ഞാൻ ഇവിടെ പറയാൻ പോകുന്ന ബെർത്ത നൂലു നൂല്ക്കുന്ന ഒരു പാവപ്പെട്ട സ്ത്രീയായിരുന്നു; അവർക്കതിൽ നല്ല വൈദഗ്ധ്യവും ഉണ്ടായിരുന്നു.
ഒരിക്കൽ, നടന്നുപോകും വഴി അവർ റോമൻ ചക്രവർത്തിയായ നീറോയെ കണ്ടുമുട്ടാനിടയായി. അയാളോട് അവർ പറഞ്ഞു, “ദൈവം അങ്ങയ്ക്ക് ഒരായിരം കൊല്ലം ജീവിക്കാനുള്ള ആയുസ്സ് നല്കുമാറാകട്ടെ!”
ഒരു മനുഷ്യജീവിക്കും സഹിക്കാൻ പറ്റാത്ത വിധം അത്ര ഹീനനായ നീറോയ്ക്ക് ഒരായിരം കൊല്ലത്തെ ആയുസ്സ് തനിക്കാശംസിക്കുന്ന ഒരാളെക്കണ്ടപ്പോൾ വല്ലാത്ത അത്ഭുതമായി. അയാൾ ആ സ്ത്രീയോടു ചോദിച്ചു, “നിങ്ങൾ അങ്ങനെ എന്നോടു പറഞ്ഞതെന്തിനാണ്, സ്ത്രീയേ?”
“കാരണം, കൊള്ളരുതാത്ത ഒരാൾക്കു പിന്നാലെ വരുന്നയാൾ അതിലും കൊള്ളരുതാത്തയാൾ ആയിരിക്കുമല്ലോ.”
നീറോ അപ്പോൾ പറഞ്ഞു, “അതു നന്നായി, ഈ സമയം മുതൽ നാളെ രാവിലെ വരെ നൂല്ക്കുന്ന നൂലെല്ലാം എന്റെ കൊട്ടാരത്തിലേക്കു കൊണ്ടുവരിക.” എന്നിട്ടയാൾ പോവുകയും ചെയ്തു.
നൂലു നൂറ്റുകൊണ്ടിരിക്കുമ്പോൾ ബെർത്ത സ്വയം ചോദിച്ചു, “ഞാൻ നൂല്ക്കുന്ന നൂലു കൊണ്ട് അയാൾ എന്തായിരിക്കും ചെയ്യാൻ പോകുന്നത്? അത് കൊണ്ട് അയാൾ എന്നെ കെട്ടിത്തൂക്കിയാലും എനിക്കത്ഭുതം തോന്നില്ല. ആ ആരാച്ചാർ എന്തും ചെയ്യും!”
അടുത്ത ദിവസം കൃത്യസമയത്തുതന്നെ അവർ കൊട്ടാരത്തിൽ ഹാജരായി. അയാൾ അവരെ അകത്തേക്കു ക്ഷണിച്ച് അവർ കൊണ്ടുവന്ന നൂല്ക്കെട്ട് ഏറ്റുവാങ്ങി; എന്നിട്ടു പറഞ്ഞു,“ നൂല്ക്കഴിയുടെ ഒരറ്റം കൊട്ടാരവാതിലിൽ കെട്ടിയിട്ട് നൂലു തീരുന്ന ദൂരം വരെ നടക്കുക.“ എന്നിട്ടയാൾ കാര്യക്കാരനെ വിളിച്ചു പറഞ്ഞു, ”ഈ നൂലിന്റെ നീളത്തോളം വഴിയുടെ ഇരുവശവുമുള്ള സ്ഥലം ഈ സ്ത്രീക്കുള്ളതാണ്.“
ബെർത്ത അയാൾക്കു നന്ദിയും പറഞ്ഞ് അതീവസന്തോഷത്തോടെ നടന്നു. അന്നു മുതൽ അവർക്ക് നൂല്ക്കേണ്ടിയും വന്നില്ല; കാരണം അവർ ഒരു പ്രഭ്വി ആയിക്കഴിഞ്ഞല്ലോ.
റോമാനഗരത്തിൽ ഈ വാർത്ത പരക്കേണ്ട താമസം പാവപ്പെട്ട സ്ത്രീകളെല്ലാം നീറോയെ കാണാൻ ചെന്നു; അയാൾ ബെർത്തയ്ക്കു കൊടുത്ത പാരിതോഷികം തങ്ങൾക്കും കിട്ടുമെന്നായിരുന്നു അവരുടെ പ്രതീക്ഷ.
എന്നാൽ നീറോയുടെ മറുപടി ഇതായിരുന്നു, ”ബെർത്ത നൂലു നൂറ്റിരുന്ന ആ പഴയ നല്ല കാലം കഴിഞ്ഞുപോയല്ലോ.“
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ