2022, സെപ്റ്റംബർ 29, വ്യാഴാഴ്‌ച

വീസ്വാവ ഷിംബോർസ്ക- സിനിമ കഴിഞ്ഞിറങ്ങുമ്പോൾ



വെളുത്ത കാൻവാസിൽ സ്വപ്നങ്ങൾ മിന്നിമറഞ്ഞു.
രണ്ടുമണിക്കൂർ നേരത്തേക്ക് ചന്ദ്രന്റെ പുറന്തോട് മങ്ങിമങ്ങിക്കത്തി.
പ്രണയത്തിന്റെ വിഷാദഗാനമുണ്ടായിരുന്നു,
ഒരു യാത്രയുടെ ശുഭാന്ത്യവും പൂക്കളുമുണ്ടായിരുന്നു.

യക്ഷിക്കഥയ്ക്കു ശേഷം പുറത്തേക്കിറങ്ങുമ്പോൾ
നീലിച്ച ലോകത്തു നമുക്കു കണ്ണു പിടിക്കുന്നില്ല.
അഭിനയിക്കേണ്ട ഭാഗങ്ങളും മുഖങ്ങളുമിവിടെ
ഉരുക്കഴിച്ചുപഠിച്ചതും പരിശീലിച്ചതുമല്ല.
പട്ടാളക്കാരൻ പാർട്ടിക്കാരന്റെ ശോകഗീതം പാടുന്നു.
കൊച്ചുപെൺകുട്ടി വിലാപഗാനങ്ങളും ആലപിക്കുന്നു.

നിന്നിലേക്കു മടങ്ങിവരികയാണു ഞാൻ, യഥാർത്ഥലോകമേ,
തിക്കിത്തിരക്കുന്ന, കറുത്തിരുണ്ട, വിധി നിയന്ത്രിക്കുന്ന ലോകമേ-
കവാടത്തിനടിയിൽ നില്ക്കുന്ന ഒറ്റക്കൈയുള്ള കുട്ടീ,
ഒരു പെൺകുട്ടിയുടെ ശൂന്യമായ കണ്ണുകളേ.

അഭിപ്രായങ്ങളൊന്നുമില്ല: