2021, സെപ്റ്റംബർ 4, ശനിയാഴ്‌ച

ഫെർണാണ്ടോ പെസൊവ - അശാന്തിയുടെ പുസ്തകം

 പരിചിതമായ ഒരു സ്ഥലത്തേക്കു ചെല്ലുന്നതിന്റെ സുഖകരമായ അനുഭൂതിയോടെ പതിവുപോലെ ഞാൻ ബാർബർ ഷോപ്പിലേക്കു കയറിച്ചെന്നു. പുതിയ സംഗതികൾ എന്റെ സംവേദനക്ഷമതയ്ക്കു പൊതുവേ അസഹ്യമാണ്‌; മുമ്പു പോയിട്ടുള്ള ഇടങ്ങളിലേ എനിക്കു സ്വസ്ഥത കിട്ടാറുള്ളു.

കസേരയിൽ ഇരുന്നതിനു ശേഷം ഞാൻ എന്റെ കഴുത്തിൽ വൃത്തിയുള്ള, തണുത്ത ടൗവ്വൽ ചുറ്റിക്കെട്ടുകയായിരുന്ന ചെറുപ്പക്കാരനായ ബാർബറോട് വലതുവശത്തെ കസേരയിലെ പ്രായം ചെന്ന ബാർബറെക്കുറിച്ചന്വേഷിക്കാനിടയായി; ചുറുചുറുക്കുള്ള ആ ചങ്ങാതി സുഖമില്ലാതിരിക്കുകയായിരുന്നു. എന്തെങ്കിലും ചോദിക്കണമല്ലോ എന്നുവച്ചിട്ടല്ല ഞാനതു ചോദിച്ചത്; ആ സ്ഥലവും എന്റെ ഓർമ്മയുമാണ്‌ അതിനു തിരി കൊളുത്തിയത്. “അങ്ങേരിന്നലെ മരിച്ചുപോയല്ലോ,” എനിക്കും ലിനൻ തുണിക്കും പിന്നിൽ നിന്ന് ബാർബറുടെ നിർവ്വികാരമായ ശബ്ദം മറുപടി പറഞ്ഞു; ഒപ്പം എന്റെ ഷർട്ടിന്റെ കോളറിനും എന്റെ പിടലിക്കുമിടയിൽ അവസാനത്തെ ചൊരുകലും നടത്തി അയാളുടെ വിരലുകൾ പിൻവാങ്ങുകയും ചെയ്തു. അതോടെ എന്റെ യുക്തിരഹിതമായ പ്രസന്നഭാവം മാഞ്ഞുപോയി, അടുത്ത കസേരയിൽ നിന്ന് എന്നെന്നേക്കുമായി മറഞ്ഞുപോയ ആ ബാർബറെപ്പോലെ. എന്റെ ചിന്തകൾക്കു മേൽക്കൂടി ഒരു കുളിരു പാഞ്ഞു. ഞാൻ ഒന്നും മിണ്ടിയില്ല.
ഗൃഹാതുരത്വം! എന്നെ സംബന്ധിച്ചിടത്തോളം യാതൊന്നുമല്ലാത്ത ആളുകളേയും വസ്തുക്കളേയും കുറിച്ചു പോലും എനിക്കതു തോന്നാറുണ്ട്; കാരണം, കാലത്തിന്റെ പലായനം എനിക്കൊരു മനോയാതനയാണ്‌, ജീവിതത്തിന്റെ നിഗൂഢത ഒരു പീഡനവും. പരിചിതമായ തെരുവുകളിൽ ഞാൻ കാണാറുള്ള പരിചിതമുഖങ്ങൾ- അവയെ കാണാതെവരുമ്പോൾ എനിക്കു ദുഃഖം തോന്നും. അവ എനിക്കു യാതൊന്നുമായിരുന്നില്ല, ഒരുപക്ഷേ എല്ലാ ജീവിതത്തിന്റെയും ഒരു പ്രതീകം എന്നല്ലാതെ.
കാലത്തൊമ്പതരയ്ക്ക് പലപ്പോഴും എന്റെ വഴി മുറിച്ചുപോകാറുള്ള, അഴുക്കു പിടിച്ച ചെരുപ്പിട്ട ആ വൃദ്ധൻ...എന്നെ വിഫലമായി ശല്യപ്പെടുത്താറുള്ള വികലാംഗനായ ലോട്ടറി വില്പനക്കാരൻ...പുകയിലക്കടയുടെ വാതില്ക്കൽ സിഗാറും പുകച്ചിരിക്കാറുള്ള ഉരുണ്ടുതുടുത്ത വൃദ്ധൻ...തൊലി വിളർത്ത പുകയിലക്കടയുടമ...പതിവായി ഞാൻ കാണുന്നു എന്നതുകൊണ്ടുമാത്രം എന്റെ ജീവിതത്തിന്റെ ഭാഗമായി മാറിയ അവർക്കെല്ലാം എന്തു സംഭവിച്ചു? നാളെ ഞാനും പ്രറ്റ തെരുവിൽ നിന്നും ദൗറാദോറസ് തെരുവിൽ നിന്നും ഫാൻകെയ്റോ തെരുവിൽ നിന്നും അപ്രത്യക്ഷനാവും. നാളെ ഞാനും -ചിന്തയും വികാരവുമുള്ള ഈ ആത്മാവെന്ന ഞാൻ, ഈ പ്രപഞ്ചം എനിക്കെന്താണോ, അതായ ഞാൻ- അതെ, നാളെ ഞാനും ഒരിക്കൽ ഈ തെരുവുകളിലൂടെ നടന്നിരുന്ന ഒരാളാകും, ഒരു “അയാൾക്കെന്തു പറ്റി?”യിലൂടെ ആളുകൾ മങ്ങിയ ഓർമ്മകളിൽ തിരയുന്ന ഒരാളാകും. ഞാൻ ചെയ്തതെല്ലാം, ഞാനറിഞ്ഞതെല്ലാം, ഞാൻ ജീവിച്ചതെല്ലാം ഒന്നുമല്ലാതാകും, ഏതെങ്കിലുമൊരു നഗരത്തിന്റെ നിത്യത്തെരുവുകളിലൂടെ കടന്നുപോകുന്നവരുടെ എണ്ണത്തിൽ വന്ന ഒന്നിന്റെ കുറവെന്നല്ലാതെ.

അഭിപ്രായങ്ങളൊന്നുമില്ല: