2021, സെപ്റ്റംബർ 6, തിങ്കളാഴ്‌ച

ഫെദെറിക്കോ ഗാർസിയ ലോർക്ക - ഒരു കാളപ്പോരുകാരന്റെ മരണം

 1. കുത്തിക്കോർക്കലും മരണവും


ഉച്ചതിരിഞ്ഞഞ്ചുമണിക്ക്.*
അതുച്ചതിരിഞ്ഞു കൃത്യം അഞ്ചുമണിയായിരുന്നു.
ഒരു ബാലൻ വെള്ളവിരി കൊണ്ടുവന്നു
ഉച്ചതിരിഞ്ഞഞ്ചുമണിക്ക്.
തൊട്ടിയിൽ കുമ്മായം തയാറായിരുന്നു*
ഉച്ചതിരിഞ്ഞഞ്ചുമണിക്ക്.
ശേഷം മരണമായിരുന്നു, മരണമൊന്നേ,
ഉച്ചതിരിഞ്ഞഞ്ചുമണിക്ക്.

പഞ്ഞിത്തുണ്ടുകൾ കാറ്റിൽ പറന്നു*
ഉച്ചതിരിഞ്ഞഞ്ചുമണിക്ക്.
തുരുമ്പിൽ ചില്ലും നിക്കലും ചിതറി
ഉച്ചതിരിഞ്ഞഞ്ചുമണിക്ക്.
മാടപ്രാവിതാ പുള്ളിപ്പുലിയോടു പൊരുതുന്നു*
ഉച്ചതിരിഞ്ഞഞ്ചുമണിക്ക്.
തുടയിൽ കൊമ്പു കുത്തിക്കയറുന്നു*
ഉച്ചതിരിഞ്ഞഞ്ചുമണിക്ക്.
വിലാപത്തിന്റെ ചെണ്ടകൾ മുഴങ്ങുകയായി
ഉച്ചതിരിഞ്ഞഞ്ചുമണിക്ക്.
പാഷാണമണികളും പുകയും
ഉച്ചതിരിഞ്ഞഞ്ചുമണിക്ക്.
മൗനങ്ങളുടെ കൂട്ടങ്ങൾ മൂലകളിൽ
ഉച്ചതിരിഞ്ഞഞ്ചുമണിക്ക്.
വിജൃംഭിതനായി കാളക്കൂറ്റനൊന്നേ!
ഉച്ചതിരിഞ്ഞഞ്ചുമണിക്ക്.
മഞ്ഞു പോലെ വിയർപ്പു പൊടിഞ്ഞതപ്പോൾ
ഉച്ചതിരിഞ്ഞഞ്ചുമണിക്ക്.
കളത്തിൽ അയഡിൻ വിതറിയതപ്പോൾ
ഉച്ചതിരിഞ്ഞഞ്ചുമണിക്ക്.
മുറിവിൽ മരണം മുട്ടയിട്ടു
ഉച്ചതിരിഞ്ഞഞ്ചുമണിക്ക്.
ഉച്ചതിരിഞ്ഞഞ്ചുമണിക്ക്.
അതുച്ചതിരിഞ്ഞു കൃത്യം അഞ്ചുമണിയായിരുന്നു.

ചക്രം പിടിപ്പിച്ച ശവപേടകം അവനു കിടക്കയാവുന്നു
ഉച്ചതിരിഞ്ഞഞ്ചുമണിക്ക്.
എല്ലുകളും പുല്ലാങ്കുഴലുകളുമവന്റെ കാതിൽ മൂളുന്നു
ഉച്ചതിരിഞ്ഞഞ്ചുമണിക്ക്.
അവന്റെ നെറ്റിയിൽ കാളക്കൂറ്റൻ മുക്കുറയിട്ടു
ഉച്ചതിരിഞ്ഞഞ്ചുമണിക്ക്.
മുറിയിൽ വേദനയുടെ മഴവിൽ വിരിയുന്നു
ഉച്ചതിരിഞ്ഞഞ്ചുമണിക്ക്.
അകലെ ജീർണ്ണത പ്രത്യക്ഷപ്പെടുന്നു
ഉച്ചതിരിഞ്ഞഞ്ചുമണിക്ക്.
അടിവയറിന്റെ പച്ചയിൽ ലില്ലിപ്പൂവിന്റെ വെണ്മ
ഉച്ചതിരിഞ്ഞഞ്ചുമണിക്ക്.
മുറിവുകൾ സൂര്യന്മാരെപ്പോലെരിഞ്ഞു
ഉച്ചതിരിഞ്ഞഞ്ചുമണിക്ക്.
ജനക്കൂട്ടം ജനാലകൾ തകർക്കുന്നു
ഉച്ചതിരിഞ്ഞഞ്ചുമണിക്ക്.
ഉച്ചതിരിഞ്ഞഞ്ചുമണിക്ക്.
ഹാ, ഉച്ചതിരിഞ്ഞപ്പോഴത്തെ കരാളമായ ആ അഞ്ചുമണിനേരം!
എല്ലാ ഘടികാരങ്ങളിലും അതഞ്ചുമണിയായിരുന്നു!
ഉച്ച തിരിഞ്ഞ നിഴലത്ത് അതഞ്ചുമണിയായിരുന്നു!


2. ചിന്തിയ ചോര

എനിക്കതു കാണേണ്ട!*

ചന്ദ്രനോടു വരാൻ പറയൂ,
പൂഴിയിൽ ഇഗ്നാത്തിയോയുടെ ചോര
എനിക്കു കാണേണ്ട.

എനിക്കതു കാണേണ്ട!

മലർക്കെത്തുറന്ന ചന്ദ്രൻ,
നിശ്ചേഷ്ടമേഘങ്ങൾക്കു കുതിര,*
വിവർണ്ണസ്വപ്നങ്ങളുടെ കാളപ്പോർക്കളം
അഴിവേലിയിൽ വില്ലോമരങ്ങളുമായി.

എനിക്കതു കാണേണ്ട!
എന്റെ ഓർമ്മയെരിയുന്നു.
കുഞ്ഞുവെണ്മകളുമായി വരാൻ
മുല്ലപ്പൂക്കൾക്കാളയക്കൂ!

എനിക്കതു കാണേണ്ട!

പഴയ ലോകത്തു നിന്നൊരു പശു*
ശോകത്തിന്റെ നാവു കൊണ്ട്
പൂഴിയിൽ ചോര ചിന്തിയ
ഒരു മോന്തയിൽ നക്കുന്നു,
പാതി കല്ലും പാതി മരണവുമായ
ഗിസന്തോയിലെ കാളകൾ മുക്കുറയിടുന്നു,*
ഭൂമിയിലലഞ്ഞു മടുത്ത
രണ്ടു നൂറ്റാണ്ടുകൾ പോലെ.
വേണ്ട.
എനിക്കതു കാണേണ്ട!

തന്റെ മരണമെല്ലാം ചുമലിലേറ്റി
ഇഗ്നാത്തിയോ പടവുകൾ കയറുകയായിരുന്നു.
അവൻ തേടിയതുദയമായിരുന്നു,
എന്നാൽ ഉദയം കഴിഞ്ഞിരുന്നു.
അവൻ തേടിയതു തന്റെ ഉറച്ച മുഖമായിരുന്നു,
എന്നാലതു സ്വപ്നത്താൽ വിഹ്വലമായിരുന്നു.
അവൻ തേടിയതു തന്റെ സുന്ദരമായ ഉടലായിരുന്നു,
അവൻ കണ്ടതെന്നാൽ ചോര ഇരച്ചുപൊന്തുന്ന മുറിവായിരുന്നു.
എനിക്കതു കാണേണ്ട!
ഓരോ നിമിഷവും ഊക്കുകുറയുന്ന
ചോരയുടെ കുതിപ്പെനിക്കു കേൾക്കേണ്ട:
ഇരിപ്പിടങ്ങളുടെ നിരകളെ വെളിച്ചപ്പെടുത്തി,
ദാഹം തീരാത്ത ആൾക്കൂട്ടങ്ങളുടെ*
പരുത്തിയിലും തുകലിലും തൂവുന്ന ചോര.
മുന്നോട്ടു വരാനാരാണെന്നോടു വിളിച്ചു പറയുന്നത്?
എനിക്കതു കാണേണ്ട!

കൊമ്പുകളടുത്തുവന്നപ്പോൾ
അവൻ കണ്ണുകളടച്ചില്ല.
എന്നാൽ പേടിച്ചരണ്ട അമ്മമാർ*
തല ഉയർത്തിനോക്കി.
മേച്ചില്പുറങ്ങളിലൂടെ
തെന്നൽ പോലെ മന്ത്രണങ്ങളുയർന്നു,
ആകാശത്തെ കാളക്കൂറ്റന്മാരെ തെളിക്കുമ്പോ:ൾ
വിളറിയ മൂടല്മഞ്ഞൊച്ചയിടുകയായിരുന്നു.

സെവിയേയിലൊരു പ്രഭുവും
അവനു തുല്യനല്ലായിരുന്നു,
അവന്റെ വാളു പോലെ മറ്റൊരു വാളും
ഇത്ര നേരുള്ളൊരു ഹൃദയവുമില്ലായിരുന്നു.
അവന്റെ അത്ഭുതബലം
സിംഹങ്ങളുടെ നദി പോലെയായിരുന്നു,
എടുപ്പിലും നടപ്പിലുമുള്ള മിതത്വം
വെണ്ണക്കൽപ്രതിമ പോലെയായിരുന്നു.
ആന്ദലൂഷ്യൻ റോമിന്റെ പരിവേഷം
അവന്റെ ശിരസ്സിനെ പൊന്നണിയിച്ചിരുന്നു.
അവന്റെ പുഞ്ചിരി
അറിവിന്റെ പൊള്ളുന്ന പനിനീർപ്പൂവായിരുന്നു.
കാളയെ നേർക്കുമ്പോൾ അവനെന്തു മാതിരിയായിരുന്നു!
മലഞ്ചുരങ്ങളിൽ എത്ര നല്ല കയറ്റക്കാരൻ!
കതിരുകളോടെത്രയുദാരൻ!
കുതിമുള്ളുകളോടെത്ര കടുപ്പക്കാരൻ!*
മഞ്ഞുതുള്ളിയോടെത്ര സൗമ്യൻ!
ഉത്സവപ്പറമ്പിലെത്ര സുന്ദരൻ!
ഇരുട്ടിന്റെ ഒടുക്കത്തെ ചാട്ടുളി അയക്കുമ്പോൾ
എത്രയതികായൻ!*

ഇന്നവൻ പക്ഷേ, ഇനിയുണരാത്ത ഉറക്കമുണരുന്നു.
പുല്ലും പായലുമിതാ,
നിപുണമായ വിരലുകൾ കൊണ്ട്
പൂവിതൾ പോലവന്റെ കപാലം തുറക്കുന്നു.
ഇതാ, പാടിക്കൊണ്ടവന്റെ ചോര പുറത്തേക്കു വരുന്നു:
പുല്പരപ്പുകളിലും ചതുപ്പുകളിലും കൂടി പാടിയുമാടിയും,
നിശിതമായ കൊമ്പുകളിലൂടുരസ്സിയിറങ്ങിയും,
മൂടല്മഞ്ഞിൽ നിരാത്മാവായി കാലിടറിയും,
ഇരുണ്ടതും ദുഃഖിതവുമായൊരു നീണ്ട നാവു പോലെ
ഒരായിരം കുളമ്പുകളാൽ ചവിട്ടിമെതിക്കപ്പെട്ടും,
താരാവൃതമായ ഗ്വാഡല്ക്വിവീറിനരികെ*
തളം കെട്ടിയ വേദനയായി.

ഹാ, സ്പെയിനിന്റെ വെള്ളച്ചുമർ!
ഹാ, ദുഃഖത്തിന്റെ കറുത്ത കാളക്കൂറ്റൻ!
ഹാ, ഇഗ്നാത്തിയോയുടെ കട്ടച്ചോര!
ഹാ, അവന്റെ സിരകളിൽ പാടുന്ന രാപ്പാടി!

വേണ്ട,
എനിക്കതു കാണേണ്ട!
ഒരു ചഷകവുമതുൾക്കൊള്ളില്ല,*
ഒരു മീവൽപ്പക്ഷിയും അതു കുടിച്ചുതീർക്കില്ല,
ഒരു ശീതവെളിച്ചവും അതു തണുപ്പിക്കില്ല,
ഒരു ഗാനവും വെള്ളലില്ലികളുടെ പ്രളയവും
ഒരു ചില്ലുമതിനെ വെള്ളി പൂശില്ല.
വേണ്ട,
എനിക്കതു കാണേണ്ട! 


 3. ഉടലിന്റെ സാന്നിദ്ധ്യം


സ്വപ്നങ്ങൾ തേങ്ങുന്ന നെറ്റിത്തടമാണു കല്പലക,
അതിൽ വളഞ്ഞൊഴുകുന്ന ജലമില്ല, ഉറഞ്ഞുപോയ സൈപ്രസ്സില്ല,
കണ്ണീരിന്റെ മരങ്ങളും നാടകളും ഗ്രഹങ്ങളുമായി
കാലത്തെ പേറുന്ന ചുമലാണു കല്പലക.

വെടിത്തുള വീണരിപ്പക്കണ്ണികളായ മെലിഞ്ഞ കൈകളുയർത്തി
കടലിലേക്കു പായുന്ന നരച്ച മഴകൾ ഞാൻ കണ്ടിട്ടുണ്ട്,
ചോരയൊപ്പാതെ കൈകാലുകളയച്ചു കല്ലു കിടക്കുമ്പോൾ
അതിനു പിടി കൊടുക്കാതെ പായുകയായിരുന്നവ.

കല്ലു പിടിച്ചുവയ്ക്കും, വിത്തുകളെ, മേഘങ്ങളെ,
വാനമ്പാടികളുടെ അസ്ഥികൂടങ്ങളെ, മങ്ങൂഴത്തിലെ ചെന്നായ്ക്കളെ;
എന്നാലതു വിട്ടു തരില്ല, ഒരൊച്ചയും ഒരു ചില്ലും ഒരഗ്നിയും,
കാളപ്പോരിന്റെ കളങ്ങളല്ലാതെ, ചുമരില്ലാത്ത കളങ്ങളല്ലാതെ.

ഇന്നിതാ, കുലീനനായ ഇഗ്നാത്തിയോ കല്ലിന്മേൽ കിടക്കുന്നു.
എല്ലാം കഴിഞ്ഞു. എന്താണു നടക്കുന്നത്? അവനെ നോക്കൂ.
മരണമവനെ വിളർത്ത ഗന്ധകനിറം പുതപ്പിക്കുന്നു,
ഇരുണ്ട മിനോട്ടാറിന്റെ തല അവനു വച്ചുകൊടുക്കുന്നു.*

എല്ലാം കഴിഞ്ഞു. മഴയവന്റെ വായ കഴുകുന്നു.
പകച്ചുപോയ പ്രാണൻ ഇടിഞ്ഞുവീണ നെഞ്ചു വിട്ടു പായുന്നു,
മഞ്ഞിന്റെ കണ്ണീരിൽ കുളിച്ച പ്രണയം
മല മേൽ മേയുന്ന കാലികൾക്കിടയിൽ വെയിലു കായുന്നു.

അവരെന്താണു പറയുന്നത്? ഒരു നാറുന്ന മൗനം ഇവിടെ കിടക്കുന്നു.
മാഞ്ഞുപോകുന്നൊരുടലിനു മുന്നിൽ നാം നില്ക്കുന്നു,
ആ കുലീനരൂപം നിറയെ ഒരു കാലത്തു രാപ്പാടികളായിരുന്നു,
ഇന്നതിൽ അടിയറ്റ തുളകൾ നിറയുന്നതു നാം കാണുന്നു.

ശവക്കോടിയുലയ്ക്കുന്നതാരാണ്‌? അയാൾ പറയുന്നതു നേരല്ല!
ആരുമിവിടെ പാടരുത്, മൂലയ്ക്കു നിന്നാരും തേങ്ങരുത്,
ആരും കുതിമുള്ളുകൾ കിലുക്കരുത്, പാമ്പിനെ  വിരട്ടരുത്.
മലർക്കെത്തുറന്ന കണ്ണുകളേ ഇവിടെയെനിക്കു കാണേണ്ടൂ,
ഇനി വിശ്രമമില്ലാത്ത ഈ ഉടൽ അവ കാണട്ടെ.

ഒച്ച മുരത്ത മനുഷ്യരെയേ എനിക്കിവിടെ കാണേണ്ടൂ,
കുതിരകളെ മെരുക്കുന്ന, പുഴകളെ ജയിക്കുന്ന മനുഷ്യരെ,
വായിൽ വെയിലും തീക്കല്ലുമായി പാടുന്ന
അസ്ഥികൂടങ്ങളൊച്ചപ്പെടുത്തുന്ന മനുഷ്യരെ.

എനിക്കവരെ കാണേണ്ടതിവിടെ. ഈ കല്ലിനു മുന്നിൽ.
കടിഞ്ഞാൺ മുറിഞ്ഞ ഈ ഉടലിനു മുന്നിൽ.
മരണം വരിഞ്ഞുകെട്ടിയ ഈ കപ്പിത്താനിൽ നിന്ന്
പുറത്തേക്കു പോകാനൊരു വഴി അവരെന്നെ പഠിപ്പിക്കട്ടെ.

ഒരു പുഴയെപ്പോലെ വിലപിക്കാൻ അവരെന്നെ പഠിപ്പിക്കട്ടെ,
നേർത്ത മഞ്ഞും കൂർത്ത തടങ്ങളുമുള്ള ആ പുഴയിൽ
ഇഗ്നാത്തിയോയുടെ ജഡം ഒലിച്ചുപോകട്ടെ,
കാളകളുടെ ഇരട്ടമുക്കുറ അവന്റെ കാതുകളിലിനി വീഴാതിരിക്കട്ടെ.

പനിയ്ക്കുന്ന കുട്ടി അനക്കമറ്റ കാളയെ കാണുന്ന ചന്ദ്രനിൽ,
കാളപ്പോരിന്റെ വൃത്തവലയത്തിൽ അവൻ പോയിമറയട്ടെ,
മീനുകൾ ഗാനം മറന്ന രാത്രിയിൽ,
പുകയുറഞ്ഞ വെളുത്ത പൊന്തക്കാട്ടിൽ അവനെ കാണാതെയാകട്ടെ.

തൂവാലകൾ കൊണ്ടാരുമവന്റെ മുഖം മൂടേണ്ട;
താൻ പേറുന്ന മരണത്തെ അല്ലാതെ തന്നെയവൻ സഹിച്ചോളും.
ഇനി പോകൂ, ഇഗ്നാത്തിയോ. പൊള്ളുന്ന മുക്കുറയിടൽ മറന്നേക്കൂ.
ഉറങ്ങൂ, പറക്കൂ, വിശ്രമിക്കൂ: കടലിനുമില്ലേ മരണം!


4.ആത്മാവിന്റെ അഭാവം


നീയാരെന്നു കാളകൾക്കറിയില്ല, അത്തിമരത്തിനറിയില്ല,
കുതിരകൾക്കറിയില്ല, നിന്റെ വീട്ടിലെ ഉറുമ്പുകൾക്കുമറിയില്ല.
കുട്ടിക്കു നിന്നെ അറിയില്ല, അപരാഹ്നത്തിനുമറിയില്ല,
-എന്നെന്നേക്കുമായി നീ മരിച്ചുവല്ലോ.

നീ കിടക്കുന്ന കല്പലകയ്ക്കു നിന്നെയറിയില്ല,
നീ ദ്രവിക്കുന്ന കരിമ്പട്ടിനു നിന്നെയറിയില്ല.
നിന്റെ മൂകസ്മൃതിയ്ക്കു നിന്നെയറിയില്ല,
-എന്നെന്നേക്കുമായി നീ മരിച്ചുവല്ലോ.

ശരല്ക്കാലം പിന്നെയും വരും, വെളുത്ത ഒച്ചുകളുമായി,
മഞ്ഞു വീണ മുന്തിരിപ്പഴങ്ങളും കൂമ്പാരം കൂടിയ കുന്നുകളുമായി.
എന്നാലൊരാളും നിന്റെ കണ്ണുകളിലേക്കു നോക്കില്ല,
-എന്നെന്നേക്കുമായി നീ മരിച്ചുവല്ലോ.

എന്നെന്നേക്കുമായി നീ മരിച്ചുവല്ലോ,
ഈ ഭൂമിയിൽ മരിച്ചവരെല്ലാവരെയും പോലെ,
കൊന്നുകൂട്ടിയ നായ്ക്കളുടെ ശവങ്ങൾ പോലെ
മറവിയിൽ തള്ളപ്പെട്ടവരെല്ലാവരെയും പോലെ.

ആർക്കും നിന്നെ അറിയില്ല. എന്നാൽ ഞാൻ നിന്നെക്കുറിച്ചു പാടുന്നു,
നിന്റെ മുഖത്തെ, നിന്റെ സൗന്ദര്യത്തെക്കുറിച്ചു വരുംകാലത്തിനായി ഞാൻ പാടുന്നു.
നിന്റെ അറിവിന്റെ കുലീനമായ പക്വതയെക്കുറിച്ച്.
നിന്റെ മരണദാഹത്തെക്കുറിച്ച്, ചുണ്ടിലതിന്റെ ചുവയെക്കുറിച്ച്.
നിന്റെ സാഹസികാനന്ദങ്ങൾക്കുള്ളിൽ നിഹിതമായ വിഷാദത്തെക്കുറിച്ച്.

ഇങ്ങനെയൊരാന്ദലൂഷ്യക്കാരൻ ഇനിയെന്നു പിറക്കാൻ,
ഇത്രയും നേരുള്ളവൻ, ഇത്രയും സാഹസികൻ.
തേങ്ങുന്ന വാക്കുകളിൽ അവനെ ഞാൻ പ്രകീർത്തിക്കുന്നു,
ഒലീവുമരങ്ങളിൽ ഒരു തെന്നലിന്റെ വിഷാദം ഞാനോർക്കുന്നു. 

 ലോർക്കയുടെ മാസ്റ്റർപീസായി കരുതപ്പെടുന്ന ഈ വിലാപഗീതം അദ്ദേഹത്തിന്റെ അടുത്ത സ്നേഹിതനും പ്രശസ്തനായ കാളപ്പോരുകാരനുമായ ഇഗ്നാത്തിയോ സാഞ്ചെസ് മെഹിയാസിന്റെ ദാരുണമായ മരണമാണ്‌ പ്രതിപാദിക്കുന്നത്. സംഗീതത്തിലും സാഹിത്യത്തിലും തല്പരനായ ഇഗ്നാത്തിയോ കവിത എഴുതുകയും ചെയ്തിരുന്നു. 1927ൽ കാളപ്പോരിൽ നിന്നു വിരമിച്ചുവെങ്കിലും പരിക്കേറ്റ ഒരു സ്നേഹിതന്റെ പകരക്കാരനായി 1934ൽ അദ്ദേഹം കളത്തിലേക്കു തിരിച്ചുവന്നു. ആഗസ്റ്റ് 11ന്‌ മാഡ്രിഡിനു തെക്കുള്ള മാൻസനാറെസ് എന്ന കൊച്ചു പട്ടണത്തിൽ നടന്ന ആ കാളപ്പോരിൽ വച്ച് തുടയിൽ കാളയുടെ കുത്തേറ്റു വീണ അദ്ദേഹം രണ്ടു ദിവസം കഴിഞ്ഞ് മരിച്ചു. കാളപ്പോരു കാണാൻ ലോർക്ക ഉണ്ടായിരുന്നില്ല; അദ്ദേഹം എത്തിയപ്പോഴേക്കും ഇഗ്നാത്തിയോ മരണത്തിനു കീഴടങ്ങിക്കഴിഞ്ഞിരുന്നു. ആ മരണം ലോർക്കയെ എത്രയാഴത്തിൽ സ്പർശിച്ചുവെന്നു പറയേണ്ടതില്ലല്ലോ. അദ്ദേഹം ഒരു സ്നേഹിതനോടു പറഞ്ഞു: “എന്റെ മരണം പോലെ തന്നെയാണത്, എന്റെ മരണത്തിനുള്ള ഒരു പരിശീലനം. എന്റെ മനസ്സിലിപ്പോൾ വല്ലത്തൊരു പ്രശാന്തത അനുഭവപ്പെടുന്നു...ചില നിമിഷങ്ങളിൽ മരിച്ച ഇഗ്നാത്തിയോയെ കണ്ണിനു മുന്നിലെന്നപോലെ ഞാൻ കാണാറുണ്ട്; ദ്രവിച്ച, പുഴുക്കൾ കാർന്നുതിന്ന അവന്റെ ഉടൽ എന്റെ ഭാവനയിൽ തെളിഞ്ഞുവരുന്നു; ഒരു നിശ്ശബ്ദത മാത്രമേ പിന്നെ ഞാൻ കാണുന്നുള്ളു; ആ നിശ്ശബ്ദത ശൂന്യതയുമല്ല, ഒരു നിഗൂഢതയാണ്‌.“ 


1. കുത്തിക്കോർക്കലും മരണവും

കവിതയുടെ ഈ ഒന്നാം ഭാഗം ഒരു ദിവ്യബലി പോലെ ചിട്ടപ്പെടുത്തിയിരിക്കുന്നു. ”ഉച്ച തിരിഞ്ഞഞ്ചു മണിയ്ക്ക്“ എന്ന അനന്തമായി ആവർത്തിക്കുന്ന പല്ലവി കുർബാന നടക്കുന്ന നേരത്തെ പള്ളിമണികൾ പോലെ മുഴങ്ങിക്കൊണ്ടിരിക്കുന്നു. കവിതയിൽ ‘ഉച്ച തിരിഞ്ഞഞ്ചു മണി’ ഇഗ്നാത്തിയോയുടെ മരണസമയമാണെങ്കിലും ചില ദിവസങ്ങൾക്കു ശേഷം നടന്ന വിലാപയാത്ര തുടങ്ങിയ സമയമാണത്; ഒരു പത്രത്തിൽ വന്ന റിപ്പോർട്ടിന്റെ തലക്കെട്ട് ലോർക്ക അതേപോലെ ഉപയോഗിക്കുകയായിരുന്നു. 
* കാളപ്പോരു നടക്കുന്ന കളം രോഗാണുവിമുക്തമാക്കാൻ കുമ്മായം ഉപയോഗിച്ചിരുന്നു
* കുതിരകളുടെയോ കാളയുടെയോ ചെവികളിൽ തിരുകുന്ന പഞ്ഞിത്തുണ്ടുകൾ
* പ്രാവും പുലിയും ഇഗ്നാത്തിയോയിൽത്തന്നെയുള്ള വിരുദ്ധഭാവങ്ങളാവാം, അല്ലെങ്കിൽ കാളയും കാളപ്പോരുകാരനുമാവാം
* ലില്ലിപ്പൂവിന്റെ ആകൃതിയിൽ മുറിവുണ്ടാക്കിക്കൊണ്ട് കാളയുടെ കൊമ്പ് ഇഗ്നാത്തിയോയുടെ വലതുതുടയിൽ തറച്ചുകേറി. പന്നിയുടെ തേറ്റ അരയിൽ തറച്ചുകേറി മരിച്ച അഡോണിസിന്റെ സൂചനയും ഇവിടെയുണ്ട്.

2. ചിന്തിയ ചോര

*തന്റെ സ്നേഹിതൻ കിടന്നു മരിക്കുന്ന ആശുപത്രിയിലേക്കു ചെല്ലാൻ ലോർക്ക കൂട്ടാക്കിയില്ല. ”എനിക്കതു കാണേണ്ട!“ എന്നാൽ അദ്ദേഹം ഫോൺ വഴി ഓരോ മണിക്കൂറും വിവരങ്ങൾ അറിഞ്ഞുകൊണ്ടിരുന്നു. 
* നീങ്ങുന്ന മേഘങ്ങൾക്കിടയിലെ ചന്ദ്രന്‌ കുതിച്ചോടുന്ന കുതിരയുടെ പ്രതീതി
*വിധിയുടെ ദേവതകൾ
* പഴയ ലോകം -അമേരിക്ക കണ്ടുപിടിക്കുന്നതിനു മുമ്പ് യൂറോപ്യന്മാർക്കറിവുണ്ടായിരുന്ന ഭൂഭാഗം (ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്)
* ഗ്വിസാന്തോയിലെ കാളകൾ സ്പെയിനിലെ ആവിലയിലുള്ള ക്രി.മു. രണ്ടാം നൂറ്റാണ്ടിലെ കരിങ്കൽ പ്രതിമകളാണ്‌. 
* ആർത്തു വിളിക്കുന്ന കാണികൾ ക്രിസ്തുവിന്റെ രക്തത്തിനു വേണ്ടി മുറവിളി കൂട്ടിയവരെ ഓർമ്മിപ്പിക്കുന്നു
* കുതിരസവാരിക്കാർ ധരിക്കുന്ന മുള്ളുള്ള ഷൂസ്
* കാളയുടെ കഴുത്തിൽ കുത്തിയിറക്കുന്ന നിറമുള്ള നാടകൾ കെട്ടിയ ചാട്ടുളി
* ഗ്വാഡല്ക്വിവിർ നദീമുഖത്തുള്ള ചതുപ്പുകളിലാണ്‌ ഏറ്റവും നല്ല പോരുകാളകൾ വളരുന്നത്
* കുരിശിലേറ്റിയ ക്രിസ്തുവിന്റെ മുൾക്കിരീടം എടുത്തു മാറ്റിയതും അദ്ദേഹത്തിന്റെ ചോര കുടിച്ചുതീർത്തതും മീവൽപ്പക്ഷികളായിരുന്നു

4.ഉടലിന്റെ സാന്നിദ്ധ്യം

കാളപ്പോരിനൊടുവിൽ കാളയുടെ ശവം കളത്തിൽ നിന്നു കെട്ടിവലിച്ചുകൊണ്ടു പോവുകയാണ്‌; കാളപ്പോരുകാരൻ കാണികളുടെ ജയാരവങ്ങളും പാരിതോഷികങ്ങളും സ്വീകരിച്ചുകൊണ്ട് കളത്തിനു വലം വയ്ക്കുന്നു. എന്നാൽ ഇവിടെ ശവമുറിയിലെ കല്പലക മേൽ അയാൾ നിശ്ചേഷ്ടനായി കിടക്കുകയാണ്‌. 
*മിനോട്ടാർ ഗ്രീക്കു പുരാണത്തിലെ പാതി കാളയും പാതി മനുഷ്യനുമായ ജീവി

5.ആത്മാവിന്റെ അഭാവം

കവിതയുടെ അവസാനഖണ്ഡത്തിൽ കാളപ്പോരുകാരൻ (കവി, മനുഷ്യൻ) തന്റെ ഭാഗധേയമായ പൂർണ്ണവിസ്മൃതിയെ അഭിമുഖീകരിക്കുന്നു. 

അഭിപ്രായങ്ങളൊന്നുമില്ല: