattresses.

On this the princess had to lie all night. In the morning she was asked how she had slept.

“Oh, very badly!” said she. “I have scarcely closed my eyes all night. Heaven only knows what was in the bed, but I was lying on something hard, so that I am black and blue all over my body. It’s horrible!”

Now they knew that she was a real princess because she had felt the pea right through the twenty mattresses and the twenty eider-down beds.

Nobody but a real princess could be as sensitive as that.

So the prince took her for his wife, for now he knew that he had a real princess; and the pea was put in the museum, where it may still be seen, if no one has stolen it.

There, that is a true story.


2018, ഓഗസ്റ്റ് 21, ചൊവ്വാഴ്ച

മറ്റ്‌സുവോ ബാഷോ - ഒരു കാഷിമായാത്ര


1684ൽ ബാഷോ സ്നേഹിതനായ സോറ എന്ന സെൻ ഭിക്ഷുവുമൊത്ത് ഇഡോ (ഇന്നത്തെ ടോക്ക്യോ)യ്ക്ക് 50 മൈൽ കിഴക്കുള്ള കാഷിമ (Kashima) എന്ന ക്ഷേത്രത്തിലേക്ക് ഒരു യാത്ര പോയി. വിളവെടുപ്പുകാലത്തെ ചന്ദ്രനെ കാണുക, അവിടെ വിശ്രമജീവിതം നയിക്കുന്ന തന്റെ സെൻ ഗുരു ബുച്ചോവിനെ സന്ദർശിക്കുക എന്നതായിരുന്നു ഉദ്ദേശ്യങ്ങൾ. ആ യാത്രയുടെ രേഖയാണ്‌ ഒരു കാഷിമായാത്ര (Kashima Kiko).

ആയോധനവിദ്യയുടെ അധിദേവതയ്ക്കു സമർപ്പിക്കപ്പെട്ടതാണ്‌ കാഷിമാക്ഷേത്രം. കാഷിമയിലെ ദേവൻ ഒരു വെള്ളമാനിന്റെ പുറത്ത് നരായിലേക്ക് ദൂതുമായി പോയതായി ഐതിഹ്യമുണ്ട്.


ശരൽക്കാലത്തെ  വെളുത്തവാവിൻനാൾ സുമാകടലാരത്തെത്തിയ കവി തെയ്ഷിത്‌സു *എഴുതിയത്രെ:

പൈൻമരച്ചോട്ടിലിരുന്നു ഞാന്‍

പൂർണ്ണചന്ദ്രനെക്കണ്ടു-

ചൂനാഗോന്റെ* ദുഃഖമാണ്

മനസ്സിൽ ഞാനപ്പോൾ കണ്ടു.

ആ കവിയുടെ ഓർമ്മയും മനസ്സിൽ വച്ചുനടന്ന ഞാൻ ഒടുവിൽ കഴിഞ്ഞ ശരൽക്കാലത്തൊരുദിവസം സുമാകടലോരം ലക്ഷ്യമാക്കി ഇറങ്ങിനടന്നു; കാഷിമാക്ഷേത്രം നിൽക്കുന്ന മലനിരകൾക്കു മേൽ പൂർണ്ണചന്ദ്രനുദിക്കുന്നതു കാണാനുള്ള ത്വര എന്നെ പിടിച്ചുവലിക്കുകയായിരുന്നു. എന്നോടൊപ്പം മറ്റു രണ്ടുപേരുണ്ടായിരുന്നു. ഒന്ന് തൊഴിലൊന്നുമില്ലാത്ത ഒരു ചെറുപ്പക്കാരൻ; മറ്റൊരാൾ ഒരു ഭിക്ഷു. ഈ രണ്ടാമതു പറഞ്ഞയാളിന്റെ വേഷം കാക്കക്കറുപ്പായിരുന്നു; കഴുത്തിൽ സന്യാസം കാണിക്കുന്ന ഒരുത്തരീയം; മുതുകത്ത്‌ ബുദ്ധഭഗവാന്റെ മൂർത്തിയുമായി ചെറിയൊരു പേടകവും. ഇദ്ദേഹം തന്റെ വലിയ വടിയും എടുത്തുവീശി മറ്റാരെക്കാളും മുന്നിലായി വഴിയിലേക്കിറങ്ങിയതു കണ്ടാൽ ബുദ്ധന്മാരുടെ ലോകത്തേക്ക്‌ ഒരു സൗജന്യയാത്രാശീട്ട്‌ ആരോ കീറിക്കൊടുത്തിട്ടുണ്ടെന്നു തോന്നിപ്പോവും. ഞാനും ചുറ്റിയിരുന്നത്‌ കറുപ്പു തന്നെ; പക്ഷേ ഭിക്ഷുവെന്നോ ലൗകികനെന്നോ വേർതിരിച്ചുപറയാനാവാത്ത അവസ്ഥയിലായിരുന്നു ഞാൻ. ചിലനേരം പക്ഷിയെന്നും മറ്റുചിലപ്പോൾ എലിയെന്നും പറയാവുന്ന ഒരു വാവൽജന്മം. എന്റെ വീടിനടുത്തുള്ള ഒരു കടവത്തു നിന്ന് തോണി കയറി ഞങ്ങൾ ഗ്യോടോകുപട്ടണത്തിലെത്തി; തുടർന്നുള്ള യാത്ര കുതിരപ്പുറത്തു വേണ്ട, നടന്നുതന്നെയാവാം എന്നു ഞങ്ങൾ തീരുമാനിച്ചു: ഞങ്ങളുടെ ഈ മെലിഞ്ഞ കാലുകൾക്ക്‌ എന്തു ശേഷിയുണ്ടെന്നറിയണമല്ലോ.

കെയ്പ്രവിശ്യയിലെ ഒരു ചങ്ങാതി സ്നേഹത്തോടെ സമ്മാനിച്ച സൈപ്രസ്തൊപ്പികൾ കൊണ്ടു തല മറച്ച്‌ ഞങ്ങൾ വലിഞ്ഞുനടന്നു; യഹാതാഗ്രാമവും പിന്നിട്ടു ഞങ്ങൾ എത്തിയത്‌ കമാഗൈ-നോ-ഹാരാ എന്നു പേരായ അന്തമറ്റ ഒരു പുൽമൈതാനത്താണ്‌. ഒറ്റനോട്ടത്തിൽ ഒരായിരം മൈൽ കാണാവുന്ന ഒരു തുറസ്സുണ്ടത്രെ ചൈനയിൽ; ഇവിടെയാകട്ടെ, ഞങ്ങളുടെ കണ്ണുകൾ ആ പുൽപ്പരപ്പിലൂടെ തടവില്ലാതെ നീങ്ങി ഒടുവിൽ ചക്രവാളത്തിൽ ഉയർന്നുനിൽക്കുന്ന ത്‌സുക്കൂബാമലയുടെ ഇരുമുടികളിൽ ചെന്നുതങ്ങുന്നു. രണ്ടു വാളുകൾ പോലെ ആകാശത്തെ പിളർന്നുനിൽക്കുന്ന ആ മലമുടികൾ ചൈനയിലെ പേരുകേട്ട റോസാൻമലയുടെ *ഇരുശിഖരങ്ങൾക്കു കിടനിൽക്കുന്നവ തന്നെ.

മഞ്ഞിന്‍റെ ഭംഗി പറയാതെതന്നെ-

ചെമ്പട്ടു പുതച്ച

ത്‌സുക്കൂബാ മല

തിളങ്ങിനിൽക്കുന്നു.

എന്റെ ശിഷ്യൻ റൺസെറ്റ്സു* ഇവിടം സന്ദർശിച്ചപ്പോളെഴുതിയ കവിതയാണിത്‌. യമാടോടകേരുരാജാവും* തന്റെ കവിതയിലൂടെ ഈ മലയെ അനശ്വരമാക്കിയിരിക്കുന്നു. രംഗാകവിതയുടെ* ആദ്യസമാഹാരത്തിനു പേരും ഈ മലയുടേതു തന്നെ. എന്തിനു പറയുന്നു, ഒരു ഹൈക്കുവോ വാക്കയോ രചിക്കാതെ ഒരു കവിയും ഇതുവഴി കടന്നുപോയിട്ടില്ല.

എനിക്കു ചുറ്റും പയർച്ചെടിപ്പൂവുകൾ വീണുകിടക്കുകയാണ്‌. ആശ്ചര്യത്തോടെ അതും നോക്കിനിൽക്കുമ്പോൾ എനിക്ക്‌ തമെനാക്കയെ* ആദരവോടെ ഓർക്കാതിരിക്കാൻ പറ്റിയില്ല: അദ്ദേഹം തന്റെ മാറാപ്പിൽ പയർച്ചെടികൊമ്പുകൾ ഒടിച്ചിട്ട്‌ അങ്ങു ക്യോട്ടോവോളം കൊണ്ടുപോയല്ലോ. പയർച്ചെടികൾക്കൊപ്പം മറ്റു കാട്ടുപൂവുകളുമുണ്ട്‌-മണിപ്പൂവുകൾ, മുത്തങ്ങകൾ, കാശപ്പൂവുകൾ; ഒക്കെ മുറ്റിത്തഴച്ചു കിടക്കുകയാണ്‌. കാട്ടുകലമാനുകളുടെ അലർച്ചകൾ, ഇണകളെ വിളിക്കുന്നതാവാം, ഇടയ്ക്കിടെ മുഴങ്ങിക്കേൾക്കാമായിരുന്നു. കുതിരപ്പറ്റങ്ങൾ പുൽപ്പുറം ചവിട്ടിമെതിച്ചുകൊണ്ട്‌ ഹുങ്കോടെ നടക്കുന്നുണ്ട്‌.

ഇരുട്ടു വീണപ്പോൾ ടോണേപുഴയുടെ കരയ്ക്കുള്ള ഫൂസാപട്ടണത്തിൽ ഞങ്ങളെത്തി. ഇവിടുള്ളവർ കോരമീനെ പിടിക്കുന്നത്‌ പരമ്പു കൊണ്ടുള്ള ഒരുതരം കെണി പുഴയിലാഴ്ത്തിയിട്ടാണ്‌. അതവർ ഇഡോയിലെ ചന്തയിൽ കൊണ്ടുപോയി വിൽക്കുന്നു. ഞങ്ങൾ ഒരു മുക്കുവക്കുടിലിൽ ചെന്നുകയറി മീൻനാറ്റത്തിനിടയിൽ കിടന്ന് അൽപനേരം മയങ്ങി. പിന്നെ  ഒരു തോണി പിടിച്ച്‌ ആ നിലാവത്ത്‌ ഞങ്ങൾ കാഷിമാക്ഷേത്രത്തിൽ ചെന്നുചേർന്നു.

പിറ്റേന്നു മഴ തുടങ്ങി; ചന്ദ്രോദയം കാണാൻ ഒരു വഴിയുമില്ല. കൊമ്പോൻജിക്ഷേത്രത്തിലെ പഴയ ശാന്തിക്കാരൻ ക്ഷേത്രം നിൽക്കുന്ന മലയടിവാരത്ത്‌ ആശ്രമം കെട്ടി താമസിക്കുകയാണെന്ന് ആരോ പറഞ്ഞു. അങ്ങനെ ഞാൻ അദ്ദേഹത്തെ ചെന്നുകണ്ടു; അന്നു രാത്രി അവിടെ തങ്ങാൻ അദ്ദേഹം സദയം അനുവാദം തരികയും ചെയ്തു. ആ ആശ്രമത്തിന്റെ പ്രശാന്തതയെ എങ്ങനെ വിവരിക്കേണ്ടു? പഴയൊരു കവിയുടെ വാക്കുകളിൽ പറഞ്ഞാൽ, അതെന്റെ ഹൃദയത്തെ ഒരു ധ്യാനഭാവത്തിലേക്കുയർത്തുകയായിരുന്നു. ചന്ദ്രനെ കാണാൻ പറ്റാത്തതിന്റെ മനഃക്ഷോഭം അൽപനേരത്തേക്കെങ്കിലും അടക്കാനും അതുവഴി എനിക്കു കഴിഞ്ഞു. പക്ഷേ പുലർച്ചയ്ക്കൽപ്പം മുമ്പ്‌ കനത്തുതൂങ്ങുന്ന മേഘങ്ങളുടെ വിള്ളലുകൾക്കിടയിലൂടെ ചന്ദ്രൻ തെളിയാൻ തുടങ്ങി. ഞാൻ ചെന്ന് പുരോഹിതനെ തട്ടിയുണർത്തി; അദ്ദേഹത്തോടൊപ്പം മറ്റുള്ളവരും എഴുന്നേറ്റുവന്നു. മേഘങ്ങളെ കീറി പുറത്തുവരാൻ ശ്രമിക്കുന്ന നിലാവിനെ നോക്കി, നിന്നുപെയ്യുന്ന മഴയുടെ ആരവം കേട്ട്‌ നിശബ്ദരായി ഞങ്ങളിരുന്നു. ഇത്ര നീണ്ട യാത്ര ചെയ്തു വന്നിട്ട്‌ എനിക്കു കാണാൻ കിട്ടിയത്‌ ചന്ദ്രന്റെ ഇരുണ്ട നിഴലാണെന്നു വരുന്നത്‌ ഖേദകരം തന്നെ, സംശയമില്ല; അതേസമയം ഒരു കുയിലിന്റെ പാട്ടു കേൾക്കാൻ ദീർഘയാത്ര നടത്തിയ ഒരു മഹതി* ഒരു കവിത പോലും എഴുതാനാവാതെ മടങ്ങിയതിന്റെ ഓർമ്മ എനിക്കു സാന്ത്വനമാവുകയും ചെയ്തു. അന്നു ഞങ്ങൾ എഴുതിയ കവിതകൾ ഇവയാണ്‌:

കാലമേതുമാകട്ടെ,

ചന്ദ്രൻ തിളങ്ങുന്നതൊരുപോൽ;

ഒഴുകുന്ന മേഘങ്ങളതിനെ

പല രാവിൽ പലതാക്കുന്നു.

(സന്യാസിയെഴുതിയത്‌)

*

പായുന്ന ചന്ദ്രനു ചോടെ

ഇലത്തലപ്പുകൾ-

മഴയുടെ കനവും പേറി.

(ബാഷോ എഴുതിയത്‌)

*

അന്തിയുറങ്ങിയതമ്പലത്തിൽ-

അതിനാൽ ഞാൻ ചന്ദ്രനെക്കണ്ടതും

ഭക്തിയോടെ.

(ബാഷോ)

*

മഴയത്തു മയങ്ങിപ്പോയി

മുളംതണ്ട്‌-

ചന്ദ്രനെക്കാണാനതു

നിവർന്നുനിൽക്കുന്നു.

(സോറ) *

*

അമ്പലക്കൂരയിലിറവെള്ളമിറ്റുമ്പോൾ

ചന്ദ്രനെ നോക്കി നിങ്ങൾ നിൽക്കുന്നു-

തനിച്ചാണീ ലോകത്തെന്നു

നിങ്ങൾക്കു തോന്നും.

(സോഹ)

*

കാഷിമാക്ഷേത്രത്തിൽ വച്ചെഴുതിയത്‌:

പുരാതനർ ദേവകളുടെ നാളിൽ

ഒരു വെറും വിത്തായിരുന്നിരിക്കുമീ

വൃദ്ധനാം പൈൻമരം.

(ബാഷോ)

*

അമ്പലക്കല്ലില്‍

മഞ്ഞുതുള്ളികള്‍-

ഭക്തിയോടെ

നാമതു വടിച്ചെടുക്കുക.

(സോഹ)*

*

അമ്പലത്തിനു മുന്നില്‍

കലമാനുകള്‍ പോലും

മുട്ടുകുത്തുന്നു,

ദീനരോദനവുമായി

(സോറ)

*

ഒരു കളപ്പുരയിൽ വച്ചെഴുതിയത്‌:

പാതി കൊയ്ത പാടത്ത്‌

ഒറ്റയ്ക്കൊരു കൊറ്റി-

ശരൽക്കാലമിരുളുകയും.

(ബാഷോ)

*

നെല്ലു കുത്തുന്ന പെൺകുട്ടി

വേല തെല്ലു നിർത്തുന്നു

ചന്ദ്രനെയൊന്നു നോക്കാന്‍.

(ബാഷോ)

*

തീയിട്ട പാടത്ത്‌

ഉരുളക്കിഴങ്ങിന്നിലകൾ-

പെരുവിരലൂന്നി ഞാൻ

ചന്ദ്രനെക്കാത്തു നിൽക്കുന്നു.

(ബാഷോ)

*

ഒരു പാടത്തു വച്ചെഴുതിയത്‌:

എന്നുടയാടകൾക്കു

നിറം കൂടി,

പൂവിട്ട

പയർച്ചെടികൾക്കിടയിൽ.

(സോറ)

*

1687


* തെയ്ഷിത്‌സു Teishitsu (1610-1673)- ക്യോട്ടോവില്‍ വ്യാപാരിയായിരുന്ന ഹൈക്കു കവി.

*ചൂനാഗോണ്‍ Chunagon (818-893)- Arihara-no-Yukihira എന്ന വാക്ക കവി അറിയപ്പെട്ടിരുന്നത് ഈ പേരിലാണ്. അദ്ദേഹത്തിന്റെ പ്രശസ്തമായ ഈ കവിതയാണ് തെയ്ഷിറ്റ്സു പരാമര്‍ശിക്കുന്നത്:

ഞാനെവിടെയെന്ന് ആരെങ്കിലും ചോദിച്ചാല്‍

പറഞ്ഞേക്കൂ,

സുമാ കടലോരത്തെ ഉപ്പളങ്ങളില്‍

ഉപ്പു കയ്ക്കുന്ന കണ്ണീരുമൊഴുക്കി

അയാളിരുപ്പുണ്ടെന്ന്.

*റോസാൻമല Rozan/ Lu-shan-കിഴക്കന്‍ ചൈനയിലെ ഒരു പര്‍വ്വതനിര. പണ്ടുകാലത്തെ പല കവികളും ഏകാന്തത കൊതിച്ച് ഇവിടെ താമസമാക്കിയിരുന്നു.

*റൺസെറ്റ്സുRansetsu (1654-1707)- സമുരായി കൂടിയായിരുന്ന ഹൈക്കു കവി.

*യമാടോടകേരു Yamatotakeru - ജപ്പാനിലെ പ്രാചീനരാജവംശത്തില്‍ പെട്ട രാജാവ്; പരാക്രമി എന്നു പേരെടുത്തു.

*രംഗാ Renga -ഒന്നിലധികം കവികളെഴുതുന്ന തുടര്‍ക്കവിത.

*തമെനാക്ക {Tachibana-no-Tamenaka (?-1085)- ഒരു വാക്ക കവി.

*ബാഷോ പറയുന്നത് സെയ്ഷോനാഗോണ്‍ (Seshonagon) എന്ന കവയിത്രിയെ കുറിച്ചാണ്.

* സോറ Sora(1649-1710)- ബാഷോയുടെ യാത്രകളില്‍ അദ്ദേഹത്തിന്റെ സഹയാത്രികന്‍. ബാഷോയുടെ യാത്രക്കുറിപ്പുകളില്‍ ഭാവനയുടെ അംശം എത്രയുന്ടെന്നറിയുന്നത് സോറയുടെ വിവരണങ്ങള്‍ വായിക്കുമ്പോഴാണ്!

*സോഹ Soha ഇഡോയിലെ ജ്യോരിന്‍ജി ക്ഷേത്രത്തിലെ മുഖ്യപുരോഹിതന്‍ ആണെന്നു കരുതപ്പെടുന്നു.


2018, ഓഗസ്റ്റ് 19, ഞായറാഴ്‌ച

മറ്റ്‌സുവോ ബാഷോ - സരാഷിനായാത്ര



1688ലെ ശരല്ക്കാലത്ത് ബാഷോ ഇന്നത്തെ നഗാനോ പ്രവിശ്യയിലുള്ള സരാഷിന (Sarashina)യിലേക്ക് ഒരു യാത്ര നടത്തി. അദ്ദേഹത്തിനന്ന് 45 വയസ്സായിരുന്നു. അടുത്ത ശിഷ്യന്മാരിൽ ഒരാളായ എറ്റ്സുജിൻ Etsujin(1655-1739) ആയിരുന്നു സഹയാത്രികൻ.

ശരല്ക്കാലചന്ദ്രനെ നോക്കിയിരിക്കുക എന്നത് അക്കാലത്തെ ജപ്പാനിൽ ആളുകൾ വളരെ ഭവ്യമായി കണ്ടിരുന്ന ഒരു സൗന്ദര്യാനുഷ്ഠാനമായിരുന്നു. ശരല്ക്കാലചന്ദ്രനെ കാണാൻ താൻ നടത്തിയ യാത്രയെക്കുറിച്ചുള്ള അനുഭവങ്ങളാണ്‌ ബാഷോ തന്റെ ‘സരാഷിനായാത്ര’ (Sarashina Kiko)യിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു കൊല്ലം കഴിഞ്ഞ് വടക്കൻ ജപ്പാനിലേക്ക് അദ്ദേഹം നടത്താനിരിക്കുന്ന പ്രശസ്തമായ യാത്രയുടെ വിവരണത്തിന്റെ പ്രവേശമായി ഇതിനെ കാണാം. ഒബാസുതേ (Obasute) മലയിൽ നിന്നു കാണുന്ന ചന്ദ്രനെക്കുറിച്ച് ചെറിയ ഒരു ഗദ്യലേഖനവും ഇക്കാലത്തെഴുതിയതാണ്‌. ഹെയ്ബൺ (Haibun) എന്ന, ഗദ്യവും ഹൈക്കുവും ചേർന്ന സാഹിത്യരൂപത്തിന്റെ ആദ്യമാതൃകകളിൽ പെട്ടതാണ്‌ ഈ യാത്രക്കുറിപ്പ്.



ശരൽക്കാലത്തെ കാറ്റു വീശിത്തുടങ്ങിയപ്പോൾ ഒബാസുതേമലയ്ക്കു മേൽ പൂർണ്ണചന്ദ്രനുദിക്കുന്നതു കാണാനുള്ള എന്റെ ആഗ്രഹം കലശലായി. സരാഷിനാഗ്രാമത്തിലെ ആ പരുക്കൻമലകൾക്കിടയിലാണ്‌ പണ്ടൊരുകാലത്ത്‌ ഗ്രാമീണർ തങ്ങളുടെ വയസ്സായ അമ്മമാരെ കൊണ്ടുപോയിത്തള്ളിയിരുന്നത്‌. ഇതേയാഗ്രഹം മനസ്സിൽ വച്ചുനടന്നിരുന്ന മറ്റൊരാളുണ്ടായിരുന്നു-എന്റെ ശിഷ്യനായ എറ്റ്സുജിൻ; അയാളും എന്നോടൊപ്പം വന്നു. ഒപ്പം എന്റെ ചങ്ങാതി കാക്കെയ്‌ ഏർപ്പാടാക്കിയ ഒരു വേലക്കാരനും.

ഗ്രാമത്തിലേക്കുള്ള കിസോനിരത്ത്‌ ഉയരത്തിലുള്ള കുറേ മലനിരകൾ കടന്നുപോകുന്നതായതിനാൽ ചെങ്കുത്തായതും അപകടം പിടിച്ചതുമായിരുന്നല്ലോ.തങ്ങളാലാവുംവിധം പരസ്പരം സഹായിക്കാൻ ഞങ്ങൾ ശ്രമിച്ചുവെങ്കിലും യാത്ര ചെയ്തു പരിചയമില്ലാത്തതിനാൽ പല പിഴവുകളും ഞങ്ങൾക്കു പറ്റി. ആ പിഴവുകൾ പക്ഷേ ഞങ്ങൾക്കു പറഞ്ഞുചിരിക്കാനുള്ള വകയാവുകയും അങ്ങനെ മുന്നോട്ടു നീങ്ങാനുള്ള ധൈര്യം പകരുകയും ചെയ്തു.

പോരുന്ന വഴിക്കൊരിടത്തു വച്ച്‌ അറുപതിനു മേൽ പ്രായം വരുന്ന ഒരു പുരോഹിതനെ കണ്ടുമുട്ടി; മുതുകത്തു വലിയൊരു മാറാപ്പും മുഖത്തു മുഷിഞ്ഞൊരു ഗൗരവഭാവവുമായി വിഷമിച്ചു തപ്പിപ്പിടിച്ചു നടക്കുകയാണദ്ദേഹം. എന്റെ കൂട്ടാളികൾക്കനുകമ്പ തോന്നി പുരോഹിതന്റെ ചുമലിൽ നിന്നു ഭാണ്ഡമെടുത്ത്‌ എന്റെ കുതിരപ്പുറത്തേറ്റി. അതുകാരണം വലിയൊരു കെട്ടിൻപുറത്തായി എന്റെ യാത്ര. എന്റെ തലയ്ക്കു മേൽ മലകൾ ഒന്നിനുമേലൊന്നായി ഉയർന്നുനിൽക്കുകയാണ്‌; എനിക്കിടതുവശത്തായി ആയിരമടി താഴെ തിളച്ചൊഴുകുന്ന ഒരു പുഴയിലേക്കു പതിക്കുന്ന അഗാധമായ ഒരു ഗർത്തം. കുതിരയൊന്നു തെറിച്ചാൽ ഞാൻ ഞെട്ടിവിറയ്ക്കും.

കാകേഹാഷി, നെസാമേ, സരി-ഗാ-ബാബ എന്നിങ്ങനെ പേരായി അപകടം പിടിച്ച പല സ്ഥലങ്ങളും ഞങ്ങൾ കടന്നുപോയി. വളഞ്ഞും പുളഞ്ഞും കയറിപ്പോകുന്ന ആ മലമ്പാതയിലൂടെ അങ്ങനെ യാത്ര ചെയ്യുമ്പോൾ മേഘങ്ങൾക്കിടയിലൂടെ തപ്പിത്തടഞ്ഞുനടക്കുകയാണു ഞങ്ങളെന്ന് എനിക്കു തോന്നിപ്പോയി. പേടി കൊണ്ടു മനസ്സിന്റെ സമനില തെറ്റുമെന്നായപ്പോൾ ഞാൻ കുതിരപ്പുറത്തുള്ള സവാരി ഉപേക്ഷിച്ച്‌ സ്വന്തം കാലുകളിൽ പ്രാഞ്ചിപ്രാഞ്ചി നടന്നു. പകരം വേലക്കാരൻ കുതിരപ്പുറത്തു കയറി. അയാൾക്കു പക്ഷേ അപകടത്തിന്റെ ചിന്ത തന്നെയില്ലെന്നു തോന്നി. ഇടയ്ക്കിടയ്ക്കയാൾ കുതിരപ്പുറത്തിരുന്നു മയങ്ങുകയും ചെയ്യുന്നുണ്ട്‌; ആ അഗാധമായ ഗർത്തത്തിലേക്കയാൾ തലകുത്തി വീഴുമെന്നു തോന്നിപ്പോയി. ഓരോ തവണ അയാളുടെ തല ഒടിഞ്ഞുവീഴുന്നതു കാണുമ്പോഴും ഞാൻ ഭയന്നുവിറയ്ക്കുകയായിരുന്നു. ഒന്നോർത്താൽ നാമോരോരുത്തരും ആ വേലക്കാരനെപ്പോലെയല്ലേ? കാറും കോളും നിറഞ്ഞ അന്തരീക്ഷത്തിൽ, മറഞ്ഞുകിടക്കുന്ന അപകടങ്ങളെക്കുറിച്ചു ബോധവാന്മാരാകാതെ, ഉറയ്ക്കാത്ത മണ്ണടരുകളിൽച്ചവിട്ടി നീങ്ങുകയാണു നാം; എനിക്ക്‌ ആ വേലക്കാരനെക്കാണുമ്പോഴുള്ള അതേ ഉത്ക്കണ്ഠയോടെയാവില്ലേ, അങ്ങുയരത്തിലിരുന്ന് ബുദ്ധഭഗവാൻ നമ്മുടെ ഭാഗ്യവിപര്യയങ്ങളെ വീക്ഷിക്കുന്നതും?

ഇരുട്ടു വീണപ്പോൾ ഞങ്ങൾ ഒരു കുടിലിൽ അഭയം തേടി. ഞാൻ വിളക്കു കൊളുത്തിവച്ചിട്ട്‌ മഷിക്കുപ്പിയും പേനയുമെടുത്തു. അന്നു കണ്ട ദൃശ്യങ്ങളും മനസ്സിൽക്കുറിച്ച കവിതകളും ഓർത്തെടുക്കാനായി ഞാൻ കണ്ണുകളടച്ചിരുന്നു. ഞാൻ തലയിൽ തട്ടിക്കൊണ്ട്‌ ഒരു തുണ്ടു കടലാസ്സിനു മേൽ കുനിഞ്ഞിരിക്കുന്നതു കണ്ടപ്പോൾ പുരോഹിതൻ കരുതിക്കാണണം, ഞാൻ യാത്രാക്ഷീണം കാരണം ക്ലേശിക്കുകയാണെന്ന്. അദ്ദേഹം താൻ ചെറുപ്പകാലത്തു നടത്തിയിട്ടുള്ള തീർത്ഥയാത്രകളെക്കുറിച്ചും പുരാണങ്ങളിലെ മഹാവാക്യങ്ങളെക്കുറിച്ചും താൻ സാക്ഷിയായിട്ടുള്ള അത്ഭുതങ്ങളെക്കുറിച്ചുമൊക്കെ എന്നോടു വിസ്തരിക്കാൻ തുടങ്ങി. ഈയൊരു തടസ്സം കാരണം, കഷ്ടം, ഒരു കവിത പോലുമെഴുതാൻ എനിക്കു കഴിഞ്ഞില്ല. ഈ സമയത്തു പക്ഷേ, ഇലച്ചിലുകൾക്കും ചുമരിലെ വിള്ളലുകൾക്കുമിടയിലൂടെ നിലാവ്‌ എന്റെ മുറിയിലേക്കിറങ്ങിവന്നു. മരക്കട്ടകളുടെ താളത്തിനും കാട്ടുമാനുകളെ തുരത്തിയോടിക്കുന്ന നാട്ടുകാരുടെ ഒച്ചവയ്പ്പിനും കാതു കൊടുക്കവെ ഞാൻ മനസ്സിൽ പറയുകയായിരുന്നു, ശരൽക്കാലത്തിന്റെ ഏകാന്തത ഈ രംഗത്തിൽ പൂർത്തി തേടുകയാണെന്ന്. ഞാൻ എന്റെ കൂട്ടാളികളോടു പറഞ്ഞു, 'ദീപ്തചന്ദ്രന്റെ രശ്മികൾക്കു ചോടെ, വരൂ, നമുക്കൊന്നു മോന്താം'. വീട്ടുകാരൻ കോപ്പകളുമായി വന്നു.അവയുടെ ഏറിയ വലിപ്പം അത്ര വിശിഷ്ടമായ ഒരു അഭിരുചിയെ കുറിക്കുന്നില്ല; സ്വർണ്ണനിറത്തിലുള്ള അരക്കു കൊണ്ടുള്ള അലങ്കാരപ്പണികളാവട്ടെ, അത്ര ഭംഗിയുള്ളതുമല്ല. സംസ്ക്കാരം കൂടിപ്പോയ നഗരവാസികൾ അവ തൊടാൻ ഒന്നറച്ചേക്കാം. പക്ഷേ ഒരുൾനാട്ടിൽ വച്ച്‌  എനിക്കവ കണ്ടപ്പോള്‍ ആഹ്ലാദമാണു തോന്നിയത്‌; രത്നം പതിച്ച അപൂർവമായ നീലക്കോപ്പകളെക്കാൾ അനർഘമാണവയെന്നും എനിക്കു തോന്നി.

ഉൾനാട്ടുമാനത്തൊരു
വിപുലചന്ദ്രനെക്കാൺകെ
എനിക്കൊരു തോന്നൽ,
പൊന്നരക്കു കൊണ്ടതിൽ വരയ്ക്കാൻ.

*

മലമ്പള്ളത്തിനു മേൽ തൂക്കുപാലം-
അതിൽ പറ്റിയിരിക്കുന്നു,
പ്രാണൻ കൂട്ടിപ്പിടിച്ച്
ഒരു വള്ളിപ്പന്ന.

*

ക്യോട്ടോവിലേക്കു പോകും വഴി
ചക്രവർത്തിയുടെ കുതിരകൾ
കടന്നുപോയിരിക്കണം,
ഈ തൂക്കുപാലം.

*

പാലം പാതിയെത്തുമ്പോൾ,
മഞ്ഞുമറ മായുമ്പോൾ,
കണ്ണു ചിമ്മാൻ പോലും
എനിക്കു പേടിയാകുന്നു.
(എറ്റ്സുജിൻ എഴുതിയത്)

*

ഒബാസുതെ മലയിൽ വച്ചെഴുതിയത്:

ഭാവനയിൽ കണ്ടു,
ചന്ദ്രനെക്കണ്ടാനന്ദിച്ച്
രണ്ടുപേർ,
ഒരു വൃദ്ധയും ഞാനും.

*

പിറ വന്നു
പതിനാറായിട്ടും
സരാഷിന വിട്ടു
ഞാൻ പോയില്ല.

*

മൂന്നു നാളു പോയപ്പോൾ
മൂന്നു വേള ഞാൻ കണ്ടു,
കഴുകിത്തെളിഞ്ഞ മാനത്ത്
നിന്നുകത്തുന്ന ചന്ദ്രനെ.

(എറ്റ്സുജിൻ എഴുതിയത്)

*

മെലിഞ്ഞ ഞെട്ടുകളിൽ
മഞ്ഞുതുള്ളികളണിഞ്ഞ്
മഞ്ഞമുത്തങ്ങ.

*

പൊള്ളുന്ന മുള്ളങ്കി
നാവു പൊള്ളിച്ചു,
ശരല്ക്കാലക്കാറ്റെന്റെ
നെഞ്ചു പൊള്ളിച്ചു.

*

വിട ചൊല്ലിയും
വിട നല്കിയും
കിസോയിലെ ശരല്ക്കാലത്തേക്ക്
ഞാൻ കാലെടുത്തുവച്ചു.

*

സെൻകോജി ക്ഷേത്രത്തിൽ വച്ചെഴുതിയത്

നാലു പടിപ്പുരകൾ
നാലു സമ്പ്രദായങ്ങൾ-
തെളിഞ്ഞ നിലാവത്ത്
ഒരുമിച്ചുറക്കം.

*

എന്റെ മേൽ ചരലു വിതറി
അസമ മലയിൽ
പൊടുന്നനേയൊരു
കൊടുങ്കാറ്റ്.

*


Link to English Version

2018, ഓഗസ്റ്റ് 14, ചൊവ്വാഴ്ച

മറ്റ്‌സുവോ ബാഷോ - കവിതയെക്കുറിച്ച്


ഒരുനൂറെല്ലുകളും ഒമ്പതു ദ്വാരങ്ങളുമുള്ള എന്റെ ഈ മർത്ത്യദേഹത്തിനുള്ളിൽ ഒരു വസ്തു കുടികൊള്ളുന്നുണ്ട്‌; മറ്റൊരു പേരു കിട്ടാത്തതിനാൽ ഞാനതിനെ കാറ്റു പിടിച്ച ഒരാത്മാവ്‌ എന്നു വിളിക്കട്ടെ. കാറ്റൊന്നനങ്ങിയാൽ കീറിപ്പറന്നുപോകുന്ന നേർത്തൊരു തിരശ്ശീല തന്നെയാണത്‌. എന്റെയുള്ളിലിരിക്കുന്ന ഈ വസ്തു വർഷങ്ങൾക്കു മുമ്പ്‌ കവിതയെഴുത്തിലേക്കു തിരിഞ്ഞു; ഒരു രസത്തിനു തുടങ്ങിയതാണെങ്കിലും പിന്നീടത്‌ ആയുഷ്കാലചര്യയായി മാറുകയാണുണ്ടായത്‌. മനസ്സു മടുത്ത്‌ അതു തന്റെ നിയോഗം ഉപേക്ഷിക്കാൻ തീരുമാനിച്ച ഘട്ടങ്ങളുണ്ടായിട്ടുണ്ട്‌; മറ്റു ചിലപ്പോഴാവട്ടെ, അന്യർക്കു മേൽ പൊട്ടവിജയങ്ങൾ ഘോഷിച്ചുകൊണ്ട്‌ അതു നെഞ്ചു വിരിച്ചു നിന്നിട്ടുമുണ്ട്‌. എന്തിനു പറയുന്നു, കവിതയെഴുത്തു തുടങ്ങിയതിൽപ്പിന്നെ അതിനു മനസ്സമാധാനമെന്നതുണ്ടായിട്ടില്ല; ഒന്നല്ലെങ്കിൽ മറ്റൊരു സന്ദേഹം അതിനെ അലട്ടാൻ വന്നുകൊണ്ടിരിക്കും. ഒരിക്കലത്ത്‌ ജീവിതസുരക്ഷിതത്വം കൊതിച്ച്‌ സർക്കാരുദ്യോഗത്തിൽ ചേരാനൊരുങ്ങിയതാണ്‌; മറ്റൊരിക്കലാവട്ടെ, തന്റെ അജ്ഞതയുടെ ആഴം എത്രത്തോളമുണ്ടെന്നറിയാൻ ഒരു പണ്ഡിതനാവാനും കൊതിച്ചിരുന്നു.പക്ഷേ കവിതയോടുള്ള അദമ്യമായ പ്രേമം കാരണം രണ്ടും നടക്കാതെപോയി. കവിതയെഴുത്തല്ലാതെ മറ്റൊരു വിദ്യയും അതിനറിയില്ല എന്നതാണു വാസ്തവം; അക്കാരണം കൊണ്ടുതന്നെയാണ്‌ അതു കവിതയിൽ അന്ധമായി തൂങ്ങിപ്പിടിച്ചുകിടക്കുന്നതും.

*

ഏതൊരു കലയുമെടുത്തോളൂ, അതിൽ യഥാർത്ഥമികവു കാണിച്ചവർക്കെല്ലാം പൊതുവായിട്ടൊരു ഗുണമുണ്ടാവും: പ്രകൃതിയെ അനുസരിക്കാനുള്ള ശ്രദ്ധ; ഋതുഭേദങ്ങൾക്കൊപ്പം പ്രകൃതിയുമായി ഒന്നാകാനുള്ള ഒരു മനസ്സ്‌. അങ്ങനെയൊരു മനസ്സ്‌ എന്തു കണ്ടാലും അതൊരു പൂവായിരിക്കും; ആ മനസ്സു സ്വപ്നം കാണുന്നതൊക്കെ ചന്ദ്രനുമായിരിക്കും. കിരാതമായ ഒരു മനസ്സേ പൂവല്ലാതെ മറ്റൊന്നിനെ മുന്നിൽ കാണുന്നുള്ളു; മൃഗീയമായ ഒരു മനസ്സേ ചന്ദ്രനല്ലാതെ മറ്റൊന്നിനെ സ്വപ്നം കാണുന്നുള്ളു. അപ്പോൾ കലാകാരനുള്ള ആദ്യപാഠം ഇതാണ്‌: തന്നിലെ കിരാതനെയും മൃഗത്തെയും കീഴമർത്തുക, പ്രകൃതിയെ അനുസരിക്കുക, പ്രകൃതിയിൽ ലയിക്കുക.

*

യഥാർത്ഥജ്ഞാനത്തിന്റെ ലോകത്തേക്ക്‌ മനസ്സിനെ പ്രവേശിപ്പിക്കുമ്പോൾത്തന്നെ സൗന്ദര്യത്തിന്റെ നേരറിയാൻ നിത്യജീവിതത്തിലേക്കു മടങ്ങുക എന്നതാണു പ്രധാനം. നിങ്ങൾ എന്തു ചെയ്താലുമാകട്ടെ, അതിനൊക്കെ നമ്മുടെയെല്ലാം ആത്മാവായ കവിതയുമായി ബന്ധമുണ്ടാവണം എന്നതു മറക്കരുത്‌.

*

പൈൻമരത്തെ അറിയണോ, പൈൻമരത്തിനടുത്തേക്കു ചെല്ലൂ; മുളയെക്കുറിച്ചറിയണോ, മുളംകാവിലേക്കു ചെല്ലൂ. പക്ഷേ മുൻവിധികളുമായി നിങ്ങൾ പോകരുത്‌. അങ്ങനെയായാൽ മറ്റൊന്നിലാരോപിതമായ നിങ്ങളെത്തന്നെയേ നിങ്ങൾക്കറിയാനുള്ളു. നിങ്ങളും കവിതയുടെ വിഷയവും ഒന്നായിക്കഴിഞ്ഞാൽ, അതായത്‌ ആഴത്തിലൊളിഞ്ഞിരിക്കുന്ന ഒരു നേർത്ത നാളം കണ്ണിൽപ്പെടുന്നിടത്തോളം വിഷയത്തിലേക്കിറങ്ങിച്ചെല്ലാൻ നിങ്ങൾക്കായാൽ കവിത താനേ പുറത്തുവന്നോളും. നിങ്ങളുടെ കവിത എത്ര തേച്ചുമിനുക്കിയ ഉരുപ്പടിയുമായിക്കോട്ടെ, സ്വാഭാവികമല്ല നിങ്ങളുടെ അനുഭവമെങ്കിൽ-നിങ്ങളും വിഷയവും വേർപെട്ട നിലയിലാണെങ്കിൽ-അത് യഥാർത്ഥകവിതയല്ല, നിങ്ങൾ തന്നെ അടിച്ചിറക്കിയ വെറുമൊരു കള്ളനാണയമാണത്‌.

*

മറ്റു സമ്പ്രദായക്കാരുടെ കവിതകൾ വർണ്ണചിത്രങ്ങൾ പോലെയാണ്‌; കരിക്കട്ട കൊണ്ടു വരയുകയാണ്‌ എന്റെ രീതി.

*

വേനലില്‍  ചൂളയും മഞ്ഞുകാലത്തു വിശറിയുമാണ്‌ എന്റെ കവിത.

2018, ഓഗസ്റ്റ് 13, തിങ്കളാഴ്‌ച

വീസ്വാവ ഷിംബോര്‍സ്ക്ക - പ്രണയത്തെക്കുറിച്ച് മൂന്നു കവിതകള്‍

szymborska2

പ്രഥമദൃഷ്ട്യാ പ്രണയം

ഇരുവർക്കും സംശയമേതുമില്ല,
വികാരത്തിന്റെ പൊടുന്നനേയുള്ളൊരിരച്ചുകേറ്റത്തിൽ
തമ്മിലൊന്നിക്കുകയായിരുന്നു തങ്ങളെന്നതിൽ.
അത്രയും തീർച്ച മനോഹരം തന്നെ,
തീർച്ചയില്ലായ്മ അതിലും മനോഹരമത്രേ പക്ഷേ.

ഇതിൻ മുമ്പു  പരസ്പരം കണ്ടിട്ടേയില്ലാത്തതിനാൽ അവർ കരുതുന്നു,
തങ്ങൾക്കിടയിൽ ഇതുവരെ യാതൊന്നുമുണ്ടായിട്ടില്ലെന്ന്.
അപ്പോൾപ്പിന്നെ ആ തെരുവുകളുടെയും കോണിപ്പടികളുടെയും ഇടനാഴികളുടെയും കാര്യമോ-
അവർ എത്ര ലക്ഷം തവണ അവയിലൂടെ  കടന്നുപോയിട്ടുണ്ടാവണം.

അവർക്കോർമ്മയുണ്ടോയെന്ന്
എനിക്കൊന്നു ചോദിക്കണം-
കറങ്ങുന്ന വാതിലിനു മുന്നിൽ
ഒരിക്കലെങ്കിലുമവർ മുഖത്തോടു മുഖം വന്നിട്ടില്ലേ?
ആൾക്കൂട്ടത്തിനിടയിൽ വച്ച് ഒരു “സോറി” അവർ മന്ത്രിച്ചിട്ടില്ലേ?
ഒരു “റോംഗ് നമ്പർ” അവർ ഫോണിലൂടെ പറഞ്ഞിട്ടില്ലേ?
അവരുടെ മറുപടി എന്തായിരിക്കുമെന്നെനിക്കൂഹിക്കാം-
ഇല്ല, തങ്ങൾക്കൊന്നുമോർമ്മയില്ല.

എത്രയോ കാലമായി
യാദൃച്ഛികത തങ്ങളെയിട്ടു കളിപ്പിക്കുകയായിരുന്നു എന്നറിയുമ്പോൾ
അവർ അമ്പരന്നു പോവും.

ഇനിയുമവരുടെ ഭാഗധേയമാവാൻ കാലമായിട്ടില്ലെന്നതിനാൽ
അതവരെ തള്ളിയടുപ്പിക്കുകയും പിടിച്ചുമാറ്റുകയും
അവരുടെ വഴി മുടക്കിനിൽക്കുകയും
പിന്നെ ഒരു ചിരി അമർത്തിക്കൊണ്ട്
ചാടിമാറുകയും ചെയ്യുകയായിരുന്നു.

അടയാളങ്ങളുണ്ടായിരുന്നു, സംജ്ഞകളുണ്ടായിരുന്നു,
അവർക്കതു മനസ്സിലായിരുന്നില്ലെന്നു മാത്രം.
ഒരു മൂന്നുകൊല്ലം മുമ്പ്
അതല്ലെങ്കിൽ ഇക്കഴിഞ്ഞ ചൊവ്വാഴ്ചയല്ലേ,
ഏതോ ഒരില
ഒരു ചുമലിൽ നിന്നു മറ്റൊരു ചുമലിലേക്കു പാറിവീണത്?
കാണാതെപോയതെന്തോ അവർ പെറുക്കിയെടുത്തിരുന്നു-
ബാല്യത്തിന്റെ പൊന്തക്കാട്ടിലേക്കുരുണ്ടുമറഞ്ഞ കളിപ്പന്തായിരുന്നില്ല
അതെന്നാരുകണ്ടു?

എത്ര വാതിൽപ്പിടികളും വാതില്‍മണികളുമുണ്ടായിരുന്നു,

അതിലൊന്നിലെങ്കിലും

ഒരാളുടെ സ്പര്‍ശത്തെ മറ്റൊരാളുടെ സ്പര്‍ശം പൊതിഞ്ഞില്ലേ?

ഒരു ലഗേജു മുറിയിൽ അടുത്തടുത്തു വച്ച പെട്ടികൾ അവരുടേതായിരുന്നില്ലേ?

ഏതോ ഒരു രാത്രിയിൽ

അവർ ഒരേ സ്വപ്നം തന്നെ കണ്ടിരുന്നുവെന്നു വരാം,

പുലരുമ്പോൾ പൊടുന്നനേയതു മാഞ്ഞുപോയതാവാം.

ഏതു തുടക്കവും
ഒരു തുടർച്ചയെന്നേയുള്ളു,
സംഭവങ്ങളുടെ പുസ്തകം
പാതി തുറന്നേ കിടക്കാറുമുള്ളു.


ആദ്യാനുരാഗം

ആളുകൾ പറയുന്നു
ആദ്യാനുരാഗമാണതിപ്രധാനമെന്ന്.
കാര്യം വളരെ കാല്പനികം തന്നെ.
എനിക്കനുഭവമതല്ല പക്ഷേ.

ഞങ്ങൾക്കിടയിലെന്തോ ഉണ്ടായിരുന്നു,
എന്നാൽ ഉണ്ടായിരുന്നുമില്ല.
എന്തോ നടന്നു, അതോടതു കഴിഞ്ഞു.

പോയകാലത്തിൽ നിന്നെന്തോ ചിലത്,
ചരടു കൊണ്ടു കെട്ടിവച്ച (നാട കൊണ്ടു പോലുമല്ല)
ഒരു കൂട്ടം കത്തുകൾ കൈയിൽ തടയുമ്പോൾ
എന്റെ വിരലുകൾ വിറകൊള്ളാറില്ല.

വർഷങ്ങൾക്കു ശേഷം ഞങ്ങളാദ്യമായി കാണുമ്പോൾ:
വെറുങ്ങലിച്ചൊരു മേശയ്ക്കിരുപുറവുമായി
രണ്ടു കസേരകളുടെ സംഭാഷണം.

മറ്റു പ്രണയങ്ങളിന്നുമെന്നിൽ ദീർഘശ്വാസമെടുക്കുന്നു.
ഈ പ്രണയത്തിനു പക്ഷേ,
ഒരു ദീർഘനിശ്വാസത്തിനുള്ള പ്രാണബലം പോലുമില്ല.

അങ്ങനെയായിരിക്കെത്തന്നെപക്ഷേ,
മറ്റുള്ളവയ്ക്കു കഴിയാത്തതൊന്നതു ചെയ്യുന്നുണ്ട്:
ഓർമ്മ വരാതെയും,
സ്വപ്നം കാണാതെപോലും,
അതെന്നെ മരണത്തിനു പരിചയപ്പെടുത്തുന്നു.


സന്തുഷ്ടപ്രണയം

സന്തുഷ്ടപ്രണയം. അതു സ്വാഭാവികമാണോ,
അതു ഗൌരവമുള്ളതാണോ, അതു പ്രായോഗികമാണോ?-
സ്വന്തമായൊരു ലോകത്തൊതുങ്ങിക്കൂടിയ രണ്ടു പേരെക്കൊണ്ട്
ലോകത്തിനെന്തു പ്രയോജനം?

പ്രത്യേകിച്ചൊരു കാരണവുമില്ലാതെ ഒരുന്നതപീഠത്തിൽ പ്രതിഷ്ഠിക്കപ്പെട്ടവർ,
കോടിക്കണക്കിനായ ആൾക്കാരിൽ നിന്ന് വെറും ഭാഗ്യം കൊണ്ടു മാത്രം നറുക്കു വീണവർ,
അതങ്ങനെയേ വരൂ എന്നു പക്ഷേ സ്വയം അത്രയ്ക്കുറപ്പായവർ-
എന്തിനുള്ള പ്രതിഫലമായി? ഒന്നിനുമല്ല.
എങ്ങുനിന്നുമല്ലാതെ ഒരു വെളിച്ചം വന്നുവീഴുന്നു-
എന്തുകൊണ്ടതീരണ്ടു പേരിൽ, മറ്റാരിലുമല്ലാതെ?
അതൊരു നീതിനിഷേധമല്ലേ? അതെ.
ഇത്രകാലമെടുത്തു നാം കെട്ടിപ്പൊക്കിയ പ്രമാണങ്ങൾക്കു വിരുദ്ധമല്ലേ,
നമ്മുടെ സദാചാരതത്വങ്ങളെ താഴേക്കു വലിച്ചെറിയലല്ലേ?
രണ്ടു കണക്കിലും അതെ.

ആ സന്തുഷ്ടരായ രണ്ടുപേരെ ഒന്നു നോക്കൂ.
അവർക്കതൊന്നു മറച്ചുപിടിക്കുകയെങ്കിലും ചെയ്തുകൂടേ,
തങ്ങളുടെ സുഹൃത്തുക്കളുടെ സന്തോഷത്തിനായി
ഒരല്പം വിഷാദം അഭിനയിക്കുകയെങ്കിലും ചെയ്തുകൂടേ അവർക്ക്!
എന്താണവരുടെ ചിരി- ധിക്കാരമല്ലേ അത്?
അവരുടെ ഭാഷ- അതു പൊട്ടത്തരമല്ലെന്നതു വെറും  തോന്നലല്ലേ?
അവരുടെ കൊച്ചുകൊച്ചാഘോഷങ്ങൾ, അനുഷ്ഠാനങ്ങൾ,
അന്യോന്യബാദ്ധ്യതകളുടെ വിപുലാചരണങ്ങൾ-
പുറംതിരിഞ്ഞു നിന്നുകൊണ്ട് മനുഷ്യവർഗ്ഗത്തിനെതിരായി
അവരെന്തോ ഒപ്പിക്കുകയാണെന്നതു തീർച്ച!

മറ്റുള്ളവരും ഇവരുടെ പാത പിന്തുടരുകയാണെങ്കിൽ
കാര്യങ്ങൾ എവിടെച്ചെന്നവസാനിക്കും?
മതവും കവിതയും പിന്നെന്തിനെ ആശ്രയിക്കും?
ഓർക്കാനെന്തുണ്ടാവും, ത്യജിക്കാനെന്തുണ്ടാവും?
അതിരുകൾക്കുള്ളിലൊതുങ്ങാനാരുണ്ടാവും?

സന്തുഷ്ടപ്രണയം. അങ്ങനെയൊന്നു ശരിക്കും ആവശ്യമാണോ?
സാമാന്യയുക്തി നമ്മെ ഉപദേശിക്കുന്നത് അതിനെ ഉപായത്തിലങ്ങു വിട്ടുകളയാനാണ്‌,
ജീവിതത്തിന്റെ ഉന്നതവൃത്തങ്ങളിൽ നടന്ന ഒരപവാദം പോലെ.
ചുണക്കുട്ടന്മാരായ കുഞ്ഞുങ്ങൾ പിറക്കാൻ അതിന്റെ സഹായം വേണമെന്നില്ല.
ഒരു കോടി കൊല്ലം കഴിഞ്ഞാലും അതു ഭൂമി നിറയ്ക്കാനും പോകുന്നില്ല;
അത്രയ്ക്കപൂർവമാണത്.

സന്തുഷ്ടപ്രണയത്തെക്കുറിച്ചറിയാത്തവർ പറഞ്ഞുകൊണ്ടിരിക്കട്ടെ,

അങ്ങനെയൊരു വസ്തു ലോകത്തില്ലെന്ന്.

സ്വന്തം ജീവിതവും മരണവും അല്പം കൂടി അനായാസമാവാൻ

ആ വിശ്വാസം അവരെ സഹായിച്ചുവെന്നു വരാം.


Love at First Sight

They’re both convinced
that a sudden passion joined them.
Such certainty is beautiful,
but uncertainty is more beautiful still.

Since they’d never met before, they’re sure
that there’d been nothing between them.
But what’s the word from the streets, staircases, hallways—
perhaps they’ve passed by each other a million times?

I want to ask them
if they don’t remember—
a moment face to face
in some revolving door?
perhaps a “sorry” muttered in a crowd?
a curt “wrong number” caught in the receiver?—
but I know the answer.
No, they don’t remember.

They’d be amazed to hear
that Chance has been toying with them
now for years.

Not quite ready yet
to become their Destiny,
it pushed them close, drove them apart,
it barred their path,
stifling a laugh,
and then leaped aside.

There were signs and signals,
even if they couldn’t read them yet.
Perhaps three years ago
or just last Tuesday
a certain leaf fluttered
from one shoulder to another?
Something was dropped and then picked up.
Who knows, maybe the ball that vanished
into childhood’s thicket?

There were doorknobs and doorbells
where one touch had covered another
beforehand.
Suitcases checked and standing side by side.
One night, perhaps, the same dream,
grown hazy by morning.

Every beginning
is only a sequel, after all,
and the book of events
is always open halfway through.

(translated from Polish by Clare Cavanaugh and Stanislaw Baranczak.)

First Love

They say
the first love’s most important.
That’s very romantic,
but not my experience.

Something was and wasn’t there between us,
something went on and went away.

My hands never tremble
when I stumble on silly keepsakes
and a sheaf of letters tied with string
— not even ribbon.

Our only meeting after years:
two chairs chatting
at a chilly table.

Other loves
still breathe deep inside me.
This one’s too short of breath even to sigh.

Yet just exactly as it is,
it does what the others still can’t manage:
unremembered,
not even seen in dreams,
it introduces me to death.

Translated from the Polish by
Clare Cavanagh
and Stanislaw Baranczak

A Happy Love

A happy love. Is it normal,
is it serious, is it profitable --
what use to the world are two people
who have no eyes for the world?
Elevated each for each, for no apparent merit,
by sheer chance singled out of a million, yet convinced
it had to be so -- as reward for what? for nothing;
the light shines from nowhere --
why just on them, and not on others?
Is this an offense to justice? Yes.
Does it violate time-honored principles, does it cast
any moral down from the heights? It violates and casts down.
Look at the happy couple:
if they'd at least dissemble a bit,
feign depression and thereby cheer their friends!
Hear how they laugh -- offensively.
And the language they speak -- it only seems to make sense.
And all those ceremonials, ceremonies,
those elaborate obligations toward each other --
it all looks like a plot behind mankind's back!
It's even hard to foresee how far things might go
if their example could be followed.
What could religions and poetries rely on,
what would be remembered, what abandoned,
who would want to keep within the bounds.
A happy love. Is it necessary?
Tact and common sense advise us to say no more of it
than of a scandal in Life's upper ranks.
Little cherubs get born without its help.
Never, ever could it populate the earth,
for it happens so seldom.
Let people who know naught of happy love
assert that nowhere is there a happy love.
With such faith, they would find it easier to live and to die.