എന്റെയാർദ്രപ്രണയമേ,
നിന്റെ ഗന്ധമുണർത്തുന്നതെന്തിനെ,
ഏതു കനിയെ,
ഏതു താരത്തെ,
ഏതിലയെ?
നിന്റെ
കാതിനു തൊട്ടരികെ,
അല്ലെങ്കിൽ നിന്റെ നെറ്റിത്തടത്തിലേക്കു
ഞാൻ കുനിയുന്നു,
നിന്റെ മുടിയിൽ
എന്റെ മൂക്കു ഞാൻ ചേർക്കുന്നു,
എന്റെ പുഞ്ചിരി
നിന്റെ പരിമളത്തിന്റെ
വംശം തേടുന്നു:
മൃദുലമാണത്,
എന്നാലതൊരു പൂവല്ല,
കുത്തിത്തറയ്ക്കുന്ന കാർണേഷനല്ല,
മുല്ലപ്പൂക്കളുടെ കിരാതഗന്ധമല്ല,
അതെന്തോ ആണ്,
അതു മണ്ണാണ്,
അതു വായു മാത്രവുമല്ല,
തടിയോ ആപ്പിളോ
തൊലിയിൽ
വെളിച്ചത്തിന്റെ മണമോ
പാതയിലെ പൊടിയും
വേരുകളിൽ
പുലർകാലനിഴലിന്റെ പുതുമയുമുള്ള
ജീവിതവൃക്ഷത്തിന്റെ
ഇലയുടെ മണമോ മാത്രമല്ല,
പുഴയുടേയും കല്ലിന്റെയും മണം മാത്രമല്ല,
ഒരു പീച്ചിന്റെ
രഹസ്യം കൂടിയാണ്,
ചോരയുടെ
ഇളംചൂടുള്ള മിടിപ്പും
വിശുദ്ധമായ വീടിന്റെയും
ജലപാതത്തിന്റെയും മണവും
മാടപ്രാവിന്റെയും
കുതിരപ്പടയുടേയും സുഗന്ധവും
നിന്റെയുടലിന്റെ ചാന്ദ്രലോകത്തിലുടെ,
നിന്റെ ചർമ്മത്തിന്റെ താരാപഥത്തിലുടെ,
നിന്റെ സ്പർശത്തിന്റെ
പൊന്നിലൂടെ,
ധാന്യത്തിലൂടെ,
അപ്പത്തിലൂടെ,
പിന്നവിടെയും നിന്ന്
നിന്റെ വിഭ്രാന്തവെളിച്ചത്തിന്റെ
രേഖാംശത്തിലൂടെ,
നിന്റെ ഭാജനത്തിന്റെ ചുറ്റളവിലൂടെ,
ചഷകത്തിലൂടെ,
നിന്റെ മുലകളുടെ കണ്ണുകളിലൂടെ,
നിന്റെ വിടർന്ന കണ്ണിമകളിലൂടെ,
നുരയുന്ന ചുണ്ടുകളിലൂടെ
എന്റെ കയ്യുടെ മണവും കൂടിയാണ്,
സകലതും ശേഷിപ്പിക്കുന്നു,
എന്റെ കയ്യിൽ ശേഷിപ്പിക്കുന്നു,
മഷിയുടേയും കാടിന്റേയും
ചോരയുടേയും കാണാതെപോയ
കനികളുടേയും മണം,
വിസ്മൃതമായ ഗോളങ്ങളുടെ ഗന്ധം,
എന്റെ സ്വന്തം ഉടൽ
അവിടെ മുങ്ങിത്താഴുന്നു,
നിന്റെ പ്രണയത്തിന്റെ പുതുമയിൽ,
എനിക്കേറ്റവും പ്രിയപ്പെട്ടവളേ,
ഒരരുവിയിലെന്നപോലെ,
ആകാശത്തിന്റെ നിറത്തിനും
മടങ്ങാൻ വൈകിയ കിളികളുടെ
പറക്കലിനുമിടയിലുയരുന്ന
മണിമേടയുടെ ഒച്ചപ്പെടൽ പോലെ,
പ്രിയേ,
ഗന്ധം
നിന്റെ ചർമ്മത്തിന്റെ,
നിന്റെ രാത്രിയിൽ രാത്രിയുടെ,
നിന്റെ നോട്ടത്തിൽ പകലിന്റെ
പദം.
നിന്റെ ഹൃദയത്തിൽ നിന്നു
നിന്റെ സൗരഭ്യമുയരുന്നു,
മണ്ണിൽ നിന്നെന്നപോലെ,
ചെറിമരത്തിന്റെ തുമ്പിൽ
വെളിച്ചമെന്നപോലെ:
നിന്റെ ചർമ്മത്തിൽ
നിന്റെ ഹൃദയസ്പന്ദനത്തെ
ഞാൻ തടഞ്ഞുനിർത്തുന്നു,
നിന്റെയുടലിലൂടെ പിടിച്ചുകയറുന്ന
വെളിച്ചത്തിരയെ,
നിന്റെ സൗരഭ്യത്തിന്റെ
മുങ്ങിത്താണ കനിയെ,
നീ ശ്വസിക്കുന്ന രാത്രിയെ
ഞാൻ മണക്കുന്നു,
നിന്റെ ചുണ്ടുകളിൽ
എന്നെക്കാത്തിരിക്കുന്ന
ചുംബനത്തിലേക്കെത്തും വരെ
നിന്റെ സൗന്ദര്യത്തെപ്പൊതിയുന്ന
രക്തത്തെയും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ