ലാളിത്യത്തിന്റെ പൊരുൾ
---------------------------------
നീയെന്നെ കണ്ടെത്തട്ടേയെന്നതിനായി
ലളിതമായ വസ്തുക്കൾക്കു പിന്നിൽ ഞാനൊളിക്കുന്നു;
നീയെന്നെ കണ്ടെത്തിയില്ലെങ്കിലും
ആ വസ്തുക്കൾ നീ കണ്ടെത്തുമല്ലോ,
എന്റെ കൈ തൊട്ടതിനെയൊക്കെ നീ തൊടും,
നമ്മുടെ വിരലടയാളങ്ങൾ ഒന്നുചേരുകയും ചെയ്യും.
അടുക്കളയിൽ ആഗസ്റ്റ് ചന്ദ്രൻ തിളങ്ങുന്നു,
ഒരു തകരക്കെറ്റിൽ പോലെ,
(ഞാനിപ്പറയുന്നതുകൊണ്ടാണതങ്ങനെയായതും)
ഒഴിഞ്ഞ മേശയേയും
വീട്ടിനുള്ളിൽ മുട്ടുകാലിൽ വീഴുന്ന മൂകതയേയും
അതു വെളിച്ചപ്പെടുത്തുന്നു,
മുട്ടുകാലിലാണതെപ്പോഴും, മൂകത.
ഓരോ വാക്കും ഒരിറങ്ങിപ്പോക്കാണ്,
ഒരു കൂടിക്കാഴ്ചക്കായി,
(പലപ്പോഴുമതു വേണ്ടെന്നു വയ്ക്കാറുണ്ടെങ്കിലും),
ഒരു വാക്ക് നേരാകുന്നതുമപ്പോഴാണ്:
കൂടിക്കാഴ്ചയ്ക്കതു ശഠിക്കുമ്പോൾ.
കേൾക്കാവുന്നതും കേൾക്കാനാവാത്തതും
-------------------------------------------പൊടുന്നനേ, അപ്രതീക്ഷിതമായ ഒരു ചലനം;
ചോരവാർച്ച നിർത്താനായി
അയാളുടെ കൈ മുറിവിൽ അമർത്തിപ്പിടിച്ചു;
ഞങ്ങൾ പക്ഷേ, ഒരു വെടിയൊച്ചയും കേട്ടിരുന്നില്ല,
ഒരു വെടിയുണ്ടയുടെ സീല്ക്കാരവും.
അല്പനേരത്തില്പിന്നെ അയാൾ കൈ താഴ്ത്തി പുഞ്ചിരിച്ചു,
എന്നിട്ടു പക്ഷേ, അതേയിടത്തുതന്നെ
അയാൾ തന്റെ കൈത്തലമമർത്തി.
പിന്നയാൾ പേഴ്സെടുത്തു,
വളരെ വിനീതമായി വെയ്റ്റർക്കു ടിപ്പു കൊടുത്തു,
എന്നിട്ടയാൾ പുറത്തേക്കിറങ്ങി.
അതേ നേരത്തു തന്നെ ചെറിയ കാപ്പിക്കപ്പ് വെടിച്ചു.
അതു പക്ഷേ, ഞങ്ങൾ വ്യക്തമായി കേൾക്കുകയും ചെയ്തു.
ഒരു പുഷ്പചക്രം
--------------------ഇലകൾക്കിടയിൽ മറഞ്ഞിരിക്കുകയായിരുന്നു നിന്റെ മുഖം.
ഇലകളൊന്നൊന്നായി ഞാൻ മുറിച്ചെടുത്തു, നിനക്കടുത്തെത്താൻ.
അവസാനത്തെ ഇല മുറിക്കുമ്പോഴേക്കും നീ പൊയ്ക്കഴിഞ്ഞിരുന്നു.
പിന്നെ, മുറിച്ചെടുത്ത ഇലകൾ കൊണ്ടു ഞാനൊരു പുഷ്പചക്രം നെയ്തു.
അതാർക്കുമെനിക്കു കൊടുക്കാനില്ല.
ഞാനതെന്റെ നെറ്റിയിൽ ചാർത്തി.
സമകാലികസംഭവങ്ങൾ
-------------------------------
പത്രങ്ങൾ, കലാപങ്ങൾ, തള്ളിപ്പറയലുകൾ, കണ്ടുപിടുത്തങ്ങൾ, വിവാഹങ്ങൾ, മരണങ്ങൾ;
വിയർപ്പ്, പൊടി, ഇരുട്ട്, രാത്രി മുഴുവൻ തുറന്നിരിക്കുന്ന മരുന്നുകടകൾ;
എങ്ങോട്ടെന്നില്ലാതെ ഒരു കോണി ഉയർന്നുപോകുന്നു;
കൊള്ളകൾ, കൊലകൾ, അനീതികൾ;
വേശ്യകൾ, നായ്ക്കൾ, ദല്ലാളന്മാർ, തടവറകൾ, പുഴുക്കം, കുടിയന്മാർ;
കുരുടന്മാർ, ഭിക്ഷക്കാർ, ഒരു ഗിത്താർ, മരം, തൂക്കിലേറ്റിയവർ, വിളക്കുകാൽ.
നിനക്കറിയാവുന്ന അതേയിടത്തുതന്നെ ഞാൻ താക്കോൽ വച്ചിട്ടുണ്ട്.
അതേ പുതുമ?
-----------------
എത്രയെത്ര പകലുകൾ, എത്രയെത്ര രാത്രികൾ,
എത്രയെത്ര വർഷങ്ങൾ- അയാൾക്കു മടുപ്പായി.
എന്തിനിങ്ങനെ ഉഴയ്ക്കുന്നു?
ഓരോ വേനല്ക്കാലത്തും
പാതിരാത്രി കഴിയുമ്പോൾ
തന്റെ ജനാലകൾക്കു വെളിയിൽ
ചെറുപ്പക്കാരുടെ പറ്റങ്ങൾ കടന്നുപോകുന്നതയാൾ കേട്ടു,
പാടിയും ചിരിച്ചും തമാശകൾ പറഞ്ഞും.
താനോ?
പഠനം തുടരാനായി പിന്നെയും വിളക്കു കൊളുത്തുമ്പോൾ
മഷിക്കുപ്പിയിലൂടൊരൊച്ചിഴഞ്ഞുകേറുന്നതയാൾ കണ്ടു.
എന്നാൽ വെളിയിലും - അയാളപ്പോഴോർത്തു-
കിണറ്റിൻകരയിൽ, പൂത്തടങ്ങളിൽ,
വേനല്ക്കാലരാത്രികളിൽ, ഈറൻപൂന്തോപ്പുകളിൽ,
പൂക്കൾക്കരികിൽ
ഒരു പറ്റം ഒച്ചുകൾ ഉലാത്തുകയാണ്.
2 അഭിപ്രായങ്ങൾ:
".....ചെറിയ കാപ്പിക്കപ്പ് വെടിച്ചു." മനസ്സിലായില്ല
Just then the small coffee cup cracked by itself.
That at least we heard clearly.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ