അഗ്നിപർവ്വതങ്ങൾക്കു ചുവടെ, മഞ്ഞണിഞ്ഞ മലകൾക്കരികെ, കൂറ്റൻ തടാകങ്ങൾക്കിടയിൽ മണം പാറ്റുന്ന, മൗനം പേറുന്ന, കെട്ടുപിണഞ്ഞ ചിലിയൻ വനം...അട്ടിയിട്ട കരിയിലകളിൽ എന്റെ കാലടികൾ പൂണ്ടുപോകുന്നു, ഒരു ചുള്ളിക്കമ്പൊടിയുന്നു, കൂറ്റൻ റൗളി മരങ്ങൾ കുറ്റിരോമങ്ങൾ പോലെ ചില്ലകളുമായി എഴുന്നുനില്ക്കുന്നു, കാടിന്റെ കുളിരിൽ നിന്നൊരു കിളി പുറപ്പെടുന്നു, ചിറകടിക്കുന്നു, വെയിലു വീഴാത്ത ചില്ലകളിൽ സ്വസ്ഥമാകുന്നു. പിന്നെ താനിരിക്കുന്ന ഒളിയിടത്തിൽ നിന്ന് ഒരു പുല്ലാങ്കുഴലു പോലെ അതു പാടുന്നു...ലോറൽ മരത്തിന്റെ കിരാതഗന്ധം, ബോൾഡോച്ചെടിയുടെ ഇരുണ്ട ഗന്ധം എന്റെ നാസകളിലൂടെക്കടന്ന് എന്റെ സത്തയാകെ നിറയുന്നു. സൈപ്രസ് മരങ്ങൾ എന്റെ വഴി മുടക്കി നില്ക്കുന്നു...ഇതൊരു ലംബലോകമാണ്: കിളികളുടെ ഒരു രാഷ്ട്രം, ഇലകളുടെ ഒരു പുഷ്കലത...എന്റെ കാലൊരു കല്ലിൽ തടയുന്നു, കല്ലുയർത്തിനോക്കുമ്പോൾ ചെമ്പൻരോമങ്ങൾ കൊണ്ടാകെമൂടിയ കൂറ്റനൊരു ചിലന്തി എന്നെ തുറിച്ചുനോക്കുന്നു, നിശ്ചേഷ്ടനായി, ഒരു ഞണ്ടിനെപ്പോലെ ഭീമാകാരനായി. ഒരു പൊൻവണ്ട് എനിക്കു നേരേ അതിന്റെ ദുർഗന്ധശ്വാസം ഊതിവിടുന്നു, പിന്നെ ഒരു മിന്നൽ പോലെ ആ മഴവില്ലു മാഞ്ഞുപോകുന്നു...പിന്നെയും നടക്കുമ്പോൾ എന്നെക്കാൾ കിളരം കൂടിയ പന്നൽച്ചെടികളുടെ കാട്ടിനുള്ളിൽ ഞാൻ അകപ്പെടുന്നു. അവയുടെ തണുത്ത പച്ചക്കണ്ണുകൾ അറുപതു മണ്ണീർത്തുള്ളികൾ എന്റെ മുഖത്തു തളിയ്ക്കുന്നു, പിന്നെ എനിക്കു പിന്നിൽ ഏറെനേരം ആ വിശറികളുടെ വിറയൊടുങ്ങുന്നില്ല...ദ്രവിച്ചുതുടങ്ങിയ ഒരു മരത്തടി: എന്തൊരു നിധിയാണത്!...കറുപ്പും നീലയുമായ കൂണുകൾ അതിനു കാതുകൾ നല്കുന്നു, ചുവന്ന പരാദസസ്യങ്ങൾ മാണിക്യക്കല്ലുകൾ കൊണ്ട് അതിനെ പൊതിയുന്നു, ആ ദ്രവിച്ച തടിയിൽ നിന്ന് പെട്ടെന്നൊരു പാമ്പു പുറത്തു ചാടുന്നു, ഒരു ദ്രുതശ്വാസം പോലെ, ആ മരിച്ച മരത്തിന്റെ ആത്മാവ് ഊർന്നുപോവുകയാണെന്നപോലെ...പിന്നെയും പോകുമ്പോൾ മരങ്ങൾ ഒറ്റയൊറ്റയായി നില്ക്കുന്നു, ആ നിഗൂഢവനത്തിന്റെ പരവതാനിക്കു മേലവ ഉയർന്നുനില്ക്കുന്നു; ഓരോ മരത്തിന്റെയും ഇലച്ചാർത്ത് ഓരോ തരം: നീണ്ടുമെലിഞ്ഞ്, കൊമ്പുകൾ പോലെ, കുന്തമുനകൾ പോലെ, എണ്ണമറ്റ രീതികളിൽ നുറുക്കുന്ന ഒരു കത്രിക അവയ്ക്കു മേല്ക്കൂടി കടന്നുപോയപോലെ. ഒരു കൊല്ലി; അതിനടിയിൽ കരിങ്കല്ലിനും ചന്ദ്രകാന്തക്കല്ലിനും മേൽ വഴുതുന്ന തെളിവെള്ളം...ഒരു പൂമ്പാറ്റ പറന്നുപോകുന്നു, ഒരു നാരങ്ങയുടെ തെളിച്ചത്തോടെ, ജലത്തിനും വെയിലിനുമിടയിലൊരു നൃത്തമായി...അരികെത്തന്നെ എണ്ണമറ്റ കാൽസിയോലറിയകൾ മഞ്ഞിച്ച കുഞ്ഞൻതലകളാട്ടി എന്നെ സ്വാഗതം ചെയ്യുന്നു. അങ്ങു മുകളിൽ ചുവന്ന മണിപ്പൂവുകൾ ആ മാന്ത്രികവനത്തിന്റെ സിരകളിൽ നിന്നിറ്റുന്ന തുള്ളികളായി തൂങ്ങിക്കിടക്കുന്നു...ആ നിശ്ശബ്ദതയിലൂടൊരു മിന്നായം പോലെ, ഇലകളിലൂടൊരു വിറ പകർന്ന്, ഒരു കുറുനരി പാഞ്ഞുപോകുന്നു...എന്നാല്ക്കൂടി നിശ്ശബ്ദതയാണ് സസ്യലോകത്തിന്റെ നിയമം...പേടിച്ചരണ്ട ഏതോ ജന്തുവിന്റെ കാതില്പെടാനില്ലാത്ത രോദനം അകലെ...കണ്ണില്പെടാത്തൊരു കിളിയുടെ ചെവി തുളയ്ക്കുന്ന മൗനഭഞ്ജനം...സസ്യജാലത്തിന്റെ മന്ദ്രമർമ്മരത്തിനൊടുവിൽ ഭൂമിയുടെ സംഗീതമാകെയിളക്കിവിട്ടുകൊണ്ട് ഒരു കൊടുങ്കാറ്റു വീശുന്നു...
ചിലിയൻ വനത്തിൽ പോയിട്ടില്ലാത്ത ഒരാൾ ഈ ഗ്രഹത്തെ അറിഞ്ഞിട്ടുമില്ല.
ആ ഭൂദൃശ്യത്തിൽ നിന്ന്, ആ ചെളിയിൽ നിന്ന്, ആ മൗനത്തിൽ നിന്നാണ് ഈ ലോകത്തു പാടിനടക്കാനായി ഞാനിറങ്ങിവന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ