ലോകത്തെങ്ങുമുള്ള ഭാഷകളിലെ പുതിയ
എഴുത്തുകാരെ കാഫ്കയുടെ കഥകൾ സ്വാധീനിച്ചിട്ടുണ്ട്. ഗ്രഹങ്ങൾക്ക് മനുഷ്യനിൽ ചെലുത്താൻ
കഴിയുന്ന സ്വാധീനത്തെക്കുറിച്ച് നാം സംസാരിക്കുന്നു. ഈ വിശ്വാസത്തിന്റെയോ അന്ധവിശ്വാസത്തിന്റെയോ
സൗന്ദര്യത്തെ ഓർമ്മിപ്പിക്കുന്നതാണ് കാഫ്കയുടെ കഥകളുടെ സ്വാധീനം. അത് നല്ല സംവേദനശീലമുള്ള
വായനക്കാരിൽ കാവ്യാനുഭവങ്ങൾ നിറഞ്ഞ ആകുലതകളായി നിറയുന്നു. ഈ കഥകളിൽ നിന്നു പൂർണ്ണമായും
മാറിനിന്നുകൊണ്ട് സാഹിത്യാനുഭവങ്ങൾ നിറഞ്ഞ ഒരു ധൈഷണികജീവിതം നയിക്കാൻ ഒരാൾക്കു സാദ്ധ്യമല്ല.
കാഫ്കയുടെ കഥകൾ പരിഭാഷപ്പെടുത്തുക വഴി ഈ കാഴ്ചപ്പാടിനെ ന്യായീകരിക്കുകയാണ് പരിഭാഷകനായ
രവി ചെയ്യുന്നത്.
കാഫ്കയുടെ കഥകൾ പലായനങ്ങളാണ്.
എന്തിൽ നിന്നുള്ള പലായനങ്ങളാണവ? ഭൗതികജീവിതത്തിന്റെ മാലിന്യങ്ങളിൽ നിന്നുള്ള പലായനങ്ങളാണ് ആ കഥകൾ. ഉപരിപ്ലവങ്ങളായ
ജീവിതവീക്ഷണങ്ങളിൽ നിന്നുള്ള പലായനങ്ങളാണവ. കഥയില്ലാത്ത പ്രസാദാത്മകത്വത്തിൽ നിന്നുള്ള
പലായനം കൂടിയാണത്. ഇവയിൽ നിന്നെല്ലാം രക്ഷപെട്ടു കാഫ്കയുടെ കഥകൾ എങ്ങോട്ടാണു പോകുന്നത്?
ദർശനബോധത്തിന്റെ അഗാധതയിലേക്കാണ്, കഥകൾക്ക് പലതരം
തലങ്ങൾ നല്കുന്ന ദുർഗ്രഹതയിലേക്കാണ്, ജിവിതമെന്ന ദുഃസ്വപ്നത്തിന്റെ
ആന്തരികതയിലേക്കാണ്.
വീണ്ടും വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുന്ന കഥകളാണു കാഫ്കയുടേതെന്ന് കമ്യൂ എഴുതിയിട്ടുണ്ട്. ആവർത്തിച്ചുള്ള വായനയിലൂടെ, ആലോചനകളിലൂടെ
സൃഷ്ടിയുടെ ദുർഗ്രഹത പരിഹരിച്ചുകിട്ടുമെന്ന്
നാം ആഗ്രഹിക്കുന്നു. ആ ദുഃസ്വപ്നങ്ങളുടെ യുക്തി തെളിഞ്ഞുകിട്ടുമെന്നും നാം
ആശിക്കുന്നു. ഫലമോ? നാം ദുർഗ്രഹതയുടെ കാവ്യാനുഭവങ്ങൾ നിറഞ്ഞ അഗാധത എന്തെന്നു മനസ്സിലാക്കുന്നു.പീഡിപ്പിക്കുന്ന സൌന്ദര്യത്തിന്റെ ആഴങ്ങളിൽ വീഴുന്നു. അതോടെ കഥ വെറുമൊരു സാമൂഹ്യരേഖയല്ലെന്നു നാം
മനസ്സിലാക്കുന്നു. മറിച്ച് കഥ ആന്തരികപ്രത്യക്ഷത്തിന്റെയും വെളിപാടിന്റെയും
ബാഹ്യവൽക്കരണമാണെന്ന അറിവിന്റെ സാന്ദ്രതയെ നാം മുഖാമുഖം കാണുന്നു. സ്വന്തം ആധികളെ ഈ എഴുത്തുകാരൻ തെളിഞ്ഞ വിവരണകലയിലൂടെ എങ്ങനെ അർത്ഥസന്ദിഗ്ധതകൾ നിറഞ്ഞ കഥകളാക്കി മാറ്റി എന്നാലോചിച്ചു നാം
ആശ്ചര്യപ്പെടുന്നു. അതിന്റെ സൌന്ദര്യബോധപരമായ അശാന്തിയിൽ കഥയുടെ ദുർഗ്രഹതയ്ക്ക് ഒരു ഉപരിസൌന്ദര്യശാസ്ത്രം ഉണ്ടോ എന്ന് അന്വേഷിക്കുന്നു. സംശയങ്ങൾ തന്റെ വാക്കുകൾക്കു ചുറ്റും അണി നിരക്കുകയാണെന്ന് കാഫ്ക എഴുതിയിട്ടുണ്ട്. വാക്കുകളെ കാണുന്നതിനു മുമ്പ് ഈ സംശയങ്ങളെയാണ് അദ്ദേഹം കണ്ടത്. വാക്കുകളെ പിന്നീടദ്ദേഹം കണ്ടില്ല. അതിനു ശേഷം
വാക്കുകൾ അദ്ദേഹം പുതുതായി കണ്ടുപിടിക്കുകയായിരുന്നു. ഡയറിക്കുറിപ്പുകളിൽ എവിടെയോ അദ്ദേഹം ഈവിധം എഴുതിയിട്ടുണ്ട്. വിധി, ഒരു സ്വപ്നം, കഴുകൻ, പമ്പരം
എന്നീ കഥകളുടെ നിർമ്മാണത്തിലേയ്ക്കും ആന്തരികതയിലേക്കും വിരൽ ചൂണ്ടുന്ന കുറിപ്പുകളാണിത്. അതുകൊണ്ട് വിശ്വാസത്തിന്റെയും സംശയത്തിന്റെയും അർത്ഥത്തിന്റെയും അസംബന്ധത്തിന്റെയും സുതാര്യതയുടെയും അതാര്യതയുടെയും സങ്കീർണ്ണമായ ലോകങ്ങൾ തുറന്നിടുന്ന ഈ കഥകൾ ആദ്യത്തെ നോട്ടത്തിൽ യുക്തിക്കു നിരക്കാത്തതെന്ന പ്രതീതി ജനിപ്പിച്ചുകൊണ്ട്
പിന്നീട് ഏറ്റവും വലിയ ബ്പരമാർത്ഥം എന്നെ തോന്നൽ സൃഷ്ടിക്കും വിധം ഉന്നതജീവിതദർശനഠെക്കുറിച്ച്ഫുള്ള ദൃഷ്ടാന്തകഥകളായി പരിണമിളുന്നു. കീർക്കെഗാറിന്റെ ദൈവശാസ്ത്രം ദൃഷ്ടാന്തകഥകളായി മാറിയതാണ് കാഫ്കയുടെ കഥകൾ.
തന്റെ കഥകളെ
കുത്തിക്കുറിക്കൽ (scribbling) എന്നാണ്
കാഫ്ക വിശേഷിപ്പിച്ചത്. പിതാവിൽ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു അവയെന്ന് അദ്ദേഹം പറയുന്നു. സ്വന്തം സാഹിത്യദൌത്യം വ്യക്തമാക്കുന്നതിനിടയിൽ മറ്റൊരു കാര്യം കൂടി കാഫ്ക സൂചിപ്പിച്ചിട്ടുണ്ട്.ദുഃസ്വപ്നതുല്യമായ ആന്തരികജീവിതത്തെ ചിത്രീകരിക്കാനുള്ള
തന്റെ വാസന മറ്റു വിഷയങ്ങളെ പിന്നിലേക്കു തള്ളുകയും സ്വന്തം ജീവിതത്തെ
കൊടുംഭീതിയുളവാക്കും വിധം ക്ഷയിപ്പിക്കുയും ചെയ്തതായി അദ്ദേഹം സൂചിപ്പിക്കുന്നു.
ഈ ദുഃസ്വപ്നത്തിന്റെയും കൊടുംഭീതിയുടേയും
സാഹിത്യസംസ്കാരത്തെ സ്വന്തം ചിന്തയുടേയും വികാരത്തിന്റെയും ഭാഗമാക്കി മാറ്റിയ ഒരാളുടെ
കൈകളിലാണ് കാഫ്കയുടെ കഥകളുടെ പരിഭാഷ സ്വാഭാവികമായിത്തീരുന്നത്. പരിഭാഷകനായ രവിയിൽ
ഈ സംസ്കാരമുണ്ട്. അതുകൊണ്ട് ഈ കഥകളിലൂടെ കടന്നുപോകുമ്പോൾ നാം ഏറെക്കുറെ മൂലകൃതികളുടെ
അനുഭവത്തിലാണ്. ഇത് കണിശമായും രവിയുടെ നേട്ടമാണ്. മനഃശാസ്ത്രപരമായ പ്രശ്നങ്ങളെക്കുറിച്ചുള്ള
ദൈവശാസ്ത്രപരമായ വ്യാഖ്യാനങ്ങൾ എന്നു വിശേഷിപ്പിക്കാവുന്ന ഈ കഥകളുടെ മലയാളരൂപം അവതരിപ്പിക്കാൻ
എനിക്കു വളരെ സന്തോഷമുണ്ട്.
കെ. പി. അപ്പൻ
(‘പലായനങ്ങൾ’ എന്ന പേരിൽ 1990ൽ ഇറങ്ങിയ ആദ്യത്തെ പതിപ്പിനെഴുതിയത്)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ