അഗാധവിശ്രാന്തി,
നിശ്ചലജലം,
സ്വസ്ഥമായ തെളിഞ്ഞ തണൽ:
ജലപാതങ്ങളുടെ കലാപങ്ങളിൽ നിന്ന്
തടാകങ്ങൾ രൂപപ്പെടുന്ന രീതി,
കാരുണ്യം നിറഞ്ഞ പ്രതിഫലം,
പൂർണ്ണത തികഞ്ഞ പുഷ്പദലം.
മലർന്ന മുഖവുമായി
ഞാൻ കിടക്കുന്നു,
ആകാശമൊഴുകിപ്പോകുന്നതു
കണ്ടുകിടക്കുന്നു.
അതിന്റെ ഘനനീലിമ
വഴുതിയൊഴുകുന്നു.
എവിടെയ്ക്കാണതിന്റെ പോക്ക്,
അതിന്റെ മത്സ്യങ്ങളും
അതിന്റെ തുരുത്തുകളും
അതിന്റെ അഴിമുഖങ്ങളുമായി?
എനിക്കു മേൽ
ആകാശം,
എനിക്കടിയിൽ
വരണ്ടുണങ്ങിയ ഒരു പനിനീർപ്പൂവിന്റെ
മർമ്മരം.
ചെറുതുകൾ
അനങ്ങുന്നു,
പ്രാണികൾ
അക്കങ്ങളെപ്പോലെ
പാറിപ്പോകുന്നു:
ഇതു മണ്ണാണ്,
അങ്ങുതാഴെ
വേരുകൾ
പണിയെടുക്കുകയാണ്,
ധാതുക്കളും ജലവും
നമ്മുടെ ഉടലുകളിലേ-
ക്കരിച്ചിറങ്ങുകയാണ്,
നമുക്കുള്ളിൽ
മുളപൊട്ടുകയാണ്.
അന്നേ ദിവസം മരത്തിനടിയിൽ
നിശ്ചേഷ്ടരായി അവിടെക്കിടക്കെ
നമുക്കിതൊന്നുമറിയില്ലായിരുന്നു:
ഇലകൾ പറഞ്ഞുകൂട്ടുകയായിരുന്നുവെന്ന്,
മറ്റു മരങ്ങളുടെ വിശേഷങ്ങൾ,
തങ്ങളുടെ സ്വദേശങ്ങളെക്കുറിച്ചുള്ള കഥകൾ,
കൈമാറുകയായിരുന്നുവെന്ന്.
ചിലർക്കപ്പോഴുമോർമ്മയുണ്ടായിരുന്നു,
തങ്ങളുടെ ചില്ല്ലകൾക്കിടയിലൂടെ
കട്ടിമഞ്ഞു പോലെ
പുള്ളിപ്പുലിയുടെ
പ്രച്ഛന്നരൂപം;
ചിലർക്കോർമ്മവന്നു,
കൊടുങ്കാറ്റുകളടിച്ചുപതപ്പിച്ച
പുതമഞ്ഞ്,
ചണ്ഡവാതത്തിന്റെ ചെങ്കോൽ.
മരങ്ങളുടെ മാത്രമല്ല,
ഒരു നാവിനെയും
നാം തടുക്കരുത്.
എണ്ണമില്ലാത്ത ഈ ഗാനത്തിനിടയിൽ
നിശ്ചേഷ്ടരായി നാമിരിക്കുക.
നാവില്ലാത്തതായി
മണ്ണിലൊന്നുമില്ല:
കണ്ണുകളടയ്ക്കുമ്പോൾ
നമുക്കു കേൾക്കാം,
ഇഴയുന്ന ജാതികളെ,
വളരുന്ന ജീവികളെ,
ഉരയുന്ന കാണാമരത്തെ.
പിന്നെ,
ലോകം, ഭൂമി,
ആകാശക്കടൽ, വായു:
ഒക്കെയും ശബ്ദിക്കുന്നു,
ഇടിമുഴക്കം പോലെ ചിലനേരം,
വിദൂരനദി പോലെ ചിലനേരം.
സ്വസ്ഥതേ, സമാധാനമേ,
ഒരു നിമിഷത്തെ,
അല്ലെങ്കിൽ ഒരു നാളത്തെ വിശ്രമമേ,
നിന്റെയാഴങ്ങളിൽ നിന്നു
ഞങ്ങൾ ധാതുക്കൾ കോരിയെടുക്കും,
നിന്റെ മിണ്ടാത്ത മുഖത്തു നിന്നു
വെളിച്ചത്തിന്റെ സംഗീതം പ്രസരിക്കും.
ഇങ്ങനെയാണു നാം
നമ്മുടെ ചെയ്തികളെ തികവുറ്റതാക്കുക,
ഇങ്ങനെയാണാണും പെണ്ണും
മണ്ണിന്റെ ബോദ്ധ്യങ്ങളെക്കുറിച്ചു പറയുക,
അതിനെക്കുറിച്ചൊന്നുമറിയാതെതന്നെ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ